top of page

Murmuring and ingratitude!

P M Mathew

29-08-2026

Murmuring and ingratitude!
പിറുപിറുപ്പും നന്ദികേടും !
Numbers 11:1-15

സംഖ്യാപുസ്തകം 11:1-6

"1അനന്തരം ജനം യഹോവെക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു. 2 ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോടു പ്രാർത്ഥിച്ചു: അപ്പോൾ തീ കെട്ടുപോയി. 3 യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിന്നു തബേരാ എന്നു പേരായി. "

ഇസ്രായേലിന്റെ യാത്ര ഭൂമിശാസ്ത്രപരമായിട്ടല്ല, മറിച്ച് ആത്മീയമായി ഒരു വഴിത്തിരിവിലേക്ക് നീങ്ങുന്ന ഒരു അധ്യായമാണ് സംഖ്യ 11. സീനായിയിൽ നിന്ന് അവർ എങ്ങനെ യാത്ര പുറപ്പെടണം എന്ന നിർദ്ദേശങ്ങൾ 10-ാം അദ്ധ്യായത്തിൽ പ്രാപിക്കുന്നു. എന്നാൽ ഇപ്പോൾ ആളുകളുടെ ഉള്ളിലിരുപ്പ് എന്താണെന്ന് വെളിപ്പെടുന്നു. അതേസമയം ദൈവത്തിന്റെ നീതിയുടെയും കരുണയുടെയും ഒരു പ്രദർശനവും കൂടിയാണ്.

1. പിറുപിറുപ്പും നന്ദികേടും (1-3)

ഈജിപ്ത് വിട്ട മൂന്നാം ദിവസം യിസ്രായേൽ മക്കൾ സിനായ് പർവ്വതത്തിൽ എത്തി. ഏതാണ്ട് 343 ദിവസം അവർ അവിടെ തമ്പടിച്ചു. വേർതിരിക്കപ്പെട്ടതും, ശുദ്ധീകരിക്കപ്പെട്ടതും, അനുഗ്രഹിക്കപ്പെട്ടതും, ദൈവവുമായി ഒരു ഉടമ്പടിബന്ധത്തിൽ പ്രവേശിച്ചതും, എങ്ങനെ നൽകണമെന്ന് പഠിപ്പിച്ചതും, ദൈവത്തിന്റെ വിടുതൽ ഓർമ്മിപ്പിച്ചതും, ദൈവത്തിന്റെ സാന്നിധ്യവും, വാഗ്ദത്ത ദേശത്തേക്ക് മുന്നേറാനുള്ള ഉപകരണങ്ങളും നൽകിയതുമായ ഇസ്രായേൽ ഇപ്പോൾ വളരെ ക്രമീകൃതവും സംഘടിതവുമായ നിലയിൽ കനാനിലേക്കുള്ള യാത്ര പുനരാംഭിക്കുന്നു. എന്നാൽ ഇപ്പോൾ ആളുകൾ പരാതിപ്പെടുന്ന കാര്യമാണ് ഒന്നാം വാക്യത്തിൽ നാം കണ്ടത്. ഇത്രയധികം അനുഗ്രഹിക്കപ്പെട്ട ഒരു ജനതയ്ക്ക് എങ്ങനെയാണ് ഈ നിലയിൽ പരാതിപ്പെടാൻ കഴിയുക? ദൈവം ഇസ്രായേലിലും ഇസ്രായേലിനു വേണ്ടിയും ചെയ്ത കാര്യങ്ങൾ ഓർക്കുമ്പോൾ അവർക്കെങ്ങനെയാണ് ഇതിനു കഴിയുക? അവർ ദൈവത്തിനും മോശെക്കുമെതിരെ പിറുപിറുക്കുന്നു. തീർച്ചയായും, അവരുടെ സാഹചര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല; എന്നാൽ ദൈവത്തിനെതിരെ പരാതിപറയുകയും അവരുടെ ഹൃദയങ്ങളിലെ കൃതജ്ഞതയുടെ ആത്മാവിനെ തുടച്ചുനീക്കുകയും ചെയ്യുന്നത് എത്രയൊ വലിയ പാപമാണ്!

അവർ എന്തിനെക്കുറിച്ചാണ് വേദനിച്ചതെന്ന് കൃത്യമായി ഇവിടെ പറഞ്ഞിട്ടില്ല - ഒരുപക്ഷേ ചൂട്, പൊടി, നടത്തം ഇവയൊക്കെ ആയിരിക്കാം. എന്നാൽ അവരുടെ പരാതി "കർത്താവിന്റെ സന്നിധിയിലായിരുന്നു." അവരുടെ മുറുമുറുപ്പ്, വെറും മുറുമുറുപ്പായിരുന്നില്ല; ദൈവത്തിന്റെ നന്മയിലുള്ള അവിശ്വാസമായിരുന്നു. അതുകൊണ്ട് കർത്താവിന്റെ കോപം ജ്വലിക്കുന്നു, പാളയത്തിന്റെ അരികിൽ തീ പൊട്ടിപ്പുറപ്പെടുന്നു, അവരിൽ ചിലരെ തീ ദഹിപ്പിക്കുന്നു.

ഒരു ശത്രു ഒരു സൈന്യത്തെ ആക്രമിക്കുമ്പോൾ, അവൻ പാളയത്തിന്റെ അരികിൽ നിന്ന് ആരംഭിച്ച് അകത്തുകടക്കും. പ്രാന്തപ്രദേശങ്ങളിൽ വരുന്ന തീയ്ക്ക് രണ്ട് നിലയിൽ പ്രാധാന്യമുണ്ട്. ഒന്നാമതായി, എബ്രായലേഖനത്തിന്റെ രചയിതാവ് പറയുന്നതുപോലെ, ദഹിപ്പിക്കുന്ന പോലെ ഉഗ്ര കോപത്തോടെ കർത്താവ് പ്രവർത്തിക്കുന്നു. രണ്ടാമതായി, അവൻ വീണ്ടെടുത്ത ആളുകളുടെ നേതാവായും പ്രവർത്തിക്കുന്നു. അതായത് ആളുകൾ തന്നോടു ചേർന്നു നിൽക്കുന്നതിനു താൻ അവരെ പ്രേരിപ്പിക്കുന്നു. എന്റെ അടുത്താണ് സുരക്ഷ, നിങ്ങൾ എന്നിൽ നിന്ന് അകന്നുപോകുമ്പോൾ നിങ്ങൾക്ക് അപകടമുണ്ട്. യേശുവിനെ പീലാത്തോസിന്റെ അരമനയിലേക്ക് കൊണ്ടുപോയപ്പോൾ പത്രോസ് യേശുവിനെ അകലം വിട്ട് അനുഗമിച്ചതാണ് എന്റെ ഓർമ്മയിലേക്കു വരുന്നത്. ഒരു ബാല്യക്കാരി സ്ത്രിയുടെ മുന്നിൽ പത്രോസ് യേശുവിനെ തള്ളിപ്പറയുന്നതിലാണത് കലാശിച്ചത്.

തീ ആളുകളെ ദഹിപ്പിക്കാൻ തുടങ്ങിയപ്പോൾ ജനം മോശയോട് നിലവിളിക്കുന്നു, മോശ പ്രാർത്ഥിക്കുന്നു, തീ നിലയ്ക്കുന്നു. "അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിന്നു തബേരാ" എന്ന് പേരിടുന്നു.

ഇവിടെ നമുക്കുള്ള പാഠം ഇതാണ്: ഒന്ന്, കർത്താവിനോടു ചേർന്നു നടക്കുന്നില്ലെങ്കിൽ നാം അപകടം ക്ഷണിച്ചു വരുത്തുന്നു. രണ്ട്, ദൈവം പാപത്തെ ഗൗരവമായി കാണുന്നു, പ്രത്യേകിച്ചും വീണ്ടെടുക്കപ്പെട്ട ഒരു ജനതയുടെ നന്ദികേട്. വിശ്വാസികളായ നമുക്ക് ഇതിൽ നിന്ന് ഒഴികഴിവില്ല. കുരിശ് മറന്നുകൊണ്ട് നമ്മുടെ സാഹചര്യങ്ങളെക്കുറിച്ച് നാം പരാതിപ്പെടുന്നുണ്ടോ? നമ്മുടെ വീണ്ടെടുപ്പിനെ വിസ്മരിച്ചുകൊണ്ട് നാം മുറുമുറുക്കാറുണ്ടോ? എബ്രായർ 12:29 ദൈവത്തെ "ദഹിപ്പിക്കുന്ന അഗ്നി" എന്ന് വിളിക്കുന്നു - അവന്റെ വിശുദ്ധിക്കെതിരെ മത്സരത്തിനു പിടിച്ചു നിൽക്കാൻ കഴിയില്ല. എന്നിരുന്നാലും മോശയുടെ മധ്യസ്ഥത വരാനിരിക്കുന്ന ക്രിസ്തു എന്ന മദ്ധ്യസ്ഥനിലേക്ക് നമ്മേ നയിക്കുന്നു; അവൻ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു.

A. പഴയജീവിതത്തിനായുള്ള ആസക്തി (4-9).

"4പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ടു: ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും? 5 ഞങ്ങൾ മിസ്രയീമിൽ വെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തെങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. 6 ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു."

അടുത്തതായി, "ജനക്കൂട്ടം" - ഇസ്രായേലിനൊപ്പം ഈജിപ്ത് വിട്ടുപോയ സമ്മിശ്ര ജനക്കൂട്ടം - മാംസം കൊതിക്കുന്നു. സ്വർഗ്ഗത്തിൽ നിന്നുള്ള അത്ഭുതകരമായ അപ്പമായ മന്ന അവർക്കു മടുത്തു. "ഞങ്ങൾക്ക് ഈജിപ്തിൽ മത്സ്യം, വെള്ളരി, തണ്ണിമത്തൻ എന്നിവ ഉണ്ടായിരുന്നു!" എന്ന് പറഞ്ഞ് അവർ കരയുന്നു. തേൻചേർത്ത ദോശ പോലെ രുചിയുള്ളതായി വിശേഷിപ്പിക്കപ്പെട്ട മന്ന ഇപ്പോൾ അവർക്കു പര്യാപ്തമല്ല - ദൈവത്തിന്റെ കരുതലിനുപകരം പഴയ അടിമ ഭക്ഷണം അവർ ആഗ്രഹിച്ചു.

ഇത് ആമാശയത്തിന്റെ വിഗ്രഹാരാധനയാണ്, ദൈവത്തിന്റെ ദാനങ്ങളെ നിരസിക്കുന്നതാണത്. മന്ന ജീവന്റെ അപ്പമായ ക്രിസ്തുവിനെയാണ് നമ്മുടെ മുന്നിൽ ചിത്രീകരിക്കുന്നത് (യോഹന്നാൻ 6:35). ലോകത്തിന്റെ ക്ഷണികമായ ആനന്ദങ്ങൾക്കായി നാം കൊതിക്കുമ്പോൾ, നാം ഇസ്രായേലിന്റെ പാപത്തെ പ്രതിഫലിപ്പിക്കുന്നു. നാം യേശുവിൽ സംതൃപ്തരാണോ, അതോ ഈജിപ്തിന്റെ മത്തങ്ങയും വെളുത്തുള്ളിയും രഹസ്യമായി കൊതിക്കുന്നുണ്ടോ?

ദൈവത്തിന്റെ കരുതലിനോടുള്ള നന്ദിയില്ലായ്മ, ലൗകികകാര്യങ്ങളോടുള്ള ജഡത്തിന്റെ ആസക്തി, സ്വാർത്ഥമായ അത്യാഗ്രഹം എന്നീ പാപങ്ങൾക്കെതിരെ ഈ ഭാഗം ജാഗ്രത പാലിക്കുവാൻ ആവശ്യപ്പെടുന്നു.

പ്രായോഗികത: ദൈവത്തിൽ ആശ്രയിക്കുന്നതിനുപകരം കഷ്ടപ്പാടുകളെയും ദൈനംദിന പരീക്ഷണങ്ങളെയും കുറിച്ച് നാം പിറുപിറുക്കുന്നുണ്ടോ?

അസംതൃപ്തി കൈകാര്യം ചെയ്യുന്നതിനും, ഭാരമേറിയ ജീവിതഭാരങ്ങൾ പങ്കിടുന്നതിനും, അടിമത്വകാലത്തുണ്ടായിരുന്ന പോരാട്ടങ്ങളെ പ്രണയവൽക്കരിക്കുന്നതിന്റെ അപകടത്തെ തിരിച്ചറിയുന്നുണ്ടോ? ഇസ്രായേല്യർ ഈജിപ്തിനെ സൗജന്യ ഭക്ഷണത്തിന്റെ സ്ഥലമായി തെറ്റായി ഓർമ്മിച്ചു, അവരുടെ കഠിനമായ അടിമത്തം മറന്നു. നൊസ്റ്റാൾജിയ നിങ്ങളെ നിങ്ങളുടെ ജീവിതത്തിന്റെ വർത്തമാന പുരോഗതി നഷ്ടപ്പെടുത്താൻ അനുവദിക്കുന്നുണ്ടോ?

നിലവിലുള്ള സാഹചര്യങ്ങളിൽ നിങ്ങൾ സംതൃപ്തരാണോ? സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പരിശ്രമം പ്രോത്സാഹജനകമാണ്; അതിനു പകരം നിരന്തരം പരാതിപ്പെടുന്നത് ആളുകൾക്ക് ഇപ്പോഴുള്ളതിനെ മറയ്ക്കലാണ്. ഇല്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഉള്ളതിൽ നന്ദിയുള്ളവരായിരിക്കുക.

2. മോശയുടെ അതൃപ്തിയും അപര്യാപ്തതയും (11:10-15).

"10 ജനം കുടുംബംകുടുംബമായി ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവെച്ചു കരയുന്നതു മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി. 11 അപ്പോൾ മോശെ യഹോവയോടു പറഞ്ഞതു: നീ അടിയനെ വലെച്ചതു എന്തു? നിനക്കു എന്നോടു കൃപ തോന്നാതെ ഈ സർവ്വജനത്തിന്റെയും ഭാരം എന്റെമേൽ വെച്ചതെന്തു? 12 മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാൻ ഈ ജനത്തെ ഒക്കെയും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ? 13 ഈ ജനത്തിന്നു ഒക്കെയും കൊടുപ്പാൻ എനിക്കു എവിടെനിന്നു ഇറച്ചി കിട്ടും? അവർ ഇതാ: ഞങ്ങൾക്കു തിന്മാൻ ഇറച്ചി തരിക എന്നു എന്നോടു പറഞ്ഞു കരയുന്നു. 14 ഏകനായി ഈ സർവ്വജനത്തെയും വഹിപ്പാൻ എന്നെക്കൊണ്ടു കഴിയുന്നതല്ല; അതു എനിക്കു അതിഭാരം ആകുന്നു. 15 ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ."

മന്ന പാചകം ചെയ്യുമ്പോൾ തോന്നിയ ചെറിയ മടുപ്പായിരിക്കണം ഒരുപക്ഷെ ആളുകൾ പരസ്പരം പറയാൻ തുടങ്ങിയതും പിന്നീട് അത് പാളയം മുഴുവൻ ഒരു പിറുപിറുപ്പായി പടർന്നു പിടിച്ചതും. "ഹേ മോശേ, ഈ മന്നയല്ലാതെ വേറൊന്നും ഞങ്ങൾക്കു തരാനില്ലേ? വീട്ടിൽ അമ്മമാർ വളരെ കഷ്ടപ്പെട്ട് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരുമ്പോൾ നമ്മുടെയും വായിൽ നിന്ന് മുറിവേൽപ്പിക്കുന്ന ഇത്തരം വാക്കുകൾ വരാറില്ലേ?

അത് യഹോവയിൽ അത്യധികം കോപം ജ്വലിപ്പിച്ചു. തന്റെ കരുതൽ നിരസിച്ചപ്പോൾ, കർത്താവ് തന്നെത്തന്നെ നിരസിച്ചതായി അതിനെ കണ്ടു. കർത്താവിന്റെ മനസ്സിൽ ഇരുവരും ഒരു ചിന്തയായി ഒന്നിച്ചിരിക്കുന്നു. ദൈവവചനം നൽകിയ ദൈവത്തെ തള്ളിക്കളയാതെ ഒരാൾക്ക് ദൈവവചനം തള്ളിക്കളയാൻ കഴിയില്ല. മന്നയുടെ കാര്യത്തിലും ഇതു സത്യമാണ്.

മോശെക്കും ഇത് വലിയ അനിഷ്ടത്തിനു കാരണമായി തീർന്നു. ജനങ്ങൾക്ക് തന്നോടുള്ള മനോഭാവത്തിൽ നിന്നും, ജനങ്ങളോടുള്ള ഉത്തരവാദിത്തം കർത്താവ് തന്റെ മേൽ ചുമത്തിയതിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു ചിന്തയുടെ ഫലമായിരിക്കാം ഇത്. ആശ്വാസം കണ്ടെത്താൻ എവിടേക്കും പോകാനില്ലാത്തവിധം മോശെ ഒരേസമയം രണ്ട് ദിശകളിലേക്ക് നീങ്ങുന്നു.

3. മോശെയേക്കൾ വലിയവൻ വരേണ്ടിയിരിക്കുന്നു.

മോശെ അങ്ങേയറ്റം നിരാശയുടെ വക്കിലെത്തിയിരിക്കുന്നു, മുന്നോട്ട് പോകാൻ തന്നിൽതന്നെ ഒന്നും കണ്ടെത്താൻ തനിക്കു കഴിയുന്നില്ല. ഭാരം തനിക്കു താങ്ങാവുന്നതിലും അപ്പുറമായി മാറിയിരിക്കുന്നു. ഗെത്ത്സെമന തോട്ടത്തിൽ ക്രിസ്തു നിലവിളിച്ചതിന്റെ പ്രതിഫലനമാണിത്, “ഓ എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് നീങ്ങിപ്പോകട്ടെ.” ഭാരം വളരെ വലുതായിരുന്നതിനാൽ മുകളിൽ നിന്ന് സഹായം വരേണ്ടിയിരിക്കുന്നു.

"12 മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാൻ ഈ ജനത്തെ ഒക്കെയും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ?"


“ഞാൻ” എന്ന് മോശ പറയുമ്പോൾ അത് വ്യക്തമാണ്. “ഞാൻ ഗർഭം ധരിച്ചോ?” “ഞാൻ ജനിപ്പിച്ചോ?” അനുസരണക്കേടുള്ള, ബാലിശമായ, സ്വന്തം മക്കളല്ലാത്ത ഒരു ജനതയുടെ മേൽ മോശ നിയമിക്കപ്പെട്ടിരിക്കുന്നു. താൻ അവരെ ജനിപ്പിച്ചവരായിരുന്നെങ്കിൽ, ഒരുപക്ഷെ അവന് അവരെ ഒരു പിതാവായി കാര്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു, പക്ഷേ ഇത് അങ്ങനെയല്ല. അവർ അവന്റേതല്ല, എന്നിട്ടും അവരെ പരിപാലിക്കേണ്ട ഭാരം തന്നിൽ വന്നിരിക്കുന്നു. “ഇത് നിരാശയുടെ, അതൃപ്തിയുടെ ഭാഷയാണ്, എന്നിരുന്നാലും, യിസ്രായേൽ ജനത്തിന്റെ അവിശ്വാസത്തിന്റെ പിറുപിറുപ്പിൽ നിന്ന് വ്യത്യസ്തമാണ്”: കെയ്ൽ എന്ന ദൈവദാസൻ കുറിക്കുന്നു. ദൈവത്തിന്റെ പദ്ധതികളെയോ ഉദ്ദേശ്യങ്ങളെയോ ചോദ്യം ചെയ്യാതെ അവൻ പരിഹാരം തേടുന്നു.


മോശയ്ക്ക് ഭാരം അനുഭവപ്പെട്ടു, തന്റെ ഉത്തരവാദിത്തമല്ലാത്തത് ചെയ്യാൻ സഹായം ആവശ്യമായി വന്നു. യേശു ഭാരം അനുഭവിച്ചു, പക്ഷേ ആവശ്യമുള്ളത് മാത്രം ചെയ്തു, കാരണം അത് അവന്റെ ഉത്തരവാദിത്തമാണ്. വാഗ്ദാനം നൽകപ്പെട്ടിരിക്കുന്നു, അവൻ അവസാനം വരെ അത് നിറവേറ്റും.


ഇത് ന്യായപ്രമാണത്തിന്റെ ബലഹീനതയെ നമുക്ക് കാണിച്ചുതരുന്നു. നിയമത്തിനു നമുക്കുവേണ്ടി മദ്ധ്യസ്ഥത കഴിപ്പാൻ കഴിയുകയില്ല; കല്പന നിറവേറ്റുന്നതിൽ ഒരു ചെറു വിരൽ പോലും അനക്കാൻ നിയമത്തിനു കഴിയുകയില്ല. അതുകൊണ്ടാണ് ഒരു പുതിയ ഉടമ്പടി ആവശ്യമായ് വന്നത്. നിയമത്തിന് ഒരിക്കലും ചെയ്യാൻ കഴിയാത്തതെല്ലാം നിറവേറ്റുന്ന അനന്തമായ മഹത്തായ പുതിയ ഉടമ്പടി-കൃപയിലേക്കാണിത് വിരൽ ചൂണ്ടുന്നത്.


ഈ ചോദ്യങ്ങളിൽ ക്രിസ്തുവിനെ കാണാതിരിക്കാൻ ആർക്കും കഴിയില്ല. ഞാൻ ഗർഭം ധരിച്ചോ? “12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.” (യോഹന്നാൻ 1:12-13). ഞാൻ ജനിപ്പിച്ചോ? “യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു” (1 യോഹന്നാൻ 5:1). അവരെ ... നിങ്ങൾ അവരുടെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശത്തേക്ക് കൊണ്ടുപോകുക ... “3 സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം,” (കൊലൊസ്സ്യർ 1:3).


"13 ഈ ജനത്തിന്നു ഒക്കെയും കൊടുപ്പാൻ എനിക്കു എവിടെനിന്നു ഇറച്ചി കിട്ടും? അവർ ഇതാ: ഞങ്ങൾക്കു തിന്മാൻ ഇറച്ചി തരിക എന്നു എന്നോടു പറഞ്ഞു കരയുന്നു.”


മന്ന ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും സന്തോഷത്തിനും പര്യാപ്തമല്ല എന്നതിൽ അവർക്ക് സാധുവായ ഒരു കാരണം ഉണ്ടെന്ന് മോശെ സമ്മതിക്കുന്നതുപോലെ. കാരണം, ചിലർ മോശയെ ശകാരിക്കുന്നു. തീർച്ചയായും ഇത് അങ്ങനെയല്ല. മോശയ്ക്ക് ആശങ്കയുള്ളത് ഒരു കലാപസാദ്ധ്യതയും സ്വന്തം മരണവുമാണ്.


തങ്ങളുടെ വിധിയെക്കുറിച്ച് അസ്വസ്ഥരായ ദശലക്ഷക്കണക്കിന് ആളുകളുടെ കോപവും അവിശ്വാസവും നിങ്ങൾ എങ്ങനെ ശമിപ്പിക്കും? മന്നയിൽ തൃപ്തരാകാൻ അവരോട് പറയുന്നത് ശരിയായിരിക്കാം, പക്ഷേ അത് അദ്ദേഹത്തിന്റെ വിധിയെ ഒരു തരത്തിലും മെച്ചപ്പെടുത്തില്ല. മുമ്പത്തെ വാക്യത്തിലെ അതേ രീതിയിൽ ഇത് ഒരു വാചാടോപപരമായ ചോദ്യമാണ്, അതിൽ കൂടുതലൊന്നുമില്ല. എങ്ങനെയാണ് താൻ ഈ അവസ്ഥയിൽ എത്തിയതെന്ന് മോശെ ചോദിക്കുന്നു, മോശെക്ക് ആശ്വാസം ആവശ്യമാണ്...

"14 ഏകനായി ഈ സർവ്വജനത്തെയും വഹിപ്പാൻ എന്നെക്കൊണ്ടു കഴിയുന്നതല്ല; അതു എനിക്കു അതിഭാരം ആകുന്നു."

പുറപ്പാട് 18-ൽ, തന്റെ ഭരണപരവും നീതിന്യായപരവുമായ ചുമതലകളിൽ മോശയുടെ ഭാരം കുറയ്ക്കുന്നതിന് ആളുകളെ ആയിരത്തിനും നൂറിനും പത്തിനും അധിപതിമാരെ നിയമിക്കുവാൻ മോശെയുടെ അമ്മായിയപ്പനായ ജെത്രോ ശുപാർശ ചെയ്തിരുന്നു. അത് ഇവിടെ പരിഗണിക്കേണ്ട കാര്യമല്ല. ആ തരത്തിലുള്ള ശേഷിയിൽ ഏൽപ്പിക്കാനോ തീരുമാനിക്കാനോ കഴിയാത്ത ഒന്നാണിത്. ആ നേതാക്കളിൽ മിക്കവരും സമ്മതിച്ചേക്കാവുന്ന ഒരു പകർച്ചവ്യാധിയായ അതൃപ്തിയുടെ വളർച്ചയാണിത്. അല്ലെങ്കിലും, ആ നേതാക്കൾക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല.

മോശ തന്റെ ജോലി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. പകരം, ഒരു മനുഷ്യന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആവശ്യമുള്ള ഒരു കാര്യം കൈകാര്യം ചെയ്യുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. എന്നാൽ ഇവിടെ തന്റെ മുമ്പിലുള്ള കാര്യം പരിഹരിക്കാൻ ദൈവത്തിന് മാത്രമേ കഴിയു. ഭാരം വളരെ വലുതായിരുന്നു, അവന്റെ കഴിവുകളിലൂടെ ആശ്വാസ മാർഗ്ഗങ്ങൾ കൈവരിക്കാൻ തനിക്കു കഴിഞ്ഞില്ല.

"15 ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. " (if you treat me like this, please kill me, I pray, kill).

ഇങ്ങനെ നീ എന്നോട് ചെയ്യുകയാണെങ്കിൽ, എന്നെ കൊല്ലേണമേ എന്ന് താൻ പ്രാർത്ഥിക്കുന്നു. ഹെബ്രായ ഭാഷയിൽ “കൊല്ലുക” എന്ന വാക്ക് രണ്ടു തവണ ആവർത്തിച്ചിരിക്കുന്നതു കാണാം. അദ്ദേഹത്തിന്റെ അഭ്യർത്ഥനയുടെ വികാരഭരിതമായ സ്വഭാവത്തെ അത് എടുത്ത് കാണിക്കുന്നു. ഈ പ്രക്ഷുപ്തമായ അവസ്ഥ ഒരു നിമിഷം കൂടി നീണ്ടുനിൽക്കുന്നതിനേക്കാൾ മരണം താൻ കാംക്ഷിക്കുന്നു. പെട്ടകത്തിന് മുന്നിൽ മുട്ടുകുത്തി, കണ്ണുകൾ ഉയർത്താൻ കഴിയാതെ, വേദനയോടെ നിലവിളിച്ചുകൊണ്ട് അദ്ദേഹം ചുരുണ്ടുകൂടിയിരിക്കുന്നതായി നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയും. വീണ്ടും, ഗെത്ത്സെമന തോട്ടത്തിലെ യേശുവിനോടുള്ള സമാന്തരം ശ്രദ്ധേയമാണ്.

ഏലിയാവ് ആവശ്യപ്പെട്ടത് ഇതാണ്, “ഇപ്പോൾ, കർത്താവേ, എന്റെ ജീവൻ എടുക്കുക, കാരണം ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ല!” യോനാ ആവശ്യപ്പെട്ടതും അതുതന്നെയാണ്, “അതുകൊണ്ട് ഇപ്പോൾ, കർത്താവേ, ദയവായി എന്റെ ജീവൻ എന്നിൽ നിന്ന് എടുക്കുക, കാരണം ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലത്!” ഔദ്യോഗിക ചുമതലയുടെ ഭാരം ഈ പ്രവാചകന്മാരെ തളർത്തി, പക്ഷേ അവരെ ഓരോരുത്തരെയും അവരെ വിളിച്ച യുദ്ധത്തിന്റെ മറ്റൊരു ദിവസത്തേക്ക് കർത്താവു വഹിച്ചു.

15 "...ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. "

ജീവനോടെ അവരുടെ കയ്യിൽ വീഴുന്നതിനേക്കാൾ മരണം ഒരു അനുഗ്രഹമായിരിക്കുമെന്നതാണ് ഇവിടെയുള്ള ചിന്ത. അതിനാൽ ഒരു കൃപ എന്ന നിലയിൽ മരണത്തിനായി യാചിക്കുന്നു.

*15 "... എന്റെ അരിഷ്ടത ഞാൻ കാണരുതേ."

"എന്റെ ദുരിതം കാണുക" എന്നാൽ അതിലൂടെ ജീവിക്കുക എന്നാണ്. മോശ തന്റെ മരണത്തിന്റെ വക്കിലാണ്. എന്നാൽ അവൻ മരിക്കാൻ മാത്രം ആഗ്രഹിച്ചില്ല. അത് മനുഷ്യന്റെ യഥാർത്ഥ കരുതലുള്ള സ്വഭാവത്തെ കാണിക്കുന്നു. അവൻ തന്റെ ജനത്തിന് ഏറ്റവും നല്ലത് ആഗ്രഹിച്ചു, കർത്താവിനായി ഏറ്റവും മികച്ചത് ചെയ്യാൻ അവൻ ആഗ്രഹിച്ചു, പക്ഷേ ഇതിൽ, അവന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തന്റെ കഴിവിനപ്പുറം ചെയ്യുന്നത് പരാജയമായിരിക്കും, തീർച്ചയായും ജനങ്ങളുടെ ദൃഷ്ടിയിൽ അവൻ പരാജയപ്പെടും. അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ അവനു കഴിഞ്ഞില്ല.

ദുഃഖകരമായ ഒരു കാര്യം ഇവിടെ പറയട്ടെ, ഇവിടെ അവസാനിപ്പിക്കാൻ പറ്റിയ കാര്യമായി ഞാൻ അതിനെ കാണുന്നു. യഹൂദന്മാർ മോശയെ അവരുടെ വലിയ നിയമദാതാവായി കാണുന്നു, തീർച്ചയായും അവൻ അങ്ങനെതന്നെയാണ്. എന്നാൽ മോശയുടെ പങ്ക് ഉൾപ്പെടെ നിയമത്തെ അവർ ശരിക്കും നോക്കിയാൽ, അതിൽ ഒരു പ്രതീക്ഷയുമില്ലെന്ന്, അവനിൽ ഒരു പ്രതീക്ഷയുമില്ലെന്നും, പിന്തുടരുന്നതിൽ വ്യർത്ഥത മാത്രമേയുള്ളൂവെന്നും അവർ കാണും. സംതൃപ്തി വരുന്ന ഏക സ്ഥലം കർത്താവാണ്. സന്തോഷം വരുന്ന ഏക സ്ഥലം കർത്താവാണ്, പ്രത്യാശ വരുന്ന ഏക സ്ഥലം കർത്താവാണ്. മോശയിൽ ആശ്രയിക്കുക, നിയമത്തിൽ ആശ്രയിക്കുക, അല്ലെങ്കിൽ മോശയുടെ ന്യായപ്രമാണത്തിൻ കീഴിലുള്ള സ്വന്തം നേട്ടങ്ങളിൽ ആശ്രയിക്കുക എന്നിവയെല്ലാം വ്യർത്ഥതയിലേക്കും അസംതൃപ്തിയിലേക്കും നയിക്കും. ഒടുവിൽ, അത് മരണത്തിലേക്ക് നയിക്കും.

ജീവിതത്തിന്റെ ആനന്ദവും നിത്യജീവിതത്തിൽ കണ്ടെത്തുന്ന സന്തോഷവും, മോശെ തന്റെ ഭാരം ഏറ്റെടുക്കാൻ അപേക്ഷിച്ചവനിലൂടെ മാത്രമേ അനുഭവിക്കാൻ കഴിയൂ. ആ ഭാരം, ആത്യന്തിക അർത്ഥത്തിൽ, നിയമത്തിന്റെ നുകം തന്നെയാണ്. മോശെ അപേക്ഷിച്ചവൻ ആ ഭാരം കാൽവരി കുരിശിലേക്ക് കൊണ്ടുപോയി, അവിടെ ആ ഭാരം അവൻ ദൂരെ എറിഞ്ഞു കളഞ്ഞു. അതിന്റെ സ്ഥാനത്ത് മെച്ചപ്പെട്ട ഒന്ന്, ഭാരം കുറഞ്ഞതും എളുപ്പമുള്ളതുമായ ഒന്ന്, മഹത്വമുള്ള ഒന്ന് ഉണ്ട്.

സമാപന വാക്യം: “28 അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.29 ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും. 30 എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” മത്തായി 11:28-30.

കർത്താവ് നിങ്ങളെ കൃത്യമായി എവിടെയാണോ കാണുന്നത് അവിടെയാണ് നിങ്ങൾ. അവൻ നിങ്ങളെ കുറിച്ച് ഒരു നല്ല പദ്ധതിയും ലക്ഷ്യവും വെച്ചിരിക്കുന്നു. ചിലപ്പോഴൊക്കെ നിങ്ങൾ ഒരു മരുഭൂമിയിൽ വഴിതെറ്റി അലഞ്ഞുനടക്കുന്നതുപോലെ തോന്നിയേക്കാം. എന്നാൽ കർത്താവ് അവിടെയുണ്ട്, നിങ്ങളെ വാഗ്ദത്ത ദേശത്തേക്ക് ശ്രദ്ധാപൂർവ്വം നയിക്കുന്നു. അതിനാൽ അവനെ പിന്തുടരുക, അവനിൽ വിശ്വസിക്കുക, അവൻ നിങ്ങൾക്കുവേണ്ടിയും നിങ്ങളിലൂടെയും അത്ഭുതകരമായ കാര്യങ്ങൾ ചെയ്യും.

അപ്പോൾ സഹോദരീസഹോദരന്മാരേ, നമുക്ക് നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കാം. നാം പിറുപിറുക്കുന്നുണ്ടോ അതോ വിശ്വസിക്കുന്നുണ്ടോ? ലോകത്തെ കൊതിക്കുകയാണോ അതോ ക്രിസ്തുവിനെ ആസ്വദിക്കുകയാണോ? ഭാരങ്ങൾ നമ്മെ ഞെരുക്കുമ്പോൾ, നമുക്ക് അവന്റെ അടുക്കലേക്ക് ഓടാം. “കർത്താവേ, ഞങ്ങളുടെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം” എന്ന് പറയുന്ന ഒരു ജനമായി നമ്മെ മാറ്റാൻ അവന്റെ ആത്മാവിനായി നമുക്ക് പ്രാർത്ഥിക്കാം.

നമുക്കു പ്രാർത്ഥിക്കാം

കർത്താവായ ദൈവമേ, ഞങ്ങൾ ഇപ്പോഴും ഒരു മരുഭൂമിയിലാണ്
നിന്നാൽ നയിക്കപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നീ നയിക്കുന്നില്ലെങ്കിൽ ഞങ്ങളുടെ ജീവിതം ആകെ താറുമാറാകും (chaos). അതിനാൽ ഞങ്ങളുടെ വഴികാട്ടിയാകണമേ, ദൈവമേ; വിശ്വസ്തനും സത്യവാനുമായ നാഥാ, ഈ തരിശുഭൂമിയിൽ വെള്ളത്തിനായി ഞങ്ങൾ ദാഹിക്കുന്നു. അത് പാറയിൽ നിന്ന് ഒഴുകി, ഞങ്ങളുടെ ആത്മാക്കളെ തൃപ്തിപ്പെടുത്തട്ടെ. ഈ ഉന്മേഷദായകവും ആത്മീയവുമായ കരം ഞങ്ങൾക്ക് നേരെ നീട്ടേണമെ. ഞങ്ങൾ ആ കരം പിടിച്ചു ദിവസേനയെന്നോണം നടക്കട്ടെ. ഞങ്ങൾ നിന്നിൽ മാത്രം സംതൃപ്തരും സന്തോഷഭരിതരുമായിരിക്കട്ടെ. സ്തുതിഗീതങ്ങൾ ആലപിച്ചു കൊണ്ട് ഞങ്ങൾ നിന്നെ അനുഗമിക്കും. നീ കാണിച്ചുതന്ന നിന്റെ പാത ഞങ്ങൾക്ക് ആമോദമാകട്ടെ ഞങ്ങളുടെ എല്ലാ ജീവിതസാഹചര്യങ്ങളിലും ഞങ്ങൾ നിനക്കു പാട്ടു പാടും. ആമേൻ.

*******
Heading 6

© 2020 by P M Mathew, Cochin

bottom of page