
നിത്യജീവൻ

സങ്കീർത്തന പരമ്പര-04
Mortality Versus Eternity!
മർത്ത്യതയും നിത്യതയും!
സങ്കീർത്തനം 90 (Psalm 90)
"1 കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
2 പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
3 നീ മർത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിൻ എന്നും അരുളിച്ചെയ്യുന്നു.
4 ആയിരം സംവത്സരം നിന്റെ ദൃഷ്ടിയില്‍ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
5 നീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; അവർ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
6 അതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.
7 ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചും പോകുന്നു.
8 നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു.
9 ഞങ്ങളുടെ നാളുകളൊക്കയും നിന്റെ ക്രോധത്തിൽ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു.
10 ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.
11 നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ?
12 ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.
13 യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.
14 കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.
15 നീ ഞങ്ങളെ ക്ളേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.
16 നിന്റെ ദാസന്മാർക്കു നിന്റെ പ്രവൃത്തിയും അവരുടെ മക്കൾക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.
17 ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ."
മോശെ ഏഴുതിയ ഒരേയൊരു സങ്കീർത്തനമാണ് 90-ാം സങ്കീർത്തനം. ആയതിനാൽ മറ്റെല്ലാ സങ്കീർത്തനങ്ങൾക്കും മുന്നമെ എഴുതപ്പെട്ടതും ഒരു ജ്ഞാനസങ്കീർത്തനമായി പരിഗണിക്കുന്നതുമാണ്. ഇത് പുരാതന ജ്ഞാനമാണെങ്കിലും കാലാതീതമാണ്; യേശുക്രിസ്തുവിന്റെ വരവിനുശേഷം ജീവിക്കുന്ന നമ്മേ സംബന്ധിച്ചിടത്തോളം മോശയുടെ അന്നത്തെ പ്രാർത്ഥന നമുക്കു ബാധകമല്ലെങ്കിൽ കൂടി, ഇതു വിശ്വാസികൾക്കും ബാധകമായ ജ്ഞാനമാണ്.
1. ദൈവം നിത്യനും മനുഷ്യൻ മർത്ത്യനുമാണ്.
മോശ തന്റെ സങ്കീർത്തനം ആരംഭിക്കുന്നത് ദൈവത്തോട് സംസാരിക്കുന്ന നിലയിലാണ്. "കർത്താവേ, നീ തലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു." അതായത്, യാഹ്വേയെ തന്റെ വാസസ്ഥലമായിട്ടാണ് സങ്കീർത്തനക്കാരൻ കാണുന്നത്. “സങ്കേതം” എന്നത് സുരക്ഷിതത്വത്തെയും വിശ്രമത്തെയും അഭയസ്ഥാനത്തെയും കാണിക്കുന്നു. അരക്ഷിതത്വം നിറഞ്ഞ ഈ ലോകത്ത് സുരക്ഷിതത്വവും വിശ്രമവും അഭയവും നൽകുന്ന ഒരു വാസസ്ഥലമുണ്ടായിരിക്കുക എന്നതിനേക്കാൾ ആശ്വാസകരവും സന്തോഷകരവുമായ മറ്റെന്താണ് നമുക്ക് ആവശ്യമായിരിക്കുന്നത്.
ദൈവം തന്റെ ജനത്തിന്റെ വാസസ്ഥലമാണ്. അതല്ലെങ്കിൽ നാം അവനിൽ വസിക്കുന്നു. ഈയൊരു സത്യം നാം അറിയണമെന്ന് ദൈവം ആഗ്രഹിക്കുന്നു. മോശയെ സംബന്ധിച്ചിടത്തോളം ഇത് വാസ്തവമായ സംഗതിയായിരുന്നു. അതു നാമും അറിയണം എന്ന് മൊശെ ആഗ്രഹിച്ചു.
ദൈവം നമ്മുടെ "വാസസ്ഥലമായിരിക്കുന്നു" എന്നതിനേക്കാൾ അധികം "തലമുറതലമുറയായി" കർത്താവ് നമ്മുടെ സങ്കേതമായിരിക്കുന്നു എന്നതിനാണ് സങ്കീർത്തനക്കാരൻ ഇവിടെ ഊന്നൽ നൽകുന്നത്. തലമുറതലമുറയായി ദൈവം നമ്മുടെ സങ്കേതമായിരിക്കുന്നു.
ദൈവം നമ്മുടെ വാസസ്ഥലമാണ് എന്നതിൽ മോശെ അത്ഭുതപ്പെടുന്നില്ല. തീർച്ചയായും മോശെ ആ സത്യത്തെ സ്നേഹിക്കുന്നു. നമുക്കും ആ കാര്യം വളരെ ഇഷ്ടമാണ്. ഇവിടെ മോശെ ദൈവത്തിന്റെ മാറ്റമില്ലായ്മയിലും അവന്റെ ശാശ്വതമായ അസ്തിത്വത്തിലുമാണ് അത്ഭുതപ്പെടുന്നത്. ദൈവം നിത്യനാണ് എന്നതിലാണ് താൻ ആശ്ചര്യപ്പെടുന്നത്. രണ്ടാം വാക്യം അതാണ് നമ്മോടു പറയുന്നത് : "2 പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു."
മോശെ നൽകിയ ഈയൊരു ഊന്നൽ നാം ഗ്രഹിക്കേണ്ടതും അതിൽ മോശയുടെ ഉദ്ദേശ്യം നാം കാണേണ്ടതും പ്രാധാന്യമർഹിക്കുന്നു; മോശ ദൈവത്തിന്റെ ശാശ്വതമായ മാറ്റമില്ലായ്മയെ ഊന്നിപ്പറയുന്നതിന്റെ കാരണം യഥാർത്ഥത്തിൽ നമ്മുടെ മർത്യതയുമായി അതിനെ താരതമ്യം ചെയ്യുന്നതിനും അങ്ങനെ നമ്മുടെ മരണത്തെ അഭിമുഖീകരിക്കുന്നതിനു നമ്മേ ഒരുക്കുന്നതിനും വേണ്ടിയാണ്. നമ്മുടെ മരണത്തെ അഭിമുഖീകരിക്കുന്നതിനു നമ്മേ ഒരുക്കുക.
അപ്പോൾ 1-3 വാക്യങ്ങളുടെ വാദവും അതിലെ ഊന്നലും ശ്രദ്ധിക്കുക: “1കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; 2 പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. 3 നീ മർത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിൻ എന്നും അരുളിച്ചെയ്യുന്നു."
ദൈവം അനാദിയായും ശ്വാശ്വതമായും നിലകൊള്ളുമ്പോൾ മനുഷ്യൻ മർത്ത്യനാണ്; അവൻ മരിച്ചുപോകുന്നവനാണ്. അവൻ പൊടിയിലേക്കു തിരികെ ചേരുന്നവനാണ്. അവനെ എവിടെ നിന്ന് എടുത്തുവൊ അവിടേക്ക് മടങ്ങിച്ചേരുമാറാക്കുന്നു. ആയതിനാൽ ദൈവത്തോടു തുലനം ചെയ്യുമ്പോൾ മനുഷ്യജീവിതം ഹൃസ്വമാണ് അഥവാ ക്ഷണികമാണ്.
2. മനുഷ്യജീവിതം ഹൃസ്വമാണ്.
തുടർന്ന്, 4-6 വാക്യങ്ങളിൽ, മോശെ മനുഷ്യന്റെ ഹൃസ്വമായ ജീവിതത്തെ കൂടുതൽ വിശദീകരിക്കുന്നു.
സങ്കീർത്തനങ്ങൾ 90:4-6 "4ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു. 5 നീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; അവർ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു. 6 അതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു."
നമ്മൾ ആയിരം വർഷം ജീവിച്ചാലും അത് ദൈവത്തിന്റെ ദൃഷ്ടിയിൽ ഒരു ദിവസം പോലെയാണ്. വാസ്തവത്തിൽ അത് അതിനേക്കാൾ കുറവാണ്. അത് "രാത്രിയിലെ ഒരു യാമം" പോലെയാണ്; ഒരു യാമം എന്ന് പറയുന്നത് നാല് മണിക്കൂർ നീണ്ട ഒരു സമയദൈർഘ്യമാണ്. ഇനി ഒരു വേള നമ്മൾ ആയിരം വർഷം ജീവിച്ചിരുന്നാലും അത് ദൈവത്തിന്റെ ആയുസ്സിന്റെ അടുത്തെങ്ങും എത്തുന്നില്ല. നിത്യതയുമായി തുലനം ചെയ്യുമ്പോൾ അതു ഏതുമില്ല; തീരെ നിസ്സാരമാണ്. ആയിരം വർഷം പോയിട്ട് ദൈവം അനുവദിച്ചു നൽകിയ 120 വർഷം തികക്കുന്നതുതന്നെ ഒരു വലിയ അത്ഭുതമായി ഇരിക്കുന്നു. സാധാരണ ഒരു വ്യക്തിയുടെ ആയുഷ്ക്കാലം എഴുപത് വയസ്സ് ഏറിയാൽ എൺപത്. ഇതിന്റെ 10-ാം വാക്യം അതാണല്ലൊ നമ്മെ ഓർമ്മിപ്പിക്കുന്നത് : "10 ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം;" അപ്പോൾ 1-4 വരെ വാക്യങ്ങളിൽ നാം കണ്ടത്, ദൈവം നിത്യനും നാം മർത്യരുമാണ്. നമ്മുടെ ആയുസ്സ് വളരെ ഹ്രസ്വമാണ്, ചുരുക്കമാണ്.
മനുഷ്യന്റെ ഈ ക്ഷണികത, ചില രൂപകങ്ങൾ ഉപയോഗിച്ച് മോശെ കൂടുതൽ വ്യക്തമാക്കുകയാണ് തുടർന്നുള്ള വേദഭാഗത്ത്. മനുഷ്യജീവിതം വെള്ളം വരുന്നതും ഒഴുകിപ്പോകുന്നതും പോലെയാണ്. അത് ഉറക്കം പോലെയാണ്. അല്ലെങ്കിൽ ഒരു സ്വപനം പോലെയാണ്. അതു രാവിലെ തഴെച്ചു വളരുകയും വൈകുന്നേരം വാടിപ്പോകുകയും ചെയ്യുന്ന പുല്ലു പോലെയാണ്. വാസ്തവത്തിൽ മോശ പറയുന്നത്, ജീവിതം ശരിക്കും ചെറുതാണ്. വളരെ ദൈർഘ്യം കുറഞ്ഞതാണ്. ഇത് ബൈബിൾ വളരെ ഊന്നൽ നൽകുന്ന ഒരു കാര്യമാണ്; ബൈബിളിന്റെ അനേകം ഭാഗങ്ങളിൽ ഇതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കാണാം.
ചില വാക്യങ്ങൾ ഞാൻ നിങ്ങളുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു.
യാക്കോബ് 4:14 “നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ."
ആവി വായുവിൽ അലിഞ്ഞ് പെട്ടെന്ന് അപ്രത്യക്ഷമാകുന്നു. അതുപോലെ മനുഷ്യജീവിതവും ക്ഷണികമാണ്.
സങ്കീർത്തനം 39:5 “5 ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ" സ്വേല.
പുരാതന യിസ്രായേലിൽ അളവുകളിൽ ഏറ്റവും ചെറുതായി കണ്ടിരുന്നത് വിരലിന്റെ നീളമാണ്. അതിനോടു സമമാണ് ആയുസ്സിന്റെ ദൈർഘ്യമെന്നാണ് ഇത് അർത്ഥമാക്കുന്നത്. ഇവിടെ അവസ്സാനം ഉപയോഗിച്ചിരിക്കുന്ന സേലാ എന്ന വാക്ക് സൂചിപ്പിക്കുന്നത്, ഒരു നിമിഷം നിൽക്കു, ചിന്തിക്കു എന്ന നിലയിലാണ്.
ഇയ്യോബ് 9:25 “25 എന്റെ ആയുഷ്കാലം ഓട്ടാളനെക്കാൾ വേഗം പോകുന്നു; അതു നന്മ കാണാതെ ഓടിപ്പോകുന്നു”.
സ്പീഡ് പോസ്റ്റും, ഇന്റെർനെറ്റുമൊന്നും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ഒരു കാര്യം മറ്റൊരാളെ അറിയിച്ചിരുന്നത് എഴുത്തുകളിലൂടെയാണ്. ആ എഴുത്ത് എത്തിക്കുന്നതിനു ഒരു ഓട്ടക്കാരനെ ഏൽപ്പിക്കുന്നു. അദ്ദേഹം ആ എഴുത്തുമായി ഓടുന്നു. ആളുകൾ ഇദ്ദേഹത്തെ ഒരു നിമിഷത്തേക്കെ കാണുകയുള്ളു; കാരണം അദ്ദേഹം പെട്ടെന്ന് ഓടി മറയും. ചുരുക്കി പറഞ്ഞാൽ ഒരുവന്റെ ആയുസ്സ് പെട്ടെന്ന് കഴിഞ്ഞുപോകും.
ഇയ്യോബ് 9:26 "[എന്റെ നാളുകൾ] "26 ...ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു"
കോഴിക്കുഞ്ഞുങ്ങളെ വളർത്തിയിരുന്നവർക്കറിയാം എങ്ങനെയാണ് പരുന്തുവന്ന് കോഴിക്കുഞ്ഞിനെ റാഞ്ചിക്കൊണ്ടു പോകുന്നത് എന്ന്. നിമിഷനേരംകൊണ്ടത് സംഭവിക്കും. കോഴിക്കുഞ്ഞിനെ റാഞ്ചിക്കൊണ്ടുപോയ ശേഷമായിരിക്കും അതിനു സമീപെ നിൽക്കുന്ന മനുഷ്യൻ മനസ്സിലാക്കുകയുള്ളു.
ഇതിൽ നിന്നും കാര്യം വ്യക്തം. മനുഷ്യജീവിതം വളരെ ഹൃസ്വമാണ്. അത് പെട്ടെന്ന് കഴിഞ്ഞുപോകുന്നു. നമ്മുടെ ചുറ്റുപാടും നാമത് കാണുകയും ചെയ്യുന്നു! പ്രായം വർദ്ധിക്കുന്തോറും നമ്മുടെ പഴയകാല സഹപാടികളുടേയും സുഹൃത്തുക്കളുടേയും എണ്ണം വളരെ കുറഞ്ഞുകുറഞ്ഞു വരുന്നു. എന്റെ കളിക്കൂട്ടുകാർ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ചെറുപ്പത്തിൽ കണ്ടു പരിച്ചയിച്ച പല മുഖങ്ങളും ഇന്നു കാണാനില്ല.
എനിക്കിപ്പോൾ 68 വയസ്സായി. രണ്ടു വർഷത്തിനുള്ളിൽ എനിക്ക് എഴുപത് വയസ്സ് തികയും. 10-ാം വാക്യത്തിൽ പറയുന്ന ആദ്യത്തെ കടമ്പ. "ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം;" എനിക്ക് ഇരുപത് വയസ്സുള്ളപ്പോൾ എനിക്ക് എഴുപത് വയസ്സാകുമെന്ന് എനിക്ക് മനസ്സിലാക്കാൻ വിഷമമായിരുന്നു. എനിക്കത് ഒരു വസ്തുതയായി അറിയാമായിരുന്നുവെങ്കിലും എന്റെ ഹൃദയത്തിൽ ഞാനത് കോറിയിട്ടിരുന്നില്ല. അങ്ങനെ സങ്കൽപ്പിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ, ഇപ്പോൾ ഞാൻ അതിനെക്കുറിച്ച് വളരെ ചിന്തിക്കുന്നു, അതിനുള്ള തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുന്നു.
നിങ്ങളുടെ അമ്പതുകളിലോ അറുപതുകളിലോ എഴുപതുകളിലോ ആണെങ്കിൽ, ഞാൻ പറയുന്നത് ഒരുപക്ഷേ നിങ്ങൾക്കു വേഗം പിടികിട്ടും. എന്നാൽ നിങ്ങൾക്ക് നാൽപ്പതോ മുപ്പതൊ ഇരുപതൊ ആണെങ്കിൽ നിങ്ങളുടെ ജീവിതത്തിന്റെ ക്ഷണഭംഗുരതയോടു പൊരുത്തപ്പെടാൻ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഈ യാഥാർത്ഥ്യത്തെ നാം അംഗീകരിക്കണം എന്ന് ഈ സങ്കീർത്തനം നമ്മേ ഓർമ്മിപ്പിക്കുന്നു. ഈ യാഥാർത്ഥ്യത്തെ നാം അംഗീകരിക്കണം.
ദൈവവചനം ഇക്കാര്യത്തിൽ വളരെ വ്യക്തമാണ്. ജീവിതം ചെറുതാണ്, നമ്മൾ മരിക്കും. അത് മനുഷ്യഹൃദയത്തിൽ ജ്വലിക്കുന്ന ഒരു ചോദ്യം ഉയർത്തുന്നു, എന്തുകൊണ്ട്? ഞാൻ എന്തിന് മരിക്കണം? എന്തുകൊണ്ട് ഇത്ര പെട്ടെന്ന്? എന്തുകൊണ്ടാണ് ജീവിതം ഇത്ര ചെറുതായിരിക്കുന്നത്?
കേൾക്കാൻ സുഖകരമല്ലെങ്കിലും 7-11 വാക്യങ്ങൾ ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. “7 ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചും പോകുന്നു. 8 നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു. 9 ഞങ്ങളുടെ നാളുകളൊക്കയും നിന്റെ ക്രോധത്തിൽ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു. 10 ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു. 11 നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ?"
ഇവിടെ 'കോപം' എന്ന വാക്കു രണ്ടു തവണയും 'ക്രോധം' എന്ന വാക്കു മൂന്നു തവണയും ആവർത്തിച്ചിരിക്കുന്നതു കാണാം. എന്തിന്റെ പേരിലാണ് ദൈവത്തിന്റെ കോപം അഥവാ ക്രോധം ജ്വലിക്കുന്നത് എന്നും ഇവിടെ പറയുന്നു. നമ്മുടെ അകൃത്യങ്ങൾ, രഹസ്യപാപങ്ങൾ എന്നിവയാണ് അത്. ഈ വാക്യങ്ങളുടെ ഒരു പ്രത്യേകത എന്തെന്നാൽ, ഈ വാക്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമല്ല, ഒരിക്കൽ മനസ്സിലാക്കിയാൽ അവ അംഗീകരിക്കാൻ അഥവാ സ്വീകരിക്കാൻ എളുപ്പവുമല്ല എന്നതാണത്. ഒരു അവിശ്വാസി എപ്പോഴെങ്കിലും നിങ്ങളുടെ അടുക്കൽ വന്ന് ഞാനൊരു പാപിയാണ്, അതിനാൽ ഞാൻ മരിക്കേണ്ടവനാണ് എന്ന് നിങ്ങളോടു പറഞ്ഞിട്ടുണ്ടോ? എന്നോടാരും ഇതുവരെ പറഞ്ഞിട്ടില്ല. അത്രയും ഒരുവന്റെ വായിൽ നിന്നും വീണുകിട്ടിയാൽ അവൻ 50% രക്ഷിക്കപ്പെടാൻ സാദ്ധ്യതയുള്ള വ്യക്തിയാണ് എന്നു ഞാൻ കരുതുന്നു
"ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചിരിക്കുന്നു" എന്ന് പറയുമ്പോൾ അത് നമ്മോട് ഇടയ്ക്കിടെയുള്ള ദൈവത്തിന്റെ കോപത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. അതൊരു തീരുമാനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ദൈവം തന്റെ നീതിയിൽ എടുത്ത തീരുമാനം, അതായത്, ദൈവം നീതിമാനായതുകൊണ്ട് മനുഷ്യന്റെ പാപത്തെ ന്യായം വിധിക്കും. അതുകൊണ്ട് ന്യായവിധിയുടെ ഫലമായി നാം ക്ഷയിച്ചുപോകുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദൈവത്തിന്റെ പാപത്തിന്റെ മേലുള്ള ന്യായവിധിയുടെ ഫലമാണ് നമ്മുടെ മരണവും നമ്മുടെ ജീവിതത്തിന്റെ ക്ഷണികതയും.
"ഞങ്ങളുടെ അകൃത്യങ്ങളെ നീ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു" എന്നതിനു മൂന്നാം വാക്യവുമായി അടുത്ത ബന്ധമുണ്ട്. "നീ മർത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിൻ എന്നും അരുളിച്ചെയ്യുന്നു."
ഇതു കൂടുതൽ വ്യക്തമാകണമെങ്കിൽ മനുഷ്യസൃഷ്ടിയുടെ ആദ്യനാളുകളിലേക്ക്, അഥവാ ഉല്പത്തി മുന്നിലേക്ക് നമ്മുടെ ശ്രദ്ധയെ കൊണ്ടുപോകേണ്ടിയിരിക്കുന്നു. ആദി മനുഷ്യരായ ആദത്തിന്റേയും ഹവ്വയുടേയും പാപത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ജീവനായ ദൈവത്തോട് ചേർന്ന് നിത്യമായി ജീവിക്കുവാൻ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവത്തെ ധിക്കരിച്ചുകൊണ്ട് പാപം ചെയ്തതിന്റെ ഫലമായിട്ടാണ് ഈ ദുർഗതി അവനു വന്നു ഭവിച്ചത്. ഉൽപ്പത്തി 3:19 ൽ നാം ഇപ്രകാരം വായിക്കുന്നു "19 നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും." സൃഷ്ടിയിൽ ദൈവം മനുഷ്യന്റെ സങ്കേതമായിരുന്നു. അവൻ പാപം ചെയ്തപ്പോൾ ദൈവവുമയുള്ള ബന്ധം അവനു നഷ്ടമായി. അങ്ങനെ അവന്റെ എല്ലാമെല്ലാമായിരുന്ന സങ്കേതം അവനു നഷ്ടമായി. അവൻ ഭയത്തോടും കഷ്ടപ്പാടോടും കൂടെ ഈ ഭൂമിയിൽ അലഞ്ഞു തിരിയേണ്ടതായ് വന്നു. എല്ലാം സുലഭമായിരുന്ന ഏദെന്തോട്ടത്തിലെ സുരക്ഷിതത്വവും സമ്പന്നതയും നഷ്ടപ്പെട്ടവനായി ഏദെനിൽ നിന്നു പുറത്താക്കപ്പെട്ട മനുഷ്യൻ നെറ്റിയിലെ വിയർപ്പുകൊണ്ട് തന്റെ വയറു നിറക്കേണ്ടതായി വന്നു. അങ്ങനെ രോഗത്താലും കഷ്ടതയാലും ജരാനര ബാധിച്ചവനായി ഈ ലോകം വിട്ട് അവനെ എടുത്ത പൊടിയിലേക്ക് തിരികെ ചേരേണ്ടതായി വന്നു.
7-ഉം 9-ഉം വാക്യങ്ങൾ ഈ ദുരവസ്ഥയെ എങ്ങനെ വിശദീകരിക്കുന്നുവെന്ന് നോക്കുക. "നിന്റെ കോപത്താൽ ഞങ്ങൾ ക്ഷയിച്ചിരിക്കുന്നു." "ഞങ്ങളുടെ ദിവസങ്ങളെല്ലാം അങ്ങയുടെ ക്രോധത്തിലൂടെ കടന്നുപോകുന്നു." മനുഷ്യന്റെ പാപത്തിന്റെ മേലുള്ള ദൈവത്തിന്റെ കോപവും ക്രോധവുമാണ് മനുഷ്യന്റെ ക്ഷയതക്കു കാരണം. ദൈവം അതീവ പരിശുദ്ധനാകയാൽ പാപത്തെ ദർശിക്കുവാൻ തനിക്കു കഴിയുകയില്ല. പാപത്തിനു നേരെ ദൈവത്തിന്റെ കോപം ജ്വലിക്കുന്നു. അപ്പോൾ നിങ്ങൾ പാപം ചെയ്യുമ്പോൾ ഓർത്തുകൊള്ളുക ദൈവത്തിന്റെ ക്രോധം നിങ്ങളുടെമേൽ ഇരിക്കുന്നുവെന്ന്. അതാണ് മരണവും നമ്മുടെ ജീവിതത്തിന്റെ ഹ്രസ്വതയും കാണിക്കുന്നത്. എന്നാൽ ഈ സത്യം മനുഷ്യർ ഗ്രഹിക്കുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരം.
11-ാം വാക്യം അതിനെക്കുറിച്ചാണ് പറയുന്നത്. "11 നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ?"
ഇസ്രായേലിന്റെ നേതാവായിരുന്ന മോശയ്ക്ക് നാൽപ്പത് വർഷത്തിനിടെ ഇസ്രായേലിന്റെ പാപത്തിനെതിരായ ദൈവക്രോധത്തിന് സാക്ഷ്യം വഹിക്കാൻ ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. ഇസ്രായേലിന്റെ പരാതിയും ചെറുത്തുനിൽപ്പും മത്സരവും ഈജിപ്തിലേക്കുള്ള മടങ്ങിപ്പോകുവാനുള്ള ആഗ്രഹവും അവരെ അടിമത്തത്തിൽ നിന്ന് വീണ്ടെടുത്ത് അവരെ ഒരു ജനതയാക്കി മാറ്റിയ ദൈവത്തെ എങ്ങനെ വൃണപ്പെടുത്തിയെന്ന് നിരവധി തവണ മോശെക്കു വെളിപ്പെടുത്തേണ്ടിവന്നു (സംഖ്യ 14:22-23).
പാപത്തിനുമേൽ ദൈവത്തിന്റെ കോപം ജ്വലിക്കുന്നുവെന്നത് എത്രപേർ ഗ്രഹിക്കുന്നു? ഇതിനെക്കുറിച്ച് എത്രപേർ ചിന്തിക്കുന്നു. ആളുകൾ അവരുടെ പാപവും മരണവും ദൈവത്തിന്റെ ന്യായവിധിയുടെ ഫലമാണെന്ന് ചിന്തിക്കുന്നില്ല. ആളുകൾ മരിക്കുന്നതു കാണുമ്പോഴെങ്കിലും ഇതിനെക്കുറിച്ച് ചിന്തിക്കണ്ടേ? എന്നാൽ അതിനുക്കുറിച്ചു ചിന്തിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്.
"എന്റെ ജീവിതം അതിന്റെ അവസാനത്തിലേക്ക് കുതിക്കുമ്പോൾ ഞാൻ ഇന്ന് എന്റെ ജീവിതത്തിൽ ദൈവത്തിന്റെ കോപം അനുഭവിക്കുകയാണ്" എന്ന് ഏതെങ്കിലും ഒരു അവിശ്വാസി എന്റെ അടുത്ത് വന്ന് പറഞ്ഞിട്ടില്ല. എങ്കിലും വാസ്തവം അതാണ്. "മനുഷ്യരുടെ എല്ലാ അഭക്തിക്കും അനീതിക്കുമെതിരായ ദൈവത്തിന്റെ ക്രോധം സ്വർഗ്ഗത്തിൽ നിന്ന് വെളിപ്പെട്ടിരിക്കുന്നു" എന്ന് റോമർ 1:18 ൽ നാം വായിക്കുന്നു. ദൈവത്തിന്റെ കോപം പ്രകടമാകുന്ന പ്രധാന മാർഗ്ഗം നമ്മുടെ ജീവിതത്തിന്റെ ഹൃസ്വതയിലും നമ്മുടെ മരണത്തിലുമാണ്. അതാണ് ഈ സങ്കീർത്തനത്തിലെ ആദ്യത്തെ പതിനൊന്ന് വാക്യങ്ങളുടെ പ്രധാനവും ഗൗരവതരവുമായ പോയിന്റ്. അതുകൊണ്ട് നാം എന്താണ് ചെയ്യേണ്ടത് എന്നാണ് സങ്കീർത്തനക്കാരൻ തുടർന്നു പറയുന്നത്.
3. നമ്മുടെ നാളുകളെ എണ്ണുക.
ഇതാണ് മനുഷ്യന്റെ ദുരവസ്ഥയെങ്കിൽ, എന്തെങ്കിലും പ്രതീക്ഷക്കു വകയുണ്ടോ? എല്ലാം നഷ്ടപ്പെട്ടിട്ടില്ല. പ്രതീക്ഷ അറ്റുപോയിട്ടില്ല എന്നാണ് സങ്കീർത്തനക്കാരൻ ഈ 12-ാം വാക്യത്തിൽ പറയുന്നത്. "അതിനാൽ ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം നേടുന്നതിന് ഞങ്ങളുടെ ദിവസങ്ങൾ എണ്ണാൻ ഞങ്ങളെ പഠിപ്പിക്കുക." ദൈവത്തിന്റെ ഉന്നതമായ മഹിമയെക്കുറിച്ചുള്ള അറിവും ആ ദൈവത്തെ ഭയത്തോടും ബഹുമാനത്തോടുംകൂടെ അനുസരിപ്പാൻ മനസ്സുമുള്ളവർക്കേ അതു ഗ്രഹിക്കുവാൻ കഴിയു. സദൃശ്യവാക്യങ്ങളിൽ നാം വായിക്കുന്നത് "യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു" (സദൃ 9:10). നിസ്സാരരായ, മർത്ത്യരായ നാം ദൈവത്തിനെതിരെ പാപം ചെയ്യുകയും അവനെ കോപിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് "നിങ്ങളുടെ ദിനങ്ങളെ എണ്ണിക്കൊള്ളുക." അങ്ങനെ നിങ്ങളുടെ ദിനങ്ങൾ എണ്ണിക്കൊണ്ടാൽ നിങ്ങൾക്കറിയാൻ പാടില്ലാത്ത സമൃദ്ധമായ ജീവന്റെ വഴിയിൽ നടക്കുവാനുള്ള ജ്ഞാനം ദൈവം തന്നു നിങ്ങളെ സഹായിക്കും.
1-11 വാക്യങ്ങളിൽ മോശ പഠിപ്പിക്കുന്ന പ്രധാന സത്യം ഗ്രഹിപ്പാൻ ഞങ്ങളെ സഹായിക്കാൻ ദൈവത്തോട് മൊശെ അപേക്ഷിക്കുന്നു.
അപ്പോൾ ജീവിതം ഹ്രസ്വമാണ്, ഈ ഹ്രസ്വ ജീവിതം ദൈവകോപം എന്ന അപകടത്തിലൂടെ നാം കടന്നു പോകുന്നു; എപ്പോൾ വേണമെങ്കിലും ഈ ജീവിതം അവസ്സാനിക്കാം. അതിനാൽ ജ്ഞാനികളാകാൻ ദൈവവചനം നമ്മെ വിളിക്കുന്നു. അപ്പോൾ ഉയർന്നുവരാവുന്ന വലിയ ചോദ്യം, "എങ്ങനെ?" എങ്ങനെ ജ്ഞാനികളാകാൻ നമുക്കു കഴിയും? വിവേകത്തോടെ ജീവിക്കുവാൻ എങ്ങനെ സാധിക്കും? സന്തോഷത്തോടെ ജിവിക്കുവാൻ എങ്ങനെ സാധിക്കും? അതിനുള്ള ഉത്തരമെന്താണ് എന്നാണ് പതിനാലാം വാക്യത്തിൽ പറയുന്നത്.
4. സന്തോഷിക്കുവാനുള്ള മാർഗ്ഗം, ക്രിസ്തു!
"14 കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും." അതായത്, ഞങ്ങൾ എല്ലായ്‌പ്പോഴും സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യേണ്ടതിന്നു നിന്റെ അചഞ്ചലമായ സ്നേഹത്താൽ രാവിലെ ഞങ്ങളെ തൃപ്തിപ്പെടുത്തേണമേ എന്നാണ് മോശെയുടെ പ്രാർത്ഥന.
ദൈവത്തിന്റെ ജ്ഞാനമാണ് യഥാർത്ഥ ജ്ഞാനം. ജ്ഞാനപൂർവം ജീവിക്കുക എന്നത് ഒരേയൊരു മാർഗ്ഗത്തിലൂടെ മാത്രമേ സംഭവിക്കുകയുള്ളു; അത് ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്താൽ മാത്രമാണ്. ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹത്താൽ അതു യാഥാർത്ഥ്യമായി തീരും.
ദൈവത്തിന്റെ ന്യായവിധിക്ക് കീഴിൽ ജീവിക്കുന്ന സാഹചര്യത്തെക്കുറിച്ച് മോശയ്ക്ക് നന്നായി അറിയാമെങ്കിലും അത് കഥയുടെ അവസാനമല്ലെന്ന് അവനറിയാം. അവനിൽ എന്തോ ഉണ്ട്, അവനിൽ വളരെ ശക്തമായ എന്തോ ഒന്ന്, അത് പതിമൂന്നാം വാക്യത്തിൽ ഒരു നിലവിളിയായി ഉയരുന്നു: "കർത്താവേ, മടങ്ങിവരേണമേ! എത്രകാലം? അടിയങ്ങളോടു കരുണ കാണിക്കേണമേ!” അതായത്, “ദൈവമേ എന്തെങ്കിലും ചെയ്യേണമെ! ഈ അവസ്ഥയിൽ ഞങ്ങളെ കൈവിടരുതേ! ഞങ്ങളോട് കരുണയുണ്ടാകേണമേ!”
സങ്കീർത്തനത്തിന്റെ ബാക്കി മുഴുവനും ദൈവത്തോട് അപേക്ഷിക്കുന്ന മോശയുടെ പ്രാർത്ഥനയാണ്. നിങ്ങൾക്ക് 13-ാം വാക്യത്തിലെ “കർത്താവേ” എന്ന വാക്ക് എടുത്ത് ഇനി പറയുന്ന ഓരോ വാക്യത്തിലേക്കും കൊടുക്കുക.
"കർത്താവേ, ഞങ്ങളെ തൃപ്തിപ്പെടുത്തേണമേ!" (വി. 14).
"കർത്താവേ, ഞങ്ങളെ സന്തോഷിപ്പിക്കേണമേ!" (വി. 15).
"കർത്താവേ, അങ്ങയുടെ പ്രവൃത്തി ഞങ്ങളെ കാണിക്കണമേ!" (വി. 16).
"കർത്താവേ, അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെമേൽ ഉണ്ടാകട്ടെ!" (വി. 17). അതേ, "കർത്താവേ, ഞങ്ങളെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യേണമേ!
ഇത് മോശ അന്ധകാരത്തിൽ നടത്തുന്ന നിരാശാജനകമായ പ്രാർത്ഥനയല്ല; അവൻ എന്താണ് ചോദിക്കുന്നതെന്ന് അവനറിയാം. തനിക്ക് എന്താണ് വേണ്ടതെന്നും കർത്താവ് ചെയ്യേണ്ടത് എന്താണെന്നും അവനറിയാം. 14-ാം വാക്യത്തിൽ അത് ശക്തമായി സംഗ്രഹിച്ചിരിക്കുന്നു. വാസ്തവത്തിൽ, സങ്കീർത്തനം 90:14 ബൈബിളിലെ ഏറ്റവും വലിയ സംഗ്രഹ വാക്യങ്ങളിൽ ഒന്നാണ്. "കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും". അതായത്, ഞങ്ങൾ എല്ലായ്‌പ്പോഴും സന്തോഷിക്കുകയും ഘോഷിച്ചാനന്ദിക്കുകയും ചെയ്യേണ്ടതിന്നു നിന്റെ അചഞ്ചലമായ സ്നേഹത്താൽ രാവിലെ ഞങ്ങളെ തൃപ്തിപ്പെടുത്തേണമേ. അതാണ് വേണ്ടത്. ഇതിലെ "അചഞ്ചലമായ സ്നേഹം" എന്നത് വളരെ ശ്രദ്ധേയമാണ്.
തന്റെ ജനത്തെ സ്നേഹിക്കാനുള്ള ദൈവത്തിന്റെ ശാശ്വതവും അഭേദ്യവുമായ പ്രതിബദ്ധതയെക്കുറിച്ചാണ് ഈ വാക്യം പറയുന്നത്. അത് ദൈവത്തിന്റെ ശാശ്വതവും തികച്ചും വിശ്വസനീയവുമായ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നു. ചിലപ്പോൾ അത് അവന്റെ ഉടമ്പടി സ്നേഹമായി പറയപ്പെടുന്നു, എന്നാൽ പ്രധാന ആശയം അവന്റെ സ്വഭാവത്തിൽ നിന്നും സ്വന്തം ഹൃദയത്തിൽ നിന്നും ഒഴുകുന്ന സ്നേഹമാണ്.
ദൈവത്തിന്റെ ന്യായവിധി എന്ന യാഥാർത്ഥ്യം ഉണ്ടായിരുന്നിട്ടും, സ്നേഹത്തോടുള്ള ഈ പ്രതിബദ്ധത ഇപ്പോഴും അവനിൽ നിലനിൽക്കുന്നു. പതിന്നാലാം വാക്യത്തിലെ ചിന്തയ്ക്ക് ഇത് എത്രത്തോളം നിർണായകമാണെന്ന് നമുക്ക് കാണാൻ കഴിയും: “നിന്റെ അചഞ്ചലമായ സ്നേഹത്താൽ പ്രഭാതത്തിൽ ഞങ്ങളെ തൃപ്‌തിപ്പെടുത്തുക, ഞങ്ങൾ ഞങ്ങളുടെ ദിവസങ്ങൾ മുഴുവൻ സന്തോഷിക്കുകയും ഘോഷിച്ചാനന്ദിക്കുകയും ചെയ്യും.” 1-11 വാക്യങ്ങളിൽ നമ്മുടെ നാളുകളെക്കുറിച്ച് പറയുന്നത് കേട്ടതിനുശേഷം, ഈ പറഞ്ഞതിന്റെ മൂല്യമെന്താണെന്ന് നമുക്ക് അനുഭവിക്കാൻ കഴിയും.
ദൈവത്തിന്റെ അചഞ്ചലമായ സ്നേഹം നമ്മുടെ നിലനിൽപ്പിനും ഏറെ നിർണ്ണായകമാണ്. അത് സകലവും തകിടം മറിക്കുന്നു! ഇവിടെ കാര്യങ്ങൾ തലകീഴായി മറിയുന്നു. നമ്മുടെ പാപത്താലും അതിന്മേലുള്ള ദൈവത്തിന്റെ നീതിനിഷ്‌ഠമായ ന്യായവിധിയാലും നാം തകർന്നിരിക്കുന്നു, പൂർണ്ണമായും തകർന്നിരിക്കുന്നു. നാം ചിന്തിച്ചാലും ഇല്ലെങ്കിലും, നമ്മുടെ ഹൃസ്വമായ ജീവിതം ആ വിധിയുടെ കീഴിലാണ് കഴിച്ചു കൂട്ടുന്നത്. ഇത് നിരാശാജനകമാണ്. അതുകൊണ്ട് ഞങ്ങൾ ഇതാ നിലവിളിക്കുന്നു: "കർത്താവേ, കരുണയുണ്ടാകേണമേ! ഞങ്ങളെ രക്ഷിക്കൂ! എല്ലാറ്റിന്റെയും നിരാശയിൽ നിന്ന് ഞങ്ങളെ പുറത്തു കൊണ്ടുവരു! ഞങ്ങളോട് ദയ കാണിക്കൂ! ഞങ്ങളെ നിരാശപ്പെടുത്തുന്നതിനുപകരം, ഞങ്ങളെ തൃപ്തിപ്പെടുത്തൂ! ഞങ്ങളെ പൂർണ്ണതയുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുവരൂ! ” ദൈവത്തിന്റെ സ്വഭാവത്തെ അറിയുന്ന ഒരുവനു അവൻ എന്തുചെയ്യുമെന്ന് അറിയാം. കുറഞ്ഞത് മോശയ്‌ക്കെങ്കിലും അത് അറിയാം.
അത് കർത്താവിന് തന്റെ ജനത്തോടുള്ള അചഞ്ചലമായ സ്നേഹമാണ്. അത് തന്റെ ജനത്തെ സ്നേഹിക്കാനുള്ള ദൈവത്തിന്റെ ആഴമേറിയ പ്രതിബദ്ധതയുടെ പ്രകടനമാണ്. അത് പൂർണ്ണമായും ദൈവത്തിന്റെ സ്വന്തം സംരംഭമാണ്.
റോമർ 5:6-8-നെ കുറിച്ച് ചിന്തിക്കാതെ എനിക്ക് ആ വാക്കുകൾ എഴുതാൻ കഴിയില്ല: “6 നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു. 7 നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. 8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു."
നമ്മൾ ബലഹീനരായിരിക്കുമ്പോൾ തന്നെ, കൃത്യസമയത്ത് ക്രിസ്തു ഭക്തികെട്ടവർക്കുവേണ്ടി മരിച്ചു. നീതിമാനായ ഒരാൾക്ക് വേണ്ടി ഒരാൾ മരിക്കുകയില്ല. ഒരുപക്ഷേ ഒരു നല്ല മനുഷ്യനുവേണ്ടി ഒരാൾ മരിക്കാൻ തുനിഞ്ഞേക്കാം; എന്നാൽ അതിനുള്ള സാദ്ധ്യത തുലോം കുറവാണ്. എന്നാൽ, ഒരു ശത്രുവിനുവേണ്ടി മരിക്കുക എന്നു പറയുന്നത് മനുഷ്യർക്കു ചിന്തിക്കുവാൻ കഴിയൂന്നതിലും അപ്പുറമായ സംഗതിയാണ്. നാം പാപികളായിരിക്കുമ്പോൾ തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു എന്നതിനാൽ ദൈവം നമ്മോടുള്ള തന്റെ സ്നേഹം കാണിക്കുന്നു. ക്രിസ്തു നമ്മുടെ പാപങ്ങളെ ഏറ്റെടുത്തുകൊണ്ട് കാൽവരി ക്രൂശിൽ നമ്മുടെ പാപങ്ങൾക്കുവേണ്ടി നമുക്കു പകരക്കാരനായി മരിച്ചു. ക്രിസ്തുവിൽ വിശ്വാസമർപ്പിച്ച ഒരു വ്യക്തിക്കു ഇനി പാപത്തിന്റെ ശിക്ഷയായ നരകശിക്ഷ അനുഭവിക്കേണ്ട ആവശ്യമില്ല. ഇതാണ് ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രദർശനം. അങ്ങനെയാണ് ദൈവം നമ്മോടൂ തന്റെ സ്നേഹം പ്രദർശിപ്പിച്ചത്.
പാപത്താലും ദൈവത്തിന്റെ ന്യായവിധിയാലും തകർന്നുപോയ ഒരു ജനതയെ രക്ഷപ്പെടുത്താനും അതിനാൽ, നമ്മുടെ ദിവസങ്ങളിൽ സന്തോഷിക്കാനും ഘോഷിച്ചുല്ലസിക്കുവാനും ഇടയാക്കുന്ന ഒരേയൊരു കാര്യം അതാണ്! ദൈവം നമ്മോടുള്ള തന്റെ അചഞ്ചലമായ സ്നേഹം കാണിക്കുന്നില്ലെങ്കിൽ, നാം ഇപ്പോഴും 7, 9 വാക്യങ്ങളിലാണ് - ഇപ്പോഴും ദൈവത്തിന്റെ കോപത്താൽ നിരാശരായി, യാതൊരു പ്രതീക്ഷയുമില്ലാതെ അവന്റെ ക്രോധത്തിൻകീഴിൽ നമ്മുടെ ദിവസങ്ങൾ കടന്നുപോകുന്നു. ദൈവം തന്റെ അചഞ്ചലമായ സ്നേഹം നമ്മോട് കാണിക്കുന്നില്ലെങ്കിൽ, 10-ാം വാക്യത്തിൽ, എഴുപതോ എൺപതോ ആയ ചെറിയ വർഷത്തെ ജീവിതത്തിനുശേഷം ദൈവത്തിൽ നിന്ന് എന്നന്നേക്കുമായി വേർപെടുന്ന ഭയാനകമായ നരകത്തിലേക്ക് നാം പോകേണ്ടതായ് വരും.
എന്നാൽ ഇപ്പോൾ, "ദൈവം തന്റെ ഏകജാതനെ നൽകുവാൻ തക്കവണ്ണം ലോകത്തെ അത്രമാത്രം സ്നേഹിച്ചതിനാൽ, അവനിൽ വിശ്വസിക്കുന്ന ഏതൊരാളും "നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നു" (യോഹന്നാൻ 3:16). ഇതിൽ നമുക്ക് എല്ലാ ദിവസവും സന്തോഷിക്കാനും ഘോഷിച്ചുല്ലസിക്കാനും കഴിയും!
11-ാം വാക്യത്തിൽ നാം കണ്ടതുപോലെ, ദൈവത്തിന്റെ കോപത്തേയും ക്രോധത്തേയും കുറിച്ചു ചിന്തിക്കുന്നതിനു പകരം, ദൃഢമായ-സ്നേഹത്താൽ-രക്ഷിക്കപ്പെട്ടവരും, അചഞ്ചലമായ-സ്നേഹത്താൽ- സംതൃപ്തരായ ആളുകളും എന്ന നിലയിൽ, ദൈവത്തിന്റെ രക്ഷാപ്രവർത്തനത്തെ ദൈവജനത്തിന്റെയും അവരുടെ കുട്ടികളുടെയും മുമ്പാകെ ഘോഷിക്കപ്പെടാൻ നമുക്ക് ആഗ്രഹിക്കാം. (വി. 16). അവസാനമായി, നാം നിൽക്കുന്നത്, ദൈവത്തിന്റെ ദൃഢമായ സ്നേഹത്തിന്റെ പ്രകടനത്തിലാണ് എന്ന് മോശയോടുചേർന്ന് നമുക്കും പറയാം, നമ്മുടെ ജീവിതത്തിലായാലും, നമ്മുടെ ശുശ്രൂഷകളിലായാലും അല്ലെങ്കിൽ ലോകത്തിലെ ദൈവത്തിന്റെ വലിയ വേലയിലെ നമ്മുടെ പങ്കാളിത്വത്തിലായാലും ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിലാകട്ടെ നമ്മുടെ പ്രശംസ. നമ്മുടെ ദൈവമായ കർത്താവിന്റെ കൃപ നമ്മുടെമേൽ ഉണ്ടാകുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ!