
നിത്യജീവൻ

സങ്കീർത്തന പരമ്പര-03
Exalt God's Amazing Grace!
അതിശയകരമായ ദൈവകൃപയെ ഉയർത്തുക!
സങ്കിര്ത്തനം 117 (Psalm 117)
1.സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിൻ.
2 നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിൻ.
ബൈബിളിലെ ഏറ്റവും ചെറിയ അദ്ധ്യായവും സങ്കീർത്തനങ്ങളിലെ തന്നെ ഏറ്റവും ചെറുതുമായ ഈ സങ്കീർത്തനം ദൈവത്തെ സ്തുതിക്കുന്നതിൽ ഏറ്റവും വലുതും പ്രൗഡഗംഭീരവുമാണ്.
1. സാർവ്വലൗകിക ആഹ്വാനം (Universal Call)
ഇതിൽ സകല ജാതികളോടും സകല വംശങ്ങളോടും ദൈവത്തെ സ്തുതിക്കുവാൻ ആഹ്വാനം ചെയ്യുന്നു. ആകയാല്‍ ഇതൊരു സാർവ്വലൌകികമായ ആഹ്വാനമാണ്. യിസ്രായേലിനോടും മറ്റെല്ലാ ജാതികളോടും ഉള്ള ആഹ്വാനം. അതു വിരൽചൂണ്ടുന്നത് ദൈവത്തിന്റെ രക്ഷ യിസ്രല്യരിൽ നിന്നും പുറത്തേക്ക് വരുന്നു എന്നതാണ്. അതായത്, ദൈവം അബ്രാഹമിനോടു ചെയത വാഗ്ദത്തം, അതായത് സകല ജാതികളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടും" എന്നത് നിവൃത്തിക്കുവാൻ പോകുന്നു. അതുകൊണ്ട് നിങ്ങൾ ദൈവത്തിന്റെ ദയയേയും വിശ്വസ്തതയേയും ഓർത്ത് ദൈവത്തെ സ്തുതിക്കുക. ആദ്യം ദൈവത്തിന്‍റെ ദയയെ ക്കുറിച്ച് ചിന്തിക്കാം.
2. ദൈവത്തിന്റെ അതിശയകരമായ കൃപ.
ദൈവത്തെ സുതിക്കുവാനുള്ള ഒരു പ്രധാനകാരണം ദൈവം ജാതികളായ നമ്മോടു കാണിച്ച കൃപയാണ്. "കൃപ" എന്നത് വളരെ അർത്ഥസമ്പുഷ്ടമായ ഒരു വാക്കാണ്.
"കൃപ" എന്നതിനുപയോഗിച്ചിരിക്കുന്ന ഹ്രബ്രായ വാക്ക് “CHESED” എന്നതാണ്. ഈ വാക്ക് mercy, love, steadfast love, merciful kindness, faithful love, loving kindness എന്നിങ്ങനെ വിവിധ നിലകളിലാണ് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നത്. അതായത്, ദൈവത്തിന്റെ ഈ സ്വഭാവ സവിശേഷതയെ ഈ നിലകളിലെല്ലാം മനസ്സിലാക്കുവാനായിട്ട് നമുക്ക് സാധിക്കും എന്നതാണ്. പഴയ നിയമത്തിൽ 246 തവണ ഈ വാക്ക് ആവർത്തിച്ചിരിക്കുന്നു. 136-ാം സങ്കീർത്തനം മുഴുവൻ "അവന്റെ ദയ എന്നേക്കുമുള്ളതു" എന്നു വാഴ്ത്തി പാടുന്നതാണ്. പഴയനിയമത്തിന്റെ സുപ്രധാന പ്രമേയമാണ് ദൈവത്തിന്റെ "ദയ" എന്നത്. ദൈവം വാസ്തവത്തിൽ ആരാണ്, ദൈവം എന്താണ് എന്ന് ഇത് വെളിപ്പെടുത്തുന്നു.
യഹോവയോടു നീ ആരാണ് എന്നു മോശെ ചോദിച്ചതിനു ഉത്തരമായി യഹോവ തന്നെത്തന്നെ അവന്റെ മുൻപാകെ വെളിപ്പെടുത്തി പറഞ്ഞത്: "യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തയുമുള്ളവൻ. ആയിരം ആയിരത്തിനു ദയപാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ..." (പുറപ്പാട് 34:6-7). അതായത്, യഹോവ മഹാദയവും വിശ്വസ്തതയുമുള്ളവൻ. പരിധികളില്ലാതെ, സീമകളില്ലാതെ ദയ കാണിക്കുന്നവൻ എന്നാണ് തന്നെക്കുറിച്ചുതന്നെ പറഞ്ഞിരിക്കുന്നത്. അതെങ്ങനെയാണ് ദൈവം തെളിയിച്ചത്? ദൈവം മനുഷ്യവർഗ്ഗത്തെ സൃഷ്ടിച്ചു, അവർ അവനെതിരെ പാപം ചെയ്തു, അവരെ എന്നെന്നേക്കുമായി ന്യായവിധിയിലേക്ക് തള്ളിക്കളയാതെ അവരോട് ദയ കാണിക്കുകയും ഒരു വീണ്ടെടുപ്പുകാരനെ അയയ്‌ക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ ദൈവത്തിന്റെ കൃപ, അവന്റെ ജനത്തിലേക്ക് എത്തിച്ചേരുന്ന കഥയാണ് പഴയനിയമം.
ദൈവത്തിന്റെ ദയയുടെ ഒരു ചെറിയ പ്രദർശനം 2 ശമുവേൽ 9:8 ൽ വിവരിക്കുന്നുണ്ട്. ദാവീദിന്റെ ശത്രുവായിരുന്ന ശൗലിന്റെ ഭവനത്തിലെ എല്ലാ ആൺതരിയേയും കൊന്നു കളയേണ്ട സ്ഥാനത്ത് ദാവീദ് രണ്ടുകാലും മുടന്തനായിരുന്ന മെഫീബോശേത്തിനെ "ദൈവത്തിന്റെ കൃപ കാണിക്കേണ്ടതിനു" രാജകൊട്ടാരത്തിലേയ്ക്കു സ്വീകരിക്കുകയും തന്റെ ഭവനത്തിലെ ഒരംഗമായി പരിഗണിക്കുകയും ചെയ്തു . മാത്രവുമല്ല, രാജകുമാരന്മാരെപ്പോലെ രാജാവിന്റെ മേശയിൽ തന്നോടൊപ്പം ഭക്ഷണം കഴിക്കുവാൻ അവനെ അനുവദിക്കുകയും ചെയ്തു. ദൈവത്തിന്റെ ദയ കാണിക്കേണ്ടതിനാണ് താൻ ഇങ്ങനെ ചെയ്തത്. മെഫീബോശേത്തിന്റെ അതിനോടുള്ള പ്രതികരണം ഇപ്രകാരമായിരുന്നു: "ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാൻ അടിയൻ എന്തുള്ളു" (2 ശമുവേൽ 9:8). അതേ ചത്ത നായയെപ്പോലെ ഇരുന്ന ഒരു വ്യക്തിയേയാണ് ദാവീദ് രാജാവ് തന്റെ കൊട്ടാരത്തിലേക്കും തന്റെ ഊണു മേശയിലേക്കും ക്ഷണിച്ചത്.
എഫേസ്യ ലേഖനം 2:1 ൽ വായിക്കുന്നത് അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്നു നാം എന്നാണ്. ലോകം, ജഡം, പിശാച് എന്നിവയ്ക്ക് അടിമയായിരുന്നവർ. ദൈവത്തിന്റെ നിലവാരത്തിന് ഒട്ടും നിരക്കാത്ത നിലയിൽ ജീവിച്ചവർ. ദൈവത്തിന്റെ ശത്രുവായ സാത്താനോടു ചേർന്ന് പ്രവൃത്തിച്ചവർ. ദൈവത്തിന്റെ പ്രീതിക്ക് യാതൊരു നിലയിലും യോഗ്യതയില്ലാതെ ജീവിച്ചവർ. എന്നാൽ 2:8-9 വാക്യങ്ങളില്‍ അപ്പോസ്തലനായ പൌലൊസ് പറയുന്നു: " 8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. 9 ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല." കരുണാസമ്പന്നനായ ദൈവം, നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം പാപികളും ദോഷികളും ശത്രുക്കളുമായിരുന്ന നന്മേ തന്റെ കൃപയാൽ രക്ഷിച്ചു; ക്രിസ്തുവിനോടു കൂടെ നമ്മേ ജീവിപ്പിച്ചു. എത്രയൊ വലിയ കരുണയാണ് ദൈവം തന്റെ പുത്രനിലൂടെ നമ്മോടു കാണിച്ചത്. തന്റെ പുത്രന്റെ ചങ്കിലെ ചോരയാണ് നമ്മുടെ വീണ്ടെടുപ്പിനായി ദൈവം നൽകിയത്. പത്രൊസ് അപ്പൊസ്തലൻ അതിനെക്കുറിച്ചു പറയുന്നതു നോക്കുക: "18 വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,19 ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ." അതെ, തന്റെ ഏകജാതനായ പുത്രന്റെ ചങ്കിലെ ചോരയാണ് അതിനുവേണ്ടി ചൊരിയപ്പെട്ടത്.
3. ദൈവത്തിന്റെ വിശ്വസ്തത
ദൈവത്തെ സ്തുതിക്കുവാൻ പറയുന്നതിന്റെ രണ്ടാമത്തെ കാരണം ദൈവത്തിന്റെ വിശ്വസ്തതയാണ്. അതായത്, ദൈവം പാപം ചെയ്തു ദൈവത്തിൽ നിന്നു അകന്നു പോയ ആദിമാതാപിതാക്കളായ ആദത്തോടും ഹവ്വയോടും ഒരു സ്ത്രീയുടെ സന്തതിയെ എഴുന്നേൽപ്പിക്കുമെന്നും അവൻ സാത്താന്റെ തലയെ തകർത്ത് മനുഷ്യവർഗ്ഗത്തെ രക്ഷിക്കുമെന്നും പറഞ്ഞു (ഉൽപ്പത്തി 3:15). അതിനു ശേഷം അബ്രാഹമിനോടു നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും എന്ന് വാഗ്ദത്തം ചെയ്തു (ഉൽപ്പത്തി 12:3). ഇപ്പോൾ ഇതാ, ദൈവം തന്റെ പുത്രനെ അയച്ചുകൊണ്ട് തന്റെ വാഗ്ദത്തം ഏറ്റവും വിശ്വസ്തതയോടെ നിവൃത്തിച്ചിരിക്കുന്നു.
ആ പുത്രന്റെ വരവിനെക്കുറിച്ച് ലുക്കൊസ് പറഞ്ഞിരിക്കുന്നതു നോക്കുക: : "30 ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. 31 നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം." (ലുക്കൊസ് 1:30-31). അവനു യേശു എന്നു പേരു വിളിക്കുവാനുള്ള കാരണം മത്തായി സുവിശേഷകൻ പറഞ്ഞിരിക്കുന്നതിപ്രാകരമാണ്: "... അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം" (മത്തായി 1:21). യോഹന്നാൻ യേശുവിനെ ലോകത്തിനു പരിചയപ്പെടുത്തിയത് ഇപ്രകാരമാണ് :"ഇതാ ലോകത്തിന്റെ പാപങ്ങളെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" (യോഹന്നാൻ 1:29).
ഈ യേശു മനുഷ്യരുടെ പാപങ്ങളെ ഏറ്റെടുത്തുകൊണ്ട് കാല്വരി ക്രൂശിൽ മരിച്ചു. അതിനെക്കുറിച്ചു പത്രൊസ് അപ്പൊസ്തലൻ പറയുന്നത് ശ്രദ്ധിക്കുക: "നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു" (1 പത്രൊസ് 2:24). ഈ യേശുവിനെ തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞു രക്ഷകനായി സ്വീകരിക്കുന്നവർക്കു ദൈവം പാപമോചനവും നിത്യജീവനും വാഗ്ദാനം ചെയ്യുന്നു.
കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു രക്ഷ പ്രാപിച്ചവർ ഇന്നു അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരല്ല, ക്രിസ്തുവിൽ നീതീകരിക്കപ്പെട്ടവരും ജീവനുള്ളവരുമാണ്. അതു മരണത്തോടെ അവസാനിക്കുന്ന ഒന്നല്ല; നിത്യമായി നിലനിൽക്കുന്ന ജീവനാണ്. മരണത്തിനപ്പുറമായി തേജസക്കരിക്കപ്പെട്ട ഒരു ശരീരത്തോടെ ഉയർത്തെഴുനേറ്റ് ജീവിക്കുന്നതാണ്. മനുഷ്യന്റെ ആത്യന്തികമായ മരണം എന്ന പ്രശ്നത്തിനുള്ള പരിഹാരമാണ്. നാം ദൈവത്തിന്റെ ഭവനത്തിലെ അംഗങ്ങളായി എന്നേക്കും ജീവിക്കുവാൻ പോകുകയാണ്. യേശുക്രിസ്തുവിന്റെ രക്തത്താൽ വിലക്കു വാങ്ങപ്പെട്ടവരും സ്വർഗ്ഗത്തിനു അവകാശികളുമാണ്. അതിന്റെ അടിസ്ഥാനം നമ്മുടെ ഏതെങ്കിലും യോഗ്യതയൊ മേന്മയൊ നമ്മുടെ സൽപ്രവർത്തികളൊ ഒന്നുമല്ല, മറിച്ച് ദൈവത്തിന്റെ ദയയും വിശ്വസ്ഥതയും ഒന്നു മാത്രമാണ്.
4. രക്ഷയുടെ പരിസ്മാപ്തി
വെളിപ്പാടു പുസ്തകം 21 ഈ രക്ഷയുടെ പരിസമാപ്തിയെക്കുറിച്ചു പറയുന്നതുകൂടി നമുക്കു നോക്കാം.
"1ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. 2 പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു. 3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും" (വെളിപ്പാട് 21:1-3).
ഒരുദിവസം പുതിയ ആകാശവും ഭൂമിയും പ്രത്യക്ഷപ്പെടും, പുതിയ ജെറുശലേം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരും. ദൈവം വസിക്കുന്ന അവിടെ നാമും അവനോടുകൂടെ വസിക്കും. ഇതാണ് നമ്മുടെ രക്ഷയുടെ പൂർത്തീകരണമെന്ന് പറയുന്നത്. എത്രയോ സന്തോഷകരവും അതിശയകരവും ആനന്ദകരവുമായ നിമിഷങ്ങളാണത്. ഇതാണ് നമ്മുടെ മഹനീയമായ പ്രത്യാശ എന്നത്.
ആകയാൽ ഈ പാട്ടുകാരിയോടു ചേർന്ന് ദൈവം യേശുക്രിസ്തുവിലൂടെ നമ്മോടു കാണിച്ച അനർഹമായ ദയയെ ഓർത്ത് ദൈവത്തെ സ്തുതിക്കാം. അവന്റെ വിശ്വസ്തത മാറ്റമില്ലാതെ ഏന്നേക്കും നിലനിൽക്കുന്നതാണ് എന്നതോർത്ത് നമുക്കു ദൈവത്തെ സ്തുതിക്കാം.