top of page

O T Overview_Obadiah

1 അദ്ധ്യായം
The Book of Obadiah
ഓബാദ്യാവിന്റെ പുസ്തകം

ഏദോമിന്റെയും യഹോവയോടു ശത്രുത പുലർത്തുന്ന ജനതകളുടെയും അഹങ്കാരത്തെ ദൈവം ന്യായം വിധിക്കുമെന്ന് ഓബദ്യാവ് പ്രഖ്യാപിക്കുന്നു; അതേ സമയം തന്റെ ജനത്തിന് അനുഗ്രഹത്തിന്റെയും സമൃദ്ധിയുടെയും പ്രത്യാശയുടെയും സന്ദേശം നൽകുകയും ചെയ്യുന്നു.

പ്രധാന വാക്യങ്ങൾ

“നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല" (ഓബദ്യാവ് 12).

"സകലജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നേ മടങ്ങിവരും" (ഓബദ്യാവ് 15).

1. പശ്ചാത്തലം

ഏദോമിലെ (Greek Idumaea) പുരാതന ജനതയ്‌ക്കെതിരായ ദൈവിക ന്യായവിധി കാവ്യങ്ങളുടെ ഒരു പരമ്പരയാണിത്. ചാവുകടലിനു തെക്കായി, 65 കിലോമീറ്റർ വീതിയിലും 160 കി.മി നീളത്തിലും സ്ഥിതിചെയ്യുന്ന കുന്നുകളും പർവ്വതങ്ങളും താഴ്വരകളും നിറഞ്ഞ ഒരു പ്രദേശമാണിത്. ഈ പർവ്വതങ്ങൾ തങ്ങളുടെ ദേശത്തെ ശത്രുക്കളിൽ നിന്നും രക്ഷ നൽകുന്ന ഒരു കോട്ടപോലെ നിലകൊണ്ടിരുന്നു (cf. ജെറ. 49:16). അതുകൊണ്ട് അവർ അജയ്യരാണ് എന്ന് അഹങ്കരിച്ചിരുന്നു. കൂടാതെ സമ്പത്തും ഇവർക്കു വേണ്ടുവോളമുണ്ടായിരുന്നു. ചെമ്പ് ഖനികളും അതിന്റെ സംസ്ക്കരണവും അവർ നടത്തിയിരുന്നു. Red Sea യിൽ ആരംഭിച്ച്, കിഴക്കൻ പീഡഭൂമിയിലൂടെ കടന്നു പോകുന്ന രാജപാതയിലെ ടോൾ പിരിവ് അവർക്ക് നല്ല വരുമാനം നേടിക്കൊടുത്തിരുന്നു. ജ്ഞാനത്തിലും അവർ പേരുകേട്ടവരായിരുന്നു. ഇയ്യോബും തന്റെ സുഹുർത്തുക്കളിൽ ഒരാളായ എലിഫാസും ഈ ദേശക്കാരായിരുന്നു.

ഏദോമിന് ഇസ്രായേല്യരുമായി അടുത്തബന്ധമുണ്ടായിരുന്നു. അവർ ഇരുവരും അബ്രഹാമിന്റെ കുടുംബത്തിൽ പെട്ടവരാണ്. അബ്രാഹമിന്റെ മകനായ ഇസഹാക്കിനു ഭാര്യ റെബേക്കയിൽ ജനിച്ച ഇരട്ട ആൺമക്കളിൽ ഒരാളായിരുന്നു ഏശാവ്. ആദ്യം ഏശാവും പിന്നെ യാക്കോബും എന്ന നിലയിലായിരുന്നു അവരുടെ ജനനം. മൂത്തവനായ ഏശാവിനു ഏദോം എന്നും ഇളയവനായ യാക്കോബിനു യിസ്രായേൽ എന്നും പേരു ലഭിച്ചു. മാതാവിന്റെ ഗർഭപാത്രം മുതലെ ഏശാവും യാക്കോബും തമ്മിൽ മത്സരം ഉണ്ടായിരുന്നുവെന്ന് ഉല്പത്തിയിൽ നാം വായിക്കുന്നു. യിസ്രായേലിനെ തന്റെ അതിരിനകത്തുകൂടെ കടന്നുപോകാൻ ഏദോം അനുവദിച്ചില്ല എന്ന് സംഖ്യ പുസ്തകം 20:14-21ൽ നാം കാണുന്നു. എങ്കിലും അവരോടു കരുണ കാണിക്കണമെന്ന് ദൈവം യിസ്രായേലിനോടു കല്പിച്ചിരുന്നു (ആവ 23:7-8).

ബാബിലോണിന്റെ ആക്രമണത്തിൽ ജറുസലേം വീണപ്പോൾ ആ ബന്ധത്തിൽ വലിയ തകർച്ച നേരിട്ടു. ബാബിലോൺ ഇസ്രായേലിനെ ആക്രമിക്കുകയും കീഴടക്കുകയും ചെയ്തപ്പോൾ, ഏദോം മറ്റ് ഇസ്രായേല്യ നഗരങ്ങൾ കൊള്ളയടിക്കുകയും ഇസ്രായേല്യ അഭയാർഥികളെ പിടിച്ചെടുക്കുകയും കൊല്ലുകയും ചെയ്തുകൊണ്ട് അവർ ആ അവസരം മുതലെടുത്തു. അതുകൊണ്ട് യിസ്രായേലിനോടുള്ള ഏദോമിന്റെ തെറ്റായ സമീപനം നിമിത്തം ദൈവം അവരെ ശിക്ഷിക്കാതെ വിടുകയില്ല എന്ന സന്ദേശമാണ് ഓബദ്യാവ് നൽകുന്നത്.

2. പ്രധാന സന്ദേശം

"യഹോവയുടെ നാൾ/കർത്താവിന്റെ ദിവസം" എന്നതാണ് ഓബദ്യാവിന്റെ പ്രാഥമിക പ്രമേയമെന്നത് (ഓബ 15). യഹോവയോടും തന്റെ ജനത്തോടും ശത്രുത പങ്കിടുന്ന ഏദോമിന്റേയും മറ്റെല്ലാ രാജ്യങ്ങളുടേയുംമേലുമുള്ള ദൈവത്തിന്റെ ന്യായവിധി, യിസ്രായേലിന്റെ ശേഷിപ്പിനു അനുഗ്രഹത്തിനും സമൃദ്ധിക്കും കാരണമായി തീരും. "നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും;" എന്ന് ദൈവം അബ്രാഹമിനു നൽകിയ വാഗ്ദത്തത്തിനു ഇതൊരു നല്ല പഠനവിഷയമാണ്.

3. ദൈവം വിശ്വസ്തനും നീതിമാനുമാണ്.

"Thus says the LORD God concering Edom:" എന്നു പറഞ്ഞാണ് ഈ പുസ്തകം ഇംഗ്ലീഷിൽ ആരംഭിക്കുന്നത്. Adonai Yahweh എന്ന ഹെബ്രായ വാക്കാണ് ദൈവത്തെ കുറിക്കുവാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. Adonai എന്ന പ്രയോഗം ലോകത്തിന്റെമേലും ചരിത്രത്തിന്റെ മേലും ദൈവത്തിനുള്ള പരമാധികാരത്തെ സൂചിപ്പിക്കുന്നു. Yahweh എന്ന പ്രയോഗം ദൈവത്തിന്റെ നിത്യമായ അസ്തിത്വം, നിത്യമായ സാന്നിദ്ധ്യം, യിസ്രായേലിനോടുള്ള തന്റെ പരാജയപ്പെടാത്ത സ്നേഹം അവരോടുള്ള തന്റെ ഉടമ്പടി വിശ്വസ്തത എന്നിവയെ ഓർമ്മിപ്പിക്കുന്നു.

ഈ ഹ്രസ്വ പുസ്തകത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യഭാഗം ഏദോമിന്റെ നേതാക്കൾക്കെതിരെ, അവരുടെ അഹങ്കാരത്തിനും സ്വയപുകഴ്ചക്കുമെതിരെയുള്ള ആരോപണങ്ങളുടെ ഒരു പരമ്പരയാണ്. 1-9 വരെ വാക്യങ്ങളിൽ മറ്റു രാജ്യങ്ങളാൽ ഏദോം നശിപ്പിക്കപ്പെടും എന്നു പ്രവാചകൻ പറയുമ്പോൾ 10-14 വരെ വാക്യങ്ങളിൽ യിസ്രായേലിനോടുള്ള ഏദോമിന്റെ ക്രൂരതയാണ് വിവരിക്കപ്പെടുന്നത്. അവർ മരുഭൂമിയിലെ ഉയർന്ന പീഠഭൂമിയിൽ ജീവിച്ചിരുന്നതിനാൽ അക്ഷരാർത്ഥത്തിൽ തങ്ങൾ ഇസ്രായേല്യരെക്കാൾ ശ്രേഷ്ഠരാണെന്ന് അവർ ചിന്തിച്ചു. ബാബിലോൺ ജറുസലേമിനെ നശിപ്പിക്കാൻ വന്നപ്പോൾ സഹായിച്ചില്ലെങ്കിൽ കൂടി നിഷ്പക്ഷത പാലിക്കാൻ അവർ തയ്യാറാകേണ്ടതായിരുന്നു; എന്നാൽ യിസ്രായേലിന്റെ ഈ വിഷമഘട്ടത്തിൽ അവർ സന്തോഷിക്കുകയും അവർക്കെതിരെ നിലകൊള്ളുകയും ചെയ്തു. അതിനവരെ പ്രേരിപ്പിച്ചത് അവരുടെ ആത്മപ്രശംസയാണ്. അതിനാൽ, ഏദോമിനെ ഉയരത്തിൽ നിന്ന് താഴെ ഇറക്കും അഥവാ അവർ നശിപ്പിക്കപ്പെടും എന്ന് ദൈവം ഓബദ്യാവിലൂടെ അരുളിച്ചെയ്യുന്നു; അവർ യിസ്രായേലിനോട് ചെയ്തതുപോലെ അവരോടും ചെയ്യും.

നമ്മേ എതിർക്കുന്ന സഹോദരി-സഹോദരന്മാർക്ക് എന്തെങ്കിലും അനർത്ഥം നേരിടുമ്പോൾ അതിൽ സന്തോഷിക്കുക സ്വാഭാവികമാണ്. എന്നാൽ ദൈവം അതിനെ വളരെ ഗൗരവമായി വീക്ഷിക്കുന്നു. അങ്ങനെ സംഭവിക്കുമ്പോൾ നാം അതിൽ സന്തോഷിക്കുകയല്ല, പ്രത്യുത അവർക്കായി ദൈവത്തോടു പ്രാർത്ഥിക്കുകയാണ് വേണ്ടത്.

15-ാം വാക്യത്തിൽ, ഏദോം എങ്ങനെ അതിന്റെ നാശത്തെ നേരിടും എന്നതിനെക്കുറിച്ച് കൂടുതൽ കേൾക്കാൻ പോകുന്നുവെന്ന് നിങ്ങൾ ചിന്തിക്കുമ്പോൾ, വിഷയം പെട്ടെന്ന് മാറുന്നു, "എല്ലാ ജനതകൾക്കും എതിരായി കർത്താവിന്റെ ദിവസം അടുത്തിരിക്കുന്നു" എന്ന് തുടർന്ന് വായിക്കുന്നു. എന്തുകൊണ്ടാണ് പെട്ടെന്ന് എദോമിൽ നിന്ന് മറ്റെല്ലാ രാഷ്ട്രങ്ങളിലേക്കും പ്രവാചകൻ ശ്രദ്ധ തിരിക്കുന്നത്? ആ നിലയിൽ, 15-ാം വാക്യം ഒരു hinge വാക്യമാണ്; ഒരു വിജാഗിരി പോലെ പുസ്തകത്തിന്റെ ആദ്യ പകുതിയെ രണ്ടാം പകുതിയുമായി ബന്ധിപ്പിക്കുന്ന വാക്യം. അവിടെ ഓബദ്യാവ് കർത്താവിന്റെ ദിവസം പ്രഖ്യാപിക്കുന്നു. അതായത്, എദോമിന് മാത്രമല്ല, എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്താൻ ഓബദ്യാവ് തന്റെ ശ്രദ്ധ കൂടുതൽ വിശാലമാക്കുന്നു.

എദോം പോലെ പ്രവർത്തിക്കുന്ന എല്ലാ അഹങ്കാരികളായ രാഷ്ട്രങ്ങളും ദൈവത്തിന്റെ നീതിയെ അതേ രീതിയിൽ നേരിടുമെന്നും അവർ പ്രശംസയായി കരുതുന്ന ഉയരങ്ങളിൽ നിന്ന് വീണു നശിച്ചുപോകുമെന്നും ഓബദ്യാവ് പറയുന്നു. നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യം അതിനൊരു നല്ല ഉദാഹരണമാണ്. അഹങ്കാരികളെ ദൈവം താഴ്ത്തും എന്നതാണ് ഈ ഇലക്ഷൻ സൂചിപ്പിക്കുന്നത്. രാജാക്കന്മാരെ വാഴിക്കയും വീഴിക്കയും ചെയ്യുന്ന പരമാധികാരിയായ ദൈവമാണ് നമ്മുടെ ദൈവം.

ഓബദ്യാവ് എദോമിന്റെ സ്വയ പുകഴ്ചയും വീഴ്ചയും ഒരു ഉദാഹരണമായി നമ്മുടെ മുന്നിൽ വെക്കുന്നു. ദൈവം തന്റെ ശത്രുക്കളോടു എങ്ങനെ ചെയ്യും എന്നതിന്റെ ഒരു സാധാരണ ചിത്രം. ഒരു ദിവസം എല്ലാ രാഷ്ട്രങ്ങളുടെയും ആത്മപ്രശംസയെ ദൈവം നേരിടുകയും അവരെ നാശത്തിലേക്ക് തള്ളിയിടുകയും ചെയ്യും. കൊല ചെയ്തും മറ്റുള്ളവരെ കൊള്ളയടിച്ചും സമ്പാദിച്ചതെല്ലാം മറ്റു രാജ്യങ്ങൾ വന്നു കൊള്ളയടിച്ചു കൊണ്ടുപോകും. അവർ മറ്റുള്ളവരോടു എങ്ങനെ ചെയ്തുവൊ അതുപോലെ തന്നെ അവർക്കും സംഭവിക്കും.
ഹീബ്രുവിൽ "ഏദോം" എന്നതിനും "ആദം" എന്നതിനും ഉപയോഗിച്ചിരിക്കുന്ന വാക്ക് സമാനമാണ്. "മാനവികത" എന്നും ഇതിനെ വിവർത്തനം ചെയ്യാവുന്നതാണ്. ഓബദ്യാവിൽ ഏദോമിന്റെ ഉയർച്ചയും തകർച്ചയും, ദൈവത്തിന്റെ നീതി ഒരു ദിവസം എല്ലാ മാനവീകതക്കുമിടയിലുള്ള അഹങ്കാരത്തെയും അക്രമത്തെയും എങ്ങനെ ഇല്ലായ്മ ചെയ്യും എന്നതിന്റെ ഒരു ഉദാഹരണമാണ്.

4. ദൈവത്തിന്റെ രാജ്യം വരുന്നു!
മറ്റു പ്രവാചകന്മാരെ പോലെ, ദൈവത്തിന്റെ ന്യായവിധി ഒരിക്കലും ദൈവത്തിന്റെ അവസാന വാക്കല്ല. പ്രത്യേകിച്ചും, ഓബദ്യാവിനു തൊട്ടുമുമ്പ് വന്ന രണ്ട് പുസ്തകങ്ങളായ യോവേലിന്റേയും ആമോസിന്റേയും ഉപസംഹാരം ഓർക്കുക. എല്ലാ രാഷ്ട്രങ്ങൾക്കും എതിരായ കർത്താവിന്റെ ദിവസത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് യോവേൽ പറയുന്നു. ദൈവം ജറുസലേമിൽ ഒരു പുതിയ രക്ഷാപ്രവർത്തനം നടത്തുമെന്നും തങ്ങളെത്തന്നെ താഴ്ത്തി അവനെ വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷിക്കപ്പെടുമെന്നും യോവേൽ പറയുന്നു.

ഇനി ആമോസിന്റെ ഉപസംഹാരത്തിൽ, കർത്താവിന്റെ ദിവസം ഇസ്രായേലിന്റെ ദുഷ്ടതയെ ന്യായംവിധിച്ചശേഷം ദൈവം ഇസ്രായേലിനായി ദാവീദിന്റെ ഭവനത്തെ ഉയർത്തുകയും തന്റെ നാമം വിളിക്കപ്പെടുന്ന ഏദോമിലെ ജനതകളും മറ്റു രാജ്യങ്ങളിലെ ജനതകളും ഉൾപ്പെടുന്ന ഒരു പുതിയ രാജ്യം പണിയുകയും ചെയ്യുമെന്ന് ഓബദ്യാവും പറയുന്നു. അതിനാൽ, എല്ലാ ജനതകളുടെയും മേലുള്ള ദൈവരാജ്യത്തിന്റെ പ്രത്യാശയെക്കുറിച്ചുള്ള ഈ വാഗ്ദാനങ്ങൾ വിപുലീകരിക്കാൻ യോവേലിനും തുടർന്ന് ആമോസിനും ശേഷം ഓബദ്യാവിന്റെ പുസ്തകം സ്ഥാപിക്കപ്പെട്ടു. അങ്ങനെ വളരെ പ്രതീക്ഷയുള്ള ഭാവിയോടെയാണ് പുസ്തകം അവസാനിക്കുന്നത്.

പുതിയ യെരുശലേം വിശ്വസ്തരായ ഒരു ശേഷിപ്പിനെക്കൊണ്ട് പുനഃസ്ഥാപിക്കുമെന്ന് അങ്ങനെ തന്റെ രാജ്യം വരുന്നുവെന്നും ദൈവം പറയുന്നു. ഇസ്രായേലിന് ചുറ്റുമുള്ള എല്ലാ ജനതകളെയും ഉൾപ്പെടുത്തി ദൈവരാജ്യം വികസിപ്പിക്കും. എന്നാൽ ദൈവത്തിന്റെ കരുണയോടു മത്സരിച്ചു നിൽക്കുന്നവർ ന്യായം വിധിക്കപ്പെടും!!!

അതിനാൽ, പ്രവാചകന്മാരിൽ നാം കാണുന്ന ദൈവത്തിന്റെ നീതിയുടെയും വിശ്വസ്തതയുടെയും വലിയ ഛായാചിത്രത്തിലേക്ക് ഈ ചെറിയ പുസ്തകം വലിയ സംഭാവന ചെയ്യുന്നു. ഏദോമിലെ ജനങ്ങളുടെ പുരാതന സ്വാഭിമാനവും വഞ്ചനയും വലിയ മനുഷ്യാവസ്ഥയുടെ ഉദാഹരണമായി മാറുന്നു. നാം പരസ്പരം ഒറ്റിക്കൊടുക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന എല്ലാ വഴികളുടേയും അന്ത്യത്തെക്കുറിച്ചും വരാനിരിക്കുന്ന ദൈവത്തിന്റെ നല്ല ലോകത്തിന്റേയും ഉദാഹരണം. അതിനാൽ പ്രതീക്ഷക്കു വകയുണ്ട് എന്ന് ഓബദ്യാവ് പറയുന്നു. ഏദോമിന്റെ പതനം ലോകത്തിൽ ദൈവം തിന്മയെ കൈകാര്യം ചെയ്യുന്ന ദിവസത്തിലേക്ക് വിരൽ ചൂണ്ടുന്നു. മാത്രമല്ല, അവന്റെ സൗഖ്യദായകമായ സമാധാന രാജ്യം മുഴുവൻ ജനതകളിലും കൊണ്ടുവരും. അപ്പോൾ ഇതാണ് ഓബദ്യാവിന്റെ പുസ്തകം.
*******

© 2020 by P M Mathew, Cochin

bottom of page