
നിത്യജീവൻ

Genesis-An Introduction.
ഉൽപ്പത്തി -ആമുഖം
OT Sermon Series_07
P M Mathew
11-12-2023
Genesis-An Introduction.
ഉൽപ്പത്തി -ആമുഖം
ഉൽപ്പത്തി 1:1
ഉൽപ്പത്തി അഥവാ Genesis എന്ന തലക്കെട്ട് ഗ്രീക്ക് പരിഭാഷയായ Septuagint/LXX (250 B.C) ൽ നിന്നും വന്നിട്ടുള്ളതാണ്. ഹെബ്രായ ബൈബിളിൽ 'ബെരെഷിത്ത്' (ba.re.sit) എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ In the beginning അഥവാ "ആദിയിൽ" എന്ന് ഇത് പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നു.
ഇത് എഴുതിയ കാലഘട്ടമെന്ന് പറയുന്നത് 1450-1400 BC യിലാണ്. അതായത്, യിസ്രായേൽ മക്കളുടെ രണ്ടാം തലമുറക്ക്, അവരുടെ മരുഭൂമി യാത്രാസമയത്ത് എഴുതപ്പെട്ടതാണ്.
1. എഴുത്തുകാരനും എഴുത്തിന്റെ ഉദ്ദേശ്യവും.
ഈ പുസ്തകത്തിന്റെ എഴുത്തുകാരനെക്കുറിച്ച് ഇതിന്റെ തലക്കെട്ടിലൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ മോശെയാണ് ഇതെഴുതിയത് എന്ന സൂചന പഞ്ചഗ്രന്ഥിയിൽ തന്നെയുണ്ട്. കൂടാതെ മറ്റനവധി ഭാഗത്തും മോശെയുടെ ന്യായപ്രമാണപുസ്തകം എന്ന് രേഖപ്പെടുത്തി കാണുന്നു. രണ്ടു മൂന്നു സൂചകവാക്യങ്ങൾ ഉദ്ധരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എഴുതുന്നതിനെ സംബന്ധിച്ച ആദ്യ പരാമർശം നാം കാണുന്നത് പുറപ്പാട് പുസ്തകത്തിലാണ്.
പുറപ്പാട് 17: 14 "യഹോവ മോശെയോടു: നീ ഇത് ഓർമ്മക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക;"
"യാഹ്വേ" എന്ന ഹെബ്രായപദം അർത്ഥമാക്കുന്നത് ഉടമ്പടിയുടെ ദൈവമെന്നാണ്. യാഹ്വേ മോശെയോടു ആവശ്യപ്പെട്ടതിനനുസരിച്ചാണിത് എഴുതുന്നത്. ഇത് എഴുതാൻ ആവശ്യപ്പെട്ടതിനു കാരണം ദൈവം അവരെ എങ്ങനെ രക്ഷിച്ചു എന്ന കാര്യം യിസ്രായേൽ മറന്നു പോകാതെ ഓർത്തിരിക്കുവാൻ വേണ്ടിയാണ്.
അടുത്ത ഒരു പരാമർശം നാം കാണുന്നത് പുറപ്പാട് 24: 3-4 “എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും (all the words of the LORD and all the ordinances;) എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു. മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി.."
ഇത് യഹോവയുടെ വചനങ്ങളും ന്യായങ്ങളുമാണ്. യിസ്രായേൽ മക്കൾ ദൈവത്തിന്റെ ഈ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിച്ചു ജീവിക്കുന്നതിനു വേണ്ടിയാണിത് എഴുതിയത്. അപ്പോൾ ഇത് ദൈവവും യിസ്രായേൽ ജനവും തമ്മിലുള്ള ഉടമ്പടി വ്യവസ്ഥകളാണ്. മോശെ യഹോവയുടെ നിർദ്ദേശപ്രകാരം എഴുതി.
പുതിയനിയമത്തിൽ നിന്നും കർത്താവായ യേശുക്രിസ്തു ന്യായപ്രമാണം ആരെഴുതി എന്നു പറയുന്നതുകൂടി നമുക്കു പരിശോധിക്കാം. "ന്യായപ്രമാണം മോശെ മുഖാന്തിരം ലഭിച്ചു" (യോഹ. 1:17). "മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയൊ" (യോഹ. 7:19). പഴയനിയമത്തെ പൊതുവേ ന്യായപ്രമാണമെന്നു വിളിക്കാറുണ്ടെങ്കിലും ന്യായപ്രമാണം എന്നതുകൊണ്ട് മുഖ്യമായും അർത്ഥമാക്കുന്നത് മോശെ എഴുതിയ ആദ്യ അഞ്ചു പുസ്തകങ്ങളെ കുറിക്കാനാണ്. അവ മോശെ നിങ്ങൾക്കു നൽകി എന്നാണ് കർത്താവായ യേശുക്രിസ്തു വ്യക്തമാക്കുന്നത്. അതിനേക്കാൾ വലിയ ഒരു സാക്ഷ്യം ഈ വിഷയത്തിൽ നമുക്കാവശ്യമില്ല.
A. ഉള്ളടക്കം.
ആരംഭങ്ങളുടെ പുസ്തകമെന്ന് ഇതിനെ വിശേഷിപ്പിക്കാം. പ്രപഞ്ചത്തിന്റെ ആരംഭം (1:1-25), മനുഷ്യൻ (1:26-2:25), പാപം (3:1-7), വീണ്ടെടുപ്പിന്റെ വാഗ്ദത്തങ്ങളുടെ ആരംഭം, കുടുംബം (4:1-15), മനുഷ്യനിർമ്മിത സസ്ക്കാരം(4:16-9:29), ലോകരാഷ്ട്രങ്ങളുടെ ആരംഭം (10,11).
ഉല്പത്തി പുസ്തകത്തിന്റെ ആരംഭവാക്യത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
ഉൽപ്പത്തി 1:1 "ആദിയില്‍ ദൈവം ആകാശവും ഭുമിയും സൃഷ്ടിച്ചു."
മുൻകാല നിത്യതയാണ് ആരംഭവാക്യങ്ങളുടെ പശ്ചാത്തലം. ദൈവം സകലവും തന്റെ വചനത്താൽ ഉളവാക്കി. പാഴും ശൂന്ന്യവുമായ അവസ്ഥയിലാണ് സൃഷ്ടി നടത്തുന്നത്. പാഴും ശൂന്ന്യവും എന്നത് ക്രമമില്ലായ്മയും വാസയോഗ്യമല്ലാത്തതുമായ അഥവാ ജീവൻ അങ്കുരിക്കുവാൻ കഴിയാത്ത അവസ്ഥ എന്നു മനസ്സിലാക്കാം.
1. ദൈവം നിത്യൻ (God is...)
ഇത് ആരംഭങ്ങളുടെ പുസ്തകമാണെങ്കിലും ദൈവത്തിന്റെ ആരംഭത്തെക്കുറിച്ചൊന്നും പറയുന്നില്ല. പകരം "ആദിയിൽ, ദൈവം...(e.lo.him)" എന്ന ആശ്ചര്യകരമായ, അത്ഭുതകരമായ ഒരു പ്രഖ്യാപനത്തോടെയാണ് ഉൽപ്പത്തി ആരംഭിക്കുന്നത്. ദൈവത്തിന് ഒരു ആരംഭമില്ല. അവൻ എപ്പോഴും ഉണ്ടായിരുന്നു. അവൻ ഇല്ലാത്ത ഒരു കാലം ഉണ്ടായിട്ടില്ല എന്തുകൊണ്ടാണ് ഇത് ഇത്ര വലിയ കാര്യം? കാരണം അവൻ തന്റെ അസ്തിത്വത്തിന് ആരോടും ഒന്നിനോടും കടപ്പെട്ടിരിക്കുന്നില്ല. മോശയ്ക്ക് ഇത് നന്നായി അറിയാമായിരുന്നു.
പുറപ്പാട് 3-ൽ ദൈവം മോശയ്ക്ക് ഈ രീതിയിൽ തന്നെത്തന്നെ പരിചയപ്പെടുത്തി. തന്നെ ഫറവോന്റെ അടുക്കലേക്ക് അയച്ചത് ആരാണെന്ന് പറയണമെന്ന് മോശ ദൈവത്തോട് ചോദിച്ചു. ദൈവത്തിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: I am what I am! "ഞാനാകുന്നവൻ ഞാനാകുന്നു". അതായത്, "I am" അല്ലെങ്കിൽ "I exist." അതിനാൽ, അവൻ ഏകൻ, അവനെ പോലെ വേറെ ആരുമില്ല. അവൻ നിത്യനാണ്, പരമോന്നതനാണ്. എല്ലാത്തിനുംമേലായി നിലകൊള്ളുന്നവനാണ്. കൂടാതെ, ദൈവം തന്റെ പരമാധികാരത്തിലും തന്റെ പദ്ധതിപ്രകാരവും, തന്റെ വിശേഷാധികാരത്തിലും സൃഷ്ടി നടത്തി. ദൈവത്തിൽ കുറവൊന്നും ഇല്ലാതിരുന്നിട്ടും അവൻ സൃഷ്ടി നടത്താൻ മുൻകൈയെടുത്തു.
ദൈവത്തിന് ഒരു പദ്ധതിയുണ്ട്, അവൻ ലോകത്തെ സൃഷ്ടിച്ചതിനുശേഷം അവൻ ക്രമേണ തന്നെത്തന്നെ വെളിപ്പെടുത്തി. ഈ പദ്ധതി ആരംഭിച്ചത് ദൈവത്തിൽ നിന്നാണ്. അവന്റെ ഹിതമനുസരിച്ചും അവന്റെ ശക്തിയാലും അവൻ അവയെ പ്രവർത്തിപ്പിക്കുന്നു. ദൈവത്തിന്റെ രേഖാമൂലമുള്ള വെളിപ്പെടുത്തൽ ആരംഭിക്കുമ്പോൾ, ഈ മഹത്തായ ആഖ്യാനത്തിലെ കേന്ദ്ര കഥാപാത്രം അവനാണെന്ന് നാം കാണുന്നു. അവൻ മാത്രമാണ് ലോകം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് ഉണ്ടായിരുന്നത്. സൃഷ്ടി കർത്താവ് അവനാണ്. അവന്റെ മഹത്തായ പദ്ധതിയുടെ പരിസമാപ്തി വരെ പ്രവർത്തിക്കുന്നത് അവനാണ്.
പ്രായോഗികത: ദൈവത്തിന്റെ അസ്തിത്വത്തിന്റെ യാഥാർത്ഥ്യം ഇന്നത്തെ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു. ദൈവത്തിന്റെ അസ്തിത്വത്തെ നാം മാനിച്ചുകൊണ്ടാണോ ജീവിക്കുന്നത്? അവൻ മാത്രമാണ് ശാശ്വതവും പരമാധികാരിയുമായ ദൈവമെങ്കിൽ, അവന്റെ ഹിതവും പദ്ധതിയും നടപ്പാക്കാൻ അവൻ ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ, നമ്മുടെ ജീവിതവും നമ്മുടെ പദ്ധതികളും അവനുമായി സ്വരച്ചേർച്ചയിലാണൊ നാം ജീവിക്കുന്നത്? അതൊ, അവന്റെ പദ്ധതികൾക്കെതിരെ നാം മത്സരിച്ചു കൊണ്ടിരിക്കുകയാണോ?
2. ദൈവം സൃഷ്ടിച്ചു. . . (vv.1b-5)
ദൈവം ഉണ്ടായിരുന്നു, തന്നിൽ യാതൊരു കുറവും ഇല്ലാതിരുന്നിട്ടും ലോകത്തെയും അതിലുള്ള എല്ലാറ്റിനെയും സൃഷ്ടിക്കാൻ തിരഞ്ഞെടുത്തു. "സൃഷ്ടിക്കുക" എന്നതിനുള്ള ഹീബ്രു പദം 'ബാരാ' അർത്ഥമാക്കുന്നത് "പുതിയ എന്തെങ്കിലും സൃഷ്ടിക്കുക" എന്നാണ്, ഈ വാക്ക് ദൈവവുമായി ബന്ധപ്പെടുത്തി മാത്രം ഉപയോഗിക്കുന്നു. ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവൃത്തികൾ, അവൻ എങ്ങനെ സൃഷ്ടിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ, അവന്റെ സ്വഭാവത്തെയും പ്രകൃതിയെയും കുറിച്ച് നമ്മെ അറിയിക്കുന്നു. സങ്കീർത്തനം 19 പോലെയുള്ള ഭാഗങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ദൈവത്തിന്റെ യുക്തിയെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു, കുറഞ്ഞത് ഭാഗികമായെങ്കിലും, താൻ സൃഷ്ടിച്ച വസ്തുക്കളിലൂടെ തന്റെ മഹത്വം പ്രകടമാക്കുന്ന വിധത്തിലാണ് ദൈവം സൃഷ്ടിച്ചതെന്ന് സൂചിപ്പിക്കുന്നു. "ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു" (സങ്കീർത്തനം 19:1).
അവൻ ലോകത്തെ സൃഷ്ടിച്ചതിനുശേഷം അവൻ തന്നെത്തന്നെ ക്രമേണ വെളിപ്പെടുത്തി. അവന്റെ ഹിതമനുസരിച്ചും അവന്റെ ശക്തിയാലും ഈ പ്രപഞ്ചം പ്രവർത്തിക്കുന്നു. അവന്റെ മഹത്തായ പദ്ധതിയുടെ പരിസമാപ്തി വരെ ദൈവം പ്രവർത്തിക്കുന്നു.
A. ക്രമം
സൃഷ്ടിയിൽ നാം കാണുന്ന ദൈവത്തിന്റെ സ്വഭാവത്തിന്റെ ഒരു വശം ക്രമമില്ലായ്മയിൽ (orderless) നിന്ന് ക്രമം കൊണ്ടുവരാനുള്ള അവന്റെ പ്രവർത്തനമാണ്. രൂപമില്ലാത്തതും ശൂന്യവുമായതിനെ ദൈവം എടുത്ത് രൂപവും സത്തയും നൽകി. എന്നിരുന്നാലും, ദൈവം താൻ സൃഷ്ടിച്ചതിൽ നിന്ന് വ്യത്യസ്തനാണെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. (Pantheism) അദൈത്വവാദത്തിനു വിരുദ്ധമായി, എല്ലാം ദൈവമല്ല; ദൈവം സൃഷ്ടിയിൽ നിന്നു വേർപെട്ടു നിൽക്കുന്നു. പ്രപഞ്ചം ദൈവത്തിന്റെ ഭാഗമല്ല.
ദൈവം താൻ ഉണ്ടാക്കിയതിൽ നിന്ന് വ്യത്യസ്തനാണെങ്കിലും, അവൻ തന്റെ സൃഷ്ടികളുമായി അടുത്ത ബന്ധമുള്ളവനാണ്. Deism അഥവാ ഈശ്വരവാദത്തിനു വിരുദ്ധമായി, ദൈവം ലോകത്തെ സൃഷ്ടിച്ചു, അതിനെ അതിന്റെ ഇഷ്ടത്തിനു കറങ്ങാൻ വിട്ടിട്ട്, താൻ ദൂരെയെങ്ങൊ മാറിയിരിക്കുന്നു എന്നല്ല. എന്നാൽ അതിനു വിരുദ്ധമായി ദൈവം തന്റെ സൃഷ്ടിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നു. ദൈവം ആദത്തേയും ഹവ്വയെയും സൃഷ്ടിച്ചശേഷം അവരോടൊപ്പം ഏദന്തോട്ടത്തിൽ നടക്കുന്നു.
B. സർവ്വശക്തി
ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ നാം വ്യക്തമായി കാണുന്ന മറ്റൊരു കാര്യം അവന്റെ ദൈവിക ശക്തിയാണ്. ദൈവം സംസാരിക്കുന്നു ... സൃഷ്ടി നടക്കുന്നു. അവൻ അദ്ധ്വാനിക്കുകയോ അതിനായി കഷ്ടപ്പെടുകയോ ചെയ്യുന്നില്ല. അവൻ വളരെ ലളിതമായ കൽപ്പനയിലൂടെ ലോകത്തെ അസ്തിത്വത്തിലേക്ക് നയിക്കുന്നു. അവന്റെ ശക്തമായ വചനത്താൽ അവൻ ലോകത്തെ സൃഷ്ടിച്ചു, അതേ വചനത്താൽ അവൻ എല്ലാറ്റിനെയും ഒരുമിച്ചു നിർത്തുന്നു; ചലിപ്പിക്കുന്നു. ഹെബ്രായലേഖനകാരന്റെ വാക്കുകളിൽ പറഞ്ഞാൽ :
"സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നു.."
C. വിശുദ്ധൻ
സൃഷ്ടിയിൽ നാം കാണുന്ന ദൈവത്തിന്റെ സ്വഭാവത്തിന്റെ മൂന്നാമത്തെ വശം അവന്റെ വിശുദ്ധിയും നന്മയുമാണ്. പ്രകാശത്തിന്റെ സൃഷ്ടിയിലും ഇരുട്ടിൽ നിന്നു പ്രകാശത്തെ വേർതിരിക്കുന്നതിലും നാമിതു കാണുന്നു. നന്മയുടെയും തിന്മയുടെയും പ്രതീകമായി തിരുവെഴുത്തിലുടനീളം വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും വ്യത്യാസം പ്രത്യക്ഷപ്പെടുന്നു. അപ്പോസ്തലനായ യോഹന്നാൻ തന്റെ ആദ്യ ലേഖനത്തിൽ ഈ വാങ്മയ ചിത്രം നാം കാണുന്നു: "ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു." (1 യോഹന്നാൻ 1: 5).
പ്രായോഗികത: ദൈവത്തിന്റെ ശക്തി, സൃഷ്ടികളോടുള്ള അവന്റെ അടുപ്പം, അവന്റെ നന്മ എന്നിവ ഇത്ര ഭയങ്കരനായ, ശക്തനായ സ്രഷ്ടാവിനെ മഹത്വപ്പെടുത്താനും അവനു കീഴ്പ്പെട്ടും അനുസരണത്തോടെയും ജീവിക്കാൻ നിങ്ങളെ എങ്ങനെ പ്രേരിപ്പിക്കുന്നു?
3. ദൈവത്തെ സൃഷ്ടാവായി കണ്ട് ദൈവത്തെ ആരാധിക്കുക!
നാം ജീവിക്കുന്ന ലോകമെന്ന് പറയുന്നത് മനുഷ്യനെയൊ അവന്റെ കൈവേളയെയോ ആരാധിക്കുന്ന ഒരു ലോകത്താണ്. യഥാർത്ഥ ദൈവ സങ്കൽപ്പം പോലും ഇല്ലാത്ത ലോകം. എന്നാൽ യഥാർത്ഥ ദൈവത്തെ വെളിപ്പെടുത്തിയിരിക്കുന്ന ഏകഗ്രന്ഥം ബൈബിളാണ്. അവൻ നിത്യത മുതലെ നിലനില്ക്കുന്നവനും എന്നേക്കും നിലനിൽക്കുന്നവനും സകലത്തേയും സൃഷ്ടിച്ചവനുമാണ്. ആ ദൈവത്തെ വ്യക്തിപരമായി അറിയുന്നത് സാധ്യമാണ്. അവന്റെ സൃഷ്ടിയിലൂടെ നമുക്ക് അവനെക്കുറിച്ചുള്ള കാര്യങ്ങൾ കാണാനും മനസ്സിലാക്കാനും കഴിയുമെങ്കിലും, അവന്റെ പുത്രനായ യേശുക്രിസ്തുവുമായുള്ള വിശ്വാസ ബന്ധത്തിലൂടെ മാത്രമേ നമുക്ക് അവനെ വ്യക്തിപരമായി അറിയാൻ കഴിയൂ. ഈ ദൈവത്തെ യേശുക്രിസ്തുവിന്റെ പിതാവ് എന്ന നിലയിൽ അറിയുന്നവർക്ക് അവൻ നിത്യജീവൻ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ നിത്യജീവൻ പ്രാപിച്ചവരൊ?