top of page

സങ്കീർത്തന പരമ്പര-07

A righteous judge will judge with justice!
Psalm 7

സങ്കീർത്തനം 7

"1എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.
2 അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.
3 എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,
4 എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ -
5 ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ.
6 യഹോവേ, കോപത്തോടെ എഴുന്നേൽക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിർത്തുനിൽക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
7 ജാതികളുടെ സംഘം നിന്നെ ചുറ്റിനിൽക്കട്ടെ; നീ അവർക്കു മീതെ കൂടി ഉയരത്തിലേക്കു മടങ്ങേണമേ.
8 യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;
9 ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.
10 എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു; അവൻ ഹൃദയപരമാർത്ഥികളെ രക്ഷിക്കുന്നു.
11 ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.
12 മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂർച്ചകൂട്ടും; അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.
13 അവൻ മരണാസ്‌ത്രങ്ങളെ അവന്റെ നേരെ തൊടുത്തു. തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു.
14 ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.
15 അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻ തന്നേ വീണു.
16 അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാൽക്കാരം അവന്റെ നെറുകയിൽ തന്നേ വീഴും.
17 ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും."

രചനയും സന്ദർഭവും

ബന്യാമീന്യനായ കൂശിന്റെ വാക്കുകൾ നിമിത്തം ദാവീദ് യഹോവക്കു പാടിയ വിഭ്രമഗീതം എന്നാണിതിന്റെ തലക്കെട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശൗലിന്റെ ഗോത്ര ബന്ധുക്കളിൽ ഒരാളായിരുന്നു ബെന്യാമീൻ ഗോത്രക്കാരനായ കുശു. ആ കൂശ് ദാവീദിനെക്കുറിച്ച് ശൗൽ രാജാവിനോട് അപവാദം പറഞ്ഞു, അതായത്, ദാവീദ് ശൗലിനെ കൊല്ലാൻ തക്കം നോക്കി നടക്കുന്നുവെന്ന് ആരോപിച്ചു. അതിന്റെ ഫലമായി ശൗലിന്റെ ആളുകൾ ദാവീദിനെ വേട്ടയാടാൻ തുടങ്ങി. ഈയൊരു പശ്ചാത്തലത്തിലായിരിക്കണം ദാവീദ് ഈ സങ്കീർത്തനം രചിച്ചത് (1 ശമു. 22:8; 24:9; 26:19) എന്ന് കരുതപ്പെടുന്നു.

വ്യാഖ്യാന വിശകലന സംഗ്രഹം:

ദൂഷണ ശത്രുക്കളിൽ നിന്നുള്ള മോചനത്തിനായി പ്രാർത്ഥിക്കുമ്പോൾ, നീതിമാനായ സങ്കീർത്തനക്കാരൻ തന്റെ നിരപരാധിത്വത്തെ ഗൗരവമായി പ്രതിരോധിക്കുകയും ഭൂമിയുടെ നീതിമാനായ ന്യായാധിപനോട് അവരുടെ സ്വന്തം ആസൂത്രിതമായ ദ്രോഹത്തിൽ ദുഷ്ടന്മാരെ നശിപ്പിച്ചുകൊണ്ട് തന്നെ ന്യായീകരിക്കാൻ അപേക്ഷിക്കുന്നു.

ശത്രുക്കളിൽ നിന്നും വിടുതലിനായുള്ള ഒരു പ്രാർത്ഥന എന്നതിനേക്കാൾ ഉപരി, നീതിമാനായ ന്യായാധിപനിൽ നിന്നും നീതീകരണത്തിനായുള്ള ഒരു അപേക്ഷയും കൂടിയാണ് ഏഴാം സങ്കീർത്തനം. തന്റെ കുറ്റമില്ലായ്മയെ അംഗീകരിച്ച്, തനിക്കെതിരെ പ്രവർത്തിക്കുന്ന ശത്രുക്കൾക്കെതിരെ ദൈവം ന്യായംവിധിക്കണം. നീതിമാനായ ഒരു ന്യായാധിപൻ എന്ന നിലയിൽ ദൈവം തന്നെ ന്യായീകരിക്കണം എന്നതാണ് തന്റെ മുഖ്യമായ അപേക്ഷ.

ശത്രുക്കളിൽ നിന്നുള്ള വിടുതലിനായി സങ്കീർത്തനക്കാരൻ പ്രാർത്ഥിക്കുമ്പോൾ, തന്റെ നിരപരാധിത്വം ഗൗരവമായി സ്ഥിരീകരിക്കുകയും ദുഷ്ടന്മാരെ ശിക്ഷിച്ചുകൊണ്ട് തന്നെ ന്യായീകരിക്കാൻ ന്യായാധിപനോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. താൻ ഈ കാര്യത്തിൽ നിരപരാധിയാണ് എന്നത് ഊന്നൽ നൽകി പറഞ്ഞ്, ശത്രുക്കളിൽ നിന്നുള്ള വിടുതലിനായി താൻ പ്രാർത്ഥിക്കുന്നു.

ഈ സങ്കീർത്തനത്തിൽ നിന്നും ഒന്നാമത്തെ പോയിന്റായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം, കർത്താവിൽ ആശ്രയിക്കുന്നവർക്ക് അപകട സമയങ്ങളിൽ വിടുതലിനായി ദൈവത്തോട് അപേക്ഷിക്കാം.

I. കർത്താവിൽ ആശ്രയിക്കുന്നവർക്ക് അപകട സമയങ്ങളിൽ മോചനത്തിനായി ദൈവത്തോട് അപേക്ഷിക്കാം (1-2)

"1എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ. 2 അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ."

സിംഹത്തെപ്പോലെ തന്നെ കീറിക്കളയുവാൻ പോകുന്ന ശത്രുക്കളിൽ നിന്ന് മോചനത്തിനായി സങ്കീർത്തനക്കാരൻ ആത്മവിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതാണ് ഈ വാക്യങ്ങൾ. ദൈവം തന്നെ രക്ഷിക്കുന്നില്ലെങ്കിൽ ആർക്കും തന്നെ രക്ഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിനു നന്നായി അറിയാം; അതുകൊണ്ട്, തന്റെ വിശ്വാസത്തിന്റെ വ്യക്തമായ സ്ഥിരീകരണത്തോടെയാണ് അദ്ദേഹം ഹ്രസ്വമായ അഭ്യർത്ഥന ആരംഭിക്കുന്നത്. സങ്കീർത്തനക്കാരന്റെ വിശ്വാസത്തിന്റെ ഉറപ്പ് ഈ വാക്യങ്ങൾ ദൃശ്യമാണ്. യഹോവ തന്റെ ദൈവമാണെന്നും അവനിൽ താൻ അഭയം പ്രാപിച്ചിരിക്കുന്നുവെന്നും ഇതിൽ വൃക്തമാണ്. സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി അദ്ദേഹം യഹോവയിൽ ആശ്രയിക്കുന്നു.

പ്രായോഗികത: നമ്മുടെ പ്രാർത്ഥനയിൽ ഈയൊരു ഉറപ്പ് നമുക്കുണ്ടോ? സരംക്ഷണത്തിനും സുരക്ഷക്കുമായി നാം കർത്താവിൽ വിശ്വസിക്കയും ആശ്രയിക്കയും ചെയ്യുന്നവരാണോ?

അദ്ദേഹത്തിന്റെ അഭ്യർത്ഥന വളരെ ലളിതമാണ്: “എന്നെ രക്ഷിക്കൂ” അഥവാ “എന്നെ വിടുവിക്കൂ". തന്നെ പിന്തുടരുന്ന ശതുക്കളിൽ നിന്നുള്ള മോചനം ഉൾപ്പെടെ ഏത് കാര്യത്തെയും ഇത് സൂചിപ്പിക്കാം. തന്നെ പിന്തുടരുന്ന എല്ലാ ശത്രുക്കളിൽ നിന്നും മോചനം പ്രാപിപ്പാൻ സങ്കീർത്തനക്കാരൻ ആഗ്രഹിക്കുന്നു. തന്റെ ശത്രു ഒരു സിംഹത്തെപ്പോലെ തന്നെ കീറിക്കളയുവാൻ പോകുന്നു. സിംഹവുമായുള്ള താരതമ്യം, ശത്രുക്കൾ അവനെ അക്രമാസക്തമായി നശിപ്പിക്കുമെന്ന തന്റെ ഭയമാണ് കാണിക്കുന്നത്. ശൗൽ തന്റെ അനേകം പടയാളികളുമായി തന്നെ വേട്ടയാടുന്ന ചിത്രമായിരിക്കാം അപ്പോൾ തന്റെ മനസ്സിൽ. അവരുടെ കയ്യിൽ താൻ പെട്ടുപോയാൽ ഒരു സിംഹത്തിന്റെ മുൻപിൽ അകപ്പെട്ടുപോകുന്നതുപോലെ ആയിരിക്കും തന്റെ അവസ്ഥ. സിംഹം തന്നെ കീറിക്കളയുന്നതുപോലെ ശത്രു “തന്നെ കടിച്ചുകീറിക്കളയും". (P15), അപ്പോൾ "വിടുവിക്കുവാൻ ആരുമുണ്ടാവുകയില്ല" ഇതാണ് സങ്കീർത്തനക്കാരൻ നേരിടുന്ന പ്രതിസന്ധി.

പ്രായോഗികത: ജീവിതത്തിൽ നിങ്ങളെ തളർത്തിക്കളയുന്ന പല പ്രതിസന്ധികൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാം. അത് മറ്റുള്ളവരുടെ അപവാദം പറച്ചിലുകൾ ആകാം. നിങ്ങളുടെ സാമ്പത്തിക പരാധീനതകൾ ആകാം. നിങ്ങളുടെ രോഗങ്ങൾ ആകാം. അപ്പോൾ നിങ്ങൾ എന്താണ് ചെയ്യേണ്ടത്? ആ പ്രതിസന്ധിയെ തരണം ചെയ്യാൻ നിങ്ങളുടെ വിശ്വാസത്തെ കർത്താവിൽ ഉറപ്പിക്കുക. അവൻ നിങ്ങളെ വിടുവിക്കും എന്ന ഉറച്ച വിശ്വാസത്തോടെ പ്രാർത്ഥിക്കുക. ഇതാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.

രണ്ടാമതായി ഈ സങ്കീർത്തനത്തിൽ നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം, നീതിമാനായ ന്യായാധിപൻ തന്നെ ന്യായീകരിക്കാൻ അഭ്യർത്ഥിക്കുമ്പോൾ, അഭ്യർത്ഥിക്കുന്ന വ്യക്തി നിരപരാധി അഥവാ നീതിമാൻ ആയിരിക്കണം.

2. നീതിമാനായ ന്യായാധിപൻ തന്നെ ന്യായീകരിക്കണം എന്ന് അഭ്യർത്ഥിക്കുമ്പോൾ, അഭ്യർത്ഥിക്കുന്ന വ്യക്തി നിരപരാധി അഥവാ നീതിമാൻ തന്നെ ആയിരിക്കണം (3—5).

"3 എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ, 4 എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ - 5 ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ."

നീതിമാൻ തന്റെ നിരപരാധിത്വത്തെ പ്രതിരോധിക്കുന്നതാണ് ഈ വാക്യങ്ങളിൽ. ന്യായീകരണത്തിനായുള്ള തന്റെ അഭ്യർത്ഥനയെ നിയമാനുസൃതമാക്കുന്നതിന്, തന്റെ കൈകളിൽ അനീതിയില്ലെന്ന് സങ്കീർത്തനക്കാരൻ സ്ഥിരീകരിക്കുന്നു. തന്റെ പക്കൽ അനീതിയുണ്ടെങ്കിൽ, ന്യായീകരണത്തിനായുള്ള അപേക്ഷ കപടമായിരിക്കും. ശപഥങ്ങളിൽ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളിലാണ് ഈ വാക്യങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്: “ഞാൻ ഇത് ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ കൈകളിൽ അകൃത്യം ഉണ്ടെങ്കിൽ, എന്നോട് സമാധാനത്തിലായിരുന്നവന് ഞാൻ തിന്മ ചെയ്തിട്ടുണ്ടെങ്കിൽ. . . ശത്രു എന്നെ പിന്തുടർന്ന് എന്നെ പിടിക്കട്ടെ.” ഇതാണ് ആ ശപഥത്തിന്റെ ധ്വനിയെന്നത്. ഈ വരികൾ അദ്ദേഹത്തിന്റെ നിരപരാധിത്വത്തെ സംബന്ധിച്ച ഗൗരവമേറിയ ഒരു പ്രസ്താവനയാണ്. ഇവിടെ ദാവീദ് കൂശ് ആരോപിച്ചതുപോലെ ശൗലിനെ കൊല്ലുവാനുള്ള യാതൊരു ആലോചനയൊ ശ്രമമൊ നടത്തിയിട്ടില്ല. ഒരു തെറ്റായ ആരോപണത്തിന്റെ പേരിലാണ് ദാവിദ് ശൗലിന്റെ കയ്യാൽ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ദാവീദ് ഈ കാര്യങ്ങൾ താൻ ചെയ്തിട്ടില്ലെന്നും അതിൽ തന്റെ ജീവൻ പണയപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹം നിഷേധിക്കുന്ന ആരോപണം 4-ാം വാക്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട് :4 എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ. തന്റെ ബന്ധുവായിരുന്ന ശൗലിനെ താൻ ഒരു നിലയിലും ദ്രോഹിച്ചിട്ടില്ല. അദ്ദേഹവുമായി സമാധാനത്തിലായിരുന്ന താൻ "തിന്മ ചെയ്തു" എന്നതാണ് ആ അപവാദ ആരോപണം (വാക്യം 4). ആ ആരോപണത്തെ താൻ നിഷേധിക്കുന്നുവെന്നു മാത്രമല്ല, വിപരീതമായ ഒരു പോയിന്റ് ഉപയോഗിച്ച് അദ്ദേഹം ആ ശപഥത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. "5 ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ." വാസ്തവത്തിൽ, ശത്രുവിന്റെ ആരോപണം കള്ളമാണ്. "ഞാൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ" ഞാനതിനു ശിക്ഷ അനുഭവിപ്പാൻ തയ്യാറാണ്. ഞാൻ കുറ്റവാളിയാണെങ്കിൽ ശത്രുവിന്റെ കൈ എന്നെ പിന്തുടർന്നു പിടിക്കട്ടെ; അവനെന്ന ചവിട്ടിമെതിച്ചുകൊള്ളട്ടെ. അതിൽ നിന്നും ഒരു കാര്യം വ്യക്തം, താൻ ഇക്കാര്യത്തിൽ തികച്ചും നിരപരാധിയാണ്.

തന്നെ പരാമർശിക്കുമ്പോൾ, അവൻ "എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ" എന്നുകൂടി പറയുന്നു. And lay my glory in the dust" എന്നാണ് ഇംഗ്ലീഷിൽ; അതായത് എന്റെ മഹത്വത്തെ പൂഴിയിൽ തള്ളിയിടട്ടെ." അത് അർത്ഥമാക്കുന്നത്, തന്റെ ജീവൻ മാത്രമല്ല, അവന്റെ ആന്തരിക മൂല്യവും നശിച്ചു പൊയ്ക്കൊള്ളട്ടെ എന്നാണ് താൻ പറയുന്നത്. തനിക്കു ഒരു അപമാനകരമായ മരണം പോലും നേരിട്ടുകൊള്ളട്ടെ. തനിക്കതിൽ യാതൊരു പരാതിയുമില്ല. ഇവിടെ "പൊടി" എന്നത് ശവക്കുഴിയെ സൂചിപ്പിക്കുന്നു. അതായത്, തന്നെ കൊന്നുകൊള്ളട്ടെ. ഞാൻ ശവക്കുഴിയിൽ പോകാൻ തയ്യാറാണെന്നാണ് സാരം. കേവലം മരണമല്ല; അപമാനകരമായ മരണം പോലും സ്വീകരിക്കുവാൻ താൻ തയ്യാറാണ്. തന്റെ നിരപരാധിത്വത്തെക്കുറിച്ച് അപേക്ഷകൻ വളരെ ഉറപ്പുള്ളതിനാൽ, കുറ്റക്കാരനാണെങ്കിൽ അവന്റെ ശത്രുക്കൾ അവനെ കൊന്നുകൊള്ളട്ടെ എന്നാണ് അദ്ദേഹം സത്യം ചെയ്യുന്നത്. എന്നാൽ ഇത് പറയുമ്പോൾ താൻ നിരപരാധിയാണെന്ന് അവന് വ്യക്തമായി അറിയാം, ശത്രു തന്റെ മേൽ വിജയിക്കുന്നത് കാണാൻ സങ്കീർത്തനക്കാരൻ ഉദ്ദേശിക്കുന്നില്ല. തന്റെ നിരപരാധിത്വത്തിന്റെ വെളിച്ചത്തിൽ തന്നെ വിധിക്കണമെന്നാണ് ദാവിദ് ധൈര്യത്തോടെ അപേക്ഷിക്കുന്നത്.

പ്രായോഗികത: നാം തെറ്റായി ആരോപണവിധേയരാകുമ്പോൾ, നിങ്ങൾ അവരോട് ശത്രുത പുലർത്താതിരിക്കുക. നിങ്ങൾതന്നെ അതിനു പ്രതികാരം ചെയ്യണം എന്ന് തീരുമാനിക്കാതിരിക്കുക. നിങ്ങളുടെ മനസ്സാക്ഷി ശുദ്ധമാണെന്നും നിങ്ങളുടെ കൈകൾ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ഉറപ്പു വരുത്തുക. അങ്ങനെയാകുമ്പോൾ ദൈവികനീതിക്കായി ആത്മവിശ്വാസ ത്തോടെ ദൈവത്തോടു പ്രാർത്ഥിക്കാൻ കഴിയും.

രണ്ടാമത്തെ പോയിന്റിന്റെ ഒരു സബ്-പോയിന്റായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്നത്, നീതിമാന് ന്യായീകരണത്തിനായി അപേക്ഷിക്കാം

A. നീതിമാന് ന്യായീകരണത്തിനായി അപേക്ഷിക്കാം (6—9).

"6 യഹോവേ, കോപത്തോടെ എഴുന്നേൽക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിർത്തുനിൽക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ. 7 ജാതികളുടെ സംഘം നിന്നെ ചുറ്റിനിൽക്കട്ടെ; നീ അവർക്കു മീതെ കൂടി ഉയരത്തിലേക്കു മടങ്ങേണമേ. 8 യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ; 9 ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ."

6-ാം വാക്യത്തിൽ, ദാവീദ് തന്റെ സഹായത്തിനായി യഹോവയോട് അപേക്ഷിക്കുന്നു. ആരോപണങ്ങളിൽ അവൻ നിരപരാധിയായതിനാൽ, സങ്കീർത്തനക്കാരന് ദൈവിക ന്യായീകരണത്തിനായി അപേക്ഷിക്കാൻ സ്വാതന്ത്ര്യമുണ്ട്, അവൻ ധീരമായ നിർബന്ധങ്ങൾ ഉപയോഗിക്കുന്നു: “എഴുന്നേൽക്കുക, "ഉണരുക” എന്നിത്യാദി ഈ മാനുഷികമായ അപേക്ഷകൾ (ആന്ത്രോപോമോർഫിസങ്ങൾ) ദൈവത്തെ അവനുവേണ്ടി വേഗത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതിനാണ്. ഈ ശത്രുക്കളുടെ കോപത്തിനെതിരെ ദൈവം തന്റെ കോപത്തിൽ എഴുന്നേൽക്കണം. വാക്യത്തിലെ “ഉണരുക” എന്ന പ്രയോഗം ഇതുവരെ ദൈവം അവന്റെ പ്രാർത്ഥന ശ്രദ്ധിക്കാതെ ഇരുന്നു എന്ന സൂചനയാണ് നൽകുന്നത്. ഇപ്പോൾ ദൈവം അവസരത്തിനൊത്ത് എഴുന്നേറ്റ് നീതി നടപ്പാക്കണമെന്നതാണ് അഭ്യർത്ഥന. ഈ നീതിയിൽ ശത്രുവിന്റെ മേലുള്ള വിധി ഉൾപ്പെടും, അത് പൊതുവായ വിധിയായിരിക്കാം, അതല്ലെങ്കിൽ ഒരു പ്രത്യേക വിധിയായിരിക്കാം. അതായത്, അന്ത്യനാളിൽ നരകത്തിലേക്ക് തള്ളിക്കളയുന്ന വിധി ആയിരിക്കാം. അതല്ലെങ്കിൽ ഇപ്പോൾ അവനെ ഏതെങ്കിലും നിലയിൽ പരാജയപ്പെടുത്തുകയൊ നീക്കിക്കളയുകയൊ ചെയ്യുന്നതായിരിക്കാം. എന്തു തന്നെ ആയാലും ദൈവമെ വേഗം അവിടുന്ന് എഴുന്നേറ്റ് തന്റെ വിധി നടപ്പാക്കേണമെ എന്നാണ്~ താൻ അപേക്ഷിക്കുന്നത്.

അടുത്തവാക്യത്തിൽ "നീ ന്യായവിധി കല്പിച്ചുവല്ലൊ" എന്ന് നാം വായിക്കുന്നു. അതായത്, “നീ കല്പിച്ച നീതിയെ എനിക്കു വേണ്ടി ഉണർത്തുക.” ദൈവം ദൈവം ശത്രുവിനുവേണ്ടി വിധിച്ച വിധി നടപ്പാക്കേണമെ. അങ്ങനെ അവന്റെ ദുഷ്ടതക്ക് ഒരു അറുതി വരുത്തണം. മറ്റൊരു ആവശ്യം താൻ ഉന്നയിക്കുന്നത്, ഒത്തുകൂടിയ എല്ലാ ജനങ്ങളും അതിന് സാക്ഷ്യം വഹിക്കാൻ തക്കവിധം അവിടുന്നു ഈ വിധി നടപ്പാക്കണം എന്നതാണ് (വാക്യം 7). മറ്റു ജനങ്ങൾ മുമ്പാകെ ആരോപിതനെ കുറ്റവിമുക്തനാക്കി, യഥാർത്ഥ കുറ്റവാളിയെ അഥവാ ദുഷ്ടനെ ന്യായം വിധിക്കേണമെ എന്നാണ് താൻ ആവശ്യപ്പെടുന്നത്.

വടക്കെയിന്ത്യയിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുമ്പോൾ ഞാനും ഈ നിലയിൽ ഒക്കെ പ്രാർത്ഥിക്കാറുണ്ട്. ദൈവമെ അവിടെ ഭരിക്കുന്ന ഗവന്മെന്റുകളെ ന്യായം വിധിച്ച്, വിശ്വാസികളുടെ നിരപരാധിത്വത്തെ ജനങ്ങൾക്ക് മുൻപാകെ സാക്ഷിക്കുവാൻ ഇടയാക്കേണമെയെന്ന്.

ഇവിടെ സങ്കീർത്തനക്കാരൻ വ്യക്തമായ, മനഃപൂർവ്വമായ ഒരു ന്യായീകരണം ആഗ്രഹിക്കുന്നു. "നീ അവർക്കു മീതെ കൂടി ഉയരത്തിലേക്കു മടങ്ങേണമെ." ദൈവം ഭൂമിയിലേക്ക് വരികയും സാക്ഷികളെ കേൾക്കുകയും ശത്രുക്കളുടെ മേൽ തന്റെ ന്യായവിധി നടത്തി സിംഹാസനത്തിലേക്ക് മടങ്ങുകയും ചെയ്യേണമെ എന്ന് അത് മനസ്സിലാക്കാം. പ്രാർത്ഥനാ സമയത്ത് ദൈവിക നീതി പ്രാവർത്തികമാക്കിയിട്ടില്ല, അതുകൊണ്ട് ദൈവം വേഗം നീതി പ്രവർത്തിച്ച് ശത്രുവിന്റെ മേൽ നീതി നടപ്പാക്കേണമെ എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്.

8-ാം വാക്യം യഹോവ ജാതികളെയും രാഷ്ട്രങ്ങളെയും ന്യായം വിധിക്കുന്നു എന്ന പ്രഖ്യാപനമാണ് നൽകുന്നത്. യഹോവ ജാതികളെയും രാഷ്ട്രങ്ങളെയും ന്യായം വിധിക്കുന്നു. യഹോവ ലോകമെമ്പാടും ഇത് ചെയ്യുന്നതിനാൽ, സങ്കീർത്തനക്കാരൻ ഇപ്പോൾ തന്നെ ന്യായം വിധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അവന്റെ നീതിയും സത്യസന്ധതയും അനുസരിച്ചാണ് ന്യായീകരണം നടക്കേണ്ടത് എന്നതാണ് അവന്റെ അഭ്യർത്ഥന. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തനിക്കെതിരെ ഉന്നയിക്കപ്പെട്ട തെറ്റായ ആരോപണങ്ങൾക്കിടയിലും, താൻ നീതിയോടും സത്യസന്ധതയോടും കൂടി പ്രവർത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു തീരുമാനം ദൈവത്തിന്റെ ഭാഗത്തുനിന്നുണ്ടാകണം. നീതിമാനും സർവ്വജ്ഞനുമായ ന്യായാധിപൻ ദുഷ്ടന്മാരുടെ ദുഷ്ടത അവസാനിപ്പിച്ച് നീതിമാന്മാരെ സുരക്ഷിതരാക്കണം. നീതിമാന്മാരെ ന്യായികരിക്കണം. ഇതാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഈ അപേക്ഷയുടെ അടിസ്ഥാനം ദൈവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവാണ്: ദൈവം നീതിയോടെ ന്യായംവിധിക്കുന്ന ന്യായാധിപതിയാണ്. അവൻ “ഹൃദയങ്ങളെയും മനസ്സുകളെയും പരിശോധിക്കുന്ന നീതിമാനായ ദൈവമാണ്.” അതിനാൽ നീതിമാന്മാരായ ആളുകൾക്ക് ദൈവിക പരിശോധനയെ ഭയപ്പെടേണ്ടതില്ല.

പ്രായോഗികത: ദൈവം മനുഷ്യരുടെ ഹൃദയങ്ങളെയും മനസ്സുകളെയും പരിശോധിച്ചാണ് ന്യായവിധി നടത്തുന്നത്. മാത്രവുമല്ല, അവൻ പക്ഷം പിടിക്കാത്ത ന്യായാധിപനും കൂടിയാണ്. അതുകൊണ്ട് ശത്രുവിനെതിരെ ഗൂഡാലോചന നടത്താതെ നീതിയോടെ ന്യായം വിധിക്കുന്ന യാഹ്വേയുടെ കരങ്ങളിൽ കാര്യം ഭരമേൽപ്പിക്കുക എന്നതാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.

മൂന്നാമത്തെ പോയിന്റായി ഈ സങ്കീർത്തനത്തിൽ നിന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, ദൈവം ദുഷ്ടന്മാരെ എങ്ങനെ പരാജയപ്പെടുത്തുന്നു വെന്ന് നിരീക്ഷിക്കുന്നതിലൂടെ, നീതിമാന്മാർക്ക് ദൈവത്തിന്റെ നീതിയിലുള്ള വിശ്വാസം പുതുക്കാൻ സാധിക്കും എന്നകാര്യമാണ്.

3. ദൈവം ദുഷ്ടന്മാരെ എങ്ങനെ പരാജയപ്പെടുത്തുന്നുവെന്ന് നിരീക്ഷിക്കുന്നതിലൂടെ, നീതിമാന്മാർക്ക് ദൈവത്തിന്റെ നീതിയിലുള്ള വിശ്വാസം പുതുക്കാൻ കഴിയും (10—17). .

10-ാം വാക്യത്തിൽ സങ്കീർത്തനക്കാരൻ ദൈവം നേരുള്ളവരെ രക്ഷിക്കുന്ന ഒരു പരിചയായി വിശേഷിപ്പിക്കുന്നു. “പരിച” എന്നത് സംരക്ഷണത്തിനോ പ്രതിരോധത്തിനോ ഉപയോഗിക്കുന്ന ഒരു രൂപകമാണ്. സങ്കീർത്തനക്കാരന്റെ ദൈവത്തിലുള്ള സുരക്ഷിതത്വബോധമാണ് അതിലൂടെ പ്രതിഫലിക്കുന്നത്. ദൈവത്തിലുള്ള സുരക്ഷിതത്വബോധം. ഈ "ദൈവം ഹൃദയത്തിൽ നേരുള്ളവരെ രക്ഷിക്കുന്നു." ചുരുക്കി പറഞ്ഞാൽ, അവൻ നീതിമാന്മാരെ സംരക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്ന നീതിമാനായ ദൈവമാണ്.

ദൈവം നീതിമാനായ ന്യായാധിപനാകയാൽ, അനുതപിക്കാത്തവരെ ന്യായം വിധിക്കും. എന്നാൽ ആ ന്യായവിധി ദൈവം എങ്ങനെ നടപ്പിൽ വരുത്തും എന്ന കാര്യമാണ് 11—13 വാക്യങ്ങളിൽ പറയുന്നത്.

ഒന്നാമതായി, ദൈവം നീതിമാനായ ന്യായാധിപനും ഏക ന്യായാധിപതിയുമാകയാൽ ദുഷ്ടന്മാർക്ക് ന്യായവിധി അനിവാര്യമാണ്, അതിനാൽ അവൻ എല്ലാ ദിവസവും കോപിക്കുന്നു. പാപത്തിനുമേൽ ദൈവത്തിന്റെ കോപം ജ്വലിക്കുന്നു. അതു ദുഷ്ടന്മാരുടെ പാപത്തിനുമേൽ മാത്രമല്ല, വിശ്വാസികളുടെ പാപമാണെങ്കിലും ദൈവത്തിനു കോപമുണ്ട്. വിശ്വാസികളുടെ പാപത്തിനുമേലുള്ള ദൈവകോപം ക്രിസ്തു വഹിച്ചതിനാലാണ് നമുക്ക് ശിക്ഷ നീങ്ങി പോകുന്നത്. ലോകത്തിലെ ദുഷ്ടത അവൻ ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല. അതുകൊണ്ട് അനുസരണയുള്ള വിശ്വാസികൾക്ക് ഇതിൽ ആശ്വാസം കണ്ടെത്താനാകും; വിശ്വാസികൾ നീതിയോടെ ജീവിക്കുകയും അന്യായമായി അവർ കുറ്റം ആരോപിക്കപ്പെട്ടാൽ പ്രതികാരം നാം യഹോവക്കു വിട്ടുകൊടുക്കണം. എബ്രായർ 10:30 ൽ നാം വായിക്കുന്നത്, "പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കർത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ."

രണ്ടാമതായി, ദുഷ്ടൻ തന്റെ ദുഷ്ട വഴികളിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ യഹോവയുടെ കോപം ന്യായവിധിയായി അവരുടെമേൽ വരും (വാക്യം 12). ഒരു യോദ്ധാവിനെപ്പോലെ ദൈവം ദുഷ്ടന്മാർക്കായി തന്റെ മാരകായുധങ്ങൾ ഒരുക്കുന്നു (12—13). വാൾ, വില്ല് (വാക്യം 12), തീയമ്പുകൾ (വാക്യം 13) എന്നിവ പലപ്പോഴും ദുഷ്ടന്മാരെ നശിപ്പിക്കുന്ന ദൈവത്തിന്റെ ന്യായവിധിയുടെ രൂപകങ്ങളാണ്. ന്യായവിധി ഏത് തരത്തിലുള്ളതായായാലും, ഉടനടി എന്തെങ്കിലും ഇടപെടൽ ഉണ്ടാകണം എന്നാണ് സങ്കീർത്തനക്കരന്റെ അപേക്ഷ. അതല്ലെങ്കിൽ സങ്കീർത്തനക്കാരനും അദ്ദേഹത്തിന്റെ അനുയായികൾക്കും അത്തരം ആയുധങ്ങൾ ഉപയോഗിച്ച് ശത്രുക്കളെ നശിപ്പിക്കാൻ കഴിയണം. ഇതാണ് സങ്കീർത്തനക്കാരൻ ആവശ്യപ്പെടുന്നത്.

14—16 വാക്യങ്ങളിൽ ദുഷ്ടന്മാരുടെ പദ്ധതികൾ ദൈവം അവരുടെ നേരെ തന്നെ തിരിക്കും എന്ന് വ്യക്തമാക്കുന്നു. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ ചാടും എന്നൊരു പഴമൊഴി നാം കേട്ടിട്ടുണ്ടല്ലൊ. ഇപ്പോൾ സങ്കീർത്തനക്കാരൻ ദുഷ്ടന്മാരുടെ മേൽ യഹോവ എങ്ങനെ ന്യായവിധി നടപ്പിലാക്കും എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യം, ദുഷ്ടന്മാർ യഥാർത്ഥത്തിൽ എന്താണ് ഉൽപ്പാദിപ്പിക്കുന്നതെന്ന് വിവരിക്കാൻ അദ്ദേഹം ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നതിന്റെ പ്രതീകാത്മകത ഉപയോഗിക്കുന്നു. "അവൻ കഷ്ടത്തെ ഗർഭം ധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു." നീതിമാന്മാരെ വീഴ്ത്താനുള്ള കെണിയായിരിക്കും അവനൊരുക്കുന്നത്. എന്നാൽ ആ പദ്ധതി വികസിപ്പിക്കുന്നവർക്ക് അത് ഉദ്ദേശിച്ച ഫലങ്ങൾ നൽകില്ലെന്ന് അവർ കണ്ടെത്തും. ദുഷ്ട പദ്ധതി ഗൂഢാലോചന ചെയ്യുന്നവനു നേരെ തിരിച്ചുവിടപ്പെടും. അവൻ ഒരുക്കുന്ന കുഴിയിൽ അവൻ തന്നെ വീഴും. നീതിമാന്മാർക്കുള്ള ഒരു കെണിയായി അത് തയ്യാറാക്കുമ്പോൾ അവൻ തന്നെ അതിൽ വീഴാം. ഇത് ദൈവത്തിൽ നിന്നുള്ള പ്രതികാര നടപടിയാണ്, കാരണം അവന്റെ കഷ്ടതയും അക്രമവും അവന്റെ തലയിൽ പതിക്കും (1 ശമു. 25:39 കാണുക;) എസ്ഥേറിന്റെ പുസ്തകത്തിൽ മൊർദേഖായിക്കുവേണ്ടി ഹാമാൻ നിർമ്മിച്ച തൂക്കുമരം അവന്റെ വധശിക്ഷാ സ്ഥലമായി മാറിയത് ഇതിനു നല്ല ഉദാഹരണമാണ്.

പ്രായോഗികത: മറ്റുള്ളവരെ വീഴിക്കാൻ നാം കെണി ഒരുക്കാതിരിക്കുക. ദുഷ്ടപദ്ധതികൾ പലപ്പോഴും വിപരീത ഫലങ്ങൾ ഉളവാക്കുന്നുവെന്ന് സങ്കീർത്തനം നമ്മേ ഓർമ്മിപ്പിക്കുന്നു. കുഴപ്പമുണ്ടാക്കുവാൻ ശ്രമിക്കുന്നവർ പലപ്പോഴും തങ്ങൾ കുഴിച്ച കുഴിയിൽ തന്നെ വീഴും. അതായത്, അവരുടെ ദുഷ്ടപ്രവൃത്തികളുടെ ഫലം അവരവർ തന്നെ അനുഭവിക്കുമെന്ന് പ്രതീക്ഷിക്കുക.

അപ്പോൾ ഇതുവരെ ഞാൻ മുന്നു കാര്യങ്ങളാണ് പങ്കുവെച്ചത്. ഒന്നാമതായി, വിശ്വാസികൾക്ക് തങ്ങളുടെ കഷ്ട സമയങ്ങളിൽ ദൈവത്തോടു പ്രാർത്ഥിക്കുവാൻ കഴിയും. രണ്ടാമതായി, നീതിമാനായ ന്യായാധിപനോടു ശത്രുക്കളെ ശിക്ഷിച്ച് തന്നെ ന്യായീകരിക്കുവാൻ ആവശ്യപ്പെടുമ്പോൾ നാം നിരപരാധികളാണെന്ന് ഉറപ്പു വരുത്തണം, മൂന്നാമതായി, ദൈവം ദുഷ്ടന്മാരെ ശിക്ഷിക്കുന്നതു നാം നിരീക്ഷിക്കുന്നതിലൂടെ, ദൈവത്തിന്റെ നീതിയിലുള്ള വിശ്വാസം പുതുക്കാൻ സാധിക്കും. ദൈവത്തിന്റെ നീതിയിലുള്ള നമ്മുടെ വിശ്വാസം കുടുതൽ ശക്തിപ്പെടുത്താൻ സാധിക്കും. നാലാമതായി ഒരു കാര്യം കൂടി ഇവിടെ നിന്ന് പറഞ്ഞ് ഞാനിത് അവസാനിപ്പിക്കാം. നീതിമാന്മാർക്ക് അത്യുന്നതനായ യഹോവയുടെ നീതിക്കനുസരിച്ച് അവനെ സ്തുതിക്കാൻ കഴിയും എന്നതാണത്.

4. നീതിമാന്മാർക്ക് അത്യുന്നതനായ യഹോവയുടെ നീതിക്കനുസരിച്ച് അവനെ സ്തുതിക്കാൻ കഴിയും (17).

"ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും."

അത്യുന്നതനായ യഹോവയുടെ നീതിക്കനുസരിച്ച് അവനെ അംഗീകരിക്കാനും സ്തുതിഗീതങ്ങൾ പാടാനും ദാവീദ് പ്രതിജ്ഞയെടുക്കുന്നതോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. "നന്ദി പറയുക" എന്ന് വിവർത്തനം ചെയ്യപ്പെടുന്ന ആദ്യ ക്രിയ, യഹോവ ചെയ്ത എല്ലാറ്റിന്റെയും ഒരു പൊതു സ്തുതിയെ, ഒരു അംഗീകാരത്തെ സൂചിപ്പിക്കുന്നു. രണ്ടാമത്തെ ക്രിയ, സംഗീതത്തിന്റെ അകമ്പടിയോടെ സ്തുതിഗീതങ്ങൾ പാടുക എന്നതാണ്. ഇത് സങ്കീർത്തനക്കാരന്റെ ആത്മവിശ്വാസത്തിന്റെ പ്രകടനവും കൂടിയാണ്.

സ്വന്തം ദുഷ്ട പദ്ധതികളിൽ ദുഷ്ടന്മാരെ നശിപ്പിച്ചുകൊണ്ട് യഹോവ നീതിമാനെ എങ്ങനെ ന്യായീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, അവരുടെ അപേക്ഷ മുൻകൂട്ടിയുള്ള സ്തുതിയിലേക്ക് മാറുന്നു. തന്റെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിൽ മുങ്കൂർ ദൈവത്തിനു സ്തുതി കരേറ്റുന്നു .

ഈ സ്തുതി മുൻകൂട്ടിയുള്ളതാണ്, കാരണം ഈ സങ്കീർത്തനത്തിൽ ന്യായീകരണം ഇപ്പോഴും ഒരു അപേക്ഷയാണ് - സങ്കീർത്തനക്കാരന്റെ അനുഭവത്തിൽ ദൈവത്തിന്റെ നീതിയുള്ള ന്യായവിധി ഇതുവരെ പ്രകടമായിട്ടില്ല. ദാവീദ് അപവാദം പറയപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയോടെ ദൈവത്തെ താൻ സ്തുതിക്കുന്നു. നീതിക്കുവേണ്ടി അത്യുന്നതനായ യഹോവയിൽ പൂർണ്ണഹൃദയത്തോടെ ആശ്രയിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതിനു സമാനമാണ്.

പ്രായോഗികത: പ്രക്ഷുബ്ധതയുടെ നടുവിലും, നിങ്ങളുടെ പ്രാർത്ഥനകൾ നന്ദിയോടെ അവസാനിപ്പിക്കുക. അവന്റെ ആത്യന്തിക നീതിക്കും വിധിക്കും വേണ്ടി കർത്താവിനെ സ്തുതിക്കുന്നത് തെരഞ്ഞെടുക്കുക.

ഉപസംഹാരം
ഈ സങ്കീർത്തനത്തിന്റെ വിശദീകരണം ഇപ്രകാരം സംഗ്രഹിക്കാം: തങ്ങളുടെ നിർമ്മലതയിൽ നടക്കുന്ന ദൈവജനത്തിന്, ദുഷ്ടന്മാരുടെ ദുഷ്ട പദ്ധതികൾ ദുഷ്ടന്മാരുടെ നേരെ തന്നെ തിരിച്ചുവിട്ടുകൊണ്ട് യഹോവ തങ്ങളെ ന്യായീകരിക്കണമെന്ന് ആത്മവിശ്വാസത്തോടെ പ്രാർത്ഥിക്കാം. ഭക്തികെട്ടവർക്ക് തങ്ങളെ കുറ്റപ്പെടുത്താൻ ഒരു കാരണവും അവശേഷിപ്പിക്കാതെ, നിർമ്മലതയിൽ നടക്കാൻ വിശ്വാസികൾ തയ്യാറാകുക എന്നതാണ് രണ്ടാമതായി വിശ്വാസികൾ ചെയ്യേണ്ടത്. അവർ നീതിപൂർവ്വം ജീവിക്കുകയും കാലാകാലങ്ങളിൽ അത്തരം ദ്രോഹകരമായ ആക്രമണങ്ങളെ നേരിടുകയും ചെയ്യുമ്പോൾ, ഭൂമിയുടെ മുഴുവൻ നീതിമാനായ ന്യായാധിപൻ അവരെ ന്യായീകരിക്കാനും ഭീഷണിയെ നശിപ്പിക്കാനും അവർക്ക് ആത്മവിശ്വാസത്തോടെ പ്രാർത്ഥിക്കാം. അവൻ ഇത് ചെയ്യും, കാരണം അവൻ ആത്യന്തികമായി നീതിമാന്മാരെ ന്യായീകരിക്കുന്ന ഒരു നീതിമാനായ ന്യായാധിപനാണ്. എന്നാൽ ചില അവസരങ്ങളിൽ വിശ്വാസികൾ സ്വന്തം പാപങ്ങളുടെ ഫലമായി കഷ്ടതയിലാകാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ സ്വയപരിശോധന നടത്തി ദൈവത്തോടു നിരന്നുകൊള്ളുക. ദുഷ്ടന്മാരെ ന്യായം വിധിക്കാൻ ഭാവിയിൽ കർത്താവ് തന്റെ മഹത്വത്തിൽ വരും (മത്താ. 25:31—46). അവൻ ദുഷ്ടന്മാരെ ന്യായംവിധിച്ച് നീതിമാന്മാരെ ന്യായീകരിക്കും.

17-ാ൦ നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഒരു എഴുത്തുകാരനും പ്രാസംഗികനുമായിരുന്നു ജോൺ ബനിയൻ. അദ്ദേഹം 60 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അവയെല്ലാം തന്റെ പ്രസംഗങ്ങളുടെ വിപുലീകരണങ്ങളാണ്. അതിൽ നമുക്ക് ഏറെ പരിചിതമായ ഒരു പുസ്തകമാണ് The Pilgrim progress അഥവാ "പരദേശി മോക്ഷയാത്ര" എന്ന പുസ്തകം. അനേകം ആളുകളെ സ്വാധീനിച്ച ഒരു പുസ്തകമാണിത്. നമ്മുടെ ജോസ് മാത്യു സഹോദരൻ ആ പുസ്തകം വായിച്ചാണ് രക്ഷിക്കപ്പെട്ടത് എന്ന് പറയുകയുണ്ടായി. സുവിശേഷം പ്രസംഗിച്ചതിന്റെ പേരിൽ ജോൺ ബനിയനെ ഇംഗ്ലണ്ടിലെ ബെഡ്ഫോർഡ് ജയിലിലടച്ചു. പ്രസംഗിക്കില്ലെന്ന് വാഗ്ദാനം ചെയ്താൽ അദ്ദേഹത്തിനു ജയിൽമോചനം സാധിക്കുമായിരുന്നു. എന്നാൽ അദ്ദേഹം അങ്ങനെയൊരു വാഗ്ദാനം നൽകുവാൻ വിസമ്മതിച്ചു. ജോൺ ബനിയൻ എഴുതി, “ചങ്ങലകളിൽ ബന്ധിക്കപ്പെട്ടവരോട് പ്രസംഗിക്കാൻ ഞാൻ ചങ്ങലകളാൽ ബന്ധിതനായി. ഞാൻ ഇവിടെ വന്നതിനുശേഷം ഈ ജയിൽ എനിക്ക് വളരെ മധുരമായി തോന്നുന്നു, ഇനി എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചാലും അത് അങ്ങനെ തന്നെയായിരിക്കും.” വിശ്വാസത്തിന്റെ പേരിൽ കഷ്ടതയനുഭവിക്കുന്നത് അദ്ദേഹം ഒരു പദവിയായി കരുതി, മരിച്ചാൽ അത് അവനെ കർത്താവിന്റെ അടുക്കലേക്ക് എത്തിക്കും എന്നതുകൊണ്ട് അദ്ദേഹം അതിനെ ഭയപ്പെട്ടില്ല.

1 പത്രൊസ് 4:12-16 ൽ നാം വായിക്കുന്നത്: "12 പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധന യിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു. 13 ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും. 14 ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ. 15 നിങ്ങളിൽ ആരും കുലപാതകനോ കള്ളനോ ദുഷ്‌പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല; 16 ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു."

പീഡനത്തെയും കഷ്ടപ്പാടുകളെയും അപ്രതീക്ഷിത ദുരന്തങ്ങളായി കാണാതെ, ക്രിസ്തീയ വിശ്വാസത്തിന്റെ ഒരു സാധാരണ ഭാഗമായി കാണണമെന്ന് അപ്പോസ്തലനായ പത്രോസ് വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. ഈ "അഗ്നിപരീക്ഷകളിൽ" സന്തോഷിക്കാൻ അപ്പൊ. പത്രൊസ് നമ്മോട് ആഹ്വാനം ചെയ്യുന്നു, കാരണം അവ ക്രിസ്തുവിന്റെ കഷ്ടപ്പാടുകളുമായി ഒരു പങ്കിട്ട അനുഭവത്തെ സൂചിപ്പിക്കുന്നു, ഭാവിയിലെ സന്തോഷത്തിന്റെ സൂചനയാണത്.
*******

© 2020 by P M Mathew, Cochin

bottom of page