
നിത്യജീവൻ

സങ്കീർത്തന പരമ്പര-06
A Prayer for Deliverance from Severe Chastening.
Psalm 6
സങ്കീർത്തനം 6
"1യഹോവേ, നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.
2 യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു. എന്നെ സൌഖ്യമാക്കേണമേ.
3 എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?
4 യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
5 മരണത്തിൽ നിന്നെക്കുറിച്ചു ഓർമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും?
6 എന്റെ ഞരക്കംകൊണ്ടു ഞാൻ തകർന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു.
7 ദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു; എന്റെ സകലവൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.
8 നീതികേടു പ്രവർത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിൻ; യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
9 യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാർത്ഥന കൈക്കൊള്ളും.
10 എന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും."
തീവ്രമായ കഷ്ടപ്പാടും ദുരിതവും നിമിത്തം ദൈവത്തോടു കരുണക്കായി വിലപിക്കുന്ന സങ്കീർത്തനക്കാരനെ ഇതിൽ നമുക്കു കാണാം. എന്നാൽ ദൈവം തന്നെ ശിക്ഷിക്കുന്നതിന്റെ കാരണം വിശദീകരിക്കുന്നില്ല - അവന്റെ പാപത്തെക്കുറിച്ചോ, പശ്ചാത്താപത്തെക്കുറിച്ചോ, പാപം ഏറ്റു പറയുന്നതിനൊ സംബന്ധിച്ചൊ ഉള്ള യാതൊരു പരാമർശവും കാണുന്നില്ല. ശിക്ഷ ഇതിനകം തന്നെ തീവ്രമായതിനാൽ ദൈവത്തിന്റെ കോപവും അതിനോടൊപ്പം ഉണ്ടാകാമെന്നറിഞ്ഞ് അദ്ദേഹം കൂടുതൽ വിഷമിക്കുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ വിലാപം ഉടൻ തന്നെ ആത്മവിശ്വാസത്തോടെയുള്ള പ്രാർത്ഥനയിലേക്ക് മാറുന്നു, കാരണം ശിക്ഷ കഴിയുമ്പോൾ ദൈവം തന്നെ നശിപ്പിക്കാനുള്ള തന്റെ ശത്രുക്കളുടെ പ്രവർത്തനത്തെപ്രതി അവരെ നേരിടും. അതിനാൽ, തന്റെ ശത്രുക്കൾ തന്നെ വിട്ടുപോകുവാൻ മുന്നറിയിപ്പ് നൽകുന്നു.
ദാവീദിന്റെ ജീവിതത്തിൽ നിന്ന് സങ്കീർത്തനം വരാതിരിക്കാൻ ഒരു കാരണവുമില്ല, എന്നിരുന്നാലും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏതനുഭവമാണ് പശ്ചാത്തലമാകുന്നതെന്ന് തിരിച്ചറിയാൻ വിഷമമാണ്. ഒരു പ്രത്യേക പരാമർശത്തിന്റെ അഭാവം അതുപോലെ തന്നെ നല്ലതാണ്, കാരണം അടിസ്ഥാന അനുഭവം സങ്കീർത്തനക്കാരന് മാത്രമുള്ളതല്ല, അത് ദാവീദായാലും മറ്റാരെങ്കിലുമായാലും. ദൈവം ആളുകളെ അവരുടെ പാപത്തിന് ശിക്ഷിക്കുന്നു, ദൈവം മറ്റുള്ളവരെ ശിക്ഷണ പ്രക്രിയയുടെ ഭാഗമായി ഉപയോഗിക്കുന്നു. ഒരു രാജാവിനെ സംബന്ധിച്ചിടത്തോളം ഇത് വ്യക്തിപരമായ ശത്രുക്കളായിരിക്കാം അതല്ലെങ്കിൽ ശത്രുരാജ്യങ്ങളും അവരുടെ സൈന്യങ്ങളുമായിരിക്കാം (2 ശമു. 24:13 കാണുക). ശത്രുക്കളുടെ സ്വാഭാവിക ശത്രുതയെ ശിക്ഷണത്തിന്റെ ഭാഗമായി ദൈവം ഉപയോഗിക്കുമ്പോൾ, തന്റെ ജനത്തെ നശിപ്പിക്കാനുള്ള അവരുടെ വ്യഗ്രതയ്ക്ക് ദൈവം അവരെ വിധിക്കുന്നു (ഹബ. 2 കാണുക).
ദൈവത്തിന്റെ ശിക്ഷണം മൂലം കഠിനമായി രോഗികളും അസ്വസ്ഥരുമായിരിക്കുമ്പോൾ, യുഗങ്ങളായി വിശുദ്ധന്മാർ എങ്ങനെ പ്രാർത്ഥിക്കണമെന്നും ആത്മവിശ്വാസത്തോടെ എന്ത് പ്രാർത്ഥിക്കണമെന്നും ഈ സങ്കീർത്തനം പഠിപ്പിക്കുന്നു.
വ്യാഖ്യാന വിശകലന സംഗ്രഹം
പശ്ചാത്തപിക്കുന്ന വിശ്വാസി തന്റെ ശത്രുക്കളാൽ ഉണ്ടായ പാപത്തിനായുള്ള തീവ്രമായ ശിക്ഷയിൽ നിന്ന് മോചനത്തിനായി കർത്താവിനോട് അപേക്ഷിക്കുന്നു, കൂടാതെ തന്റെ പ്രാർത്ഥന കേട്ടിട്ടുണ്ടെന്ന് ഉറപ്പ് പ്രാപിക്കുകയും, ദൈവം അവരെ നശിപ്പിക്കുന്നതിനുമുമ്പ് തന്നെ വിട്ടുപോകാൻ പീഡകർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
സങ്കീർത്തനത്തിന്റെ ഘടന
ഈ സങ്കീർത്തനത്തെ രണ്ടായി തിരിക്കാം. 1-7 വരെ വാക്യങ്ങൾ സങ്കീർത്തനക്കാരന്റെ വിലാപ പ്രാർത്ഥനയാണ്. ദൈവത്തിന്റെ ബാലശിക്ഷയിൽ തനിക്ക് വലിയ കഷ്ടപ്പാടുകൾ വരുത്തിയ തന്റെ ശത്രുക്കളിൽ നിന്ന് വിടുതലിനും ആശ്വാസത്തിനുമായി സങ്കീർത്തനക്കാരൻ പ്രാർത്ഥിക്കുന്നു. രണ്ടാം ഭാഗം 8-10 വരെ വാക്യങ്ങളാണ്. യഹോവ തന്റെ പ്രാർത്ഥന കേട്ടുവെന്നും തന്റെ ശത്രുക്കളെ ലജ്ജിപ്പിക്കുമെന്നും ഉറപ്പുള്ളതിനാൽ തന്നിൽ നിന്ന് പിന്തിരിയാൻ സങ്കീർത്തനക്കാരൻ തന്റെ ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു (8-10).
1. ശിക്ഷക്കു വിധേയനായിരിക്കുന്ന വിശ്വാസിക്ക് ശിക്ഷയുടെ വേദനയിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നുമുള്ള മോചനത്തിനായി ദൈവത്തോട് അപേക്ഷിക്കാൻ മാത്രമേ കഴിയൂ (1-7).
A. ബാലശിക്ഷയിൽ നിന്നുള്ള ആശ്വാസത്തിനായി വിശ്വാസികൾ പ്രാർത്ഥിക്കണം (1-3).
സങ്കീർത്തനത്തിന്റെ ആദ്യ പകുതിയെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാം: ആമുഖ നിലവിളി (1—3), അപേക്ഷ (4—5), പൂർണ്ണ വിലാപം (6—7). ശിക്ഷണത്തിൽ ആശ്വാസം തേടാനുള്ള അടിയന്തിര അഭ്യർത്ഥനയോടെയാണ് സങ്കീർത്തനം ആരംഭിക്കുന്നത്. ആദ്യവാക്യം ശ്രദ്ധേയമാണ്: "1യഹോവേ, നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.” ഈ നിഷേധാത്മക അപേക്ഷ, തന്റെ കഷ്ടപ്പാട് ദൈവം തന്നെ ശിക്ഷിച്ചതാണെന്ന് സങ്കീർത്തനക്കാരൻ സമ്മതിക്കുന്നു; അതിനാൽ, ഇത് പാപത്തിന്റെ ഒരു സൂചനയാണ്. ശിക്ഷ ദൈവത്തിന്റെ ഉഗ്രകോപത്തോടെ ആകരുതെന്നാണ് പ്രാർത്ഥന. ഇതിലെ "കോപം", "ക്രോധം" എന്നീ വാക്കുകൾ ശ്രദ്ധേയമാണ്. ശത്രുക്കളുടെ കോപത്തേക്കാൾ തന്നെ ആശങ്കപ്പെടുത്തിയത് ദൈവത്തിന്റെ ക്രോധമാണ്. ദൈവിക ശിക്ഷ ദൈവിക ക്രോധത്തിന്റെ കാഠിന്യത്തോടൊപ്പം വരാം എന്നതാണ് അതിനു കാരണം.
"ശാസിക്കുക (reprove) അഥവാ ശകാരിക്കുക" (സങ്കീർത്തനം 38:1), "ശിക്ഷിക്കുക (chasten)" എന്നീ വാക്കുകൾ തിരുവെഴുത്തുകളിൽ, ബന്ധങ്ങളിൽ എടുക്കുന്ന തിരുത്തൽ അഥവാ അച്ചടക്ക നടപടികൾക്കായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ഒരു പിതാവ് തന്റെ മകനെ പരിശീലിപ്പിക്കുന്നതിൽ ശിക്ഷണം അടങ്ങിയിരിക്കുന്നു. സദൃശവാക്യങ്ങൾ 19:18 പിതാവിനോട് നിർദ്ദേശിക്കുന്നു: "പ്രതീക്ഷയുള്ളിടത്തോളം നിങ്ങളുടെ മകനെ ശിക്ഷിക്കുക". പെരുമാറ്റ വ്യതിയാനത്തിന് പ്രതീക്ഷയുള്ള കാലത്തോളം മകനെ ശിക്ഷിക്കുക അഥവാ ശക്തമായ നടപടികൾ സ്വീകരിക്കുക. ദൈവിക ശിക്ഷണത്തെ വിവരിക്കുന്നതിനും അത്തരം പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. സദൃശവാക്യങ്ങൾ 3:11 പറയുന്നു, "മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു". ഈ തിരുത്തൽ പ്രക്രിയകളിൽ വാക്കാലുള്ള ശാസനയോ നിർദ്ദേശമോ തെറ്റും മത്സരവും തിരുത്താൻ ഉദ്ദേശിച്ചുള്ള ചില ശിക്ഷാ നടപടികളൊ ഉൾപ്പെടുന്നു. ശിക്ഷണവും തിരുത്തലും പാപത്തിനുള്ള ഒരു തിരുത്തൽ നടപടിയായിരിക്കാം അല്ലെങ്കിൽ അല്ലായിരിക്കാം; എന്നാൽ ഈ ക്രിയകൾ ഇവിടെ ദൈവകോപത്തിന്റെ ആവർത്തിച്ചുള്ള പരാമർശത്തോടും തീവ്രമായ കഷ്ടപ്പാടിന്റെ വ്യക്തമായ വിവരണത്തോടും ചേരുമ്പോൾ, ഏറ്റവും വിശ്വസനീയമായ നിഗമനം അവൻ പാപം ചെയ്തു എന്നതാണ്. ദൈവത്തിന്റെ ശിക്ഷ കഠിനമാകരുതെന്ന ഈ പ്രാരംഭ അഭ്യർത്ഥനയ്ക്ക് ശേഷം, സങ്കീർത്തനക്കാരൻ യഹോവയോട് തന്നോട് കൃപ കാണിക്കാൻ അപേക്ഷിക്കുന്നു (വാക്യം 2). ഈ ക്രിയയുടെ അടിസ്ഥാന അർത്ഥം "ദയ കാണിക്കുക" എന്നതാണ്; പ്രീതി അർഹിക്കാത്തവരോടു പ്രീതി കാണിക്കുവാൻ അപേക്ഷിക്കുന്നതാണ് ഇത്. വാസ്തവത്തിൽ താൻ അർഹിക്കുന്നത് ദൈവകോപമാണ്; എന്നാൽ തന്നോടു കരുണകാണിക്കുവാൻ താൻ അപേക്ഷിക്കുന്നു. ദൈവത്തോട് കരുണ കാണിക്കാൻ അപേക്ഷിക്കുന്നതിലൂടെ, താൻ ശിക്ഷണം അർഹിക്കുന്നുവെന്ന് സമ്മതിച്ചുകൊണ്ട് കൃപക്കായി യാചിക്കുന്നു. കൃപകാണിച്ചിരിക്കുന്നുവെന്നതിന്റെ തെളിവായി (ഫലമായി) "എന്നെ സൗഖ്യമാക്കേണമെ എന്നാണ് താൻ യാചിക്കുന്നത്. ഈ സങ്കീർത്തനത്തിലെ അവന്റെ രോഗത്തെയും ബലഹീനതയെയും കുറിച്ചുള്ള വിവരണത്തിൽ നിന്ന്, അവന് തീർച്ചയായും രോഗശാന്തി ആവശ്യമായിരുന്നു; എന്നാൽ ഈ വാക്ക് ഒരു ശാരീരിക രോഗശാന്തിയിൽ മാത്രം ഒതുങ്ങുന്നില്ല. ആത്മീയ രോഗശാന്തിയും ഉൾപ്പെടുന്നു. പുറപ്പാട് 15:26-ൽ യാഹ്വെ പറയുന്നു: “ഞാൻ നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു”. കഠിനമായ പ്രഹരം ഏൽക്കേണ്ടി വന്ന ഒരാളെപ്പോലെ, തളർന്ന ആത്മാക്കളെ ഉത്തേജിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കാം. ഈ സങ്കീർത്തനത്തിലെ രോഗശാന്തി മിക്കവാറും ശാരീരിക രോഗശാന്തിക്കപ്പുറത്തേക്ക് നീളുന്നു. ഞാൻ തളർന്നിരിക്കുന്നു; എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു." എന്നീ ഉപവാക്യങ്ങൾ ദൈവിക ആശ്വാസത്തിന്റെ അടിയന്തിര ആവശ്യകതയെ വെളിപ്പെടുത്തുന്നു. ഞാൻ “ക്ഷീണിതനാണ്”; ഈ നാമവിശേഷണം ശാരീരികമായോ മാനസികമായോ ബലഹീനമായ അവസ്ഥയെ സൂചിപ്പിക്കുന്നു. രണ്ടാമതായി, അവന്റെ അസ്ഥികൾ അസ്വസ്ഥമായതിനാൽ അവൻ രോഗശാന്തിക്കായി പ്രാർത്ഥിക്കുന്നു. "അസ്ഥികൾ" എന്നത് ഒരു വ്യക്തിയുടെ മുഴുവൻ ശാരീരിക ഘടനയെയും സൂചിപ്പിക്കാം, പക്ഷേ ആ വാക്കിന്റെ അർത്ഥം പലപ്പോഴും അസ്ഥി ഘടനയ്ക്കുള്ളിലെ ആത്മാവാണ്. താൻ തികച്ചും അസ്വസ്ഥനാണ്. അവൻ ശാരീരികമായും വൈകാരികമായും ദുർബലനും തകർന്നവനുമാണ്.
മൂന്നാം വാക്യം തന്റെ ദുഃഖകരമായ അവസ്ഥയെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു: അവൻ ഭയചകിതനാണെന്ന വസ്തുത ആവർത്തിച്ചുകൊണ്ട് അവൻ ദൈവത്തോട് നിലവിളിക്കുന്നു, “നീയോ, യഹോവേ, എത്രത്തോളം?” അതായത്, “എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ ഏറ്റവും ക്ഷീണിതനാണ്; ഞാനാകെ "ഭ്രമിച്ചിരിക്കുന്നു." പക്ഷേ, നീയോ, കർത്താവേ, എത്രത്തോളം”. ഈ ചോദ്യം പൂർത്തിയാകുന്നില്ല. അങ്ങേയറ്റത്തെ നിരാശയും സമ്മർദ്ദവും കാരണം വാക്യം തടസ്സപ്പെട്ടിരിക്കുന്നു. “എത്രനേരം, കർത്താവേ, ഈ അവസ്ഥയിൽ തുടരാൻ നീ എന്നെ അനുവദിക്കും?” എന്നതുപോലുള്ള എന്തെങ്കിലും അദ്ദേഹം പറയാൻ പോകുകയാണെന്ന് തോന്നുന്നു. പക്ഷേ അദ്ദേഹത്തിന് “എത്രത്തോളം ...” എന്ന് മാത്രമേ പറയാൻ കഴിഞ്ഞുള്ളൂ. അതിനാൽ സങ്കീർത്തനക്കാരൻ ദുർബലനും ഭയചകിതനും ഉത്കണ്ഠാകുലനുമായിരുന്നു; ശത്രുക്കളുടെ കൈകളാൽ അവൻ അനുഭവിച്ച കഷ്ടപ്പാടുകൾ അവന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും തകർത്തു. അതിനെ ഇത്ര നിരാശാജനകമാക്കിയത്, കർത്താവ് നിശബ്ദനായിരുന്നു, പ്രത്യക്ഷത്തിൽ അവനെ വേദനയിലും വിഷാദത്തിലും തളർത്താൻ അനുവദിച്ചു എന്നതാണ്. തന്റെ കഷ്ടപ്പാട് ദൈവിക ശിക്ഷണമാണെന്ന് അവനറിയാമായിരുന്നു, അതിനാൽ അവന് ചെയ്യാൻ കഴിയുന്നത് കൃപയുള്ള ഒരു വിടുതലിനായി അപേക്ഷിക്കുക മാത്രമാണ്.
ഇവിടെ സങ്കീർത്തനക്കാരൻ യേശുക്രിസ്തുവിന്റെ ക്രൂശിലെ പീഡനങ്ങൾക്കും തന്റെ അപേക്ഷകൾക്കും നിഴലാകുന്നു. "എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്തു?" (സങ്കീർത്തനം 22:1). എന്നാൽ വ്യത്യാസമുണ്ട്; യേശു തന്റെ പാപത്തിന്റെ ശിക്ഷ അനുഭവിക്കയായിരുന്നില്ല, താൻ മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങൾക്കു പകരക്കാരനാവുകയായിരുന്നു. ദാവീദിന്റെ പ്രാർത്ഥനക്ക് പരിഹാരം ലഭിച്ചെങ്കിലും യേശുവിന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകാതിരുന്നത് നമ്മുടെ രക്ഷയെ കരുതിയാണ്. അതിനായി നമുക്ക് ദൈവത്തെ സ്തുതിക്കാം. ദൈവം പുനരുത്ഥാനത്തിലൂടെയാണ് യേശുവിന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകിയത്. അതു യേശുവിൽ വിശ്വസിക്കുന്നവരുടെ പുനരുത്ഥാനത്തിനു മുഖാന്തിരമായി തീരുകയും ചെയ്തു.
പ്രായോഗികത: രക്തദാഹികളായ എതിരാളികൾ മൂലമുണ്ടാകുന്ന വേദനാജനകമായ കഷ്ടപ്പാടിൽ നിന്നും ഉത്കണ്ഠയിൽ നിന്നും മോചനത്തിനായി വിശ്വാസികൾ പ്രാർത്ഥിക്കണം. തീവ്രമായ കഷ്ടപ്പാടുകൾ പാപത്തിനായുള്ള ദൈവിക ശിക്ഷയാകാം. അങ്ങനെയുള്ള ബാലശിക്ഷയാണോ എന്ന് ആത്മപരിശോധന നടത്തുന്നത് എപ്പോഴും നല്ലതാണ് (സങ്കീർത്തനം 44 കാണുക). വ്യക്തമായ ഒരു പാപവും വെളിപ്പെടുന്നില്ലെങ്കിൽ, വിശ്വാസിക്ക് കഷ്ടപ്പാടിനുള്ള മറ്റ് വിശദീകരണങ്ങൾ പരിഗണിക്കാവുന്നതാണ്. ദാവീദിന്റെ കാര്യത്തിൽ അത് ദൈവിക തിരുത്തലാണെന്ന് തോന്നുന്നു, കൂടാതെ ഏതൊരു അനുതപിക്കുന്ന വിശ്വാസിയും ചെയ്യേണ്ടത് ദാവീദ് ചെയ്യുന്നു - ശിക്ഷയിൽ നിന്നുള്ള മോചനത്തിനായി പ്രാർത്ഥിക്കുക.
B. കഷ്ടതയിലായിരിക്കുന്ന വിശ്വാസികൾ ദൈവത്തിന്റെ വിശ്വസ്ഥസ്നേഹത്തിലും അവനെ സ്തുതിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം (4—5).
"യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ" എന്നതാണ് സങ്കീർത്തനക്കാരന്റെ പ്രാർത്ഥന. പ്രാർത്ഥന യഹോവയുടെ വിശ്വസ്ത സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ളതും യഹോവയെ സ്തുതിക്കാനുള്ള ആഗ്രഹത്താൽ പ്രചോദിതവുമാണ്. എന്റെ മോചനത്തിനായി എന്നിലേക്കു തിരിയുക; എന്നെ രക്ഷിക്കുക. ഇത് ആത്മീയവും ശാരീരികവുമായ രക്ഷയ്ക്ക് ഉപയോഗിക്കാം. ദൈവത്തിന്റെ ശിക്ഷണത്തിന്റെ കഷ്ടപ്പാടിൽ നിന്ന് ഉടനടി രക്ഷപ്പെടാനുള്ള അപേക്ഷയാണിത്. ഈ അപേക്ഷയുടെ അടിസ്ഥാനം വ്യക്തമായി പറഞ്ഞിരിക്കുന്നു: "നിന്റെ വിശ്വസ്ത സ്നേഹം നിമിത്തം." ഉടമ്പടി വാഗ്ദാനം നിമിത്തം. അതെ, ദൈവം തന്റെ ജനത്തോടുള്ള ഉടമ്പടി വാഗ്ദാനങ്ങളോടു അചഞ്ചലമായ വിശ്വസ്തത പുലർത്തുന്നു (പുറപ്പാട് 34:7, 8; ആവ. 7:9; 1 ശമു. 20:8). കർത്താവിന്റെ വിശ്വസ്ത സ്നേഹമാണ് താൻ വിടുവിക്കപ്പെടേണ്ടതിന്റെ കാരണമായി മുന്നോട്ടുവെക്കുന്നത്. താൻ ഉടമ്പടി വ്യവസ്ഥകൾ പാലിച്ചതുകൊണ്ടല്ല, മറിച്ച് കഷ്ടപ്പെടുന്നയാളെ വിടുവിച്ചുകൊണ്ട് ദൈവം വിശ്വസ്ത സ്നേഹം പ്രകടിപ്പിച്ചില്ലെങ്കിൽ യഹോവയുടെ വിശ്വസ്ത സ്നേഹത്തെക്കുറിച്ചുള്ള ഉടമ്പടി വാഗ്ദാനങ്ങൾ അപകീർത്തിയായി തീരുമെന്നതുകൊണ്ടാണ്. ദൈവത്തിന്റെ വിശ്വസ്ത സ്നേഹമല്ലാതെ ദാവീദിന് തന്റെ അഭ്യർത്ഥന നടത്താൻ മറ്റൊരു അടിസ്ഥാനവുമില്ല. ദൈവത്തിന്റെ വിശ്വസ്ത ഉടമ്പടി സ്നേഹം മതി; തനിക്കു മറ്റൊന്നും ആവശ്യമില്ല. ഇതാണ് തന്റെ ജനത്തോടുള്ള ദൈവത്തിന്റെ എല്ലാ ഇടപെടലുകളുടെയും കാതൽ. അവർ പാപികളും ശിക്ഷണം ആവശ്യമുള്ളവരുമായിരിക്കുമ്പോൾ പോലും ദൈവത്തിന്റെ ഉടമ്പടി വിശ്വസ്തതയിൽ നമുക്ക് ആശ്രയിക്കാം.
അടുത്തതായി, നാം അർപ്പിക്കുന്ന സ്തുതിയാണ് പ്രാർത്ഥനയ്ക്ക് ഉത്തരം നൽകാനുള്ള പ്രേരണയായി ഭവിക്കുന്നത്. ആളുകൾ പൊതു സ്തുതിയിലൂടെ ദൈവത്തിന് മഹത്വം നൽകുമ്പോൾ ദൈവം അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നുവെന്ന് നീതിമാന്മാർക്ക് നന്നായി അറിയാം. സങ്കീർത്തനം 111: 4 അനുസരിച്ച്, "അവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ". മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിശ്വാസികളുടെ നിരന്തരമായ സ്തുതിയിലൂടെ അവന്റെ മഹത്തായ പ്രവൃത്തികൾ, പ്രത്യേകിച്ച് അവന്റെ രക്ഷാപ്രവൃത്തികൾ, ജനങ്ങളുടെ ഓർമ്മയിൽ സജീവമായി നിലനിർത്തേണ്ടതാകുന്നു.
ദൈവം സങ്കീർത്തനക്കാരനെ വിടുവിച്ചില്ലെങ്കിൽ അവൻ മരിക്കുമെന്നും ദൈവത്തിനു അവനിൽ നിന്ന് ഒരു സ്തുതിയും ലഭിക്കയില്ലെന്നും സങ്കീർത്തനക്കാരൻ ന്യായവാദം ചെയ്യുന്നു. കാരണം, സ്തുതികൾ അർപ്പിക്കുന്ന യിസ്രായേലിന്റെ ഉത്സവങ്ങളിൽ പങ്കെടുക്കാൻ അവൻ അവിടെ ഉണ്ടാകില്ല. ദൈവം അവനെ എങ്ങനെ വിടുവിച്ചുവെന്ന സാക്ഷ്യം ആളുകൾ കേൾക്കുകയില്ല (സങ്കീ. 122:4). "സ്തുതി" എന്നതിന് സമാന്തരമായി "ഓർമ്മയില്ല" എന്ന് അടുത്ത വരിയിൽ പറയുന്നത് ശ്രദ്ധേയമാണ്; ദൈവത്തിന്റെ രക്ഷാപ്രവൃത്തികളെ "ഓർക്കുക" എന്നത് അവയ്ക്കുവേണ്ടി ദൈവത്തെ സ്തുതിക്കുക എന്നാണ്. അവ സഭയുടെ ഓർമ്മയിൽ സൂക്ഷിക്കുക. അതിന്റെ മറുവശം, ദൈവത്തെ മറക്കുക എന്നത് ജീവനുവേണ്ടിയുള്ള അവന്റെ കരുതലുകൾ അംഗീകരിക്കുന്നതിൽ പരാജയപ്പെടുക എന്നതാണ് (ആവ. 8:10—14).
തുടർന്നുള്ള വാചാടോപപരമായ (Rhetorical question) ചോദ്യം ഈ കാര്യം വ്യക്തമാക്കുന്നു: “പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും?” അവൻ മരിച്ചാൽ, വിശ്വസ്തമായ സ്നേഹത്തിനോ, കൃപയുള്ള ഇടപെടലിനോ, അല്ലെങ്കിൽ മരണത്തിന്റെ മണ്ഡലത്തിലായതിനാൽ അവന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നതിനോ ദൈവത്തെ സ്തുതിക്കാൻ അവന് കഴിയുകയില്ല. സാഹചര്യത്തിന്റെ ഗൗരവം സങ്കീർത്തനക്കാരന് നിരന്തരം ഓർമ്മിപ്പിക്കുന്നതായിരുന്നുവെന്ന് എ. എ. ആൻഡേഴ്സൺ കുറിക്കുന്നു, അവൻ ഇതിനകം തന്നെ പാതാളാവസ്ഥയുടെ എന്തോ ഒന്ന് അനുഭവിക്കാൻ തുടങ്ങിയിരുന്നു. ദൈവത്തെ ഉത്തരം നൽകാൻ പ്രേരിപ്പിക്കുന്നതിനുള്ള ഒരു വാചാടോപപരമായ ചോദ്യമായിട്ടാണ് ദാവീദ് ഈ പോയിന്റ് പറയുന്നത്: ദൈവം തന്റെ വിശ്വസ്തമായ സ്നേഹത്തിന് അവനെ സ്തുതിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവം അവനെ വിടുവിച്ചുകൊണ്ട് ആ വിശ്വസ്ത സ്നേഹം കാണിക്കേണം. ദൈവം പ്രവർത്തിക്കാനുള്ള അത്തരമൊരു പ്രചോദനം അശ്രദ്ധമായ വിലപേശലല്ല -ഉത്തരം ലഭിച്ച പ്രാർത്ഥനയുടെ ഫലം എന്തായിരിക്കുമെന്ന് അംഗീകരിക്കുക എന്നതാണത്. അതായത്, താൻ മരണത്തിൽ നിന്നു വിടുവിക്കപ്പെടുന്നതിലൂടെ ദൈവത്തെ സ്തുതിക്കയും അതിലൂടെ ദൈവം മഹത്വപ്പെടുത്തപ്പെടുകയും ആളുകളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യും.
C. വിശ്വാസികൾക്ക് അവരുടെ ദുഃഖം യഹോവയുടെ മുൻപിൽ പകരാം (6—7).
അടുത്ത രണ്ട് വാക്യങ്ങൾ തീവ്രമായ വിലാപമാണ്. തന്റെ ജനത്തോട് കരുണ കാണിക്കാൻ അവൻ ഇത് ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദുഃഖത്തിൽ കരയുകയും ഞരങ്ങുകയും ചെയ്തതിലൂടെ ഉണ്ടായ ക്ഷീണത്തെക്കുറിച്ച് സങ്കീർത്തനക്കാരൻ ആദ്യം വിവരിക്കുന്നു. "ഞാൻ തകർന്നിരിക്കുന്നു" എന്ന ക്രിയ ദീർഘകാലമായി താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളുടെയും ഞരക്കങ്ങളുടെയും ഫലത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ, സങ്കീർത്തനക്കാരന്റെ ക്ഷീണം ശാരീരികവും വൈകാരികവുമായ രണ്ട് ഘടകങ്ങളുടെയും സംയോജനമാണ്. ശത്രുക്കളുടെ ആക്രമണങ്ങൾ മൂലമായിരിക്കാം ശാരീരിക കഷ്ടപ്പാട് അഥവാ അലച്ചിൽ. എന്നാൽ ആന്തരിക ഞരക്കവും കരച്ചിലും ദൈവിക ശിക്ഷണത്തിന്റെ ഭാഗമായി; ദൈവം നീണ്ട നിശബ്ദതയിലായിരിക്കുന്നുവെന്നത് അതിന്റെ കാഠിന്യം വർദ്ധിപ്പിച്ചു. തന്റെ ദുരിതത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്ന കരച്ചിലിന്റെ അതിശയോക്തിപരമായ വിവരണങ്ങളോടെയാണ് സങ്കീർത്തനക്കാരൻ ഇതിനെ പിന്തുടരുന്നത്. ഈ വ്യക്തമായ അതിശയോക്തി കൂടാതെ വായനക്കാരന് ദുരിതം പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞേക്കില്ല. സങ്കീർത്തനക്കാരൻ പറയുന്നത്, രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു". അവൻ തന്റെ രാത്രികളെ വലിയ വേദനയിലും ഇടതടവില്ലാത്ത കരച്ചിലിലും ചെലവഴിക്കുന്നു. തന്റെ കണ്ണുനീർ കൊണ്ട് തന്റെ കിടക്കപോലും നനയുന്നു. ഏഴാം വാക്യത്തിൽ അവൻ തന്റെ ദുഃഖത്തിന്റെ വിവരണം ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുന്നു: “ദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു; എന്റെ സകലവൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ക്രിയാപദം എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഇപ്പോഴും അത് സത്യമായിരിക്കുന്നു എന്നതും വെളിപ്പെടുത്തുന്നു. അവന്റെ ദുഃഖം, ബലഹീനത, കരച്ചിൽ എന്നിവയുടെ മികച്ച അളവുകോലായി “കണ്ണ്” വർത്തിക്കുന്നു; അത് അവന്റെ പൊതുവായ അവസ്ഥയെ പ്രതിനിധീകരിക്കുന്നു. അതായത് അവന്റെ ശരീരം മുഴുവനും ക്ഷീണിച്ചിരിക്കുന്നു. ഇന്നും കണ്ണിന്റെ അവസ്ഥ വ്യക്തിയുടെ പൊതുവായ ആരോഗ്യത്തിന്റെയും സ്ഥിരതയുടെയും ഒരു നല്ല അളവുകോലാണ്. അവൻ പൂർണ്ണമായും ക്ഷീണിതനായതിനാൽ അവന്റെ കണ്ണുകളിൽ ജീവനോ ഉന്മേഷമോ ഇല്ല. ദൈവത്തിന്റെ ശിക്ഷണത്തിന്റെ ഭാഗമാണെന്ന് സങ്കീർത്തനക്കാരന് അറിയാമായിരുന്നിട്ടും, ഈ ദാരുണമായ അവസ്ഥയ്ക്ക് കാരണം എതിരാളികളാണെന്നതിൽ സംശയമില്ല. എതിരാളികൾ ഈ കഷ്ടപ്പാടിന്റെ ഉപകരണങ്ങളാണെന്ന ചിന്ത, തന്നെ നശിപ്പിക്കാൻ ഇറങ്ങിയ ഈ ആളുകൾക്ക് തന്റെ ദൈവം തന്നെ ഏൽപ്പിക്കില്ലെന്ന് ദാവീദിന് ആത്മവിശ്വാസം പകരുന്നതായി തോന്നുന്നു. എല്ലാത്തിനുമുപരി, ദൈവത്തിന്റെ ശിക്ഷണം താൽക്കാലികമാണ്, പക്ഷേ അവന്റെ പ്രീതി ജീവിതകാലം മുഴുവൻ നിലനിൽക്കുന്നു"വെന്ന് (cf. സങ്കീ. 30:5) അവനറിയാം.
2. പാപത്തെ ഏറ്റുപറയുന്ന വിശ്വാസികൾക്ക് എതിരാളികളുടെ ശിക്ഷണ പീഡനത്തിൽ നിന്നുള്ള മോചനം പ്രതീക്ഷിക്കാം (8-10)
A. ദൈവം അവരുടെ പ്രാർത്ഥന കേൾക്കുന്നുവെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും (8—9).
ശത്രുക്കളുടെ കൈകളാൽ താൻ അനുഭവിച്ച കഷ്ടപ്പാടിനെക്കുറിച്ചുള്ള വിലാപത്തിൽ നിന്ന് സങ്കീർത്തനക്കാരൻ ഉടനടി മാറി, അവർ ഇപ്പോൾ മാരകമായ അപകടത്തിലാണെന്ന് ആ ശത്രുക്കൾക്ക് താൻ മുന്നറിയിപ്പ് നൽകുന്നു: "അനീതി പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിൻ!" ശ്രോതാക്കളിലെ ഈ പെട്ടെന്നുള്ള മാറ്റം, വിലാപ സങ്കീർത്തനങ്ങളുടെ സവിശേഷതയായ മാനസികാവസ്ഥയുടെ ശ്രദ്ധേയമായ മാറ്റത്തെ സൂചിപ്പിക്കുന്നു. ശിക്ഷണം അവസാനിപ്പിക്കാനുള്ള തന്റെ പ്രാർത്ഥനയ്ക്ക് യഹോവ ഉത്തരം നൽകിയിട്ടുണ്ടെന്ന് സങ്കീർത്തനക്കാരന് ഇപ്പോൾ ബോധ്യമുണ്ട്, അതിനർത്ഥം തന്നെ മനസ്സോടെ പീഡിപ്പിച്ചിരുന്ന ആ ദുഷ്ട ശത്രുക്കളുടെ ശക്തി യഹോവ അവസാനിപ്പിക്കാൻ പോകുന്നു. എല്ലാത്തിനുമുപരി, അവർ "അകൃത്യം ചെയ്യുന്നവരാണ്." ഈ ദുഷ്ട ശത്രുക്കൾ സങ്കീർത്തനക്കാരനെ അവരുടെ അനീതിയുള്ള പ്രവൃത്തികളാൽ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു, അതിൽ അപവാദം, ശാപം, തെറ്റായ ആരോപണങ്ങൾ അല്ലെങ്കിൽ "അകൃത്യം" വിവരിക്കുന്ന വാക്കിന്റെയോ പ്രവൃത്തിയുടെയോ മറ്റ് പാപങ്ങൾ (s.v. സങ്കീർത്തനങ്ങൾ 28:3) എന്നിവ ഉൾപ്പെട്ടിരിക്കാം. അവർ ആരായിരുന്നാലും അവർ എന്തുതന്നെ ചെയ്തിരുന്നാലും, കഴിയുന്നിടത്തോളം തന്നെ വിട്ടുപോകാൻ അവരോട് ഇവിടെ നിർദ്ദേശിക്കുന്നു. ഈ മുന്നറിയിപ്പിനുള്ള കാരണം, യഹോവ തന്റെ കരച്ചിൽ (വർത്തമാനകാല പൂർണ്ണത) കേട്ടു. തുടർന്ന്, ഒൻപതാം വാക്യത്തിൽ, യഹോവ തന്റെ പ്രാർത്ഥന കേട്ടുവെന്നും തന്റെ ശത്രുക്കളിൽ നിന്ന് തന്നെ വിടുവിക്കുന്നതിനും ശാരീരികവും വൈകാരികവുമായ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിനുമുള്ള തന്റെ അപേക്ഷ സ്വീകരിക്കുന്നുവെന്നും അദ്ദേഹം ആവർത്തിക്കുന്നു.
B. ദൈവം തങ്ങളുടെ പീഡകരെ ശിക്ഷിക്കുമെന്ന് ഒരു വിശ്വാസിക്ക് ആത്മവിശ്വാസത്തോടെ ഇരിക്കാം (10).
എല്ലാ ശത്രുക്കളും ലജ്ജിക്കപ്പെടുകയും വളരെയധികം അസ്വസ്ഥരാകുകയും ചെയ്യുമെന്ന ആത്മവിശ്വാസത്തോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. അവൻ ഭയന്നുപോയതിന്റെ കാരണം അവരായിരുന്നു; ദൈവം അവരെ നശിപ്പിക്കുമെന്നതിനാൽ ഇപ്പോൾ അവർ ഭയന്നുപോകും. ദൈവം അവരെ ശിക്ഷിക്കും, കാരണം അവരെ ദൈവം ഉപയോഗിച്ചെങ്കിലും, അവർ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിച്ച് യഹോവയുടെ ദാസനെ നശിപ്പിക്കാൻ ശ്രമിച്ചു. "ലജ്ജിപ്പിക്കുക" എന്ന വാക്ക് ഒരാൾ പ്രതീക്ഷിച്ചതിന് വിരുദ്ധമായി കാര്യങ്ങൾ മാറുമ്പോൾ ആശയക്കുഴപ്പം, ലജ്ജ, നിരാശ എന്നിവയുടെ അർത്ഥം പ്രകടിപ്പിക്കുന്നു; അവർ പരാജയപ്പെടുകയും "വേഗത്തിൽ" നശിപ്പിക്കപ്പെടുകയും ചെയ്യും. ആകയാൽ വിശ്വാസികൾക്ക് പ്രതീക്ഷ നഷ്ടപ്പെടേണ്ട യാതൊരു ആവശ്യവുമില്ല !
ഉപസംഹാരം
ഞാൻ ഇതുവരെ പങ്കുവെച്ചത് ഇപ്രകാരം സംഗ്രഹിക്കയാണ്. ദൈവം തന്റെ ജനത്തെ അവരുടെ എതിരാളികളുടെ വടികൊണ്ട് ശിക്ഷിക്കുമ്പോൾ, യഥാർത്ഥത്തിൽ അനുതപിക്കുന്നയാൾക്ക് ദൈവത്തിന്റെ വിശ്വസ്ത സ്നേഹം നിമിത്തം ആശ്വാസത്തിനായി പ്രാർത്ഥിക്കാം. കർത്താവ് താൻ സ്നേഹിക്കുന്നവരെ എങ്ങനെ ശിക്ഷിക്കുന്നു എന്ന് എബ്രായരുടെ പുസ്തകം വിശദീകരിക്കുന്നു (ഹെബ്രായർ 12:4—11). വിശുദ്ധി കൊണ്ടുവരാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ദൈവിക ശിക്ഷണത്തിലാണ് പൊതുവെ ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, എന്നാൽ അതിൽ തിരുത്തലും ഉൾപ്പെടുന്നു. അതിനാൽ സങ്കീർത്തനത്തിന്റെ സന്ദേശം പഴയനിയമത്തിലും പുതിയനിയമത്തിലും വിശ്വസിക്കുന്നവർക്ക് ബാധകമാണ്. ദൈവിക ശിക്ഷണം സ്നേഹത്തിലാണ് ചെയ്യുന്നത്, വിശ്വാസികൾക്ക് ദൈവത്തോടുള്ള അവന്റെ ദിവ്യ സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ ആശ്വാസത്തിനായി അപേക്ഷിക്കാൻ കഴിയും.
കുരിശിലെ യേശുവിന്റെ് ശാരീരികവും വൈകാരികവുമായ തീവ്രമായ വേദന, കരുണക്കായുള്ള യാചന എന്നിവയെ 6-ാം സങ്കീർത്തനം മുൻനിഴലാക്കുന്നു. മനുഷ്യ പാപത്തിനുവേണ്ടി യേശു ദൈവകോപം വഹിച്ചു, ഈ പ്രാർത്ഥനാ ഗാനത്തിൽ ദാവീദ് പ്രകടിപ്പിക്കുന്ന മരണത്തിൽ നിന്നുള്ള മോചനത്തിനായുള്ള ആഴമായ നിരാശയും ആവശ്യവും യേശു നിറവേറ്റി. ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി ക്രിസ്തു നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നതിനാൽ നമ്മുടെ പ്രാർത്ഥനക്ക് ഉത്തരമുണ്ട് എന്ന ആത്മവിശ്വാസത്തോടെ നമുക്ക് പ്രാർത്ഥിക്കാം.
മരണത്തിന്മേലുള്ള വിജയം: ശവക്കുഴിയിൽ ആർക്കാണ് ദൈവത്തെ സ്തുതിക്കാൻ കഴിയുക എന്ന് ദാവീദ് ചോദിക്കുന്നു (വാക്യം 5). യേശുവിന്റെ പുനരുത്ഥാനം ഇതിന് നേരിട്ട് ഉത്തരം നൽകുന്നു. വിശ്വാസി മരണത്തെ മറികടക്കുകയും സ്തുതി തുടരുകയും ചെയ്യുന്നു. ഇനി ശവക്കുഴിയുടെ നിരാശ ഒരു വിശ്വാസിക്കില്ല.
പ്രാർത്ഥന
ദൈവമേ, അങ്ങയുടെ വാഗ്ദത്തങ്ങളാണ് എന്റെ പ്രാർത്ഥനയുടെ ഏക ആധാരം. ക്രിസ്തുവിന്റെ മദ്ധ്യസ്ഥതയിൽ ഞാൻ നിന്റെ സന്നിധിയോടു അടുക്കുവാൻ ധൈര്യപ്പെടുന്നു. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായുള്ളോരെ, നിങ്ങൾ എന്റെ അടുക്കൽ വരുവിൻ എന്ന് അവിടുന്നു അരുളിച്ചെയ്തുവല്ലൊ. ഞാൻ അങ്ങനെയുള്ളവൻ. ദൈവമെ, അവിടുത്തെ വിശ്വസ്ഥസ്നേഹം ഒരിക്കലും പരാജയപ്പെടുകയില്ലായെന്ന് ഞാൻ അറിയുന്നു. നിന്റെ കൃപയാൽ എന്നെ സ്പർശിക്കയും അവിടുത്തെ സാന്നിദ്ധ്യത്താൽ എന്നെ നിറക്കയും ചെയ്യേണമേ, ആമേൻ.