
നിത്യജീവൻ

സങ്കീർത്തന പരമ്പര-07
Exalt the Holy King !
പരുശുദ്ധനായ രാജാവിനെ ഉയർത്തുക!
സങ്കീർത്തനം 99 (Psalm 99)
"1യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ. 2 യഹോവ സീയോനിൽ വലിയവനും സകലജാതികൾക്കും മീതെ ഉന്നതനും ആകുന്നു. 3 അവൻ പരിശുദ്ധൻ എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ. 4 ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു. നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു. 5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ; അവൻ പരിശുദ്ധൻ ആകുന്നു. 6 അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവർ യഹോവയോടു അപേക്ഷിച്ചു; അവൻ അവർക്കു ഉത്തരമരുളി. 7 മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു. 8 ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി; നീ അവർക്കു ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികൾക്കു പ്രതികാരകനും ആയിരുന്നു. 9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിപ്പിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ."
ആമുഖം
ദാവീദിന്റെ സങ്കീർത്തനമാണിത് എന്ന് ഹെബ്രായ ബൈബിളിൽ രേഖപ്പെടുത്തിയില്ലെങ്കിലും അതിന്റെ ഗ്രീക് പരിഭാഷയായ Septuagint ൽ ഇതിന്റെ എഴുത്തുകാരൻ ദാവീദ് ആണ് എന്ന് രേഖപ്പെടുത്തിക്കാണുന്നു. “രാജകീയ സങ്കീർത്തനങ്ങളിൽ" ആറാമത്തേതും അവസാനത്തേതുമായ സങ്കീർത്തനമാണിത്. ദൈവത്തെ രാജാവ് എന്ന് വിളിക്കുന്നതിനാലാണ് സങ്കീർത്തനങ്ങളെ രാജകീയമെന്ന് വിളിക്കുന്നത്. രാജകീയ സങ്കീർത്തനങ്ങൾ (93 ഉം 95-99 വരേയുള്ള സങ്കീർത്തനങ്ങൾ) അവൻ മുഴുവൻ ലോകത്തെയും ഭരിക്കുന്നു എന്ന് നമ്മോട് പറയുന്നു.
പ്രധാനസന്ദേശം
ദൈവം എല്ലാ രാജ്യങ്ങളെയും ജനതകളെയും ഭരിക്കുന്ന പരിശുദ്ധനും നീതിമാനുമായ രാജാവാകയാൽ സകല സ്തുതിക്കും പുകഴ്ചക്കും യോഗ്യനാണ്. അവന്റെ ഭരണം നീതിയോടും ന്യായത്തോടെയും ഉള്ള ഭരണമാണ്. ദൈവം അതീവ വിശുദ്ധനെങ്കിലും നമ്മിൽ നിന്നും വേർതിരിഞ്ഞ് അകന്നിരിക്കാതെ ക്രിസ്തുവിലൂടെ ഈ പരിശുദ്ധ ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് പ്രവേശിക്കാൻ നമുക്കു കഴിയും. ഈ അനുഗ്രഹീത യാഥാർത്ഥ്യം നമ്മുടെ അധരങ്ങൾ കൊണ്ട് മാത്രമല്ല, നമ്മുടെ ജീവിതം കൊണ്ടും ദൈവത്തെ ആരാധിക്കുന്നതിലേക്കു നമ്മെ നയിക്കണം. ഇതാണ് 99-ാം സങ്കീർത്തനത്തിന്റെ കേന്ദ്രആശയം.
സങ്കീർത്തനത്തിന്റെ ഘടന
"ദൈവം പരിശുദ്ധനാണ്", എന്ന അനുപല്ലവി ഈ സങ്കീർത്തനത്തെ മൂന്നായി വിഭജിക്കുന്നു. ഓരോന്നും നിത്യരാജാവിന്റെ ഔന്നത്യത്തിലും അവന്റെ വിശുദ്ധിയുടെ സ്ഥിരീകരണത്തിലും അവസാനിക്കുന്നു. ദൈവം പരിശുദ്ധനാണ്, ഉയർത്തപ്പെടേണ്ടതാണ്" എന്ന ആശയത്തിനു ഇത് ഊന്നൽ നൽകുന്നു.
ഈ സങ്കീർത്തനത്തിൽ നിന്നും ഒന്നാമതായി പറയുവാൻ കഴിയുന്ന കാര്യം യാഹ്വേ പരിശുദ്ധനായ രാജാവാണ്, അവന്റെ ഉന്നതമായ സ്ഥാനത്തെപ്രതി അവനെ സ്തുതിക്കുക.
1. യാഹ്വേ പരിശുദ്ധനായ രാജാവാണ്. അവന്റെ ഉന്നതമായ സ്ഥാനത്തെപ്രതി അവനെ സ്തുതിക്കുക (1-3).
"1യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.2 യഹോവ സീയോനിൽ വലിയവനും സകലജാതികൾക്കും മീതെ ഉന്നതനും ആകുന്നു. 3 അവൻ പരിശുദ്ധൻ എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ."
"യഹോവ വാഴുന്നു" എന്ന പ്രസ്താവനയോടെയാണ് ഈ സങ്കീർത്തനം ആരംഭിക്കുന്നത്. "വാഴുന്നു" എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കു വരുന്ന ആശയം രാജവാഴ്ചയാണ്. ഇന്ന് ലോകത്തിലെ പല രാജ്യങ്ങളിലും രാജാവോ രാജ്ഞിയോ ഇല്ല, അഥവാ രാജാക്കന്മാരും രാജ്ഞിമാരും ഇപ്പോഴും നിലനിൽക്കുന്നിടങ്ങളിൽ, ദേശത്തിന്റെ യഥാർത്ഥ ഭരണം നടത്തുന്നത് ഒരു പ്രസിഡന്റോ പ്രധാനമന്ത്രിയോ ആയതിനാൽ അവർ പലപ്പോഴും പേരുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.
എന്നാൽ രാജാക്കന്മാരും രാജ്ഞിമാരും അതിന്റെ യഥാർത്ഥ അധികാരത്തോടെ രാജാവായി വാണിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അവരുടെ അധികാരം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. രാജാക്കന്മാർ ദൈവത്താൽ നിയമിക്കപ്പെട്ടവരാണെന്നും കരുതപ്പെട്ടിരുന്നു. അവരുടെ മേൽ ഒരു നിയമവും ഉണ്ടായിരുന്നില്ല; അവർ നിയമത്തിന് അതീതരായിരുന്നു. അവരെ നിയമപ്രകാരം വിധിക്കാൻ കഴിഞ്ഞിരുന്നില്ല; മറിച്ച്, അവർ നിയമം സ്ഥാപിച്ചു, അതിനാൽ അവർ അഴിമതിക്കാരായി മാറിയാലും, രാജാക്കന്മാർ ദിവ്യാവകാശം അവകാശപ്പെട്ടിരുന്നതിനാൽ അവരെ വെല്ലുവിളിക്കാൻ ഒരു നിയമവും ഉണ്ടായിരുന്നില്ല.
മറ്റൊരു രീതിയിൽ പറഞ്ഞാൽ, അവരെ ആ സ്ഥാനത്തുനിന്ന് പുറത്താക്കാൻ വോട്ടുചെയ്യാൻ കഴിയില്ല; കാരണം വോട്ടെടുപ്പ് ഇല്ലായിരുന്നു. അവർക്കെതിരെ നിങ്ങൾക്ക് കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ല; കാരണം അവർ കോടതിനിയമങ്ങൾക്ക് അതീതരായിരുന്നു. അതുകൊണ്ട് ദുഷ്ടന്മാരായ രാജാക്കന്മാരെ ഒഴിവാക്കാൻ രക്തച്ചൊരിച്ചിൽ അഥവാ അട്ടിമറി വേണ്ടിവന്നു. ചരിത്രത്തിലേക്കു നോക്കിയാൽ ഇതിനുള്ള അനേക ദൃഷ്ടാന്തങ്ങൾ നമുക്കു കാണാൻ കഴിയും.
പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നടന്ന ആഭ്യന്തരയുദ്ധത്തിനൊടുവിൽ ചാൾസ് ഒന്നാമന്റെ കീഴിൽ നടന്ന അധികാര ദുർവിനിയോഗത്തെ ജനം വെല്ലുവിളിച്ചു. ഒടുവിൽ ചാൽസ് ഒന്നാമൻ വധിക്കപ്പെട്ടു.
ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പരിവർത്തനാത്മകവുമായ സംഭവങ്ങളിലൊന്നായിരുന്നു ഫ്രഞ്ച് വിപ്ലവം (1789-1799). അത് ഫ്രാൻസിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ഘടനകളെ സമൂലമായി മാറ്റിമറിക്കുകയും ജനാധിപത്യം, അവകാശങ്ങൾ, ഭരണം എന്നിവയെക്കുറിച്ചുള്ള ആഗോള ആശയങ്ങളിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. ഫ്രെഞ്ചു വിപ്ളവത്തിനു ഒടുവിൽ King Louis പതിനാറാമനും Queen Marie Antoinette യും ഗില്ലെറ്റിനാൽ വധിക്കപ്പെട്ടു.
രാജാക്കന്മാരെപ്പോലെ ഉയർന്ന സ്ഥാനങ്ങളിൽ അധികാരത്തിന്റെ അഴിമതി നമുക്ക് കാണാൻ കഴിയും, കൂടാതെ രാജാക്കന്മാരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന താഴ്ന്ന സ്ഥാനങ്ങളിലെ അരാജകവാദികളുടെ അഴിമതിയും ലോകത്ത് നാം കാണുന്നു. ചിന്താശേഷിയുള്ള ഒരു ക്രിസ്ത്യാനിയും ഈ രണ്ടു ഗ്രൂപ്പിലും ചേരാൻ ആഗ്രഹിക്കില്ല. "എല്ലാ അധികാരവും ദുഷിപ്പിക്കുന്നു, സമ്പൂർണ്ണ അധികാരം പൂർണ്ണമായി ദുഷിപ്പിക്കുന്നു" (“Power tends to corrupt, and absolute power corrupts absolutely”) എന്ന Lord Acton ന്റെ പ്രസിദ്ധമായ വാചകം എത്ര ശരിയാണ്.
സ്വന്തം സുഖമാണ് പരമപ്രധാനമെന്ന് ചിന്തിക്കുന്നതാണ് മനുഷ്യരെ ഈ നിലയിൽ പ്രവർത്തിക്കുവാൻ ഇടയാക്കുന്നത്. മറ്റുള്ളവരെ തന്നേക്കാൾ ശ്രേഷ്ഠൻ എന്ന ബൈബിളിന്റെ പ്രസ്താവന ഇത്തരുണത്തിൽ എത്ര അന്വർത്ഥമാണ് എന്ന് നാം ഓർക്കുക.
പുരാതന ലോകത്ത്, രാജാവ് കേവലം പ്രതീകാത്മകമായിരുന്നില്ല, മറിച്ച് രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരിയായിരുന്നു. രാജ്യത്തിന്റെ അതിർത്തികൾ സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് രാജാവിന്റെ ജോലിയായിരുന്നു. എല്ലാവർക്കും നീതി നടപ്പാക്കുകയും ജീവിതത്തിലെ അവരുടെ സ്ഥാനം പരിഗണിക്കാതെ എല്ലാ ആളുകൾക്കും ഇടയിൽ തുല്യത ഉറപ്പാക്കുകയും ചെയ്യുക എന്നത് രാജാവിന്റെ കടമയായിരുന്നു. സങ്കീർത്തനം 99 അവകാശപ്പെടുന്നത് ദൈവം ഇസ്രായേലിനുവേണ്ടി അത് ചെയ്തുവെന്നും ഭൂമി മുഴുവൻ അത്തരമൊരു നീതി നടപ്പാക്കാൻ ദൈവം തയ്യാറാണെന്നും ആണ്.
അപ്പോൾ അരാജകത്തിന്റെയും അധികാര ദുർവ്വിനിയോഗത്തിന്റെയും പ്രതിവിധിയെന്നത് ശരിയായ ഒരു രാജാവുണ്ടാവുകയെന്നതാണ്. അത്തരമൊരു രാജാവിനെയാണ് യാഹ്വേയിൽ നമുക്കു കാണുവാൻ കഴിയുന്നത്. "യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ". അവൻ സർവ്വലോകത്തിനും രാജാവാണ്, അവൻ സകല ജനതകളുടെയും രാജാവാണ്. അങ്ങനെയുള്ള ഒരു രാജാവിനെയാണ് 99-ാം സങ്കീർത്തനം പ്രഖ്യാപിക്കുന്നത്.
അവൻ സർവ്വരാജ്യങ്ങളുടേയും സർവ്വജനതകളുടേയും രാജാവാകയാൽ സകലരും അവന്റെ മുൻപാകെ "വിറെക്കട്ടെ" എന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്. "വിറെക്കട്ടെ" എന്ന പ്രസ്താവന ആദരവോടും സന്തോഷത്തോടും കൂടിയ ഒരു ഭയം തന്റെ ജനത്തെ ഭരിക്കട്ടെ എന്നാണ് അർത്ഥമാക്കുന്നത്. വിശുദ്ധന്മാർ ഭക്തിയുള്ള വികാരത്താൽ വിറയ്ക്കുന്നു, യഹോവയുടെ ഭരണം പൂർണ്ണമായി മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ പാപികൾ ഭയത്താൽ വിറയ്ക്കുന്നു.
ഈ രാജാവിന്റെ സിംഹാസനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്: "അവൻ കെരൂബുകൾക്കു മീതെ വസിക്കുന്നു" എന്നാണ്. "കെരൂബുകൾ" ശക്തി, വേഗത, ബുദ്ധിശക്തി എന്നിവയുടെ ഏറ്റവും ഉയർന്ന സൃഷ്ടിപരമായ ശക്തികളെ പ്രതീകപ്പെടുത്തുന്നു. യാതൊരു അശുദ്ധിയും ദൈവത്തോടു അടുക്കാതെവണ്ണം ദൈവം സംരക്ഷിക്കപ്പെടുന്നു എന്ന ആശയം ഇതു നൽകുന്നു. ഈ രാജാവിന്റെ പരിശുദ്ധിയെ അത് കാണിക്കുന്നു. "അവൻ പരിശുദ്ധൻ ആകുന്നു" എന്നു മൂന്നു തവണ 3,5,9 വാക്യങ്ങളിൽ ആവർത്തിച്ചിരിക്കുന്നത് നമുക്കു കാണാം.
ഇത് യേശയ്യാ പ്രവചനം ആറാം അദ്ധ്യായത്തിന്റെ മൂന്നാം വാക്യത്തിലേക്കു നമ്മുടെ ശ്രദ്ധയെ തിരിക്കുന്നു; "സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു." സ്വർഗ്ഗീയ സൈന്യങ്ങളായ സെറാഫുകൾ സദാസമയവും ഉച്ഛത്തിൽ ഘോഷിക്കുന്ന ഒരു ഘോഷമാണിത്. ചിലർ ഇതിനെ സകലത്തിൽ നിന്നും വേർപെട്ടവൻ, വേർപെട്ടവൻ, വേർപെട്ടവൻ എന്ന് വിശദീകരിക്കുന്നു. മറ്റു ചിലർ ഇത് ദൈവം ധാർമ്മികൻ, ധാർമ്മികൻ ധാർമ്മികൻ എന്ന് വ്യാഖ്യാനിച്ചുകൊണ്ട് ദൈവത്തിന്റെ ധാർമ്മികസ്വഭാവത്തെ ഉയർത്തിക്കാണിക്കുന്നു. ഇത് ഒരർത്ഥത്തിൽ ശരിയാണെങ്കിലും “ദൈവം മാത്രമാണ് ദൈവം. വേറൊരു ദൈവവുമില്ല” എന്നാണിത് അർത്ഥമാക്കുന്നത്. കാരണം "പരിശുദ്ധൻ" എന്നത് ദൈവത്തിനു മാത്രമുള്ള ഒരു നാമവിശേഷണമാണ്. അതായത്, ലോകത്ത് ഇന്ന് ദൈവങ്ങൾ എന്ന പേരിൽ പലരും വരുകയും പോകുകയും ചെയ്യുന്നു. അങ്ങനെയുള്ളവരുടെ ഗണത്തിൽ പെടുന്നവനല്ല യാഹ്വേ. ദൈവമെന്ന് പറയാനുള്ള യോഗ്യത യാഹ്വേക്കു മാത്രമേയുള്ളു. 1 ശമുവേൽ 2:2 പറയുന്നു; " യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല." വീണ്ടും വെളിപ്പാട് 15:4 ൽ നാം ഇപ്രകാരം വായിക്കുന്നു: " 4 കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും." അപ്പോൾ "ഏകപരിശുദ്ധൻ" എന്ന നിലയിൽ ദൈവം നമ്മുടെ സ്തുതിയും മഹത്വവും ലഭിപ്പാൻ യോഗ്യനായി ഒരുവൻ മാത്രമേയുള്ളു. ആകയാൽ അവന്റെ ഔന്നത്യത്തെയും പരിശുദ്ധിയെയും പ്രതി നമുക്കു നമ്മുടെ ദൈവത്തെ സ്തുതിക്കാം.
രണ്ടാം വാക്യം യാഹ്വേയുടെ യിസ്രായേലിനോടുള്ള പ്രത്യേക മമതയെ സൂചിപ്പിക്കുന്നു. "യഹോവ സീയോനിൽ വലിയവനും സകലജാതികൾക്കും മീതെ ഉന്നതനും ആകുന്നു."
യാഹ്വേ സകല ജനതകളുടേയും രാജാവായിരിക്കുമ്പോൾ തന്നെ അവൻ സിയോനിലെയും രാജാവാണ്. സിയോൻ എന്നത് യിസ്രായേലിനെ കുറിക്കുന്നു. ദൈവം അബ്രാഹമിനോടു ചെയ്ത വാഗ്ദത്തത്തിന്റെ നിവൃത്തിയാണ് യിസ്രായേലുമായുള്ള യാഹ്വേയുടെ പ്രത്യേക മമതക്കു കാരണം. നഷ്ടപ്പെട്ടുപോയ മനുഷ്യവർഗ്ഗത്തെ രക്ഷിക്കുവാൻ, അവന്റെ രാജത്വത്തെ തള്ളിക്കളഞ്ഞ ജനത്തെ നേടുവാൻ ദൈവം തെരഞ്ഞെടുത്ത മനുഷ്യനാണ് അബ്രാഹം. ഈ അബ്രാഹവുമായി ദൈവം ഒരു ഉടമ്പടിയിൽ ഏർപ്പെട്ടു. ഉല്പത്തി 12:1-3 വാക്യങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു: "യഹോവ അബ്രാമിനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട്, ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. 2 ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. 3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും." ദൈവത്തിന്റെ വിളി അനുസരിച്ചു എങ്ങോട്ടു പോകുന്നുവെന്നറിയാതെ ഇറങ്ങിപുറപ്പെട്ട വ്യക്തിയാണ് അബ്രാഹം. അവിടെയാണ് അബ്രാഹം തന്റെ മകനായ യിസഹാക്കിനെ യാഗം കഴിക്കുവാൻ കൊണ്ടുപോയത്. യാഹ്വേ യിസ്രായേലുമായി ഉടമ്പടി ബന്ധത്തിലേർപ്പെട്ടതും മോശയിലൂടെ അവർക്ക് ന്യായപ്രമാണം നൽകിയതും ഈ സിയോൻ പർവ്വതത്തിൽ വെച്ചാണ്. യിസ്രായേൽ എന്ന രാജ്യത്തിന്റെ ഏറ്റവും ശക്തനായ രാജാവായ ദാവീദ് തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി തെരഞ്ഞെടുത്തതും സിയോനാണ്.
Michael Lawrence എന്ന ദൈവദാസൻ ദാവീദുമായി ദൈവം വെച്ച ഉടമ്പടിയെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്: "ദൈവം ഇസ്രായേൽ ജനതയുമായി ഉടമ്പടി സ്ഥാപിക്കുമ്പോൾ, അവൻ തന്നെത്തന്നെ രാജാവായി സ്ഥാപിക്കുന്നു. ഇസ്രായേലിന് ദൈവമല്ലാതെ മറ്റൊരു രാജാവ് ഉണ്ടാകരുത്. എന്നാൽ ന്യായപ്രമാണത്തിൽ തന്നെ, ദൈവത്തിന് പകരക്കാരനല്ലാത്ത, മറിച്ച് ജനങ്ങൾക്ക് മുന്നിൽ ദൈവത്തെ പ്രതിനിധീകരിക്കുന്ന ഒരു മനുഷ്യ രാജാവ് അവർക്ക് ഉണ്ടായിരിക്കുന്ന ദിവസത്തിനായി ദൈവം വ്യവസ്ഥ ചെയ്യുന്നു. അത് ദാവീദ് രാജാവിൽ നിവൃത്തിയാകുന്നു. അങ്ങനെ ദാവീദുരാജാവ് തന്റെ സിംഹാസനം സിയോനിൽ സ്ഥാപിച്ചു. പിന്നീടു തന്റെ മകനായ ശലോമൊൻ ദൈവത്തിനുവേണ്ടി ഒരു ആലയം പണിതു. തന്റെ സന്തതി പരമ്പരയിൽനിന്ന് ഈ ലോകത്തെ മുഴുവനും വാഴുന്ന നിത്യനായ രാജാവ് എഴുന്നേൽക്കും എന്ന വാഗ്ദാനവും ദൈവം ദാവീദ് രാജാവിൽ നിറവേറ്റുന്നു. അങ്ങനെ ഈ ഭൂമിയിലേക്കുവന്ന നിത്യ രാജാവാണ് യേശുക്രിസ്തു.
യാഹ്വേയുടെ ശാശ്വതമായ വാഴ്ചയെയാണിത് കാണിക്കുന്നത്. കർത്താവായ യേശുക്രിസ്തുവിന്റെ വരവിനുശേഷം വിശ്വാസികളുടെ ഹൃദയത്തിലാണ് ഈ വാഴ്ച നടക്കുന്നത്. കർത്താവായ യേശുക്രിസ്തുവരുമ്പോൾ അവൻ തന്റെ ആക്ഷരീകമായ വാഴ്ച ആരംഭിക്കുകയും അവൻ നിത്യരാജാവായി വാഴുകയും ചെയ്യും. യഹോവ സകലരേയും വാഴുന്ന രാജാവാകയാൽ ഭയത്തോടുകൂടിയ ആദരവോടെ സകലരും അവനെ ഉയർത്തട്ടെ എന്നാണിത് അർത്ഥമാക്കുന്നത്. അവൻ സകല മനുഷ്യരുടെയും രാജാവാകയാൽ സകല മനുഷ്യരും അവനോടു കണക്കുബോധിപ്പിക്കുവാൻ ബാദ്ധ്യസ്ഥരാണ്. അവനോടു മത്സരിക്കുകയും അവന്റെ ഉടമ്പടിയെ ലംഘിക്കുകയും ചെയ്യുന്നവർ നിത്യമായ ശിക്ഷാവിധിക്കു പാത്രമായി തീരുകയും ചെയ്യും. ആകയാൽ അവന്റെ നിത്യരാജത്വപ്രതി നമുക്ക് ദൈവത്തെ സ്തുതിക്കാം.
ദൈവത്തിന്റെ ഈ ഭരണത്തിന്റേയും ഔന്നത്യത്തിന്റേയും ഏറ്റവും വലിയ നേട്ടമെന്തെന്നാൽ, ലോകത്തിൽ എന്തെല്ലാം കാര്യങ്ങൾ സംഭവിച്ചാലും നാം ഭയപ്പെടുകയൊ ആശങ്കാകുലരായി തീരുകയൊ ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. ഇനി നാം ആശങ്കാകുലരായി തീരുന്നുവെങ്കിൽ അതിനുള്ള മുഖ്യകാരണം ദൈവത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം വളരെ ചെറുതാണ് അതല്ലെങ്കിൽ വളരെ പരിമിതമാണ് എന്നതാണ്. ദൈവത്തെ താനായിരിക്കുന്നതുപോലെ നാം കണ്ടാൽ നമ്മുടെ ആശങ്കകളോക്കേയും അസ്ഥാനത്താണെന്ന് നമുക്കു കാണാൻ കഴിയും. അതുകൊണ്ട് ദൈവത്തിന്റെ ഭരണത്തിന്റെ ഗുണഭോക്താക്കൾ എന്ന നിലയിലും നമുക്ക് ദൈവത്തെ സ്തുതിക്കുവാൻ സാധിക്കും.
അടുത്തതായി രാജാവിന്റെ ഭരണം എങ്ങനെയുള്ള ഭരണമാണെന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്.
2 അവൻ നീതിയും ന്യായവും നടപ്പാക്കുന്ന രാജാവാകയാൽ നമുക്കു അവനെ ആരാധിക്കാം (4-5).
"ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു. നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ; അവൻ പരിശുദ്ധൻ ആകുന്നു."
അവൻ ഇത്രമാത്രം ഭയങ്കരനും ശക്തനുമായ രാജാവാണെങ്കിൽക്കൂടി അവൻ അടിച്ചമർത്തലിന്റെ രാജാവല്ല. അവൻ ഭൗമിക രാജാക്കന്മാരെപ്പോലെ അധികാരം ദുർവിനിയോഗം ചെയ്യുന്നവനല്ല. അവന്റെ രാജ്യത്തിൽ നീതിയും സമത്വവും സ്ഥാപിക്കുവൻ ബദ്ധശ്രദ്ധനാണ്. അവൻ നീതിയെ സ്നേഹിക്കുക മാത്രമല്ല, തന്റെ ജനമായ ഇസ്രായേലിനായി (യാക്കോബ്) നീതിപൂർവ്വമായ ചട്ടങ്ങൾ നൽകുകയും അത് സജീവമായി നടപ്പിലാക്കുവാൻ തീഷ്ണതയോടെ പ്രവൃത്തിക്കയും ചെയ്യുന്നു. അവൻ ഒരിക്കലും തെറ്റ് ചെയ്യുന്നില്ല. അവന് അതിനു കഴിയുകയില്ല, കാരണം, ഒരു കാര്യം ചെയ്യുന്നതിനുമുന്നമെ എന്തായിരുന്നുവെന്ന് അവനറിയാം, അതിൽ എന്താണുള്ളത് എന്ന് അവനറിയാം, അത് എന്തായിത്തീരുമെന്നും അവനറിയാം. അവന്റെ എല്ലാ വിധികളും മികച്ചതാണ്. അവ ന്യായമാണ്. അവ ശരിയാണ്. അവ നല്ലതാണ്. നീതി തന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.
ഇന്നത്തെ കാലത്തെ ജനങ്ങളുടെ ഏറ്റവും വലിയ മുറവിളി നീതിക്കുവേണ്ടിയുള്ള മുറവിളിയാണ്. ഭരണാധികാരികൾ നീതി നടപ്പാക്കാനൊ പ്രജകളുടെ ക്ഷേമം അന്വേഷിക്കുവാനൊ തയ്യാറാകുന്നില്ല. അവരുടെ മുറവിളികൾ കേട്ടതായ്പ്പോലും ഭാവിക്കാറില്ല. എന്നാൽ യിസ്രായേലിന്റെ ദൈവമായ യാഹ്വേ നീതിയോടും ന്യായത്തോടും കൂടെ തന്റെ ജനത്തെ ഭരിക്കുന്ന രാജാവാണ്. ഈ നീതിമാനായ രാജാവിനോടുള്ള ശരിയായ പ്രതികരണം ആരാധന മാത്രമാണ്. അതിനാൽ, "നമ്മുടെ ദൈവമായ കർത്താവിനെ ഉയർത്തുക; അവന്റെ പാദപീഠത്തിൽ ആരാധിക്കുക; അവൻ പരിശുദ്ധനാണ്."
യാഹ്വേ പരിശുദ്ധനും ഭയങ്കരനുമായ രാജാവാണെങ്കിൽ കൂടി തന്റെ ജനത്തിൽ നിന്നും വേർതിരിഞ്ഞ് അകന്നിരിക്കുന്നില്ല. അവൻ മദ്ധ്യസ്ഥന്മാരിലൂടെ തന്റെ ജനവുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ ആവശ്യങ്ങൾ അവൻ നിവൃത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് മൂന്നാമതായി നമുക്കു പറയുവാൻ കഴിയുന്ന കാര്യം അവൻ തന്റെ ഭക്തന്മാരുടെ അപേക്ഷ കേൾക്കുന്നു എന്നതാണ്.
3. അവൻ തന്റെ ഭക്തന്മാരുടെ പ്രാർത്ഥന കേൾക്കുന്നു (6-8).
" 6അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവർ യഹോവയോടു അപേക്ഷിച്ചു; അവൻ അവർക്കു ഉത്തരമരുളി. 7 മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു. 8 ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി; നീ അവർക്കു ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികൾക്കു പ്രതികാരകനും ആയിരുന്നു."
ഭൂമിയിലെ രാജാക്കന്മാരുടെ സന്നിധിയിൽ ആർക്കും ഏതു സമയത്തും കടന്നു ചെന്ന് സങ്കടം ബോധിപ്പിക്കുവാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ യാഹ്വേ അങ്ങനെയുള്ള ഒരു രാജാവല്ല. യിസ്രായേൽ എന്ന രാജ്യത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് മോശെയെ പോലെയുള്ള പ്രവാചകന്മാരിലൂടെയും അഹറോനെ പോലെയുള്ള മഹാപുരോഹിതന്മാരിലൂടേയും ഒരു ഉടമ്പടി ബന്ധം തന്റെ ജനവുമായി സ്ഥാപിച്ച ദൈവമാണ്. ഇവർ ദൈവത്തിനും ജനത്തിനും ഇടയിൽ മധ്യസ്ഥത വഹിക്കുകയും ജനങ്ങളുടെ ആവശ്യങ്ങൾ ദൈവത്തെ അറിയിക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്തുപോന്നു. അവർക്കു ശേഷം ശമുവേൽ തുടങ്ങിയ പ്രവാചകന്മാരിലൂടേയും ദൈവം തന്റെ ജനത്തോടു സംസാരിക്കുകയും തങ്ങൾ പോകേണ്ടുന്ന വഴി അവർക്കു പറഞ്ഞുകൊടുക്കുകയും ചെയ്തുപോന്നു.
മദ്ധ്യസ്ഥന്മാരിലൂടെ ഈ പരിശുദ്ധ ദൈവത്തെ സമീപിക്കാനും നമ്മുടെ ആവശ്യങ്ങൾ അവിടുത്തെ സന്നിധിയിൽ ബോധിപ്പിക്കാനും സാധിക്കും എന്നതാണ് ഈ രാജാവിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത്. ദൈവം മദ്ധ്യസ്ഥന്മാരിലൂടെ ദൈവജനത്തെ കേൾക്കുവാനുള്ള കാരണം ദൈവത്തിന്റെ പരിശുദ്ധിയാണ്. ദൈവം തെരഞ്ഞെടുത്തവരെ മാത്രമാണ് താൻ മദ്ധ്യസ്ഥനായി നിയമിച്ചതും. ആർക്കും സ്വയം മദ്ധ്യസ്ഥനായി തന്നെത്തെന്നെ അവരോധിക്കാനൊ, മനുഷ്യർക്ക് ആരെയെങ്കിലും ആ സ്ഥാനത്തേക്ക് ഉയർത്തുവാനൊ അധികാരമില്ല.
എന്നാൽ ഇവരെല്ലാവരും തന്നെ തികഞ്ഞ മദ്ധ്യസ്ഥന്മാരായിരുന്നില്ല. അവർക്കും മാനുഷികമായ പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്. മനുഷ്യന്റെ ദുർബ്ബലത നിമിത്തവും അവർ മരണം മൂലം നീങ്ങിപ്പോകുന്നവരുമാകയാൽ, എന്നേക്കുമിരിക്കുന്ന ഒരു തികഞ്ഞ മദ്ധ്യസ്ഥൻ മനുഷ്യവർഗ്ഗത്തിനാവശ്യമാണ്. ആ മദ്ധ്യസ്ഥനാണ് യേശുക്രിസ്തു.
പുതിയ നിയമ വിശ്വാസികളായ നന്മേ സംബന്ധിച്ചിടത്തോളം പഴയനിയമ വിശ്വാസികളേക്കാൾ ദൈവവുമായി ആഴത്തിലുള്ള ഒരു ബന്ധം യേശുക്രിസ്തു എന്ന മദ്ധ്യസ്ഥനിലൂടെ യാഥാർത്ഥ്യമായിരിക്കുന്നു. യേശുവിന്റെ മദ്ധ്യസ്ഥത്തെക്കുറിച്ച് ദൈവത്തിന്റെ വചനം പറയുന്നു: "5 ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: 6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ" (1 തിമൊത്തി 2:5-6). യേശുക്രിസ്തു വാസ്തവത്തിൽ പ്രവാചകനുമാണ് രാജാവും മഹാപുരോഹിതനും. കൂണു പോലെ മദ്ധ്യസ്ഥന്മാരെ എഴുന്നേൽപ്പിക്കുന്ന ഇക്കാലത്ത് ദൈവത്തിന്റെ വചനത്തിന്റെ നഗ്നമായ ലംഘനം കണ്ടാലും അതിനെ ചോദ്യം ചെയ്യാനൊ ദൈവവചനപ്രകാരമല്ലാത്ത പ്രസ്ഥാനങ്ങളെ ഉപേക്ഷിക്കാനൊ "ഭക്തജനം" എന്നു തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നവർ തയ്യാറാകുന്നില്ല എന്നതാണ് വിരോദാഭാസം.
പഴയനിയമത്തിൽ ദൈവത്തിന്റെ സാന്നിദ്ധ്യം സാക്ഷ്യപെട്ടകത്തിലും യെരുശലേം ദേവാലയത്തിലുമായി പരിമിതപ്പെട്ടിരുന്നുവെങ്കിൽ ഇന്ന് യേശുക്രിസ്തുവിന്റെ ഏകയാഗത്താൽ നമ്മുടെ ഹൃദയങ്ങളിൽ വാസം ചെയ്യുന്ന ഒരു നിലയിലേക്ക് ബന്ധം ആഴമായി തീർന്നിരിക്കുന്നു. ഇന്ന് എല്ലാ വിശ്വാസികളെയും വിശുദ്ധന്മാരും പുരോഹിതന്മാരുമായി ദൈവത്തിന്റെ വചനം കാണുന്നു. ഇതെത്രയൊ വലിയ ഒരു കാര്യമാണ്. അതുകൊണ്ട് പരിശുദ്ധരാജാവുമായി ഒരു യേശുക്രിസ്തുവിലൂടെ ലഭിച്ച അവിഭാജ്യബന്ധത്തിനായി നമുക്ക് ദൈവത്തെ സ്തുതിക്കാം.
നീതിമാനായ ന്യായാധിപൻ എന്ന നിലയിൽ അവന് പാപത്തെ അവഗണിക്കാൻ കഴിയില്ല: പാപം ശിക്ഷിക്കപ്പെടണം. യേശുവിലൂടെ ദൈവമുമ്പാകെ നീതിമാന്മാരാക്കപ്പെടുന്നവർക്ക് ദൈവത്തിന്റെ നീതി ആഘോഷിക്കാൻ കഴിയും, എന്നാൽ പാപത്തിൽ നിലനിൽക്കുന്നവർ ദൈവത്തിന്റെ നീതിയെ ഭയപ്പെടണം (റോമർ 3:21-26).
തിരുവെഴുത്തിലെ പല വാക്യങ്ങളും, നാം ദൈവത്തോട് ഒരു നിശ്ചിത അളവിൽ വിശ്വസ്തത പുലർത്തണമെന്ന് ആഹ്വാനം ചെയ്യുന്നു; അവൻ നമ്മെ സൃഷ്ടിച്ചതിനാലും അവൻ ദൈവമായതിനാലും അവൻ നമ്മെ ഭരിക്കുന്നതിനാലും നാം ദൈവത്തോട് ഒരു നിശ്ചിത അളവിൽ അനുസരണം പുലർത്തേണ്ടതുണ്ട്. കാരണം, നാം സ്വയം സൃഷ്ടികളല്ല ; ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരാണ്. നമ്മെ അവനാലും അവനുവേണ്ടിയും സൃഷ്ടിച്ചു, ബൈബിളിന്റെ വീക്ഷണകോണിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നത് മത്സരത്തിലേക്കുള്ള ആദ്യപടിയാണ്. വാസ്തവത്തിൽ, ഇതിനെയാണ് ബൈബിൾ വിഗ്രഹാരാധന എന്ന് വിളിക്കുന്നത്. അതിനർത്ഥം ദേവാലയങ്ങളിൽ വിഗ്രഹങ്ങളെ വെച്ച് ആരാധിക്കുന്നതിൽ തെറ്റില്ല എന്നല്ല.
ഉല്പത്തി 3-ലെ പാപത്തെ ഒരു ചെറിയ പഴം പറിച്ചു തിന്നത് ഇത്രവലിയ അപരാധമാണോ എന്നു ചോദിക്കുന്നവരുണ്ട്. അതല്ലെങ്കിൽ ആ മരം എന്തിനാ തോട്ടത്തിൽ ദൈവം വെച്ചു പിടിപ്പച്ചത് എന്നു ചോദിക്കുന്നവരുണ്ട്. എന്നാൽ ദൈവത്തെ അഥവാ സൃഷ്ടാവിന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന അട്ടിമറിയായി അതിനെ നാം കാണണം. ദൈവത്തെ അപഹസിക്കലാണത്. "ഞാൻ സൃഷ്ടാവാകും. ഞാൻ ദൈവമാകും. ഞാൻ എന്റെ ഇഷ്ടപ്രകാരം ചെയ്യും" എന്ന് പറയുന്ന സൃഷ്ടിയുടെ രാജ്യദ്രോഹമാണത്. അതിനു മരണശിക്ഷമാത്രമെയുള്ളു. നമ്മുടെ ജീവിതം ദൈവത്തിൽ നിന്ന് തന്നെ, സൃഷ്ടാവിൽ നിന്ന് വരുന്നതിനാൽ, ഇത് മത്സരിയായ മനുഷ്യനെ മരണത്തിലേക്ക് നയിക്കും. അതുകൊണ്ടാണ് സകല മനുഷ്യരും മരിക്കേണ്ടി വരുന്നത്. മനുഷ്യർക്ക് സംഭവിക്കുന്ന എല്ലാ ദുരന്തങ്ങൾക്കും കാരണം പാപത്തിന്റെ പരിണതഫലങ്ങളാണ്. ഈ മരണത്തെ നീക്കിക്കളയാനാണ് യേശുക്രിസ്തു ഈ ഭൂമിയിലേക്കു വന്നത്. അവൻ മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങളെ തന്റെമേൽ ഏറ്റെടുത്ത് നമുക്കു പകരക്കാരനായി മരിച്ചു. എന്നാൽ താൻ ഒരു പാപവും ചെയ്യാതെ ദൈവത്തിന്റെ ഹിതം പൂർണ്ണമായി നിവൃത്തിച്ചുകൊണ്ട് ജീവിച്ച ഏകവ്യക്തിയാണ്. അതിനാൽ അവൻ മരണത്തെ പരാജയപ്പെടുത്തി ഉയർത്തെഴുന്നേറ്റു. ഇന്നു യേശുക്രിസ്തുവിൽ ജീവിക്കുന്നവർക്ക് പാപത്തിന്റെ ശിക്ഷയായ മരണം അഥവാ ദൈവത്തിൽ നിന്നും എന്നേക്കും അകറ്റി നിർത്തുന്ന നിത്യനരകത്തിലേക്കു പോകേണ്ട ആവശ്യമില്ല. തങ്ങളുടെ പാപത്തെ ഏറ്റുപറഞ്ഞ് യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ദൈവം പാപക്ഷമ അഥവാ നിത്യജീവൻ ദാനമായി നൽകുന്നു. ഇതാണ് യേശുക്രിസ്തു നൽകുന്ന നല്ല വാർത്ത. വിശുദ്ധനും നീതിമാനുമായ യേശുവിനെ തങ്ങളുടെ രാജാവായി അംഗീകരിക്കുന്നവർക്ക് ഈ രാജാവിനോടുകൂടെ നിത്യമായി ജീവിക്കുവാൻ സാധിക്കും. അങ്ങനെ യേശുവിനെ തങ്ങളുടെ രക്ഷകനും കർത്താവുമായി സ്വീകരിച്ചവർക്കാണ് ദൈവത്തെ പരിശുദ്ധനും നീതിമാനുമായ രാജാവായി കണ്ട് ആരാധിക്കുവാൻ കഴിയുക. അതാണ് അവർക്കു ചെയ്യുവാൻ കഴിയുന്ന ഏറ്റവും വലിയ നന്ദിയുടെ പ്രകടനം. അതാണ് ദൈവത്തിന്റെ അനുഗ്രഹം പ്രാപിപ്പാനുള്ള യഥാർത്ഥമാർഗ്ഗം.
ദൈവത്തിന്റെ അധികാരം നേടുന്നതിനുള്ള ഒരു മാർഗം, തീർച്ചയായും, അവനെ ഒരു മഹാനായ രാജാവായി മഹത്വീകരിക്കുക എന്നതാണ്.
അതുകൊണ്ട് അവസാനവാക്യത്തിൽ സങ്കീർത്തനക്കാരനു നമുക്കു നൽകുവാനുള്ള ആഹ്വാനം: "നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിപ്പിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ."
ദൈവത്തിന്റെ ഉന്നതമായ പരിശുദ്ധിയാണ് നമ്മുടെ ബഹുമാനത്തോടും ആദരവോടും കൂടിയ ആരാധനയുടെ അടിസ്ഥാനം. ദൈവത്തിന്റെ വിശുദ്ധി നമ്മിൽ നിന്നും ഭയവും പുകഴ്ചയും ആവശ്യപ്പെടുന്നു. ദൈവത്തോടുള്ള പരസ്യവും സ്വകാര്യവുമായ ഭക്തിയെ പ്രോത്സാഹിപ്പിക്കുന്നു. അവന്റെ മഹത്വം നീതി ആത്യന്തിക പരമാധികാരം എന്നിവ നാമതിലൂടെ അംഗീകരിക്കുന്നു. ഇതു നാം ചെയ്യുമ്പോൾ ദൈവം നമ്മേ മാനിക്കുകയും ദൈവത്തോടൊപ്പം ചെലവഴിപ്പാൻ അവൻ നന്മേ അനുവദിക്കയും ചെയ്യുന്നു.