top of page

സങ്കീർത്തന പരമ്പര-07

Jubilant praise to the LORD our maker.
നമ്മുടെ സ്രഷ്ടാവായ യാഹ്വേയ്ക്ക് ആനന്ദകരമായ സ്തുതി.
സങ്കിര്‍ത്തനം 100 (Psalm 100)

"1സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ.
2സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ. 3 യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ. 4 അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ. 5 യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.

കേന്ദ്രാശയം

വിശ്വാസികൾ ദൈവത്തെ ഉത്സാഹത്തോടെ സ്തുതിക്കുകയും സന്തോഷത്തോടെ അവനെ സേവിക്കുകയും വേണം, കാരണം അവന്റെ നന്മയിലും വിശ്വസ്ത സ്നേഹത്തിലും അവൻ അവരെ സൃഷ്ടിച്ചു, അവൻ അവരെ പരിപാലിക്കുന്നു.

ഈ ചെറിയ ഗീതത്തിൽ രണ്ട് സമാന്തര ഭാഗങ്ങളാണുള്ളത്: യഹോവയുടെ രാജത്വത്തെ വാഴ്ത്താനുള്ള ആഹ്വാനവും ഉടമ്പടി ബന്ധത്തിന്റെ ആഘോഷവും (1—3), ഉടമ്പടി ദൈവത്തിന്റെ സ്വഭാവസവിശേഷതകളും അതുമൂലം ആരാധകർക്കുള്ള പ്രയോജനങ്ങളുടെ ആഘോഷവും (4—5), ഇവയെപ്രതി ദൈവത്തിനു നന്ദി പറയുക.

I. കർത്താവിനെ തങ്ങളുടെ സ്രഷ്ടാവായി യജമാനനായി അംഗീകരിക്കുന്നവർ സന്തോഷത്തോടെ അവനെ ആരാധിക്കുകയും സേവിക്കുകയും വേണം.

സ്തുതി ഒരു സജീവ വിശ്വാസത്തിന്റെ തെളിവാണ്, കാരണം ആളുകൾ കർത്താവിനെ എത്ര നന്നായി അറിയുന്നുവെന്നും അവനോട് അവർ എത്രത്തോളം വിശ്വസ്തരാണെന്നും അത് വെളിപ്പെടുത്തുന്നു.

സാർവ്വത്രികമായ ആരാധനക്കുള്ള ആഹ്വാനമാണ് ഒന്നാം വാക്യം. “ഭൂമി മുഴുവനെയും” അഭിസംബോധന ചെയതുകൊണ്ടാണ് ആഹ്വാനം. അതായത് ഭൂമിയിൽ എല്ലായിടത്തുമുള്ള ആളുകൾ കർത്താവിനെ സ്തുതിക്കുകയും സന്തോഷത്തോടെ അവന്റെ സന്നിധിയിൽ പ്രവേശിക്കുകയും വേണം (1—2). എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടത് എന്നും ഇവിടെ വ്യക്തമാക്കുന്നു. “സന്തോഷത്തോടെ കർത്താവിനെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ." "സേവിപ്പിൻ" എന്നത് മതപരമായ സന്ദർഭത്തിൽ ആരാധനയെ സൂചിപ്പിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആരാധനയും മറ്റുജോലികളും ഒരുപോലെ ആരാധന ആയിരിക്കണം. അവയെ തമ്മിൽ വേർതിരിക്കേണ്ട ആവശ്യം ഒരു വിശ്വാസിക്കില്ല. കാരണം "തിന്നാലും കുടിച്ചാലും എന്തുചെയ്താലും ദൈവമഹത്വത്തിനായി ചെയ്വിൻ" എന്നാണല്ലൊ 1 കൊരിന്ത്യർ 10:31 ൽ പൗലോസ് പറയുന്നത്. "സേവിക്കുക" എന്നതിനു മറ്റൊരു അർത്ഥവുമുണ്ട്. അത് രാഷ്ട്രീയ അർത്ഥമാണ്. അതായത്, യാഹ്വേ ഭൂമിയുടെ മേൽ പരമാധികാരിയാകയാൽ ഒരു രാജാവ് എന്ന നിലയിൽ സേവിക്കപ്പെടണം. കർത്താവിന്റെ മഹത്വത്തോടും നന്മയോടും ഉള്ള ഹൃദയംഗമമായ പ്രതികരണമാണ് സന്തോഷത്തോടെയുള്ള സേവനം. സന്തോഷകരമായ സേവനത്തിൽ പ്രകടമാകുന്ന മനോഭാവം ദൈവത്തെ സ്രഷ്ടാവായും വീണ്ടെടുപ്പുകാരനായും രാജാവായും അംഗീകരിക്കുന്നു എന്നതാണ്. ഡെറിക് കിഡ്‌നർ എന്ന ദൈവദാസൻ പറയുന്നതുപോലെ, സ്തുതിയുടെ ഘോഷയാത്രയിലൂടെയോ, ആദരാഞ്ജലിയുടെ ആർപ്പുവിളിയിലൂടെയോ, ആരവങ്ങൾ മുഴക്കുന്നതിലൂടെയോ അവൻ മുഴുവൻ ഭൂമിയുടെയും പരമാധികാരിയായി അംഗീകരിക്കപ്പെടുന്നു.

ഇനി എവിടെയാണ് ആരാധിക്കേണ്ടത് എന്ന കാര്യവും ഈ വാക്യം നമ്മേ ഓർപ്പിക്കുന്നു. ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിലാണ് യാഹ്വേയെ ആരാധിക്കേണ്ടത്. വിശുദ്ധമന്ദിരം യാഹ്വേയുടെ സാന്നിദ്ധ്യത്തെ കുറിക്കുന്നു. അവിടെയാണ് വിശ്വാസികൾ ആരാധനയിൽ അവന്റെ മുമ്പാകെ ഒത്തുകൂടുന്നത്. ആരാധനക്കായി പ്രവേശിക്കുന്നത് യഹോവയുടെ സന്നിധിയിലേക്കാണ്; അവന്റെ മുമ്പാകെ ആണ്. "സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ" എന്ന പ്രസ്താവന ഈ പ്രവേശനം “ആഹ്ലാദത്തോടെ” ആയിരിക്കണം എന്ന് നമ്മേ ഓർമ്മിപ്പിക്കുന്നു. മ്ലാനവദനരായൊ, ദുഃഖത്തോടെയൊ ആയിരിക്കരുത്.

ഇനി ദൈവത്തെ ഈ നിലയിൽ സ്തുതിക്കാനുള്ള കാരണം എന്താണെന്ന് നോക്കാം. ദൈവമാണ് അവരെ സൃഷ്ടിച്ചതും പരിപാലിക്കുന്നതും എന്നതാണത് (3). "യഹോവ തന്നെ ദൈവം എന്ന് അറിവിൻ". “അറിയുക” എന്നാൽ “പഠിക്കുക” അല്ലെങ്കിൽ “ഉറപ്പുവരുത്തുക” എന്നൊക്കെ അർത്ഥമാക്കുന്നു. കർത്താവിനെക്കുറിച്ചുള്ള അറിവ് സ്തുതിക്ക് ഒരു മുൻവ്യവസ്ഥയാണ്. ഇവിടെ ആളുകൾ യഹോവയെക്കുറിച്ച് അറിയേണ്ട, അംഗീകരിക്കേണ്ട മൂന്ന് കാര്യങ്ങളുണ്ട്: 1) അവൻ ദൈവമാണെന്ന് അറിയണം, 2) അവൻ അവരെ സൃഷ്ടിച്ചതിനാൽ അവർ അവനോട് കണക്കു ബോധിപ്പിക്കേണ്ടതുണ്ട് എന്ന് അംഗീകരിക്കണം, 3) ഉടമ്പടിയിൽ അവർക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് അറിയണം.

ഒന്നാമതായി, ആളുകൾ സ്തുതിയോടെ അവന്റെ മുമ്പാകെ വരണം, കാരണം അവൻ ദൈവമാണ്. അത് തന്നെ മതിയായ കാരണമാണ്. കർത്താവ് ദൈവമാണ് - മറ്റാരുമില്ല. ഒരുപക്ഷെ, ആളുകൾ യാഹ്വേയിൽ നിന്ന് സ്വതന്ത്രരാണെന്ന് കരുതിയേക്കാം, എന്നാൽ അങ്ങനെയല്ല. കാരണം അവൻ ദൈവമാണ്, എല്ലാം അവനുള്ളത്. അവർക്കുള്ളതെല്ലാം അവനിൽ നിന്നാണ് വന്നത്. ഇത് ആരാധകർക്ക് പ്രത്യേകിച്ചും പ്രസക്തമാണ്, കാരണം സങ്കീർത്തനത്തിൽ ഉടമ്പടിയെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്; അതിനാൽ, യാഹ്വെ ഉടമ്പടി ദൈവമാണ്, നമ്മുടെ ഉടമ്പടി ദൈവമാണ്.

സ്തുതിക്കാനുള്ള ആഹ്വാനത്തിലെ രണ്ടാമത്തെ കാരണം യാഹ്വെ ദൈവമാണെങ്കിൽ, അവൻ സ്രഷ്ടാവാണ് എന്നതാണ്. “അവൻ നമ്മെ സൃഷ്ടിച്ചു”. ഈ പദപ്രയോഗം പൊതുവെ ആളുകളുടെ സൃഷ്ടിയെയും കൂടുതൽ വ്യക്തമായി പറഞ്ഞാൽ, രാഷ്ട്രത്തിന്റെ സൃഷ്ടിയെയും ഉൾപ്പെടുത്താൻ പര്യാപ്തമാണ്.

ജനങ്ങൾ ഈ സത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, അവർ അത്ഭുതവും സ്തുതിയും കൊണ്ട് നിറയും. എന്നാൽ അതിലും പ്രധാനമായി, അവർ അവന്റേതാണെന്നും അതിനാൽ അവരുടെ സ്രഷ്ടാവായ ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരാണെന്നും അവർ മനസ്സിലാക്കും.

വിശ്വാസികൾ യാഹ്വെയെ സ്തുതിക്കേണ്ടതിന്റെ മൂന്നാമത്തെ കാരണം, അവർക്ക് അവനുമായി ഒരു പ്രത്യേക ഉടമ്പടി ബന്ധമുണ്ട് എന്നതാണ്: “നാം അവന്റെ ജനവും അവന്റെ മേച്ചിൽപ്പുറത്തെ ആടുകളുമാണ്.” വിശ്വാസത്താൽ യാഹ്വെയുമായി ഉടമ്പടിയിൽ പ്രവേശിച്ച ആളുകൾ “അവന്റെ ജനം” ആണ്; അതായത്, ദൈവത്തിന്റെ ജനം. അവരെ ഇവിടെ “അവന്റെ മേച്ചിൽപ്പുറത്തെ ആടുകൾ” എന്നും വിശേഷിപ്പിക്കുന്നു. അതു കാണിക്കുന്നത്, ദൈവമാണ് തന്റെ ജനത്തിന് പരിചരണവും സംരക്ഷണവും കരുതലും നൽകുന്നത്.

വിശ്വസ്തരായ ആളുകൾ യാഹ്വേ ദൈവമാണെന്നും അവൻ അവരെ സൃഷ്ടിച്ചുവെന്നും അവൻ അവരുടെ ഇടയനാണെന്നും പൂർണ്ണമായി അറിയുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ, അവരുടെ പ്രതികരണം സന്തോഷകരമായ സ്തുതിയായി പുറത്തുവരും.

II. ദൈവത്തിന്റെ നന്മയും വിശ്വസ്തതയും ആസ്വദിക്കുന്നവർ അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും നന്ദിയോടും കൂടി പ്രവേശിക്കണം.

സങ്കീർത്തനത്തിന്റെ രണ്ടാം പകുതിയും സ്തുതിക്കാനുള്ള ഒരു ആഹ്വാനത്തോടെയാണ് ആരംഭിക്കുന്നത്. ഇപ്പോൾ പ്രത്യേകിച്ച് വിശ്വാസികളെ യാഹ്വെയുടെ വ്യക്തിത്വത്തേയും പ്രവൃത്തികളെയും അംഗീകരിക്കാൻ വിളിക്കുന്നു. ആദ്യ ഭാഗത്തിൽ നമ്മോടു “ആർപ്പിടുവിൻ,” “സേവിക്കുവിൻ,” “പ്രവേശിക്കുവിൻ” എന്നാണ് പറഞ്ഞതെങ്കിൽ ഈ രണ്ടാം ഭാഗത്ത് നമ്മോടു “പ്രവേശിക്കുവിൻ,” “നന്ദി പറയുവിൻ”, “സ്തുതി” അർപ്പിക്കുവിൻ" എന്നാണ്.
ഇവിടെ ആളുകളെ അവന്റെ കവാടങ്ങളിലും പ്രാകാരങ്ങളിലും പ്രവേശിക്കാൻ വിളിക്കുന്നു. വിശുദ്ധമന്ദിരത്തിനകത്തും വിശുദ്ധമന്ദിരത്തിന് ചുറ്റുമുള്ളതുമായ പ്രദേശവുമാണിത് അർത്ഥമാക്കുന്നത്; അവിടെയാണ് ആരാധനയുടെ മറ്റുചടങ്ങുകൾ നടക്കുന്നത്. വിശുദ്ധമന്ദിരത്തിലെ സമൂഹ ആരാധനയ്ക്കാണ് ഇവിടെ ഊന്നൽ. പ്രവാസത്തിനു മുമ്പുള്ള കാലഘട്ടത്തിൽ എഴുതിയ സങ്കീർത്തനമായിരുന്നിരിക്കാം എന്നതിന്റെ സൂചന ഇതു നൽകുന്നു.

ജനങ്ങൾ നന്ദിയും സ്തുതിയും അർപ്പിച്ചുകൊണ്ട് പ്രവേശിക്കണം. “നന്ദി” എന്ന ആദ്യ വാക്കിനു “അംഗീകാരം” എന്നും അർത്ഥമുണ്ട്; ഇത് പൊതു അംഗീകാരത്തെയോ യഹോവയെക്കുറിച്ചുള്ള പ്രഖ്യാപനത്തെയോ സൂചിപ്പിക്കുന്നു. ഇവിടെ സ്തുതിക്കായി സമാധാനയാഗം അർപ്പിക്കുന്നതും ഇതിൽ ഉൾപ്പെട്ടേക്കാം. “സ്തുതി അർപ്പണത്തിന്” ആവേശഭരിതവും തിളക്കമാർന്നതുമായ ഒരു റിപ്പോർട്ട് നല്കുക എന്നും പറയാം. വിശ്വസ്തർ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുമ്പോൾ യാഹ്വേയുടെ കർത്തൃത്വത്തെ അംഗീകരിക്കുകയും യാഹ്വെയെക്കുറിച്ച് ആവേശപൂർവ്വം സംസാരിക്കയും പ്രശംസിക്കയും ചെയ്യുന്നു എന്ന് ഈ വാക്കുകൾ വിവരിക്കുന്നു.

ദൈവസന്നിധിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ, അവർ "നന്ദി" പറയണമെന്നും "സ്തുതിക്കണമെന്നും" ആണ് ആഹ്വാനം. അങ്ങനെ, തങ്ങളുടെ നന്ദി പ്രകടനങ്ങളുമായി പ്രവേശിക്കുന്ന വിശ്വസ്തർ ഇപ്പോൾ പൊതു ആരാധനയിൽ അവയെ അംഗീകരിക്കാൻ ആവശ്യപ്പെടുന്നു. രണ്ടാമത്തെ നിർബന്ധം "സ്തുതിപ്പിൻ" എന്നതാണ്. ഇവിടെ ഇതിന്റെ അർത്ഥം "അനുഗ്രഹിക്കുക" എന്നാണ്. യാഹ്വെയെ ഉയർത്തുകയും യഹ്വെയുടെ നാമത്തെ അനുഗ്രഹിക്കുകയും ചെയ്യുക. കർത്താവിനെ വാഴ്ത്തുക എന്നാൽ അവന്റെ നാമത്തെ സ്തുതിക്കുക, നന്ദി പറയുക, ആരാധിക്കുക, അവന്റെ മഹത്വം അംഗീകരിക്കുകയും അവന് ബഹുമാനം നൽകുകയും ചെയ്യുക എന്നതാണ്. (To bless the Lord means to praise, thank, adore, and worship God, acknowledging His greatness and giving Him honor.) "അവന്റെ നാമം" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, അവന്റെ സ്വഭാവത്തേയും പ്രവൃത്തികളേയുമാണ് (സങ്കീ. 20:1). അവന്റെ പ്രവൃത്തികളിൽ ഏറ്റവും പ്രധാനം മനുഷ്യന്റെ സൃഷ്ടിയും തന്റെ ഏകജാതനായ പുത്രനെ അയച്ചുകൊണ്ടുള്ള മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പുമാണ്. ഈ മഹത്തായ പ്രവൃത്തികളെ വിശ്വാസികൾ പരസ്യമായി അംഗീകരിക്കുമ്പോൾ അവന് എല്ലാ മഹത്വവും ലഭിക്കുന്നു.

ഇത്രനല്ലവനായ ദൈവത്തെ അറിയുവാൻ ആ ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിലേക്കു പ്രവേശിക്കുവാൻ അങ്ങനെ നിത്യജീവന്റെ ഉടമകളായി തീരുവാൻ കാരണമായി തീർന്നത് കർത്താവായ യേശുക്രിസ്തുവിന്റെ കാൽവരി മരണം മൂലമാണ്. ഈ യേശുക്രിസ്തു നമ്മുടെ സ്രഷ്ടാവും വീണ്ടെടുപ്പുകാരനുമായി ആരാധനയും സ്തുതിയും സ്വീകരിക്കുന്നു (വെളിപ്പാട് 4:8). അതേ, യേശു കർത്താവ് സ്തുതിക്കപ്പെടുവാൻ യോഗ്യനാണ്, കാരണം അവൻ പരിശുദ്ധനും ശക്തനും നിത്യനുമാണ്, അല്ലെങ്കിൽ സങ്കീർത്തനക്കാരന്റെ വാക്കുകളിൽ പറഞ്ഞാൽ അവൻ ദൈവമാണ്. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ ഈ യേശുവിനെ നന്മുടെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കുവാൻ ഇടയായിത്തീർന്നു. ആകയാൽ ത്രീയേക ദൈവത്തിനു സകല ആരാധനയും നമുക്ക് അർപ്പിക്കാം.

*******

© 2020 by P M Mathew, Cochin

bottom of page