top of page

സങ്കീർത്തന പരമ്പര-10

Expect the safety and protection of God's love in the face of the enemy's attacks.
ശത്രുവിന്റെ ആക്രമണങ്ങളിൽ ദൈവസ്നേഹത്തിന്റെ സുരക്ഷിതത്വവും സംരക്ഷണവും പ്രതീക്ഷിക്കുക.
സങ്കിര്‍ത്തനം 4 (Psalm 4)

"1എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കേണമേ. 2 പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ. 3 യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും. 4 നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ. സേലാ. 5 നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വെപ്പിൻ. 6 നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ. 7 ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു. 8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു."

വ്യാഖ്യാന വിശകലന സംഗ്രഹം

ദൈവത്തോട് സഹായത്തിനായി നിലവിളിച്ച സങ്കീർത്തനക്കാരൻ, ദൈവം തന്റെ സംരക്ഷണത്തിൽ തന്നെ വേർതിരിച്ചിരിക്കുന്നതിനാൽ ദൈവത്തിനെതിരെ പാപം ചെയ്യരുതെന്ന് തന്റെ ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു, പലരും നിരാശരായ സമയത്ത് അദ്ദേഹത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിച്ചത് ദൈവം തന്നെ വേർതിരിച്ചിരിക്കുന്നുവെന്ന വസ്തുതയാണ്.

രചനയും സന്ദർഭവും

ദാവീദിന്റെ ഒരു സങ്കീർത്തനമാണിത്. ഈ സങ്കീർത്തനത്തെ പൊതുവെ ഒരു ആത്മവിശ്വാസം നിറഞ്ഞ വിലാപവും സന്ധ്യാ പ്രാർത്ഥനയായും തരംതിരിക്കാം; അതുകൊണ്ടായിരിക്കാം ഇത് സങ്കീർത്തനം 3-നു ശേഷം സ്ഥാപിച്ചത്. സങ്കീർത്തനം 3-ൽ ദാവീദ് താൻ കിടന്നുറങ്ങി എന്ന് പറഞ്ഞു, ഈ സങ്കീർത്തനത്തിന്റെ അവസാനവാക്യത്തിൽ "8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു" എന്നു പറയുന്നു. സങ്കീർത്തനം 3 അദ്ദേഹത്തിന്റെ രാവിലത്തെ സ്തുതിയും പ്രാർത്ഥനയുമാണെങ്കിൽ, ഈ സങ്കീർത്തനം ഒരു വൈകുന്നേര പ്രാർത്ഥനയാണ്. സങ്കീർത്തനം 4-ൽ ദാവീദ് തന്റെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന പലരുടെയും സാന്നിധ്യത്തിൽ ആത്മവിശ്വാസം നിറഞ്ഞവനാണ്, പലരും നിരാശരാണെങ്കിലും ഇവിടെ അദ്ദേഹത്തിന് അതേ ആത്മവിശ്വാസമുണ്ട്;

എന്നാൽ സങ്കീർത്തനം 4-ൽ അബ്ശാലോമിൽ നിന്നുള്ള ദാവീദിന്റെ പലായന പ്രതിസന്ധിയുമായി ബന്ധിപ്പിക്കുവാൻ കഴിയുന്ന സൂചനകൾ ഒന്നും തന്നെയില്ല. വാസ്തവത്തിൽ ഈ സങ്കീർത്തനത്തിന്റെ തെളിവുകൾ വ്യത്യസ്തമായ ഒരു പ്രതിസന്ധിയെ സൂചിപ്പിക്കാം. ഈ സങ്കീർത്തനം ഒരു സ്വകാര്യ പ്രാർത്ഥനയല്ല, മറിച്ച് മറ്റുള്ളവർ കേൾക്കാൻ ഉദ്ദേശിച്ചുള്ള ഒരു ആരാധനാ സങ്കീർത്തനമാണെന്ന് ബ്രോയ്‌ൽസ് അഭിപ്രായപ്പെടുന്നു.

സങ്കീർത്തനത്തിന്റെ രൂപരേഖ

ദുരിതത്തിൽ തനിക്ക് ആശ്വാസം നൽകുന്ന ദൈവത്തെ സങ്കീർത്തനക്കാരൻ വിളിച്ചപേക്ഷിക്കുന്നു (1). തുടർന്നു തന്റെ ശത്രുക്കൾക്കുള്ള ഒരു പ്രബോധനമാണ്; താൻ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണെന്നും, തന്നോട് തെറ്റ് ചെയ്യരുതെന്നും, അവർ ദൈവത്തിലേക്കു തിരിയണമെന്നും സങ്കീർത്തനക്കാരൻ ആത്മാർത്ഥമായി തന്റെ ശത്രുക്കളെ മുന്നറിയിക്കുന്നു (2—5).

പലരും ദൈവത്തിന്റെ കരുതലുകളുടെ തെളിവുകൾ അന്വേഷിച്ചു നിരാശരായ സമയത്ത് സങ്കീർത്തനക്കാരൻ ദൈവത്തിലുള്ള തന്റെ സമാധാനവും സുരക്ഷിതത്വവും സന്തോഷത്തോടെ പ്രകടിപ്പിച്ചുകൊണ്ട് തന്റെ വിശ്വാസം ഉറപ്പിക്കുന്നു (6—8).

ഈ വേദഭാഗത്തു നിന്നും ഒന്നാമതായി പറയുവാൻ കഴിയുന്ന കാര്യം: തന്റെ ജനം ദുരിതത്തിലായിരിക്കുമ്പോൾ ദൈവത്തിന് അവർക്ക് ആശ്വാസം നൽകാൻ കഴിയും എന്ന കാര്യമാണ്.

1. തന്റെ ജനം ദുരിതത്തിലായിരിക്കുമ്പോൾ ദൈവത്തിന് അവർക്ക് ആശ്വാസം നൽകാൻ കഴിയും (1)

ദൈവം തന്നോട് മുൻകാലങ്ങളിൽ നടത്തിയ ദൈവത്തിന്റെ ഇടപെടലുകളെ അടിസ്ഥാനമാക്കി സങ്കീർത്തനക്കാരൻ തന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു ഹൃസ്വ പ്രാർത്ഥനയോടെയാണ് സങ്കീർത്തനം ആരംഭിക്കുന്നത്. ഈ ദുരിതത്തിൽ "എനിക്ക് ഉത്തരം നൽകണമേ" എന്നാണ് ആ പ്രാർത്ഥന. തന്റെ പ്രാർത്ഥനയിൽ താൻ ദൈവത്തെ "എന്റെ നീതിമാനായ ദൈവം" എന്ന് അഭിസംബോധന ചെയ്യുന്നു. നീതിമാനായ ദൈവത്തെ താൻ വിളിച്ചപേക്ഷിക്കുകയാണ്.

രണ്ടു നിലകളിൽ "നീതി" എന്ന പദത്തെ വ്യാഖ്യാനിക്കാം; ദൈവത്തെ നീതിമാനായി കണ്ട് അങ്ങനെ വിളിക്കാം. അതല്ലെങ്കിൽ ദൈവം ദാവീദിനു നൽകിയ നീതിയെ ഊന്നിപ്പറയാൻ എന്ന നിലയിലുമാകാം. അതായത്, ദാവീദിനെ എതിർത്തവർക്കെതിരെ, ദൈവം അവന്റെ നീതിയുള്ള നിലപാടു കാരണം ദാവീദിനെ ന്യായീകരിച്ചു. ഈ പ്രയോഗം ആപേക്ഷികമാണ് (relative); നീതിമാനായ ദൈവം അതല്ലെങ്കിൽ നീതീകരിക്കുന്ന ദൈവം തന്റെ ജനത്തിന്റെ അവകാശങ്ങൾക്കായി നിലകൊള്ളുന്നു എന്ന കാര്യമാണ് ഇതു വെളിപ്പെടുത്തുന്നത്.

മുമ്പ് ദൈവം തന്നെ ദുരിതത്തിൽ നിന്ന് എങ്ങനെ മോചിപ്പിച്ചുവെന്ന് അവൻ ഓർമ്മിച്ചുകൊണ്ടാണ് ഇപ്പോൾ തന്റെ അപേക്ഷ ദൈവസന്നിധിയിൽ സമർപ്പിക്കുന്നത്. ആളുകൾ തന്നെ ഉപദ്രവിക്കുന്നതിനെ ഞെരുക്കം എന്ന നിലയിലാണ് താൻ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ഞെരുക്കത്തിൽ ദൈവം തന്നോട് കൃപ കാണിക്കുകയും തന്റെ പ്രാർത്ഥന കേൾക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. തന്റെ അയോഗ്യതയെ താൻ മറച്ചുവെക്കുന്നില്ല, എന്നോടു കൃപതോന്നി എന്നെ വിടുവിക്കേണമെ എന്നാണ് താൻ പ്രാർത്ഥിക്കുന്നത്. അർഹതയില്ലാത്ത അനുഗ്രഹത്തിനായുള്ള ഒരു അപേക്ഷയാണ്. ദൈവം പ്രത്യേകമായി കേൾക്കണമെന്നതാണ് തന്റെ അപേക്ഷ, അതായത്, പ്രാർത്ഥനയ്ക്ക് അനുകൂലമായി പ്രതികരിക്കണമെ.

രണ്ടാമതായി, കർത്താവിന്റെ ഭക്തരെ അപമാനിക്കുന്നത് ശത്രുക്കൾക്ക് നന്നല്ല എന്ന കാര്യമാണ്.

2. കർത്താവിന്റെ ഭക്തരെ അപമാനിക്കുന്നത് ശത്രുക്കൾക്ക് നന്നല്ല (2-5).

"2 പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ. 3 യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും. 4 നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ. 5നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വെപ്പിൻ" സേലാ. "

ശത്രുക്കൾക്കുള്ള ഒരു പ്രബോധനമാണ് ഈ വാക്യങ്ങൾ. ശത്രു പൊള്ളയായ ആരോപണങ്ങളും അവകാശവാദങ്ങളും മുഴക്കുന്നു. എന്നാൽ അതവസാനിപ്പിച്ച് പാപം ചെയ്യാതെ തങ്ങളെത്തന്നെ സൂക്ഷിപ്പിൻ എന്നതാണ് ദാവീദ് അതിനു നൽകുന്ന മറുപടി. ഇതിലൂടെ വിശ്വാസികൾക്കു നൽകുന്ന പാഠം: നിന്ദ്യമായ അവകാശവാദങ്ങൾക്കിടയിലും ദൈവം അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുമെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും എന്നതാണ്.

സങ്കീർത്തനക്കാരൻ തന്റെ ശത്രുക്കളെ, അവർ അവന്റെ മുന്നറിയിപ്പ് കേൾക്കാൻ തുനിയുമോ ഇല്ലയോ എന്ന് അറിയുവാൻ അവരെ അഭിസംബോധന ചെയ്യുന്നു. അവൻ അവരെ "പുരുഷന്മാരേ" (O men) എന്ന് വിളിക്കുന്നു, ഇത് അവർ ഉന്നത പദവിയിലുള്ള, ഒരുപക്ഷേ വിശിഷ്ടരും സ്വാധീനമുള്ളവരുമായ ആളുകളാണെന്ന് സൂചിപ്പിക്കാം. അവർക്കുള്ള മുന്നറിയിപ്പ് ഒരു വാചാടോപപരമായ (Rhetorical question) ചോദ്യത്തിന്റെ രൂപത്തിലാണ് പ്രകടിപ്പിക്കുന്നത്. രണ്ടു ചോദ്യങ്ങളാണ് ഈ ഒറ്റവാക്യത്തിൽ. ആദ്യ ഭാഗത്തിൽ “എന്റെ ബഹുമാനം എത്ര കാലം നിന്ദ ആക്കും?” ഇത് ദാവീദിന്റെ വ്യക്തിപരമായ ബഹുമാനത്തെയും ഒരു രാജാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പൂർവ്വ പ്രതാപത്തെയും സൂചിപ്പിക്കാം (3:4 കാണുക); എന്നാൽ ഇത് ഒരു രാജാവിന്റെ മാത്രമല്ല, ആരുടെയും അന്തസ്സിനെയോ ബഹുമാനത്തെയോ പരാമർശിക്കാൻ ഉപയോഗിക്കാം. അവനോടുള്ള അവരുടെ എതിർപ്പ് ആ അന്തസ്സിനെ “ലജ്ജയാക്കി” മാറ്റാൻ ശ്രമിക്കുന്നു. ഒരുവന്റെ അന്തസ്സിനെ ഹനിക്കുക എന്നു പറഞ്ഞാൽ അവനെ നശിപ്പിക്കുക എന്നാണ്. എന്നാൽ നിങ്ങൾ “എത്ര കാലം” ഇതു തുടരും എന്ന ചോദ്യം അവരുടെ ഈ പെരുമാറ്റത്തിന് ഒരു പരിധിയുണ്ടെന്ന് സൂചിപ്പിക്കുന്നു. വാക്യത്തിന്റെ രണ്ടാം പകുതി, രണ്ടാമത്തെ ചോദ്യമാണ്: മായയെയും നുണകളെയും എത്രകാലം അന്വേഷിക്കും? അവർ വ്യാജത്തെ സ്നേഹിക്കുന്നതിനെ ദാവീദ് വിമർശിക്കുന്നു. ദാവീദിന് അപമാനം വരുത്താൻ തെറ്റായ ആരോപണങ്ങൾ അവർ ഉന്നയിക്കുന്നു.

ഈ ചോദ്യം നൽകുന്ന ഉത്തരം, അവർക്കിത് അധികകാലം തുടരുവാൻ കഴിയുകയില്ല. കാരണം, കർത്താവ് തന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുകയും അവരുടെ കെണിയിൽ നിന്ന് തന്നെ വിടുവിക്കുകയും ചെയ്യും. ഇത് സങ്കീർത്തനക്കാരന്റെ ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തെയാണ് കാണിക്കുന്നത്.

"എന്നാൽ അറിയുക" എന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ കുറിപ്പ്, ഈ വിഷയത്തെ സ്പർശിക്കുകയും കേസിന്റെ വസ്തുതകൾ മനസ്സിലാക്കാൻ അവരെ ക്ഷണിക്കുകയും ചെയ്യുന്നു. യഹോവ ദൈവഭക്തരെ തനിക്കുവേണ്ടി വേർതിരിച്ചിരിക്കുന്നുവെന്ന് അവർ അറിയണം. "ദൈവഭക്തൻ" എന്നാൽ അക്ഷരാർത്ഥത്തിൽ ദൈവത്തിനു "പ്രിയപ്പെട്ടവൻ" എന്നാണ്; ദിവ്യസ്നേഹത്താൽ കർത്താവുമായി ഉടമ്പടിയിൽ പ്രവേശിച്ചവൻ; ഉടമ്പടി വിശ്വസ്തത പാലിക്കുവാൻ മനസ്സുവെച്ചവൻ. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരെ പുതിയനിയമത്തിൽ ദൈവത്തിനു പ്രിയപ്പെട്ടവരെന്നാണ് വിളിക്കുന്നത്. ദൈവം ദൈവഭക്തരെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്നും അവരെ ദുഷ്ടന്മാർക്ക് വിട്ടുകൊടുക്കുകയില്ല എന്നുമാണ് ഇതിന്റെ സാരം. അതിനാൽ ദാവീദ് ദൈവത്താൽ സ്നേഹിക്കപ്പെടുന്ന ഒരുവനാണെന്നും ദൈവം അത്ഭുതകരമായി തന്നെ വേർതിരിച്ചിരിക്കുന്നുവെന്നും പ്രഖ്യാപിക്കുന്നു. അവനെ അപമാനിക്കാൻ ശ്രമിക്കുന്നത് ദൈവത്തിന് അവനോടുള്ള സ്നേഹത്തെ നിഷേധിക്കുക എന്നതാണ്. എന്നാൽ അത് യാഥാർത്ഥ്യമാവുകയില്ല; എന്തെന്നാൽ താൻ ദൈവത്തിന്റെ സ്നേഹിതനായതിനാൽ, അവൻ വിളിക്കുമ്പോൾ അവന്റെ പ്രാർത്ഥന ദൈവം കേൾക്കും അവന്റെ ശത്രുക്കൾക്ക് അത് ദോഷകരമായി തീരുകയും ചെയ്യും.

അങ്ങനെ ഭവിക്കാതിരിക്കാൻ എതിരാളികളോട് അവരുടെ പാപങ്ങൾ ഉപേക്ഷിച്ച് യാഹ്വേയിൽ ആശ്രയിക്കാൻ സങ്കീർത്തനക്കാരൻ പ്രബോധിപ്പിക്കുന്നു. അവർ അനുതാപവും വിശ്വാസവുമുള്ളവരായി തീരുക. "നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ" എന്ന് അവൻ അവരോട് നിർദ്ദേശിക്കുന്നു. "നടുങ്ങുക" എന്നാൽ ദൈവത്തോടുള്ള ഭയത്തിലും നിരാശയിലും വിറയ്ക്കുക എന്നാണ്. ദൈവത്തിനു തന്റെ ജനത്തോടുള്ള നന്മയ്ക്കു പ്രതികരണമായി ശതുക്കൾ ഭയത്തിലും നിരാശയിലും വിറയ്ക്കുക. അവരുടെ പാപങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവ്വം ചിന്തിക്കുക; അങ്ങനെ സുബോധമുള്ളവരായി തങ്ങളുടെ വഴികളെ മാറ്റുക. രാത്രി സമയങ്ങളിൽ ഇതിനെക്കുറിച്ചു ധ്യാനിക്കുകയോ ചിന്തിക്കുകയോ ചെയ്യുക. അവൻ അവരോട് പറയുന്ന ഈ കാര്യങ്ങൾ അവരുടെ ഹൃദയങ്ങളിൽ പരിഗണിച്ച് മാനസാന്തരപ്പെടുക. അതായത്, വ്യാജം കൊണ്ട് ദൈവഭക്തരെ ലജ്ജിപ്പിക്കാൻ ശ്രമിക്കുന്നത് അവർ അവസാനിപ്പിക്കുക. അവരുടെ മാനസാന്തരത്തിനു തെളിവായി അവർ ദൈവത്തിന് യാഗങ്ങൾ അർപ്പിക്കുക.

2a) മാനസാന്തരം ദൈവാരാധനയിൽ വെളിപ്പെടണം.

"നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വെപ്പിൻ" (5). എന്നതാണ് ദാവീദിനു തന്റെ ശത്രുക്കളോടു പറവാനുള്ളത്. ഇവക്കിടയിൽ കൊടുത്തിരിക്കുന്ന സെമികോളൻ (;) യഹോവയിൽ ആശ്രയിക്കുന്നതിന്റെ ഫലമായി യാഗങ്ങൾ അർപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്. യഹോവയിൽ ആശ്രയിക്കാനുള്ള സങ്കീർത്തനക്കാരന്റെ നിർദ്ദേശം ജ്ഞാനപൂർവകമായ ഉപദേശമാണ്, കാരണം യഹോവ തനിക്കുള്ളവരെ സംരക്ഷിക്കുകയും അങ്ങനെയല്ലാത്തവരെ എതിർക്കുകയും ചെയ്യും. അവർ യഹോവയിൽ ആശ്രയിച്ചാൽ അവരും ദൈവം സംരംക്ഷിക്കുന്നവരുടെ കൂട്ടത്തിലാകും. അതായത്, അവരും ദൈവത്തിന് പ്രിയപ്പെട്ടവരായിത്തീരും. എന്നാൽ അവരുടെ വിശ്വാസത്തിന്റെ തെളിവ് സത്യാരാധനയിലായിരിക്കു നയിക്കപ്പെടണം. “ശരിയായ യാഗങ്ങൾ അർപ്പിക്കുക” എന്നതിൽ വിഗ്രഹാരാധന ചെയ്യുന്നതിരെയുള്ള കുറ്റപ്പെടുത്തലും അടങ്ങിയിരിക്കുന്നു. അവർ യാഗങ്ങൾ അർപ്പിക്കുന്നുണ്ടാകാം എന്നാൽ ദൈവം പ്രതീക്ഷിക്കുന്നത് “നീതിയുടെ യാഗങ്ങൾ” ആണ്. മറ്റുള്ളവരെ നശിപ്പിക്കാൻ ചായ്‌വുള്ള ഹൃദയങ്ങളിൽ നിന്ന് ശരിയായ യാഗങ്ങളർപ്പിക്കാൻ കഴിയുകയില്ല. തെറ്റായ മനോഭാവത്തോടെ യാഗമർപ്പിച്ചിട്ടു കാര്യമില്ല എന്നു സാരം.

മൂന്നാമതായി, ഈ സങ്കീർത്തനത്തിൽ നിന്നും പറയുവാൻ കഴിയുന്നത് ദൈവത്തിന്റെ കരുതലിൽ സന്തോഷം കണ്ടെത്തുക എന്നതാണ്.

3. ദൈവത്തിന്റെ കരുതലിൽ സന്തോഷം കണ്ടെത്തുക (6-8).

"6 നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ. 7 ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു. 8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു."

സങ്കീർത്തനം 3-ൽ അഭക്തരുടെ പരിഹാസപരമായ വാക്കുകൾ വെല്ലുവിളിയെ പ്രതിഫലിപ്പിക്കുന്നുവെങ്കിൽ, ഈ സങ്കീർത്തനത്തിൽ കാണുന്നത്, "നമുക്ക് ആർ നന്മ കാണിക്കും" എന്ന ആളുകളുടെ പരിഭവമാണ്. ഈ ആളുകൾ ഇപ്പോൾ സുഹൃത്തുക്കളോ കൂട്ടാളികളോ ആയിരിക്കാം, അവർ മൂന്നാം സങ്കീർത്തനത്തിൽ പറഞ്ഞ അതേ എതിരാളികളാണോ എന്ന് പറവാൻ ശക്തമായ കാരണമൊന്നുമില്ല. എന്നാൽ അവർ ആരുതന്നെയായാലും, അവരുടെ സാഹചര്യങ്ങളാൽ നിരാശരാണവർ. ആരെങ്കിലും തങ്ങൾക്ക് നന്മ ചെയ്തിരുന്നുവെന്ന് ആഗ്രഹിക്കുന്നവരാണ്. ദൈവപ്രീതിയുടെ തെളിവുകൾ കാണുന്നില്ല എന്നതാണ് അവരുടെ വെല്ലുവിളി. ഇത് കാർഷിക വിളവിനെ സൂചിപ്പിക്കാം; എന്നാൽ "നന്മ" തീർച്ചയായും അതിൽ മാത്രം പരിമിതപ്പെടുന്നില്ല. അവരെയെല്ലാം ഉൾപ്പെടുത്തി, സങ്കീർത്തനക്കാരൻ വിശുദ്ധമന്ദിരത്തിലെ പുരോഹിതന്മാരുടെ അനുഗ്രഹം ഓർത്തുകൊണ്ട് പ്രാർത്ഥിക്കുന്നു: “കർത്താവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉയർത്തണമേ.” (സംഖ്യാപുസ്തകം 6:25). ഈ അനുഗ്രഹം അവർക്ക് നൽകണമേ എന്നാണ് താൻ പ്രാർത്ഥിക്കുന്നത്.

എന്നാൽ ദാവീദിന്റെ സന്തോഷം സമ്പത്തിലൊ വീഞ്ഞിലൊ ആയിരുന്നില്ല. താൻ പറയുന്നു: “ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.” "അവർക്കുണ്ടായതിലും" എന്ന പരാമർശം അവന്റെ ശത്രുക്കളെക്കുറിച്ചുള്ള ഒരു പരാമർശമായിരിക്കാം. അവന്റെ ശത്രുക്കൾക്കു ധാന്യവും വീഞ്ഞും ഉണ്ട്; എന്നാൽ സന്തോഷം ഇല്ല. എന്നാൽ ദാവീദിനെ സംബന്ധിച്ചിടത്തോളം ധാന്യവും വീഞ്ഞും ഇപ്പോൾ ഇല്ല; എന്നാൽ അവന് വളരെ ആത്മീയ സന്തോഷമുണ്ട്.

മുൻകാലങ്ങളിൽ ദൈവം തന്നെ എങ്ങനെ പരിപാലിച്ചുവെന്നും ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് തന്നെ എങ്ങനെ വിടുവിക്കുമെന്നും അറിഞ്ഞതിൽ സങ്കീർത്തനക്കാരന്റെ ഹൃദയത്തിൽ ഉണ്ടായിരുന്ന സന്തോഷം, രാത്രിയിൽ ശാന്തമായി കിടക്കാനും സമാധാനത്തോടെ ഉറങ്ങാനും അവനെ പ്രാപ്തനാക്കി. മഹാപുരോഹിതന്റെ അനുഗ്രഹം, സമാധാനത്തിലും സന്തോഷത്തിലുമാണ് അദ്ദേഹം ആസ്വദിച്ചത്. അവന്റെ ആത്മവിശ്വാസം യഹോവയിൽ മാത്രമായിരുന്നു: “നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.” “നിർഭയമായി” എന്ന പ്രയോഗം ശത്രുക്കൾക്ക് യഹോവയിൽ “ആശയിക്കുക” എന്ന ഉപദേശത്തെ ഓർമ്മിപ്പിക്കുന്നു. ഈ കുഴപ്പം നിറഞ്ഞ ലോകത്ത് സുരക്ഷിതത്വത്തിനുള്ള ഏക മാർഗ്ഗം യഹോവയിൽ ആശ്രയിക്കുക എന്നതാണ്; ദൈവഭക്തർക്ക് പ്രശ്‌നമുണ്ടാക്കുന്നവർ ദൈവം തന്റെ പ്രിയപ്പെട്ടവരുടെ പക്ഷത്താണെന്ന് അറിഞ്ഞുകൊള്ളുക.

4. പ്രായോഗികത

വിശ്വാസികൾക്ക് എതിരാളികൾ മൂലമുണ്ടാകുന്ന ദുരിതത്തിന്റെ പശ്ചാത്തലത്തിൽ എന്തു ചെയ്യാൻ സാധിക്കുമെന്നാണ് ഈ സങ്കീർത്തനം നമ്മേ ഓർമ്മിപ്പിക്കുന്നത്. ദൈവത്തോട് അവർ സഹായത്തിനായി പ്രാർത്ഥിക്കുക. കർത്താവിന്റെ സ്നേഹനിർഭരമായ കരുതലായിരിക്കണം നമ്മുടെ ആത്മവിശ്വാസത്തിന്റേയും സമാധാനത്തിന്റെയും സുരക്ഷയുടെയും ഉറപ്പ്. നീതിമാന്മാർക്ക് ദൈവത്തിന്റെ സംരക്ഷണ കൃപയിൽ സന്തോഷിക്കാൻ കഴിയും. ശത്രു അവരെ അപമാനിക്കാനുള്ള ശ്രമങ്ങൾക്കിടയിലും അവർക്ക് സമാധാനവും സുരക്ഷിതത്വവും നൽകുന്നു. ശത്രുക്കളുടെ നുണകൾ നീതിമാന്മാർക്ക് നിരന്തരമായ ഉപദ്രവമാണ്, എന്നാൽ ദൈവം അവരെ നീതീകരിക്കുമെന്ന് നീതിമാന്മാർ അറിയണം. തെറ്റായ ആരോപണങ്ങളും നിന്ദകളും നേരിടുന്നവർ അവരുടെ ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ദാവിദിനെപോലെ മനസ്സുവെക്കണം. പുതിയനിയമത്തിൽ, യേശു വിശ്വാസികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു, “11 എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. 12 സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ” (മത്തായി 5:11—12). അപ്പോസ്തലനായ പൗലോസിനെപ്പോലെ കുറച്ച് ആളുകൾ മാത്രമേ ഇത് അനുഭവിച്ചിട്ടുള്ളൂ. എല്ലാ വഴികളിലും താൻ അന്യായം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, തന്റെ സന്തോഷത്തിന് അതിരുകളില്ലെന്ന് കൊരിന്ത്യർക്ക് എഴുതിയപ്പോൾ അദ്ദേഹത്തിന് സ്ഥിരീകരിക്കാൻ കഴിഞ്ഞു (2 കൊരി. 7:2—5). തെളിയിക്കപ്പെട്ട വിശ്വാസത്തിന് മാത്രമേ ലോകത്തിൽ നിന്നുള്ള അത്തരം ശത്രുതയെ മറികടക്കാൻ കഴിയൂ.

*******

© 2020 by P M Mathew, Cochin

bottom of page