
നിത്യജീവൻ

സങ്കീർത്തന പരമ്പര-06
Secure in the Shadow of the Almighty!
Psalm 91
"1 അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
2 യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
3 അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
4 തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
5 രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
6 ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
7 നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
8 നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
10 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
12 നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.
13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.
15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
16 ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും."
സങ്കീർത്തനത്തിന്റെ ഗ്രീക്ക് പതിപ്പ് (LXX) ദാവീദിന്റേതാണെന്ന് പറയുന്നുണ്ടെങ്കിലും, യഥാർത്ഥ എഴുത്തുകാരൻ അജ്ഞാതനാണ്, കാരണം ദാവീദുമായോ അദ്ദേഹത്തിന്റെ കാലവുമായോ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ സങ്കീർത്തനത്തിൽ കാണാൻ കഴിയുന്നില്ല. അതിനാൽ ഈ സങ്കീർത്തനം കാലാതീത സങ്കീർത്തനമായി നിലകൊള്ളുന്നു. ജീവനു ഭീഷണി ഉയർത്തുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ ഇതിലുള്ളതിനാൽ ഇതിലെ സന്ദേശത്തിനു കൂടുതൽ വ്യാപകമായ പ്രസക്തിയുണ്ട്.
സങ്കീർത്തനക്കാരൻ വിശ്വസ്തരായ വിശ്വാസികളോടാണ് സംസാരിക്കുന്നത് എന്നതിനാൽ അദ്ദേഹത്തിന്റെ രചന, തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ജാഗ്രതയും സ്നേഹവും നിറഞ്ഞ കരുതലിനെ ആഘോഷിക്കുന്നു, അതിനാൽ കർത്താവിന്റെ വിശ്വസ്തർക്ക് സമാധാനപരവും സുരക്ഷിതവുമായ ജീവിതം പ്രതീക്ഷിക്കാം.
പ്രധാന സന്ദേശം
ദൈവത്തിൽ അഭയം തേടുന്നതിൽ സുരക്ഷിതത്വമുണ്ടെന്ന സത്യം പ്രഖ്യാപിച്ചുകൊണ്ട്, ദുഷ്ടന്മാരുടെ വിവിധവും ഭയാനകവുമായ ആക്രമണങ്ങളിൽ നിന്ന് താൻ വിടുവിക്കപ്പെടുമെന്ന് സങ്കീർത്തനക്കാരൻ സ്വന്തം ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നു. കാരണം കർത്താവ് തന്റെ ദൂതന്മാരെ അവന്റെമേലുള്ള ചുമതല ഏൽപ്പിക്കുകയും അവൻ വിശ്വസിച്ചതിനാൽ അവനെ വിടുവിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരിക്കുന്നു.
സങ്കീർത്തന ഘടന
സങ്കീർത്തനത്തിന്റെ ആദ്യ പകുതി ജ്ഞാനസാഹിത്യവുമായി (wisdom literature) സാമ്യമുള്ളതാണ്; എന്നാൽ അവസാന പകുതി ദൈവത്തിൽ നിന്നുള്ള വാഗ്ദാനങ്ങളുടെ ഒരു പ്രവചനമാണ്.
ആദ്യ പകുതിയെ മൂന്ന് ഭാഗങ്ങളായി തിരിക്കാം. വിശ്വാസത്തിന്റെ പ്രകടനം (1—2), അപകടകരമായ ഭീഷണികൾ (3—8), സുരക്ഷയുടെ വാഗ്ദാനം (9—13). സങ്കീർത്തനത്തിന്റെ രണ്ടാം പകുതി ദൈവം തന്റെ സാന്നിധ്യവും ജനങ്ങളുടെ സംരക്ഷണവും പ്രഖ്യാപിക്കുന്ന പ്രവചന അരുളപ്പാടുകൾ (14—16).
സങ്കീർത്തനം ആരംഭിക്കുന്നത് യഹോവയുടെ സാന്നിധ്യത്തിൽ സുരക്ഷിതമായി വസിക്കുക എന്ന വിഷയത്തോടെയാണ്, തുടർന്ന് അതിനുള്ള നിർദ്ദേശങ്ങളും ദൈവത്തിന്റെ വാഗ്ദാനവും നൽകുന്നു. യഹോവയുടെ വാസസ്ഥലമായ ആലയത്തെ, സങ്കീർത്തനക്കാരനും മറ്റുള്ളവർക്കും അഭയം തേടി ഓടിപ്പോകാൻ കഴിയുന്ന ഒരു സങ്കേതമായി അവതരിപ്പിച്ചിരിക്കുന്നു.
1. സർവ്വശക്തനായ കർത്താവിന്റെ സാന്നിധ്യത്തിൽ സുരക്ഷയും സുരക്ഷിതത്വവും ഉണ്ട് (1-2).
ആദ്യത്തെ രണ്ട് വാക്യങ്ങളിൽ ദൈവത്തിന്റെ സാന്നിദ്ധ്യത്തിലുള്ള സങ്കീർത്തനക്കാരന്റെ ആത്മവിശ്വാസത്തെ പ്രഖ്യാപിക്കുന്നു: ദൈവസാന്നിധ്യത്തിൽ സുരക്ഷയും (safety) സുരക്ഷിതത്വവും (security) ഉണ്ടെന്നതാണ് തന്റെ ആത്മവിശ്വാസം. ഈ രണ്ട് വാക്യങ്ങളിലുംകൂടി ദൈവത്തെ വിശദീകരിക്കുന്ന നാല് വ്യത്യസ്ത വാക്കുകൾ ഉപയോഗിക്കുന്നു: അത്യുന്നതൻ, സർവ്വശക്തൻ, ഉടമ്പടി നാമമായ യാഹ്‌വെ, ദൈവം. താൻ ആശ്രയിക്കുന്ന ദൈവം എങ്ങനെയുള്ളവൻ എന്ന സൂചന ഇത് നൽകുന്നു. തുടർന്ന്, തന്റെ സുരക്ഷിതത്വത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനം ഈ ദൈവത്തിലുള്ള തന്റെ ആശ്രയമാണെന്ന് സങ്കീർത്തനക്കാരൻ വിവരിക്കുന്നു. ഭക്തനായ വിശ്വാസി തന്റെ ഹൃദയം കൊണ്ട് ഏതു സമയത്തും ഏതുകാര്യത്തിനും ദൈവത്തെ ആശ്രയിക്കുന്നവനാണ്.
കുഴപ്പങ്ങളും അപകടങ്ങളും നിറഞ്ഞ ലോകത്ത് ഒരു വിശ്വാസിക്ക് ആശ്രയം ഉറപ്പിക്കുവാൻ കഴിയുന്ന ഏകസ്ഥലം അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയാണ്. വിശുദ്ധമന്ദിരത്തിന് പുറത്ത് അപകടമുണ്ട്; എന്നാൽ സർവ്വശക്തനായ ദൈവത്തിന്റെ സാന്നിധ്യത്തിൽ സുരക്ഷിതത്വമുണ്ട്. വിശ്വാസികൾ ഈയൊരു സാദ്ധ്യത എത്രത്തോളം പ്രയോജനപ്പെടുത്തുന്നു എന്നതാണ് ചോദ്യം? ദൈവത്തിൽ സ്വസ്ഥത കണ്ടെത്താതെ അസ്വസ്ഥതകളാൽ നിങ്ങളുടെ മനസ്സിനെ നീറ്റുകയാണൊ?
ആദ്യവാക്യം സങ്കീർത്തനക്കാരൻ തന്റെ സുരക്ഷിതത്തിനുള്ള തത്ത്വം പ്രഖ്യാപിക്കുന്നതാണെങ്കിൽ, രണ്ടാം വാക്യം ദൈവത്തിലുള്ള തന്റെ സ്വന്തം ആശ്രയം പ്രഖ്യാപിക്കുകയാണ്. യഹോവ ഒരു സങ്കേതമായി ഒരു കോട്ടയായി നിന്ന് തന്നെ സംരക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുന്നു. യഥാർത്ഥ ഭക്തൻ ദൈവിക സംരക്ഷണത്തിൽ ആശ്രയിച്ച് തന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു.
2. യഹോവയെ തങ്ങളുടെ സങ്കേതമാക്കുന്നവർ ഒരു അനർഥവും ഭയപ്പെടേണ്ടതില്ല, കാരണം അവരുടെ സംരക്ഷണം ദൈവം തന്റെ ദൂതന്മാരുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു (3—13).
എല്ലാവിധ ഭയാനകമായ അപകടങ്ങളിൽ നിന്നും യഹോവ തന്റെ വിശ്വസ്തരെ സംരക്ഷിക്കുന്നു (3—8). വേട്ടക്കാരന്റെ കെണി, മഹാമാരി എന്നിവ വിനാശകരമായ ശത്രുവിന്റെ ആക്രമണത്തെ സൂചിപ്പിക്കുന്നു. കിഡ്‌നർ സൂചിപ്പിക്കുന്നത് പോലെ, ഇവയിൽ മിക്കതും അദൃശ്യ ശക്തികളാലുള്ള ആക്രമണങ്ങളാണ്, അതിനാൽ ശക്തരും ദുർബലരും അവയുടെ മുന്നിൽ ഒരുപോലെ നിസ്സഹായരാണ്.
ആദ്യം, വേട്ടക്കാരന്റെ കെണിയിൽ നിന്ന് അവനിൽ അഭയം തേടുന്നവനെ യഹോവ വിടുവിക്കുമെന്ന് സങ്കീർത്തനക്കാരൻ പ്രഖ്യാപിക്കുന്നു. വിശ്വാസി ഒരിക്കലും കെണിയിൽ അകപ്പെടില്ലെന്ന് ഈ വാക്യം പറയുന്നില്ല, മറിച്ച് യഹോവ അവനെ അതിൽ നിന്ന് വിടുവിക്കുമെന്നാണ് പറയുന്നത്. മനുഷ്യനിർമ്മിത കെണികളും ഭീഷണികളുമാണ് സങ്കീർത്തനക്കാരൻ അർത്ഥമാക്കുന്നത് എന്ന് ആൻഡേഴ്‌സൺ കുറിക്കുന്നു. അതിനാൽ തന്റെ ജീവനെതിരായ ഏതൊരു ശ്രമത്തിൽ നിന്നും മോചനം ദൈവം വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നാശകരമായ മഹാമരി എന്നത് "ഒരു നശിപ്പിക്കുന്ന വാക്ക്" എന്ന് ചിലർ വ്യാഖ്യാനിക്കുന്നു. ആൻഡേഴ്‌സൺ അപവാദമോ ഏതെങ്കിലും ഗൂഢാലോചനയോ നിർദ്ദേശിക്കുന്നു (പേജ് 656). ഒരുപക്ഷേ മനുഷ്യനിർമ്മിത കെണിയുടെ പിന്നിലെ ഉദ്ദേശ്യത്തിൽ നിന്നുള്ള വിടുതൽ ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
അടുത്ത വാക്യം പതിയിരിക്കുന്ന അപകടത്തിലല്ല, തന്റെ ജനത്തോടുള്ള കർത്താവിന്റെ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആദ്യത്തെ വാക്യത്തിൽ സങ്കീർത്തനക്കാരൻ അവൻ "നിങ്ങളെ മൂടും;" എന്നു പറഞ്ഞ് ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രണ്ടാമത്തേതിൽ "നിങ്ങൾക്ക് അഭയം ലഭിക്കും" എന്ന് പറഞ്ഞ് വിശ്വാസിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യഹോവയുടെ സംരക്ഷണത്തെ പക്ഷികളുടെ സംരക്ഷണവുമായിട്ടാണ് താരതമ്യം ചെയ്യുന്നത് (സൂമോർഫിസം). ആദ്യത്തേത്, ദൈവം വിശ്വാസിയെ തൂവലുകൾ കൊണ്ട് മൂടും; രണ്ടാമത്തേത് വിശ്വാസി തന്റെ ചിറകുകൾക്കടിയിൽ അഭയം കണ്ടെത്തും. ഈ ആലങ്കാരിക പ്രയോഗങ്ങൾ ദൈവത്തിന്റെ വിശ്വസ്തതയെയാണ് സൂചിപ്പിക്കുന്നത് എന്ന് അടുത്ത വാക്യം വ്യക്തമാക്കുന്നു: "അവന്റെ വിശ്വസ്തത നിനക്ക് പരിചയും പലകയും ആകുന്നു." “വിശ്വസ്തത” എന്ന വാക്കുകൊണ്ട് സങ്കീർത്തനക്കാരൻ അർത്ഥമാക്കുന്നത് ദൈവം തന്റെ വചനത്തോടും ഉടമ്പടി വാഗ്ദാനങ്ങളോടും കാണിക്കുന്ന വിശ്വസ്തതയെയാണ്. ദൈവത്തോട് ഉടമ്പടി വിശ്വസ്തത പുലർത്തുന്നവരെ, ദൈവം ഒരു പക്ഷിയെപ്പോലെ സംരക്ഷിക്കുമെന്നാണ് ഇതിന്റെ സാരം.
തൽഫലമായി, അപകടകരമായ സമയങ്ങളിലെ ഭയാനകമായ സംഭവങ്ങളെ ഒരു വിശ്വാസി ഭയപ്പെടുകയില്ല (വാക്യം 5) എന്ന് സങ്കീർത്തനക്കാരൻ പ്രഖ്യാപിക്കുന്നു. ദൈവത്തിന്റെ സംരക്ഷണത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, വിശ്വാസികൾ ഒരിക്കലും ഭയപ്പെടേണ്ട ആവശ്യമില്ല എന്ന് അത് അർത്ഥമാക്കുന്നു. ഇവിടെ ഭയത്തിന്റെ ഉറവിടത്തെ "രാത്രിയിലെ ഭയമെന്നും" "പകൽ പറക്കുന്ന അസ്ത്രമെന്നും" വിശേഷിപ്പിക്കുന്നു. ഇത് എന്താണെന്ന് സങ്കീർത്തനക്കാരൻ വിശദീകരിക്കുന്നില്ല, എന്നാൽ സമാന്തരത കണക്കിലെടുത്ത് ഇത് ഒരു രാത്രി ആക്രമണത്തെയും അതുപോലെ പകൽ സമയത്തുള്ള തുറന്ന ആക്രമണത്തേയും സൂചിപ്പിക്കുന്നു. അപകട സമയത്തിനാണ് ഇവിടെ ഊന്നൽ. അതായത്, രാത്രിയിലെ രഹസ്യ ആക്രമണങ്ങളേയൊ പകൽ സമയത്തെ നേരായ ആക്രമണങ്ങളേയൊ, ദൈവത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന വിശ്വസ്തർ ഭയപ്പെടേണ്ടതില്ല എന്നാണ് ഇത് അർത്ഥമാക്കുന്നത്.
6-ാം വാക്യത്തിലെ ഭീഷണികൾ കൂടുതൽ ഭയാനകമാണ്. രാത്രിയിൽ നശിപ്പിക്കുന്ന ഒരു സംഹാരദൂതനെപ്പോലെ, ഉച്ചയ്ക്ക് നാശം വിതക്കുന്ന പകർച്ചവ്യാധി പോലെ, വിനാശകരമായ അപകടത്തെ സൂചിപ്പിക്കുന്നു. ദൈവവചനം അനുസരിക്കുകയാണെങ്കിൽ അവയെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നതാണ് ഇവിടുത്തെ ധ്വനി; യിസ്രായേൽജനം ദൈവത്തെ അനുസരിച്ച അവസരങ്ങളിൽ അവർ സുരക്ഷിതരും ദൈവവചനത്തോടു മത്സരിച്ച അവസരങ്ങളിൽ അവ ഹാനികരവുമായി തീർന്നുവെന്ന് പുറപ്പാട് പുസ്തകത്തിൽ നാം കാണുന്നു.
ഇതു വിതക്കുന്ന നാശത്തിന്റെ വ്യാപ്തിയെയാണ് 7-ാം വാക്യം വിവരിക്കുന്നത്. ആയിരം മുതൽ പതിനായിരം വരെ ആളുകൾ, ഒരു വിശ്വാസിയുടെ ചുറ്റും വീണേക്കാം, പക്ഷേ അത് അവന്റെ അടുത്തേക്ക് വരികയില്ല. ഈജിപ്തിലെ ആദ്യജാതന്റെ മരണത്തെ ഇത് ഓർമ്മിപ്പിക്കുന്നു. കർത്താവിന്റെ വചനത്തിൽ വിശ്വസിച്ച് കട്ടിളവാതിലിൽ രക്തം പുരട്ടിയവർ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു, പക്ഷേ അവരുടെ ചുറ്റും മരിച്ചവർ ഉണ്ടായിരുന്നു. അവർ യഹോവയിൽ ആശ്രയിക്കാത്ത ആളുകളോ, ദുഷ്ടന്മാരോ ആണ്. 7-ഉം 8-ഉം വാക്യങ്ങളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ബാധകൾ, ഭീകരതകൾ, കെണികൾ എന്നിവ അനുസരണക്കേടിന് കർത്താവ് ജനതയുടെമേൽ വരുത്തുന്ന കാര്യങ്ങളാണെന്ന് തോന്നുന്നു (ലേവ്യപുസ്തകം 26 കാണുക), എന്നാൽ യഹോവയെ തങ്ങളുടെ സങ്കേതമാക്കുന്നവർക്ക് അവയെ ഭയപ്പെടേണ്ടതില്ല. മാത്രവുമല്ല കർത്താവിൽ സുരക്ഷിതരായിരിക്കുന്ന വിശ്വാസികൾ ദുഷ്ടന്മാരുടെമേൽ വരുന്ന വിനാശകരമായ ശിക്ഷയെ കാണുകയും ചെയ്യും. "ശിക്ഷ" എന്ന വാക്കിന് പ്രതിഫലം അല്ലെങ്കിൽ പ്രായശ്ചിത്തം എന്ന ആശയമുണ്ട്; ദുഷ്ടന്മാരുടെ പ്രതിഫലം ശിക്ഷയാണ്. നീതിമാന്മാർ ദൈവഭക്തരല്ലാത്തവരുടെ മേലുള്ള ദൈവത്തിന്റെ ന്യായവിധിക്ക് സാക്ഷ്യം വഹിക്കും. അതിൽ ദുഷ്ടന്മാരായ ഭരണാധിപന്മാരും ഉണ്ടാകും എന്ന പ്രതീക്ഷ ഈ വാക്യം നമുക്ക് നൽകുന്നു. വിശ്വാസികൾക്ക് കഷ്ടത നിറഞ്ഞ ഒരു ജീവിതം ഉണ്ടാകണമെന്നല്ല, മറിച്ച് ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്ന ഭയാനകമായ കാര്യങ്ങൾ അവിശ്വാസത്തിനും ദുഷ്ടതയ്ക്കുമുള്ള ദൈവത്തിന്റെ കഠിനമായ ന്യായവിധികളാണെന്നാണ് സങ്കീർത്തനം പറയുന്നത്.
8-ാം വാക്യം, എല്ലാ കഷ്ടതകളും ദുഷ്ടന്മാർക്കുള്ള ശിക്ഷകളാണ്, ജീവിതത്തിലെ സാധാരണ പിരിമുറുക്കങ്ങളല്ല. ആളുകൾ വിശ്വസ്തതയോടെ ജീവിച്ചാൽ ഈ ശിക്ഷകളിൽ നിന്ന് അവർ രക്ഷപ്പെടും എന്നതാണ് ദൈവത്തിന്റെ വാഗ്ദാനം.
A. യഹോവ വിശ്വസ്തരെ തന്റെ വിശുദ്ധ ദൂതന്മാരുടെ സംരക്ഷണത്തിൽ ഏൽപ്പിക്കുന്നു (9—13).
നീതിമാന്മാർക്ക് ഈ സുരക്ഷിതത്വവും കരുതലും ലഭിക്കുന്നതിനുള്ള കാരണങ്ങളിലേക്ക് ഇപ്പോൾ സങ്കീർത്തനക്കാരൻ തിരിയുന്നു. ആദ്യം അദ്ദേഹത്തിന്റെ വിശ്വാസ പ്രസ്താവന നടത്തുന്നു: "യഹോവേ, നീ എന്റെ സങ്കേതം ആകുന്നു." "സങ്കേതം" എന്ന രൂപകം സൂചിപ്പിക്കുന്നത് സങ്കീർത്തനക്കാരൻ തന്റെ എല്ലാ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി യഹോവയിൽ ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ്. "നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയിരിക്കുന്നു."
10—13 വാക്യങ്ങളിൽ ഈ ക്രമീകരണം പിന്തുടരുന്നു. അങ്ങനെ സങ്കീർത്തനക്കാരൻ വിശ്വാസിയോട് ദൈവത്തിന്റെ വാഗ്ദാനം പ്രഖ്യാപിക്കുന്നു. ആദ്യത്തെ പ്രഖ്യാപനം നീതിമാന്മാരുടെ വാസസ്ഥലത്തിനടുത്ത് ഒരു തിന്മയും വരില്ല എന്നതാണ്. ആദ്യ വാക്യത്തിൽ "അനർത്ഥവും" എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു, ഇത്, അടുത്ത വരിയിലെ "ബാധ" യുമായി സമാന്തരത്തിലാണ്. ഈജിപ്തിലെ ഇസ്രായേലിനെക്കുറിച്ചാണ് ഈ സൂചന (പുറപ്പാട് 12:23 കാണുക). യഹോവയുടെ വചനം വിശ്വസിക്കാത്ത ഈജിപ്തുകാരുടെയും മറ്റുള്ളവരുടെയും വീടുകൾ രാത്രിയിൽ സമാനതകളില്ലാത്ത ഒരു ഭീകരതയാൽ ബാധിക്കപ്പെട്ടു. യഹോവയിൽ വിശ്വസിച്ചവർ മരണത്തിൽ നിന്ന് വിടുവിക്കപ്പെട്ടു.
അത്തരം തിന്മ ഇപ്പോൾ നീതിമാന്മാരുടെ കൂടാരങ്ങളിൽ വരാതിരിക്കാനുള്ള കാരണം 11-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്നു: “നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ തന്റെ ദൂതന്മാരെ നിന്റെ മേൽ കൽപ്പിക്കും.” മരുഭൂമിയിൽ ഈ വാക്യം ദുരുപയോഗം ചെയ്തുകൊണ്ട് സാത്താൻ യേശുവിനെ പരീക്ഷിക്കുന്നതായി ലുക്കൊസ് 4:10 ൽ വായിക്കുന്നു. ദൈവം ദൂതന്മാരെ വിവിധ ജോലികൾക്കായി നിയമിച്ചിട്ടുണ്ട്: അവർ ലോകത്തിന്റെ ഗവൺമെൻറിന്റെ കാവൽക്കാരാണ്; അവർ നീതിമാന്മാരെ നേർവഴിയിൽ നടത്തുന്നു (പുറപ്പാട് 23:20; ഉല്പത്തി 24:7, 40 കാണുക), വിശ്വസ്തരെ അവർ കാക്കുന്നു (എബ്രായർ 1:14). അതിനാൽ, നീതിമാന്മാരെ സംരക്ഷിക്കാൻ ദൈവം ദൂതന്മാരെ നിയമിച്ചിരിക്കുന്നു. അവരുടെ എല്ലാ വഴികളിലും - അവർ എവിടെ പോകുന്നു, അവർ എന്തു ചെയ്യുന്നു, എങ്ങനെ ജീവിക്കുന്നു എന്നിവ വീക്ഷിക്കുവാൻ ദൈവം ദൂതന്മാരെ ആവശ്യമുള്ളിടത്തേക്ക് അയയ്ക്കുന്നു (മത്തായി 4:11); എന്നാൽ അവർ അവിടെ ദൈവഹിതം നിവൃത്തിക്കുന്നതിനുള്ള ശുശ്രൂഷ മാത്രമെ നിവൃത്തിക്കയുള്ളു (മത്തായി 26:53).
ഈയൊരു സത്യം വിശ്വാസികൾ പൊതുവേ ശ്രദ്ധിക്കാറില്ല. അവരുടെ ശുശ്രൂഷയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ നാം പണ്ടെ എന്തെങ്കിലും അപകടങ്ങളിൽ പെട്ട് ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടേനെ. എലീശാ പ്രവാചകന്റെ ബാല്യക്കാരനായ ഗേഹസിയുടെ കണ്ണുകൾ തുറന്നപ്പോൾ, തങ്ങൾക്കുവേണ്ടി പോരാടുന്ന മാലാഖമാരുടെ സൈന്യത്തെ കണ്ട് അതിശയിച്ചതായി 2 രാജാക്കന്മാർ 6 ൽ നാം വായിക്കുന്നു. ഈ സംരക്ഷണത്തെ 12-ാം വാക്യത്തിൽ കൂടുതൽ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. വിശ്വാസികളുടെ കാലുകൾ കല്ലിൽ തട്ടിപ്പോകാതിരിക്കാൻ ദൂതന്മാർ അവരുടെ കൈകളിൽ അവരെ താങ്ങുന്നു. മറ്റ് സ്ഥലങ്ങളിൽ ആളുകളെ പിന്തുണയ്ക്കുന്ന കർത്താവിന്റെ നിത്യ കരങ്ങൾ ഉപയോഗിക്കും, എന്നാൽ ഇവിടെ അത് മാലാഖമാരാണ്. കല്ലിൽ കാൽ തട്ടുന്നത് ഒരു പ്രത്യേക ദൗർഭാഗ്യമാണ്; എല്ലാത്തരം ദോഷകരവും വേദനാജനകവുമായ അപകടങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ദൈവം തന്റെ ജനത്തിന്റെ സംരക്ഷണത്തിനായി വ്യവസ്ഥ ചെയ്തിട്ടുണ്ട്; നാമത് വ്യക്തമായി കാണാത്തതിനാൽ, നാം അത് മറന്നുപോകുകയും നമ്മുടെ വഴികളെ നയിക്കാനും സംരക്ഷിക്കാനും സ്വയം ശ്രമിക്കുകയും ചെയ്യുന്നു. പല വിശ്വാസികളും ഉല്പത്തിയിലെ യാക്കോബിനെ പോലെയാണ്. യാക്കോബ് തന്റെ സഹോദരനായ യേശാവിനെ കബളിപ്പിച്ച് ജേഷ്ഠാവകാശം തട്ടിയെടുത്ത് ലാബാന്റെ അടുക്കലേക്ക് ഒളിച്ചോടുമ്പോൾ വഴിയിൽ ദൂതന്മാർ തന്നെ സന്ദർശിച്ചതു (ഉല്പത്തി 28:10-22) താൻ പിന്നീടു മറന്നുപോയെങ്കിലും, വീണ്ടും ഭാര്യാപിതാവായ ലാബാനേയും വിട്ട് തിരികെ യേശാവിന്റെ അടുക്കലേക്ക് ഓടിപ്പോകുമ്പോൾ ഉണ്ടായ ദൂതന്മാരുടെ മറ്റൊരു വെളിപ്പെടുത്തലാണ് (ഉല്പത്തി 32:1-2) ദൂതന്മാരാലുള്ള ദൈവിക സംരക്ഷണത്തെക്കുറിച്ച് യാക്കോബിനെ ബോധവാനാക്കിയത്.
അങ്ങനെ 13-ാ൦ വാക്യം ദൈവികസംരക്ഷണം എന്ന ആശയത്തിന്റെ ഒരു വിപുലീകരണം നൽകുന്നു: ദൈവത്തിന്റെ ദൂതന്മാർ ആളുകളെ വഴിയിൽ ഇടറി വീഴാതിരിക്കാനും അവരുടെ കാലിന് പരിക്കേൽക്കാതിരിക്കാനും സംരക്ഷിക്കുകയാണെങ്കിൽ, ദൈവജനം പ്രകൃതിയിലെ എല്ലാ ശത്രുശക്തികളെയും, ചവിട്ടിമെതിക്കും. ഈ വാക്യം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. എന്തുകൊണ്ടാണ് അവൻ സിംഹങ്ങളിലും സർപ്പങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? നീതിമാന്മാർ അവയെ ചവിട്ടിമെതിക്കുന്നത് എന്തുകൊണ്ട്? ഇത്തരത്തിലുള്ള പ്രവർത്തനം ദൈവത്തിന്റെ സംരക്ഷണത്തെ പരീക്ഷിക്കുകയല്ലേ?
ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്ന മൃഗങ്ങളായ സിംഹവും മൂർഖനും, മഹാസിംഹവും സർപ്പവും, സിംഹത്തെപ്പോലെ ഏറ്റുമുട്ടുന്നതോ പാമ്പിനെപ്പോലെ സൂക്ഷ്മമായതോ ആയ എല്ലാ അപകടകരമായ ശക്തികളുടെയും പ്രതീകമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ പ്രതീകാത്മകമായി മനുഷ്യൻ നേരിടുന്ന അപകടങ്ങളെ വിവരിക്കുന്ന രീതിയാണ്. അപകടത്തിന്റെയും നാശത്തിന്റെയും ശക്തികൾക്കെതിരായ നീതിമാന്മാരുടെ അന്തിമ വിജയത്തെയും ഈ രേഖ പ്രതീകപ്പെടുത്തിയേക്കാം: ദുഷ്ടന്മാരുടെ പ്രതിഫലം അവർ കാണുമെന്ന് മാത്രമല്ല, എല്ലാ എതിർപ്പുകളെയും അവർ കാലിനടിയിൽ ചവിട്ടിമെതിക്കുകയും ചെയ്യും. കിഡ്നർ എന്ന ദൈവദാസന്റെ വാക്കുകളിൽ പറഞ്ഞാൽ വിശ്വാസികൾ അതിജീവകരല്ല, പ്രത്യുത വിജയികളാണ്.
പുരാതന ലോകത്തിലെ ജീവിതത്തിന് ഈ ഭീഷണികൾ സാധാരണമായിരുന്നു. പുറജാതീയ മതങ്ങളിൽ ആളുകൾ അവയെ മന്ത്രങ്ങളും കൂടോത്രങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കുന്നു; വടക്കെ ഇന്ത്യയിൽ മന്ത്രവാദികളെ ആശ്രയിക്കുന്നവർ അനവദിയാണ്. ഈ സങ്കീർത്തനം വ്യക്തമാക്കുന്നത്, പൈശാചിക പ്രശനങ്ങളാണെങ്കിൽ കൂടി, യഹോവയിലുള്ള ഒരു സജീവ വിശ്വാസം മാത്രമേ ഇവയെ തടയൂ എന്നാണ്.
3. വിശ്വാസികളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും രക്ഷയിലൂടെ ദീർഘായുസ്സ് നൽകി അവരെ അനുഗ്രഹിക്കുമെന്നും കർത്താവ് വാഗ്ദാനം ചെയ്യുന്നു (14—16).
A. വിശ്വാസികളെ കർത്താവ് വിടുവിക്കും.
ഈ വാക്യങ്ങളിലെ പ്രഭാഷകൻ യാഹ്വെയാണ്. വിശ്വാസികൾക്കുള്ള ദൈവിക വാഗ്ദാനങ്ങളാണിവ. എന്നാൽ ഈ വാഗ്ദാനങ്ങൾ സങ്കീർത്തനത്തിൽ നേരത്തെ പ്രഖ്യാപിച്ചതിനേക്കാൾ പൊതുവായ സ്വഭാവമുള്ളതാണ്. എന്നാൽ മറുവശത്ത്, നീതിമാന്മാരുടെ വിശ്വാസത്തിനും പെരുമാറ്റത്തിനും അതിനൊരു പങ്കുണ്ട്. 14-ാം വാക്യത്തിൽ ദൈവം വിശ്വസ്ത വിശ്വാസിയെ വിടുവിക്കുകയും ഉയർത്തുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്നു. "ഉയർത്തുമെന്ന" പ്രസ്താവന വിശ്വാസിയെ സുരക്ഷിതനും സംരക്ഷിതനുമാക്കുന്നതിനുള്ള ഒരു ആലങ്കാരിക പ്രയോഗമാണ്, അതായത്, ശത്രുക്കളുടെ അപകടത്തിന് മുകളിൽ അവനെ അപ്രാപ്യമായി ഉയർത്തും. എന്നാൽ ഈ വിടുതൽ സ്വീകരിക്കുന്നയാളുടെ വിശ്വാസത്തിനാണ് ഊന്നൽ. യഥാർത്ഥ വിശ്വാസിയെക്കുറിച്ച് രണ്ട് കാര്യങ്ങൾ ഇവിടെ പറയുന്നു. ഒന്നാമതായി, അവൻ തന്റെ സ്നേഹം യഹോവയിൽ അർപ്പിച്ചിരിക്കുന്നു. ഇത് കേവലം ലളിതമായ വിശ്വാസമല്ല; അത് യഹോവയോടുള്ള ആത്മാർത്ഥമായ സ്നേഹവും ഭക്തിയും ആണ്. വിശ്വാസികൾക്കുള്ള ഉടമ്പടിയിലെ അടിസ്ഥാന ആവശ്യകത സ്നേഹമാണെന്ന് ഇത് വായനക്കാരനെ ഓർമ്മിപ്പിക്കുന്നു (ആവ. 21:11 കാണുക). വിശ്വസ്തനായ വിശ്വാസിയുടെ രണ്ടാമത്തെ വിവരണം, അവൻ യഹോവയുടെ നാമം അറിയുന്നു എന്നതാണ്. യഹോവയുടെ നാമം അറിയുന്നു. "കർത്താവിന്റെ നാമം" അവന്റെ സ്വഭാവത്തെയും പ്രവൃത്തികളെയും കുറിച്ചുള്ള ഒരു സംഗ്രഹ പരാമർശമാണ്. കർത്താവിന്റെ നാമം അറിയുക എന്നത് വിശ്വാസത്താൽ ഇതെല്ലാം അനുഭവിക്കുക എന്നതാണ്. ഇത്തരത്തിൽ അടുപ്പമുള്ള, വ്യക്തിപരമായ അനുഭവം വിശ്വസ്തരായ വിശ്വാസികളുടെ, കർത്താവിനോടൊപ്പം നടക്കുന്ന ആളുകളുടെ, സവിശേഷതയാണ്.
B. അവൻ അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകും (15).
കർത്താവിന്റെ സംരക്ഷണത്തിന്റെ ഒരു ഫലം ഉത്തരം ലഭിച്ച പ്രാർത്ഥനയാണ്. അവൻ വിളിച്ചപേക്ഷിക്കും; ഞാൻ അവനു ഉത്തരം അരുളും."
വാക്യത്തിന്റെ രണ്ടാം പകുതിയിൽ രണ്ട് ആശയങ്ങളുണ്ട്: ഒന്നാമത്തെ ആശയം “ഞാൻ അവനോടൊപ്പം കഷ്ടത്തിൽ ഉണ്ടായിരിക്കും” എന്നതാണ്. രണ്ടാമത്തെ ആശയം ഞാൻ അവനെ വിടുവിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും. വിശ്വാസികൾ കഷ്ടതയിൽ ആകുമ്പോൾ അവർ സ്വാഭാവികമായി ദൈവത്തെ വിളിച്ചപേക്ഷിക്കും. അവൻ പ്രാർത്ഥനകേൾക്കുമെന്നും ഉത്തരം നൽകുമെന്ന പ്രതീക്ഷയാണ് അങ്ങനെ ചെയ്യുവാൻ അവരെ പ്രേരിപ്പിക്കുന്നത്. എന്നാൽ അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നത് ദൈവം കഷ്ടതയിൽ തന്നോടുകുടെ ഇരിക്കുമെന്നും അവൻ കൈവിടുകയില്ലെന്നുമുള്ള അറിവാണ്. ആ വിടുതൽ ബഹുമാനത്തോടെയുള്ളതായിരിക്കും. ഉദാ. ശദ്രക്, മേശക് അബേദ്നെഖൊ.
C. രക്ഷയിലൂടെ അവൻ അവരെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കും (16).
ഒടുവിൽ, കർത്താവ് അവനെ ദീർഘായുസ്സുകൊണ്ട് (“ദീർഘായുസ്സ്”) തൃപ്തിപ്പെടുത്തുമെന്നും അവന്റെ രക്ഷ കാണിച്ചുകൊടുക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. അവനെ തൃപ്തിപ്പെടുത്തുക എന്നാൽ അവന് പൂർണ്ണമായ ജീവൻ നൽകുക എന്നാണ് അർത്ഥമാക്കുന്നത്, ദീർഘവും സമൃദ്ധവുമായ ജീവിതം. ജ്ഞാനസാഹിത്യത്തിലെ വാഗ്ദാനങ്ങളെ ഈ വാഗ്ദാനം അനുസ്മരിപ്പിക്കുന്നു: അവ പൊതുവായതാണ്, കേവല വാഗ്ദാനങ്ങളല്ല, കാരണം അപവാദങ്ങൾ ഉണ്ടാകാം. എന്നാൽ പൊതുവേ, വിശ്വസ്തനും ഭക്തനുമായ വിശ്വാസിക്ക് അനുഗ്രഹീതമായ ഒരു ജീവിതത്തിനുള്ള ദൈവത്തിന്റെ കരുതൽ പ്രതീക്ഷിക്കാം.
"എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും" എന്നതിലെ “കാണിക്കുക” എന്ന ക്രിയ "ആഴമായി കുടിക്കുക, തൃപ്തരാകുക" എന്നർത്ഥത്തിലെടുക്കാം. അതല്ലെങ്കിൽ, സങ്കീർത്തനത്തിൽ നേരത്തെ നീതിമാന്മാർ ദുഷ്ടന്മാരുടെ ശിക്ഷ സ്വന്തം കണ്ണുകളാൽ കാണുമെന്ന് വാഗ്ദാനം ചെയ്തിരുന്നു (വാക്യം 8); അതുപോലെ ഇവിടെ അവർ രക്ഷ കാണുമെന്ന വളരെ നല്ല അർത്ഥത്തിൽ അതിനെ എടുക്കാം.
അവർ സാക്ഷ്യം വഹിക്കുന്ന രക്ഷ സങ്കീർത്തനക്കാരന്റെ മനസ്സിൽ ഒരു താൽക്കാലിക അനുഗ്രഹമായിരിക്കാം, എന്നാൽ അതിനു വിശാലമായ മറ്റൊരു അർത്ഥവും കൂടിയുണ്ട്. കിർക്ക്പാട്രിക് പറയുന്നതുപോലെ, സന്ദർഭത്തിൽ ഈ വാക്ക് ദൈവത്തിന്റെ കരുതലിന്റെയും വിടുതലിന്റെയും ദൃശ്യമായ പ്രകടനങ്ങളെയാണ് സൂചിപ്പിക്കുന്നത്; എന്നാൽ ഓരോ പ്രകടനവും പഴയനിയമത്തിന്റെ (പ്രത്യാശയുടെ) ലക്ഷ്യമായ അന്തിമ മിശിഹൈക മഹത്വത്തിന്റെ ഒരു സൂചനയാണ്.
ഇതുവരെ പങ്കുവെച്ചത് ഇപ്രകാരം ഞാൻ സംഗ്രഹിക്കുന്നു:
ഭയാനകമായ ഭീഷണികളുടെ സമയങ്ങളിൽ സുരക്ഷയും സുരക്ഷിതത്വവും വരുന്നത് അത്യുന്നതനും സർവ്വശക്തനും ഉടമ്പടി ദൈവമായ യാഹ്വെയിലുള്ള പൂർണ്ണഹൃദയത്തോടെയുള്ള വിശ്വാസത്തിൽ നിന്നാണ്. കർത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷം ഈ ദൈവവുമായി നമ്മെ ബന്ധിപ്പിച്ചിരിക്കുന്നു. അവൻ വിശ്വസ്തരെ സംരക്ഷണത്തിനും വിടുതലിനും വേണ്ടി തന്റെ ദൂതന്മാരെ ഏൽപ്പിച്ചിരിക്കുന്നു. ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഉറപ്പാണ്, എന്നാൽ അവയെ വിലമതിക്കുന്നതിന് വിശ്വാസികൾ അവനെ പൂർണ്ണമായും വിശ്വസിക്കുകയും വിശ്വസ്തരായി തുടരുകയും വേണം. ദൈവത്തിൽ പൂർണമായി ആശ്രയിക്കുന്നവനായും, ശത്രുവിൽ നിന്നുള്ള സുരക്ഷയും മാലാഖമാരുടെ സംരക്ഷണവും വാഗ്ദാനം നിറവേറ്റുന്നവനായും ഈ സങ്കീർത്തനം യേശുവിനെ ചിത്രീകരിക്കുന്നു. പുതിയനിയമത്തിലും അപകടങ്ങൾ അത്രയും തന്നെ യഥാർത്ഥമാണെന്നും, നാം അവ സഹിക്കേണ്ടി വന്നാലും, നമുക്ക് ദൈവവചനത്തിൽ പറ്റിനിൽക്കാമെന്നും പറയുന്നു. നമ്മെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ ഭയപ്പെടരുതെന്നും, നമ്മെ പൂർണ്ണമായി അറിയുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തെ ഭയപ്പെടണമെന്നും യേശു പറഞ്ഞു (മത്തായി 10:26-30). മരണത്തെ ജയിക്കുകയും ജീവിതത്തിന്റെയും മരണത്തിന്റെയും താക്കോലുകൾ യേശു കൈവശം വയ്ക്കുകയും ചെയ്യുന്നതിനാൽ വരാനിരിക്കുന്ന കാര്യങ്ങളെ ഭയപ്പെടരുതെന്ന് യോഹന്നാനോട് പറഞ്ഞത് നാം ഓർക്കണം (വെളി. 1215, 18). എന്ത് അപകടങ്ങൾ നമ്മുടെ വഴിയിൽ വന്നാലും, ക്രിസ്തുവിലുള്ള ദൈവത്തിന്റെ നിത്യസ്നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ യാതൊന്നിനും കഴിയില്ലെന്ന് അപ്പോ. പൗലോസും നമ്മെ ഓർമ്മിപ്പിക്കുന്നു (റോമർ 8:32-39).