
നിത്യജീവൻ

Believe God and be blessed
ദൈവത്തെ വിശ്വസിക്കുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുക
OT Sermon Series_04
P M Mathew
22-08-2021
Believe God and be blessed
ദൈവത്തെ വിശ്വസിക്കുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുക
2 രാജാക്കന്മാർ 4:1-7
രണ്ടു രാജാക്കന്മാരുടെ പുസ്തകത്തിൽ എലീഷാ പ്രവാചകന്റെ കാലത്ത് സംഭവിച്ച ഒരു കാര്യമാണ് ഞാൻ നിങ്ങളുമായി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത്. എലീഷായുടെ കാലഘട്ടമെന്നത് ഇന്നത്തേതുപോലെ, വലിയ ദേശീയ അധഃപതനത്തിന്റെയും വിശ്വാസത്യാഗത്തിന്റെയും സമയമായിരുന്നു. ദൈവത്തോടൊ, ദൈവവചനത്തോടെ, ദൈവജനത്തോടൊ തീരെ മതിപ്പില്ലാത്ത ഒരു കാലം. അതുകൊണ്ടുതന്നെ ലോകവും അനേകം കെടുതികളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഒന്നരവർഷമായി കോവിഡ്മൂലം ലോക്ഡൗണായി, വീടുകളിൽ തളച്ചിടപ്പെട്ട നിലയിൽ ആളുകൾ കഴിഞ്ഞുകൂടുന്നു. കോവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമൊ എന്ന ആശങ്കയിലാണ് ലോകം. അതിനോടൊപ്പം മഴക്കെടുതികളും, ഉരുൾപൊട്ടലും, മണ്ണിടിച്ചിലും, ഡാം നിറയലും ഒക്കെ സാധാരണ സംഭവമായി മാറിയിരിക്കുന്നു. മനുഷ്യൻ ദൈവത്തെ മറക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണിത്. അതുമൂലമുണ്ടാകുന്ന കെടുതികൾ വിശ്വാസികളും അനുഭവിക്കേണ്ടിവരുന്നു എന്നതാണൂ സങ്കടകരം. ഒരു വിശ്വാസിയായിരിപ്പാനും ദൈവത്തിന്റെ കാര്യങ്ങൾക്കുവേണ്ടി നിലകൊള്ളാനും പ്രയാസമായിരിക്കുന്നു. പല വിശ്വാസികൾക്കും പലപ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
2 രാജാക്കന്മാർ 4:1-7
A 1. പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശയോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി: നിന്റെ ദാസൻ യഹോവഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ: ഇപ്പോൾ കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
B 2. എലീശ അവളോടു ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യേണം: പറക? വീട്ടിൽ നിനക്കു
എന്തുള്ളു എന്നു ചോദിച്ചു.
C 3. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്നു അവൾ
പറഞ്ഞു. അതിന്നു അവൻ നീ ചെന്നു നിന്റെ അയല്ക്കാരോടൊക്കെയും
വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്. 4 പിന്നെ
നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടെച്ചു
പാത്രങ്ങളിലൊക്കേയും പകർന്ന് നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തു
മാറ്റിവെയ്ക്കുക എന്നു പറഞ്ഞു.
C' 5. അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു .വാതിൽ
അടെച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ .വെച്ചുകൊടുക്കയും അവൾ
പകരുകയും ചെയ്തു. 6. പാത്രങ്ങൾ . നിറഞ്ഞശേഷം അവൾ തന്റെ മകനോടു:
ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു.
B' അവൻ അവളോടു: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.
A' 7. അവൾ ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊൾക എന്നു പറഞ്ഞു.
നാം വായിച്ച ഈ വേദഭാഗത്തെ വിധവയുടെ കാര്യവും അങ്ങനെതന്നെയായിരുന്നു. അവൾ ഒരു വിശ്വാസിയും അവളുടെ ഭർത്താവ് ഒരു പ്രവാചക ശിഷ്യനുമായിരുന്നു. എന്നാൽ പെട്ടെന്ന് കാര്യങ്ങൾ മാറി മറിയുന്നു. അദ്ദേഹം തന്റെ ഭാര്യയേയും മക്കളേയും വിട്ടു പിരിഞ്ഞ് കർത്താവിന്റെ സന്നിധിയിലേക്കു പോകുന്നു. അതിന്റേതായ ബുദ്ധിമുട്ടിലും പ്രയാസത്തിലും ആ കുടുംബം ആയിരിക്കുന്നു. തന്റെ ജീവിതത്തിന്റെ രണ്ടറ്റവും തമ്മിൽ കൂട്ടിമുട്ടിക്കാൻ അവൾ പാടുപെടുന്നു എന്നു മാത്രമല്ല, തന്റെ ഈ നിസ്സഹായ അവസ്ഥയിൽ താങ്ങുംതണലുമായിരിക്കേണ്ട തന്റെ മക്കൾ അടിമത്വത്തിലേക്കു പോകാൻ തക്കവണ്ണം അവൾ കടബാദ്ധ്യതയിലും ആയിരിക്കുന്നു.
നാം ജീവിക്കുന്ന കാലഘട്ടവും നാം നേരിടുന്ന പ്രശ്നങ്ങളും പരിഗണിക്കാതെ തന്നെ, നാം ദൈവത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്താൽ, ദൈവത്തിന് നിറവേറ്റാൻ കഴിയാത്ത ഒരു പ്രശ്നമോ ആവശ്യമോ ഇല്ല എന്നതാണ് ഈ വേദഭാഗത്തിന്റെ ഒരു പാഠം എന്നത്. ദൈവം നമ്മെ ശ്രദ്ധിക്കുന്നു (1 പത്രോ. 5:6-7). അവനു പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നങ്ങളൊന്നുമില്ല. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോൾ നാം എങ്ങനെയാണ് അതിനെ നേരിടുന്നത് എന്നതാണ് റിയൽ/യഥാർത്ഥ പ്രശ്നം. ഇതാണ് നിർണായക വിഷയം!
എലീഷ പ്രവാചകൻ ചെയ്ത 14 അത്ഭുതങ്ങളിൽ നാലാമത്തെ അത്ഭുതമാണിത്. ഇതൊരു narrative അഥവാ വിവരണമാണ്. രാജാക്കന്മാരുടെ കാലത്തെ സംബന്ധിച്ച ചരിത്രവിവരണം. ബൈബിൾ പരിശോധിച്ചാൽ വിവിധ സാഹിത്യ ശൈലികൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതിൽ ചരിത്രവിവരണമുണ്ട്, ജ്ഞാനസാഹിത്യമുണ്ട്, കവിതയുണ്ട്, പ്രവചനമുണ്ട്, ലേഖനങ്ങൾ ഉണ്ട്, കൂടാതെ വെളിപ്പാടു പോലെയുള്ള അപ്പൊക്കാലിപ്റ്റിക്സ് സാഹിത്യശൈലിയുമുണ്ട്. അതിൽ ചരിത്രവിവരണ വിഭാഗത്തിൽ നിന്നുള്ള ഒരു വേദഭാഗമാണിത്. എന്നാൽ ഈയൊരു വേദഭാഗത്തിനു ഒരു കവിതപോലെ അഥവാ സങ്കീർത്തനം പോലെ വളരെ മനോഹരമായ ഒരു രൂപഘടനയും പദങ്ങളുടെ ആവർത്തനവും കാണാം. അതുപോലെ ചില സമാനതകളും (comparissions) വ്യത്യാസങ്ങളും (contrasts) ഉപയോഗിച്ച് എഴുത്തുകാരൻ ഇതിലെ മുഖ്യപ്രമേയം എന്താണെന്ന് വ്യക്തമാക്കുന്നു.
ഈ വിവരണത്തിനു മനോഹരമായ ഒരു Symmetry/രൂപസാദൃശ്യം ഉണ്ട്. ആദ്യത്തെ പകുതി ABC പറയുന്നത്, രണ്ടാമത്തെ പകുതിയിൽ C'B'A' എന്ന നിലയിലാണിത് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ A യും A', B യും B'; C യും C' തമ്മിൽ വളരെ സമാനത ദർശിക്കുവാൻ സാധിക്കും.
ഇവിടെ പ്രധാനമായും രണ്ടു പ്രധാനകഥാപാത്രങ്ങളാണുള്ളത്. ഒന്ന്, പ്രവാചകശിഷ്യന്റെ ഭാര്യ. രണ്ട്, എലിഷപ്രവാചകൻ.
A 1. ഈ സ്ത്രീ സ്വന്തം താത്പ്പര്യപ്രകാരം എലീഷപ്രവാചകന്റെ അടുക്കൽ വന്ന് സംസാരിക്കുന്നു.
A' 7. ഈ സ്ത്രീ രണ്ടാമതും വന്ന് ദൈവപുരുഷകന്റെ അടുക്കൽ വന്ന് സംസാരിക്കുന്നു.
B യും C (2-4) യും പ്രവാചകൻ ആ സ്ത്രീയോടു സംസാരിക്കുന്നതാണ്.
C' (5) യും B' (6) യും സ്തീ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്.
ഈ സ്ത്രീ ആരാണെന്നൊ അവളുടെ ഭർത്താവിന്റെ പേരെന്താണെ ന്നോ ഇവിടെ രേഖപ്പെടുത്തുന്നില്ല. യെഹൂദ പാരമ്പര്യം പറയുന്നത്, അദ്ദേഹം യിസബേലിന്റെ കയ്യിൽ നിന്നു രക്ഷിക്കാൻ, 100 പ്രവാചകന്മാരെ ഗുഹയിൽ താമസിപ്പിച്ച്, ഭക്ഷണവും വെള്ളവും കൊടുത്തു പുലർത്തിയ ഓബദ്യാവ് ആകാനാണ് സാദ്ധ്യത എന്നാണ്. അതെന്തായാലും അവളുടെ സംസാര വിഷയം ഭർത്താവിന്റെ മരണവും അതുമൂലമുള്ള കടവുമാണ്. അവളുടെ ഭർത്താവ് ഭോഷത്വമായി, ശ്രദ്ധയില്ലാതെ ജീവിച്ചതുമൂലമുണ്ടായ കടമല്ല, കാരണം താനൊരു പ്രവാചകശിഷ്യനും യഹോവഭക്തനുമായ മനുഷ്യനായിരുന്നു എന്ന് ഇവിടെ രേഖപ്പെടുത്തുന്നു. വരവറിയാതെ, ചെലവ് ചെയ്ത്, ധാരാളിത്വത്തിൽ ജീവിച്ചു കടം വരുത്തിവെക്കുന്നവരുണ്ട്. എന്നാലതു ഭക്തിയുടെ ലക്ഷണമല്ല. അദ്ദേഹം അങ്ങനെയൊരു വ്യക്തി ആയിരുന്നു എങ്കിൽ താനൊരു പ്രവാചകശിഷ്യനും യഹോവ ഭക്തനുമായിരുന്നു എന്നു രേഖപ്പെടുത്തികയില്ലായിരുന്നു. പക്ഷെ അദ്ദേഹം കടക്കാരനായിരുന്നു; ഇപ്പോൾ മരിക്കയും ചെയ്തിരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രശ്നം (Death and Debt) മരണവും കടവുമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ മരണവും, കടം മൂലമുള്ള അടിമത്വവും.
തന്റെ ഭർത്താവു മരിച്ചു. അവർക്കു പണം കടം കൊടുത്തിരിക്കുന്ന വ്യക്തി വന്ന് പണം തിരികെ ആവശ്യപ്പെടുന്നു. പണം തിരികെ കൊടുത്തില്ലെങ്കിൽ അവളുടെ മക്കൾ രണ്ടു പേരും അടിമത്തത്തിലേക്കു പോകേണ്ടി വരും. അന്നത്തെ കാലത്ത് ഇങ്ങനെയുള്ള സ്ത്രീകളെ സഹായിക്കാനുള്ള എന്തെങ്കിലും ക്രമീകരണങ്ങളൊ, ജോലി ചെയ്തു കടം വീട്ടുവാനോ ഉള്ള, സാഹചര്യമില്ലായിരുന്നു. ആകയാൽ അവളുടെ മക്കൾ അടിമത്വത്തിലേക്കു പോകേണ്ടിവരും. മാത്രവുമല്ല, ജാതീയനായ ഒരു വ്യക്തിയുടെ അടിമയായിട്ടാണ് ജീവിക്കേണ്ടിവരിക എന്നുവെച്ചാൽ അന്യദേവന്മാരെ ആരാധിക്കേണ്ട ഗതികേടിലേക്കും എത്തിച്ചേരാം. ഏതായാലും ആ സ്ത്രീയുടെ പ്രശ്നം വലിയതാണ്; ദുഃഖവും വലിയതാണ്. അതുകൊണ്ട് ഇവിടുത്തെ ഇഷ്യു/പ്രശ്നമെന്ന് എന്നു പറയുന്നത് കടവും അടിമത്വവുമാണ്.
1. നമ്മുടെ പ്രശ്നം എന്തായാലും ദൈവസന്നിധിയിൽ വെക്കുക. (Put our problems before God).
ഇവിടെ ഈ സ്ത്രീ എന്താണ് ചെയ്തത് എന്നു നോക്കാം. ഒന്നാം വാക്യം തനിക്കൊരു പ്രശ്നമുണ്ടായി. തന്റെ പ്രശ്നം ദൈവത്തിന്റെ മുൻപിൽ വെക്കുന്നു (Put the problem before God). അവൾ ദൈവത്തോടു നിലവിളിക്കുന്നു. അനാഥരുടേയും വിധവമാരുടേയും ദൈവമായ യഹോവയുടെ മുൻപാകെ താൻ തന്റെ കാര്യം അവതരിപ്പിക്കുന്നു. വിശ്വാസത്തോടെ യഹോവയിലേക്കു തിരിയുന്നു. എലീഷയുടെ മുൻപിലാണ് അവൾ കാര്യം അവതരിപ്പിക്കുന്നത് എങ്കിലും അവൾ ദൈവമുൻപിലാണ് കാര്യങ്ങളെ അവതരിപ്പിക്കുന്നത്; കാരണം എലീഷ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവനും ദൈവത്തിന്റെ വചനം ജനത്തോട് അറിയിച്ചിരുന്ന ദൈവപുരുഷനുമായിരുന്നു.
യാതൊരു പ്രതീക്ഷയ്ക്കൊ പ്രത്യാശക്കൊ വകയില്ലാത്ത ചില അനുഭവങ്ങൾ ഒരുപക്ഷേ നമ്മുടെ ജീവിതത്തിലും ഉണ്ടായെന്നു വരാം, പ്രത്യേകിച്ചും ഇതുപോലെയുള്ള ഈ കോവിഡ് കാലത്ത് മരണം സാധാരണ സംഭവമായി നമ്മുടെ ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്റെ കാരുണ്യത്താൽ ഇതുവരെ നാം സംരക്ഷിക്കപ്പെട്ടു എന്നതോർത്ത് നമുക്കു ദൈവത്തെ സ്തുതിക്കാം. എന്നാൽ മറ്റു പലരും ഇതുപോലെയുള്ള അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നാം എന്താണ് ചെയ്യേണ്ടത്? നമുക്കു ഒരു പ്രശ്നമുണ്ടായാൽ നാം എന്താണ് ചെയ്യുക? നാം വിശ്വാസത്തോടെ ദൈവത്തിലേക്ക് തിരിയുമൊ? ഇന്നു എലീഷയെ പോലെ പ്രവാചകന്മാർ നമുക്ക് മുൻപിൽ ഇല്ലെങ്കിലും കർത്താവായ യേശുക്രിസ്തു നമുക്കു വേണ്ടി പക്ഷവാദം ചെയ്യുവാൻ ദൈവപക്ഷത്തുണ്ട്. അതുകൊണ്ട് നാം കർത്താവിങ്കലേക്കാണ് നോക്കേണ്ടത്.
രണ്ടാം വാക്യം എലിഷാപ്രവാചകന്റെ അതിനുള്ള മറുപടിയാണ്. എലീഷയുടെ മറുപടിയിൽ, തനിക്കു അവളെ സഹായിക്കാൻ കഴിയുകയില്ലെന്നും ദൈവമാണ് അവളെ സഹായിക്കേണ്ടത് എന്നും വ്യക്തമാണ്. എങ്കിലും ദൈവത്തിന്റെ ആത്മാവിന്റെ മാർഗ്ഗനിർദ്ദേശത്താൽ, അദ്ദേഹം അവളോട് ചോദിക്കുന്നു: "ഞാൻ നിനക്കു എന്താണ് ചെയ്തു തരേണ്ടത്. നിന്റെ പക്കൽ എന്തുണ്ട്?" താനതിനോടു കൂട്ടിച്ചേർക്കുന്നു.
അവളുടെ മറുപടി: ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ യാതൊന്നും ഇല്ല. ആകെക്കൂടി തന്റെ കൈവശം ഉള്ളത് ഒരു ഭരണി എണ്ണ മാത്രമാണ്. ഇപ്പോൾ സ്ത്രീ തന്റെ പ്രശ്നം ദൈവത്തിന്റെ മുൻപിൽ അവതരിപ്പിച്ചു. ദൈവത്തിന്റെ സന്നിധിയിൽ നിന്ന് അവൾക്കു ഉത്തരം ലഭിക്കുകയും ചെയ്യുന്നു.
നാമിപ്പോൾ നമ്മുടെ വേദഭാഗത്തിന്റെ കേന്ദ്രഭാഗത്ത്, അതായത് C, C' ലുമെത്തിയിരിക്കുകയാണ്. ഇവിടെ പ്രവാചകൻ അവൾക്കു ചില നിർദ്ദേശങ്ങൾ അഥവാ കൽപ്പനകൾ നൽകുന്നു. ദൈവം ഇങ്ങനെ ചില കാര്യങ്ങൾ നമ്മുടെ മുൻപാകെ വെച്ചാൽ നാമെന്താണ് ചെയ്യേണ്ടത്? ദൈവത്തിന്റെ നിർദ്ദേശം അതുപോലെ അനുസരിക്കുക.
അപ്പോൾ ഒന്നാമതായി ഞാൻ പറഞ്ഞത് നമുക്കൊരു പ്രശ്നമുണ്ടായാൽ വിശ്വാസത്തോടെ ദൈവമുൻപാകെ അവതരിപ്പിക്കുക.
2. ദൈവത്തിന്റെ നിർദ്ദേശം അതുപോലെ അനുസരിക്കുക; (Just obey God's command).
മൂന്നാം വാക്യം പ്രവാചകന്റെ സ്ത്രീയോടുള്ള കുറേ നിർദ്ദേശങ്ങളാണ്; ഏതെല്ലാം നിർദ്ദേശങ്ങളാണ് താൻ നൽകുന്നത് എന്നു നോക്കാം:
1. നീ പോകുക
2. നിന്റെ അയൽക്കാരോടൊക്കെയും കുറെ പാത്രങ്ങൾ വായ്പ വാങ്ങുക;
3. പാത്രങ്ങൾ കുറവായിരിക്കരുതു.
4. നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടെക്കുക.
5. പാത്രങ്ങളിലൊക്കെയും എണ്ണ പകരുക,
6. നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക.
ആറു കൽപ്പനകൾ അഥവാ 6 നിർദ്ദേശങ്ങളാണ് താൻ മുന്നോട്ടു വെക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്തതുകൊണ്ടുള്ള പ്രയോജനം എന്താണെന്നു പ്രവാചകനൊ, ഇതുകൊണ്ട് തന്റെ പ്രശ്നമെങ്ങനെയാണ് പരിഹരിക്കപ്പെടുക എന്നു സ്ത്രീയൊ ചോദിക്കുന്നതായി നാം കാണുന്നില്ല.
ഈ സ്ത്രീയുടെ സ്ഥാനത്ത് നാമായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നുവെന്നു ചിന്തിക്കുക. എന്തിനാ ഇത്? ഇതുകൊണ്ടെങ്ങനയാ എന്റെ കടം വീടുന്നത്? അല്ലെങ്കിൽ നയമാൻ പറഞ്ഞതു പോലെ ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരുമുള്ളപ്പോൾ ഞാനെന്തിനാ യിസ്രായേലിലെ ഈ യോർദ്ദാൻ തോട്ടിൽ മുങ്ങണം. ആ സ്ത്രീ അങ്ങനൊരു ചോദ്യവും ഉന്നയിച്ചില്ല എന്നു മാത്രമല്ല, അവൾ ആ നിർദ്ദേശങ്ങൾ ഒന്നൊഴിയാതെ അനുസരിക്കുന്നു.
ആ സ്ത്രീയുടെ പ്രതികരണം നമ്മുടെ ശ്രദ്ധയർഹിക്കുന്നു.
ആ സ്ത്രീ പ്രവാചകനെ സംശയിക്കുകയൊ ഒരു വാക്കുപോലും മറുത്തു പറയുകയോ ചെയ്യാതെ അദ്ദേഹം പറഞ്ഞത് പൂർണ്ണമായി അനുസരിക്കുന്നു. അവൾ അവിടെ നിന്നു പോകുന്നു, പ്രവാചകൻ പറഞ്ഞതുപോലെ അയൽക്കാരിൽ നിന്നു വെറുമ്പാത്രങ്ങൾ വാങ്ങുന്നു. എണ്ണ പാത്രങ്ങളിലേക്കു പകരുന്നു, പാത്രങ്ങൾ മാറ്റിവെക്കുന്നു, അങ്ങനെ പ്രവാചകൻ പറഞ്ഞത് ഒട്ടൊഴിയാതെ മുഴുവനായും അനുസരിക്കുന്നു. അങ്ങനെ അവസാനം, പാത്രം തീർന്നു പോയി എന്നു മകൻ പറയുന്നതുവരെ അവൾ എണ്ണ പകരുന്നതു തുടരുന്നു.
ഇതുപോലെ ദൈവത്തെ സംശയിക്കാതെ, ദൈവത്തെ ചോദ്യം ചെയ്യാതെ അനുസരിച്ച ബൈബിളിലെ ചില കഥാപാത്രങ്ങളെങ്കിലും നിങ്ങളുടെ മനസ്സിലേക്കു കടന്നു വന്നിട്ടുണ്ടാകും എന്നു ഞാൻ ചിന്തിക്കുന്നു.
അബ്രാഹത്തോട് ദൈവം ഈ ദേശം വിട്ട് ഞാൻ കാണിച്ചു തരാനിരിക്കുന്ന ദേശത്തേയ്ക്കു പോകുവാൻ ആവശ്യപ്പെട്ടപ്പോൾ അതിനോടൊപ്പം ദൈവത്തിന്റെ വാഗ്ദത്തങ്ങളും നൽകിയിരുന്നു. ഉല്പത്തി 12:1-3 വാക്യങ്ങൾ ഞാൻ വായിക്കുകയാണ്;
"യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക. 2 ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. 3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും." (ഉല്പത്തി 12:1-3).
അബ്രാഹം ദൈവത്തെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നതായി നാം കാണുന്നു. പക്ഷേ രണ്ടാമത്തെ തവണ തന്റെ ഏകമകനെ മോറിയാ മലയിൽ കൊണ്ടു പോയി യാഗമർപ്പിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ ഒരു വാഗ്ദത്തവും നൽകിയിരുന്നില്ല. അവിടെ നിനക്കു യാഗം കഴിയ്ക്കുവാൻ ഒരു ആടിനെ ഒരുക്കിയിട്ടുണ്ട്, നീ കേവലം ഒരു ചടങ്ങായി അവിടം വരെ പോയാൽ മതി എന്നൊന്നും പറഞ്ഞില്ല. യാതൊരു വാഗ്ദത്തം അവിടെ നൽകുന്നില്ലെങ്കിലും അബ്രാഹമത് അക്ഷരം പ്രതി അനുസരിക്കുന്നു. ചോദ്യം ചെയ്യാതെ ദൈവത്തെ അനുസരിക്കുന്നു.
എന്നാൽ യോനയോടു നീ പോയി നിനവെക്കാരോടു പ്രസംഗിക്കണം എന്നു പറഞ്ഞപ്പോൾ എന്താണ് സംഭവിച്ചത്? യോനയോടു കിഴക്കോട്ട് നിനവേയിലേക്കു പോയി അവിടെയുള്ള ആളുകളോടു പ്രസംഗിക്കുവാനാണ് പറഞ്ഞത്. പക്ഷേ അതു അനുസരിക്കാതെ അതിനു വിപരീത ദിശയിൽ പടിഞ്ഞാറോട്ട്, തർശ്ശിശിലേക്കു യാത്ര ചെയ്യുന്നു. പിന്നീട്, അദ്ദേഹത്തെ കപ്പലിൽ നിന്നും വെള്ളത്തിലിട്ടതും തിമിംഗലം വിഴുങ്ങിയതും, തന്റെ മരണക്കിടക്കയിൽ താൻ ദൈവത്തോടു നിലവിളിച്ചതും അങ്ങനെ ജീവനോടെ കരയിൽ ശർദ്ദിച്ചതുമൊക്കെ നമുക്കറിയാം. അതിനുശേഷവും തന്റെ പ്രവർത്തനങ്ങൾ മെച്ചമായിരുന്നില്ല. കാരണം നിനവേയിലെ ആളുകളോടു കേവലം അഞ്ചു വാക്കുകളിലൂടെയുള്ള ഒരു പ്രസംഗമാണ് താൻ നടത്തിയത്. എന്നാൽ ദൈവം ആ ജനത്തോടു കരുണകാണിച്ചതുകൊണ്ട് ആ ജനം മാനസാന്തരപ്പെടുകയും യോന പറഞ്ഞതുപോലെ നിനവെയെ നശിപ്പിക്കുകയും ചെയ്തില്ല. അതിൽ കുപിതനായ യോനാ ദൈവത്തോടു കോപിക്കുന്നതായി നാം കാണുന്നു. യോനായുടെ രണ്ടാമത്തെ പ്രാർത്ഥനയിലാണിത് നാം കാണുന്നത്. രണ്ടാം അദ്ധ്യായത്തിലെ പ്രാർത്ഥനയും നാലാം അദ്ധ്യായത്തിലെ പ്രാർത്ഥനയും തമ്മിൽ ഒന്നു തുലനം ചെയ്തു നോക്കിയാൽ ഇതു മനസ്സിലാക്കാൻ നമുക്കു സാധിക്കും.
ഈ പറഞ്ഞതിന്റെ സാരമെന്തെന്നാൽ: ദൈവത്തിന്റെ കൽപ്പനയെ ചോദ്യം ചെയ്യാതെ അനുസരിച്ചാൽ ജീവനും അനുഗ്രഹവും ഫലം. ദൈവത്തിന്റെ കൽപ്പനയെ ചോദ്യം ചെയ്യാതെ അനുസരിച്ചാൽ ജീവനും അനുഗ്രഹവും ഉണ്ടാകും.
3. അനുസരണം ജീവനിലും സ്വാതന്ത്ര്യത്തിലും കലാശിക്കുന്നു (Obedience results in life and freedom).
ഇനി മൂന്നാമത്തെ സീനിലേക്കു കടക്കാം. അവിടെ നാം കടവും അടിമത്വവും ജീവനിലും സ്വാതന്ത്ര്യത്തിലും കലാശിക്കുന്നതായി നാം കാണുന്നു. 7-ാം (C') വാക്യത്തിലണത് നാം കാണുന്നത്.
പിന്നീട് അവൾ പ്രവാചകന്റെ അടുക്കൽ വന്ന് തന്റെ സംഭാഷണം പുനരാരംഭിക്കുന്നു. എന്നാൽ ഇപ്പോൾ താൻ പ്രവാചകനെ വിളിക്കുന്നത് ദൈവപുരുഷൻ എന്നാണ്. എലീഷായെ ഒരു ദൈപുരുഷൻ ആയി അവൾ കാണുന്നു.
ദൈവപുരുഷന്റെ വാക്കുകൾ ശ്രദ്ധിക്കുക: നീ പോയി എണ്ണ വിറ്റു കടം വീട്ടി, ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവിച്ചുകൊള്ളുക. (go, sell the oil and pay your lender, and you and your sons can live on the rest).
ഈ കഥയുടെ ആരംഭത്തിലാണ് കടക്കാരനെ ആദ്യം കാണുന്നത്. അവിടെ നാം കണ്ട പ്രശ്നം എന്നത് (Debt and Slavery) കടവും അടിമത്വവുമാണ്. എന്നാൽ ഈ കഥയുടെ അവസാനമൊ ജീവനും കടത്തിൽ നിന്നുള്ള മോചനവുമാണ്. ജീവനും സാതന്ത്ര്യവുമാണ്.
ഈ കഥയ്ക്ക് ഒരു മനോഹരമായ ക്രമം നമുക്കു കാണുവാൻ കഴിയും. ഇതൊരു പദ്യമല്ലെങ്കിലും ഒരു പദ്യത്തിന്റേതായ വാക്കുകളുടെ comparison അഥവാ സമാനത, contrast അഥവാ വ്യത്യാസം, sequence അഥവാ അനുവർത്തനം (തുടർച്ച) ഒക്കെ ഇവിടെ കാണുവാൻ കഴയും. ഇങ്ങനെയൊക്കെ കണ്ട് മനസ്സിലാക്കി ദൈവവചനം പഠിക്കുവാൻ ശ്രമിച്ചാൽ ബൈബിൾ ഒരു ഡിക്റ്റടീവ് നോവൽ പോലെ ആസ്വാദ്യകരമായ ഒരു അനുഭവമായി തീരും ദൈവവചനപഠനം.
ഈ കുട്ടിക്കഥയുടെ ബൈബിളിലെ പ്രസക്തി
death and Debt was the Crisis. മരണവും കടവും അടിമത്വവുമായിരുന്നു ആരംഭത്തിലെ പ്രശ്നം. കടം അടിമത്വം മരണം ഇതൊക്കെ പ്രബലമായിരിക്കുന്ന ബൈബിളിലെ സംഭവം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത് പെസഹയാണ്. അതിനോടൊപ്പം ഒരു പെസഹാ ഭക്ഷണവുമുണ്ടായിരുന്നു. ഏതാണ്ട് 1000 വർഷക്കാലം യിസ്രായേല്യർ പെസഹാ ഓരോ വർഷവും ആചരിച്ചു പോന്നിരുന്നു. അതിലൂടെ അവർ ഓർക്കുന്നതെന്തെന്നാൽ, യഹോവ എങ്ങനെയാണ് അടിമത്വത്തിൽ നിന്നും മരണത്തിൽ നിന്നുമൊക്കെ വിടുവിച്ച് ജീവനിലേക്കും സ്വാതന്ത്ര്യത്തിലേക്കും അവരെ നടത്തിയത് എന്ന കാര്യമാണ്. യഹോവ അവർക്കു ഒരു വീണ്ടെടുപ്പ് എങ്ങനെ സാദ്ധ്യമാക്കി എന്നത് ബൈബിൾ കഥയുടെ അടിസ്ഥാനമാണ്.
ഇവിടെ സ്ത്രീയേയും തന്റെ മക്കളേയും, അടിമത്വത്തിൽ നിന്ന് വീണ്ടെടുപ്പിലേക്കും, മരണത്തിൽ നിന്നു ജീവനിലേക്കും, സ്വാതന്ത്ര്യത്തിലേക്കും നടത്തിയ ഏജെന്റ് എന്നു പറയുന്നത് ദൈവപുരുഷനാണ്. ദൈവപുരുഷന്റെ വാക്കുകൾക്കു വളരെ ഊന്നൽ നൽകിയിരിക്കുന്നത് നമുക്കിവിടെ ശ്രദ്ധിക്കുവാൻ കഴിയും. അതായത്, ദൈവവചനത്തെ അനുസരിക്കുന്നത് മരണത്തിൽ നിന്നും, കടത്തിൽ നിന്നും വീണ്ടെടുപ്പിലേക്കും ജീവനിലേക്കും നയിക്കുന്നു. ഈയൊരു പ്രമേയമാണ് മുൻ-പ്രവാചക പുസ്തകങ്ങളായ യോശുവ, ന്യായാധിപന്മാർ, ശമുവേൽ, രാജാക്കന്മാർ എന്നീ പുസ്തകങ്ങളിലെ മുഖ്യം പ്രമേയം.