
നിത്യജീവൻ

സങ്കീർത്തന പരമ്പര-09
Confidence in the Face of Adversity.
പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിൽ ആത്മവിശ്വാസം.
സങ്കിര്‍ത്തനം 3 (Psalm 3)
"1യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു. 2 അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ. 3 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു. 4 ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ. 5 ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു. 6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല. 7 യഹോവേ, എഴുന്നേൽക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞു. 8 രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.
ആമുഖം
ഈ സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ ദാവീദാണെന്നും തന്റെ മകൻ അബ്ശാലോമിന്റെ മുമ്പിൽനിന്നു ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനമാണെന്നും തലക്കെട്ടിൽ കാണുന്നു. ഇത് ഒരു വിലാപഗീതമാണ്; വിലാപസങ്കീർത്തനങ്ങളിൽ ആദ്യത്തേതും. വിലാപ സങ്കീർത്തനങ്ങളുടെ ഒരു പ്രത്യേകതയെന്തെന്നാൽ അതിൽ ആത്മവിശ്വാസവും സ്തുതിയും നിറഞ്ഞിരിക്കുന്നതു കാണാം. സങ്കീർത്തനക്കാർ നേരിട്ട ദുഃഖകരമായ സാഹചര്യങ്ങൾക്കിടയിലും തന്റെ വിശ്വാസം ഉറച്ചതായിരുന്നു എന്ന വസ്തുതയ്ക്ക് ഇത് സാക്ഷ്യം വഹിക്കുന്നു; അനുഭവത്തിലൂടെയും വെളിപ്പെടുത്തലിലൂടെയും അവർ യഹോവയെ അറിഞ്ഞതിനാൽ അവരുടെ വിശ്വാസം ഉറച്ചതായിരുന്നു.
സങ്കീർത്തനക്കാരന്റെ ആത്മവിശ്വാസ സ്വരം ദാവീദ് അബ്ശാലോമിൽ നിന്ന് ഓടിപ്പോകുന്നതിന്റെ വിവരണവുമായി എങ്ങനെയാണ് പൊരുത്തപ്പെടുക എന്നു ചോദിച്ചേക്കാം. സങ്കീർത്തനത്തിന്റെ ആദ്യ ഭാഗമായ വിലാപം, കഷ്ടത്തിലായ സങ്കീർത്തനക്കാരന്റെ ഉത്കണ്ഠയും ആഴത്തിലുള്ള മനോവിഷമവും പ്രതിഫലിപ്പിക്കുന്നു, എന്നാൽ ദൈവത്തിന്റെ സംരക്ഷണം തനിക്ക് ലഭിക്കുമെന്ന് കണ്ടപ്പോൾ അത് ഉടൻ തന്നെ ആത്മവിശ്വാസമായി മാറി. ആ സംഭവത്തിൽ നിന്നാണ് സങ്കീർത്തനം വരുന്നത്. അവനെ നശിപ്പിക്കാനും അവന്റെ വിശ്വാസത്തെ ദുർബലപ്പെടുത്താനും ആഗ്രഹിക്കുന്ന വർദ്ധിച്ചുവരുന്ന എതിരാളികളെക്കുറിച്ചാണ് പ്രാർത്ഥന - ഈ ലോകത്തിലെ വിശ്വസ്തർക്ക് ഇതൊരു സ്ഥിരം അപകടമാണ്. എതിർപ്പിന്റെ നടുവിൽ ആത്മവിശ്വാസത്തിന് വലിയ പ്രാധാന്യം നൽകുന്നതിനാൽ സങ്കീർത്തനം 3 ഒരു വിലാപമാണെങ്കിലും, അതിനെ ഒരു പ്രാർത്ഥനാ ഗീതം എന്ന് വിശേഷിപ്പിക്കുന്നതാണ് നല്ലത്.
സംഗ്രഹം
എണ്ണമറ്റ എതിരാളികൾ തനിക്കെതിരെ എഴുന്നേറ്റ് തന്റെ വിശ്വാസത്തെ പരിഹസിക്കുന്നുണ്ടെങ്കിലും, യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ദാസൻ തനിക്കെതിരെ നിലകൊള്ളുന്നവരുടെ മേൽ പൂർണ്ണ വിജയത്തിനായി പ്രാർത്ഥിക്കുകയും കർത്താവിന്റെ ഉടനടി സംരക്ഷണത്തിൽ ആത്മവിശ്വാസം കണ്ടെത്തുകയും ചെയ്യുന്നു.
I. വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തെ പരിഹസിക്കുന്ന വർദ്ധിച്ചുവരുന്ന എതിരാളികളെ നേരിടുമ്പോൾ, അവർക്കുവേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയിൽ അവർക്ക് ആത്മവിശ്വാസം കണ്ടെത്താൻ കഴിയും (1-3).
A) വിശ്വാസത്തിന്റെ ശത്രുക്കൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു (1-2).
"1യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു. 2 അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു."
നീതിമാന്മാരെയും അവരുടെ വിശ്വാസത്തെയും നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുവരുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. ദൈവജനത്തോടുള്ള അവരുടെ എതിർപ്പ് ചിലപ്പോഴൊക്കെ രഹസ്യമായിരിക്കാം, മറ്റു ചിലപ്പോൾ അത് പരസ്യമായിരിക്കാം. ചിലപ്പോളത് നിന്ദയെക്കാൾ വളരെ അപകടകരമായ അവസ്ഥയിലേക്ക് വളർന്നേക്കാം (വാക്യം 1). ദാവീദിന്റെ ജീവിതത്തിലെ ഒരു കലാപം, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വിശ്വാസത്തിനും നേരെയുള്ള വ്യക്തിപരമായ ആക്രമണമായി മാറി. പക്ഷേ അദ്ദേഹം വിശ്വാസത്താൽ ആ പ്രതിസന്ധിയെ മറികടക്കുന്നു. ആ വിശ്വാസം ആദ്യം പ്രകടമാകുന്നത് "ഓ കർത്താവേ" എന്ന ദൈവത്തോടുള്ള അദ്ദേഹത്തിന്റെ ഉടനടിയുള്ള നിലവിളിയിലൂടെയാണ്. ഒരു പ്രതിസന്ധിയുടെ നടുവിൽ കർത്താവിലേക്ക് തിരിയുന്നത് ഒരു വിലാപത്തിന്റെ സവിശേഷതയാണ്, കാരണം കഷ്ടകാലങ്ങളിൽ ആളുകൾ പ്രാർത്ഥിക്കുന്ന രീതിയാണിത്. കഷ്ടതയെ അഭിമുഖീകരിക്കുമ്പോൾ നാം അതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?
തുടർന്നു താൻ തന്റെ പ്രശ്നം അവതരിപ്പിക്കുന്നു. “എന്റെ എതിരാളികൾ അനേകരാണ്, എനിക്കെതിരെ പലരും എഴുന്നേൽക്കുന്നു, പലരും ‘ദൈവത്തിൽ അവന് രക്ഷയില്ല’ എന്നു പറയുന്നു.” വർദ്ധിച്ചുവരുന്ന എതിർപ്പ് കണ്ട് താൻ അതിശയിക്കുന്നു: “എന്റെ എതിരാളികൾ എത്രപേർ!” അവൻ രാത്രി ഉറങ്ങാൻ പോയപ്പോൾ ശത്രുക്കൾ അവനു ചുറ്റുമുണ്ടായിരുന്നു. അവൻ ഉണർന്നപ്പോഴും, അവർ അവിടെത്തന്നെയുണ്ട് (വാക്യം 6). “ദൈവത്തിൽ അവന് ഒരു രക്ഷയുമില്ല" എന്നവർ പരിഹസിച്ചുകൊണ്ട് തന്റെ വിശ്വാസത്തെ വെല്ലുവിളിക്കുന്നു. അവർ പരിഹാസികൾ മാത്രമായിരുന്നില്ല ദുഷ്ടന്മാരായ ആളുകളുമായിരുന്നു (വാക്യം 7). അവരുടെ ആസൂത്രിത വിപ്ലവത്തിന്റെ ഭാഗമായി അവനെ കൊല്ലാൻ ശ്രമവും അവരുടെ ഭാഗത്തുനിന്നുണ്ടായി. ശത്രുക്കൾ ദൈവത്തിന്റെ അഭിഷിക്തനെ എതിർത്തിരുന്നതിനാലും (cf. സങ്കീർത്തനങ്ങൾ 2) അവനെ നീക്കം ചെയ്യാൻ അവർക്ക് പ്രവചനപരമായ അനുമതിയോ അധികാരമോ ഇല്ലാത്തതിനാലും അവർക്ക് വിജയിക്കാൻ കഴിഞ്ഞില്ല. സങ്കീർത്തനക്കാരന് ദൈവത്തിൽ നിന്നുള്ള രക്ഷയുടെ പ്രത്യാശയില്ലെന്ന് അഹങ്കാരത്തോടെ പ്രഖ്യാപിക്കുവാൻ മാത്രമാണ് അവർക്ക് ചെയ്യാൻ കഴിഞ്ഞത്. അവന്റെ വിശ്വാസത്തിനെതിരായ ഈ ആക്രമണം വേദനാജനകവും നിരുത്സാഹപ്പെടുത്തുന്നതും ആയിരിക്കേണ്ടതായിരുന്നു. പ്രാർത്ഥന സൂചിപ്പിക്കുന്നതുപോലെ, ദാവീദിന് യഹോവയുടെ രക്ഷയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നില്ല (വാക്യം 7); "രക്ഷ കർത്താവിൽ നിന്നാണെന്ന്" അവൻ ഉറച്ചു വിശ്വസിച്ചു (വാക്യം 8). ദാവീദിന്റെ സന്തതിയായ് വന്ന യേശുക്രിസ്തുവിനും സമാനമായ എതിർപ്പുകൾ ശത്രുക്കളിൽ നിന്നുമുണ്ടായിരുന്നു. മിക്കവരും അവനെ തങ്ങളുടെ രാജാവായി സ്വീകരിച്ചില്ല, അവനെ കൊല്ലാൻ ആഗ്രഹിച്ച കൊലപാതകികളായ നേതാക്കളെ പിന്തുടരാൻ അവർ തീരുമാനിച്ചു. യഹോവയുടെ അഭിഷിക്തന് അത്തരം എതിർപ്പ് സത്യമാണെങ്കിൽ, അവനെ അനുഗമിക്കുന്ന നമുക്കോരോരുത്തർക്കും ഇത് ബാധകമല്ലേ? അതിനാൽ, അത്തരം എതിർപ്പിനെ നേരിടുമ്പോൾ, വിശ്വാസികൾ പ്രാർത്ഥനയിൽ ദൈവത്തിലേക്ക് തിരിയണം. ദാവീദ് ചെയ്തതുപോലെ അവരുടെ വിലാപം ദൈവസന്നിധിയിൽ പകരണം. അവരുടെ പ്രാർത്ഥനകൾ ആത്മവിശ്വാസത്തോടെയും സ്തുതിയിലൂടെയും വെളിപ്പെടുന്നതാണ് ശരിയായ വിശ്വാസം.
B. വിശ്വാസികൾക്ക് അവരുടെ ജീവിതത്തിനായുള്ള ദൈവത്തിന്റെ മഹത്വകരമായ പദ്ധതി പരിശീലിച്ചുകൊണ്ട് ആത്മവിശ്വാസം കണ്ടെത്താൻ കഴിയും (3).
"3 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു."
എതിരാളികൾ അവന്റെ വിശ്വാസത്തെ ആക്രമിച്ചതിനാൽ, സങ്കീർത്തനക്കാരൻ തന്റെ വിശ്വാസം ഏറ്റവും ആത്മവിശ്വാസത്തോടെ പ്രകടിപ്പിച്ചു: “എന്നാൽ, കർത്താവേ, നീ" എന്നത് വിലാപത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. ദൈവത്തിന്റെ സ്വഭാവവും തന്നോടുള്ള കരുതലും അവരുടെ വെല്ലുവിളിയെ നേരിടാൻ പര്യാപ്തമെന്ന വസ്തുതയിൽ അവൻ ആത്മവിശ്വാസം കണ്ടെത്തി. ഈ വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന മുന്നു രൂപകങ്ങൾ, തനിക്ക് ദൈവവുമായുള്ള ബന്ധത്തേയും അതിലുള്ള ആത്മവിശ്വാസത്തേയും വ്യക്തമാക്കുന്നു. ആദ്യത്തെ രൂപകം ദൈവത്തെ "പരിചയായി" വിശേഷിപ്പിച്ചിരിക്കുന്നു. ദൈവമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്ന ഏക പ്രതിരോധം (പരിച). നിരവധി എതിരാളികൾക്കെതിരെ അദ്ദേഹത്തിന് ആവശ്യമായ ഏക പ്രതിരോധവും ദൈവം മാത്രമാണ്. ദൈവം അവന്റെ പ്രതിരോധമാണെങ്കിൽ, ആർക്കാണ് അവനെ ഉപദ്രവിക്കാൻ കഴിയുക? "ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?" (റോമർ 8:31). രണ്ടാമത്തെ രൂപകം "എന്റെ മഹത്വം" ആണ്. ദൈവത്തോടു ബന്ധപ്പെടുത്തി ഈ വാക്ക് ഉപയോഗിക്കുമ്പോൾ, ദൈവത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു. എന്നാൽ ഇവിടെ അത് ദാവീദിനെ യഹോവ തിരഞ്ഞെടുത്ത് രാജ്യം നൽകിയപ്പോൾ അദ്ദേഹത്തിന് നൽകിയ മഹത്വത്തെയും ബഹുമാനത്തെയും സൂചിപ്പിക്കാം (അതിനാൽ അത് ഫലത്തിന്റെ ഒരു പര്യായമായിരിക്കും). ദാവീദിനെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കിയിരിക്കാം; എന്നാൽ അവന്റെ മഹത്വം ഇപ്പോഴും കേടുകൂടാതെയിരുന്നു, കാരണം ദൈവം തിരഞ്ഞെടുക്കപ്പെട്ട രാജാവെന്ന നിലയിൽ അദ്ദേഹത്തിന് ബഹുമാനവും ശക്തിയും നൽകിയിരുന്നു. മൂന്നാമത്തെ രൂപകം “എന്റെ തല ഉയർത്തുന്നവൻ” എന്നതാണ്. ഈ പ്രതിച്ഛായ മാന്യമായ ഒരു ഉന്നതിയാണ് സൂചിപ്പിക്കുന്നത്. ദൈവം നിരാശയിലായിരിക്കുന്ന ദാവീദിന്റെ “തല ഉയർത്തുകയും” മറ്റുള്ളവരെക്കാൾ അവനെ ഉയർത്തുകയും ചെയ്യുന്നു.” ദാവീദ് ഓടിപ്പോയപ്പോൾ നിരാശയും ഭയവും തോന്നിയിരിക്കാം, പക്ഷേ ദൈവവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ദൈവജനത്തിന്റെ മേലുള്ള നേതൃത്വ സ്ഥാനത്തേക്ക് താൻ പുനഃസ്ഥാപിക്കപ്പെടുമെന്ന് അവന് ആത്മവിശ്വാസമുണ്ടായിരുന്നു. ദൈവമാണ് അവനെ ഉയർത്തുന്നത് (അതിനാൽ ഈ പ്രയോഗം അനുബന്ധ ഫലത്തിന്റെ ഒരു പര്യായമാണ്). ഒരു കലാപത്തിൽ രാജാവ് കൊല്ലപ്പെടണം എന്നത് ദൈവത്തിന്റെ പദ്ധതിയായിരുന്നില്ല. തല ഉയർത്തിപ്പിടിച്ചുകൊണ്ട് രാജകീയ നഗരത്തിലേക്ക് മടങ്ങിവരുമെന്ന് രാജാവിന് അറിയാമായിരുന്നു.
2. അനിശ്ചിതമായ ഒരു ഭാവിയെ അഭിമുഖീകരിക്കുമ്പോൾ, ദൈവത്തിന്റെ ജനത്തിന് ഉത്തരം ലഭിച്ച പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ വർത്തമാനകാല സംരക്ഷണം അനുഭവിക്കുവാനും അവരുടെ ആത്മവിശ്വാസം വളർത്തിയെടുക്കാനും കഴിയും (4—6).
A. ദൈവം തന്റെ ജനത്തിന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും കഷ്ടകാലങ്ങളിൽ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു (4—5).
"4 ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധ പർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ. 5 ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു."
ഈ ഭാഗത്ത്, രാത്രി മുഴുവൻ തന്നെ പിന്തുണച്ചുകൊണ്ട് തന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയതിന് സങ്കീർത്തനക്കാരൻ ദൈവത്തെ സ്തുതിക്കുന്നു. ആദ്യത്തെ മൂന്ന് വാക്യങ്ങളിൽ ദാവീദ് ദൈവത്തെ നേരിട്ട് അഭിസംബോധന ചെയ്തിരുന്നു, ഇപ്പോൾ അവൻ യഹോവയെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നു; ആദ്യ വാക്യങ്ങളിൽ അവൻ വർത്തമാനകാലത്ത് വർദ്ധിച്ചുവന്ന അപകടത്തെക്കുറിച്ച് വിവരിച്ചിരുന്നു, ഇപ്പോൾ അവൻ തന്റെ വർത്തമാനകാല വിടുതലിനെ ഭൂതകാലത്തിൽ വിവരിക്കുന്നു. എങ്കിലും വാക്യം 7 ൽ അവൻ ഇപ്പോഴും തന്റെ ശത്രുക്കളിൽ നിന്നുള്ള പൂർണ്ണമായ വിടുതലിനായി പ്രാർത്ഥിക്കുന്നു.
എന്നാൽ ഇവിടെ അവൻ തന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയതിന് ദൈവത്തെ സ്തുതിക്കുന്നു. ഈ വ്യത്യാസം എങ്ങനെ വിശദീകരിക്കാം? ഒരു വ്യാഖ്യാനം പൊതുവായി പറഞ്ഞാൽ അവന്റെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നതായിരിക്കും; അതനുസരിച്ച്, ക്രിയകളെ വർത്തമാനകാലവുമായി വിവർത്തനം ചെയ്യും: "ഞാൻ നിലവിളിക്കുന്നു ..." അവൻ ഉത്തരം നൽകുന്നു." അപ്പോൾ സങ്കീർത്തനത്തിന്റെ അവസാനത്തിലെ പ്രാർത്ഥന അത്തരമൊരു പ്രാർത്ഥനാ ജീവിതത്തിന്റെ തുടർച്ചയായിരിക്കും.
മറ്റൊരു വ്യാഖ്യാനമെന്നത്¸ ഈ വാക്യങ്ങൾ ദാവീദിന്റെ പ്രതിസന്ധിയിൽ ദൈവത്തിന്റെ സംരക്ഷണത്തിനായുള്ള ഉടനടി സ്തുതി ആകാം. രാത്രി മുഴുവൻ തന്നെ പിന്തുണച്ചുകൊണ്ട് ദൈവം തന്റെ വിടുതലിനായുള്ള പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയെന്ന് അവൻ ഉറക്കത്തിൽ നിന്നുണർന്ന് മനസ്സിലാക്കുമ്പോൾ, സ്വയമേവ സ്തുതി അർപ്പിക്കുന്നു. ദൈവം യഥാർത്ഥത്തിൽ അവന്റെ പരിചയായിരുന്നു; പക്ഷേ അവന്റെ ശത്രുക്കൾ ഇപ്പോഴും പിന്മാറിയിട്ടില്ല. അതിനാൽ ദൈവം അവരെ പൂർണ്ണമായും നശിപ്പിക്കണമെന്ന് അവൻ പ്രാർത്ഥിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഉടനടിയുള്ള വിടുതൽ, ആഗ്രഹിച്ച പൂർണ്ണമായ വിടുതലിന്റെ, അടയാളമായി മാറി (വെസ്റ്റർമാൻ രക്ഷയുടെ ഒരു അരുളപ്പാട് എന്ന് ഇതിനെ വിളിക്കുന്നു). സങ്കീർത്തനത്തിന്റെ ഒഴുക്കിൽ ഈ വിശദീകരണം കൂടുതൽ സ്വാഭാവികമായി തോന്നുന്നു. ഏത് സാഹചര്യത്തിലും 4-6 വാക്യങ്ങൾ വിടുതലിനായുള്ള പ്രാർത്ഥനയ്ക്കിടയിൽ ആത്മവിശ്വാസത്തിന്റെ ഒരു ഭാഗം രൂപപ്പെടുത്തുന്നു, ഇത് സ്തുതിയുടെ ഒരു നേർച്ചയായിരിക്കാൻ ഉദ്ദേശിച്ചിരുന്നോ ഇല്ലയോ എന്നത്, വീണ്ടും വിശുദ്ധമന്ദിരത്തിൽ നിൽക്കുമ്പോൾ അവൻ പറയുന്നതിന്റെ ഭാഗമായിരുന്നു അത്.
B. വർദ്ധിച്ചുവരുന്ന എതിർപ്പിനെ നേരിടാൻ ദൈവത്തിന്റെ സംരക്ഷണ പരിചരണം കൂടുതൽ ആത്മവിശ്വാസം പ്രചോദിപ്പിക്കുന്നു (6).
രാത്രി മുഴുവൻ സങ്കീർത്തനക്കാരനെ ദൈവം സംരക്ഷിച്ചത് കൂടുതൽ ആത്മവിശ്വാസം നൽകുന്നു; അദ്ദേഹം പ്രഖ്യാപിച്ചു, "6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല."
ദൈവത്തിന്റെ സ്വഭാവത്തിലുള്ള അവന്റെ ശ്രദ്ധയും ഉത്തരം ലഭിച്ച പ്രാർത്ഥനയിലൂടെയുള്ള സംരക്ഷണാനുഭവവും, എന്ത് പ്രതിസന്ധികൾ വന്നാലും തന്റെ ശത്രുക്കളെ നേരിടാൻ അവനെ ശക്തിപ്പെടുത്തി. അവൻ പ്രാർത്ഥിക്കുകയും ഉറങ്ങുകയും ചെയ്ത സമയത്തെല്ലാം, എതിരാളികൾ അവന്റെ ചുറ്റും നിന്നുകൊണ്ട് അന്തിമ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു. ദൈവം അവന്റെ പക്ഷത്തായിരുന്നതിനാൽ, ദാവീദ് അവരെ ഭയപ്പെട്ടില്ല.
3. പ്രായോഗികത: ദൈവജനം കർത്താവിനോട് പ്രാർത്ഥിക്കുമ്പോൾ പൂർണ്ണമായ വിടുതൽ പ്രതീക്ഷിക്കാം (7-8).
"7 യഹോവേ, എഴുന്നേൽക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞു."
സങ്കീർത്തനത്തിന്റെ പ്രായോഗികതാ വിഭാഗം ഏഴാം വാക്യത്തോടെയാണ് ആരംഭിക്കുന്നത്. ഇത് വിലാപ സങ്കീർത്തനങ്ങളുടെ സാധാരണ രീതി പിന്തുടരുന്നു: "എഴുന്നേൽക്കൂ . . . വിടുവിക്കൂ . . . ." കർത്താവിനോടു എഴുന്നേൽക്കാനുള്ള ആഹ്വാനം (ദൈവം പ്രവർത്തനത്തിലേക്ക് വരാൻ വിളിക്കുന്നത് പോലെയുള്ള ഒരു നരവംശരൂപം(anthropomorphism-മാനുഷികമായ രീതിയിൽ അവതരിപ്പിക്കുക) കർത്താവിന്റെ ഉടനടിയും വേഗത്തിലുള്ളതുമായ ഇടപെടലിനുള്ള ആഹ്വാനമാണ്. "എഴുന്നേൽക്കൂ" എന്ന വാക്കിന്റെ തിരഞ്ഞെടുപ്പും വിലാപത്തെ സന്തുലിതമാക്കുന്നു: പലരും അവനെതിരെ "എഴുന്നേൽക്കുന്നു", അതിനാൽ ദൈവം അവനുവേണ്ടി "എഴുന്നേൽക്കണമെന്ന്" അവൻ പ്രാർത്ഥിക്കുന്നു. ഇതൊരു Taleonic (പകരത്തിനു പകരം) പ്രാർത്ഥനയാണ്: ദൈവം എഴുന്നേൽക്കുമ്പോൾ, അതായത്, പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ, മത്സരികൾ അഥവാ ശത്രുക്കൾ വീഴാൻ തുടങ്ങുന്നു.
രണ്ടാമത്തെ ആവശ്യം പ്രത്യേകമായി മോചനം ആവശ്യപ്പെടുന്നു, "എന്നെ രക്ഷിക്കൂ/വിടുവിക്കു", ദൈവം അവനുവേണ്ടി ചെയ്യില്ലെന്ന് അവർ അവകാശപ്പെട്ട അതേ കാര്യം (ദൈവത്തിൽ അവനു രക്ഷയില്ല എന്ന അവരുടെ പരിഹാസം) സാധിച്ചു തരേണമെ. ഈ വിടുതൽ ദൈവത്തിന്റെ എഴുന്നേൽപ്പിന്റെ ഫലമായിരിക്കും: അഭ്യർത്ഥന വ്യക്തവും നേരിട്ടുള്ളതുമാണ്; അത് വിശ്വാസത്തിന്റെ ഒരു പ്രാർത്ഥന കൂടിയാണ്. ഹർജിക്കാരൻ ഒരു വലിയ വിടുതൽ പ്രതീക്ഷിച്ചു.
"നീ ചെകിട്ടത്ത് 'അടിച്ചു'," "നീ പല്ലു 'തകർത്തു'," എന്നിവയെ "വർത്തമാനകാല പൂർണ്ണതകൾ" എന്ന് വ്യാഖ്യാനിക്കാം; അതായത് മുൻകാലങ്ങളിൽ എന്റെ ശത്രുക്കളെ "നീ അടിച്ചു" എന്നർത്ഥം, അതിനാൽ ദൈവത്തിനു ഇപ്പോൾ അത് ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാം. എന്നാൽ വിലാപ സങ്കീർത്തനങ്ങൾ പലപ്പോഴും ഭാവിയെ പരാമർശിച്ച് അത്തരം ഭൂതകാല രൂപങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സങ്കീർത്തനക്കാരന് ഫലത്തിൽ വളരെ ആത്മവിശ്വാസമുണ്ട്, അത് ഇതിനകം സംഭവിച്ചതുപോലെ താൻ എഴുതുന്നു. അപ്പോൾ, അർത്ഥം, വിടുതൽ തന്റെ ശത്രുക്കൾക്ക് ഒരു തകർപ്പൻ പ്രഹരമാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു എന്നതാണ്. ഈ വാഗ്മയ ചിത്രങ്ങൾ അർത്ഥമാക്കുന്നത് ദൈവം വ്യക്തിപരമായും അക്ഷരാർത്ഥത്തിലും ശത്രുക്കളുടെ താടിയെല്ല് തകർക്കുകയോ പല്ലുകൾ തകർക്കുകയോ ചെയ്യുമെന്നല്ല. മറിച്ച്, രാജാവിനെയും അവന്റെ വിശ്വസ്തരായ പ്രജകളെയും അത് ചെയ്യാൻ ദൈവം പ്രാപ്തരാക്കുമെന്നാണ്. പല്ലുകൾ തകർക്കുന്നതും താടിയെല്ലുകൾ തകർക്കുന്നതും ഒരു സൈനിക പോരാട്ടത്തിന്റെ ഭാഗമാകാൻ സാധ്യതയുണ്ട്. ദൈവം ശത്രുക്കളെ നിർണ്ണായകമായി പ്രഹരിക്കാൻ പ്രാപ്തരാക്കുന്നതിനാൽ ഒരു വലിയ വിടുതൽ വരുമെന്ന് സങ്കീർത്തനക്കാരന് ഉറപ്പുണ്ടായിരുന്നു എന്നതാണ് കാര്യം.
IV. സ്തുതി: ദൈവജനം വിടുതൽ യഹോവയിൽ നിന്ന് മാത്രമാണെന്ന് അംഗീകരിക്കണം (8).
"8 രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ."
അവസാന വാക്യം സങ്കീർത്തനത്തിന്റെ പാഠം ശരിയായ സ്തുതിയുടെ രൂപത്തിൽ പ്രകടിപ്പിക്കുന്നു, അത്, സങ്കീർത്തനക്കാരൻ ഇപ്പോഴും വിജയത്തിനായി പ്രാർത്ഥിക്കുന്നതിനാൽ, അത് അവന്റെ പ്രാർത്ഥനയിലെ ആത്മവിശ്വാസത്തിന്റെ ഭാഗമായിരിക്കണം, അല്ലെങ്കിൽ സ്തുതി നേർച്ചയായിരിക്കണം. വിലാപങ്ങൾ പലപ്പോഴും അത്തരം നേർച്ചകളോടെ അവസാനിക്കുന്നതിനാൽ, വിശുദ്ധമന്ദിരത്തിൽ തിരിച്ചെത്തുമ്പോൾ അവൻ ആഗ്രഹിച്ചതും നൽകാൻ കടപ്പെട്ടതുമായ സ്തുതിയുടെ പ്രമേയം ഈ വാക്യം പ്രകടിപ്പിക്കുന്നുണ്ടാകാം: “വിടുതൽ/രക്ഷ യഹോവയിൽ നിന്നാണ്; അല്ലെങ്കിൽ രക്ഷ അവനുള്ളതാണ്. നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേലുണ്ട്.” “വിടുതൽ” എന്നതിന് ബന്ധപ്പെട്ട വാക്കുകളുടെ മൂന്നാമത്തെ ഉപയോഗം ഇതാ—ദൈവത്തിൽ അവന് ഒരു വിടുതലും ഇല്ലെന്ന് അവർ പറഞ്ഞിരുന്നു, ദൈവം വിടുവിക്കണമെന്ന് അവൻ പ്രാർത്ഥിച്ചു. അവനുള്ള വിടുതൽ ദൈവത്തിൽ നിന്നാണെന്ന് അവന് ഉടൻ പ്രഖ്യാപിക്കുന്നു. ദൈവത്തിൽ നിന്നുള്ള അനുഗ്രഹവും സമ്മാനവും പ്രാപ്തിയും ദൈവത്തിൽ നിന്നുള്ള വിജയമായിരിക്കും. ദൈവം തന്നെ രക്ഷിക്കുകയില്ലെന്ന് പറഞ്ഞുകൊണ്ട് എതിരാളികൾ അവന്റെ വിശ്വാസത്തെ പരിഹസിച്ചിരിക്കാം, പക്ഷേ ദൈവം അവർക്കു തെറ്റുപറ്റിയെന്ന് തെളിയിക്കുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു. വിശുദ്ധമന്ദിരത്തിൽ, ദൈവജനത്തിനിടയിൽ അവന്റെ സാന്നിധ്യം തന്നെ സത്യത്തിന് സാക്ഷ്യം വഹിക്കുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു.