
നിത്യജീവൻ

Have you lost hope?
നിങ്ങൾ പ്രതീക്ഷ നഷ്ടപ്പെട്ടവരൊ?
OT Sermon Series_08
P M Mathew
04-02-2026
Have you lost hope?
നിങ്ങൾ പ്രതീക്ഷ നഷ്ടപ്പെട്ടവരൊ?
യിരമ്യാവ് 29:13-14
യിരെമ്യാവ് 29:13-14
"നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. 14 നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാട്;"
ഇതിന്റെ പശ്ചാത്തലമെന്ന് പറയുന്നത് യിസ്രായേലിന്റെ പ്രവാസമാണ്. യിസ്രായേൽ ഇപ്പോൾ ബാബിലോണിൽ പ്രവാസത്തിലാണ്. അവർ നിരാശയിലും പ്രയാസത്തിലുമാണ്. അവർ തങ്ങളുടെ ഭവനത്തിൽ നിന്നും ദേവാലയത്തിൽ നിന്നും ഏറെ അകലെയാണ്. ദൈവം അവരെ മറന്നു കളയുകയോ ഉപേക്ഷിക്കുകയോ ചെയ്തിരിക്കുന്നു എന്ന ചിന്തയാണ് അവർക്കിപ്പോഴുള്ളത്.
1. നിങ്ങൾ പ്രതീക്ഷ നഷ്ടപ്പെട്ടവരൊ?
അങ്ങനെ പ്രവാസികളും, ഹൃദയം തകർന്നവരുമായ യിസ്രായേൽ മക്കൾക്ക് ദൈവം നൽകുന്ന പ്രത്യാശയുടെ ഒരു വാഗ്ദാനമാണ്: നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ എന്നെ അന്വേഷിച്ചാൽ അവർ അവനെ കണ്ടെത്തുമെന്ന്. ദൈവത്തിന്റെ ശിക്ഷാവിധിയുടെ ഭാഗമായ പ്രവാസത്തിൽ പോലും, പ്രതീക്ഷക്കു, പ്രത്യാശക്കു വകയുണ്ട്; എങ്ങനെയെന്നാൽ അവർ അവനിലേക്കു തിരിയണം. അങ്ങനെ ചെയ്താൽ അവൻ അവരെ തിരികെ കൊണ്ടുവരുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു.
പ്രായോഗികത: പ്രവാസികളെപ്പോലെ, വിശ്വാസികളായ നാമും ഇപ്പോൾ ആത്മീയ "പ്രവാസത്തിലോ" അല്ലെങ്കിൽ വരണ്ട കാലഘട്ടത്തിലോ ആണ്. ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിൽ സ്വാതന്ത്ര്യത്തൊടെ ദൈവമക്കൾക്ക് ദൈവത്തെ ആരാധിക്കുവാനൊ, വചനം പ്രഘോഷിക്കുവാനൊ കഴിയാത്ത അവസ്ഥ. അത് ഇപ്പോൾ കേരളത്തിലേക്കു വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ, ബുദ്ധിമുട്ടും പ്രയാസകരവുമായ സാഹചര്യങ്ങൾക്കിടയിലും ദൈവത്തിലേക്ക് തിരിഞ്ഞാൽ ദൈവം തന്നെ കണ്ടെത്താൻ അനുവദിക്കുമെന്ന വാഗ്ദാനമാണ് ഇതു നമുക്ക് നൽകുന്നത്.
ഇനി എങ്ങനെയാണ് നാം ദൈവത്തിലേക്കു തിരിയേണ്ടത് എന്ന കാര്യം കൂടി ഈ വാക്യം തുടർന്ന് പറയുന്നു.
II. പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുക
പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുന്നവർക്കാണ് ദൈവത്തെ കണ്ടെത്താൻ കഴിയുക എന്നാണ് തുടർന്ന് ഈ വേദഭാഗത്ത് നാം കാണുന്നത്.
ദൈവത്തിനായുള്ള പൂർണ്ണവും ഹൃദയംഗമവുമായ അന്വേഷണം ആവശ്യമാണ്. അങ്ങനെ ഒരു അന്വേഷണം നാം നടത്തുന്നുവെങ്കിൽ അവനെ നാം കണ്ടെത്തും എന്ന് ഈ വാക്യം ഉറപ്പ് നൽകുന്നു.
ദൈവം നമുക്ക് മറഞ്ഞിരിക്കുന്നുവെങ്കിൽ, അതിനു കാരണം നാം പാതിമനസ്സോടെയോ ദൈവം എന്റെ പ്രാർത്ഥന കേൾക്കണം എന്ന ആത്മാർത്ഥമായ ആഗ്രഹം ഇല്ലാതെയൊ പ്രാർത്ഥിക്കുന്നതിനാലാണ്.
"പൂർണ്ണഹൃദയത്തോടെ": കേവലം ഉപരിപ്ലവമായ താൽപ്പര്യമല്ല, ഇത് പൂർണ്ണമായ പ്രതിബദ്ധതയെയാണ് അർത്ഥമാക്കുന്നത്. സി.എച്ച്. സ്പർജിയൻ വിവരിച്ചതുപോലെ, തീവ്രവും ദൈവം സഹായിച്ചാലെ മതിയാകു എന്ന ആഗ്രഹത്തോടും, സ്ഥിരമായ ദൃഢനിശ്ചയത്തോടും "കരുണയുടെ വാതിലിൽ മുട്ടുക".
ഒരു ഉദാഹരണം പറഞ്ഞാൽ, നാം നമ്മുടെ കുട്ടിയുമായി ഒരു മാളിൽ ഷോപ്പിംഗിനു പോകുന്നു. അങ്ങനെ ഒരു സാരി നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ കുഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് മാറിപോകുന്നു. എന്നാൽ പെട്ടെന്ന് അമ്മ തന്റെ കുഞ്ഞിനെ അന്വേഷിക്കുന്നു എന്നാൽ അവൾക്ക് തന്റെ കുഞ്ഞിനെ കണ്ടെത്താൻ കഴിയുന്നില്ല. ആ അമ്മ സർവ്വതും അവിടെ ഇട്ടിട്ട് ആ കുഞ്ഞിനായി തിരയുകയില്ലയൊ? തീർച്ചയായും അവൾ പൂർണജാഗ്രതയോടെ ആ കുഞ്ഞിനായി അന്വേഷിക്കും. അതേ ആഗ്രഹത്തോടും മനസ്സൊരുക്കത്തോടും കൂടെ നാം ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ തീർച്ചയായും നാം അവനെ കണ്ടെത്തും. അതാണ് അവൻ നൽകുന്ന വാഗ്ദാനം.
നമ്മുടെ ശ്രദ്ധയെ തിരിക്കുന്ന കാര്യങ്ങൾ നാം നീക്കം ചെയ്യണം. അതു ചിലപ്പോൾ നമ്മുടെ ജോലി തിരക്കുകൾ ആകാം. U Tube നമ്മുടെ സമയം അപഹരിക്കുന്നതാകാം. ഈ വകപ്രതിസന്ധികൾ നമുക്കില്ലല്ലൊ എന്നതാകാം. വചനം വായിക്കുവാൻ താത്പ്പര്യം നഷ്ടപ്പെട്ടതൊ അതിനായി സമയം കണ്ടത്താനൊ കഴിയാത്തതാകാം. ദൈവത്തിനു നമ്മേത്തന്നെ പൂർണ്ണമായി വിധേയപ്പെടുത്താൻ മനസ്സില്ലാത്തതാകാം.
111. അന്വേഷിക്കുന്നവർ കണ്ടെത്തും
അപ്പോൾ അവിടുന്നു നൽകുന്ന വാഗ്ദാനം: "നീ എന്നെ കണ്ടെത്തും"
ദൈവം കണ്ടെത്തപ്പെടാൻ ആഗ്രഹിക്കുന്നു: അതിനർത്ഥം ദൈവം ഒളിച്ചുകളി നടത്തുന്നുവെന്നല്ല; തന്നെ ആത്മാർത്ഥമായി അന്വേഷിക്കുന്നവർ ഉണ്ടോ എന്ന് അന്വേഷിക്കുകയാണ്. അവർക്ക് തന്നെ കണ്ടെത്തുവാൻ കഴിയുമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു.
കേവലം ഒരു കാര്യം നേടുക എന്നതിനേക്കാൾ ദൈവവുമായി ഒരു ബന്ധം അഥവാ അടുപ്പമായിരിക്കണം ദൈവത്തെ അന്വേഷിക്കുന്നതിന്റെ ലക്ഷ്യം. അങ്ങനെ നാം ദൈവത്തിനായി അന്വേഷിച്ചാൽ, ഹൃദയത്തിന് സമാധാനവും ആശ്വാസവും അവിടുന്നു നൽകും.
ഇവിടെ നമ്മേ സന്തോഷിപ്പിക്കുന്ന ഒരു കാര്യം, ദൈവത്തിന്റെ ഹൃദയം ആദ്യം നമ്മെ കാംക്ഷിച്ചു എന്നതാണ്, തന്നെ കണ്ടെത്തുന്നത് സാധ്യമാക്കാൻ യേശുവിനെ അയച്ചു. എന്നാൽ ആ ബന്ധം നാം ശരിയായ നിലയിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നതാണ് ചോദ്യം.
ഉപസംഹാരം: അപ്പോൾ അർദ്ധമനസ്സോടെയുള്ള ശ്രമങ്ങൾ നിർത്തി, പകരം നമ്മുടെ മുഴുവൻ സത്തയും ഉപയോഗിച്ച് കർത്താവിനെ അന്വേഷിക്കാം. നമ്മുടെ സാഹചര്യങ്ങളോ മുൻകാല പരാജയങ്ങളോ പരിഗണിക്കാതെ നമുക്കവന്റെ വാഗ്ദാനത്തിൽ ശ്രദ്ധയൂന്നാം. അവിടുന്നു സഹായിച്ചേ മതിയാകു എന്ന നിർബന്ധത്തോടെ അവിടുത്തെ സന്നിധിയിൽ നമ്മുടെ പ്രാർത്ഥനകളെ അർപ്പിക്കാം. നമ്മുടെ പ്രാർത്ഥനക്കുത്തരം തരാൻ കഴിയാത്ത പാപങ്ങളുണ്ടെങ്കിൽ അവ ദൈവസന്നിധിയിൽ ഏറ്റുപറയാം.