top of page

O T Overview_Ruth-13

4 അദ്ധ്യായങ്ങൾ
The Book of Ruth
രൂത്തിന്റെ പുസ്തകം

ആമുഖം

“ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്തു” എന്ന വാക്യത്തോടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത്. ന്യായാധിപന്മാരുടെ പുസ്തകത്തിൽ നിന്നുള്ള അന്ധകാരം നിറഞ്ഞതും പ്രയാസകരവുമായ ദിവസങ്ങളെക്കുറിച്ച് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇവിടെ, ക്ഷാമത്തെ അതിജീവിക്കാൻ പാടുപെടുന്ന ഒരു ഇസ്രായേൽ കുടുംബത്തെ ബെത്‌ലഹേമിൽ കണ്ടുമുട്ടുന്നു. ദേശത്തെ ക്ഷാമത്തെ അതിജീവിക്കുവാൻ ഭക്ഷണം തേടി അവർ ഇസ്രായേലിന്റെ പുരാതന ശത്രുവായ മോവാബ് ദേശത്തേക്കു പോകുന്നു. അവിടെവെച്ച്, കുടുംബത്തിന്റെ പിതാവ് മരിക്കുന്നു, വിധവയായി തീർന്ന നൊവൊമിയുടെ രണ്ടു പുത്രന്മാർ, മൊവാബ്യ സ്ത്രീകളായ രൂത്തിനെയും ഓർപ്പയേയും വിവാഹം കഴിക്കുന്നു. പിന്നെ ആ സ്ത്രീയുടെ രണ്ട് ആൺമക്കളും മരിക്കുന്നു. അങ്ങനെ നൊവൊമിയും ഈ പുതിയ മരുമക്കളും മാത്രം അവശേഷിക്കുന്നു. അതിനാൽ നൊവൊമി ഇനിയും ആ ദേശത്തു തുടരാൻ ആഗ്രഹിക്കാതെ തന്റെ സ്വദേശത്തേക്കു മടങ്ങാൻ തീരുമാനിച്ചു; ആകയാൽ അവൾ തന്റെ മരുമക്കളോട് അവരുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാൻ അവരെ നിർബന്ധിക്കുന്നു. ഓർപ്പ അതിനു സമ്മതിക്കുന്നു, പക്ഷേ രൂത്ത് അതിനു വിസമ്മതിച്ചുകൊണ്ട് നൊവൊമിയോട് വിശ്വസ്തത പുലർത്തി നൊവൊമിയോടൊപ്പം യിസ്രായേലിലേക്കു പോരുവാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു.

#1 നിങ്ങളുടെ സ്വന്തം പോരാട്ടങ്ങളിൽ പോലും മറ്റുള്ളവരെ അനുഗ്രഹിക്കാൻ ഓർമ്മിക്കുക.

നൊവോമി സംബന്ധിച്ചിടത്തോളം വളരെ കയ്പ്പായുള്ള അനുഭവങ്ങളാണ് മൊവാബ് ദേശത്തുവെച്ചുണ്ടായത്. തന്റെ ഭർത്താവും രണ്ട് ആൺമക്കളും മരണപ്പെട്ടു. എന്നാൽ തന്റെ മരുമക്കളെ ഇരുവരേയും ഏറെ സ്നേഹിച്ചു, അവരുടെ ഏറ്റവും വലിയ നന്മ ആഗ്രഹിച്ചു. മോവാബിൽ താമസിക്കുന്നത് അവർക്ക് നല്ലതാണെന്ന് അവൾ കരുതി. നവോമി സ്വന്ത ആവശ്യങ്ങളേക്കാളുപരി മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ചു; അവർക്ക് അവരുടെ ഇഷ്ടപ്രകാരം അവിടെ തങ്ങുവാനുള്ള അവസരം നൽകി.

1. ദൈവത്തിന്റെ പക്കലേക്കു മടങ്ങുക (Return to the Lord)

ഇവിടെ നൊവൊമിയോടു വിശ്വസ്തത പുലർത്തിയ രൂത്തിന്റെ വാക്കുകൾ വളരെ ശ്രദ്ധേയമാണ്: "അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. 17 നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ ...” (രൂത്ത് 1:16-17). അങ്ങനെ രൂത്തും നൊവോമിയും ഇസ്രായേലിലേക്കു മടങ്ങി. യിസ്രായേലിൽ മടങ്ങിയെത്തിയ നൊവൊമിയെയും രൂത്തിനേയും കണ്ട ആളുകൾ അമ്പരന്നു. ബേത്ലേഹമിൽ നിന്നും ഭർത്താവും രണ്ട് ആണ്മക്കളുമായി മോവാബിലേയ്ക്കു പോയ നൊവോമി ഇപ്പോൾ ഭർത്താവൊ ആണ്മക്കളൊ ഇല്ലാതെ സുന്ദരിയായ ഒരു യുവതിയുമായി മടങ്ങിയെത്തിയിരിക്കുന്നു. അവരുടെ താത്പര്യവും, സഹതാപവും, അതിനോടൊപ്പം ഗോസിപ്പും ആ ചെറിയ പട്ടണത്തിൽ, പ്രത്യേകിച്ചും സ്ത്രീകളുടെ ഇടയിൽ ഒരു സംസാരവിഷയമായി. 'നൊവോമി' എന്ന എബ്രായ പേരിന്റെ അർത്ഥം 'നിറഞ്ഞവൾ' എന്നാണ്. ഭർത്താവ് രണ്ട് ആണ്മക്കൾ, അത്യാവശ്യം ജീവിക്കുവാനുള്ള വക എന്നിവയുണ്ടായിരുന്ന നൊവോമി തന്റെ പഴയകാലത്തെ അനുസ്മരിച്ചുകൊണ്ട് -ഞാൻ നിറഞ്ഞവൾ ആയി ഇവിടെനിന്നും പോയി, ഇപ്പോൾ എബ്രായ ഭാഷയിൽ “കയ്പേറിയത്” എന്നർഥമുള്ള 'മാറ' ആയി താൻ മടങ്ങി വന്നിരിക്കുന്നു- എന്ന് അതിനോടു പ്രതികരിക്കുന്നു. അതായത്, തനിക്കു വന്ന കഷ്ടത ദൈവത്തിൽ നിന്നാണെന്നും ദൈവം തന്നോട് ഇടപെടുകയും തന്നെ തിരുത്തുകയും ചെയ്തിരിക്കുന്നു അവൾ സമ്മതിക്കുന്നു. ദുരിതവും കയ്പേറിയ അനുഭവവും സ്വയം ഉൾക്കൊള്ളാൻ അവൾ തയ്യാറായി എന്നതിന്റെ അടയാളമായി തന്റെ പേര് നോവോമിയിൽ നിന്ന് 'മാറ' എന്നു തന്നെത്തന്നെ വിശേഷിപ്പിക്കുന്നു. അവൾ തന്റെ വിധിയെ ഓർത്ത് വിലപിച്ചുകൊണ്ട് ഒന്നാം അദ്ധ്യായം അവസാനിക്കുന്നു.

# 2 എല്ലാ കാര്യങ്ങളിലും ദൈവത്തോട് വിശ്വസ്തത പുലർത്തുക (Be faithful to God in all things).

നവോമിക്ക് വലിയ ദുരന്തങ്ങൾ മൊവാബ്യദേശത്ത് വെച്ച് സംഭവിച്ചെങ്കിലും ദൈവത്തോടുള്ള വിശ്വസ്തയിൽ നിന്നും വ്യതിചലിക്കുവാൻ അവൾ തയ്യാറായില്ല. തന്റെ തെറ്റ് മനസ്സിലാക്കി അതു തിരുത്തുവാനും ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരാനും അവൾ തയ്യാറായി. അതുപോലെ രൂത്തും തന്റെ അമ്മായിയമ്മയായ നവോമിയൊടും ഇസ്രായേലിന്റെ ദൈവത്തോടും വിശ്വസ്തത പുലർത്തി, വിധവയായ നൊവോമിയോടൊപ്പം യിസ്രായേലേയ്ക്കു യാത്രയാകുന്നു. അത് ആ കുടുംബത്തിനു തന്നെ വലിയ അനുഗ്രഹത്തിനു കാരണമായി തീരുന്നു.

2. ദൈവം അനാഥരുടേയും വിധവമാരുടേയും ദൈവമാണ് (God is the God of orphans and widows)

നവോമിയും രൂത്തും എവിടെയാണ് ഭക്ഷണം കണ്ടെത്താൻ കഴിയുക എന്ന ആലോചനയിൽ രണ്ടാം അദ്ധ്യായം ആരംഭിക്കുന്നു. യവക്കൊയ്ത്തിന്റെ തുടക്കമാണിത്. അതിനാൽ രൂത്ത് ഭക്ഷണത്തിനു വകകണ്ടെത്താൻ വയലിലേക്ക് പുറപ്പെടുന്നു. നൊവൊമിയുടെ ബന്ധുവായ ബോവാസ് എന്ന പുരുഷന്റെ കൊയ്ത്ത് നടക്കുന്ന വയലിൽ അവൾ എത്തിപ്പെടുന്നു. ബോവസ് ധനികനും വളരെ മാന്യമായി പെരുമാറുന്നവനുമായിരുന്നു. മാത്രവുമല്ല, അവൻ നൊവോമിയുടെ ഭർത്താവായിരുന്ന എലിമെലെക്കിന്റെ ഒരു ചാർച്ചക്കാരനും കൂടിയായിരുന്നു. അവൾ വയലിൽ കറ്റകൾക്കിടയിൽ പെറുക്കിക്കൊണ്ടിരുന്ന രൂത്തിനെ ശ്രദ്ധിക്കുകയും അവളോട് ദയ കാണിക്കുകയും ചെയ്തു. പരദേശിയും ഇപ്പോൾ ബന്ധുവുമായിരിക്കുന്ന രൂത്തിനെ തന്റെ വയലിൽ ധാന്യം ശേഖരിക്കുന്നതിനു വേണ്ട ഒത്താശകൾ ചെയ്തുകൊടുക്കുന്നു. അത് അദ്ദേഹത്തിന്റെ പരദേശിയോടും ദരിദ്രരോടും ഔദാര്യം കാണിക്കാനുള്ള തോറയുടെ വ്യക്തമായ കൽപ്പന അനുസരിക്കുവാനുള്ള തന്റെ താത്പ്പര്യത്തെയാണ് കാണിക്കുന്നത്. നൊവൊമിയോടുള്ള രൂത്തിന്റെ വിശ്വസ്തത ബോവസിനെ വളരെയധികം ആകർഷിക്കുന്നു. അവളുടെ വിശ്വസ്തതയ്ക്ക് ദൈവം അവൾക്ക് പ്രതിഫലം നൽകണമെന്ന് അവൻ പ്രാർത്ഥിക്കുന്നു. താൻ പെറുക്കിയ യവവും ബോവസ് തനിക്കു നൽകിയ ഭക്ഷണത്തിൽ ശേഷിച്ചതുമായ മലരുമായി രൂത്ത് വീട്ടിലെത്തി, താൻ ബോവസിനെ കണ്ടുമുട്ടിയതും അവൻ അവളോടു വളരെ ദയയോടെ ഇടപെട്ടതും രൂത്ത് നൊവിമിയോടു പങ്കുവെച്ചു. ബോവസ് രൂത്തിൽ ആകൃഷ്ടനായി എന്ന കാര്യം നവോമി മനസ്സിലാക്കുന്നു. ബോവസ് അവരുടെ 'കുടുംബ വീണ്ടെടുപ്പുകാരനു'മാണന്ന് അവൾ രൂത്തിനോട് പറയുന്നു.

#3. യിസ്രായേലിന്റെ ദൈവത്തെ അറിയുന്ന വ്യക്തി അനാഥരോടും വിദവമാരോടും കരുണകാണിക്കുന്ന വ്യക്തിയായിരിക്കും.

വീണ്ടെടുപ്പുകാരൻ (Redeemer)

ഈ “കുടുംബ വീണ്ടെടുപ്പുകാരൻ” ഇസ്രായേലിലെ ഒരു സാംസ്കാരിക സമ്പ്രദായമായിരുന്നു, കുടുംബത്തിലെ ഒരാൾ മരിച്ചു, ഭാര്യയെയോ മക്കളെയോ ഭൂമിയെയോ അവശേഷിപ്പിക്കുകയാണെങ്കിൽ, ആ വിധവയെ വിവാഹം കഴിക്കേണ്ടത് വീണ്ടെടുപ്പുകാരന്റെ ഉത്തരവാദിത്തമാണ്. ആ കുടുംബത്തെ സംരക്ഷിക്കുക, ആ കുടുംബത്തിന്റെ പേരു നിലനിർത്തുക. അതിനാൽ നവോമി, ഒരുപക്ഷേ തന്റെ കുടുംബത്തിന് ഇനിയും ഒരു ഭാവി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നൊവോമിയും രൂത്തും, ബോവസിന്റെ ഈ വിഷയത്തിലുള്ള താത്പ്പര്യം മനസ്സിലാക്കാൻ പദ്ധതിയിട്ടുകൊണ്ടാണ് മൂന്നാം അദ്ധ്യായം ആരംഭിക്കുന്നത്. അതിനാൽ, ദുഃഖിതയായ വിധവയുടെ വസ്ത്രം ധരിക്കുന്നത് രൂത്ത് നിർത്തുവാനും, വിവാഹിതയാകാനുള്ള സൂചനകൾ കാണിക്കാനും അവൾ ഒരുങ്ങുന്നു. അങ്ങനെ രൂത്ത് അന്നു രാത്രി ബോവസിനെ വയലിൽ ചെന്നു കാണാൻ പോകുന്നു. അവൾ ഉറങ്ങിക്കിടന്ന ബോവസിന്റെ കാൽക്കൽ ചെന്നു കിടക്കുകയും ബോവസിന്റെ പുതപ്പ് ഭാഗീഗികമായി അവൾ തന്റെ മേൽ വലിച്ചിടുകയും ചെയ്യുന്നു. അവൻ ആകെ അമ്പരന്നു എഴുന്നേറ്റു നോക്കിയപ്പോൾ അതാ രൂത്ത് തന്റെ കാൽക്കൽ കിടക്കുന്നു. അവർ തമ്മിലുള്ള സംസാരം നമുക്കൊന്നു നോക്കാം: "ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു. 10 അതിന്നു അവൻ പറഞ്ഞതു: മകളെ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു. 11 ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കും എല്ലാവർക്കും അറിയാം" (രൂത്ത് 3:9-11). ഇപ്പോൾ അവൻ ആ പുതപ്പ് തന്റെ മേൽ ഇടണമെന്ന് അവൾ അപേക്ഷിക്കുന്നു. പൗരസ്ത്യ രീതിയനുസരിച്ച് ഒരുവന്റെ വസ്ത്രം ഒരുവളുടെ മേൽ ഇടുക എന്നു പറഞ്ഞാൽ അവൻ സംരക്ഷിച്ചുകൊള്ളാമെന്നാണ് അർത്ഥം. അതായത്, ബോവസ് നൊവോമിയുടെ കുടുംബത്തെ വീണ്ടെടുത്തുകൊണ്ട് തന്നെ വിവാഹം കഴിക്കുമോ എന്നാണ് അതിന്റെ പൊരുൾ. നവോമിയോടും കുടുംബത്തോടും ഉള്ള രൂത്തിന്റെ വിശ്വസ്തത കണ്ട് ബോവസ് വീണ്ടും വിസ്മയിച്ചു. യ്ഹോവാ ഭക്തനായ ബോവസ് സദൃശ്യവാക്യത്തെ അനുസ്മരിച്ചുകൊണ്ട് രൂത്തിനെ 'ഉത്തമസ്ത്രീ'യെന്ന് വിളിക്കുന്നു. "സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും" (സദൃശവാക്യങ്ങൾ 31:10). അതിനാൽ, അടുത്ത ദിവസം വരെ കാത്തിരിക്കാൻ ബോവസ് രൂത്തിനോട് പറയുന്നു, നഗരത്തിലെ മൂപ്പന്മാരുടെ മുമ്പാകെ രൂത്തിനെയും നവോമിയെയും നിയമപരമായി വീണ്ടെടുക്കുവാൻ ബോവസ് തീരുമാനിക്കുന്നു. അങ്ങനെ അദ്ധ്യായം മൂന്നു അവസാനിക്കുന്നത് രൂത്ത് സന്തോഷവർത്തമാനവുമായി നവോമിയുടെ അടുത്തേക്ക് മടങ്ങിവരുന്നതും ഏറെ പ്രതീക്ഷകളോടെ അവർ കാത്തിരിക്കുന്നതുമാണ്.

# യിസ്രായേലിനെ അടിമത്വത്തിൽ നിന്നു വീണ്ടെടുത്തെ ദൈവം കർത്താവായ യേശുക്രിസ്തുവിലൂടെ നമ്മുടേയും വീണ്ടെടുപ്പുകാരനായി തീർന്നിരിക്കുന്നു. ദൈവത്തെ ഈ നിലയിൽ മനസ്സിലാക്കിയ വ്യക്തി തങ്ങളുടെ നഷ്ടങ്ങളെക്കാൾ മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണ്.

ബോവസ് രൂത്തിനെ സ്നേഹിച്ചെങ്കിലും സ്വാർത്ഥതാത്പ്പര്യത്തോടെ അവളെ സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചില്ല (Boaz loved Ruth but did not want to possess her selfishly).
നാലാം അദ്ധ്യായത്തിൽ, ഏതൊരു പ്രണയകഥയിലേയും പോലെ ഒരു ടെൻഷൻ ദൃശ്യമാകുന്നു അവസാന നിമിഷത്തിൽ, ബോവസിനേക്കാൾ നൊവോമിയോട് കൂടുതൽ അടുപ്പമുള്ള ഒരു കുടുംബാംഗമുണ്ടെന്ന് ബോവസ് മനസ്സിലാക്കുന്നു. കുടുംബത്തെ വീണ്ടെടുക്കാൻ അദ്ദേഹത്തിനാണ് മുൻഗണന. അദ്ദേഹം അതിനു വിസമ്മതിക്കുന്നു എങ്കിൽ മാത്രമെ ബോവസിനു വീണ്ടെടുക്കുവാനുള്ള അവസരമുണ്ടാകു. ഭാഗ്യവശാൽ അദ്ദേഹം രൂത്തിനെ വിവാഹം ചെയ്യുവാനും മരിച്ചുപോയ അവളുടെ ഭർത്താവിന്റെ കുടുംബത്തിന്റെ പേരു നിലനിർത്തുവാനും താൻ ഒരുക്കമല്ല എന്ന് അവൻ പരസ്യമായി പറഞ്ഞ് ആ വാഗ്ദത്തം നിരസിക്കുന്നു. രൂത്തിന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കിയ ബോവസ് നവോമിയുടെ കുടുംബ സ്വത്ത് സ്വന്തമാക്കി, രൂത്തിനെ വിവാഹം കഴിക്കുന്നു. പട്ടണ വാതിക്കൽ വെച്ച് ജനത്തിന്റേയും മൂപ്പന്മാരുടേയും അനുഗ്രഹത്തോടെ അവരുടെ കുടുംബജീവിതത്തിനു തുടക്കം കുറിക്കുന്നു.

രൂത്ത് നൊവൊമിയുടെ കുടുംബത്തോട് എങ്ങനെ വിശ്വസ്തനായിരുന്നുവൊ അങ്ങനെതന്നെ ഇപ്പോൾ ബോവസും നൊവോമിയുടെ കുടുംബത്തോടും വിശ്വസ്തനായിരുന്നു. ഒന്നാം അദ്ധ്യായത്തിൽ നിന്നുള്ള എല്ലാ ദുരന്തങ്ങളെയും മാറ്റിമറിച്ചാണ് കഥ അവസാനിക്കുന്നത്. രൂത്ത് ഒരു മകനെ പ്രസവിച്ചുകൊണ്ട് നവോമിക്ക് സന്തോഷം പകർന്നു നൽകുന്നു. ഭർത്താവിന്റെയും മക്കളുടെയും മരണംമൂലം എല്ലാം പ്രതീക്ഷയും അസ്തമിച്ച നൊവോമിക്ക് സന്തോഷത്തിന്റേയും ആനന്ദത്തിന്റേതുമായ ഒരു പുതിയ തുടക്കത്തിനു മുഖാന്തിരമായി തീരുന്നു. ആരംഭത്തിൽ സ്ത്രീജനം നൊവോമിയെ പരിഹസിച്ചു എന്നാൽ അവസാനത്തിങ്കൽ അവൾ പ്രശംസിക്കപ്പെടുന്നു. അവരുടെ വാക്കുകൾ ശ്രദ്ധിക്കുക; "എന്നാറെ സ്ത്രീകൾ നൊവോമിയോടു: ഇന്നു നിനക്കു ഒരു വീണ്ടെടുപ്പുകാരനെ നൽകിയിരിക്കകൊണ്ടു യഹോവ വാഴ്ത്തപ്പെട്ടവൻ; അവന്റെ പേർ യിസ്രായേലിൽ വിശ്രുതമായിരിക്കട്ടെ." (രൂത്ത് 4:14).

ആരംഭവും അവസാനവും തമ്മിലുള്ള ഈ ആനുരൂപ്യം ഈ കഥയെ ഏറെ ശ്രദ്ധേയമാക്കുന്നു. കഥയുടെ ആരംഭത്തിൽ നൊവോമിയുടെ ജീവിതത്തിൽ ചില ദുരന്തങ്ങൾ ഉണ്ടായി എന്നിരിക്കിലും അവൾ ദൈവത്തോടുള്ള വിശ്വസ്തത വിട്ടുമാറിയില്ല. അത് ഇപ്പോൾ ബോവസിന്റെ വിശ്വസ്തതയുമായി പൊരുത്തപ്പെടുന്നു, അത് കുടുംബത്തിന്റെ അന്തിമ പുനഃസ്ഥാപനത്തിലേക്ക് നയിക്കുന്നു. പുസ്തകത്തിന്റെ ആന്തരിക അദ്ധ്യായങ്ങളുടെ രൂപകൽപ്പന ഈ ആനുരൂപ്യത്തിനു ഊന്നൽ നൽകുന്നു. അതിനാൽ ഓരോ അദ്ധ്യായങ്ങളും ആരംഭിക്കുന്നത് നവോമിയും രൂത്തും അവരുടെ ഭാവിക്കായി ഒരു പദ്ധതി തയ്യാറാക്കുന്നു. അതിനുശേഷം റൂത്തും ബോവസും തമ്മിലുള്ള ഒരു കൂടിക്കാഴ്ച. ഓരോ അദ്ധ്യായവും നോവോമിനൊപ്പം അവസാനിക്കുന്നു.
*******

© 2020 by P M Mathew, Cochin

bottom of page