top of page

സങ്കീർത്തന പരമ്പര-05

Deliverance from dangerous deception!
ആപകടകരമായ വഞ്ചനയിൽ നിന്നുള്ള വിടുതൽ!
സങ്കിര്‍ത്തനം 5 (Psalm 5)

"1യഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ; 2 എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നതു. 3 യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കേണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു. 4 നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല. 5 അഹങ്കാരികൾ നിന്റെ സന്നിധിയിൽ നിൽക്കയില്ല; നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു. 6 ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവെക്കു അറെപ്പാകുന്നു; 7 ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും. 8 യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ. 9 അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു. 10 ദൈവമേ അവരെ കുറ്റംവിധിക്കേണമേ; തങ്ങളുടെ ആലോചനകളാൽ തന്നേ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വംനിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നതു. 11 എന്നാൽ നിന്നെ ശരണം പ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും; 12 യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;"

രചനയും സന്ദർഭവും

നാലാം സങ്കീർത്തനം പോലെ അഞ്ചാം സങ്കീർത്തനവും ദാവീദിന്റെ ഒരു പ്രഭാത പ്രാർത്ഥനയാണ്. ആളുകൾ തന്നെക്കുറിച്ച് ദ്രോഹപൂർവ്വം കള്ളം പറയുന്നു എന്നതാണ് സങ്കീർത്തനക്കാരൻ നേരിടുന്ന വെല്ലുവിളി. താനിപ്പോഴും വിശുദ്ധമന്ദിരത്തിൽ നിന്ന് വേർപെടുത്തപ്പെട്ടിട്ടില്ല, അതിനാൽ വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് ദൈവമുമ്പാകെ കുമ്പിടാൻ കഴിയുമെന്നതാണ് തനിക്കുള്ള ആശ്വാസം. ദൈവം നീതിമാനാകയാൽ നീതിമാന്മാരെ സംരക്ഷിക്കാൻ ബാധ്യസ്ഥനാണെന്ന ശക്തമായ ബോധ്യത്തെ അടിസ്ഥാനമാക്കിയാണ് സഹായത്തിനായുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥന.

പ്രധാനസന്ദേശം

തന്റെ അടിയന്തിര നിലവിളികൾക്ക് മറുപടി നൽകാൻ ദൈവത്തോട് അപേക്ഷിക്കുന്ന സങ്കീർത്തനക്കാരൻ, അനീതിയെ വെറുക്കുകയും അതിൽ നിന്നെല്ലാം വേർപെട്ടിരിക്കയും ചെയ്യുന്ന ദൈവത്താൽ അംഗീകരിക്കപ്പെടുമെന്ന ഉറപ്പ് സ്ഥിരീകരിക്കുന്നു, തുടർന്ന് ദൈവിക മാർഗനിർദേശത്തിനും ദുഷ്ടന്മാരുടെ നാശത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു, യാഹ്വേയിൽ ആശ്രയിക്കുന്നവർക്ക് അത് സന്തോഷത്തിനും അനുഗ്രഹത്തിനും കാരണമായിത്തീരുന്നു.

സങ്കീർത്തന ഘടന

സങ്കീർത്തനത്തെ മൂന്ന് ഭാഗങ്ങളായി തിരിക്കാം: കേൾക്കേണ്ട ഒരു അഭ്യർത്ഥന, ആത്മവിശ്വാസത്തിന്റെ പ്രകടനം, ഒരു പ്രാർത്ഥന. ആദ്യത്തെ മൂന്ന് വാക്യങ്ങൾ പ്രഭാത പ്രാർത്ഥന കേൾക്കാൻ ദൈവത്തോടുള്ള അഭ്യർത്ഥനയാണ്. ഇതിനെത്തുടർന്ന്, നീതിമാനായ ദൈവം, ദുഷ്ടതയെയും അതിൽ നിലനിൽക്കുന്നവരെയും വെറുക്കുന്ന ദൈവം, തന്നെ അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന ആത്മവിശ്വാസത്തിന്റെ പ്രകടനം (വാക്യം 4—7). ദൈവവുമായുള്ള ഈ ബന്ധം നിമിത്തം, തുടർച്ചയായ ദൈവിക മാർഗനിർദേശത്തിനും, ദുഷ്ടന്മാരുടെ മേലുള്ള ന്യായവിധിക്കും, കർത്താവിനെ സ്നേഹിക്കുന്ന എല്ലാവർക്കും സംരക്ഷണത്തിനും വേണ്ടി അവൻ പ്രാർത്ഥിക്കുന്നു (വാക്യം 8—12).

1. നീതിമാന്മാർക്ക് ആത്മവിശ്വാസത്തോടെ അവരുടെ നിലവിളി കേൾക്കുന്ന ദൈവത്തോടു അപേക്ഷിക്കാം (1-3).

ആദ്യത്തെ രണ്ട് വാക്യങ്ങൾ ദൈവം പ്രാർത്ഥന കേൾക്കണമെന്ന് ശക്തമായ ഒരു അഭ്യർത്ഥനയാണ്; സങ്കീർത്തനക്കാരൻ ദൈവത്തോട് തന്റെ വാക്കുകൾക്ക് "ശ്രദ്ധ നൽകാനും" തന്റെ നെടുവീർപ്പിനെ "പരിഗണിക്കാനും" സഹായത്തിനായുള്ള തന്റെ നിലവിളിക്ക് "ശ്രദ്ധ നൽകാനും" ആവശ്യപ്പെടുന്നു. അപേക്ഷകളുടെ ആധികൃം അപേക്ഷയുടെ അടിയന്തിരതയെ ശക്തിപ്പെടുത്തുന്നു. അതിലും പ്രധാനമായി, അപേക്ഷ തന്റെ രാജാവിനോടും ദൈവത്തോടുമാണ്. സങ്കീർത്തനക്കാരന് സഹായത്തിനായി തിരിയാൻ മറ്റാരുമില്ല, അതിനാൽ അദ്ദേഹം പറയുന്നു: "നിന്നോടല്ലൊ ഞാൻ പ്രാർത്ഥിക്കുന്നത്"

യാഹ്വേയെ തന്റെ രാജാവും ദൈവവുമായി അഭിസംബോധന ചെയ്യുന്നതിലൂടെ, സങ്കീർത്തനക്കാരൻ യാഹ്വേ തന്റെ എല്ലാ കാര്യങ്ങളുടെയും പരമോന്നത ന്യായാധിപനും ഭരണാധികാരിയുമാണെന്നുമാണ് സമ്മതിക്കുന്നത്. കൂടാതെ, തന്റെ രാജാവ് സ്വർഗ്ഗത്തിലെ ദൈവമായതിനാൽ, അവൻ മുഴുവൻ ഭൂമിയുടെയും മേൽ പരമാധികാരിയാണെന്നും താൻ അംഗീകരിക്കുന്നു. ദൈവത്തെ "രാജാവ്" എന്നാണ് അഭിസംബോധന ചെയ്യുന്നത്; കാരണം അതായത്, ഭൂമിയിലെ രാജാവ് സ്വർഗ്ഗത്തിലെ രാജാവിനോടു അപേക്ഷിക്കുന്നു.

3-ാം വാക്യം സങ്കീർത്തനക്കാരന്റെ പ്രതീക്ഷയെ സൂചിപ്പിക്കുന്നു: "3 യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കേണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു." ദൈവം തന്റെ പ്രാർത്ഥനക്കുത്തരം നൽകുമെന്ന പ്രതീക്ഷയോടെയാണ് രാവിലെ താൻ പ്രാർത്ഥിക്കുന്നത്. യാഗപീഠത്തിലെ വിറകിന്മേൽ വെച്ചിരിക്കുന്ന യാഗവസ്തു പോലെ താൻ ദൈവസന്നിധിയിൽ തന്റെ പ്രാർത്ഥനകൾ അർപ്പിക്കുന്നു. പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം ഒരു കാവൽക്കാരന്റെ ജാഗ്രതയോടെ താൻ ഉത്തരത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ദൈവം പരമാധികാരിയാണെന്ന ബോദ്ധ്യം നമുക്കുണ്ടോ? പ്രാർത്ഥനക്ക് ഉത്തരം കിട്ടും എന്ന പ്രതീക്ഷ നാം വെച്ചുപുലർത്താറുണ്ടോ?

2. നീതിമാന്മാർക്ക് ആത്മവിശ്വാസത്തോടെ പ്രാർത്ഥിക്കാം, കാരണം അവരെ സ്വീകരിച്ച കർത്താവ് ദുഷ്ടതയെ വെറുക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്ന ദൈവമാണ് (4—7).

താൻ പ്രാർത്ഥിക്കുന്ന ദൈവം ദുഷ്ടതയെ വെറുക്കുന്ന ദൈവമാണ്. ദൈവം ദാവീദിനെ തന്റെ വിശുദ്ധമന്ദിരത്തിലേക്ക് സ്വീകരിച്ചത്, ദൈവം ദുഷ്ടതയെ വെറുക്കുകയും അവന്റെ സാന്നിധ്യത്തിൽ നിന്ന് ദുഷ്ടതയെ പുറത്താക്കുകയും ചെയ്യുന്നു എന്നതിന്റെ വെളിച്ചത്തിലാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നീതികെട്ടവരിൽ നിന്നുള്ള സംരക്ഷണത്തിനായി നീതിമാനായ ഒരു ദൈവത്തോട് പ്രാർത്ഥിക്കുന്ന ഒരു നീതിമാനെ നാമിവിടെ കാണുന്നു. ദുഷ്ടന്മാരെ ദൈവം ശിക്ഷിക്കുമെങ്കിൽ, ഇപ്പോൾ തന്നെ അങ്ങനെ ചെയ്യാനും നീതിമാന്മാരെ അവരുടെ ദുഷ്ടതയിൽ നിന്ന് ഒഴിവാക്കാനും അവന് ആത്മവിശ്വാസത്തോടെ പ്രാർത്ഥിക്കാം. ദൈവത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് തന്റെ പ്രാർത്ഥന: "നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല." അഹങ്കാരികൾ, നീതികേട് പ്രവർത്തിക്കുന്നവർ, ഭോഷ്ക്കു പറയുന്നവർ, കൊലപാതകികൾ, ചതിവു പ്രവർത്തിക്കുന്നവർ എന്നിങ്ങനെ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ ഒരു പൊതുസ്വഭാവത്തെ താൻ വിവരിക്കുന്നു. ഇങ്ങനെയുള്ള ദുഷ്ടന്മാർക്ക് ദൈവത്തിന്റെ അതിഥിയാകാൻ കഴിയില്ല, കാരണം അത് തിന്മയെ ദൈവത്തിന്റെ പരിചരണത്തിനും സംരക്ഷണത്തിനും അർഹമാക്കും. ദൈവത്തിന്റെ ഭവനത്തിൽ തിന്മക്ക് പ്രവേശനമില്ല.

അവർ ദൈവത്തിൽ നിന്ന് സ്വതന്ത്രരായി ദൈവത്തിന് മീതെ സ്വയം ഉയർത്തുന്നതിനാൽ, അവർക്ക് അവന്റെ സാന്നിധ്യത്തിൽ ഒരു സ്ഥാനവും ഏറ്റെടുക്കാൻ കഴിയില്ല. ഒരു കോടതിയുടെ മുന്നിൽ അതല്ലെങ്കിൽ ഒരു രാജാവിന്റെ മുന്നിൽ നിൽക്കുന്ന ഒരു കുറ്റക്കാരനെയാണ് ദുഷ്ടന്മാർ. യാഹ്വെ തന്റെ സാന്നിധ്യം അറിയിക്കുന്നിടത്ത്, ഈ വിഡ്ഢികൾക്ക് നിലകൊള്ളാനോ അവരുടെ സ്ഥാനം നിലനിർത്താനോ കഴിയില്ല. കാരണം, ദൈവം എല്ലാ "അനീതി പ്രവർത്തിക്കുന്നവരെയും" വെറുക്കുന്നു എന്നതാണ്. പാപം ചെയ്യുന്ന ആളുകളെക്കുറിച്ചുള്ള ഒരു പൊതു പരാമർശമല്ല ഇത്; അകൃത്യം ജീവിതചര്യയാക്കിയ ആളുകളെയാണ് ഈ പദപ്രയോഗം വിവരിക്കുന്നത്. അവർ അവന്റെ വിശുദ്ധവും നീതിയുക്തവുമായ സ്വഭാവവുമായി പൊരുത്തപ്പെടാത്തതിനാൽ അവൻ അവരെ പൂർണ്ണമായും നിരസിക്കുന്നു. അവർ രക്തം ചൊരിയാൻ മടിയില്ലാത്തവരും, വഞ്ചകരും, വ്യാജം പറയുന്നവരുമാണ്. അവർ മൂലം സങ്കീർത്തനക്കാരന്റെ ജീവൻ അപകടത്തിലായിരിക്കുന്നു. സങ്കീർത്തനക്കാരന്റെ ഏകപ്രതീക്ഷ ദൈവം ഇങ്ങനെയുള്ള ആളുകളെ വെറുക്കുന്നു എന്നതാണ്.

ദൈവം ന്യായാധിപനാകയാൽ, ദുഷ്ടതെ ദ്വേഷിക്കുകയും നീതിയെ ഇഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന കാര്യം നിങ്ങൾ ഓർക്കാറുണ്ടോ?

ദൈവം നീതിമാന്മാരെ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു (7). ദൈവം തന്നെ സ്വീകരിച്ചിരിക്കുന്നതിനു അടിസ്ഥാനമായി തന്റെ നീതിയെ താൻ കാണുന്നില്ല. അവരുടെ ദുഷ്ട പ്രവൃത്തികൾക്ക് വിപരീതമായി അവയെ പട്ടികപ്പെടുത്തുന്നതുമില്ല; പകരം, ദൈവത്തിന്റെ സ്നേഹത്താൽ, താൻ സ്വീകരിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ സ്നേഹമാണ് അതിനു കാരണം. വിശ്വാസത്താൽ അവൻ യഹോവയുമായി ഒരു ഉടമ്പടിയിൽ പ്രവേശിച്ചു, കർത്താവിന് തന്റെ ജനത്തോടുള്ള വിശ്വസ്ത സ്നേഹം നിമിത്തം, അവന് വിശുദ്ധമന്ദിരത്തിൽ പ്രവേശനം ലഭിച്ചുമിരിക്കുന്നു. എന്നാൽ ദുഷ്ടന്മാർക്ക് അവിടെ നിൽക്കാൻ കഴിയില്ല. ദാവീദിന്റെ കാലത്ത് ദേവാലയം പണിയപ്പെട്ടിരുന്നില്ല, അതിനാൽ ഇവിടെ ആലയം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ശീലോവിലെ തിരുനിവാസമാണ്; യോശുവ 6:24 ലും 2 ശമുവേൽ 12:20 ലും ശീലോവിലെ സമാഗമന കൂടാരത്തെ പരാമർശിക്കാൻ "ഭവനം" എന്ന പദം ഈ രീതിയിൽ ഉപയോഗിച്ചിരിക്കുന്നു. "ഭവനം" ഒരു ആരാധകനു ദൈവത്തിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.

യാഹ്വെയുടെ വിശ്വസ്ത സ്നേഹം വിശുദ്ധമന്ദിരത്തിൽ ആരാധിക്കാനും ഈ സാഹചര്യത്തിൽ പ്രാർത്ഥിക്കാനും അവനെ സ്വാഗതം ചെയ്യുന്നു എന്നത് ദാവിദിനെ ഏറ്റവും വിനയപ്പെടുത്തുന്നു. അവൻ അഹങ്കാരത്തോടെയോ സ്വയനീതിയിലൊ പ്രവേശിക്കുകയല്ല, മറിച്ച് ഭയത്തോടും ഭക്തിയോടും താഴ്മയോടും കൂടെയാണ് വിശുദ്ധ മന്ദിരത്തിൽ കുമ്പിടുന്നത്.

3. ദുഷ്ടതയെ വെറുക്കുന്ന ദൈവത്തിന്റെ സ്വഭാവം, നീതിമാൻമാർക്കു ദൈവിക മാർഗ്ഗനിർദേശത്തിനും ശത്രുക്കളുടെ ന്യായവിധിക്കും വേണ്ടി പ്രാർത്ഥിക്കുവാനും ദൈവത്തിൽ നിന്നുള്ള സന്തോഷകരമായ വിടുതൽ പ്രതീക്ഷിക്കാനും കഴിയും (8-12).

ശത്രുവിന്റെ നാശത്തിന്റെയും വഞ്ചനയുടെയും ഭീഷണി കാരണം നീതിമാൻമാർ ദൈവിക മാർഗനിർദേശത്തിനായി പ്രാർത്ഥിക്കണം എന്ന കാര്യമാണ് 8-9 വാക്യം നമ്മോടു പറയുന്നത്.

ഇപ്പോൾ സങ്കീർത്തനക്കാരൻ യഹോവയെ തന്റെ നീതിയിൽ നയിക്കണമെന്ന് പ്രാർത്ഥിക്കുന്നു; ബൈബിളിൽ ഈ നീതി ദൈവത്തിന്റെ സ്വഭാവമായി തിരിച്ചറിയപ്പെടുന്നു, കാരണം ദൈവം നീതിമാനാണ്; തന്നിൽ വിശ്വസിക്കുന്നവർക്ക് അവൻ നൽകുന്ന നീതിയെയും ഇത് സൂചിപ്പിക്കുന്നു (ഉൽപ. 15:6 ഉം റോമ. 3:21, 22, 25 ഉം കാണുക). എന്നാൽ ഇവിടെ അവൻ ആവശ്യപ്പെടുന്നത് നീതി പൂർവ്വമുള്ള ഒരു ജീവിതം നയിക്കുന്നതിനുവേണ്ടിയാണ് (cf. സദൃശവാക്യങ്ങൾ 8:20; 12:28); സങ്കീർത്തനക്കാരന് നീതിയോടെ പ്രവർത്തിക്കുവാൻ ദൈവിക മാർഗ്ഗനിർദേശം ആവശ്യമാണ്, കാരണം അവൻ വഞ്ചകരുമായി ഇടപെടുന്നു. തന്റെ വഴി "നേരെയാക്കാൻ" അവൻ ദൈവത്തോട് ആവശ്യപ്പെടുന്നു. ഈ നിർബന്ധം എന്നത് തന്റെ മാർഗ്ഗം തടസ്സങ്ങളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും മുക്തമായിരിക്കണമെന്നും, വഴി നേരായതും വ്യക്തവുമായിരിക്കണമെന്നുമുള്ള അഭ്യർത്ഥനയാണ്. ദൈവത്തിന്റെ "വഴി" ധാർമ്മിക വിശുദ്ധിയുടെയും സുരക്ഷിതത്വത്തിന്റെയും ജീവിതത്തെ സൂചിപ്പിക്കുന്നു.

നാം ധാർമ്മിക വിശുദ്ധിയിലും നീതിയിലും നടത്തപ്പെടേണ്ടതിനായി വാസ്തവമായി ദൈവത്തോടു പ്രാർത്ഥിക്കാറുണ്ടോ?

ഈ വാക്യത്തിലെ അപേക്ഷകൾക്കുള്ള കാരണം "തന്റെ ശത്രുക്കൾ നിമിത്തം" എന്നതാണ്; പ്രവർത്തിക്കാനുള്ള ശരിയായ അവസരത്തിനായി കാത്തിരിക്കുന്നവരാണിവർ. നീതിമാന്മാർക്ക് ദൈവിക മാർഗനിർദേശവും സംരക്ഷണവും ആവശ്യമാണെന്ന് അവരുടെ ഉദ്ദേശ്യങ്ങൾ അർത്ഥമാക്കുന്നു. അടുത്ത നാലു വാക്യങ്ങൾ ഈ ശത്രുക്കളുടെ സ്വഭാവസവിശേഷതകൾ പട്ടികപ്പെടുത്തുന്നു.

ഒന്നാമതായി, അവരുടെ പറയുന്നതിൽ വിശ്വസനീയമായി ഒന്നുമില്ല. അവർ പറയുന്നതൊന്നും ഉറച്ചതോ സ്ഥിരമായതോ അല്ല; അത് കണക്കാക്കാനോ വിശ്വസിക്കാനോ കഴിയില്ല.

രണ്ടാമതായി, അവരുടെ ഹൃദയത്തിലെ പദ്ധതി നാശകരമാണ്. അതായത്, അവരുടെ ലക്ഷ്യം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നീതിമാന്മാരെ നശിപ്പിക്കുക എന്നതാണ്; അവർ അങ്ങനെ നേരെ പറയുകയില്ലെങ്കിലും അവരുടെ ഉദ്ദേശ്യം അതാണ്.

മൂന്നാമതായി, അവരുടെ സംസാരം ജീവിതത്തെ നശിപ്പിക്കുവാൻ വേണ്ടിയാണ്. നാശത്തിന്റെ വേഗതയെയും നശിപ്പിക്കപ്പെട്ടവരെ ഒഴിവാക്കുന്നതിന്റെ കാര്യക്ഷമതയെയും ഇത് സൂചിപ്പിക്കുന്നു യുദ്ധത്തിന്റെ മുഖത്ത് മാന്യമായ ശവസംസ്കാരത്തിന് സമയമില്ല എന്നതുപോലെ; പെട്ടെന്ന് അവർ കാര്യങ്ങളെ നീക്കുന്നു.

അവസാനമായി, അവരുടെ നാവ് വഞ്ചന സംസാരിക്കുന്നു. അത് വിശ്വാസ്യതയുടെയോ സത്യസന്ധതയുടെയോ തെറ്റായ ധാരണ നൽകുന്ന രീതിയിലാണ് അവരതു ചെയ്യുന്നത്. തുടർന്ന് സംഭവം പുറത്തുവരുമ്പോൾ, യഥാർത്ഥ ഉദ്ദേശ്യം വെളിപ്പെടുന്നു, അത് ദ്രോഹകരമാണ്. അത്തരം തന്ത്രശാലികളും അപകടകാരികളുമായ ശത്രുക്കളുടെ കെണികൾ ഒഴിവാക്കാൻ ദൈവിക മാർഗ്ഗനിർദേശം ആവശ്യമാണ്.

a) ദുഷ്ടന്മാർ ദൈവത്തിനെതിരെ മത്സരിച്ചതിനാൽ, നീതിമാന്മാർക്ക് അവരുടെ ചെലവിൽ മോചനത്തിനായി പ്രാർത്ഥിക്കാം (10).

സങ്കീർത്തനക്കാരനെ സംബന്ധിച്ചിടത്തോളം, ഈ ശാശ്വത അപകടത്തെ നേരിടാനുള്ള ഏറ്റവും എളുപ്പ മാർഗം ദൈവം അവരെ ന്യായം വിധിക്കുക എന്നതാണ്. അവർ ദൈവത്തിനെതിരെ മത്സരിച്ചതിനാൽ അവർ ന്യായവിധി അർഹിക്കുന്നു. ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്ന പുതിയനിയമ വിശ്വാസികൾക്ക് ഈ അഭ്യർത്ഥന കഠിനമായി തോന്നിയേക്കാം. എന്നാൽ ഈ പ്രാർത്ഥന ദൈവത്തിന്റെ ഇഷ്ടത്തിനുള്ളിൽ തന്നെയാണ്, കാരണം ദുഷ്ടന്മാർക്ക് ദൈവത്തിന്റെ ന്യായവിധിയാണ് വരാനിരിക്കുന്നത്. ദുഷ്ടന്മാരുടെ ന്യായവിധി എത്രയും വേഗം ആരംഭിക്കണമെന്നാണ് ദാവീദ് പ്രാർത്ഥിക്കുന്നത്.

എല്ലാത്തിനുമുപരി, രാജാവ് ദൈവജനത്തിന്റെ ആത്മീയനേതാവ് കൂടിയാണ്. അവരുടെ ആത്മീയ ക്ഷേമത്തിനായി അവൻ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ, പുതിയനിയമത്തിൽ വിശ്വാസികൾ ദുഷ്ട ആക്രമണങ്ങളിൽ നിന്ന് മോചനത്തിനായി പ്രാർത്ഥിക്കുമ്പോൾ, അത് ദൈവം ദുഷ്ടന്മാരെ നീക്കം ചെയ്യുന്നതിലൂടെ സംഭവിക്കാം. അതിനാൽ പ്രാർത്ഥന ആരംഭിക്കുന്നത്, "അവരെ കുറ്റക്കാരായി പ്രഖ്യാപിക്കുക" എന്നാണ്. പാപം ചെയ്ത വ്യക്തി പശ്ചാത്താപത്തോടൊപ്പം "പാപയാഗം" അർപ്പിക്കണം. മാനസാന്തരമോ ഈ യാഗത്തിന്റെ അർപ്പണമോ ഇല്ലെങ്കിൽ, ആ വ്യക്തി കുറ്റക്കാരനായി തുടരും, അതായത്, ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ നിന്ന് വിലക്കപ്പെടും. അതാണ് ഈ പ്രാർത്ഥന: അവർ വളരെ ദ്രോഹകരവും വിനാശകരവുമായതിനാൽ ദൈവം അവരെ കുറ്റക്കാരായി പ്രഖ്യാപിക്കണമെന്ന് സങ്കീർത്തനക്കാരൻ ആഗ്രഹിക്കുന്നു. അതിനർത്ഥം അവർ തങ്ങളുടെ പാപത്താൽ വീഴും, അതായത്, അവരുടെ ഗൂഢാലോചനകൾ മൂലമുണ്ടായ ഏതെങ്കിലും ദൗർഭാഗ്യത്താൽ അവർ നശിപ്പിക്കപ്പെടും. അല്ലെങ്കിൽ അവരുടെ പദ്ധതികളിൽ അവർതന്നെ വീഴും. അത്തരം ന്യായവിധിക്ക് മുമ്പുതന്നെ അവർ അവരുടെ പാപങ്ങൾമൂലം പുറത്താക്കപ്പെടണം. അങ്ങനെ അവർ പുറത്താക്കപ്പെടുകയും നിരസിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യും. അപേക്ഷയും അതിനാണ്. എന്നിരുന്നാലും ഈ പ്രാർത്ഥന കേവലം വ്യക്തിപരമായ പ്രതികാരമല്ല; ദുഷ്ടന്മാർ സങ്കീർത്തനക്കാരന്റെ ശത്രുക്കളാണ്, കാരണം അവർ ആദ്യം ദൈവത്തിന്റെ ശത്രുക്കളാണ്, ഇപ്പോൾ അവർ ദാവീദിന്റേയും.

b) തന്നിൽ ആശ്രയിക്കുന്നവരെ കർത്താവ് സംരക്ഷിക്കുന്നതിനാൽ, നീതിമാന്മാർ സന്തോഷിക്കാം (11—12).

ദുഷ്ടന്മാരുമായി ഇടപെടാൻ ദൈവത്തോടുള്ള അവന്റെ പ്രാർത്ഥനയുടെ മറുവശം നീതിമാന്മാരുടെ സംരക്ഷണമാണ്. നീതിമാന്മാർ എന്നേക്കും സന്തോഷത്തിനായി പാടുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്ന രീതിയിലാണ് അഭ്യർത്ഥന നടത്തുന്നത്. "നിന്നിൽ അഭയം പ്രാപിക്കുന്ന എല്ലാവരും" "സന്തോഷിക്കട്ടെ". "സന്തോഷത്തോടെ ആർത്തുവിളിക്കട്ടെ" എന്നതാണ് പ്രാർത്ഥന. സ്തുതി വിടുതലിന്റെ ഫലമാണ്. നീതിമാന്മാർക്കുള്ള പ്രാർത്ഥന, ദൈവം അവരുടെ മേൽ തന്റെ സംരക്ഷണം വ്യാപിപ്പിക്കണമേ എന്നതാണ്. അങ്ങനെ അവന്റെ നാമത്തെ സ്നേഹിക്കുന്നവർ, അതായത് ഉടമ്പടിയിലെ സമർപ്പിത അംഗങ്ങൾ, സന്തോഷിക്കട്ടെ. 'യഹോവയുടെ നാമം' അവന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. അതിന്റെ വെളിപ്പെടൽ അവരെ "അനുഗ്രഹിക്കുന്നതിലൂടെയും" “നിന്റെ കൃപയാൽ ഒരു പരിച പോലെ നീ അവരെ വലയം ചെയ്യുന്ന” തിലൂടെയും വെളിപ്പെടുന്നു.

ഉപസഹാരം

നീതിമാന്മാർ ദൈവസ്നേഹത്തിന്റെ ഗുണഭോക്താക്കളാകയാൽ അവരോടുകൂടെ ദൈവത്തിന്റെ സാന്നിദ്ധ്യവും അതിനാൽ സംരക്ഷണവും ഉണ്ടാകും. അതിനാൽ, ദുഷ്ടന്മാർ അവരെ ദ്രോഹപരമായി നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ നീതിമാൻമാർക്ക് മോചനത്തിനായി ആത്മവിശ്വാസത്തോടെ പ്രാർത്ഥിക്കാം. തന്റെ നാമത്തിനുവേണ്ടി അത്തരം നിന്ദയും ദ്രോഹവും അനുഭവിക്കുന്നവരുടെ മേൽ യേശു ഒരു അനുഗ്രഹവും പ്രഖ്യാപിച്ചിരിക്കുന്നു. ദുഷ്ടന്മാർ യേശുവിനെ തന്നെ വെറുത്തിരുന്നുവെന്ന് വിശ്വാസികളെ ഓർമ്മിപ്പിച്ചു (മത്തായി 5:11—12). ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ അവൻ തന്റെ അനുയായികളോട് നിർദ്ദേശിച്ചപ്പോൾ (മത്താ. 5:44), പ്രലോഭനത്തിലേക്ക് നയിക്കപ്പെടാതെ ദുഷ്ടനിൽ നിന്ന് വിടുവിക്കപ്പെടാൻ പ്രാർത്ഥിക്കാനും അവൻ അവരെ പഠിപ്പിച്ചു (മത്താ. 6:13). ദൈവഹിതം നിറവേറണമെന്ന് വിശ്വാസികൾ പ്രാർത്ഥിക്കുമ്പോൾ, അത്തരം കാര്യങ്ങൾ ദൈവത്തിന്റെ വഴിയിൽ കൈകാര്യം ചെയ്യാൻ അവർ അവനെ ഏൽപ്പിക്കുന്നു.

സങ്കീർത്തനം 5 യേശുവിനെ അവന്റെ ജീവിതം, കഷ്ടപ്പാട്, വിജയം എന്നിവയുടെ ഒരു പ്രവചന മുന്നോടിയായി വിവരിക്കുന്നു. ദൈവത്തിലുള്ള അവന്റെ പ്രാർത്ഥനാപൂർവ്വമായ ആശ്രയത്വം, തിന്മയുമായുള്ള അവന്റെ ഏറ്റുമുട്ടൽ (സങ്കീർത്തനത്തിലെ വഞ്ചകനായ "ദുഷ്ടനെ" പോലെ), ആത്യന്തിക നീതിമാൻ എന്ന നിലയിലുള്ള അവന്റെ പങ്ക്, ആത്മീയ ശത്രുക്കൾക്കെതിരായ അവന്റെ ആത്യന്തിക വിജയം എന്നിവ ഇത് കാണിക്കുന്നു. എല്ലാ വിശ്വാസികൾക്കും യേശു തന്റെ ത്യാഗത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ദൈവത്തിനെതിരായ ആത്മീയ തടസ്സം തകർത്തതുപോലെ, ദൈവസാന്നിധ്യത്തിൽ അഭയം കണ്ടെത്താനും സന്തോഷത്തിനായി പാടാനും വഴി തുറക്കുന്നു.

*******

© 2020 by P M Mathew, Cochin

bottom of page