
നിത്യജീവൻ

God sees; God hears
ദൈവം കാണുന്നു; ദൈവം കേൾക്കുന്നു
OT Sermon Series_03
P M Mathew
22-03-2020
God sees; God hears
ദൈവം കാണുന്നു; ദൈവം കേൾക്കുന്നു
ഉൽപ്പത്തി 16
ഞാനും ഇതുപോലെയുള്ള ഒരു സാഹചര്യത്തിലൂടെ കടന്നുപോയപ്പോൾ ഈ ചിന്ത എനിക്കു വളരെ ആശ്വാസവും സന്തോഷവും നൽകുകയുണ്ടായി. ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഏതൊരു വിശ്വാസിയുടേയും ജിവിതത്തിൽ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ഇങ്ങനെയുള്ള ജീവിത സാഹചര്യങ്ങൾ നമ്മുടെ വിശ്വാസത്തെ പരിശോധിക്കുന്ന ഒരു കാര്യവും കൂടി ആണ്. അതായത്, നാം കാഴ്ചയാലാണോ അതോ വിശ്വാസത്താലാണോ നടക്കുന്നത് എന്ന് അറിയാനുള്ള ഒരു ടെസ്ട്. അതിൽ വിജയിക്കുക എന്നത് ഏതൊരു വിശ്വാസിയുടെയും അവശ്യമാണ്. ഇതിനോടുള്ള ബന്ധത്തിൽ നമുക്ക് ഉല്പത്തി പുസ്തകം 16-ാം അദ്ധ്യായം ഒന്നു വായിക്കാം.
ഉൽപ്പത്തി 16:1-17
1. “അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല. എന്നാൽ അവൾക്ക് ഹാഗാർ എന്ന് പേരുള്ള ഒരു മിസ്രയീമ്യ ദാസി ഉണ്ടായിരുന്നു. 2. സാറായി അബ്രാമിനോടു: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്ക് മക്കൾ ലഭിക്കും എന്ന് പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു. 3. അബ്രാം കനാൻദേശത്തു പാർത്തു 10 സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യ ദാസിയായ് ഹഗാറിനെ തന്റെ ഭർത്താവായ അബ്രാമിന് ഭാര്യയായി കൊടുത്തു. 4. അവൻ ഹഗാറിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന് നിന്ദിതയായി. 5. അപ്പോൾ സാറായി അബ്രാമിനോടു: എനിക്ക് ഭവിച്ച അന്ന്യായത്തിന് നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാര്‍വ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന് നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്ന് പറഞ്ഞു. 6. അബ്രാം സാറായിയോട് നിന്റെ ദാസി നിന്റെ കയ്യിൽ ഇരിക്കുന്നു: ഇഷ്ടംപോലെ അവളോട് ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോട് കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ട് ഓടിപ്പോയി. 7. പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു.
8. സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്ന് ചോദിച്ചു. അതിന് അവൾ ഞാനെന്‍റെ യജമാനത്തി സാറായിയെ വിട്ട് ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു. 9. യഹോവയുടെ ദൂതൻ അവളോടു: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കൽപ്പിച്ചു. 10. യഹോവയുടെ ദൂതൻ പിന്നെയും അവളോട്: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതെവണ്ണം പെരുപ്പമുള്ളതായിരിക്കും. 11. നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്ക കൊണ്ട് അവന്നു ഇസ്മയേൽ എന്നു പേർ വിളിക്കേണം; 12. അവൻ കാട്ടുകഴുത യെ പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവ ന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവൻ തൻറെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു. 13. എന്നാറെ അവൾ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്ന് പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ നീ എന്നെ കാണുന്നു എന്ന് പേർ വിളിച്ചു. 14. അതുകൊണ്ട് ആ കിണറിന് ബേർ-ലഹയി-രോയി എന്നു പേരായി; അതോ കാദേശിനും ബേരതിനും മദ്ധ്യേ ഇരിക്കുന്നു. 15. പിന്നെ ഹഗാർ അബ്രാമിനു: ഹാഗാർ പ്രസവിച്ച തന്റെ മകന്നു അബ്രാം യിസ്മയേൽ എന്ന് പേരിട്ടു. 16. ഹഗാർ അബ്രഹാമിന് ഇസ്മയേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന് 86 വയസ്സായിരുന്നു”
ദൈവം അബ്രാമിനും അവന്റെ ഭാര്യയായ സാറായിക്കും ഒരു സന്തതിയെ വാഗ്ദത്തം ചെയ്തു. അതേ സമയം ദൈവം സാറായിയുടെ ഗർഭപാത്രം അടച്ചു കളയുകയും ചെയ്തു. 2-ാം വാക്യത്തിൽ നാം കാണുന്നത്. “സാറായി അബ്രാമിനോടു: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നുവല്ലോ.” ഇത് വാസ്തവത്തിൽ ദൈവത്തിന്റെ ഹിതമാണോ? ഇത് ദൈവത്തിന്റെ ഹിതമാണെങ്കിൽ അതിൽ എങ്ങനെയാണ് നമുക്ക് നിലനിൽക്കാൻ കഴിയുക.
ദൈവഹിതത്തിൽ എങ്ങനെയാണ് നിലനിൽക്കാൻ കഴിയുക എന്നതിനെ സംബന്ധിച്ച പാഠം “ദൈവം പറഞ്ഞ വാക്കുകളിൽ” നമുക്കു കണ്ടെത്താൻ കഴിയും. ദൈവം പറഞ്ഞ വാക്കുകൾ എന്താണെന്ന് നമുക്കു കാത്തിരുന്നു കാണാം.
1. ദൈവഹിതമെന്നത്, നമുക്ക് എപ്പോഴും ആയിരിപ്പാൻ കഴിയാത്ത പ്രയാസകരമായ സ്ഥലമാണ് (God’s will is a difficult place that we can’t always be).
അബ്രാമിനും തന്റെ ഭാര്യയായ സാറായിക്കും ദൈവം മക്കളെ വാഗ്ദത്തം ചെയ്തത് ഉൽപ്പത്തി 12-ാം അദ്ധ്യായത്തിലാണ്. 12:2-3 വാക്യങ്ങൾ നമുക്കൊന്നു വായിക്കാം: “ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്ന വരെ ഞാൻ ശപിക്കും. നിന്നിൽ ഭൂമിയിലെ സകല വശങ്ങളും അനുഗ്രഹിക്കപ്പെടും. യഹോവ തന്നോടു കൽപ്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽ നിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു 75 വയസ്സായിരുന്നു.” വീണ്ടും 15:4 ൽ “നിന്റെ ഉദരത്തിൽ നിന്നു പുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി.”
ദൈവം അബ്രാമിനു ഈ വാഗ്ദത്തം നൽകിയപ്പോൾ അബ്രാമിനു 75 വയസ്സും സാറായിക്കു 65 വയസ്സുമായിരുന്നു പ്രായം. അതിനുശേഷം സംഭവബഹുലമായ 10 വർഷങ്ങൾ പിന്നിടുന്നു. 12 അദ്ധ്യായം കഴിഞ്ഞ് ഈ 16-ാം അദ്ധ്യായത്തിൽ നാം എത്തുമ്പോൾ, അബ്രാമിനു 85 വയസ്സായി എന്നു നാം കാണുന്നു. അപ്പോൾ സാറായിക്ക് ഏകദേശം 75 വയസും കാരണം. കാരണം 17-ാം അദ്ധ്യായം അതിന്റെ 17-ാം വാക്യത്തിൽ അവർ തമ്മിലുള്ള പ്രായവ്യത്യാസം 10 വർഷം എന്നു പറഞ്ഞിരിക്കുന്നു. എന്നാൽ ദൈവം തന്റെ വാഗ്ദത്തം, ആദ്യം നൽകിയതിനുശേഷം 10 വർഷം പിന്നിട്ടു എങ്കിലും ദൈവം അവർക്ക് വാഗ്ദത്തം ചെയ്ത സന്തതിയെ അവർക്കു ലഭിച്ചില്ല. അതുകൊണ്ട് ഇതു വാസ്തവത്തിൽ ദൈവഹിതമാണോ? ദൈവം തന്റെ വാഗ്ദത്തം ദൈവം നിറവേറ്റുമൊ? ആർക്കും ഉണ്ടാകാവുന്ന ഒരു സംശയമാണിത്.
അബ്രാമിന്റെ ഭാര്യയായ സാറായിക്ക് അതിലെ ടെൻഷൻ/ സങ്കർഷം സഹിക്കുവാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അക്കാലത്ത് മക്കളില്ലാതിരിക്കുക എന്നത് ഒരു വിവാഹിതയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ അപമാനകരവും വേദനാജനക വുമായ കാര്യമായിരുന്നു. സാറായി താമസിച്ചിരുന്ന തരിശുഭൂമിയേക്കാൾ കഠിനമായിരുന്നു തന്റെ ഗർഭപാത്രത്തിന്റെ തരിശായ അവസ്ഥ. അതു തനിക്കു സഹിക്കുവാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
അതുകൊണ്ട് സാറായി എങ്ങനെയും തനിക്കു ഒരു കുട്ടി ഉണ്ടായിക്കാണണമെന്ന് ആഗ്രഹിച്ചു. തന്റെ ആഗ്രഹനിവൃത്തിക്കായി അവൾ കണ്ടുപിടിച്ച മാർഗ്ഗം തന്റെ മിസ്രയിമ്യദാസിയായ ഹഗാറിനെ തന്റെ ഭർത്താവിനു നൽകുക. അവളിലൂടെ ജനിക്കുന്ന കുഞ്ഞിനെ തന്റെ കുഞ്ഞായി വളർത്തുക.
അന്നത്തെ രീതിയനുസരിച്ച് ഒരു വന്ധ്യയായ ഭാര്യക്ക് തന്റെ ദാസിയെ ഭർത്താവിനു നൽകി അവളിൽ നിന്നുണ്ടാകുന്ന കുഞ്ഞിനെ തനിക്കു സ്വന്തമാക്കാമായിരുന്നു. അങ്ങനെ ദാസിയിൽ ജനിക്കുന്ന കുഞ്ഞിനോട് നീ എന്റെ മകൻ എന്നു ആ കുഞ്ഞിന്റെ പിതാവ് പറഞ്ഞാൽ, ആ കുഞ്ഞ് എല്ലാ അവകാശത്തൊടുംകുടെ തന്റെ മകനായി തീരുമായിരുന്നു. ഈ രീതി എന്നു പറയുന്നത് അവരുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു, എന്നാലത് ദൈവഹിത മായിരുന്നില്ല. ‘ദൈവഹിതം’ എപ്പോഴും ദൈവത്തിന്റെ വചനത്തിൽ/ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുന്നതാണ്.
നമ്മുടെ സംസ്ക്കാരം അംഗീകരിക്കുന്നതൊ, ഒരു പക്ഷെ നിയമവ്യവസ്ഥ തന്നെ അനുവദിക്കുന്നതൊ ആയ പല കാര്യങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ടാകാം. എന്നാൽ ധാർമ്മികതക്കു നിരക്കാത്തതൊ ദൈവവ്യവസ്ഥക്കു വിരുദ്ധമൊ ആയ കാര്യമാണെങ്കിൽ അത് ഒരു വിശ്വാസിക്കു യോഗ്യമായ സംഗതിയല്ല. ഉദാ; വിവാഹമോചനം. ഇന്ന് സമൂഹവും നിയമവ്യവസ്ഥയും ഒരുപോലെ അംഗീകരിച്ച ഒരു കാര്യമാണ്. എന്നാൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ കൽപ്പനയാണ് അവന്റെ ജീവിതത്തിനു അടിസ്ഥാനമായിരിക്കേണ്ടത്. ആകയാൽ, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിവാഹമോചനം തികച്ചും നിഷിധമായ കാര്യമാണ്, വിലക്കപ്പെട്ട കാര്യമാണ്; കാരണം വിവാഹത്തിൽ രണ്ടുപേരെ തമ്മിൽ ബന്ധിപ്പിക്കുന്നത് ദൈവമാണ്. അതു മരണംവരെ തുടരുവാൻ വേണ്ടി ദൈവം യോചിപ്പിച്ച ബന്ധമാണ്. ഇരുവരുടെയും സ്വഭാവത്തെ അറിഞ്ഞുകൊണ്ട് ദൈവം വിവാഹജീവിതത്തിലൂടെ അവരെ പരസ്പരം രൂപാന്തരപ്പെടുത്തി, വരാൻ പോകുന്ന പുതിയലോകത്തിനു കൊള്ളാവുന്നരാക്കി അവരെ തീർക്കുക എന്നതാണ് ആ ബന്ധത്തിലൂടെ ദൈവം ആഗ്രഹിക്കുന്നത്. ആ ദൈവികോദ്ദേശ്യം നിവൃത്തിക്കാതെ വിവാഹമോചനത്തിനു തുനിയുന്നത് ദൈവഹിത പ്രകാരമുള്ള ഒരു തീരുമാനമല്ല.
അതുപോലെ, സ്വവർഗ്ഗവിവാഹം, വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വിവാഹം, വിവാഹം കഴിക്കാതെ ഒരു യുവാവും ഒരു യുവതിയും ഒരുമിച്ചു താമസിക്കുക, ദുർന്നടപ്പ്, (വിവാഹത്തിനു വെളിയിലുള്ള ഏതൊരുബന്ധവും ദുർന്നടപ്പായിട്ടാണ് ദൈവവചനം കാണുന്നത്) പോർണൊഗ്രാഫി എന്നിവ സമൂഹം അംഗീകരിക്കയൊ അതു പാപമല്ല, എന്ന നിലയിൽ കാണുകയൊ ചെയ്യുന്നു. എന്നാൽ ഇവയൊക്കേയും ദൈവവസ്ഥക്കു വിരുദ്ധമായ ഒരു കാര്യമാണ്. എല്ലാവരും പ്രത്യേകിച്ച് എല്ലാ യവ്വനക്കാരും ഓർക്കേണ്ടുന്ന ഒരു സംഗതി എന്തെന്നാൽ, നിങ്ങൾ ദൈവപൈതലാണ് എന്ന യാഥാർത്ഥ്യമാണ്. ദൈവം യേശുക്രിസ്തുവിന്റെ രക്തത്താൽ നിങ്ങളെ വീണ്ടെടുത്ത്, വിശുദ്ധിയുള്ളവരായി എണ്ണി ദൈവഭവനത്തിലെ അംഗങ്ങളാക്കി തീർത്തത്, ദൈവത്തിന്റെ വിശുദ്ധ ഉദ്ദേശ്യം നിവൃത്തിക്കുന്നതിനു വേണ്ടിയാണ്. ഈ സത്യം നാം കൂടെക്കൂടെ നമ്മേത്തന്നെ ഓർപ്പിക്കണം.
ദൈവികാലോചനക്കു മുതിരാതെ സ്വന്തഹിതപ്രകാരം മുന്നോട്ടു നീങ്ങിയ ഹഗാറിന്റെ പദ്ധതി എങ്ങനെയാണ് മുന്നോട്ടു പോയത് എന്നു നമുക്കു നോക്കാം; 4-7 വരെ വാക്യങ്ങൾ
ദൈവഹിതമായിരുന്നില്ല എങ്കിലും സാറായി അബ്രാമിനോട് തനിക്കു ഒരു കുട്ടിയെ തരണമെന്ന് അപേക്ഷിക്കുന്നു. സങ്കടകരമെന്ന് പറയട്ടെ, ദൈവത്തിന്റെ സ്വരം ശ്രവിക്കാതെ/ദൈവം അബ്രാമിനു നൽകിയ വാഗ്ദത്തം മറന്നുകൊണ്ട്, സാറായിയുടെ വാക്കുകൾക്ക് അബ്രാം ചെവി കൊടുക്കുന്നു.
പ്രായോഗികത: ഇതു നമ്മുടെ ജീവിതത്തിലും സംഭവിക്കാവുന്ന കാര്യമാണ്. നാം മനുഷ്യരുടെ സ്വരത്തിനു ദൈവസ്വരത്തേക്കാൾ അധികം പ്രാധാന്യം നൽകുമ്പോൾ, നാം ആത്മീയ പരാജയത്തിലേക്കുള്ള ഒരു പാത വെട്ടുകയാണ് ചെയ്യുന്നത്. ദൈവവചനത്തിന്റെ ഉപദേശം ത്യജിച്ചുകൊണ്ട് മറ്റുള്ളവരുടെ ഉപദേശത്താൽ നയിക്കപ്പെടുന്നത് പരാജയത്തിന്റെ പാത തെരഞ്ഞെടുക്കലാണ്. ദൈവത്തെ അവഗണിച്ച്, നമ്മുടേതായമാർഗ്ഗം നാം തേടുകയാണെങ്കിൽ, മോശമായിരുന്ന സാഹചര്യം കൂടുതൽ നാശകരമായി തീരുകയാണ് ചെയ്യുന്നത്. അബ്രാമിന്റെ ഈ തെരഞ്ഞെടുപ്പിന്റെ പരിണതഫലം ഇന്നും ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നു. യിസ്രായെലും പലസ്തീനും തമ്മിലൂള്ള നിരന്തരസഘർഷം അതിനുള്ള ഏറ്റവും വലിയ തെളിവാണ്. യിസ്രായേലും ലോകരാഷ്ട്രങ്ങളും അതിനു വലിയ വിലകൊടുത്തുകൊണ്ടിരിക്കുന്നു.
ദൈവഹിതത്തിനു വിരുദ്ധമായിരുന്ന സാറായിയുടെ പദ്ധതി, അബ്രാമിന്റെ അംഗീകാരത്തോടെ യാഥാർത്ഥ്യമാകുന്നു. എന്നാൽ അബ്രാമിന്റെ ഈ കുഞ്ഞ് ആരുടെ വകയായിരിക്കും? ഈ കാര്യത്തിൽ രണ്ടു സ്ത്രീകളുടെയും മദ്ധ്യേ ഒരു ടെൻഷനു ഉടലെടുത്തു. ഒരു പ്രശ്നം പരിഹരിക്കുവാൻ മാനുഷികമായി കണ്ട പരിഹാരമാർഗ്ഗം പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കി തീർക്കുകയാണ് ചെയ്തത്. മിസ്രയിമ്യ അടിമയായ ഹഗാർ ഗർഭം ധരിച്ചപ്പോൾ, യഥാർത്ഥഭാര്യയായ സാറാ അവളുടെ കണ്ണിൽ നിന്ദിതയായി. അതിൽ പ്രകോപിതയായ സാറായി, തന്റെ ഭർത്താവായ അബ്രാമിനെ കുറ്റപ്പെടുത്തുന്നു. ഒരു പക്ഷെ തെറ്റ് സാറായിയുടെതാണെങ്കിലും, കുറ്റക്കാരൻ അബ്രാമാണ്. കാരണം താനാണ് പിതാമഹൻ, താനാണ് കുടുംബത്തിന്റെ നായകൻ. തന്നോടാണ് ദൈവം സംസാരിച്ചത്. താനാണ് കുടുംബത്തിൽ തെറ്റുകണ്ടാൽ തിരുത്തേണ്ട വ്യക്തി. അതുകൊണ്ട് സാറായിയുടെ കുറ്റാരോപണം തികച്ചും ശരിയായ കാര്യം തന്നെയായിരുന്നു.
ഇനി, ഇതിനോടു അബ്രാം എങ്ങനെ പ്രതികരിച്ചു എന്നു നോക്കാം. അബ്രാം ദൈവത്തിന്റെ ആലോചന ചോദിക്കാതെ, സാറായിയുടെ ഹിതം പോലെ, ഹഗാറിനെ കൈകാര്യം ചെയ്യുവാനുള്ള അനുവാദം കൊടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സാറായി, ഹഗാറിനോട് കഠിനമായി പെറുമാറാൻ തുടങ്ങി. കാഠിന്യം എന്നതിനു anah എന്ന ഹെബ്രായവാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. യിസ്രായേൽ 400 വർഷം മിസ്രയിമിൽ അനുഭവിച്ച കാഠിന്യത്തെ, അടിച്ചമർത്തലിനെ കാണിക്കാനും ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ ഫലമായി ഹഗാർ അവിടെ നിന്ന് ഓടിപ്പോകുന്നു.
ദൈവഹിതം ആരായാതെ സ്വന്തഹിതം നിവൃത്തിച്ച സാറായുടെ പദ്ധതി back-fire ചെയ്യുന്നു/തിരിച്ചടിക്കുന്നു.
2. ദൈവഹിതത്തിൽ നിന്ന് ഒളിച്ചോടുന്നത് ശരിയായ തീരുമാനമല്ല (Running away from God's will is not the right decision.)
മരുഭൂമിയിൽ ശൂരിനു പോകുന്ന വഴിയെയാണ് ഹഗാർ ഓടിയത്. അവൾ താമസിച്ചിരുന്ന സ്ഥലത്തു നിന്നും എകദേശം 100 മൈൽ അകലെ ഈജിപ്തിന്റെ/ മിസ്രയിമിന്റെ കിഴക്കെ അതിർത്തിയോടു ചേർന്നു കിടക്കുന്ന സ്ഥലമാണ് “ശുർ” എന്നത്. ഗർഭിണിയായ ഹഗാർ ചുരുങ്ങിയത് മൂന്നു ദിവസം നടന്നിട്ടാകണം ആ സ്ഥലത്ത് എത്തച്ചേർന്നത്. മാത്രവുമല്ല, താൻ പോയത് തന്റെ ജന്മ നാടായ മിസ്രയിമിലേക്കായിരുന്നു. പ്രായോഗികമായി നോക്കിയാൽ, അവൾക്ക് അങ്ങോട്ടല്ലാതെ മറ്റെങ്ങോട്ടാണ് പോകുവാൻ കഴിയുക.
എന്നാൽ ഒരു കാര്യം നാം ഓർക്കണം, അവൾ കനാൻ ദേശത്തു നിന്നാണ് ഓടിയത്. ദൈവത്തിന്റെ വാഗ്ദത്ത ദേശത്തുനിന്നാണ് ഹഗാർ ഓടിയത്. അടിമത്വത്തിന്റെ/അന്യദേവന്മാരുടെ അധീനത്തിൽ കിടക്കുന്ന ദേശത്തേയ്ക്കാണവൾ ഒളിച്ചോടിയത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ മരണത്തിലേക്കാണ് അവൾ പോകുന്നത്.
ദൈവത്തിന്റെ ഹിതം കഠിനമാകുമ്പോൾ, അതിൽ നിന്ന് ഒളിച്ചോടുവാനുള്ള പ്രവണതയാണ് വിശ്വാസികൾക്കുള്ളത്.
1. ഉൽപ്പത്തി 12:10-20 വരെയുള്ള വേദഭാഗം നാം പരിശൊധിച്ചാൽ അബ്രാം വരൾച്ചയിൽ നിന്നു രക്ഷനേടാൻ ‘ഈജിപ്തിലേക്ക് ഓടുന്ന’തായി നാം കാണുന്നു.
2. സാറായി തന്റെ വന്ധ്യതയെ തരണം ചെയ്യാൻ ‘തന്റെ ദാസിയായ ഹഗാറിലേക്ക് തിരിയുന്നു’.
3. ഹഗാർ തന്റെ സങ്കടം മാറ്റാൻ ‘ഈജിപ്തിലേക്ക്’ മടങ്ങിപോകാൻ’ തുടങ്ങുന്നു.
4. യിസ്രായേൽ ജനം തങ്ങളുടെ കനാൻ നാട്ടിലേക്കുള്ള യാത്രയിൽ പരീക്ഷകൾ നേരിട്ടപ്പോൾ അവർ ഒരു നേതാവിനെ തെരഞ്ഞെടുത്ത് മിശ്രയിമിലേക്കു മടങ്ങി പോകാൻ ഒരുങ്ങുന്നു.
ഇതൊക്കെയല്ലേ പലപ്പോഴും സഭയിൽ സംഭവിക്കുന്നത്. സഭയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ സഭ വിട്ടു മറ്റു വല്ലയിടത്തേയ്ക്കും ഓടുന്നു. അതല്ലെങ്കിൽ സമുദായങ്ങളിലേക്കു തിരിച്ചു പോകുന്നു. ഇതൊക്കെ ശരിയായ തീരുമാനമാണോ? ഇതൊന്നും ഒരു പരിഹാരമൊ ശരിയായ തീരുമാനമോ അല്ല എന്നാണ് തുടർന്നുള്ള വാക്യങ്ങളിൽ നാം കാണുന്നത്.
പിന്നെ ഈ വേദഭാഗത്തെ ശ്രദ്ധേയമായ ഒരു വാക്ക് എന്നത് "നീരുറവ" എന്ന വാക്കാണ്. അതു രണ്ടു തവണ ഇവിടെ ആവർത്തിച്ചിരിക്കുന്നു. തന്നേയുമല്ല, ഇതിനെ തുടർന്നുള്ള വേദഭാഗത്ത് "കിണർ" എന്ന വാക്കും രണ്ടു തവണ ആവർത്തിച്ചിരിക്കുന്നു. അതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നു നമുക്കു നോക്കാം.
ഈ വേദഭാഗത്ത് നാം കാണുന്ന "നീരുറവ" "കിണർ" എന്നീ വാക്കുകൾ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. അതുപോലെ തന്നെ ബൈബിളിലെ ആഴി, സമുദ്രം എന്നീ പദങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നു. ആദ്യത്തേത് ജീവനെ കാണിക്കുമ്പോൾ രണ്ടാമത്തേത് മരണത്തെ സൂചിപ്പിക്കുന്നു.
ഉൽപ്പത്തി പുസ്തകത്തിന്റെ ആരംഭവാക്യങ്ങളിൽ നാം കാണുന്നത് ആഴത്തിനുമേൽ ഇരുൾ വ്യാപിച്ചിരുന്നു എന്നാണ്. Tohu va Vohu, Darkness, Deep abyss- പാഴും-ശൂന്യവും, അന്ധകാരം, ആഴി ഇതായിരുന്നു ആരംഭത്തിലെ അവസ്ഥ. ഇവ ജീവൻ പടർന്നു പന്തലിക്കുവാൻ കഴിയാത്ത അവസ്ഥയെ കുറിക്കുന്നു. അതല്ലെങ്കിൽ ഒന്നുമില്ലായ്മയെ കാണിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ യാതൊരു ഉദ്ദേശ്യവും നിവൃത്തിക്കുവാൻ കഴിയാത്ത അവസ്ഥ. എന്നാൽ ഈ അവസ്ഥയിൽ ദൈവത്തിന്റെ ആത്മാവ് പ്രവർത്തിച്ചപ്പോഴാണ് ജീവൻ തഴച്ചു വളരുവാനാവശ്യമായ ഒരിടം ഒരു സാഹചര്യം ഉണ്ടായത്.
നോഹയുടെ കാലത്തെ ജലപ്രളയം ജീവനു ഏറ്റവും ഭീഷണി ഉയർത്തിയ സംഭവമായിരുന്നു. de-creation എന്നുതന്നെ അതിനെ നമുക്കു വിശേഷിപ്പിക്കാം. ഒരു പെട്ടകത്തിലെ ജീവികളും മനുഷ്യരും ഒഴികെ സകലവും മരിച്ചു. വെള്ളത്താലുള്ള ദൈവത്തിന്റെ ന്യായവിധി. അവിടെ നിന്നും മുന്നോട്ടുപോയി പുറപ്പാടു പുസ്തകത്തിൽ എത്തുമ്പോൾ അവിടേയും കാണാം മറ്റൊരു ന്യായവിധിയും രക്ഷയും. യിസ്രായേൽ ജനം ചെങ്കടൽ കടക്കുന്ന വേളയിൽ ആഴി യിസ്രായേലിനു രക്ഷയും മിസ്രയിമ്യർക്കു ന്യായവിധിയുമായി തീരുന്നു. പുതിയനിയമത്തിലേക്കു വന്നാൽ, ഗലീല കടലിൽവെച്ച് കാറ്റും തിരമാലകളും ശിഷ്യന്മാരുടെ ജീവനു ഭീഷണി ഉയർത്തിയപ്പോൾ കർത്താവ് അതിനെ നിയന്ത്രിച്ചുകൊണ്ട് അവരെ രക്ഷിക്കുന്നു. ഇതിൽനിന്നെല്ലാം നമുക്കു മനസ്സിലാക്കാൻ കഴിയുന്ന വസ്തുത ദൈവം ആഴിയെ നിയന്ത്രിക്കുന്നില്ലെങ്കിൽ, വെള്ളത്തെ നിയന്ത്രിക്കുന്നില്ലെങ്കിൽ അതു എന്നും ജീവനു ഭീഷണിയായി മാറും. അതല്ലേ ഈ കാലങ്ങളിൽ നാം കേൾക്കുകയും കാണുകയും ചെയ്യുന്ന മഴക്കെടുതികളും വെള്ളപ്പൊക്കവും, ഡാം തുറക്കലും എല്ലാം. ദൈവം നിയന്ത്രിക്കുന്നില്ലെങ്കിൽ ഇവയെല്ലാം ജീവനു വലിയ ഭീഷണിയാണ്.
എന്നാൽ ദൈവത്താൽ നിയന്ത്രിക്കപ്പെട്ട ജലം അതായത്, നീറുറവകൾ, കിണറുകൾ, അരുവികൾ എന്നിവ മനുഷ്യനു ജീവദായകമാണ്. ഉദാഹരണമായി ഏദനിലെ നദികളെത്തന്നെ എടുക്കാം. ഒരു നദി ഏദനിൽ നിന്നു പുറപ്പെട്ട് നാലു ശാഖകളായി പിരിഞ്ഞ് നാലു ദിശകളിലേക്കു, കോമ്പസിന്റെ നാലു ദിക്കുകളിലേക്ക് ഒഴുകുന്നതായി വായിക്കുന്നു. ആ ജലസ്രോതസ്സുകളാണ് സസ്യജാലങ്ങൾക്കും, ജീവജാലങ്ങൾക്കും, മനുഷ്യനുംതന്നെ ജീവദായകമായി തീർന്നത്. പിന്നീട് ഈ നദീതീരങ്ങൾ ജനവാസകേന്ദ്രങ്ങളും പല സംസ്ക്കാരങ്ങൾക്കും ഉറവിടങ്ങളായി തീർന്നു എന്നു ചരിത്രപുസ്തങ്ങളിൽ നാം വായിക്കുന്നു. അബ്രാഹവും ഇസഹാക്കുമൊക്കെ കിണർ കുഴിക്കുകയും അവക്കരികെ കൂടാരമടിക്കയും ചെയ്തു. യാക്കോബ് ഒരു കിണറിന്നരികെവെച്ച് തന്റെ ഭാര്യ ആകാൻ പോകുന്നവളെ കണ്ടു മുട്ടുന്നു. യേശു കിണറ്റിങ്കരെ വെച്ച്, ശമര്യസ്തീയുമായി, നിത്യജീവനെക്കുറിച്ചു സംസാരിക്കുന്നു. യോഹന്നാന്റെ സുവിശേഷം ഏഴാം അദ്ധ്യായത്തിൽ യേശു തന്നെത്തന്നെ ജീവന്റെ ജലമായി അവതരിപ്പിക്കുന്നു. തന്നെയുമല്ല, ക്രൂശിൽ കർത്താവിന്റെ മാർവ്വിടത്തിൽ കുന്തം കൊണ്ടു കുത്തിയപ്പോൾ അവിടെ നിന്നും രക്തവും വെള്ളവും ഒഴുകി. പല കമന്റേറ്റേഴ്സും അതിനു മെഡിക്കലായ പല വിശദീകരണങ്ങൾ നൽകുന്നുണ്ടെങ്കിലും പഴയനിയമത്തിലെ ജീവജലം എന്ന പ്രമേയമാണ് ബൈബിൾ എഴുത്തുകാർ ഈ പരാമർശനങ്ങളിലൂടെയൊക്കെ ഉദ്ദേശിക്കുന്നത്. വെളിപ്പാടു പുസ്തകം 22-ാം അദ്ധ്യായത്തിന്റെ ഒന്നാം വാക്യത്തിൽ നാമെന്താണ് വായിക്കുന്നത്. "വീഥിയുടെ നടുവിൽ ദൈവത്തിന്റേയും കുഞ്ഞാടിന്റേയും സിംഹാസനത്തിൽ നിന്നും പുറപ്പെടുന്നതായി പളുക്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു" : യോഹന്നാൻ എഴുതുന്നു. അതേ ഏദന്തോട്ടത്തിൽ നാം കാണുന്നതുപോലെ വരാനിരിക്കുന്ന ഏദനിലെ ജീവജല നദിയാണത്.
ഹഗാർ ശൂരിനുള്ള വഴിയിൽ ഒരു നീരുറവിന്നരികെ എത്തി എന്നതു പ്രതീക്ഷ നൽകുന്നു. ഈ നീരുറവക്കരികെ വെച്ച് ദൈവം ഹഗാറിനു പ്രത്യക്ഷപ്പെടുന്നു. അതു അവൾക്കു വലിയ അനുഗ്രഹത്തിനു കാരണമായി തീരുന്നു എന്ന് തുടർന്നുള്ള വേദഭാഗങ്ങളിൽ നാം കാണുന്നു.
അപ്പോൾ ഒന്നാമതായി ഞാൻ പറഞ്ഞത്, ദൈവഹിതം എന്നത് എപ്പോഴും ആയിരിപ്പാൻ പ്രയാസകരമായ സ്ഥലമാണ്. രണ്ടാമതായി, ഞാൻ പറഞ്ഞത്, ദൈവഹിതത്തിൽ നിന്നും ഒളിച്ചോടുന്നത് ശരിയായ തീരുമാനമല്ല.
ഇനി, മൂന്നാമതായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം ദൈവം കാണുന്നു, ദൈവം കേൾക്കുന്നു എന്ന കാര്യമാണ്.
സാറായിയെ വിട്ട് ഓടിപ്പോകുന്ന ഹഗാറിനെ കർത്താവ് മരുഭൂമിയിൽ നീരുറവിന്നരികെ സന്ദർശിക്കുന്നു. 9-16 വരെയുള്ള വാക്യങ്ങൾ
3. ‘ദൈവം കാണുന്നു; ദൈവം കേൾക്കുന്നു’. (God sees; God hears)
ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന ആ അമ്മയോട് ദൈവം സാറായിയുടെ അടുക്കലേക്ക് മടങ്ങിപ്പോകാനും തന്റെ യജമാനത്തിയായ സാറായിക്ക് കീഴടങ്ങിയിരിപ്പാനും ആവശ്യപ്പെടുന്നു. മാത്രവുമല്ല, അവൾക്കു ചില അനുഗ്രഹങ്ങളും വാഗ്ദത്തങ്ങളും ദൈവം നൽകുന്നു. ദൈവം അവളോടു പറഞ്ഞു: "നീയൊരു മകനെ പ്രസവിക്കും; നിന്റെ സന്തതിയെ ഞാൻ ഏറ്റവും വർദ്ധിപ്പിക്കും. അവർ എണ്ണിക്കൂടാതെവണ്ണം പെരുപ്പമുള്ളവർ ആയിരിക്കും."
മാത്രവുമല്ല, അവൾ തനിക്കു ജനിക്കുന്ന കുഞ്ഞിനു ‘ഇസ്മയേൽ’ എന്നു പേരിടാനും ദൈവം ആവശ്യപ്പെടുന്നു. ‘ഇസ്മയേൽ’ എന്ന വാക്കിന്റെ അർത്ഥം ‘ദൈവം കേൾക്കുന്നു’. അതായത്, ദൈവം അവളുടെ സങ്കടം കേട്ടിരിക്കുന്നു. 11-ാം വാക്യം അതാണു പറയുന്നത്: “യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം;”
അതിനോടുള്ള പ്രതികരണമെന്നവണ്ണം ഹഗാർ ദൈവത്തെ “എൽ El Roi, “the God who sees me” (v. 13). യേൽ രോയ്- ‘ദൈവമെ നീ എന്നെ കാണുന്നു’ എന്ന് വിളിക്കുന്നു.
ഹഗാർ താൻ ഇരുന്നിരുന്ന സ്ഥലത്തിനു (Beer Lahai Roi, which could be rendered, “the well of the Living One who sees me”) ബേർ-ലഹയ്-രോയി എന്നും പേർ വിളിക്കുന്നു. ആ വാക്കിന്റെ അർത്ഥം ‘എന്നെ കാണുന്ന ജീവനുള്ള ദൈവത്തിന്റെ കിണർ’.
അതേ, ഞാൻ പ്രാരംഭത്തിൽ പറഞ്ഞു: ഇത് ദൈവത്തിന്റെ ഹിതമാണെങ്കിൽ അതിൽ എങ്ങനെ നമുക്ക് നിലനിൽക്കാൻ കഴിയും എന്നതിനെ സംബന്ധിച്ച പാഠം “ദൈവം പറഞ്ഞ വാക്കുകളിൽ” കാണാൻ കഴിയും എന്നു പറഞ്ഞത് ഇതിനെ കുറിച്ചാണ്. അതായത്, ‘ദൈവം കാണുന്നു; ദൈവം കേൾക്കുന്നു’.
അപ്പോൾ ഞാൻ പറഞ്ഞുവന്നത്:
1. പ്രശ്നങ്ങളിൽ നിന്നു ഒളിച്ചോടുന്നത് പ്രശ്നപരിഹാരമല്ല. നമ്മുടെ സാഹചര്യങ്ങളെ കുറുക്കു വഴിയിലൂടെ വ്യത്യാസപ്പെടുത്താൻ ശ്രമിക്കുന്നത് വറ ചട്ടിയിൽ നിന്ന് എരിതീയിലേക്ക് എറിയുന്ന അനുഭവമാണ് നമുക്കു നൽകുക.
2. ദൈവഹിതത്തിനു വെളിയിൽ, രക്ഷപ്പെടാനുള്ള എല്ലാ പദ്ധതികളും, താൻ എവിടെ നിന്നാണൊ ഓടിയത്, ആ സ്ഥലത്തുതന്നെ തിരികെ കൊണ്ട് ചെന്നെത്തിക്കും.
വെയിൻ സ്റ്റയിൽസ് എന്ന ദൈവദാസൻ അതിനെ കുറിച്ചു പറയുന്നത്: “ദൈവത്തിന്റെ ഹിതം നാം ഒഴിവാക്കാൻ ശ്രമിച്ചാൽ, നാമങ്ങനെ വട്ടം കറങ്ങിക്കൊണ്ടിരിക്കും. നാമെവിടെ നിന്നാണൊ ഒളിച്ചോടിയത്, ദൈവം ആ സ്ഥലത്തുതന്നെ നമ്മേ കൊണ്ടു ചെന്നെത്തിക്കും.”
ഹഗാറിന്റെ അനുസരണയോടെയുള്ള, കഠിനവും പ്രയാസമേറിയതുമായ സ്ഥലത്തേക്കുള്ള മടക്കയാത്ര, ‘തന്റെ ഓട്ടത്തിൽ തന്നെക്കണ്ട’, ദൈവത്തിലുള്ള അവളുടെ ആശ്രയത്തെയാണ് കാണിക്കുന്നത്.
നിരാശ ബാധിച്ച സമയങ്ങളിൽ, പ്രതീക്ഷ അസ്തമിച്ച അവസരങ്ങളിൽ, വിശ്വാസത്തോടെ പ്രതികരിക്കാനുള്ള സ്ഥിരമായ ഓർമ്മപ്പെടുത്തലാണ് “ദൈവം കാണുന്നു” “ദൈവം കേൾക്കുന്നു” എന്നത്. അങ്ങനെ നാം ചെയ്യുന്നുവെങ്കിൽ ദൈവത്തിന്റെ സാന്നിദ്ധ്യവും നമുക്കനുഭവപരമായി തീരും.
യോസേഫ് തന്നെക്കുറിച്ചുള്ള ദൈവഹിതം മൂലമാണ് ഈജിപ്തിലെക്ക് ഒരു അടിമയായ വിൽക്കപ്പെട്ടതും അവിടെ 14 വർഷം താൻ കൽത്തുറുങ്കിൽ കിടന്നതും. എന്നാൽ യോസേഫിന്റെ ജീവിതം ആ കൽത്തുറുങ്കിൽ അവസാനിച്ചില്ല. അവിടെ നിന്ന് താൻ ഇജിപ്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഉയർത്തപ്പെട്ടു. പിന്നീട് ദൈവം തന്റെ കുടുംബത്തിന്റെ രക്ഷക്കായി യോസേഫിനെ ഉപയോഗിച്ചു. തന്നെ ദ്വേഷിച്ച, കൊല്ലുവാൻ ശ്രമിച്ച തന്റെ സഹോദരങ്ങളുടെ രക്ഷക്കായി ദൈവം തന്നെ ഉപയോഗിച്ചു. ഇതല്ലെ നമുക്കു ക്രിസ്തുവിലും ദർശിക്കുവാൻ കഴിയുന്നത്. ആ നിലയിൽ യോസേഫ് യേശുക്രിസ്തുവിന്റെ ഒരു Type ആയിത്തീർന്നു.
അവരുടെ കാര്യത്തിൽ അങ്ങനെയൊക്കെ സംഭവിച്ചു? എന്റെ കാര്യത്തിൽ ദൈവം കാണും ദൈവം കേൾക്കും എന്നതിനു എന്തുറപ്പാണുള്ളത്? ഈ ചോദ്യം ഒരുപക്ഷെ ചിലരുടയെങ്കിലും മനസ്സിൽ നുരഞ്ഞു പൊന്തുന്നുണ്ടാകും എന്നു ഞാൻ കരുതുന്നു. അതിനുള്ള ഉറപ്പെന്താണ് എന്നുകൂടി പറഞ്ഞ് ഞാനിത് അവസാനിപ്പിക്കാം.