top of page

സങ്കീർത്തന പരമ്പര-17

Praise be to God who has given glory to mankind!
Psalm 8

"1ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
2 നിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു.
3 നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,
4 മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
5 നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
6 നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;
7 ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും
8 ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.
9 ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!"

രചനയും സന്ദർഭവും

സൃഷ്ടിയെപ്രതി ദൈവത്തെ സ്തുതിക്കുക എന്നത് സങ്കീർത്തന പുസ്തകത്തിൽ (ഉദാ സങ്കീ. 19, 29, and 104) ആവർത്തിച്ചുവരുന്ന ഒരു പ്രമേയമാണ്. സങ്കീർത്തനം 8 ഉം അത്തരമൊരു സങ്കീർത്തനമാണ്. ഈ മനോഹരവും അതിബൃഹത്തായതുമായ സൃഷ്ടിയേയും അതിനെ ഭരിക്കുവാനായി മനുഷ്യനേയും ദൈവം നിയമിച്ചിരിക്കുന്നു എന്നത് ദൈവത്തെ സ്തുതിക്കുവാൻ മതിയായ കാരണമാണ്. വിശ്വാസികൾ ദൈവത്തിന്റെ സൃഷ്ടിയായി കണ്ട് പ്രകൃതി സൗന്ദര്യം ആസ്വദിക്കുമ്പോൾ അവർ വാസ്തവത്തിൽ ദൈവത്തിന്റെ മഹത്വത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. ആകാശത്തെക്കുറിച്ചുള്ള ധ്യാനം സ്തുതിയിലേക്ക് നയിക്കുന്നു; ആകാശത്തെക്കുറിച്ചുള്ള ധ്യാനത്തിൽ, ഒരു മനുഷ്യന്റെ നിസ്സാരത അയാൾക്ക് അനുഭവപ്പെടുന്നു. അത്തരം ധ്യാനത്തിൽ നിന്ന് വരുന്ന സ്തുതി, മനുഷ്യവർഗ്ഗത്തെ മഹത്തരമാക്കാനും, സ്രഷ്ടാവിന് സ്തുതിയും ആരാധനയും അർപ്പിക്കാൻ പ്രാപ്തരാക്കാനും ഉള്ള സ്രഷ്ടാവിന്റെ ദൈവിക പദ്ധതിയാണ്. ഈ സങ്കീർത്തനത്തിന്റെ മറ്റൊരു സവിശേഷത ഇത് ഉല്പത്തി 1-ാം അധ്യായത്തിന്റെ ഒരു ഗാനപ്രതിഛായയാണ് എന്നതാണ്.

കേന്ദ്രസന്ദേശം.

സൃഷ്ടിയെക്കുറിച്ചുള്ള തന്റെ പദ്ധതി നടപ്പിലാക്കുന്നതിൽ ദുർബലരും ബലഹീനരുമായ മർത്യരെ ഒരു പങ്കു വഹിക്കാൻ പ്രാപ്തരാക്കിക്കൊണ്ട് ദൈവം തന്റെ മഹത്വം പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്തു. സ്വർഗ്ഗസ്ഥനായ മഹത്വമുള്ള കർത്താവ്, എല്ലാ വിധത്തിലും ഉന്നതമായ നാമം വഹിക്കുന്നവനാണെങ്കിലും, മനുഷ്യനെക്കുറിച്ചു ചിന്തിക്കുന്നതു കാണുമ്പോൾ സങ്കീർത്തനക്കാരൻ അത്ഭുതപ്പെടുന്നു, അതിനു പകരമായി മനുഷ്യൻ ദൈവത്തെ ഉയർത്തുകയും എല്ലാ സൃഷ്ടികളുടെയുംമേൽ അവന് ആധിപത്യം നൽകുകയും വേണം.

സങ്കീർത്തനഘടന

ഈ സങ്കീർത്തനത്തെ രണ്ടായി തിരിക്കാം: ദൈവത്തിന്റെ മഹത്വം (1b, 2), മനുഷ്യവർഗ്ഗത്തിന്റെ ആഘോഷം (3—8). സങ്കീർത്തനത്തിന്റെ മദ്ധ്യഭാഗത്ത്, അതായത് അഞ്ചാം വാക്യത്തിൽ ദൈവസാദൃശ്യത്തിൽ സൃഷ്ടിച്ച (ഉല്പത്തി 1:26-27) മനുഷ്യനു ദൈവം കൽപ്പിച്ച അധികാരവും മഹത്വവും ദൈവത്തോടു ബന്ധപ്പെട്ടു ജീവിക്കാനും ദൈവത്തെ മഹത്വപ്പെടുത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ ദൈവത്തെ സ്തുതിക്കാതെ മനുഷ്യർ ആ ശക്തിയെ വളച്ചൊടിക്കുകയും അധികാരം ദുരുപയോഗം ചെയ്യുകയും ചെയ്തു.

ദൈവം തന്റെ കൃപയാൽ മനുഷ്യനെ എല്ലാ സൃഷ്ടികളെയും ദൈവത്തിന്റെ പ്രതിനിധികളായി അവയെ പരിപാലിക്കാനും ഭരിക്കാനും നിയോഗിച്ചു. എന്നാൽ മനുഷ്യൻ പാപം ചെയ്തതിലൂടെ അവൻ ഈ അധികാരം നഷ്ടമാക്കി. എബ്രായലേഖനകാരൻ ഇതിനെക്കുറിച്ച് പറയുന്നതിപ്രകാരമാണ്: "സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല" (എബ്രായർ 2:6—9). എന്നിരുന്നാലും, ദൈവിക പദ്ധതിയുടെ പൂർത്തീകരണത്തിൽ അത് സാക്ഷാത്കരിക്കപ്പെടും, കാരണം ദൈവപുത്രൻ ദൂതന്മാരേക്കാൾ അല്പം താഴ്ചയുള്ള മനുഷ്യനായിത്തീർന്നു, ഒടുവിൽ അവൻ എല്ലാം തന്റെ ആധിപത്യത്തിൻ കീഴിലാക്കും.

1. യഹോവയുടെ മഹത്വം സൃഷ്ടിയിലുടെ വെളിപ്പെടുത്തിയിരിക്കുന്നതിനാൽ ആളുകൾ ദൈവത്തെ സ്തുതിക്കണം (1a).

യഹോവയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടാണ് സങ്കീർത്തനം ആരംഭിക്കുന്നത്: "ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!" "യഹോവ" എന്ന് മലയാളത്തിൽ വിവർത്തനം ചെയ്തിരിക്കുന്ന “Yahweh” എന്ന ഹെബ്രായ പദം ദൈവത്തിന്റെ വിശുദ്ധവും ഭയങ്കരവുമായ നാമത്തെ സൂചിപ്പിക്കുന്നു. അതിനോടു ചേർന്ന് "our Lord" (Adonai) അഥവാ “നമ്മുടെ കർത്താവ്” എന്ന് ഉപയോഗിച്ചുകൊണ്ട്, യാഹ്വെയെ നമ്മുടെ പരമാധികാര യജമാനൻ അല്ലെങ്കിൽ രാജാവ് എന്ന് അംഗീകരിച്ചിരിക്കുന്നു.

ഇത് സങ്കീർത്തനത്തിന്റെയും തിരുവെഴുത്തിന്റെയും അടിസ്ഥാന അർത്ഥം വ്യക്തമായി പ്രകടിപ്പിക്കുന്നു, ഇസ്രായേലിന്റെ ദൈവം പരമാധികാര സ്രഷ്ടാവാണ്. അതിൽ അതിശയം പൂണ്ട സങ്കീർത്തനക്കാരൻ “ഭൂമിയിലെല്ലാം നിന്റെ നാമം എത്ര മഹത്വമുള്ളതാണ്!” എന്ന് ആദരപൂർവ്വം ദൈവത്തെ സ്തുതിക്കുന്നു. “നാമം” എന്നത് യഹോവയുടെ പ്രകൃതിയെ (സ്വഭാവത്തെ) കുറിക്കുന്നു. ഇവിടെ ഒരുപക്ഷേ സകല സൃഷ്ടികളുടെയും മേലുള്ള അവന്റെ പരമാധികാരത്തെ ഊന്നിപ്പറയുന്നു. ഭൂമിയിലെങ്ങും അവന്റെ പരമാധികാരം "ഗംഭീരമാണ്", ശ്രേഷ്ഠമാണ്, മഹത്വമേറിയതാണ്.

ഭൂമിയിലുള്ള എല്ലാ ആളുകളും കർത്താവിനെ അറിയുന്നു എന്നോ അവന്റെ ശക്തിയെയും മഹത്വത്തെയും അംഗീകരിക്കുന്നു എന്നോ ഇത് അർത്ഥമാക്കുന്നില്ല, മറിച്ച് വിശ്വസ്തർ അവൻ എല്ലാറ്റിനും മീതെയുള്ള ശക്തനായ പരമാധികാരിയാണെന്ന് അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നാണ്. ഈ ചിന്ത ഒരു വിശ്വാസിയെ ദൈവമുൻപാകെ തങ്ങളെത്തന്നെ താഴ്ത്തുന്നതിനും ദൈവത്തെ സ്തുതിക്കുന്നതിനും ഇടയാക്കണം.

പ്രായോഗികത: ദൈവത്തിന്റെ മഹത്വത്തെ കണ്ടറിഞ്ഞ് ദൈവത്തെ സ്തുതിക്കുക. ദൈവം മുഴുവൻ ഭൂമിയുടെയും ഉടമസ്ഥനാണെന്നും കർത്താവാണെന്നും ഓർമ്മിക്കാൻ ദൈവത്തെ "ഞങ്ങളുടെ കർത്താവ്" എന്ന് വിളിച്ചുകൊണ്ട് നിങ്ങളുടെ ആരാധന വ്യക്തിപരമാക്കുക. ദാവീദ് സൃഷ്ടിയെ നോക്കി അവന്റെ മഹത്തായ നാമത്തെ സ്തുതിച്ചതുപോലെ, നിങ്ങളുടെ വീടിനും, ജോലിസ്ഥലത്തിനും, മുഴുവൻ ലോകത്തിനും മേലുള്ള ദൈവത്തിന്റെ മഹത്വം അംഗീകരിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക.

2. സ്രഷ്ടാവിന്റെ ശക്തിയും കൃപയും ആളുകൾ അംഗീകരിച്ചുകൊണ്ട് ദൈവത്തെ സ്തുതിക്കണം (1b—8).

ദൈവത്തിന്റെ നാമം ഭൂമിയിലൊക്കേയും ശ്രേഷ്ടമായിരിക്കുന്നു എന്ന് പറയുവാനുള്ള കാരണമാണ് തുടർന്നുള്ള ഭാഗം വ്യക്തമാക്കുന്നത്. "ദൈവം തന്റെ തേജസ്സ് ആകാശത്തിന് മീതെ വെച്ചിരിക്കുന്നു." “തേജസ്സ്” എന്ന വാക്ക് സാരാംശത്തെ ഊന്നിപ്പറയുന്നു, അതായത്, അവൻ അസ്തിത്വത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. മറ്റൊരു രീതിയിലും ഇതു മനസ്സിലാക്കാം: അവന്റെ ശക്തിക്കും മഹത്വത്തിനും സാക്ഷ്യം വഹിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളെയും “യഹോവയുടെ മഹത്വം” എന്ന് പറയാം. ആകാശത്തിന്റെ പരപ്പും വ്യാപ്തിയും അവയിലുള്ള സകല ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഗാലക്സികളുടെയും സങ്കീർണ്ണതകളും അതു സൃഷ്ടിച്ച ദൈവത്തിന്റെ ശക്തിയെയും മഹത്വത്തെയുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനേക്കാൾ അതിശയകരമായ മറ്റൊരു വസ്തുത, നിലത്തെ പൊടിയിൽ നിന്ന് ഒരു ദുർബല മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയുടെ മേലുള്ള ആധിപത്യം അവനെ ഏൽപ്പിച്ചിരിക്കുന്നു എന്നതാണ്. അതും ദൈവത്തിന്റെ മഹത്വത്തിന്റെ മറ്റൊരു പ്രദർശനമാണ്. അത്തരം ശക്തി, അത്തരം അധികാരം, തീർച്ചയായും “നമ്മുടെ കർത്താവായ” യഹോവയ്ക്ക് മാത്രമുള്ളതാണ്.
ഈ ദൈവം ദുർബലവും അപര്യാപ്തവുമായി തോന്നുന്ന കാര്യങ്ങളിലൂടെ പ്രവർത്തിക്കുന്നു എന്നതാണ് രണ്ടാം വാക്യം പറയുന്നത്. "നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു."

കുട്ടികളുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ; ഒരുപക്ഷേ അവരുടെ വിശ്വാസത്തിന്റെ പ്രകടനങ്ങളോ, ദൈവത്തിന്റെ സൃഷ്ടിയെയോ രക്ഷയെയോ സ്തുതിക്കുന്ന വാക്കുകളോ, അതല്ലെങ്കിൽ സഹായത്തിനായുള്ള നിലവിളികളോ ആകാം. നിസ്സാരമെന്ന് തോന്നുന്ന ഒരു കുട്ടിയുടെ അത്തരം ചില വാക്കുകൾ, ബലവാന്മാരെന്നു തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്ന ദുഷ്ടന്മാരെ നിശബ്ദമാക്കാനുള്ള ദൈവത്തിന്റെ മാർഗ്ഗമാണ്. ദുർബലരും നിരപരാധികളുമായവർക്ക് അപകടമുണ്ടാക്കുന്ന എന്തും നശിപ്പിച്ചുകൊണ്ട്, അല്ലെങ്കിൽ ദുഷ്ടന്മാരിൽ നിന്ന് ദുർബലരെ സംരക്ഷിച്ചുകൊണ്ട്, അവരുടെ നിലവിളികൾക്ക് ദൈവം ഉത്തരം നൽകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ചില വ്യക്തികൾ ദുർബലരും ബലഹീനരുമായി കാണപ്പെട്ടേക്കാം, പക്ഷേ അവർക്ക് ദൈവികശക്തിയുടെ പ്രത്യേക സംരക്ഷണമുണ്ട്. ദൈവം സൃഷ്ടിയെ ക്രമീകരിച്ചിരിക്കുന്നത് ഈ നിലയിലാണ്. ശക്തരെ ലജ്ജിപ്പിക്കാൻ ദുർബലമായ കാര്യങ്ങൾ ഉപയോഗിക്കുന്നതു ദൈവം തിരഞ്ഞെടുത്തു. എതിരാളികളെ നിശബ്ദരാക്കാൻ ശക്തരായ ആളുകളെയോ വാചാലരായ പ്രസംഗകരെയോ അവനു ഉപയോഗിക്കേണ്ടതില്ല; പകരം, സഹായത്തിനായുള്ള ഒരു ലളിതമായ നിലവിളി ദൈവം കേൾക്കുകയും ലോകത്തെ ജയിക്കുകയും ചെയ്യും. ഇതാണ് ദൈവം ശത്രുവിനെയും പ്രതികാരകനെയും തടയാനുള്ള മാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നത്.

ഇതൊക്കെയാണെങ്കിലും, ദൈവത്തിന്റെ ശത്രുക്കൾ ഇപ്പോഴും നിലനിൽക്കുന്നു, നീതിമാന്മാർക്ക്, പ്രത്യേകിച്ച് ദുർബലർക്ക് അവർ ഭീഷണി ഉയർത്തുന്നു. എന്നാൽ ഒരു ദിവസം ദൈവം ദുഷ്ടന്മാരെ അവരുടെ അവസാനത്തിലേക്ക് കൊണ്ടുവരും; ആ വിജയം വിശ്വാസത്തിന്റെ വിജയമായിരിക്കും, ദൈവത്തിന്റെ ശക്തിയെക്കുറിച്ചുള്ള അംഗീകാരം എത്ര ചെറുതും ലളിതവുമാണെങ്കിലും ദൈവം അത് വിജയത്തിലേക്ക് എത്തിക്കും.

പ്രായോഗികത: ഓരോ വ്യക്തിയുടെയും മൂല്യം തിരിച്ചറിയുക. ലളിതവും ദുർബലവുമായ ശബ്ദങ്ങളെ വിലമതിക്കുക; ദൈവം ബലഹീനരെയും യുവാക്കളെയും സാധാരണക്കാരെയും (ശിശുക്കളെയും കുട്ടികളെയും പോലെ) ശക്തമായ പ്രവൃത്തികൾക്കായി ഉപയോഗിക്കുന്നുവെന്ന് ഓർമ്മിക്കുക. ലളിതമോ ശാന്തമോ ആയ പ്രാർത്ഥനകളെ നിസ്സാരമായി കാണരുത്. എതിർപ്പുകളെ മറികടക്കാൻ, പ്രശ്‌നങ്ങളെ അതിജീവിക്കാൻ ദൈവത്തിൽ ആശ്രയിക്കുക. മനുഷ്യശക്തിയെക്കുറിച്ചുള്ള അനാവശ്യമായ ഭയം, ഉത്കണ്ഠ എന്നിവയെ ശാന്തമാക്കാൻ ലളിതമായ സ്തുതിയും ദൈവത്തിലുള്ള സത്യസന്ധമായ ആശ്രയവും സഹായിക്കുമെന്ന് വിശ്വസിക്കുക.

B. യഹോവ മനുഷ്യരാശിയെ ആധിപത്യം നൽകി അനുഗ്രഹിക്കുന്നു എന്നതോർത്ത് ദൈവത്തെ സ്തുതിക്കണം (3—8).

3-8 വരെയുള്ള വേദഭാഗം മർത്യരായ മനുഷ്യർക്കുവേണ്ടിയുള്ള ദൈവത്തിന്റെ കരുതലിനെയും രൂപകൽപ്പനയെയും കുറിച്ചാണ്. 3-ഉം 4-ഉം വാക്യങ്ങൾ ഒരു നിരീക്ഷണത്തോടെയാണ് ആരംഭിക്കുന്നത്. സങ്കീർത്തനക്കാരൻ ദൈവത്തിന്റെ സൃഷ്ടിയെ നോക്കുമ്പോൾ, ആദ്യത്തെ വികാരം അത്ഭുതത്തിന്റേതായ ഒരു വികാരമാണ്. കാരണം, മനുഷ്യവർഗ്ഗം ദൈവത്തിന്റെ ബൃഹത്തായ സൃഷ്ടിയുടെ ഒരു ചെറിയ അംശം മാത്രമാണ്. എല്ലാ സൃഷ്ടികളെയും ദൈവത്തിന്റെ വിരലുകളുടെ പണിയായും ദിവ്യ ശില്പിയുടെ പ്രവൃത്തിയായും സങ്കീർത്തനക്കാരൻ കാണുന്നു. വാക്യത്തിൽ ആകാശത്തിലെ ചന്ദ്രനെയും നക്ഷത്രങ്ങളെയും മാത്രമേ പരാമർശിക്കുന്നുള്ളു. അങ്ങനെയാണെങ്കിൽ പോലും, ദൈവം വളരെ ഗാംഭീര്യമുള്ളവനും ശക്തനുമാണ്, കാരണം തനിക്കു കേവലം ചില വാക്കുകളാൽ ഇതെല്ലാം സൃഷ്ടിക്കാൻ കഴിഞ്ഞിരിക്കുന്നു.

നാലാം വാക്യം സങ്കീർത്തനക്കാരൻ തന്റെ അത്ഭുതവും അതിശയവും വാചാടോപപരമായ ഒരു ചോദ്യത്തിലൂടെ പ്രകടിപ്പിക്കുന്നതാണ്: “ മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?" അത്തരമൊരു ദൈവം എന്തിനാണ് വെറും മർത്യരെക്കുറിച്ചു ഓർക്കേണ്ടത്? നീ മനുഷ്യനെ ഓർക്കാൻ, മനുഷ്യപുത്രനെ സന്ദർശിക്കാൻ, അവൻ ആരാണ്? യാതൊരു പ്രാധാന്യവുമില്ലാത്ത മരിച്ചുപോകുന്ന മനുഷ്യനെക്കുറിച്ചു ചിന്തിക്കാൻ അവൻ എന്തുമാത്രമുള്ളു. അവൻ മണ്ണുകൊണ്ടു സൃഷ്ടിക്കപ്പെട്ടവൻ അല്ലയൊ?

വിവരണങ്ങൾ പൊതുവെ മനുഷ്യരാശിയെക്കുറിച്ചാണ്, ഏതെങ്കിലും സ്ത്രീകളെ കുറിച്ചൊ, ഏതെങ്കിലും പുരുഷന്മാരെക്കുറിച്ചൊ അല്ല. മനുഷ്യരെല്ലാം സൃഷ്ടിയിൽതന്നെ പൊതുവെ ദുർബലരും നിസ്സാരരുമാണ്. ഇനിയും വിശാല പ്രപഞ്ചത്തിന്റെ പശ്ചാത്തലത്തിൽ നോക്കിയാലും അവർ നിസ്സാരരാണ്. എങ്കിലും “നീ അവനെ ഓർക്കുന്നു.” “ഓർമ്മിക്കുക” എന്ന വാക്ക് മനസ്സിൽ വരുന്ന കാര്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിനെ സൂചിപ്പിക്കുന്നു. സൃഷ്ടിയുടെ സകല മഹത്വവും പേറുന്ന ദൈവം തനിക്കുവേണ്ടി കാര്യങ്ങളെ ചെയ്യുമ്പോൾ മനുഷ്യനെക്കുറിച്ച് ചിന്തിക്കുന്നതിൽ സങ്കീർത്തനക്കാരൻ അത്ഭുതപ്പെടുന്നു. സമാന്തരവാക്യത്തിലെ "സന്ദർശിക്കുക" എന്ന ക്രിയ ഈ പോയിന്റ് കൂടുതൽ ശക്തമാക്കുന്നു. "സന്ദർശിക്കുക" എന്ന വാക്ക് സാധാരണയായി ആളുകളുടെ വിധി മാറ്റുന്ന ദിവ്യ ഇടപെടലിനെ സൂചിപ്പിക്കുന്നു. ആളുകളുടെ ഭാവിയെ മാറ്റി മറിക്കുന്ന ദൈവിക ഇടപെടലിനെ കുറിക്കുന്നു. ആളുകൾ എത്ര ദുർബലരോ നിസ്സാരരോ ആയി തോന്നിയാലും, ദൈവം അവർക്കുവേണ്ടിയുള്ള പദ്ധതി നടപ്പിലാക്കാൻ അവരുടെ ജീവിതത്തിൽ ഇടപെടുന്നു.

5 ഉം 6 ഉം വാക്യങ്ങളിൽ വെറും മർത്യരായ മനുഷ്യർക്കായി ദൈവം എന്താണ് ഉദ്ദേശിച്ചത് എന്ന് വിവരിക്കുന്നു. ഒന്നാമതായി, മനുഷ്യർ ദൈവികരോ അമാനുഷിക ജീവികളോ അല്ലെന്ന് വ്യക്തമാക്കുന്നു. യഹോവ മനുഷ്യനെ "ദൈവത്തേക്കാൾ അല്പം താഴ്ന്നവനായി" സൃഷ്ടിച്ചുവെന്ന് വാചകം സ്ഥിരീകരിക്കുന്നു. ഈ വാക്യത്തിലെ “ദൈവം” (’ĕ•lō•hîm) എന്ന വാക്ക് ധാരാളം ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഗ്രീക്ക് പതിപ്പിൽ ഈ വാക്ക് “ദൂതന്മാർ” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്, എന്നാൽ ആ വാക്ക് സാധാരണയായി മാലാഖമാരെ സൂചിപ്പിക്കാൻ ഉപയോഗിക്കാറില്ല. ആധുനിക വിവർത്തനങ്ങളിൽ ഇത് “ദിവ്യജീവികൾ” അല്ലെങ്കിൽ “അതീന്ദ്രിയജീവികൾ” അല്ലെങ്കിൽ “സ്വർഗ്ഗീയജീവികൾ” എന്നൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. ഇവ “ദൂതന്മാർ” എന്ന് പറയുന്നതിനുള്ള മറ്റൊരു മാർഗ്ഗമാണ് എന്നു പറയാം. 6-ാം വാക്യം ഉല്‌പത്തി 1:26-ൽ “ദൈവത്തിന്റെ പ്രതിമ”യെ (The Imago Dei) പ്രത്യേകമായി പരാമർശിക്കുന്നതിനാൽ, “ദൈവം” എന്ന് വിവർത്തനം ചെയ്യുന്നതാണ് ഉചിതം. സ്രഷ്ടാവ് മനുഷ്യനെ ദൈവത്വത്തേക്കാൾ താഴ്ത്തി സൃഷ്ടിച്ചു.

ദൈവം മനുഷ്യനെ ദൈവത്തേക്കാൾ താഴ്ത്തി സൃഷ്ടിച്ചെങ്കിലും, അവൻ അവനെ മഹത്വവും ബഹുമാനവും കൊണ്ട് കിരീടമണിയിച്ചു. “മഹത്വവും ബഹുമാനവും” എന്നീ വാക്കുകൾ സാധാരണയായി ദൈവിക മഹത്വത്തെ പരാമർശിക്കുന്ന വാക്കുകളാണ്; ആദ്യത്തേത് അന്തസ്സിനെയും പ്രാധാന്യത്തെയും ഊന്നിപ്പറയുന്നു, രണ്ടാമത്തേത് ബാഹ്യ മഹത്വത്തെയും. ദൈവം തന്റെ കൃപയിൽ മനുഷ്യവർഗത്തെ ഇവ ഉപയോഗിച്ച് “കിരീടം അണിയിച്ചിരിക്കുന്നു”. 6-ാം വാക്യത്തിൽ മനുഷ്യവർഗ്ഗത്തിന് നൽകിയിരിക്കുന്ന ആധിപത്യം മുൻകൂട്ടി കാണാൻ ക്രിയ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്തിരിക്കുന്നു. ഒരു രാജാവിനെ കിരീടധാരണം ചെയ്യുന്നതും മഹത്വത്തിന്റെ ഗുണങ്ങൾ നൽകുന്നതുമായ അതിലടങ്ങിയിരിക്കുന്നു. ഉല്പത്തി പുസ്തകത്തിൽ മനുഷ്യരെ ദൈവത്തിന്റെ പ്രതിച്ഛായയായി സൃഷ്ടിച്ചിരിക്കുന്നു എന്ന് പറയുന്നതിനുള്ള മറ്റൊരു മാർഗ്ഗമാണിത്. മനുഷ്യരെ സൃഷ്ടിക്കുന്നതിനും അവരെ മഹത്വവും ബഹുമാനവും കൊണ്ട് കിരീടമണിയിക്കുന്നതിനും ഒരു ഉദ്ദേശ്യമുണ്ട്, ദൈവത്തിന്റെ പ്രവൃത്തികളുടെ മേൽ അവർക്ക് ആധിപത്യം നൽകുക എന്നതാണത്. ഉല്പത്തിയിൽ കാണുന്നതിനേക്കാൾ വ്യത്യസ്തമായ ഒരു വാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആ വാക്ക് hiphil എന്നതാണ്. സങ്കീർത്തനം 66:7 "വാഴുന്നു" എന്ന നിലയിൽ ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നു: "അവൻ തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു." ഇവിടെ അത് ആധിപത്യത്തെയും ഭരണാധിത്തെയും ഊന്നിപ്പറയുന്നു. അതായത്, ദൈവം സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു. "കാൽക്കീഴക്കിയിരിക്കുന്നു" എന്ന വാക്കിനുശേഷം കൊടുത്തിരിക്കുന്ന കോളൻ ഉല്പത്തിയിലെ ആധിപത്യം എന്ന ആശയം നിലനിർത്തുന്നു (“അതിനെ അടക്കി വാഴുക" ഉല്പത്തി 1:28). ചുരുക്കത്തിൽ, ദൈവത്തിന്റെ സൃഷ്ടിയിലൂടെ ഓരോ മനുഷ്യനും ഈ ഗ്രഹത്തിലെ ജീവികളെ ഭരിക്കാനുള്ള നിയോഗവും കഴിവും നൽകപ്പെട്ടു. സങ്കീർത്തനത്തിന്റെ ബാക്കി ഭാഗങ്ങൾ ഈ ആധിപത്യത്തെയും മേഖലയേയും പ്രജകളെയും നിർവചിക്കുന്നു: ആടുകൾ, കാളകൾ, വയലുകളിലെ കന്നുകാലികൾ, ആകാശത്തിലെ പക്ഷികൾ, കടലിലെ മത്സ്യം, കടലിന്റെ വഴികളിലൂടെ കടന്നുപോകുന്ന മറ്റു ജീവികൾ. ഇവയെ മനുഷ്യവർഗ്ഗത്തിന്റെ ആധിപത്യത്തിൻ കീഴിലാക്കിയത് ദൈവത്തിന്റെ കൈകളുടെ പ്രവൃത്തിയാണ്.

പ്രായോഗികത: ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടിച്ചത് സൃഷ്ടിയെ പരിപാലിക്കാനും (കാര്യനിർവ്വഹണം) സംരക്ഷിക്കാനുമാണ്. വിശ്വാസികൾ പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെയും, മൃഗങ്ങളോട് മാനുഷികമായി പെരുമാറുന്നതിലൂടെയും, പരിസ്ഥിതിയെ നശിപ്പിക്കുന്നതിനുപകരം അതിനെ പരിപാലിക്കുന്നതിലൂടെയും ഇത് പ്രാവർത്തികമാക്കുന്നു.

പാപത്തിന്റെ സാന്നിധ്യം നിമിത്തം മനുഷ്യവർഗം ദൈവത്തിന്റെ സൃഷ്ടിയെ ഉദ്ദേശിച്ച രീതിയിൽ ഭരിച്ചിട്ടില്ലെന്ന് പുതിയ നിയമത്തിൽ അപ്പോസ്തലന്മാർ ചൂണ്ടിക്കാണിക്കുന്നു. സൃഷ്ടി കീഴടങ്ങുകയല്ല, മറിച്ച് കുഴപ്പത്തിലാണ് (chaos). ഇത് എങ്ങനെ യഥാസ്ഥാനത്താക്കപ്പെടുമെന്ന് പുതിയ നിയമം വിശദീകരിക്കുന്നു. ജഡാവതാരത്തിലൂടെ, ദൈവപുത്രൻ മർത്യശരീരം സ്വീകരിച്ചു, ദൂതന്മാരെക്കാൾ അല്പം താഴ്ന്നവനായി (പുതിയ നിയമം ഗ്രീക്ക് വിവർത്തനത്തിന്റെ പദപ്രയോഗം ഉപയോഗിച്ച്). അവൻ ഒരിക്കലും ദൈവികനാകുന്നത് അവസാനിപ്പിച്ചില്ല, പക്ഷേ രണ്ടാമത്തെ ആദാമായി മാറാൻ അവൻ തന്നെത്തന്നെ ശൂന്യനാക്കി. എല്ലാ ആധിപത്യവും അധികാരവും അവനു നൽകപ്പെട്ടിട്ടുണ്ടെങ്കിലും, എല്ലാം അവന്റെ കാൽക്കീഴാക്കുന്നത് നാം ഇതുവരെ കാണുന്നില്ല. അത് യുഗാന്ത്യത്തിൽ സംഭവിക്കും. സൃഷ്ടിക്കപ്പെട്ട സകല ജീവനും അവന്റെ കാൽക്കീഴിലായിട്ടില്ലെന്ന് പൗലോസ് വ്യക്തമാക്കുന്നു. അവൻ ദൃശ്യവും അദൃശ്യവുമായ കാര്യങ്ങളെ കീഴടക്കും, അവൻ കീഴടക്കുന്ന അവസാന ശത്രു മരണമായിരിക്കും. കർത്താവിൽ ആശ്രയിക്കുന്നവർ ആ ആധിപത്യത്തിൽ പങ്കുചേരും, കാരണം അവർ അവനോടൊപ്പം വാഴും (വെളി. 5:11). അപ്പോൾ മനുഷ്യവർഗ്ഗം പുതിയ ആദാമിലൂടെ അതിന്റെ വിധി നിറവേറ്റും.

പ്രായോഗികത: ദൈവം മനുഷ്യത്വത്തെ വിലമതിക്കുന്നുവെന്നും അവന്റെ സൃഷ്ടികളെ കൈകാര്യം ചെയ്യാൻ നമുക്ക് അധികാരം നൽകുന്നുവെന്നും ഇത് പഠിപ്പിക്കുന്നു. മാനുഷിക മൂല്യവും അന്തസ്സും ഇത് ഉയർത്തിപ്പിടിക്കുന്നു. ആരും വിലകെട്ടവരല്ല: നിങ്ങൾ എത്ര ചെറുതോ ദുർബലമോ ആയി തോന്നിയാലും ദൈവമുമ്പാകെ നിങ്ങൾക്ക് ഉയർന്ന വിലയുണ്ട്. എല്ലാവരും ദൈവത്തിന്റെ പ്രതിച്ഛായ വഹിക്കുന്നവരായതിനാൽ എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുക.

3. സ്രഷ്ടാവിന്റെ മഹത്വത്തെ ആളുകൾ സ്തുതിക്കണം (9).

സങ്കീർത്തനത്തിന്റെ അവസാനം ആദ്യവാക്യം "ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!" എന്ന് ആവർത്തിച്ചുകൊണ്ടാണ്. ഭൂമിയുടെ മേലുള്ള മനുഷ്യവർഗത്തിന്റെ ആധിപത്യത്തിന്റെ മഹത്വത്തിലും അന്തസ്സിലും സങ്കീർത്തനം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും, സങ്കീർത്തനത്തിന്റെ അവസാനം സ്തുതി യഹോവയ്ക്ക് നൽകണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ഭൂമിയെ ഭരിക്കാനുള്ള കഴിവും പദവിയും നമുക്ക് നൽകപ്പെട്ടിരിക്കുന്നു എന്ന വസ്തുത ദൈവത്തെ സ്തുതിക്കാൻ മതിയായതാണ്. നാം സൃഷ്ടിക്കപ്പെട്ടത് പോലും ദൈവത്തിന്റെ കൃപയും നന്മയുമാണ് എന്നത് നാം ഓർക്കണം. രക്ഷകന്റെ ജനനസമയത്ത് വയലിൽ ഇടയന്മാർ ആകാശത്തേക്ക് ഉറ്റുനോക്കുകയും ദൂതന്മാരുടെ സൈന്യത്തെ കേൾക്കുകയും ചെയ്യുന്നതുപോലെ, നാമും എപ്പോഴും "അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം" എന്ന് പാടുവാൻ മനസ്സുള്ളവരായിരിക്കണം.

*******

© 2020 by P M Mathew, Cochin

bottom of page