
നിത്യജീവൻ

സങ്കീർത്തന പരമ്പര-02
Christ's Reign !
ക്രിസ്തുവിന്റെ വാഴ്ച !
സങ്കിര്ത്തനം 2 (Psalm 2)
"1 ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?
2 യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:
3 നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.
4 സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.
5 അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
6 എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
7 ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
8 എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
9 ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.
11 ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.
12 അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ."
രചനയും സന്ദർഭവും
ദാവീദാണ് ഈ സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ (അപ്പൊ. പ്രവൃ 4:25-26). സീയോൻ പർവതത്തിലെ വിശുദ്ധ നഗരത്തിൽ ദാവീദിക രാജാവിന്റെ കിരീടധാരണത്തെ കേന്ദ്രീകരിച്ചുള്ള ഒരു രാജകീയ സങ്കീർത്തനമാണ് രണ്ടാം സങ്കീർത്തനം. രാജാക്കന്മാരുടെ കിരീടധാരണങ്ങളിൽ മാത്രമല്ല, ദൈവം അവരുടെ രാജാവിനെ വാഴിച്ചുവെന്നും ജനതകളിൽ നിന്നുള്ള ഭീഷണികൾ പരാജയപ്പെടുമെന്നും ജനങ്ങളെ ഓർമ്മിപ്പിക്കേണ്ടി വന്ന ദേശീയ പ്രതിസന്ധികളുടെ സമയങ്ങളിലും ഗായകസംഘങ്ങൾ ഈ സങ്കീർത്തനം ആലപിക്കുന്നതിനായി വേർതിരിക്കപ്പെട്ടിരുന്നു. സങ്കീർത്തനം ഒന്നും, രണ്ടും സങ്കീർത്തനപുസ്തകത്തിന് ഒരു ആമുഖമായി കണക്കാക്കുന്നു.
ഒന്നാം സങ്കീർത്തനം നീതിമാന്മാരുടെ വഴിയെ കേന്ദ്രീകരിച്ചും രണ്ടാം സങ്കീർത്തനം ജനതകളുടെ മേൽ യഹോവയുടെ അഭിഷിക്തനായ രാജാവിന്റെ വിജയത്തെ കേന്ദ്രീകരിച്ചും പറഞ്ഞുകൊണ്ട് സങ്കീർത്തനപുസ്തകത്തിനു ഒരു നല്ല ആമുഖം കുറിക്കുന്നു. ഇസ്രായേലിന്റെ ചരിത്രത്തിൽ പലപ്പോഴും സംഭവിച്ച ഒരു പ്രതിസന്ധിയെയാണ് ഈ സങ്കീർത്തനം അതിന്റെ യഥാർത്ഥ സന്ദർഭമായി പ്രതിഫലിപ്പിക്കുന്നത്. ഒരു പുതിയ രാജാവിന്റെ കിരീടധാരണം പ്രത്യേകിച്ചും ദുർബലമായ ഒരു സമയമായിരുന്നു, കാരണം ചുറ്റുമുള്ള രാജ്യങ്ങൾ അതിർത്തികൾ കടന്ന് ആക്രമിക്കാനും നഗരങ്ങൾ പിടിച്ചെടുക്കാനും പൊതുവെ ശ്രമിക്കും. അതുവഴി അവരുടെ മേലുള്ള ഇസ്രായേല്യ നിയന്ത്രണം അവസാനിപ്പിക്കാനുള്ള ഒരു അവസരമായി ഇതിനെ കാണുമായിരുന്നു. അതനുസരിച്ച്, ഒരു പുതിയ രാജാവിന്റെ ആദ്യ കടമകളിൽ ഒന്ന് ശത്രുക്കളെ പരാജയപ്പെടുത്തി അതിർത്തികൾ ഉറപ്പിക്കുക എന്നതായിരുന്നു.
കേന്ദ്രാശയം
യഹോവയ്ക്കും അവന്റെ അഭിഷിക്ത രാജാവിനും എതിരായ മത്സര പദ്ധതികൾ ഉപേക്ഷിച്ച്, എല്ലാ ജനതകളെയും തകർക്കുന്ന ശക്തിയോടെ ഭരിക്കാൻ ദൈവം നിയോഗിച്ച ഈ രാജാവിന്റെ അധികാരത്തിന് കീഴടങ്ങാൻ സങ്കീർത്തനക്കാരൻ വിജാതീയ നേതാക്കളെ ഉദ്ബോധിപ്പിക്കുന്നു.
സങ്കീർത്തനത്തിന്റെ ഘടന
മൂന്ന് വാക്യങ്ങൾ വീതമുള്ള നാല് ഖണ്ഡികകളുള്ള ഒരു കവിതയാണിത്. ആദ്യ ഖണ്ഡിക യഹോവയ്ക്കും അവന്റെ അഭിഷിക്തനായ രാജാവിനുമെതിരെ മത്സരിക്കാനുള്ള ജാതികളുടെ പദ്ധതി റിപ്പോർട്ട് ചെയ്യുന്നു; രണ്ടാം ഖണ്ഡിക അവരുടെ ഭോഷത്വപരമായ പദ്ധതിയോടുള്ള ദൈവത്തിന്റെ പ്രതികരണം വെളിപ്പെടുത്തുന്നു; എതിർപ്പുകൾക്കിടയിലും രാജാവിന്റെ സിംഹാസനത്തിനായുള്ള അവകാശവാദങ്ങൾ മൂന്നാം ഖണ്ഡിക വിവരിക്കുന്നു; അവസാന ഖണ്ഡിക ആ വിഡ്ഢികളായ ജാതികൾക്കു ജ്ഞാനത്തിനായുള്ള ഉപദേശം നൽകുന്നു.
സങ്കീർത്തനത്തിന്റെ ദൈവശാസ്ത്രം സ്വർഗ്ഗത്തിൽ നിന്ന് വാഴുന്ന പ്രപഞ്ചത്തിന്റെ പരമാധികാര രാജാവായി കർത്താവിനെ ചിത്രീകരിക്കുന്നു. രാഷ്ട്രങ്ങളെ നിയന്ത്രിക്കുക (യെശ. 40:15—17), അതിർത്തികൾ സ്ഥാപിക്കുക (ആവ. 32:8), രാജാക്കന്മാരെ വാഴിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക (ദാനി. 2:21) എന്നിവ കർത്താവിന്റെ പ്രത്യേക അവകാശമാണ്. തന്റെ രാജാവിനെ സിംഹാസനത്തിൽ ഇരുത്തിയത് അവനാണ്. പ്രതിപക്ഷം എത്ര ശക്തമോ എത്ര നന്നായി ആസൂത്രണം ചെയ്ത പദ്ധതിയൊ ആയിരുന്നാലും, ദൈവം തന്റെ രാജാവിനു അവന്റെ പാപം മൂലം എതിരു നിന്നില്ലെങ്കിൽ, ശത്രുരാജ്യങ്ങൾക്കവനെ പരാജയപ്പെടുത്താൻ കഴിയുകയില്ല.
ഈ രാജകീയ സങ്കീർത്തനം എല്ലാ ദാവീദിക രാജാവിനും ബാധകമാക്കിയിരുന്നുവെങ്കിലും, അത് ആത്യന്തികമായും ദാവീദിന്റെ ഏറ്റവും വലിയ പുത്രനായ യേശുക്രിസ്തുവിലാണ് സമ്പൂർണ്ണ നിവൃത്തി കണ്ടെത്തുന്നത്. മിശിഹായുടെ സ്ഥാനാരോഹണത്തിലും (എബ്രാ. 1:5) തുടർന്ന് അവന്റെ രണ്ടാം വരവിൽ ഭൂമിയിൽ അവന്റെ ഭരണം സ്ഥാപിക്കുന്നതിലും (വെളി. 2:27; 12:5) ഇത് നിവൃത്തിയേറണമെന്ന് അപ്പോസ്തലന്മാർ കണ്ടു; മശിഹായുടെ ഭരണം ശാശ്വതമാകയാൽ, സങ്കീർത്തനം മറ്റൊരു രാജാവിനും നേരിട്ട് ബാധകമാകയില്ല.
1. ദൈവത്തിന്റെ അധികാരം വലിച്ചെറിയാൻ മനുഷ്യർ ശ്രമിക്കുന്നത് വ്യർത്ഥമാണ് (1—3).
ആദ്യ ഖണ്ഡിക രാഷ്ട്രങ്ങളുടെ മത്സര തന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. "രാഷ്ട്രങ്ങൾ എന്തിനാണ് കോപിക്കുന്നത്?" എന്ന വാചാടോപപരമായ (rhetorical question) ചോദ്യത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ഭോഷത്വകരമായ ഒരു കാര്യമാണ് എന്നിരുന്നിട്ടും എന്തിനിവർ ഇതു ചെയ്യുന്നു എന്നതാണ് ചോദ്യം. അതല്ലെങ്കിൽ, അവരുടെ പ്രവർത്തനത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണമല്ല, മറിച്ച് അവരുടെ കോപത്തേയും വ്യർത്ഥമായ ചിന്തകളുടെയും ഭോഷത്വത്തിൽ അതിശയിക്കുകയാണ്. അവരിങ്ങനെ കോപിക്കേണ്ട വല്ല ആവശ്യവുമുണ്ടോ? അവർ ഒരു കലാപം ആസൂത്രണം ചെയ്യുന്നതിനായി ഒന്നിച്ചു കൂടിയിരിക്കുന്നു. ഒരു വശത്ത് യിസ്രായേൽ രാജാവിന്റെ കിരീടധാരണം മറുവശത്ത് അതിനെതിരെ മത്സരം. ഈ വിമതരെ "രാഷ്ട്രങ്ങൾ" എന്നും "ജനതകൾ" എന്നും വിളിക്കുന്നു, ഈ പദങ്ങൾ പലപ്പോഴും ഇസ്രായേലിനു ചുറ്റുമുള്ള ഗോത്രങ്ങളെ പരാമർശിക്കുന്നു, ഉദാഹരണത്തിന് അരാമ്യർ, അമ്മോന്യർ, മോവാബ്യർ, എദോമ്യർ, ഫൊനീഷ്യക്കാർ, ഫെലിസ്ത്യർ - എല്ലാവരും ഇസ്രായേലിന്റെ നിത്യ ശത്രുക്കളായിരുന്നു. ചുറ്റുമുള്ള ഈ രാജ്യങ്ങൾ ഇസ്രായേലുമായി നിരന്തരം യുദ്ധം ചെയ്തുകൊണ്ടിരുന്നു, അതിനാൽ ഇസ്രായേലിലെ രാജാക്കന്മാർ അവരെ പതിവായി അവരുടെ പ്രദേശത്തേക്ക് തിരികെ ഓടിക്കേണ്ടിവന്നു. ശത്രുക്കളുടെ ആസൂത്രണം കേവലം "വ്യർത്ഥ കാര്യം" മാത്രം. അവരുടെ "തന്ത്രം" ഫലിക്കയില്ല എന്നാണ് ദൈവം അവരെ ഓർമ്മിപ്പിക്കുന്നത്.
ഈ വരി അപ്പൊസ്തലപ്രവൃത്തികൾ 4:25—26-ൽ അപ്പൊസ്തലനായ പത്രോസ് കൂടുതൽ വിശാലമായ അർത്ഥത്തോടെ ഉപയോഗിച്ചു. 25 “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? 26 ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ," (അപ്പൊ. പ്രവൃ 4:25-26). യേശുവിന്റെ തിരസ്കരണത്തിനും ക്രൂശീകരണത്തിനും ശേഷം, യേശുവിന്റെ ശിഷ്യന്മാരെ എതിർത്ത യഹൂദന്മാരെ ദൈവത്തിനും അവന്റെ മിശിഹായ്ക്കും എതിരെ കോപിക്കുന്ന ജനതകളുടെ കൂട്ടത്തിൽ പത്രോസ് ഉൾപ്പെടുത്തി.
പ്രായോഗികത: ദൈവത്തിനെതിരായ മത്സരം വ്യർത്ഥമാണ്. അതു തികച്ചും ഭോഷത്വകരമായ പ്രവൃത്തിയാണ്. എന്നാൽ ആളുകൾ ഇന്നും അതു തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. ദൈവജനത്തെ ഉപദ്രവിച്ചും പീഡീപ്പിച്ചുംകൊണ്ട് ദൈവത്തിനെതിരെ അവർ മത്സരിക്കുന്നു. അതു തികച്ചും ബുദ്ധിശൂന്യതയാണെന്നവർ ഗ്രഹിക്കുന്നില്ല. മറ്റുചിലർ ദൈവത്തെ തങ്ങളുടെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തി തങ്ങളുടെ ജീവിതങ്ങളെ പണിയാൻ ശ്രമിക്കുന്നു. ദൈവത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കുകയൊ, ദൈവത്തിന്റെ സമ്പൂർണ്ണ നിയന്ത്രണത്തെ അവഗണിക്കുകയൊ ചെയ്യുന്നു. ഇതെത്രയൊ ഭോഷത്വകരമായ സംഗതിയാണ്.
ഇന്ന് വടക്കെ ഇന്ത്യയിൽ ക്രിസ്തീയ പീഡനം വളരെ വർദ്ധിച്ചിരിക്കുന്നു. അവർ ക്രിസ്ത്യാനികളെ ഏതെല്ലാം നിലകളിൽ പീഡിപ്പിക്കുവാൻ കഴിയുമൊ ആ നിലകളിലെല്ലാം അതിനു ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഏതു കാരണം ചൊല്ലിയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുവാൻ കഴിയുമൊ എന്നതാണ് ഭരണാധികാരികളുടെ ചിന്ത. അതിനു തന്ത്രപരമായി നിയമങ്ങളുണ്ടാക്കുകയും എല്ലാ അധികാരകേന്ദ്രങ്ങളേയും സ്വാധീനിച്ച് ക്രിസ്ത്യാനികൾക്കെതിരെ പീഡനം അഴിച്ചു വിടുകയും ചെയ്യുന്നു. വിശ്വാസികൾക്കെതിരെ അന്യായമായ കേസുകൾ എടുക്കുകയും, ജയിലിൽ പിടിച്ചിടുകയും അവരെ പീഡിപ്പിക്കുന്നവരെ സംരക്ഷിക്കയും ചെയ്യുന്നു. എന്നാൽ ദൈവം പറയുന്നു: അവരുടെ ശ്രമം പരാജയപ്പെടും. ദൈവത്തിനെതിരെയാണ് അവർ മത്സരിക്കുന്നത്. അൽപ്പകാലത്തേക്ക് അവർക്കതിനു കഴിഞ്ഞുവെന്നു വന്നേക്കാം. എന്നാൽ ആത്യന്തികമായി അവർക്ക് വിജയിക്കാനാവുകയില്ല.
രണ്ടും മൂന്നും വാക്യങ്ങൾ മനുഷ്യരുടെ ദൈവത്തിനെതിരെയുള്ള മത്സരത്തെ കൂടുതൽ വിശദീകരിക്കുന്നു. ഈ ഗൂഢാലോചനയുടെ നേതാക്കൾ "ഭൂമിയിലെ രാജാക്കന്മാരും" ഈ ജനങ്ങളുടെ "ഭരണാധികാരികളും" ആണെന്ന് വാക്യം 2 വ്യക്തമാക്കുന്നു. എന്നാൽ അവർ ഒരുകാര്യം ഓർക്കണം, "ഭൂമിയിൽ മാത്രം ഒതുങ്ങുന്ന" അധികാരം മാത്രമെ അവർക്കുള്ളുവെന്ന്; അവർക്കും എത്രയൊ മീതെയാണ് "സ്വർഗ്ഗത്തിൽ" ഇരിക്കുന്നവനായ യാഹ്വെ.
"യഹോവയ്ക്കും അവന്റെ അഭിഷിക്തനും എതിരായി" ഇവർ നടത്തുന്ന അദ്ധ്വാനം ഫലമണിയുകയില്ല. കാരണം അവരെക്കാൾ ശക്തിയിൽ വലിയവനും ഭൂമിയെ മുഴുവൻ സ്വർഗ്ഗത്തിൽ നിന്നു നിയന്ത്രിക്കുന്നവനുമായ യാഹ്വേയുമായിട്ടാണ് അവരുടെ ഇടപാട്. ഇസ്രായേലിലെ ഒരു രാജാവിനെതിരെയാണ് അവർ പോരാടുന്നതെന്ന് അവർ കരുതിയിരിക്കാം, അതല്ലെങ്കിൽ വളരെ ബലഹീനനായ ഒരു ക്രിസ്തുവിശ്വാസിയെയാണ് അവർ ഉപദ്രവിക്കുന്നത് എന്ന് ചിന്തിച്ചേക്കാം. എന്നാൽ, അവരുടെ ഗൂഢാലോചന യഥാർത്ഥത്തിൽ യഹോവയ്ക്കും അവന്റെ അഭിഷിക്തനും എതിരെയാണ്. "അഭിഷിക്തൻ" എന്നത് ഒരു തിരഞ്ഞെടുക്കപ്പെട്ട രാജാവിനെ സൂചിപ്പിക്കുന്നു. ഹെബ്രായപദത്തിന്റെ ആംഗലേയ ശൈലിയായ (Anglicized) "മശിഹാ" "വലിയവനും അവസാനത്തേതുമായ" രാജാവിനെ കുറിക്കുന്നു. ചുറ്റുമുള്ള ജനതകൾ അഭിഷിക്ത രാജാവിന്റെ അധികാരം വലിച്ചെറിയാൻ ശ്രമിക്കുന്നത് ദൈവത്തിന്റെ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതിനു തുല്യമാണ്. “നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക” എന്ന മൂന്നാം വാക്യം, ജറുസലേമിലെ രാജാവിന്റെ ആധിപത്യത്തെ അടിമത്തമായും ചങ്ങലയായും ശത്രുരാജ്യങ്ങൾ കാണുന്നു. ഇസ്രായേല്യ നിയന്ത്രണത്തിലായിരിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ബന്ധനങ്ങളിലും കയറുകളിലും ആയിരിക്കുന്നതിന് തുല്യമായിരുന്നു; അങ്ങനെ അവർ സ്വതന്ത്രരാകാനുള്ള തന്ത്രം ആസൂത്രണം ചെയ്യുന്നു. എന്നാൽ ഈ വെല്ലുവിളികൾക്കു നടുവിലും ദൈവം തന്റെ രാജാവിനെ വാഴിക്കാൻ തീരുമാനിക്കുന്നു. അതാണ് രണ്ടാം ഖണ്ഡിക പറയുന്നത്.
II. തന്റെ രാജാവിനെ സ്ഥാപിക്കാനുള്ള യഹോവയുടെ തീരുമാനം ദൈവം വെളിപ്പെടുത്തുന്നു (4—6).
യഹോവ ജാതികളുടെ പദ്ധതിയെ പരിഹസിച്ചുംകൊണ്ട് തന്റെ രാജാവിനെ സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നു. അവർ പരിമിതമായ അധികാര പരിധിയിൽ നിന്നാണ് ഈ കുതന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നത്. അവരുടെ ഭൗമിക മണ്ഡലത്തിൽ നിന്ന് വ്യത്യസ്തമായി, സ്വർഗ്ഗത്തിൽ എല്ലാവരുടെയും മേൽ യാഹ്വെ വാഴുന്നു. മാത്രവുമല്ല, അവൻ എല്ലാവരുടെയുംമേൽ കർത്തൃത്വമുള്ള ദൈവമാണ്. "കർത്താവ്" എന്ന സ്ഥാനപ്പേര്, അവൻ പരമാധികാര യജമാനനാണെന്നും മറ്റെല്ലാവരും അവന്റെ ദാസന്മാർ മാത്രമാണെന്നും സൂചിപ്പിക്കുന്നു.
അവരുടെ മേൽ തന്റെ രാജാവിനെ വാഴിച്ചുകൊണ്ട് കർത്താവ് അവരുടെ മത്സരം അവസാനിപ്പിക്കും (5—6).
ശത്രുക്കളുടെ മത്സരവും ഗൂഡാലോചനകളും വളരെ പരിഹാസത്തോടെയാണ് ദൈവം വീക്ഷിക്കുന്നത്. അവർ എന്തു പദ്ധതിയിട്ടാലും എത്ര കുതന്ത്രങ്ങൾ മെനഞ്ഞാലും താൻ തന്റെ തീരുമാനത്തിൽ നിന്നും പിന്മാറുകയില്ല എന്നാണ് ദൈവത്തിന്റെ പ്രഖ്യാപനം. "എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു." ദൈവം അവരോട് പറയുന്നത്, സ്വർഗ്ഗത്തിലെ ദൈവമായ ഞാൻ അവർ എതിർക്കുന്ന ഈ രാജാവിനെ വാഴിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ്. ദൈവത്തിന്റെ സംസാരം ശക്തമായ ഒരു വൈരുദ്ധ്യത്തോടെയാണ് ആരംഭിക്കുന്നത്: "അവർക്ക് അങ്ങനെ ചെയ്യാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ എന്റെ തീരുമാനം മാറ്റുകയില്ല. ഞാൻ ഇതു ചെയ്യും ..." മറ്റൊരു രീതിയിൽ പറഞ്ഞാൽ ആരെതിർത്താലും, ഞാൻ എന്റെ രാജാവിനെ വാഴിക്കും". രാജാവായി വാഴിക്കപ്പെട്ടു കഴിഞ്ഞാൽ, അവൻ തന്റെ ശത്രുക്കളെ ഉന്മൂലനം ചെയ്യും. അതായിരിക്കും അവർക്കുള്ള ശിക്ഷാവിധി.
തന്റെ രാജാവ് പിന്നീട് "കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും." ഇസ്രായേൽ രാജാവിനെ വാഴിക്കാനുള്ള ദൈവിക തീരുമാനത്തെ അവരുടെ ഗൂഢാലോചനയുടെ ശിക്ഷാവിധിയായി സങ്കീർത്തനക്കാരൻ ചിത്രീകരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആളുകൾ ഈ രാജാവിനെ പുറത്താക്കാൻ ശ്രമിക്കുകയും പിന്നീട് ദൈവം ഈ രാജാവിനെ സിംഹാസനത്തിൽ ഇരുത്തുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്താൽ, അതിനർത്ഥം ദൈവം അവർക്കെതിരെയാണെന്നും അവർക്ക് ശിക്ഷയെ നേരിടേണ്ടിവരുമെന്നുമാണ്. പുതിയ രാജാവിനാൽ അവർ പരാജയപ്പെടുക മാത്രമല്ല, ദൈവത്താൽ വിധിക്കപ്പെടുകയും ചെയ്യും.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസത്തിന്റെ സന്ദേശമാണ്. പ്രക്ഷുബ്ധവും പ്രതികൂലങ്ങളും നിറഞ്ഞ ലോകത്ത് യേശു പരമാധികാരിയായി വാഴുന്നുവെന്നത് ലൗകികമായ കുഴപ്പങ്ങളെ ഭയപ്പെടുന്നതിനു പകരം ദൈവത്തിന്റെ പരമാധികാരത്തിൽ ആശ്രയിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ആഗോളമൊ, ദേശിയമൊ അതല്ലെങ്കിൽ വ്യക്തിപരമായ പ്രതികൂലങ്ങളൊ കാണുമ്പോൾ സകലവും ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്നു വിശ്വസിക്കുവാനും പരിഭ്രമിക്കാതെ സമാധാനത്തോടെ ഇരിക്കാനും കഴിയും.
ഇനി എവിടെയാണ് രാജാവിനെ വാഴിക്കുന്നതെന്ന് സങ്കീർത്തനക്കാരൻ വ്യക്തമാക്കുന്നു. കിരീടധാരണം സീയോൻ പർവതത്തിലെ രാജാവിന്റെ കൊട്ടാരത്തിലാണ്. സീയോൻ ഒരു അതുല്യ പർവതമായിരുന്നു, യഹോവയുടെ ആരാധനയ്ക്കും സേവനത്തിനുമായി അതു "വേർതിരിച്ചിരുന്നു", അതുകൊണ്ടാണ് അതിനെ "വിശുദ്ധം" എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ഈയൊരു പ്രഖ്യാപനം ഇസ്രായേൽ രാജാവിന് പിന്നിൽ ദൈവമുണ്ടെന്ന് വ്യക്തമാക്കുന്നു.
മൂന്നാം ഖണ്ഡിക രാജാവിന്റെ അവകാശവാദങ്ങൾ വ്യക്തമാക്കുന്നു.
III. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട രാജാവെന്ന നിലയിൽ അവൻ സമ്പൂർണ്ണ ശക്തിയോടെ ലോകത്തെ ഭരിക്കും (7—9).
അദ്ദേഹത്തിന്റെ ഭരിക്കാനുള്ള അവകാശം കർത്താവിൽ നിന്നുള്ള കൽപ്പനയെ അടിസ്ഥാനമാക്കിയുള്ളതാണ്. രാജാവിന് ജനതകളുടെ മേൽ പരമാധികാരം വാഗ്ദാനം ചെയ്യുകയും രാജാവ് ദൈവത്തിന് ഒരു മകനായിരിക്കുമെന്നും ദൈവം രാജാവിന് ഒരു പിതാവായിരിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള ദാവീദിക ഉടമ്പടിയെ (2 ശമു. 7:14) ഉദ്ധരിച്ചുകൊണ്ടാണിത് പറയുന്നത്. ഉടമ്പടിയിലെ പിതൃ-പുത്ര ഭാഷ തീർച്ചയായും ആലങ്കാരികമാണ്, കാരണം ഒരു മനുഷ്യ രാജാവും, ആരും ഒരിക്കലും ദൈവത്തിന്റെ അക്ഷരാർത്ഥത്തിലുള്ള ശാരീരിക പുത്രനായിരുന്നില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ശാരീരിക ബന്ധത്തിലൂടെ സന്താനോൽപാദനം നടത്തുന്നില്ല; പുറജാതീയ മതങ്ങളിൽ ഈ ആശയം സ്വീകാര്യമായിരുന്നിരിക്കാം, പക്ഷേ എബ്രായർക്ക് അതു സ്വീകാര്യമായ കാര്യമല്ല. ഈ വരിയിൽ "നീ എന്റെ പുത്രനാണ്" എന്നത് ഒരു ശുദ്ധമായ രൂപകമാണ്. ഒരു പിതാവിന് ഒരു മകൻ എന്താണെന്നും അവർ തമ്മിലുള്ള പ്രത്യേക ബന്ധം എന്താണെന്നും, രാജാവ് ദൈവത്തിന് എന്താണെന്നും ഉള്ള ബന്ധത്തെയാണ് ഈ താരതമ്യം കാണിക്കുന്നത്. പിതൃ-പുത്ര ബന്ധം തികച്ചും ആഴമായ ബന്ധമാണ്. രാജാവിനു ദൈവത്തോടു ഈ നിലയിലുള്ള ബന്ധമാണുള്ളത്.
വിശ്വാസികളായ നമ്മേ സംബന്ധിച്ചും ഈയൊരു ബന്ധമാണ് നമുക്കു ദൈവവുമായി ഉള്ളത്; കാരണം അവനെ അഥവാ യേശുവിനെ കൈക്കൊണ്ട് യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയേയും ദൈവമകനായി അഥവാ ദൈവമകളായി ദൈവത്തിന്റെ വചനം പ്രഖ്യാപിക്കുന്നു.
"നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു." എന്നത് കിരീടധാരണ ദിവസം മുതൽ ആരംഭിക്കുന്ന രാജ്യത്തിന്റെ അവകാശത്തെക്കുറിച്ചാണ് ഈ പ്രത്യേക ബന്ധത്തിന്റെ അടിയന്തര പ്രാധാന്യം ഊന്നൽ നൽകുന്നത്. "ഇന്ന്" രാജാവ് ദൈവപുത്രനായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നതിനാൽ, ഇന്ന് അവന്റെ ജനനമാണ്, അവന്റെ കിരീടധാരണ ദിവസമാണ്. അവൻ ഇതിനകം വളർന്നു, ഒരു യുവാവാണെങ്കിൽ പോലും, ഇന്നാണ് രാജാവായി കിരീടധാരണം ചെയ്യപ്പെടുന്നത്. അതായത്, അവൻ "ജനിക്കപ്പെടുന്ന" "ഇന്നാണ്". എബ്രായർ 1-ൽ ഈ സങ്കീർത്തനഭാഗം ഉദ്ധരിച്ചിരിച്ചുകൊണ്ട് ഇത് യേശുക്രിസ്തുവിനു ബാധകമാക്കിയിരിക്കുന്നു. എബ്രായലേഖനത്തിന്റെ എഴുത്തുകാരൻ ഉന്നതസ്ഥാനീയനായി മഹത്വത്തിന്റെ വലതുഭാഗത്തേക്ക് ദൈവപുത്രൻ എങ്ങനെ ആരോഹണം ചെയ്തുവെന്ന് പറഞ്ഞതിനുശേഷം, ദാവീദിക് ഉടമ്പടിയിലെ വരികൾക്കൊപ്പം "ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു" എന്ന ഈ സങ്കീർത്തനഭാഗം ലേഖനകാരൻ ഉദ്ധരിച്ചിരിക്കുന്നു. അതിനാൽ, കിരീടധാരണ കൽപ്പനയുടെ പശ്ചാത്തലത്തിൽ, യേശുവിന്റെ ഉന്നതീകരണത്തിനും കിരീടധാരണത്തിനും സങ്കീർത്തനം ബാധകമാക്കിയിരിക്കുന്നു. അങ്ങനെ യേശുവിന്റെ പിതാവിന്റെ വലതുഭാഗത്തേക്കുള്ള ആരോഹണത്തോടെ ആ ദിവസം യാഥാർത്ഥ്യമായി.
A. രാജാവ് ലോകമെമ്പാടും ആധിപത്യം സ്ഥാപിക്കും (8—9).
പരമാധികാര രാജാവിന്റെ "പുത്രൻ" എന്ന നിലയിൽ, അഭിഷിക്ത രാജാവ് രാജ്യം അവകാശമാക്കും. തന്റെ ആധിപത്യം ഉപേക്ഷിക്കാൻ ശ്രമിക്കുന്ന ആളുകളുടെ മേലും താൻ പരമാധികാരം സ്ഥാപിക്കും. തന്റെ അധികാര പരിധിയിൽ "രാഷ്ട്രങ്ങളും", "ഭൂമിയുടെ അറ്റങ്ങളും" വരും. അതായത്, തന്റെ രാജ്യം എല്ലാ ദേശങ്ങളിലൂടെയും ഏറ്റവും വിദൂര പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ദൈവം തന്റെ “പുത്രന്” രാജ്യം നൽകുമ്പോൾ, ഈ രാഷ്ട്രങ്ങൾ അവന്റെ “അവകാശം” ആയിരിക്കും. ആത്യന്തികമായി ഇത് അഭിഷിക്തനായ രാജാവിന് രാജ്യം ലഭിക്കുമ്പോഴാണ് സംഭവിക്കുന്നത്. രാജാവിന് ഈ ആധിപത്യം ലഭിക്കുമ്പോൾ, അവൻ ആദ്യം എല്ലാ മത്സരങ്ങളും ഇല്ലാതാക്കും (വാക്യം 10). "ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും" എന്നത് രാജാവ് ശക്തിയോടും അധികാരത്തോടും കൂടെ ഭരിക്കുമെന്നതിനെ സൂചിപ്പിക്കുന്നു.
"ഒരു കുശവന്റെ പാത്രം പോലെ" എന്ന പ്രയോഗം ഒരുപക്ഷേ ഈജിപ്ഷ്യൻ ആചാരത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാം, അതിൽ രാജാവിന്റെ ആധിപത്യത്തിൻ കീഴിലുള്ള ഓരോ നഗരത്തിന്റെയും പേര് ഒരു ചെറിയ മൺപാത്രത്തിൽ എഴുതി തന്റെ ദൈവത്തിന്റെ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നു. പിന്നെ എപ്പോഴെങ്കിലും, ഒരു നഗരത്തിലെ ആളുകൾ മത്സരിച്ചാൽ, ഫറവോന് ആ നഗരത്തിന്റെ പേരെഴുതിയ ചെറിയ പാത്രം ദേവന്റെ സാന്നിധ്യത്തിൽ തകർക്കാൻ കഴിയും. അത്തരമൊരു പ്രതീകാത്മക പ്രവൃത്തി വിമതർക്കുള്ള മുന്നറിയിപ്പാണ്. അതവരെ ഭയപ്പെടുത്തും. സ്വർഗ്ഗത്തിന്റെ എല്ലാ അധികാരവും തന്റെ പിന്നിൽ ഉള്ള രാജാവ് എത്ര എളുപ്പത്തിൽ കലാപത്തെ വേഗത്തിൽ തകർക്കുമെന്ന് ഊന്നിപ്പറയാൻ സങ്കീർത്തനക്കാരൻ ആ പ്രതിച്ഛായയെ ഉപയോഗിച്ചിരിക്കാം.
പ്രായോഗികത: വിശ്വാസികൾ യേശുക്രിസ്തുവിന്റെ പരമാധികാരത്തിൽ തങ്ങളുടെ വിശ്വാസം ഉറപ്പിക്കുക; ക്രിസ്തുവിന്റെ അധികാരത്തിനു തങ്ങളെ തന്നെ വിധേയപ്പെടുത്തുക; ലോകത്തിന്റെ എല്ലാ മത്സരത്തിന്മേലും ദൈവത്തിന്റെ ആത്യന്തിക വിജയം ഉറപ്പാണ് എന്ന് വിശ്വസിക്കുക; ആത്മവിശ്വാസത്തോടെ ലോകമെമ്പാടും ദൈവരാജ്യം സ്ഥാപിതമാകാൻ പ്രാർത്ഥിക്കുക. ക്രിസ്തുവിന്റെ രാജത്വത്തെ അംഗീകരിക്കാത്തവരുടെമേൽ ദൈവത്തിന്റെ ന്യായവിധി വരുമെന്നറിഞ്ഞ് സുവിശേഷ ഘോഷണം അടിയന്തിര പ്രാധാന്യത്തോടെ നടത്തുക.
നാലാമത്തെ ഖണ്ഡിക, ഈ രാജാവിനോടു മത്സരിക്കാതെ കീഴടങ്ങിയിരിക്കുന്നതാണ് ബുദ്ധിയെന്ന് തന്റെ ശത്രുക്കളെ ഓർമ്മിപ്പിക്കുന്നു.
IV. തന്റെ രാജാവിന് കീഴടങ്ങുന്നതിലൂടെ ആളുകൾ ദൈവകോപത്തിൽ നിന്ന് രക്ഷ കണ്ടെത്തുന്നത് ജ്ഞാനമാണ് (10—12).
"10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ. 11 ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ. 12 അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ."
ആളുകൾ വിവേകത്തോടെ പ്രവർത്തിക്കുവാനുള്ള ബുദ്ധിയുപദേശമാണ് നാലാമത്തെ ഖണ്ഡികയിൽ നാം കാണുന്നത്. മത്സരിക്കാൻ ശ്രമിച്ച വിഘ്നകാരികളായ രാജാക്കന്മാർക്കും ഭരണാധികാരികൾക്കും ഉപദേശം നൽകുന്നതിൽ സങ്കീർത്തനക്കാരൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. "ജ്ഞാനികളായിരിക്കുക" എന്നതാണ് മത്സരികൾക്കുള്ള പൊതുവായ മുന്നറിയിപ്പ്. രാജാക്കന്മാർക്കും ന്യായാധിപന്മാർക്കും ഇതിനകം തന്നെ ജ്ഞാനം ഉണ്ടായിരിക്കണമെന്ന് പ്രതീക്ഷിക്കുന്നു എന്നതാണ് വിരോധാഭാസം; എന്നാൽ ഈ സാഹചര്യത്തിൽ അവർ ജ്ഞാനത്തിൽ വളരെ കുറവുള്ളവരാണ്. "ജ്ഞാനികളായിരിക്കുക, വിവേകത്തോടെ പ്രവർത്തിക്കുക" എന്ന ക്രിയ രാജാക്കന്മാരെ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ നിർദ്ദേശിക്കുന്നു; അത് അവരുടെ നാശത്തിനല്ല, ദൈവമുമ്പാകെ വിജയത്തിലേക്ക് നയിക്കുന്ന തിരഞ്ഞെടുപ്പുകളാണ്. പ്രധാന തിരഞ്ഞെടുപ്പ് യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട രാജാവിന് കീഴടങ്ങുക എന്നതാണ്, കാരണം അത് ജീവൻ നൽകും. പുത്രനെ അംഗീകരിച്ചാൽ മരണത്തിൽ നിന്ന് ജീവനിലേക്ക് കടക്കും. നേരെ മറിച്ചാണെങ്കിൽ ന്യായവിധിയിലൂടെ മരണത്തെ പുൽകേണ്ടതായ് വരും. അതു കൊണ്ട് ജ്ഞാനപൂർവ്വമായ ഒരു തെരഞ്ഞെടുപ്പ് ഇപ്പോൾ നടത്തുക.
B. യഹോവയുടെ ആരാധകരാകുന്നത് ജ്ഞാനമാണ് (11).
"ജ്ഞാനിയായിരിക്കുക" എന്നാൽ ജീവനുള്ള ദൈവത്തിന്റെ യഥാർത്ഥ ആരാധകനാകുക എന്നതാണ്. ബൈബിൾ വെളിപ്പെടുത്തിയിരിക്കുന്ന യാഹ്വേയായ ദൈവത്തെ ആരാധിക്കാനുള്ള ആഹ്വാനം അതിശയിപ്പിക്കുന്നതായിരിക്കും, കാരണം ഈ ജനതകൾക്ക് അവരുടേതായ ദേവതകൾ ഉണ്ടായിരുന്നു. എന്നാൽ യാഹ്വേയുടെ നാമമാണ് വിശുദ്ധം. അതാണ് നിസ്തുല്യനാമം. യാഹ്വേയാണ് സമാനതകളില്ലാത്ത ഒരേയൊരു ദൈവം. യാഹ്വേയ്ക്ക് കീഴടങ്ങുക; അവനെ "സേവിക്കുക." അതായത്, യാഹ്വേയെ ആരാധിക്കുകയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുക. ഈ പുറജാതീയ നേതാക്കൾക്ക്, അവനെ സേവിക്കുക എന്നാൽ അവരുടെ ദേവന്മാരിൽ നിന്ന് ഏക സത്യദൈവത്തിലേക്കു വിശ്വസ്തത മാറ്റുക എന്നാണ് അർത്ഥമാക്കുന്നത്. എന്നാൽ അത് ദൈവത്തിന്റെ രാജാവിനെ സ്വീകരിക്കുകയും അവനെ സേവിക്കുകയും ചെയ്യുക എന്നതുമാണ്. ഈ സേവനം "ഭയത്തോടെ" നടത്തേണ്ടതാകുന്നു. ഈ പദത്തിൽ ബഹുമാനം, ഭക്തി, ആരാധന എന്നിവ ഉൾപ്പെടുന്നു. ദൈവത്തെ ഭയപ്പെടുന്ന ഒരാൾ അവന്റെ ശക്തിയും മഹത്വവും നിമിത്തം സ്നേഹത്തിലും ആരാധനയിലും അത്ഭുതത്തിലും അവനിലേക്ക് ആകർഷിക്കപ്പെടുന്നു. തന്നെ ചെറിയവനായി എണ്ണി ദൈവത്തെ വലിയവനായി കണ്ട് ആരാധിക്കുക. ദൈവത്തെ സ്നേഹിക്കുന്ന ഒരാളിൽ അനുസരണം, ആരാധന, സേവനം എന്നിവ വെളിപ്പെടുന്നു.
ആരാധനയിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നുവെന്നാണ് തുടർന്നു നാം കാണുന്നത്. “ആനന്ദിക്കുക” എന്നാൽ “ആനന്ദാരവം മുഴക്കുക” എന്നാണ്, ഇത് “വിറയലോടെ” ചെയ്യണം, കാരണം ദൈവസേവനത്തിന് അനുയോജ്യമാണത്. ആളുകൾക്ക് വിശുദ്ധമന്ദിരത്തിൽ വളരെയധികം സന്തോഷിക്കാൻ കഴിയും, എന്നാൽ അവർ കർത്താവായ ദൈവത്തിന്റെ സാന്നിധ്യത്തിലാണെന്ന് മനസ്സിലാക്കുന്നത് അവരുടെ ആഘോഷം അവനെ ബഹുമാനത്തോടെയുള്ളതാണെന്ന് ഉറപ്പാക്കും. അതിനാൽ സന്തോഷത്തിനും ഭയത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥയാണ് പരിശുദ്ധ ദൈവത്തെ ആരാധിക്കുന്നതിനുള്ള യഥാർത്ഥ മനോഭാവം.
B. രാജാവിനു കീഴടങ്ങൽ അടിയന്തിരമാണ് (12).
ദൈവത്തിന്റെ മുന്നറിയിപ്പ് ആളുകൾ വിശ്വസിക്കുന്നു എന്നതിന്റെ ബാഹ്യ അടയാളം അവർ ദൈവത്തിന്റെ നിയുക്ത രാജാവിനു കീഴടങ്ങന്നുവെന്നതാണ്. "പുത്രനെ ചുംബിക്കുക" എന്നത് പ്രതീകാത്മകമാണ്. അതിന്റെ അർത്ഥം ആദരാഞ്ജലി അർപ്പിക്കുക. കീഴടക്കപ്പെട്ടവരും കീഴ്പ്പെട്ടവരുമായ രാജാക്കന്മാർ വിജയിയുടെ മുമ്പിൽ കുമ്പിട്ട് ആദരാഞ്ജലി അർപ്പിക്കുന്നതുപോലെ ക്രിസ്തുവെന്ന രാജാവിനു മുൻപാകെ കീഴടങ്ങുക. രാജാവ് കോപിക്കുവാനുള്ള കാരണം ഒന്നാം ഖണ്ഡികയിൽ രേഖപ്പെടുത്തിയിരിക്കുന്നതു തന്നെയാണ്. രാജാവിനെതിരെ മത്സരിക്കുന്നതും രാജാവിനെ സേവിക്കാത്തതുമാണ്. പുത്രനെ ചുംബിക്കുന്നതിനുള്ള കൽപ്പന കൂടാതെ ഈ മുഴുവൻ ഭാഗവും യഹോവയായ ദൈവത്തിന് കീഴടങ്ങാൻ ആവശ്യപ്പെടുന്നു. അവർ കീഴടങ്ങുന്നില്ലെങ്കിൽ രാജാവ് അവരെ കീഴ്പ്പെടുത്തും. എന്നാൽ രാജാവിനു വിജയം നൽകുന്നത് ദൈവമായിരിക്കും. ദൈവം നിയോഗിച്ച രാജാവിനെതിരെ മത്സരിക്കുന്നത് ദൈവത്തിനെതിരെ മത്സരിക്കുന്നതിനു സമാനമാണ്. മറിച്ച്, ആദ്യത്തേതിനു കീഴടങ്ങിയാൽ, രണ്ടു പേർക്കും കീഴടങ്ങുന്നു. യേശുവിന്റെ പഠിപ്പിക്കലുകളിൽ ഈ കാര്യം പലപ്പോഴും ഊന്നിപ്പറയുന്നു; ഉദാഹരണത്തിന്, യേശു പറഞ്ഞു, "ദൈവത്തിൽ വിശ്വസിക്കൂ, എന്നിലും വിശ്വസിക്കൂ" (യോഹന്നാൻ 14:1).
അവനിൽ അഭയം തേടുന്ന ഏവർക്കും ഒരു അനുഗ്രഹത്തോടെയാണ് സങ്കീർത്തനം അവസാനിക്കുന്നത്. സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി യാഹ്വെയിൽ ആശ്രയിക്കുക. എന്നിരുന്നാലും അത് യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട രാജാവിൽ അഭയം പ്രാപിക്കുക എന്ന അർത്ഥത്തിലും അത് വ്യാഖ്യാനിക്കാം. എന്തായാലും അർത്ഥം ആത്യന്തികമായി ദൈവത്തിന് കീഴടങ്ങുക എന്നതാണ്. മത്സരിക്കുക എന്നാൽ നശിക്കുക എന്നതാണ്; അഭയം തേടുക എന്നാൽ അനുഗ്രഹം കണ്ടെത്തുക എന്നതും. നിങ്ങൾ ഇതിൽ ഏതു തെരഞ്ഞെടുക്കും?