top of page

The blessed life
അനുഗ്രഹീത ജീവിതം

OT Sermon Series_06

P M Mathew

28-05-2017

The blessed life
അനുഗ്രഹീത ജീവിതം
Deuteronomy 28:1-14

ഒരു നല്ലജീവിതം/അനുഗ്രഹീത ജീവിതം എങ്ങനെ സാദ്ധ്യമാക്കാം എന്നതിനെ വിശദീകരിക്കുന്ന ഒരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

ആവർത്തനം 28:1-14

1 നിന്റെ ദൈവമായ യാഹ്വെയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യാഹ്വെ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും. 2 നിന്റെ ദൈവമായ യാഹ്വെയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും; 3 വയലിൽ നീ അനുഗ്രഹിക്കപ്പെടും.
4 നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും. 5 നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും. 6 അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. 7 നിന്നോടു എതിർക്കുന്ന ശത്രുക്കളെ യാഹ്വെ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽ നിന്നു ഓടിപ്പോകും. 8 യാഹ്വെ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യാഹ്വെ നിനക്കു തരുന്ന ദേശത്തു അവൻ നിന്നെ അനുഗ്രഹിക്കും. 9 നിന്റെ ദൈവമായ യാഹ്വെയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യാഹ്വെ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും. 10 യാഹ്വെയുടെ നാമം നിന്റെ മേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും. 11 നിനക്കു തരുമെന്നു യാഹ്വെ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യാഹ്വെ നിന്റെ നന്മെക്കായി ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നല്കും. 12 തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യാഹ്വെ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല. 13 ഞാൻ എന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യാഹ്വെയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യാഹ്വെ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല. 14 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു."

എല്ലാവരും അനുഗ്രഹിക്കപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നിങ്ങൾ ശപിക്കപ്പെടണമെന്ന് ദൈവം ഒരിക്കലും ആഗ്രഹിക്കുന്നില്ല, നാം അനുഗ്രഹിക്കപ്പെടണമെന്ന് ദൈവം ഇച്ഛിക്കുന്നു.

പുരാതനകാലത്ത് നിലവിലിരുന്ന ഉടമ്പടിയുടെ ശൈലിയിലാണ് മോശെ ആവർത്തനപുസ്തകം എഴുതിയിരിക്കുന്നത്. അന്നത്തെ കാലത്ത് ഒരു ശക്തനായ രാജാവും എന്നാൽ അതിനേക്കാൾ ശക്തികുറഞ്ഞ രാജാവും തമ്മിൽ ഉടമ്പടികൾ വെക്കുന്ന പതിവ് ഉണ്ടായിരുന്നു. ശക്തനായ രാജാവ് പറയും: “ഈ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിച്ചാൽ നിങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾ ഇതൊക്കെ ആയിരിക്കും. എന്നാൽ നിങ്ങൾ ഈ ഉടമ്പടി വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിങ്ങൾക്ക് വന്നുഭവിക്കുന്ന അനർത്ഥങ്ങൾ ഇവയൊക്കെ ആയിരിക്കും.

അതേശൈലിയിൽ തന്നെയാണ് ദൈവം തന്റെ ജനത്തോടും സംസാരിക്കുന്നത്. തന്നെ അനുഗമിച്ചാൽ ഇന്ന ഇന്ന കാര്യങ്ങൾ നിങ്ങൾക്കു ലഭിക്കും പരാജയപ്പെട്ടാൽ നിങ്ങൾക്ക് ഇന്ന ഇന്ന അനർത്ഥങ്ങൾ വരും. ഇത് വളരെ വ്യക്തമായും ലളിതമായും അവതരിപ്പിച്ചിരിക്കുകയാണ് താൻ ഇവിടെ. അതായത്, നിങ്ങൾ എന്നെ ദൈവമായി കാണുകയും അനുസരിക്കുകയും ചെയ്താൽ ഇന്നയിന്ന നന്മകൾ നിങ്ങൾക്ക് ഉണ്ടാകും. നിങ്ങൾ എന്നെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ പിൻപറ്റിയാൽ ഈ അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന അനർത്ഥങ്ങൾ/ശാപങ്ങൾ നിങ്ങളുടെമേൽ വന്നു ഭവിക്കും.

ഒരു നല്ല ജീവിതം എന്നു പറയുന്നത് എന്താണ് എന്നാണ് 1-14 വരെ വാക്യങ്ങളിൽ വിശദീകരിക്കുന്നത്. അതു അല്പമായി ചിന്തിക്കാം.

1. ഒരു നല്ല ജിവിതം എങ്ങനെയുള്ള ജീവിതമാണ്? What life is a good life?

ഒരു നല്ല ജീവിതം എന്നു പറഞ്ഞാൽ ഇവിടെ നൽകിയിരിക്കുന്ന ലിസ്റ്റിൻ പ്രകാരമുള്ള അനുഗ്രഹപൂർണ്ണമായ ഒരു ജീവിതമാണ്. അതല്ലെങ്കിൽ ശേഷിക്കുന്ന ഭാഗങ്ങളിൽ പറഞ്ഞിരിക്കുന്ന ശാപങ്ങൾ ഇല്ലാത്തതായ ജിവിതം. ഇവിടെ പറഞ്ഞിരിക്കുന്ന അനുഗ്രഹമെന്ന് പറയുന്നത് അബ്രാഹമിനു ദൈവം വാഗ്ദത്തം നൽകിയ അനുഗ്രഹത്തിന്റെ ഒരു തുടർച്ച/extention ആണ്. ദൈവം അബ്രാഹത്തെ വിളിച്ചപ്പോൾ തനിക്ക് ഉന്നതമായൊരു പേര്, വലിയൊരു ദേശം, വലിയൊരു ജനം എന്നിവ നൽകാം എന്ന് താൻ വാഗ്ദത്തം ചെയ്തു. അതേ സഭാവത്തിലുള്ള അനുഗ്രഹങ്ങളാണ് ഇവിടെയും നൽകിയിരിക്കുന്നത്. ഭൂമിയിലെ സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും (1) “നിന്റെ സമ്പത്ത് വർദ്ധിപ്പിക്കും (2)” സന്താന സമൃദ്ധിയുള്ളവരാക്കി എണ്ണത്തിൽ വർദ്ധിപ്പിക്കും(3). നീ മറ്റുള്ളവർക്കു ഒരു അനുഗ്രഹമായി മാറും (4). പത്താം വാക്യത്തിൽ “സകലജാതികളും നിന്നെ ഭയപ്പെടും” (10) എന്നു നാം വായിക്കുന്നു. ഇതാണ് ഇവിടെ വാഗ്ദത്തം ചെയ്യുന്ന നല്ല ജീവിതം എന്നു പറയുന്നത്. ഉന്നതമായൊരു പേര്, വലിയൊരു ദേശം, വലിയൊരു ജനം, മറ്റുള്ളവർ നിങ്ങൾമൂലം അനുഗ്രഹിക്കപ്പെടുക.

ദൈവം നമ്മേ അനുഗ്രഹിക്കുവാൻ ആഗ്രഹിക്കുന്ന ദൈവമാണ്. ദൈവത്തിന്റ അനുഗ്രഹങ്ങൾക്കായി നാം വാതിൽ തുറന്നു കൊടുക്കുന്നത് നമ്മുടെ ദൈവത്തോടുള്ള അനുസരണത്തിന്റേയും, സ്നേഹത്തിന്റേയും നന്ദിയുടെയും അടിസ്ഥാനത്തിലാണ്. ദൈവം സകലത്തിനും പരമാധികാരിയായതിനാൽ താൻ ആഗ്രഹിക്കുന്നതു പോലെ നമ്മുടെ നന്മക്കും തന്റെ മഹത്വത്തിനുമായി നമ്മേ അനുഗ്രഹിക്കുവാൻ തനിക്കു കഴിയും.

രണ്ടാം വാക്യത്തിൽ നം കാണുന്നത് ഈ അനുഗ്രഹങ്ങൾ നിന്റേമേൽ വരും, and all these blessings will “overtake you” (v. 2). അത് അർത്ഥമാക്കുന്നതെന്തെന്നാൽ ഒന്നാമതായി, ഈ അനുഗ്രഹങ്ങൾ നിന്നെ പിന്തുടരും. രണ്ടാമതായി, നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും അവ നിന്നെ പിന്തുടർന്ന് പിടിക്കുന്നത്. അതായത്, ഒരു വേട്ടക്കാരൻ ഇരയെ പിന്തുടർന്നു പിടിക്കുന്നതുപോലെ അനുഗ്രഹങ്ങൾ നിന്നെ പിന്തുടർന്നു പിടിക്കും. അനേകം ആൾക്കാരും അനുഗ്രഹം തേടി അങ്ങനെ പരക്കം പായുകയാണ്. എന്നാൽ അനുഗ്രഹങ്ങൾ വരുന്ന വഴി അതല്ല. ഇനി ദൈവത്തിന്റെ അനുഗ്രഹങ്ങൾക്കു പിന്നാലേയാണ് നിങ്ങൾ എങ്കിൽ ദൈവം നിങ്ങൾക്ക് രണ്ടാമതായി തീരും. അതായത്, പലരുടേയും ഹൃദയത്തിന്റെ ഏറ്റവും വലിയ ആഗ്രഹം അനുഗ്രഹമാണ്, ദൈവമല്ല. ദൈവത്തിന്റെ അനുഗ്രഹങ്ങളെ പിന്തുടരാൻ ആഗ്രഹിക്കുന്നവർ വാസ്തവത്തിൽ അനുഗ്രഹിക്കപ്പെടുന്നില്ല എന്ന് അങ്ങനെയുള്ളവർ ഓർക്കണം. എന്നാൽ ഒരുവൻ ദൈവത്തെ പിന്തുടർന്നാൽ, അവനെ ദൈവത്തിന്റെ അനുഗ്രഹങ്ങൾ പിന്തുടർന്ന് പിടിക്കും. മൂന്നാമതായി നമുക്കു പറയാൻ കഴിയുന്ന കാര്യം, ദൈവം അനുഗ്രഹിക്കുന്ന സമയം എപ്പോഴെന്ന് നാം അറിയുന്നില്ല എന്ന കാര്യമാണ്. ദൈവം എപ്പോഴതു സംഭവിക്കണം എന്ന് ഇച്ഛിക്കുന്ന സമയത്തെ അതു സംഭവിക്കു.

ഈ അദ്ധ്യായത്തിൽ 66 വാക്യങ്ങൾ ഉള്ളതിൽ കേവലം 14 വാക്യങ്ങൾ മാത്രമാണ് അനുഗ്രഹത്തിനു നീക്കിവെച്ചിരിക്കുന്നത് ബാക്കിയുള്ള 52 വാക്യങ്ങളും ശാപത്തിനായി നീക്കുവെച്ചിരിക്കുന്നു. എന്തുകൊണ്ടാണ് എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരം ദൈവത്തിന്റെ കരുണ എന്നാണ് അതിനുത്തരം. നാം അപകടത്തിൽ ചെന്നു ചാടാതിരിക്കുവാൻ മുന്നമെ തന്നെ ദൈവം വളരെ വ്യക്തമായി അതിനുള്ള മുന്നറിയിപ്പ് നൽകുന്നു. പിന്നെ, നമുക്ക് തിരുത്തുവാനുള്ള സമയം നൽകുന്നതിനാണ് താനതങ്ങനെ ദീർഘമായി പ്രതിപാദിച്ചിരിക്കുന്നത്. ഉദാഹരണത്തിനു വിഷം സൂക്ഷിച്ചിരിക്കുന്ന ഒരു കുപ്പിയുടെ പുറത്ത് അത് വ്യക്തമായി എഴുതിവെച്ചാൽ, പിന്നെ ആരും അറിയാതെ എടുത്തുകുടിക്കുകയില്ലല്ലൊ. എന്നാൽ ആ കുപ്പിക്ക് പുറത്ത് വ്യക്തമായി എഴുതിവെച്ചില്ലെങ്കിൽ ആളുകൾക്ക് അബദ്ധം പറ്റാം. അങ്ങനെ സംഭവിക്കാതിരിക്കാനാണ്. ആ ശാപത്തിന്റെ പാത വ്യക്തമായി ഇവിടെ വിശദീകരിച്ചിരിക്കുന്നത്.

2. ഈ അനുഗ്രഹത്തിന്റെ പാത എങ്ങനെയാണ് നമുക്കു തുറന്നുകിട്ടുക? (How can this path of blessing be opened to us?)

അനുഗ്രഹത്തിന്റെ പാതയിലേക്കു വരുന്നതിനു മുന്നമേ നാം ഓർക്കേണ്ട ഒരു സംഗതി, ദൈവത്തോടു ഉടമ്പടി ബന്ധത്തിൽ ആയ ഒരു ജനസമൂഹത്തിനാണ് മോശെ ഈ വാഗ്ദത്തങ്ങൾ നൽകുന്നത്. ബൈബിളിലെ ദൈവമായ യാഹ്വെയെ അറിയാത്തവർ ആദ്യമായി ചെയ്യേണ്ടത് ഈ ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിലേക്കു വരുക എന്നതാണ്. അതിനുള്ള മാർഗ്ഗം ഞാനൊരു പാപിയാണ് എന്നും ദൈവത്തിന്റെ നിയമങ്ങൾ ലംഘിക്കുന്നതിനാൽ ഞാൻ ദൈവത്തിന്റെ ശത്രുവാണ് എന്ന് സമ്മതിക്കുക. രണ്ടാമതായി, യേശുക്രിസ്തുവിന്റെ കാല്വരിയിലെ പാപപരിഹാരബലിയിൽ വിശ്വസിച്ച് പാപമോചനവും നിത്യജീവനും പ്രാപിക്കുക എന്നതാണ്. അപ്പോൾ മാത്രമെ ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിൽ ആയിത്തീരുവാൻ നിങ്ങൾക്കു കഴിയുകയുള്ളു. അപ്പോൾ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിങ്ങളുടെ ഉള്ളിൽ വരും. ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിങ്ങളുടെ ഉള്ളിൽ ഉണ്ടെങ്കിൽ മാത്രമെ ദൈവത്തിന്റെ വചനം മനസ്സിലാക്കാനും അനുസരിക്കാനും നിങ്ങൾക്കു സാധിക്കു.

അങ്ങനെയുള്ളവർക്കാണ് അനുഗ്രഹത്തിന്റെ പാതയിൽ മുന്നേറാൻ കഴിയു. രണ്ടാം വാക്യം: “നിന്റെ ദൈവമായ യാഹ്വെയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും” നിങ്ങൾ അനുഗ്രഹത്തിന്റെ പാതയിലാണ്. ഒന്നാം വാക്യവും ഇത് നമ്മോടു പറയുന്നു : “നിന്റെ ദൈവമായ യാഹ്വെയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ”. ഈ അദ്ധ്യായം നോക്കിയാൽ അനുസരണത്തിന്റെ ഫലമായി അനുഗ്രഹവും അനുസരണക്കേടിന്റെ ഫലമായി ശാപവും വരുന്നു. എന്നാൽ ഈ അനുസരണം എങ്ങനെയാണ് വരുന്നത്?

ചിലർ അതിനെക്കുറിച്ച് ചിന്തിക്കുന്നത്, നമ്മുടെ അനുസരണത്തിന്റെ ലെവൽ അനുസരിച്ചാണ് അനുസരണവും ശാപവും വരുന്നത് എന്നാണ്. യിസ്രായേലിന്റെ ചരിത്രം പരിശോധിച്ചാൽ അങ്ങനെയല്ല എന്നു കാണാൻ കഴിയും.

അവരുടെ ചരിത്രം നോക്കിയാൽ അവരുടെ അനുസരണം കൂടിയും കുറഞ്ഞും ഇരുന്നു എന്നു കാണാം. ഈ അദ്ധ്യായത്തിൽ മോശെ മുന്നറിയിപ്പ് നൽകിയതുപോലെ, അവരുടെ അനുസരണക്കേട്/ അവരുടെ മത്സരം അവരെ 586 B.C. യിൽ പ്രവാസത്തിലേക്ക് പോകാൻ ഇടയാക്കി. എന്നാൽ പ്രവാസത്തിൽ നിന്നു മടങ്ങിവന്ന യിസ്രായേൽ ജനം ഇനി അങ്ങനെ സംഭവിക്കരുത് എന്നു കരുതി വളരെ വിശദമായ ന്യായപ്രമാണത്തിന്റെ ലിസ്റ്റുണ്ടാക്കി അനുസരിക്കുവാൻ ശ്രമിച്ചു. എന്നാൽ അതു വർക്കായില്ല. അതിന്റ് ഫലമായിട്ടാണ് പരീശന്മാർ എന്ന ഒരു വർഗ്ഗം തന്നെ ഉണ്ടായത്. യേശുക്രിസ്തു ജഡത്തിൽ വെളിപ്പെട്ടപ്പോൾ, യേശുക്രിസ്തുവിന്റെ ഏറ്റവും വലിയ ശത്രുക്കൾ ദൈവത്തെ അനുസരിക്കാൻ എരിവുകാണിച്ച ഈ പരീശ വർഗ്ഗമായിരുന്നു.

ആവർത്തനപുസ്തകം 28 ൽ മൊശെ പഠിപ്പിച്ചത് എന്താണ് എന്ന് മനസ്സിലാക്കാതിരുന്നതാണ് അതിന്റെ പ്രശ്നമെന്നു പറയുന്നത്. ദൈവത്തോടുള്ള relationship ൽ/ ബന്ധത്തിൽ മാത്രമെ ഈ അനുസരണം നമ്മിൽ സാദ്ധ്യമാകു എന്ന കാര്യമാണ്. 20-ാം വാക്യത്തിൽ നാം വായിക്കുന്നത് അവർ ദൈവത്തെ ഉപേക്ഷിച്ചതിന്റെ ഫലമാണ് അവരിൽ കഷ്ടത നേരിടേണ്ടിവന്നത് എന്നാണ്. “എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്‌പ്രവൃത്തികൾ നിമിത്തം ...” 47 ൽ നാം കാണുന്നത് അവർ തങ്ങളുടെ “നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ (യാഹ്വെ) സേവിക്കായ്കകൊണ്ടു...”. അതായത്, അവർക്ക് ലഭിച്ച സമൃദ്ധിയിൽ അവർ നന്ദിയില്ലാത്തവരായി തീർന്നു. വീണ്ടും 58 ൽ നാം വായിക്കുന്നത്: “നിന്റെ ദൈവമായ യാഹ്വെ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ” എന്നാണ്. അനുസരണത്തിന്റേതായ ഒരു ജീവിതം നയിക്കുവാൻ ദൈവത്തെ അറിയുകയും ദൈവാശ്രയത്തിലൂടെയുള്ള ഒരു ബന്ധവും നമുക്കാവശ്യമാണ്.
കാർത്താവിന്റെ വരവിനു ശേഷം ജീവിക്കുന്ന നമ്മേ സംബന്ധിച്ചിടത്തോളം ദൈവത്തോടുള്ള ഒരു നല്ല ബന്ധം ഉണ്ട് എന്ന നേട്ടം നമുക്കുണ്ട്. യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹം നാം അറിയുന്നു. പുതിയനിയമം നമ്മോടു പറയുന്നതെന്തെന്നാൽ, നമ്മുടെ രക്ഷ ഈ അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന അനുഗ്രഹത്തിനും ശാപത്തിനും അനുസാരമാണ് എന്ന കാര്യമാണ്. എഫെ 1:3 പൗലോസ് പറയുന്നു: “സ്വർഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹങ്ങളാലും ക്രിസ്തുയേശുവിൽ നാം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.” ഇന്ന് ക്രിസ്തുവിൽ ആയവരെ ദൈവത്തിന്റെ അനുഗ്രഹം പിന്തുടരുന്നു.

വീണ്ടും ഗലാ 3:13 ൽ യേശുക്രിസ്തുവിന്റെ മരണത്തെക്കുറിച്ചു പൗലോസ് പറയുമ്പോൾ ഈ അദ്ധ്യായത്തിൽ പറയുന്ന ശാപത്തിന്റെ വാക്കുകൾ അവിടെ നമുക്കു കാണുവാൻ കഴിയും. ഗലാ 3:14 “അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നേ” അതായത്, ക്രിസ്തുവിലുടെ ദൈവത്തിന്റെ സ്നേഹം സ്വീകരിക്കുന്നതിലൂടെയാണ് നാം അനുഗ്രഹത്തിന്റെ പാതയിൽ ആയിത്തീരുന്നത്. കാരണം ക്രിസ്തുവിലൂടെ നാം ദൈവത്തെ അറിയുകയും സന്തോഷത്തോടെ നാം അവനെ സേവിക്കയും ചെയ്യുന്നു.

3. എങ്ങനെയാണ് ആ നല്ല ജീവിതം ജീവിക്കുവാനായി നമുക്കു സാധിക്കുക? (How can we live that good life?)

ഒരു നല്ല ജിവിതം എങ്ങനെയുള്ള ജീവിതമാണ് എന്നു നാം കണ്ടു. അങ്ങനെയുള്ള അനുഗ്രഹത്തിന്റെ പാതയിലേക്കു വരാനുള്ള വഴി കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിലേക്കു വരുക എന്നതാണ്. അങ്ങനെയുള്ളവർക്കു ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.

ക്രിസ്തുവിലൂടെ ദൈവത്തോട് ഒരു നല്ലബന്ധത്തിലായി കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് ആ നല്ല ജീവിതം നയിക്കാനായി സാധിക്കുക? മറ്റൊരു രീതിയിൽ പറഞ്ഞാൽ, അനുസരണ ത്തിന്റേതായ പാതയിൽ നടക്കുന്നതിനു നമുക്കുള്ള പ്രചോദനം എന്തായിരിക്കണം? വാക്യം 47 അതിനുള്ള ഉത്തരം നമുക്കു നൽകുന്നു. “നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ (യാഹ്വെ) സേവിക്കുക.” ദൈവം നമ്മേ സ്നേഹിച്ചതിനാൽ നാം ദൈവത്തെ ഉന്മേഷത്തോടും ഹൃദയസന്തോഷത്തോടും കൂടെ സേവിക്കുക. നാം ആ സ്നേഹം സ്വീകരിക്കുകയും ആ സ്വസ്ഥതയിൽ ദൈവത്തെ അനുസരിക്കുകയും ചെയ്യുക. ഈ അനുഗ്രഹങ്ങളും ശാപങ്ങളും വിശ്വസിക്കയും ദൈവത്തിന്റെ സ്നേഹത്തിൽ നമുക്ക് സ്വസ്ഥത കണ്ടെത്തി ദൈവത്തെ അനുസരിക്കുവാൻ നാം പരിശ്രമിക്കുകയും ചെയ്യുന്നു.
ദൈവസ്നേഹത്തേക്കാൾ നമ്മെ പ്രചോദിപ്പിക്കുന്ന മറ്റു യാതൊന്നുമില്ല. ദൈവത്തിന്റെ മുന്നറിയിപ്പുകളെ പറഞ്ഞ് ഭയപ്പെടുത്തുന്നതാണ് അനുസരണത്തിനു ആളുകളെ പ്രചോദിപ്പിക്കുവാനുള്ള വഴി എന്ന് ചിന്തിക്കുന്നവരുണ്ട്. ഭയം ദൈവത്തിൽ നിന്ന് ഓടി അകലാൻ നമ്മേ പ്രചോദിപ്പിക്കുമെന്നല്ലാതെ, അതിനു നമ്മുടെ ഹൃദയത്തെ വ്യതിയാനപ്പെടുത്താനൊ അനുസരിപ്പിപ്പാനൊ കഴിയുകയില്ല. നമ്മുടെ ഹൃദയം വ്യതിയാനപ്പെടുമ്പോഴാണ് ദൈവത്തെ അനുസരിപ്പാൻ നമുക്കു കഴിയുന്നത്. ദൈവത്തിന്റെ സ്നേഹമാണ് നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നത്. ഈ അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന ശാപങ്ങൾ നമുക്കായി വഹിച്ച്, ദൈവത്തിന്റെ അനുഗ്രഹങ്ങൾ നമുക്കായി സമ്പാദിച്ച കർത്താവിന്റെ ആ സുവിശേഷം നമ്മുടെ ജിവിതങ്ങളെ വ്യതിയാനപ്പെടുത്താൻ മതിയായതാണ്. ദൈവത്തിന്റെ സ്നേഹം പുത്രനിലുടെ സ്വീകരിച്ച്, അനുസരണത്തിന്റെ പാതയിൽ മുന്നേറാം. ഈ സുവിശേഷം അനേകരിലേക്ക് പകരപ്പെടുവാനുള്ള മുഖാന്തിരമായി ഈ ഭവനങ്ങൾ തീരട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അപ്പോൾ അപ്രതീക്ഷിതമായി ദൈവത്തിന്റെ അനുഗ്രഹവും നമ്മേ overtake ചെയ്യും. അതിനു ദൈവം നമ്മേ സഹായിക്കട്ടെ.

*******
Heading 6

© 2020 by P M Mathew, Cochin

bottom of page