top of page

David & Goliath.
ദാവീദും ഗോലിയാത്തും.

OT Sermon Series_02

P M Mathew

16-04-2017

David & Goliath.
ദാവീദും ഗോലിയാത്തും.
1 ശമുവേൽ 17

ദൈവത്തിന്റെ ജനമായ യിസ്രായേലിനു ഇങ്ങനെയൊരു മല്ലനെ നേരിടേണ്ടതായ് വന്നു എന്നു ബൈബിൾ രേഖപ്പെടുത്തുന്നു. ആ മല്ലന്റെ പേരായിരുന്നു ഗോലിയാത്ത്. ആ മനുഷ്യൻ ഇസ്രായേലിന്റെ ആജന്മ ശത്രുവായ ഫിലിസ്ത്യ പട്ടാളത്തിലെ ഒരു അംഗമായിരുന്നു. ഇതുപോലെയുള്ള ഗോലിയാത്ത്മാർ നമ്മെ സംബന്ധിച്ചിടത്തോളം, വലിയ ഒരു ഫിഗർ തന്നെയാണ്. മാത്രവുമല്ല, ഈ ഗോലിയാത്തിനെ നേരിടാൻ നാം ദാവീദും അല്ല. കാരണം ദാവീദിനെ പോലെ യിസ്രായേലിലും ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നേയൊ നിങ്ങളേയൊ ദാവീദിന്റെ സ്ഥാനത്ത് കാണാനും അങ്ങനെ എതു വിജയവും അനായാസമാക്കാൻ കഴിയും എന്നു പറയാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനിതു പറയാൻ കാരണം എന്നേയൊ നിങ്ങളേയൊ ദാവീദിന്റെ സ്ഥാനത്ത് അവരോധിച്ചുകൊണ്ട് ഏതു വിജയവും അനായാസം കൈവരിക്കാം എന്ന് പറയുന്നവരുണ്ട്. എന്നാൽ അങ്ങനെയൊരു മോഹനവാഗ്ദാനം ഈ വേദഭാഗത്തിന്റെ ഒരു ലക്ഷ്യമല്ല.

എന്നാൽ ഇങ്ങനെയുള്ള ഗോലിയാത്തുമാർ, ജീവനുള്ള ദൈവത്തെ നിന്ദിച്ചുകൊണ്ട് മലഞ്ചരിവിലൂടെ മുന്നോട്ട് വരുമ്പോൾ ഭയന്നു വിറച്ചു പിന്നോക്കം പോവുന്ന ദാവീദിന്റെ കേവലം സഹോദരങ്ങളുടെ സ്ഥാനത്ത് എന്നേയൊ നിങ്ങളേയൊ കാണുന്നതിൽ തെറ്റില്ല. ആകയാൽ, ഇങ്ങനെയുള്ള മല്ലന്മാരെ നേരിടുവാൻ നമുക്കു വേണ്ടത് ആത്മാവിനാൽ അഭിഷേകം പ്രാപിച്ച ഒരു നായകനെയാണ്.

കഥയുടെ പശ്ചാത്തലം.

യിസ്രായേലിന്റെ ആദ്യത്തെ രാജാവായ ശൗലിന്റെ കാലത്താണ് ഈ സംഭവം നടക്കുന്നത്. ഈ ശൌൽ ആരാണെന്ന് അറിയേണ്ടേ? തങ്ങളുടെ രാജാവായ യഹോവയെ തള്ളി, തങ്ങളെ നയിക്കുവാൻ, തങ്ങളെ രക്ഷിക്കുവാൻ ജാതികൾക്കുള്ളതുപോലെ ഒരു രാജാവിനെ വാഴിച്ചു തരേണം എന്നു പറഞ്ഞ് യിസ്രായേൽ ജനം ശമുവേൽ പ്രവാചകനോടു ചോദിച്ചു വാങ്ങിയ, തങ്ങളുടെ ഇഷ്ടപ്രകാരം തങ്ങൾക്കു വാഴിച്ചു കിട്ടിയ രാജാവാണ് ശൗൽ. അതിനെ കുറിച്ചാണ് 1 ശമുവേൽ 8:4-7 ൽ പറഞ്ഞിരിക്കുന്നത്. അത് നമുക്കൊന്നു വായിക്കാം: “4 ആകയാൽ യിസ്രായേൽ മൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽ വന്നു, അവനോടു: 5 നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകലജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു. 6 ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാർത്ഥിച്ചു.7 യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.”

യിസ്രായേൽ ജനത്തിനു യഹോവാ രാജാവായിരിക്കുന്നതു പോര, അവർക്ക് വേണ്ടിയിരുന്നത് ജാതികൾക്കുള്ളതുപൊലെ തങ്ങളെ ഭരിക്കേണ്ടതിനു ഒരു രാജാവിനെയായിരുന്നു. അതിനോടുള്ള യഹോവയുടെ മറുപടി ശ്രദ്ധിക്കുക: “ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു തൃജിച്ചിരിക്കുന്നതു”

എന്നാൽ ശൗൽ തന്റെ ദാതൃത്തിൽ പരാജയപ്പെടുകയും യഹോവ അവനെ രാജസ്ഥാനത്തു നിന്നു തള്ളിക്കളയുകയും ചെയ്തു. ആ സ്ഥാനത്ത് യഹോവ, ശമുവേൽ പ്രവാചകനിലൂടെ ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുന്നു. അങ്ങനെ ഇരിക്കുന്ന സമയത്താണ് യിസ്രായേലിന്റെ ആജന്മ ശ്രതുക്കളായ ഫിലിസ്ത്യർ മല്ലനായ ഗോല്യാത്തിന്റെ നേതൃത്വത്തിൽ യിസ്രായേലിന്റെ നേരെ യുദ്ധത്തിനു പുറപ്പെട്ടു വന്നത്. അതിനെ കുറിച്ചാണ് 1 ശമുവേൽ 17-‍ാ‍ം അദ്ധ്യായത്തിൽ നാം വായിക്കുന്നത്. ഈ അദ്ധ്യായം മുഴുവനും ഒറ്റയടിക്കു വായിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ കഥ പറഞ്ഞ് മുന്നോട്ടു പോകുന്ന മുറക്ക് കുറേശെ വായിക്കാമെന്ന് ഞാൻ വിചാരിക്കുന്നു.

ആദ്യമായി, 1 ശമുവേൽ 17:1-11 വരെ വാക്യങ്ങൾ നമുക്കു വായിക്കാം.

1 ശമുവേൽ 17:1-11

“1 അനന്തരം ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവർ യെഹൂദെക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി. 2 ശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി; 3 ഫെലിസ്ത്യർ ഇപ്പുറത്തു ഒരു മലഞ്ചരിവിലും യിസ്രായേല്യർ അപ്പുറത്തു ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു. 4 അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു. 5 അവന്നു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു. 6 അവന്നു താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു. 7 അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെൽ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു. 8 അവൻ നിന്നു യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞതു: നിങ്ങൾ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൌലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ. 9 അവൻ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്കു അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു അടിമകളായി ഞങ്ങളെ സേവിക്കേണം. 10 ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടുതരുവിൻ എന്നു പറഞ്ഞു. 11 ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൌലും എല്ലായിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു.”

അങ്ങനെ ഫിലിസ്ത്യരും യിസ്രായേലും യുദ്ധത്തിനായി യെഹൂദയിലെ ബേത്ലേഹമിൽ നിന്നും കേവലം 15 കിലൊമീറ്റർ അകലെയുള്ള മലഞ്ചരിവിൽ യുദ്ധത്തിനായി അണി നിരന്നു. എന്നാൽ ഈ യുദ്ധം സാധാരണയുദ്ധം പോലെ പട്ടാളക്കാർ തമ്മിൽ തമ്മിൽ നേരിട്ടു നടത്തുന്ന ഒരു യുദ്ധമായിരുന്നില്ല. മറിച്ച് ഒരു റപ്രസെന്റേറ്റീവ്/പ്രതിനിധി യുദ്ധമായിരുന്നു. അതായത്, ഫിലിസ്ത്യ സൈനൃത്തിന്റെ ഭാഗത്തു നിന്നും ഫിലിസ്ത്യരെ പ്രതിനിധീകരിച്ചുകൊണ്ട് മല്ലനായ ഗോല്യാത്ത് മുന്നോട്ടു വരും. യിസ്രായേലിന്റെ ഭാഗത്തുനിന്ന് ആരെങ്കിലും മുന്നോട്ടു ചെന്ന് ഈ ഫെലിസ്ത്യനെ നേരിടണം. പരാജയപ്പെടുന്നവർ ജയിക്കുന്ന രാജ്യക്കാർക്ക് അടിമകൾ ആകണം. ഇതായിരുന്നു ഈ മല്ലയുദ്ധത്തിന്റെ വ്യവസ്ഥ. ഈ വ്യവസ്ഥ വെച്ചത് ഇരുവരും ചേർന്നല്ല. മറിച്ച്, മല്ലനായ ഗോലിയാത്തിന്റെ ഒരു വെല്ലുവിളിയായിരുന്നു.

യിസ്രായേലിന്റെ രാജാവായ ശൌൽ പൊക്കം കൊണ്ട് യിസ്രായേലിലെ മറ്റാരെക്കാളും ഉയരമുള്ളവനായിരുന്നെങ്കിലും ഗോലിയാത്തിന്റെ മുന്നിൽ താൻ ഒന്നുമായിരുന്നില്ല. എന്നാൽ യിസ്രായേലിന്റെ രാജാവ് എന്ന നിലയിൽ ഗോലിയാത്തിന്റെ വെല്ലുവിളി സ്വീകരിക്കുവാൻ കടപ്പെട്ട വ്യക്തിയാണുതാനും. എന്നാൽ താനും ജനവും ഭയചകിതരായിരിക്കുന്ന കാഴ്ചയാണ് നാം ഇവിടെ കാണുന്നത്.

1. ക്രിസ്തീയജീവിതത്തിലെ ഗോലിയാത്ത് മാർ (Goliaths in the Christian life)

ക്രിസ്തീയ ജീവിതത്തിലും ഇതുപോലെ. പലതരത്തിലുള്ള മല്ലന്മാരെ നാം നേരിടുന്നുണ്ട്. എന്നാൽ അത് ഗോലിയാത്തിനെപോലെ ഒരു ഫിസിക്കൽ ആയിട്ടുള്ള ഒരു മനുഷ്യനെ അല്ല എന്ന ഒരു ചെറിയ വ്യതാസമെ ഉള്ളു. നാം അവയെ മല്ലന്മാരായി കാണുകയും ചെയ്യുന്നില്ല എന്ന ഒരു കുറവ് നമുക്കുണ്ടുതാനും.

ക്രിസ്തീയ ജീവിതത്തിലെ മല്ലന്മാരായ ശത്രുക്കൾ ആരാണെന്നു നമുക്കു നോക്കാം. കഷ്ടത നമ്മുടെ ജീവിതത്തിലെ ഒരു ശത്രുവല്ലെ? കുടുംബജീവിതത്തിലെ സ്വസ്തത നശിപ്പിക്കുന്ന കുടുംബ കലഹങ്ങൾ ക്രിസ്തീയ ജീവിതത്തിലെ ഒരു വലിയ ശത്രുവാണ്. അതുപോലെ നിരാശ മറ്റൊരു ശത്രുവാണ്, വിമർശനം, പരാജയങ്ങൾ, മോഹം, എന്നിങ്ങനെ നിരവധി ശത്രുക്കൾ നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട്, നമ്മുടെ സന്തോഷത്തെ നശിപ്പിക്കാറുണ്ട്.

ക്രിസ്തിയജീവിതം ആനന്തകരമായി മുന്നോട്ടു പോകാനുള്ളതാണ്. എന്നാൽ ഇങ്ങനെയുള്ള പ്രതികൂലങ്ങൾ നമ്മുടെ സന്തോഷത്തെ കെടുത്തിക്കളയുകയും ക്രിസ്തീയജീവിതം വിരസമാക്കി തീർക്കുകയും ചെയ്യുന്നു. ക്രിസ്തീയജീവിതം വെല്ലുവിളികൾ ഇല്ലാതിരിക്കുന്ന തല്ല മറിച്ച്, വെല്ലുവിളികളെ കർത്താവിൽ അശ്രയിച്ച്, അവയെ അതിജീവിച്ച് മുന്നേറാനുള്ളതാണ്.

ഈ മല്ലന്റെ വാക്കുകൾ കേട്ടപ്പോൾ യിസ്രായേലും, യിസ്രായേലിന്റെ രക്ഷനായിരിക്കേണ്ട അവരുടെ രാജാവും, എല്ലാം ഭ്രമിക്കുകയും ഭയപ്പെടുകയും ചെയ്തു. അപ്പോൾ എന്തു സംഭവിച്ചു എന്നാണ് 12-15 വരെ വാക്യങ്ങളിൽ പറയുന്നത്.

1 ശമുവെൽ 1 7:12-15

"12 എന്നാൽ ദാവീദ് യെഹൂദയിലെ ബേത്ത്ലേഹെമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൌലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.13 യിശ്ശായിയുടെ മൂത്ത മക്കൾ മൂവരും പുറപ്പെട്ടു ശൌലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കൾ ആദ്യജാതൻ ഏലീയാബും അവന്റെ അനുജൻ അബീനാദാബും മൂന്നാമത്തെവൻ ശമ്മയും ആയിരുന്നു. 14 ദാവീദോ എല്ലാവരിലും ഇളയവൻ; മൂത്തവർ മൂവരും ശൌലിന്റെ കൂടെ പോയിരുന്നു. 15 ദാവീദ് ശൌലിന്റെ അടുക്കൽനിന്നു തന്റെ അപ്പന്റെ ആടുകളെ മേയിപ്പാൻ ബേത്ത്ലേഹെമിൽ പോയിവരിക പതിവായിരുന്നു.”

12-‍ാ‍ം വാക്യം യുദ്ധഭൂമിയിൽ നിന്ന് നമ്മുടെ ശ്രദ്ധയെ യിസ്രായേലിലെ ഒരു ചെറിയ പട്ടണമായ ബേത്ലഹമിലേക്കാണ് കൊണ്ടു പോകുന്നത്. എന്നാൽ ദാവീദ് യെഹൂദയിലെ ബേത്ത്നേഹെമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു;

കഥാ നായകന്റെ ജന്മദേശത്തേയും കഥാനായകനെയും പരിചയപ്പെടുത്തുകയാണ് ഈ വേദഭാഗം. ബേത്ലെഹമിന്റെ പഴയ പേര് എഫ്രാത്തെ എന്നായിരുന്നു. ഈ പേര് ഇവിടെ യാദൃശ്ചികമായി കടന്നുവന്നത് അല്ല. യിസ്രായേലിന്റെ ചരിത്രത്തിൽ ബേത്ലേഹമിനു വലിയ റോളാണുള്ളത്. യാക്കോബിന്റെ പ്രിയപ്പെട്ട ഭാര്യയായ റാഹേലിനെ അടക്കം ചെയ്തതും എഫ്രാത്തെ എന്ന ബേത്ലെഹമിലായിരുന്നു. ന്യായാധിപന്മാരുടെ പുസ്തകത്തിലെ അവസാനത്തെ രണ്ടു കഥകൾ ബെത്ലെഹമിലാണ് നടക്കുന്നത്. രൂത്തിന്റെ പുസ്തകത്തിലും ബേത്ലെഹം എന്ന ചെറിയ പട്ടണം വലിയ റോലിൽ പ്രതൃക്ഷപ്പെടുന്നു. ദാവീദിന്റെ പട്ടണവും ഇതാ ബേത്തേഹമിൽ തന്നെ. അതായത് മനുഷ്യന്റെ വീണ്ടെടുപ്പു ചരിത്രത്തിൽ ഒരു പ്രധാന സ്ഥലമാണ് ബേത്ലെഹം. ഇതൊക്കേയും ആരിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് നമുക്കു പിന്നാലെ കാണാം.

ഇനി ദാവീദിനെക്കുറിച്ചു ചില കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് നോക്കാം. ബേത്ലേഹമിലെ ഒരു എഫ്രാത്യനായ യിശ്ലായിയുടെ 8 മക്കളിൽ ഇളയവനാണ് ദാവീദ്. യിശ്ലായിയുടെ മുത്ത മുന്നു മക്കളും ശാലിനോടു കൂടെ യുദ്ധത്തിനു അണിനിരന്നിട്ടുണ്ട്. ദാവീദിന്റെ തൊഴിൽ ആടുമേക്കലാണ്. എന്നാൽ ശൗലിനെ ദൈവം രാജസ്ഥാനത്തു നിന്നും തള്ളിക്കളഞ്ഞപ്പോൾ, തന്റെ മേൽ നിന്നു ദൈവത്തിന്റെ ആത്മാവും അവനെ വിട്ടുപോയി. അതു മാത്രമല്ല, വേറൊരു പ്രശ്നം തനിക്കു നേരിടേണ്ടിവന്നു. ഇടക്കിടെ ദുരാത്മാവ് ശാലിനെമേൽ വരും. അത് ശൗലിനു വളരെ അസ്വസ്തകരമായിരുന്നു.

ഈ അസ്വസ്ഥത അകറ്റാൻ, ഈ ദുരാത്മാവ് തന്നെ വിട്ടുപോകാൻ, ദാവീദിനെക്കൊണ്ട് വീണവായിപ്പിക്കുക എന്ന പ്രതിവിധിയാണ് ശൗൽ കണ്ടെത്തിയത്. അങ്ങനെ ദാവിദിനു കുറെ സമയം ശാലിന്റെ കൊട്ടാരത്തിൽ വീണ വായിക്കണം. ശേഷിക്കുന്ന സമയം തന്റെ പിതാവിന്റെ ആടുകളെ മേയ്പ്പാൻ ബെത്തേഹമിൽ പോകണം. അതുകൊണ്ട് ദാവീദ് ശൗലിന്റെ അടുക്കലെ തന്റെ പാർട്ട് ടൈം ജോലികഴിഞ്ഞാൽ ഉടനെ ആടുമേയ്ക്കാൻ പോകും. അതായിരുന്നു ദാവീദിന്റെ പതിവ്.

17:16 “ആ ഫേലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു.” ഗോലിയാത്ത് 40 ദിവസം രാവിലേയും വൈകുന്നേരവും യിസ്രായേലിനോടുള്ള ഭീഷണി ആവർത്തിച്ചു. ആ സമയമൊക്കേയും യിസ്രായേലും ഭ്രമിച്ചും ഭയപ്പെട്ടും അവിടെ നിന്നിരുന്നു.

40 ദിവസത്തിനു ബൈബിളിൽ വളരെ പ്രാധാന്യമുണ്ട്. പ്രധാനമായും ന്യായവിധിയോടും പരീക്ഷയോടും ബന്ധപ്പെട്ടാണ് ഈ പ്രയോഗം അധികവും കാണാൻ കഴിയുന്നത്. ഭൂമിയിൽ 40 രാവും 40 പകലും മഴ പെയതു എന്ന് ഉല്പ്പത്തി 7:12 ൽ നാം വായിക്കുന്നു. മോശെ ഒരു മിസ്രയിമിനെ അടിച്ചു കൊന്ന ശേഷം മീദിയാനിലേക്ക് ഓടിപ്പോയി 40 വർഷം ആടുകളെ മേയിച്ച് ജീവിച്ചു (അപ്പൊ. പ്രവൃത്തി 7:30). മോശെ 40 ദിവസം സിനായ് പർവ്വതത്തിൽ ദൈവത്തോടുകൂടെ ചിലവഴിച്ചു. (പുറപ്പാട് 24:18). 40 ദിവസം യിസ്രായേൽ ചാരന്മാരെ കനാൻ ദേശം ഉറ്റുനോക്കാൻ പോയി (ആവർത്തനം 8:2-5). യേശു 40 ദിവസം മരുഭുമിയിൽ പരീക്ഷിക്കപ്പെട്ടു (മത്തായി 4:2). അതുപോലെ ഇതാ യിസ്രായേലും 40 ദിവസം ഗോലിയാത്തിന്റെ ഭീഷണിയിൽ പരീക്ഷയിൽ കഴിയുന്നു.

അപ്പോൾ എന്താണ് സംഭവിച്ചത് : 17:17-23 “യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതു: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക. ഈ പാല്ക്കട്ട പത്തും സഹ്രസാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക. ശൌലും അവരും യിസ്രായേല്യരൊക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയുന്നുണ്ടു. അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവല്ക്കാരന്റെ പക്കൽ വിട്ടേച്ചു, യിശ്ലായി തന്നോടു കല്ലിച്ചതൊക്കെയും എടുത്തുംകൊണ്ടുചെന്നു. കൈനിലയിൽ എത്തിയപ്പോൾ സൈന്യം പടെക്കു ആർത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു. യിസ്രായേലും ഫെലിസ്ത്യരും നേർക്കുനേരെ അണിനിരന്നു നിന്നു. ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏൽപ്പിച്ചുംവെച്ചു അണിയിൽ ഓടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു. അവന് അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽ നിന്നു പുറപ്പെട്ടുവന്നു. മുമ്പിലത്തെ വാക്കുകൾ തന്നേ പറയുന്നതു ദാവീദ് കേട്ടു. അവനെ കണ്ടപ്പോള് യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ടു അവന്റെ മുമ്പിൽ നിന്നു ഓടി. എന്നാറെ യിരസായേലൃർ: വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിപ്പാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലിൽ കരമൊഴിവു കല്ലിച്ചു കൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.”

യിശ്ശായിയുടെ മുത്ത മൂന്നു ആൺ മക്കളും ശൗലിന്റെ കൂടെ യുദ്ധരംഗത്തുണ്ട്. അവർക്കൊക്കെ യുദ്ധം ചെയ്ത് തഴക്കവും പഴക്കവും ഉണ്ട്. എന്നാൽ ദാവീദിന് ആകെ അറിയാവുന്ന പണി ആടുമേക്കലും വീണ വായനയുമാണ്. ആടുമേക്കലാണ് തൊഴിലെങ്കിലും ആടുകളുടെ കാര്യത്തിൽ വലിയ ശ്രദ്ധയുള്ളവനാണ്. ആടിനുവേണ്ടിയാണെങ്കിലും തന്റെ ജീവനെ വെച്ചുകൊടുക്കുവാൻ മടിയില്ലാത്ത ഒരു കൊച്ചു പയ്യൻ. കേവലം 13-14 വയസ്സു പ്രായം കാണും അപ്പോൾ തനിക്ക്. എങ്കിലും വല്ല കരടിയൊ സിംഹമൊ വന്ന് തന്റെ ആടിനെ എങ്ങാൻ തൊട്ടാൽ തന്റെ നിറം മാറും.

ദാവീദ് അവിടെ എത്തിയപ്പോൾ ആളുകൾ പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്. 17:25 “എന്നാറെ യിസ്രായേല്യർ: വന്നുനില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിപ്പാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലില് കരമൊഴിവു കല്ലിച്ചു കൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.”

എന്നതാ ഞാനീ കേൾക്കുന്നത് : ദാവിദ് അടുത്തു നിന്നവനോട് അതിനെ കുറിച്ചു ചോദിച്ചു. 17:26 “ഈ ഫൊലിസ്ത്യനെ കൊന്നു യിസ്രായേലിൽ നിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും?

എന്തുകിട്ടും എന്നതു അവിടെ നില്ക്കട്ടെ, ജീവനുളള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചമ്മിയായ ഫെലിസ്ത്യൻ ആര് എന്നു പറഞ്ഞു.”

ദാവീദിന്റെ കാഴ്ചപ്പാട് ഒന്നുവേറെ ആയിരുന്നു. ശാലും ജനങ്ങളും മാനുഷിക വീക്ഷണത്തിൽ കാര്യങ്ങളെ കണ്ടപ്പോൾ ദാവിദ് ദൈവികമായ കാഴ്ചപ്പാടിലാണ് കാര്യങ്ങളെ കണ്ടത്. ഗോലിയാത്തിന്റെ ഭീഷണി ദാവീദ് കേട്ടപ്പോൾ ദാവീദിന്റെ മനസ്സിലേക്ക് വന്നത് മോശെ പറഞ്ഞ കാര്യമായിരുന്നു. എന്റെ ശത്രുക്കളെ കീഴടക്കാൻ കഴിയാത്തവിധം വളരെ ശക്തരാണെന്ന് നിങ്ങളുടെ ഹൃദയത്തിൽ പറയരുത്. അതുകൊണ്ട് ദാവീദിന്റെ മറുപടി ഇപ്രകാരം തന്നിൽ നിന്നു പുറത്തുവന്നു:“ജീവനുളള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാന് ഈ അഗ്രചമ്മിയായ ഫെലിസ്ത്യൻ ആര്.”

തന്റെ മറുപടിയിൽ രണ്ടു കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. ഒന്ന്, യിസ്രായേല്യർ ദൈവത്തിന്റെ സേനയാണ്. പരിച്ഛേദനയാൽ ദൈവവുമായി ഉടമ്പടി വെച്ച ദൈവജനമാണവർ. നിങ്ങൾ ഈ കാര്യം ഓർക്കാത്തതെന്ത്? നിങ്ങൾ യഹോവയെ ആശ്രയിക്കാത്തതെന്ത്? ഒരു ശാസനയുടെ സ്വരം അതിൽ അടങ്ങിയിരുന്നു. മാത്രവുമല്ല, ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത അഗ്രചർമ്മിയായ, ഈ മനുഷ്യനു, ജീവനുള്ള ദൈവത്തിന്റെ സേനയെ നിന്ദിക്കുവാൻ എങ്ങനെ ധൈര്യം വന്നു.

എന്നിട്ടും ആളുകൾ പഴയ നിലപാടിൽ തന്നെ ഉറച്ചുനില്ക്കുന്നു. 17:27 “അതിന്നു ജനം: അവനെ കൊല്ലുന്നവന്നു ഇന്നിന്നതൊക്കെയും കൊടുക്കും എന്നു അവനോടു ഉത്തരം പറഞ്ഞു.”

അതായത്, ഗോലിയാത്തിനെ കൊന്നാൽ, രാജാവ് അവനെ സമ്പന്നനാക്കും തന്റെ മകളെ അവനു വിവാഹം ചെയ്തു കൊടുക്കും. പിന്നെ അവന്റെ കുടുംബത്തിനു എല്ലാക്കാലത്തും കരമൊഴിവ് ലഭിക്കും.

ഇത്രയൊക്കെ ആയപ്പോൾ ദാവിദ് ശ്രദ്ധിക്കപ്പെട്ടു. ദാവീദിന്റെ മുത്ത ജേഷ്ഠന് ഇടപെടുന്നു. 17:28 “അവരോടു അവൻ സംസാരിക്കുന്നതു അവന്റെ മുത്തജ്യേഷ്ഠൻ ഏലീയാബ് കേട്ടു ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയിൽ ആ കുറെ അആടുള്ളതു നീ ആരുടെപക്കല് വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു.”

ദാവീദിനെ ശമുവേൽ പ്രവാചകൻ അടുത്ത രാജാവായി അഭിഷേകം ചെയ്തപ്പോൾ തഴയപ്പെട്ട വ്യക്തിയാണ് ഏലിയാബ്. അതിന്റെ കെറുവാണോ താന് ദാവിദിനോട് കാണിച്ചത്?

അതിനിത്ര ദേഷ്യപ്പെടാനെന്തിരിക്കുന്നു എന്ന മട്ടിൾ, ദാവീദ് വളരെ താഴ്മയോടെ 17:29 “ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു.” 17:30 “ദാവീദ് അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപോലെതന്നേ ഉത്തരം പറഞ്ഞു.”

ഇനി, ഏലിയാബ് ഗോലിയാത്തിനെ നേരിടാൻ ചെന്നാലും ഫലമുണ്ടാവുകയില്ല, കാരണം ഏലിയാബിനും കൈകാര്യം ചെയ്വാൻ കഴിയാത്തവിധം ശക്തനാണ് ഗോലിയാത്ത്. യിസ്രായേൽ മക്കളിലാർക്കും അതിനു കഴിയുകയില്ല, കാരണം അവരൊക്കേയും
യഹോവയുടെ രാജത്വം ത്യജിച്ച്, ശൗലിനെ തങ്ങളുടെ രാജാവായി സ്വീകരിച്ചവരാണ്. ആ നിലയിൽ യിസ്രായേലിലെ ഒരാൾക്കു പോലും ഗോലിയാത്തിനെ നേരിടുവാൻ സാധിക്കു മായിരുന്നില്ല. മാത്രവുമല്ല, ഇപ്പോൾ അവരുടെ രാജാവായ ശൗലിനെ രാജസ്ഥാനത്തു നിന്നു യഹോവ തള്ളിക്കളഞ്ഞ് ദാവിദിനെ ആ സ്ഥാനത്തേക്ക് ദൈവം അഭിഷേകം ചെയ്കയും ചെയ്തിരിക്കുന്നു (അദ്ധ്യായം 16). അതെ. ഒരു അഭിഷിക്തനുമാത്രമെ ഇത്ര വലിയ ശത്രുവിനെ പരാജയപ്പെടുത്താൻ കഴിയു.

2. കാര്യങ്ങളെ ദൈവത്തിന്റെ കാഴ്ചപ്പാടിൽ നിന്നു കാണാൻ ശ്രമിക്കുക (Try to see things from God's point of view)

എനിക്കൊ നിങ്ങൾക്കൊ ഇങ്ങനെയുള്ള മല്ലന്മാരെ സ്വയശക്തിയാൽ നേരിടുവാൻ സാധിക്കയില്ല. ഇങ്ങനെയുള്ള ശത്രുക്കളെ നേരിടുവാൻ നമുക്ക് ആവശ്യമായിരിക്കുന്നത് ആത്മാവിനാൽ അഭിഷേകം പ്രാപിച്ച ഒരു നായകനെയാണ്. ശത്രുവിനെ കണ്ടു പേടിച്ചരണ്ടിരുന്ന ശൗലിനു ഒരു പിടിവള്ളി കിട്ടിയതുപോലെ. കാരണം തനിക്കു പകരം ഇറങ്ങാൻ 40 ദിവസമായി വേറൊരുത്തനേയും കിട്ടിയില്ല. ഇതാ ഇപ്പോൾ ഒരു ബലിയാടാകാൻ ഒരുവൻ സ്വയം തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നു.

ഒന്ന് ഓർത്തുനോക്കുക, പാപം, ന്യായപ്രമാണം, മരണം എന്നി ഗോലിയാത്തുമാർ നമ്മുടെ മുൻപിൽ ഒരു ചെറുവിരൽ അനക്കുവാൻ സാധിച്ചിരുന്നോ? മരണം നിങ്ങളുടെ മുൻപിൽ ഒരു മൂർഖനെ പോലെ പത്തി വിടർത്തി ആടിയപ്പോൾ നിങ്ങൾക്കതിനെതിരെ എന്തു ചെയ്യാൻ സാധിച്ചു. എതെങ്കിലും രക്ഷാമാർഗ്ഗം നിങ്ങളുടെ മുമ്പിലുണ്ടായിരുന്നൊ? ഇവിടെയാണ് നിങ്ങളുടെ മുൻപിൽ നില്ക്കുന്ന ഗോലിയാത്തിന്റെ ഭയാനകത ദർശിക്കുന്നത്.

യഹോവാ രാജാവായിരിക്കുന്നതു തിരസ്ക്കരിച്ച തന്റെ ജനത്തിനു, മഹാകരുണയുള്ള ദൈവം, ഇതാ രക്ഷക്കായി ഒരു രക്ഷകനെ അവരുടെ നടുവിലേക്ക് അയച്ചിരിക്കുന്നു. ആ രക്ഷകനെ കൈക്കൊള്ളാൻ ഏലിയാബിനെ പോലെ, അവന്റെ സ്വന്തക്കാർക്ക് മനസ്സില്ലായിരുന്നു. എങ്കിലും അവർക്കു വേണ്ടി മരിക്കാൻ വന്ന ആ പകരക്കാരൻ തന്റെ ദൗത്യത്തിൽ നിന്നു പിൻ വാങ്ങിയില്ല. കാരണം തന്റെ മനസ്സിൽ ഒരേഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു, ദൈവത്തിന്റെ ആടുകളെ ഏതു വിധേനയും രക്ഷിക്കുക. അതിനുവേണ്ടി തന്റെ ജീവൻ ബലികഴിക്കേണ്ടി വന്നാലും അതിൽ നിന്നു താൻ പിൻ വാങ്ങുകയില്ല. അവർക്കു വേണ്ടിയുള്ള ദൈവത്തിന്റെ സ്നേഹം അത്ര അദമ്യമായിരുന്നു. “അവൻ സ്വന്തത്തിലേക്കു വന്നു, സ്വന്തമായവരൊ അവനെ കൈക്കൊണ്ടില്ല.” എങ്കിലും ദൈവം തന്റെ കൃപയാൽ സ്വന്തപുത്രനെ നമുക്ക് വേണ്ടി പകരക്കാരനായി നല്കി.

ദൈവത്തോടും ദൈവജനത്തോടും ഉള്ള ദാവീദിന്റെ സ്നേഹം ദാവീദിനെ തന്റെ അടുത്ത പ്രവൃത്തിയിലേക്ക് നയിക്കുന്നു. 17:32 “ദാവീദ് ശൌലിനോടു: ഇവന്റെ നിമിത്തം ആരും അധൈയ്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു.” ഞാൻ ചെന്ന് അവനെ കൊന്നിട്ട് ഇപ്പം വരാം എന്നൊന്നും ദാവീദ് വീരവാദം മുഴക്കിയില്ല. “അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും.” അത്രമാത്രമെ താൻ പറഞ്ഞുള്ളു. യുദ്ധം ദൈവത്തിന്റേതാണ്. ജയവും ദൈവത്തിന്റേതുതന്നെ.

17: 33 “ശൌല് ദാവീദിനോടു: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്ലിയില്ല; നീ ബാലൻ അത്രേ; അവനൊ ബാല്യം കുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു.”
ദാവീദ് ഗോലിയാത്തിനോടു അങ്കം പൊരുതും എന്നു പറഞ്ഞു എങ്കിലും ശൗലിനതു സ്വീകാര്യമായി തോന്നിയില്ല. കാരണം. ഒന്നാമത്, ദാവീദ് ഒരു ബാലൻ. ഗോലിയാത്ത് തഴക്കവും പഴക്കവും വന്ന ഒരു മല്ലൻ.രണ്ടാമതായി, ഇനി ദാവിദ് എങ്ങാൻ പരാജയപ്പെട്ടാൽ യിസ്രായേൽ മുഴുവൻ അടിമത്വത്തിൽ പോകേണ്ടതായ് വരും. അതുകൊണ്ട് ദാവിദിന്റെ വാക്ക് ശാലിനു പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

അപ്പോൾ ദാവീദ് തനിക്കു ദൈവത്തിലുള്ള തന്റെ ആശ്രയം വെളിപ്പെടുത്തുന്നു.

17:34- “ദാവീദ് ശൌലിനോടു പറഞ്ഞതു: അടിയന് അപ്പന്റെ ആടുകളെ മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽ നിന്നു ആട്ടിൻകുട്ടിയെ പിടിച്ചു. ഞാൻ പിന്തുടന്നു അതിനെ അടിച്ചു അതിന്റെ വായില്നിന്നു ആട്ടിൻ കുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു. അങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചമ്മിയായ ഫെലിസ്ത്യൻ ജീവനുളള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവന്നും അവയിൽ ഒന്നിനെപ്പോലെ ആകും.”

അപ്പോഴാണ് ശാലിനു ഒരു കാര്യം പിടി കിട്ടിയത്. യുദ്ധം യഹോവക്കുള്ളതാണ് എന്ന്. താൻ ദൈവത്തെ പിന്പറ്റുവാൻ പരാജയപ്പെട്ടിരിക്കുന്നു. യഹോവ ഇതിൽ നിന്നു തങ്ങളെ വിടുവിക്കുവാൻ ശക്തനാണ് എന്ന് അപ്പോഴാണ് താൻ ഓർത്തത്. ശൗലിന്റെ മറുപടി അതു വ്യക്തമാക്കുന്നു: “ശൌൽ ദാവീദിനോടു: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും” എന്നു പറഞ്ഞു.

പുരാതനകാലത്തെ യുദ്ധരീതിയെ കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഇവിടെ നല്ലതാണ്. മുന്നു തരം യോദ്ധാക്കൾ ആയിരുന്നു സാധാരണ യുദ്ധത്തിൾ ഉണ്ടാകാറ്. ഒന്ന്, കുതിരപ്പട്ടാളം, അതായത്, കുതിരപ്പൂറത്തും രഥങ്ങളിലും ഓടിച്ചു പോയി യുദ്ധം ചെയ്തിരുന്നവർ. രണ്ട്, കാലാൾപ്പട. വാളും പരിചയുമായി കാല്നടയായി പോയി യുദ്ധം ചെയ്യുന്നവർ. മൂന്നാമത്തെ വിഭാഗമെന്നു പറയുന്നത് ആർട്ടിലറി. അതായത്, കവിണക്കാർ. കവിണയും കല്ലും ഉപയോഗിച്ച് ശത്രുവിനു നേരെ യുദ്ധം ചെയ്യുന്നവർ.

ശൗൽ തന്റെ പടച്ചട്ടയും വാളും ഒക്കെ ദാവീദിനു നല്കുന്നു. എന്നാൽ ദാവിദിന് ഇതൊന്നും പരിചയമില്ലായിരുന്നു. അതുകൊണ്ട് താൻ അവയൊക്കേയും മാറ്റിവെച്ച്, തോട്ടിൽ നിന്ന് അഞ്ചു മിനുസമുള്ള കല്ല് ശേഖരിക്കുന്നു. പിന്നെ തന്റെ കവിണയും വടിയും കയ്യിൽ എടുത്ത് ഫെലിസ്ത്യനു നേരെ പുറപ്പെട്ടു. പുരാതന യുദ്ധമുറയിലെ കല്ലും കവിണയും ഉപയോഗിച്ചുള്ള ആർട്ടിലറി യുദ്ധമാണ് ദാവീദ് തെരഞ്ഞെടുത്തത്.

നമ്മുടെ ജീവിതത്തിലും ദാരിദ്ര്യം, കഷ്ടത, നിരാശ, പരാജയം, വിമർശനം, ഞെരുക്കം, ക്ലേശം, എന്നിവ വരുമ്പോൾ നാം ഭയപ്പെടുകയും ഭ്രമിച്ചു പോകുകയും ചെയ്യുന്നു. ഇനി എന്താണ് വേണ്ടത്? എങ്ങോട്ടു പോകും? എന്തു ചെയ്യണം ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ. പാപത്തെയും മരണത്തെയും പിശാചിനേയും പരാജയപ്പെടുത്തിയ കർത്താവ് നമ്മോടു കൂടെയുണ്ട് എന്ന കാര്യം ശൗലിനെ പോലെ നാമും പലപ്പോഴും മറന്നു പോകുന്നതു കൊണ്ടാണ് അവക്കുമേൽ നമുക്കു വിജയം നേടാൻ കഴിയാതെ നാം നിരാശപ്പെട്ടും ഭയപ്പെട്ടും ഇരിക്കുന്നത്.

3. യുദ്ധം യോഹോവയ്ക്കുള്ളത്, യഹോവ നമ്മേ വിടുവിക്കും (The war is Jehovah's, and Jehovah will deliver us)

17:41-54 ദാവീദ് ഗോലിയാത്തിന്റെ തല അറുക്കുന്ന കാര്യമാണ് വിവരിക്കുന്നത്.

ഗോലിയാത്ത് നേർക്കു നേരെയുള്ള ഒരു പ്രതിനിധി യുദ്ധത്തിനാണ് യിസ്രായേലിനെ വെല്ലുവിളിച്ചത്. ആ മല്ലയുദ്ധത്തിന്റെ നിയമമെന്തെന്നാൽ ദാവീദ് നേരിട്ടു വന്ന് ഗോലിയാത്തുമായി യുദ്ധം ചെയ്യണം. ദാവീദ് ആർട്ടിലറി വിഭാഗത്തിലുള്ള കല്ലും കവിണയും യുദ്ധത്തിനു തെരഞ്ഞെടുത്തതിൽ തനിക്ക് വളരെ ദൂരെ നിന്ന് പോരാടുവാൻ സാധിക്കും എന്ന ഒരു നേട്ടം തനിക്കുണ്ടായിരുന്നു. ഗോലിയാത്തിനു ദാവിദിനെ പിടിക്കണമെങ്കിൽ അവന്റെ പിന്നാലെ ഓടുകയൊ കുന്തം എറിയുകയൊ വേണം.

ഒരു കവിണയും വടിയുമായി വന്ന ദാവീദിനെ കണ്ടപ്പോൾ ഗോലിയാത്ത് അവനെ നിന്ദിക്കുന്നു. 17:42-44 “ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു. ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു. ഫെലിസ്ത്യൻ ദാവീദിനോടു: നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമംചൊല്ലി ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ പിന്നെയും ദാവീദിനോടു: ഇങ്ങോട്ടു വാ ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു.”

അതിനു ദാവിദിന്റെ മറുപടി ഇപ്രകാരമായിരുന്നു:

17:45-406 “ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽ നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്നു ഫെലിസ്ത്യസൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും;”

ഇതിൽ നിന്നും ഒഴു കാര്യം വ്യക്തം. യുദ്ധം ദാവീദും ഗോലിയാത്തും തമ്മിലല്ല. അതേ യുദ്ധം ദാവീദും ഗോലിയാത്തും തമ്മിലല്ല. പിന്നെ ആരു തമ്മിലാണ് യുദ്ധം?

ഫെലിസ്ത്യരുടെ ദൈവവും യിസ്രായേലിന്റെ ദൈവവും തമ്മിലാണ് യുദ്ധം. ദാഗോനാണ് ഫിലിസ്ത്യരുടെ ദൈവം. അപ്പോൾ യഹോവയും ദാഗോനും തമ്മിലാണ് യുദ്ധം. ക്രിസ്തീയ ഗോളത്തിൽ വന്നിരിക്കുന്ന ഏറ്റവും വലിയ പരാജയവും ഈയൊരു മേഖലയിലാണ്. ശത്രു ആരെന്നോ മിത്രമാരെന്നൊ അറിയാതെയുള്ള യുദ്ധം. ദൈവമക്കൾ തമ്മിൽ തമ്മിലുള്ള യുദ്ധം. ഒളിഞ്ഞും തെളിഞ്ഞു അഗ്നിയസ്ത്രങ്ങൾ തൊടുത്തുള്ള യുദ്ധം. ശത്രു ആരാണെന്ന് അറിയാതെയുള്ള യുദ്ധം. രാജ്യതാത്പ്പര്യങ്ങളെക്കാൾ വൃക്തി താത്പ്പര്യങ്ങൾക്കായുള്ള യുദ്ധം. എഫെ 6:12 “നമുക്കു പോരാട്ടം ഉള്ളതു ജഡരക്ലങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ” എന്ന് അറിയാതെയുള്ള യുദ്ധം.

ഈ നിലയിലാണ് നാമിനിയും മുന്നോട്ട് പോകുവാനുള്ള ഭാവമെങ്കിൽ, യഥാർത്ഥ ശത്രു, ശക്തിയാർജ്ജിച്ച്, ദൈവമക്കൾക്കെതിരെ തിരിയുന്ന കാലം അതിവിതൂരമല്ല എന്ന് എണ്ണിക്കൊൾവിൻ. അങ്ങനെ സംഭവിക്കാൻ ദൈവം അനുവദിക്കാതിരിക്കട്ടെ എന്നാണ് എന്റെ വലിയ പ്രാർത്ഥന.

ദൈവം യിസ്രായേലിനെ, മിസ്രയിമിന്റെ അടിമത്വത്തിൽ നിന്നു വിടുവിച്ചത്, അവരുടെ സകലദേവന്മാരുടേയും മേൽ ന്യായവിധി നടത്തി, പുറപ്പോടിലൂടെ തന്റെ ശതി വെളിപ്പെടുത്തിക്കൊണ്ടാണ്. അവരുടെ സകലദേവന്മാരേയും പരാജയപ്പെടുത്തിയാണ് മിസ്രയിമിന്റെ അടിമത്വത്തിൽ നിന്ന് യിസ്രായേലിനെ വിടുവിച്ച് അവരെ തന്റെ വാഗ്ദത്ത ദേശത്തേക്കു എത്തിച്ചത്. ദൈവം ദാവീദിനെ തന്റെ മകനായി തെരെഞ്ഞെടുക്കുകയും ദാവീദ് ഗോലിയാത്തിനുമേൽ വിജയം നേടുകയും ചെയ്തപ്പോൾ യഹോവയുടെ ശക്തിയാണ് വെളിപ്പെട്ടത്.

യഹോവ യേശുവിനെ തന്റെ മകനായി, “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൻ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു പറഞ്ഞ് അവനെ മരുഭൂമിയിലേക്ക് അയച്ചു. അവിടെ താൻ നാൽപ്പതു നാൾ ഗോലിയാത്തിന്റെ ദൈവവുമായി യുദ്ധം നടത്തി വിജയിച്ചത് നാം സുവിശേഷങ്ങളിൽ വായിക്കുന്നു.

അതുകൊണ്ടാണ് ഞാൻ മുന്നമെ പറഞ്ഞത്, ദാവീദിന്റെ സ്ഥാനത്ത് നമ്മേത്തന്നെ അവരോധിക്കുവാൻ സാധിക്കുകയില്ല എന്ന്. കാരണം നാം നാം കേവലം യിസ്രായേലിലെ പടജ്ജനം മാത്രമാണ്. അങ്ങനെയുള്ള ജനത്തെയാണ് ഗോലിയാത്ത് ഭീഷണിപ്പെടുത്തുകയും നിന്ദിക്കുകയും ചെയ്തത്.

യേശു ക്രുശിൽ ഗോലിയാത്തിന്റെ തല തകർത്തപ്പോൾ, വാസ്തവത്തിൽ, പാപത്തിന്റേയും, മരണത്തിന്റേയും പിശാചിന്റേയും അധികാരത്തെയാണ് പരാജയപ്പെടുത്തിയത്. അവന്റെ നമ്മുടെമേലുള്ള വാഴ്ചയേയാണ് നമ്മിൽ നിന്നു ദൂരെ എറിഞ്ഞുകളഞ്ഞത്.
റോമാലേഖനത്തിൽ നാം വായിക്കുന്നതെന്താണ്: റോമർ 6:11-12 “അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ. ആകയാൽ പാപം നിങ്ങളുടെ മത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു,” പാപം ചെയ്യുന്നവരൊക്കെയും പാപത്തിന്റെ ദാസന്മാരാണ്. എന്നാൽ നാം ക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ പാപസംബന്ധ മായി മരിച്ചു. പാപത്തിന്റെ വാഴ്ചയിൽ നിന്നും നാം മോചനം പ്രാപിച്ചു. ഇനി നീ പാപം ചെയ്യണം എന്ന് നിങ്ങളോടു കല്പിക്കാന് നിങ്ങൾ പിശാചിന്റെ അടിമയല്ല. പാപത്തിന്റെ വാഴ്ചയിൽ നിന്നു നാം മോചിതരായവരാണ്. ക്രിസ്തുവിൽ നാം ദൈവത്തിനായി ജീവിക്കുന്നവരാണ്. ഇന്നു നാം പിശാചിന്റെ അടിമകളല്ല, ക്രിസ്തുവിന്റെ അടിമകളാണ്. ക്രിസ്തുവിനു വേണ്ടി ജീവിക്കുന്നവരാണ്, ക്രിസ്തുവിന്റെ നീതിയെ പിൻപറ്റുന്നവരാണ്.

ഇന്നു നാം ദൈവത്തിന്റെ പരിശുദ്ധാത്മാവോട് ചേർന്ന് ഈ ലോകത്തോടും അതിന്റെ വാഴ്ചയോടും യുദ്ധം ചെയ്തു കൊണ്ടു മുന്നോട്ടു പോകുന്ന ദൈവജനമാണ്. സാത്താൻ പരാജയപ്പെട്ട ശത്രുവാണ്. അതുകൊണ്ട് ഇന്നു നമുക്ക് ഗോലിയാത്തിനെ നേരിടാനുള്ള കെല്പ്പുണ്ട്. കാരണം അവൻ ക്രുശിൽ പരാജയപ്പെട്ട ശത്രുവാണ്.

4. കർത്താവിനോടു ചേർന്നു പോരാടുക, വിജയം സുനിശ്ചയം (Fight with the Lord, victory is assured)
ദാവീദിന്റേയും ഗോലിയാത്തിന്റേയും കഥ പൌലോസിന്റെ ആത്മീക യുദ്ധത്തിന്റെ ഒരു നല്ല ചിത്രം നമുക്കു പകർന്നു നല്കുന്നു. നമ്മുടെ ആത്മീയയുദ്ധം പരാജയപ്പെട്ട ഒരു ശത്രുവിനോടോണ് എന്ന ഒരു അനുകൂല ഘടകം അതിനു പിന്നിലുണ്ട്. എന്നാൽ ശത്രു പരാജയപ്പെട്ടെങ്കിലും അതു നിശ്ശേഷം ഈ ഭൂമിയിൽ നിന്ന് നീങ്ങിപ്പോയിട്ടില്ല. അവൻ കുടുംബത്തിൽ കലഹം നടത്തിക്കൊണ്ട് നമ്മുടെ ഇടയിൽ ഇപ്പോഴും വസിക്കുന്നു. അവൻ പകയും വിദ്വേഷവും നമ്മിൽ നിറക്കുന്നു. കഷ്ടതകളും, പരാജയങ്ങളും, നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുന്നു. നമ്മുടെ ജീവിതത്തെ നിരാശ കൊണ്ടു നിറക്കുന്നു. പാപത്തിനു നമ്മെ അടിമപ്പെടുത്തുന്നു. പാപം നമ്മുടെ സന്തോഷത്തെ കെടുത്തി കളയുന്നു. എന്നാൽ അങ്ങനെ സന്തോഷരഹിതമായ ജീവിതം നാം നയിക്കേണ്ട ആവശ്യമില്ല. കാരണം ബലവാനെ പിടിച്ചുകെട്ടി അവന്റെ കോപ്പു കവർന്ന കർത്താവ് നമ്മുക്കുണ്ട്. അവയെ പരാജയപ്പെടുത്തിയ ക്രിസ്തുവിന്റെ ആത്മാവ് നമ്മിൽ വസിക്കുന്നു. ക്രിസ്തുവിനെ മരിച്ചവരിൽ നിന്നുയർപ്പിച്ച ദൈവത്തിന്റെ ആത്മാവ് നമ്മിലും വ്യാപരിച്ചു കൊണ്ടിരിക്കുന്നു. കർത്താവിന്റെ ഉയർത്തെഴുനേറ്റ ശക്തിയിൽ ആശ്രയിച്ചു കൊണ്ട് ഈ ലോകജീവിതത്തിലെ മല്ലന്മാരെ നമുക്കു നേരിടാം. അതിനു ദൈവം നമ്മേ സഹായിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് ഞാൻ നിർത്തുന്നു. ദൈവത്തിന്റെ നാമം മഹത്വപ്പെടുമാറാകട്ടെ.
*******
Heading 6

© 2020 by P M Mathew, Cochin

bottom of page