
നിത്യജീവൻ

സങ്കീർത്തന പരമ്പര-08
There is ultimate victory in Christ !
ക്രിസ്തുവിൽ ആത്യന്തിക വിജയം ഉണ്ട് !
സങ്കിര്‍ത്തനം 116 (Psalm 116)
"1യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു. 2 അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും. 3 മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. 4 അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു. 5 യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നേ. 6 യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു."
സങ്കീർത്തനക്കാരൻ മരണകരമായ അവസ്ഥയിൽ ദൈവത്തോടു നിലവിളിച്ചപ്പോൾ ദൈവം തന്റെ പ്രാത്ഥനകേട്ടതിനാൽ ദൈവത്തെ സ്നേഹിക്കുവാനും ജീവിതകാലം മുഴുവൻ ദൈവത്തെ വിളിച്ചപേക്ഷിക്കുവാനും താൻ ദൃഡനിശ്ചയം ചെയ്യുന്നു. താൻ വിളിച്ചപേക്ഷിച്ചപ്പോൾ ദൈവം തന്റെ പ്രാർത്ഥന കേൾക്കുവാനുള്ള കാരണം ദൈവത്തിന്റെ സ്വഭാവസവിശേഷതകളാണ്. ദൈവത്തിന്റെ കരുണയോടും കൃപയോടും നീതീയോടുമുള്ള പ്രതികരണം ആരാധനയായി തന്നിൽനിന്നു പുറത്തുവരുന്നുവെന്നു മാത്രമല്ല തന്റെ സാക്ഷ്യം സഭാമുൻപാകെ ഘോഷിപ്പാൻ തുനിയുകയും ചെയ്തു.
പ്രധാന ആശയം
സ്നേഹത്താലും കൃപയാലും കർത്താവ് മരണകരമായ അവസ്ഥയിൽ നിന്ന് തന്നെ എങ്ങനെ വിടുവിച്ചുവെന്ന് അനുസ്മരിച്ചുകൊണ്ട്, ഒരു വിശുദ്ധന്റെ മരണം കർത്താവിനു വിലയേറിയതാണെന്ന തിരിച്ചറിവിൽ ദൈവാലയത്തിൽ സ്തോത്രയാഗത്തിലൂടെ കർത്താവിനെ മഹത്വീകരിക്കുമെന്ന് സങ്കീർത്തനക്കാരൻ പ്രതിജ്ഞ ചെയ്യുന്നു.
ഈ സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ ആരെന്ന് രേഖപ്പെടുത്തി കാണുന്നില്ല. സെപ്‌റ്റുവജിന്റും ലാറ്റിൻ വൾഗേറ്റും ഇത് രണ്ട് സങ്കീർത്തനങ്ങളായി കണക്കാക്കുന്നു, അവയിൽ രണ്ടാമത്തേത് 10-ാം വാക്യത്തിൽ ആരംഭിക്കുന്നു; എന്നാൽ സങ്കീർത്തനം മൊത്തത്തിൽ നോക്കിയാൽ, Masoretic Text ൽ കാണുന്നതുപോലെ, ഇത് സാധാരണ സ്തുതി ഗീതത്തിന്റെ ശൈലിയിലുള്ള പ്രഖ്യാപന സങ്കീർത്തനമാണ്.
സങ്കീർത്തനത്തിന്റെ ഘടന
തന്റെ പ്രാർത്ഥനയ്ക്കുത്തരമായി ലഭിച്ച വിടുതലിനോടുള്ള പ്രതികരണമെന്നോണം കർത്താവിനെ താൻ സ്നേഹിക്കുകയും തന്റെ ജീവകാലം കർത്താവിനെ വിളിച്ചപേക്ഷിക്കയും ചെയ്യുമെന്ന പ്രഖ്യാപനത്തോടെ 116-ാം സങ്കീർത്തനം ആരംഭിക്കുന്നു (1-2). തന്റെ മരണകരമായ അവസ്ഥയിൽ താൻ ദൈവത്തോടു നിലവിളിച്ചതും (3–4) കർത്താവിന്റെ സ്വഭാവസവിശേഷതകൾമൂലം തന്റെ പ്രാർത്ഥനക്ക് ദൈവം ഉത്തരം ലഭിച്ചതും (5-6) താൻ അനുസ്മരിക്കുന്നു. 7-9 വരെ വാക്യങ്ങൾ മരണത്തിൽ നിന്നുള്ള ദൈവത്തിന്റെ വിടുതലിൽ സങ്കീർത്തനക്കാരൻ എങ്ങനെ വിശ്രമം കണ്ടെത്തി എന്നും മനുഷ്യനല്ല, ദൈവം മാത്രമാണ് വിശ്വസ്തൻ (10-11) എന്നും തിരിച്ചറിയുന്നു. മൂന്നാമത്തെ വിഭാഗം (വാക്യങ്ങൾ 12-19) സങ്കീർത്തനക്കാരൻ തന്റെ കഷ്ടാവസ്ഥയിൽ താൻ നേർന്ന സ്തോത്രയാഗം (Thank offering) അർപ്പിക്കുന്നതിനെ രേഖപ്പെടുത്തുന്നു: ദൈവത്തിന്റെ നന്മയ്ക്ക് നന്ദിപറയുക മാത്രമെ നമുക്കു ചെയ്യുവാൻ കഴിയൂ (12-14), ദൈവം തന്റെ വിശുദ്ധന്മാരുടെ ജീവിതങ്ങളെ ശ്രദ്ധാപൂർവ്വം സംരക്ഷിക്കുന്നുവെന്ന് താൻ മനസ്സിലാക്കുന്നു (15). യഹോവയുടെ ഒരു യഥാർത്ഥ ദാസനായതിനാൽ താൻ കർത്താവിനു ദേവാലയത്തിൽ പരസ്യമായി യാഗമർപ്പിക്കയും ദൈവത്തെ സാക്ഷിക്കുകയും ചെയ്യുന്നു.
സ്തുതിഗീതങ്ങളുടെ ലക്ഷ്യം മറ്റുള്ളവരും ദൈവത്തെ സ്തുതിക്കുക എന്നതായിരിക്കയാൽ ഈ പ്രഖ്യാപനത്തിന്റെയും സ്തുതിയുടെയും ഭൂരിഭാഗവും പ്രബോധന സ്വഭാവമുള്ളതാണെന്ന് വിശദീകരണത്തിൽ വ്യക്തമാകും.
ഈ സങ്കീർത്തനത്തിൽ നിന്നും ഒന്നാമതായി പറയുവാൻ കഴിയുന്ന കാര്യം കർത്താവിനെ സ്നേഹിക്കുകയും അവനിൽ നമ്മുടെ ആശ്രയം ഉറപ്പിക്കുകയും ചെയ്യുക എന്നതാണ്.
1. കർത്താവിനെ സ്നേഹിക്കുകയും അവനിൽ തന്റെ ആശ്രയം ഉറപ്പിക്കുകയും ചെയ്യുക (1-2).
സങ്കീർത്തനക്കാരന്റെ ആമുഖ പ്രഖ്യാപനത്തിൽ നിന്ന് കർത്താവിൽ നിന്നു തനിക്കു ലഭിച്ച പ്രാർത്ഥനക്ക് ഉത്തരമാണ് ദൈവത്തെ സ്നേഹിക്കാനും ദൈവത്തിൽ തന്റെ ആശ്രയം ഉറപ്പിക്കാനും കാരണമായി തീർന്നത്. മരണത്തിന്റെ വക്കിൽ നിന്നും മോചിതനായതിലുള്ള സന്തോഷവും നന്ദിയും, യഹോവയോടുള്ള തന്റെ സ്നേഹവും പ്രതിബദ്ധതയും പ്രഖ്യാപിക്കുന്നതിലേക്കു തന്നെ നയിക്കുന്നു. "ഞാൻ യഹോവയെ സ്നേഹിക്കുന്നു" എന്ന പ്രഖ്യാപനം, നന്ദിയുള്ള സന്തോഷത്തിന്റെ പ്രകടനം മാത്രമല്ല, മറിച്ച് യഹോവയോടുള്ള വിശ്വസ്തതയുടെയും പ്രകടനം കൂടിയാണ്. കാരണം പഴയനിയമത്തിൽ വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും അനിവാര്യമായ വിവരണമായി "സ്നേഹം" എന്ന ക്രിയ ഉപയോഗിക്കുന്നു (ആവ. 6:5; പുറ. 20:6 കാണുക). വിശ്വാസികൾക്ക് യാഹ്വേയോടുള്ള സ്നേഹം, യാഹ്വേയുടെ നന്മയെയും അവരോടുള്ള വിശ്വസ്തതയെയും അടിസ്ഥാനമാക്കിയുള്ളതാണ്. 1 യോഹന്നാൻ 4:19 ൽ വായിക്കുന്നതുപോലെ, "അവൻ ആദ്യം നമ്മെ സ്നേഹിച്ചതിനാൽ നാമും അവനെ സ്നേഹിക്കുന്നു." സങ്കീർത്തനക്കാരന്റെ പുതുക്കിയ ഭക്തിക്കും വിശ്വസ്തതയ്ക്കും കാരണം ദൈവം തന്റെ പ്രാർത്ഥന കേട്ടു എന്നതാണ് (ഉദാ. 45:10), അതായത്, ദൈവം "കരുണയ്ക്കുവേണ്ടിയുള്ള അവന്റെ നിലവിളി"ക്ക് ഉത്തരം നൽകി. അത് അവനെ ജീവിതകാലം മുഴുവൻ ദൈവത്തെ വിളിച്ചപേക്ഷിക്കുമെന്ന തീരുമാനത്തിലേക്കു നയിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സങ്കീർത്തനക്കാരൻ തന്റെ ജീവിതകാലം മുഴുവനും വിശ്വസ്തനായ ഒരു ആരാധകനായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ആരാധനയുടെ കാതൽ യാഹ്വേയുടെ നാമത്തിന്റെ പ്രഘോഷണമാണ്.
ദൈവത്തെ സ്നേഹിക്കുന്നതിനും ആരാധിക്കുന്നതിനും നിങ്ങൾ മുഖ്യപ്രാധാന്യം കൽപ്പിക്കുന്ന വ്യക്തിയാണോ?
തുടർന്നു സങ്കീർത്തനക്കാരൻ പ്രാർത്ഥനക്കായി തന്നെ പ്രേരിപ്പിച്ച സംഗതിയെന്ത് എന്നു പറയുന്നു (3-4).
സങ്കീർത്തനത്തിന്റെ സന്ദർഭം എന്താണെന്ന് നമുക്കറിയില്ല. എന്തുതന്നെയായാലും അതു തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മുറിവ് അഥവാ ഞടുക്കം വളരെ ആഴത്തിലുള്ളതാണ്. തന്റെ അവസ്ഥയെ കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് മൂന്നാം വാക്യത്തിൽ: "മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു;" അതു വളരെ കഷ്ടവും സങ്കടവും ഉള്ള ദിനങ്ങളായിരുന്നു. താൻ ഏതാണ്ട് മരണത്തിന്റെ വക്കോളം എത്തിയിരിക്കുന്നു. തന്റെ ജീവന്മേലുള്ള പിടി നഷ്ടപ്പെട്ടതായി അദ്ദേഹത്തിനു തോന്നി.
സങ്കീർത്തനം 18 ൽ ദാവീദും സമാനമായ പ്രസ്താവനകൾ നടത്തുന്നതു നമുക്കു കാണാം :" 4 മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു. 5 പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു" (സങ്കീ 18:4-5). "മരണത്തിന്റെ കയറുകൾ" തന്നെ ചുറ്റിവരിഞ്ഞിരിക്കുന്നു അതല്ലെങ്കിൽ ഒരു പെരുമ്പാമ്പ് തന്നെ ചുറ്റി വരിഞ്ഞുമുറുക്കുന്നതുപോലെ തനിക്കനുഭവപ്പെട്ടു. തന്റെ ജീവൻ അപഹരിക്കുന്ന പ്രക്രിയ ആരംഭിച്ചു. അദ്ദേഹം മരണക്കിടക്കയിലായിരുന്നിരിക്കാൻ സാദ്ധ്യതയില്ല, പക്ഷേ തന്റെ ജീവൻ വലിയ അപകടത്തിലാണെന്നും ഉടനടി മോചനം ആവശ്യമാണെന്നും അദ്ദേഹത്തിന് തോന്നി. ജീവിതത്തിൽ നിന്ന് ശവക്കുഴിയിലേക്ക് പോകാനുള്ള ഭയാനകമായ സാദ്ധ്യതകൾ, തന്റെ മനോമുകുരത്തിൽ തെളിഞ്ഞു. വേദനയും ദുരിതവും അദ്ദേഹത്തെ പിടികൂടി. ദൈവത്തോടു നിലവിളിക്കുകയല്ലാതെ തന്റെ മുൻപിൽ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. സങ്കീർത്തനക്കാരൻ ദൈവത്തോടു നിലവിളിച്ചു: എങ്ങനെയാണ്? "4 അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ..."
സങ്കീർത്തനക്കാരന്റെ പ്രാർത്ഥനക്കു എങ്ങനെ ഉത്തരം ലഭിച്ചു എന്ന കാര്യമാണ് 5-6 വാക്യങ്ങളിൽ കാണുന്നത് . അത് നമ്മുടെ അടുത്ത പോയിന്റിലേക്ക് നയിക്കുന്നു
2. യഹോവയുടെ സ്വഭാവസവിശേഷതകൾ അവന്റെ പ്രാർത്ഥനയ്ക്കുള്ള ഉത്തരത്തിൽ പ്രകടമായി (5-6).
"5 യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നേ. 6 യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു."
അഞ്ചാം വാക്യത്തിലെ സങ്കീർത്തനക്കാരന്റെ സ്വരത്തിൽ നാടകീയമായ ഒരു മാറ്റം കാണാം, അത് അവന്റെ പ്രതിസന്ധിയെക്കുറിച്ചുള്ള ഭയാനകമായ വിവരണങ്ങളിൽ നിന്ന് യഹോവയുടെ മഹത്വമുള്ള സ്വഭാവത്തിലേക്ക് മാറുന്നു. ദൈവത്തിന്റെ സ്വഭാവ സവിശേഷതകളിലേക്കാണ് ഈ വാക്യങ്ങൾ വിരൽ ചൂണ്ടുന്നത്. കഷ്ടസമയങ്ങളിൽ ദൈവത്തിന്റെ സ്വഭാവസവിശേഷതകളെ തിരിച്ചറിയേണ്ടതിന്റെയും, അവന്റെ കരുണയിൽ ആശ്രയിക്കാൻ വിശ്വാസികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെയാണ് ഇത് കാണിക്കുന്നത്.
യഹോവ "കൃപയുള്ളവനാണ്" (gracious) (ഉദാ. സങ്കീ. 4:1), കാരണം അവൻ തന്റെ എളിയവരായ ജനത്തിന്റെ പരാജയങ്ങൾക്കിടയിലും ക്ഷമിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യുന്നു; അവൻ "നീതിമാൻ"(righteous) ആണ്; (cf സങ്കീ. 1:5), കാരണം അവൻ തന്റെ ജനത്തോടുള്ള ഉടമ്പടി വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വിശ്വസ്ത പുലർത്തുന്നു; അവൻ തന്റെ ജനത്തോട് "അനുകമ്പയോടെ" (compassion) പ്രവർത്തിക്കുന്നു, കാരണം അവൻ ആർദ്രതയുള്ളവനും ഈ ലോകത്തിലെ അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നവനുമാണ്.
"കരുണയുള്ളവൻ" എന്ന അതേ പദമാണ് ഒരു വിധവയുടെ ഏക മകനായ ഒരു യുവാവ് മരിച്ച നയിൻ പട്ടണത്തിൽ യേശുവിന്റെ പ്രവൃത്തികളെ വിവരിക്കാൻ ലൂക്കോസ് ഉപയോഗിച്ചിരിക്കുന്നത്. ആ സ്ത്രീയോട് യേശുവിന് അനുകമ്പ തോന്നി. ശവസംസ്കാര ചടങ്ങ് നിർത്തി യുവാവിന്റെ ശവപ്പെട്ടിയിൽ കൈ വച്ചു, ആചാരപരമായി തന്നെത്തന്നെ അശുദ്ധനാക്കി, യുവാവിനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ച് അവന്റെ അമ്മയ്ക്ക് തിരികെ നൽകി (ലൂക്കോസ് 7:11-17).
യാഹ്വേയുടെ വ്യക്തിത്വത്തേയും പ്രവൃത്തികളെയും അടിസ്ഥാനമാക്കിയാണ് തന്റെ പ്രാർത്ഥന. "...ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു (4)." ജീവൻ അപകടത്തിലാകുന്ന അവസ്ഥയെ നേരിട്ടപ്പോൾ സങ്കീർത്തനക്കാരന്റെ ഏക പ്രതീക്ഷ യാഹ്വേയുടെ "നാമം" വിളിച്ചപേക്ഷിക്കുക എന്നതായിരുന്നു.
മോശെക്കു മുൻപാകെ യാഹ്വേ തന്റെ നാമത്തെ ഘോഷിച്ചതെപ്രകാരമെന്ന് പുറപ്പാടു പുസ്തകത്തിൽ നമുക്ക് നോക്കാം "യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിനു ദയപാലിക്കുന്നവൻ" (പുറപ്പാട് 34:6-7a).
അതേ, കർത്താവിന്റെ സ്വഭാവസവിശേഷതകളാണ് കർത്താവിനെ വിളിച്ചപേക്ഷിപ്പാൻ അവനെ പ്രേരിപ്പിച്ചത്. ഒരു വ്യക്തിയുടെ പ്രാർത്ഥന ദൈവം കേൾക്കുമ്പോൾ യഹോവയുടെ കൃപയും കരുണയുമാണ് അവിടെ പ്രകടമാകുന്നത്. എന്നാൽ ദൈവം പ്രാർത്ഥനകേട്ടത് തന്റെ യോഗ്യതയുടെ വെളിച്ചത്തിലാണ് എന്ന് ചിന്തിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഒരു പാപിയുടെ പ്രാർത്ഥന ദൈവം കേട്ടുവെങ്കിൽ അതിനു കാരണം ദൈവത്തിന്റെ കരുണയാണ്.
പ്രാർത്ഥനക്കുത്തരം ലഭിച്ച സങ്കീർത്തനക്കാരൻ തന്റെ യോഗ്യതകളാണ് അതിനു കാരണം എന്നു ചിന്തിച്ചില്ല. മറിച്ച് അവൻ പറയുന്നത് ശ്രദ്ധിക്കുക: "...യഹോവ അല്പബുദ്ധികളെ പാലിക്കുന്നു;" അദ്ദേഹം തന്നെത്തന്നെ കാണുന്നത് അല്പബുദ്ധിയെന്ന നിലയിലാണ്.
സദൃശവാക്യങ്ങളിൽ ഈ വാക്കു ആവർത്തിച്ചുപയോഗിച്ചിരിക്കുന്നതു നമുക്കു കാണാം. അതു ബുദ്ധിശുന്ന്യരായ അഥവാ മന്ദബുദ്ധികളായ ആൾക്കാരെ അല്ല സൂചിപ്പിക്കുന്നത്. അവിടെ അത് ഭോഷന്മാർ, അവിവേകികൾ, എളുപ്പത്തിൽ വിശ്വസിക്കുന്നവർ എന്നൊക്കെയുള്ള അർത്ഥമാണ് സൂചിപ്പിക്കുന്നത്; എന്നാൽ ഇവിടെ അർത്ഥം ലളിതർ, നിസ്സഹായർ, അല്ലെങ്കിൽ അനുഭവസമ്പത്തില്ലാത്തവർ എന്നിങ്ങനെയാണ്. ഈ ലാളിത്യം അവരെ ആക്രമണങ്ങൾക്ക് വിധേയരാക്കിയേക്കാം, എന്നാൽ അവർക്ക് ഇത് അറിയാമെങ്കിൽ, ലളിതമായ വിശ്വാസത്തോടെ അവർക്ക് എപ്പോഴും ദൈവത്തോട് നിലവിളിക്കാൻ കഴിയും. സങ്കീർത്തനക്കാരൻ തന്നെത്തന്നെ ഇങ്ങനെയാണ് ചിത്രീകരിക്കുന്നത്: അവൻ ദുർബലനായിരിക്കുകയും വലിയ ആവശ്യത്തിലായിരിക്കുകയും ചെയ്തപ്പോൾ യാഹ്വേ അവനെ രക്ഷിച്ചു.
മനുഷ്യവർഗ്ഗത്തിന്റെ വേദനക്കും മരണത്തിനും ഉള്ള ആത്യന്തിക പരിഹാരം വരുന്നത് കർത്താവായ യേശുക്രിസ്തുവിൽ കൂടിയാണ്. അതിന്റെ പൂർണ്ണമായ നിവൃത്തി കർത്താവിന്റെ രണ്ടാം വരവിലും.
ഈ പ്രിയപ്പെട്ട ദൈവദാസന്മാരിൽ നിന്നും തികച്ചും വ്യത്യസ്ഥമായി മനുഷ്യവർഗ്ഗത്തിന്റെ രക്ഷകനായ യേശുക്രിസ്തുവും സമാനമായ വേദനയിലൂടെ കടന്നുപോയ കാര്യം സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. "എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു;"(മത്തായി 26:38). യേശുവിന്റെ ഗത്ശമെന തോട്ടത്തിലെ പ്രാർത്ഥനയിലെ ചില വാക്കുകളാണിത്. താൻ പാപം ചെയ്തതുകൊണ്ടായിരുന്നില്ല തനിക്ക് ഈ വേദന സഹിക്കേണ്ടിവന്നത്; മറിച്ച്, പാപികൾ ഏൽക്കേണ്ടിയിരുന്ന ശിക്ഷ താൻ സ്വയം വഹിച്ചതിനാലാണ് തനിക്ക് അങ്ങനെയുള്ള വേദനയിലൂടെ കടന്നു പോകേണ്ടിവന്നത്. അവൻ അവര്ക്കു പകരക്കാരനായി തീർന്നതിനലാണ്. അതു കാണിക്കുന്നത് ദൈവത്തിനു മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹമാണ്. കർത്താവായ യേശുക്രിസ്തു കാല്വരിയിൽ അതിഭയാനകമായ പീഡനങ്ങളും മാനസിക വ്യഥകളും അനുഭവിച്ചുകൊണ്ട് മരക്കുരിശിൽ മരിച്ചതും മൂന്നാം നാൾ ഉയർത്തെഴുന്നേറ്റതും ക്രിസ്തുവിൽ ആശ്രയിക്കുന്നവരുടെ രക്ഷക്ക് വേണ്ടിയാണ്. അവര്ക്കു ആത്യന്തിക വിജയം നല്കുന്നതിനു വേണ്ടിയാണ്.
ആയതിനാൽ ഏതു വിശ്വാസിക്കും പ്രതീക്ഷയോടെ ദൈവത്തെ വിളിച്ചപേക്ഷിക്കാൻ കഴിയും. അതുകൊണ്ട്, ദൈവത്തിന്റെ സ്വഭാവത്തെപ്രതി, ദൈവത്തിന്റെ കൃപ, കരുണ, വിശ്വസ്തത എന്നിവയെപ്രതി നമുക്കു ദൈവത്തെ സ്തുതിക്കാം.
മൂന്നാമതായി, ഈ വേദഭാഗത്തു നിന്നും ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം മരണത്തിൽ നിന്നുള്ള വിടുതൽ ആശ്വാസവും അതേ സമയവും ദൈവത്തോടുള്ള സമർപ്പണവും ഉളവാക്കുന്നു.
3. മരണത്തിൽ നിന്നുള്ള കർത്താവിന്റെ വിടുതൽ ആശ്വാസത്തിലും പ്രതിബദ്ധതയിലും കലാശിക്കുന്നു (7-9).
ദൈവത്തിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ചു ചിന്തിച്ചപ്പോൾ, തന്റെ അനുഭവങ്ങളാണ് മനസ്സിലേക്കു വന്നത്. അതാണ് 7-9 വരെ വാക്യങ്ങളിൽ വിശദീകരിച്ചിരിക്കുന്നത്.
"7 എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു. 8 നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു. 9 ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും" (7-9).
ഇത് സങ്കീർത്തനക്കാരന്റെ ആത്മഗതമാണ്. കഷ്ടതയിൽ വിടുവിക്കപ്പെട്ടതിനാൽ താൻ തന്നോടുതന്നെ പറയുന്നു; "എൻ മനമെ, നീ വീണ്ടും സ്വസ്ഥമായിരിക്ക;" ജീവിതത്തിലെ അപകടങ്ങളുടെയും പ്രശ്‌നങ്ങളുടെയും മധ്യത്തിൽ, തങ്ങൾക്ക് നന്മ ചെയ്ത, തങ്ങളെ പരിപാലിക്കുന്ന, തങ്ങളെ സഹായിക്കുന്ന യഹോവയുണ്ടെന്ന ആത്മവിശ്വാസത്തിൽ വിശ്വസ്തർക്ക് സ്വസ്ഥതയനുഭവിക്കുവാൻ കഴിയും. അവർ വേദനയിൽ നിന്നും ഭയത്തിൽ നിന്നും മുക്തരാകും .
ജീവിതത്തിലെ അപകടങ്ങളും പ്രയാസങ്ങളും പ്രാർത്ഥനയിലൂടെ യാഹ്വേക്ക് സമർപ്പിക്കാൻ കഴിയുമെന്നതിനാൽ നാം അസ്വസ്ഥരാകരുത്. ദൈവം നല്കുന്ന വിടുതൽ ദൈവത്തെ സേവിക്കുന്നതിലേക്ക് നയിക്കണം
പിന്നെ തന്റെ ശ്രദ്ധ വിടുതലിലേക്ക് മടങ്ങുന്നു (വാക്യങ്ങൾ 8-9). 8-ാം വാക്യത്തിൽ അവൻ വിടുതലിനെ മൂന്ന് വിധത്തിൽ വിശദീകരിക്കുന്നു: "അവൻ എന്റെ ജീവനെ മരണത്തിൽ നിന്നും, എന്റെ കണ്ണുകളെ കണ്ണുനീരിൽ നിന്നും, എന്റെ കാലുകളെ വിശ്ഴ്ചയിൽ നിന്നും രക്ഷിച്ചിരിക്കുന്നു." ഈ റിപ്പോർട്ടിലൂടെ അവൻ യഥാർത്ഥത്തിൽ സഭയെ ഉപദേശിക്കുന്നത്, ദുഃഖത്തിന് കാരണമാകുന്ന എല്ലാത്തിൽ നിന്നും - മരണം, വേദന, വഴിയിൽ വീഴൽ എന്നിവയിൽ നിന്നും - യാഹ്വേയ്ക്ക് ആളുകളെ വിടുവിക്കാൻ കഴിയും എന്നാണ്.
തന്റെ കാലുകളെ ഇടർച്ചയിൽ നിന്ന് രക്ഷിച്ചതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ, ദൈവത്തിന്റെ വിടുതലിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചിന്തിക്കാൻ സങ്കീർത്തനക്കാരൻ പ്രേരിതനാകുന്നു: "ജീവനുള്ളവരുടെ ദേശത്ത് ഞാൻ യഹോവയുടെ മുമ്പാകെ നടക്കും" (വാക്യം 9). കർത്താവിന്റെ മുമ്പാകെ നടക്കുക എന്നത് സ്വരച്ചേർച്ചയുടേയും ശ്രദ്ധാപൂർവ്വമായ അനുസരണത്തിന്റെയും ഒരു ജീവിതത്തെ സൂചിപ്പിക്കുന്നു (ഉൽപത്തി 17:1, "പൂർണ്ണനായിരിക്കുക"; യെശയ്യാവ് 38:15-19. "ഞാൻ താഴ്മയോടെ നടക്കുക "). കഷ്ടത നിറഞ്ഞ ജീവിതത്തെ തന്നോടുള്ള കൂട്ടായ്മയിൽ സന്തോഷം നിറഞ്ഞ ഒരു ജീവിതമാക്കി മാറ്റാൻ കർത്താവിനു കഴിയും. സങ്കീർത്തനക്കാരൻ അങ്ങനെയൊരു തീരുമാനത്തിലേക്കാണ് എത്തിച്ചേരുന്നത്. ഞാൻ ദൈവത്തിന്റെ മുൻപാകെയാണ് നടക്കുന്നത്. അതുകൊണ്ട് ഞാൻ നീതിയോടെ നടക്കും ; നിഷ്ക്കളങ്കനായി ജീവിക്കും .
a) യഹോവ മാത്രം വിശ്വാസയോഗ്യൻ (10-11).
"10 ഞാന്‍ വലിയ കഷ്ടതയില്‍ ആയി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ (യാഹ്വേയെ) വിശ്വസിച്ചു. 11 സകലമനുഷ്യരും ഭോഷകു പറയുന്നു എന്നു ഞാന്‍ എന്റെ പരിഭ്രമത്തില്‍ പറഞ്ഞു."
കഷ്ട സമയത്തു മറ്റ് ആളുകളുടെ പ്രതികരണം തനിക്കു ഗുണകരമായിരുന്നില്ല, മനുഷ്യർ ഭോഷ്ക്ക് പറഞ്ഞ് തന്റെ വേദനയുടെ ആഴം കൂട്ടിയപ്പോൾ കർത്താവിലുള്ള തന്റെ വിശ്വാസം ഉറപ്പിക്കുകയാണു താൻ ചെയ്തത്. "ഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ (യാഹ്വേയെ) വിശ്വസിച്ചു." അവൻ പരിഭ്രാന്തനായ സമയത്ത്, തന്നെ സഹായിക്കാനുള്ള സന്നദ്ധതയിലും കഴിവിലും ആളുകളുടെ പരാജയങ്ങളെക്കുറിച്ച് അവൻ ബോധവാനായി. അവർ നുണയന്മാരൊ വഞ്ചകരൊ ആണ്; ആയതിനാൽ അവരെ വിശ്വസിക്കുവാൻ കൊള്ളുകയില്ല എന്നു തനിക്കു ബോദ്ധ്യമായി. ഇയ്യൊബിനെ ആശ്വസിപ്പിപ്പാൻ വന്ന സുഹൃത്തുക്കൾ ചെയ്തതുപോലെ, അവർ ദൂഖത്തിന്റെ ആഴം വർദ്ധിപ്പിക്കുകയായിരുന്നു. അവർ ഭോഷ്ക്കു നിശ്വസിക്കുകയായിരുന്നു.
എന്നാൽ ആത്മവിശ്വാസത്തോടെ യാഹ്വേയെ വിശ്വസിക്കുവാൻ സാധിച്ചു എന്ന് സങ്കീർത്തനക്കാരൻ ഉറപ്പിച്ചു പറയുന്നു.
Weiser എന്ന ദൈവദാസൻ അതിനെക്കുറിച്ചു പറയുന്നത്: "മനുഷ്യർ അദ്ദേഹത്തിന് ദുഃഖം ഉണ്ടാക്കിയിരിക്കാം, അത് അദ്ദേഹത്തിന്റെ ഹൃദയത്തെ വേദനയും കയ്പ്പും കൊണ്ട് നിറച്ചിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ വിലാപത്തിന് പിന്നിലും താഴെയും ദൈവത്തിലുള്ള വിശ്വാസമുണ്ടായിരുന്നു, അത് അദ്ദേഹം വിട്ടുകളഞ്ഞില്ല." (Weiser notes, “Though men may have caused him grief that filled his heart with anguish and bitterness, yet behind and beneath his lament was his faith in God, which he did not let go.”)
കർത്താവിന് മാത്രമേ തന്നെ രക്ഷിക്കാൻ കഴിയൂ എന്ന പാഠമാണ് അവൻ ഇതിൽ നിന്നു പഠിച്ചത്. വലിയ അപകടത്തിന്റെയും ദുരിതത്തിന്റെയും സമയങ്ങളിൽ, പൂർണ്ണമായും ആശ്രയിക്കാവുന്ന ഒരേയൊരു വ്യക്തിയെ ഉള്ളു. അതു കർത്താവു മാത്രമാണ്.
ദൈവത്തിന്റെ വിശ്വസ്ഥതയെ മനസ്സിലാക്കണമെങ്കിൽ ഉല്പത്തിയിലെ ആദിമ മനുഷ്യരായ ആദാമിനോടും ഹവ്വയോടും യഹ്വേ വാഗ്ദത്തം രക്ഷകന്റെ കാര്യം നോക്കിയാൽ മതി. അവരെ പാപത്തിന്റെ ശമ്പളമായ നിത്യ നരകത്തിൽ നിന്നു വിടുവിക്കുവാൻ സ്ത്രീയുടെ സന്തതിയെ അയക്കുമെന്നായിരുന്നു അവര്ക്കു നൽകിയ വാഗ്ദാനം. ആ വാഗ്ദാനമാണ് കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവം നിവൃത്തിച്ചത്. കർത്താവ് വിശ്വസ്ഥനാണ് എന്നു പറവാൻ ഇതിനേക്കാൾ വലിയ എന്തു തെളിവാണ് നമുക്ക് ആവശ്യമായിരിക്കുന്നത്.
b) മരണത്തിൽ നിന്ന് വിടുവിച്ചതിന് വീണ്ടെടുക്കപ്പെട്ടവർക്ക് യഹോവയ്ക്ക് പകരം നൽകാൻ കഴിയില്ല (12-14).
"12 യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങള്‍ക്കും ഞാന്‍ അവന്നു എന്തു പകരം കൊടുക്കും? 13 ഞാന്‍ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. 14 യഹോവേക്കു ഞാന്‍ എന്റെ നേര്‍ച്ചകളെ അവന്റെ സകലജനവും കാണ്‍കെ കഴിക്കും."
യഹോവ അവനെ രക്ഷിച്ചപ്പോൾ, അവന്റെ എല്ലാ നന്മകൾക്കും എങ്ങനെ പകരം കൊടുക്കാൻ കഴിയുമെന്ന് സങ്കീർത്തനക്കാരൻ ഇപ്പോൾ ചിന്തിക്കുന്നു. തീർച്ചയായും അവന് എന്തെങ്കിലും ദൈവത്തിനു പകരം കൊടുക്കാൻ കഴിയില്ല. സ്വർണ്ണമോ വെള്ളിയോ പണമോ ഒന്നും ദൈവത്തിനാവശ്യമില്ല. കാരണം, ഈ പ്രപഞ്ചയം മുഴുവൻ അവന്റെ സൃഷ്ടിയാണ്. ഈ വസ്തുത താൻ അംഗീകരിക്കുന്നു എന്നതാണ് അവന്റെ വാചാടോപപരമായ ചോദ്യം (rhetorical question) അർത്ഥമാക്കുന്നത്. ആർക്കും യഹോവയ്ക്ക് പകരം കൊടുക്കാൻ കഴിയില്ല, എന്നാൽ സഭയിൽ കർത്താവ് എന്താണ് തനിക്കു ചെയ്തതെന്ന് സാക്ഷിക്കുവാൻ അവനു കഴിയും. അവൻ പറയുന്നു, "ഞാൻ രക്ഷയുടെ പാനപാത്രം ഉയർത്തും." ബൈബിളിലെ പാനപാത്രം പലപ്പോഴും ഒരാളുടെ ജീവിതത്തിലെ ഓഹരിയുടെ(ഭാഗദേയം) പ്രതീകമാണ്; എന്നാൽ ഈ സാഹചര്യത്തിൽ പാനപാത്രം വിശുദ്ധമന്ദിര ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു; അതായത്, അവന്റെ സ്തോത്രയാഗത്തോടൊപ്പം യാഗപീഠത്തിൽ പാനീയബലികൾ പകരും (പുറപ്പാട് 29:40-41; സംഖ്യ 28:7 കാണുക) എന്നതാണ്. പ്രാർത്ഥനയ്ക്കു ലഭിച്ച ഉത്തരത്തിനു യിസ്രായേല്യർ വിശുദ്ധമന്ദിരത്തിൽ നടത്തുന്ന ആഘോഷമാണത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ "യഹോവയുടെ നാമത്തിന്റെ" പ്രഖ്യാപനം. അത്തരം പരസ്യ സ്തുതി യാഗത്തോടൊപ്പം വീഞ്ഞിന്റെ പാനീയബലിയും ഉണ്ടായിരുന്നു. ആ അവസരത്തിൽ അവൻ എല്ലാവരുടെയും സാന്നിധ്യത്തിൽ യഹോവയ്ക്കുള്ള തന്റെ നേർച്ചകൾ നിറവേറ്റും (സങ്കീർത്തനങ്ങൾ 38:3). ആളുകൾ അവരുടെ കഷ്ടതയിൽ യഹോവയോട് പ്രാർത്ഥിക്കുമ്പോൾ, അവരുടെ പ്രാർത്ഥനക്കു ഉത്തരം ലഭിപ്പാൻ അവരുടെ പ്രാർത്ഥനയോടൊപ്പം ചില നേർച്ചകൾ നേരുന്ന രീതി നിലനിന്നിരുന്നു. ഈ "സ്തുതി നേർച്ച"കൾ അവരുടെ ആത്മവിശ്വാസം വളർത്തിയെടുക്കുകയും *യഹോവയെ ഉത്തരം നൽകാൻ പ്രേരിപ്പിക്കുകയും ചെയ്തു.
ദൈവത്തിന്റെ കൃപയ്ക്ക് ആർക്കും പകരം നൽകാൻ കഴിയില്ല; എന്നാൽ അവർക്ക് "രക്ഷയുടെ പാനപാത്രം ഉയർത്തി" മറ്റുള്ളവരുടെ മുൻപാകെ ദൈവത്തെ മഹത്വപ്പെടുത്തുവാൻ കഴിയും.
4. രക്ഷിക്കപ്പെട്ട വിശ്വാസിക്ക് അറിയാം, കർത്താവ് തന്റെ വിശുദ്ധന്മാരുടെ മരണത്തെ വളരെ പ്രിയപ്പെട്ടതായി കാണുന്നുവെന്ന് (15).
"തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു."(15)
എല്ലാ സ്തുതികൾക്കും ഒരു ഉപദേശപരമായ ഘടകമുണ്ട്; അത് വ്യക്തി അനുഭവത്തിൽ നിന്ന് പഠിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്; കൂടാതെ സഭ അതിൽ നിന്ന് എന്താണ് പഠിക്കേണ്ടത് എന്നതും. യഹോവയുടെ ദൃഷ്ടിയിൽ "അവന്റെ വിശുദ്ധന്മാരുടെ മരണം വിലയേറിയതാണ് " അഥവാ "വിലമതിക്കപ്പെട്ടതാണ്" എന്നതാണ് ആ പാഠം. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദൈവം വിശുദ്ധന്മാരുടെ മരണങ്ങളെ നിസ്സംഗതയോടെ കാണുന്നില്ല, മറിച്ച്, അവന്റെ സന്നിധിയിൽ വളരെ വിലമതിക്കപ്പെടുന്നു. അവൻ വിശുദ്ധന്മാരുടെ ജീവിതത്തെക്കുറിച്ച് വളരെയധികം കരുതുന്നതിനാൽ, തന്റെ പദ്ധതിക്ക് പുറത്തോ അംഗീകാരമില്ലാതെയോ ആരും മരിക്കാൻ അവൻ അനുവദിക്കുന്നില്ല. "യഹോവ ഉടമ്പടി ബന്ധത്തിലെ മനുഷ്യ പങ്കാളികളുടെ നഷ്ടം അകാല മരണത്താൽ സംഭവിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല. അത്തരമൊരു ദുരന്തം ഒഴിവാക്കാൻ ദൈവം എത്ര വേഗത്തിൽ ഇടപെടുന്നുവെന്ന് സങ്കീർത്തനക്കാരൻ പഠിച്ചു" എന്ന് അലൻ എന്ന ദൈവദാസൻ പറയുന്നു.
കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു മരിച്ചവർ ദൈവത്തിന്റെ സന്നിധിയിൽ എന്നേക്കും ജീവിക്കുന്ന നാളുകൾ വരാനിരിക്കുന്നു എന്ന കാര്യം ഇതു നമ്മേ ഓർമ്മിപ്പിക്കുന്നു.
a) യഹോവയുടെ യഥാർത്ഥ ദാസൻ, വിശുദ്ധ മന്ദിരത്തിൽ പരസ്യമായി സ്തുതി അർപ്പിക്കും (16-19).
"16 യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നേ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു. 17 ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. 18 യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും 19 ഞാൻ യഹോവെക്കു എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിപ്പിൻ."
അവസാന നാല് വാക്യങ്ങളിൽ സങ്കീർത്തനക്കാരൻ സ്തുതി അർപ്പിക്കാൻ പ്രതിജ്ഞ ചെയ്യുന്നു. എന്നാൽ ആദ്യം അവൻ യഹോവയോടുള്ള തന്റെ വിശ്വസ്തത സ്ഥിരീകരിക്കുന്നു: "ഞാൻ നിന്റെ ദാസനും നിന്റെ ദാസിയുടെ മകനുമാണ്." വിശ്വാസത്തിലും എളിമയിലും സങ്കീർത്തനക്കാരൻ ഒരു അടിമ എന്ന നില സ്ഥിരീകരിക്കുന്നു; ദാസനും ദാസിയുടെ മകനും എന്നത് തന്റെ സമ്പൂർണ്ണ ദാസമനൊഭാവത്തെ കാണിക്കുന്നു. അവൻ യഹോവയോടുള്ള അനുസരണയോടുള്ള സേവനവും വിശ്വസ്തതയും പ്രഖ്യാപിക്കുന്നു.
ലോകത്തിലെ പിരിമുറുക്കങ്ങളിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും യഹോവ തന്നെ വിടുവിച്ചുകൊണ്ട് മരണത്തിൽ നിന്ന് മോചിപ്പിച്ചുവെന്ന് സങ്കീർത്തനക്കാരൻ സമ്മതിക്കുന്നുവെന്ന് നമുക്ക് പറയാം, അതിനാൽ ഇപ്പോൾ അവൻ ഒരു ദാസനായി, വിശ്വസ്ത ദാസനായി യഹോവയെ സേവിക്കുവാൻ തീരുമാനിക്കുന്നു. ഇതിൽ നിന്നും വീണ്ടെടുക്കപ്പെട്ടവർ ഓർക്കേണ്ട സംഗതി എന്തെന്നാൽ അവർ യഹോവയുടെ വകയാണ് എന്നതാണ്.
തൽഫലമായി, സങ്കീർത്തനക്കാരൻ യഹോവയെ സ്തുതിക്കുന്നു (വാക്യങ്ങൾ 17-19). അവൻ സ്തുതിയാഗം അർപ്പിക്കുകയും യഹോവയുടെ നാമം പ്രഖ്യാപിക്കുകയും ചെയ്യുന്നു (സങ്കീ. 50:14; 66:13-20; ലേവ്യ. 7:12-15, എബ്രാ. 13:15-16 എന്നിവയും കാണുക). അങ്ങനെ ചെയ്യുന്നതിലൂടെ അവൻ സഭയിൽ യഹോവയെ സ്തുതിക്കുന്നതിനുള്ള തന്റെ നേർച്ച നിറവേറ്റുകയും സ്തുതിയാഗം അർപ്പിക്കുന്നതിലൂടെ ആരാധകരുടെ പൊതുവിരുന്നിന് ഒരുങ്ങുകയും ചെയ്യുന്നു.