top of page

സങ്കീർത്തന പരമ്പര-02

The blessed way!
അനുഗ്രഹത്തിന്റെ വഴി !
സങ്കിര്‍ത്തനം 1 (Psalm 1)

"1ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും 2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.
3 അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും. 4 ദുഷ്ടന്മാർ അങ്ങനെയല്ല; അവർ കാറ്റു പാറ്റുന്ന പതിർപോലെയത്രേ. 5 ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവർന്നു നിൽക്കുകയില്ല. 6 യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു."

1-3 വരെ വാക്യങ്ങളിൽ നീതിമാന്മാരുടെ വഴിയെക്കുറിച്ചും 4-5 വാക്യങ്ങളിൽ പാപികളുടെ വഴിയെക്കുറിച്ചും, ആറാം വാക്യം ഇരുവഴികളുടേയും പരസ്പര വിരുദ്ധമായ പരിസമാപ്തിയെക്കുറിച്ചും പറയുന്നു.

1. നീതിമാന്മാരായി ജീവിക്കുന്നതിലെ അനുഗ്രഹം.

1-3 വരെ വാക്യങ്ങൾ ഒരു നീതിമാനായ മനുഷ്യന്റെ സന്തോഷത്തിന്റെ ഉറവിടത്തെക്കുറിച്ചും അവന്റെ അനുഗ്രഹാവസ്ഥയെക്കുറിച്ചും പറയുന്നു.

ദൈവം നീതി കണക്കിട്ട വ്യക്തിയെയാണ് നീതിമാനായ/ഭക്തനായ മനുഷ്യൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദൈവത്താൽ നീതീകരിക്കപ്പെട്ട മനുഷ്യൻ ജ്ഞാനികളുടെ ആലോചന സ്വീകരിക്കുന്നവനും, ദൈവവചനപ്രകാരം അവന്റെ വഴികളെ ക്രമപ്പെടുത്തുന്നവനുമാണ്. ആ വ്യക്തിയുടെ അനുഗ്രഹാവസ്ഥയെയാണ് പ്രധാനമായും ഇവിടെ ഉദ്ദേശിക്കുന്നത്. അവൻ ദുഷ്ടന്മാരുടെ ആലോചനക്ക് ചെവികൊടുക്കുകയില്ല പാപികളുടെ ജീവിതശൈലി സ്വീകരിക്കുകയുമില്ല.

ആന്തരീകമായി അവനു ലഭിച്ച ദൈവകൃപ, അവന്റെ പെരുമാറ്റത്തിലൂടെ ജീവിതത്തിൽ പ്രതിഫലിക്കും. അവൻ പാപിയാണെങ്കിലും- യേശുവിന്റെ രക്തത്താൽ കഴുകപ്പെട്ട പാപിയാണ്. പരിശുദ്ധാത്മാവിനാൽ ഉണർത്തപ്പെട്ടവനാണ്, അവൻ ഹൃദയത്തിൽ നവീകരണം വന്ന വ്യക്തിയാണ്. പരിഹാസികളുടെ വാക്കു കേൾക്കുന്നത് അവനു അലർജിയാണ്. മറ്റുള്ളവർ പാപത്തെക്കുറിച്ചൊ, നിത്യതയെ കുറിച്ചൊ, സ്വർഗ്ഗത്തെക്കുറിച്ചൊ, നരകത്തെക്കുറിച്ചൊ, നിത്യനായ ദൈവത്തെക്കുറിച്ചൊ ഒക്കെ പുഛത്തോടെ സംസാരിക്കുമ്പോൾ, അവർ അതിനെ കളി തമാശയായി എടുക്കുമ്പോൾ, ഭക്തനായ മനുഷ്യൻ അതിലൊക്കേയും വളരെ അസഹിഷ്ണുതയുള്ള വ്യക്തിയായിരിക്കും. ദൈവത്തിന്റെ സാന്നിദ്ധ്യം എല്ലായിടത്തുമുണ്ടെന്ന് അറിയുന്ന അവൻ, ദൈവനാമം ദുഷിക്കപ്പെടുന്നതു കാണുമ്പോൾ സഹിക്കുകയില്ല. ഒരുപക്ഷെ, ഇങ്ങനെ പരിഹസിക്കുന്നവന്റെ കസേര ഉന്നതമായിരിക്കാം, എന്നാൽ അവന്റെ കസേര നരകവാതിലിനോട് ഏറ്റവും അടുത്തായിരിക്കും, അത് പെട്ടെന്ന് ശുന്ന്യമാകും. നാശം അതിനെ വിഴുങ്ങിക്കളയും എന്ന് അവൻ അറിയുന്നു.

2. ദുഷ്ടന്മാരായി ജീവിക്കുന്നതിന്റെ അനന്തരഫലം.

4-5 വാക്യങ്ങൾ ഒരു അഭക്തനായ മനുഷ്യൻ/ദുഷ്ടനായ മനുഷ്യൻ എങ്ങനെ ആയിരിക്കുമെന്നും തന്റെ അവസാനമെന്തായിരിക്കുമെന്നും പറയുന്നു.

ഈയൊരു രീതിക്കു തടയിടാതെ മുന്നോട്ടുപോയാൽ പിന്നെ അവൻ പാപത്തിന്റേയും പ്രലോഭനത്തിന്റെയും ഒരു വക്താവായി, ഒരു ഉപദേഷ്ടാവായി അധഃപ്പതിക്കും. അതാണ് പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കുക എന്നു പറയുന്നതുകൊണ്ട് അർത്ഥമാക്കുന്നത്. തിന്മയുടെ വഴി തടയുന്നില്ലെങ്കിൽ അതു പടിപടിയായി വർദ്ധിച്ച് പാപത്തിലേക്ക് കൂപ്പുകുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേരും. പാപത്തിൽ തുടരുന്നവൻ, മോശം അവസ്ഥയിൽ നിന്ന് അതിനേക്കാൾ മോശമായ അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കും. അവൻ അഭക്തരുടെ ആലോചനക്കു ചെവികൊടുക്കും, പിന്നെ അവൻ അതു പ്രാവർത്തികമാക്കും, ദുഷ്ടത അവന്റെ ഹാബിറ്റായി മാറും. അവസാനം അവൻ പാപികൾക്ക് ആലോചന പറഞ്ഞുകൊടുക്കുന്ന, അവരെ പ്രലോഭനത്തിലേക്ക് നയിക്കുന്ന ഒരുവക്താവായി കാലക്രമേണ മാറുന്നു. അങ്ങനെ അവൻ തിന്മയിൽ ഡോക്ടറേറ്റ് എടുത്തവനായി തീരുന്നു.

3. നീതിമാൻ ദൈവത്തിന്റെ വചനത്തിൽ പ്രമോദിക്കുന്നു.

ദൈവം നീതി കണക്കിട്ട വ്യക്തി, ശാപത്തിലൊ ന്യായവിധിയിൻ കീഴിലൊ അല്ല എങ്കിലും, അവൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ പ്രമോദിക്കുന്നവനാണ്. ദൈവത്തോടുള്ള ഒരു വിശ്വാസിയുടെ മനോഭാവം കേവലം കടമ നിർവ്വഹിക്കുന്നു എന്നതിനേക്കാൾ, സ്വതന്ത്രവും, സ്നേഹവും, സ്വയം-ത്യജിച്ചും കൊണ്ടുള്ള അനുസരണത്തിന്റെ മനോഭാവമാണ്. അതിനുള്ള അവന്റെ എറ്റവും വലിയ പ്രചോദനം ക്രിസ്തു തനിക്കുവേണ്ടി കാല്വരിക്രൂശിൽ എന്തു ചെയ്തിരിക്കുന്നു എന്നുള്ളതാണ്. അതുകൊണ്ട് ദൈവവചനത്തെ ധ്യാനിക്കുകയും ദൈവവചനത്തിൽ പ്രമോദിക്കുകയും ചെയ്യുക എന്നു പറഞ്ഞാൽ ദൈവത്തോടും ജീവനോടും തന്നെ ബന്ധപ്പെട്ടിരിക്കുക എന്നതാണ്. ദൈവവചനത്തോട് എതിരായസമീപനം അവശ്യനേരങ്ങളിൽ ഉപകരിക്കയില്ല. ദൈവത്തിന്റെ വചനത്തിൽ പ്രമോദിക്കുന്നവൻ, ഒരിക്കലും വറ്റാത്ത ജീവ ഉറവക്കരികെ നിൽക്കുന്ന ഇലവാടാത്തതും ഫലം കായ്ക്കുന്നതുമായ സ്ഥിരതയുള്ള വൃക്ഷം പോലെയാണ്.

4. പ്രാർത്ഥന

ആകയാൽ നമുക്കിപ്രകാരം പ്രാർത്ഥിക്കാം: സകല വചനത്തിന്റേയും കർത്താവേ, ലോകത്താൽ പ്രലോഭിതനാകാതെ, എന്നെ കാത്തുകൊള്ളേണമെ. സമൂഹം പോകുന്നതുപോലെയൊ, ദോഷൈക ദൃക്കുകളെപോലെയൊ, ഒരു പരിഹാസിയെപോലേയൊ ആകുവാൻ എന്നെ അനുവദിക്കരുതെ. ദൈവവചനത്തിൽ പ്രമോദിക്കുന്നതുവരെ വചനം ധ്യാനിക്കുവാൻ എന്നെ സഹായിക്കേണമെ. സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും എനിക്കു സ്ഥിരതയും സംതൃപ്തിയും നൽകേണമെ. ആമേൻ.

*******

© 2020 by P M Mathew, Cochin

bottom of page