top of page

സങ്കീർത്തന പരമ്പര-01

The Book Of Psalms
സങ്കീർത്തനപുസ്തകം
സങ്കിര്‍ത്തനം (Psalm )

ആമുഖം

ഇസ്രായേലിന്റെ ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ള 150 പുരാതന എബ്രായ കവിതകൾ, ഗാനങ്ങൾ, പ്രാർത്ഥനകൾ എന്നിവയുടെ ഒരു ശേഖരമാണ് സങ്കീർത്തനപുസ്തകം. ഈ കവിതകളിൽ 73 എണ്ണം ദാവീദു രാജാവിന്റെ പേരിൽ അറിയപ്പെടുന്നു. ദാവിദ് ആടിനെ മേയിച്ചു നടന്ന ഒരു ഇടയബാലനും കിന്നര വായനയിൽ നിപുണനും ഒരു കവിയുമായിരുന്നു. ദൈവം ദാവിദിനോടു കൂടെയിരുന്നു തന്റെ ഉദ്യമങ്ങളിൽ സഹായിക്കുകയും അങ്ങനെ യിസ്രായേലിന്റെ രാജാവായി തീരുകയും 40 വർഷം യിസ്രായേലിനെ ഭരിക്കയും ചെയ്തു. ദാവീദിനെ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ എന്നാണ് ദൈവവചനം രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹമാണ് സങ്കീർത്തനപുസ്തകത്തിലെ ഏതാണ്ട് പകുതിയോളം വരുന്ന കവിതകൾ രചിച്ചത്. അദ്ദേഹത്തിന്റെ മകനായ ശലോമോനും സങ്കീർത്തനങ്ങളിൽ ചിലത് രചിച്ചിട്ടുണ്ട്. ബാക്കിയുള്ള സങ്കീർത്തനങ്ങൾ രചിച്ചത് ആസാഫ്, കോരഹപുത്രന്മാർ, മൊശെ എന്നിവരാണ്. എഴുത്തുകാരൻ ആരാണെന്ന് രേഖപ്പെടുത്താത്ത കവിതകളും ഈ കവിതാസമാഹാരത്തിൽ ഉണ്ട്. ഇസ്രായേലിന്റെ ദൈവാലയത്തിലെ ഗായകസംഘങ്ങൾ ഈ കവിതകളിൽ പലതും ദൈവാരാധനക്കായി ഉപയോഗിച്ചിരുന്നു.

പുസ്തകത്തിന്റെ രൂപകൽപ്പന

സങ്കീർത്തന പുസ്തകം യഥാർത്ഥത്തിൽ ഒരു സ്തുതിഗീതമായി ഇപ്പോൾ കാണുന്നതുപോലെ എഴുതപ്പെട്ട ഒന്നല്ല. ഇസ്രായേൽ ബാബിലോണിൽ പ്രവാസത്തിലായിരുന്ന സമയത്ത്, ഈ പുരാതന കവിതകൾ ഒരുമിച്ചുകൂട്ടി മന:പൂർവ്വം സങ്കീർത്തനപുസ്തകമായി ക്രമീകരിച്ചതാണ്. യിസ്രായേൽ ജനം പ്രവാസത്തിലേക്കു പോകുവാനുള്ള കാരണം അവർ ദൈവത്തോടുള്ള ഉടമ്പടി വിശ്വസ്തതയിൽ നിലനിന്നില്ല എന്നതാണ്. അതിന്റെ ഫലമായി ബാബിലോൺ അവരെ ആക്രമിക്കുകയും അങ്ങനെ നാടുകടത്തപ്പെടുകയുമാണുണ്ടായത്. അപ്പോൾ അവർ തങ്ങളുടെ ദൈവത്തെ ആരാധിക്കുന്നതിനായി ഈ സങ്കീർത്തനങ്ങളെ അന്വേഷിച്ചു. ഇതിന് വളരെ സവിശേഷമായ രൂപകൽപ്പനയും സന്ദേശവുമുണ്ട്, അത് ആദ്യം മുതൽ അവസാനം വരെ ശ്രദ്ധയോടെ വായിച്ചെങ്കിൽ മാത്രമെ ഈ സവിശേഷമായ രൂപകല്പനയും സന്ദേശവും നമുക്കു മനസ്സിലാക്കാൻ സാധിക്കയുള്ളു. സങ്കീർത്തന പുസ്തകം എങ്ങനെ രൂപകൽപ്പന ചെയ്തിരിക്കുന്നുവെന്ന് കാണാൻ, അവസാനസങ്കീർത്തനം മുതൽ ആരംഭിക്കുന്നത് വളരെ സഹായകരമാണ്.

സങ്കീർത്തന പുസ്തകം സമാപിക്കുന്നത്, ഇസ്രായേലിന്റെ ദൈവത്തെ സ്തുതിക്കുന്ന അഞ്ചു കവിതകളോടെയാണ്. ഇവ ഓരോന്നും “യഹോവയെ സ്തുതിക്കുവിൻ” എന്ന വാക്കുകളിലാണ് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത്. അതായത്, യിസ്രായേലിന്റെ ദൈവമായ "യാഹിനെ സ്തുതിക്കുവാൻ ഒരു കൂട്ടം ആളുകളോട് ആഹ്വാനം ചെയ്യുന്നു എന്നതാണ് ഈ വാക്കുകൾകൊണ്ട് അർത്ഥമാക്കുന്നത്. "യാഹ്" എന്നത് യിസ്രായേലിന്റെ ദൈവമായ "യാഹ്വെ" (Yahwah) യുടെ ഒരു ചുരുക്കപ്പേരാണ്.

ഈ കവിതകൾ അഞ്ചു ഭാഗങ്ങളുള്ള ഒരു പുസ്തകമാക്കി സംയോജിച്ചപ്പോൾ ആയിരിക്കണം ഇങ്ങനെയൊരു ക്രമീകരണം വരുത്തിയത് എന്നു കരുതാം. ഇത് വളരെ നല്ല ക്രമീകരണമായി ഇരിക്കുന്നു.

ഇങ്ങനെ മനഃപ്പൂർവ്വമായ രൂപകൽപ്പനയുടെ മറ്റെന്തിലും അടയാളങ്ങൾ ശ്രദ്ധിക്കുവാൻ സാധിക്കുമോ? അതിനു സാധിക്കും. ഈ കവിതകളുടെ തലക്കെട്ട് നിങ്ങൾ പരിശോധിച്ചാൽ 5 സ്ഥലങ്ങളിൽ ഒന്നാം പുസ്തകം, രണ്ടാം പുസ്തകം, മൂന്നാം പുസ്തകം, നാലാം പുസ്തകം, അഞ്ചാം പുസ്തകം എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. 1 മുതൽ 41 വരെയുള്ള സങ്കീർത്തനങ്ങളാണ് ഒന്നാം പുസ്തകത്തിൽ. രണ്ടാം പുസ്തകത്തിൽ 42 മുതൽ 72 വരെയുള്ള സങ്കീർത്തനങ്ങളാണുള്ളത്. മൂന്നാം വിഭാഗം 73-89 വരേയും നാലാം വിഭാഗം 90-106 വരേയും അഞ്ചാം വിഭാഗം 107-150 വരേയുമാണ്. ഒരു വിഭാഗത്തിലെ കവിതകൾക്ക് സമാനമായ സന്ദേശവും അതിന്റെ അവസാനം “ഇസ്രായേലിന്റെ ദൈവമായ കർത്താവ് എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ, ആമേൻ, ആമേൻ എന്നു പറഞ്ഞ് അവസാനിക്കുന്നതും കാണാം. ഇത് എഡിറ്റോറിയൽ കൂട്ടിച്ചേർക്കൽ പോലെ കാണപ്പെടുന്നു. അതിനാൽ പുസ്തകത്തിന് ഒരു പര്യവസാനമുണ്ട്. ആകയാൽ സങ്കീർത്തനപുസ്തകത്തിനു അഞ്ച് പ്രധാന ഭാഗങ്ങളുടേതായ ഒരു ആന്തരിക ക്രമീകരണം ഉണ്ട്.

ഒന്നാം പുസ്തകം

ഇനി ഒന്നാം പുസ്തകത്തിലേക്കും വരാം. ആദ്യ വിഭാഗത്തിൽ നാം കാണുന്നത് ഈ അഞ്ചു പുസ്തകങ്ങൾക്കും കൂടിയുള്ള ഒരു ആമുഖമാണ്. ഒന്നും രണ്ടും സങ്കീർത്തനങ്ങൾ ഈ നിലയിൽ ഒരു ആമുഖമായി എടുക്കാം. തുടർന്നു കാണുന്ന 39 കവിതകൾ ദാവീദിന്റെ പേരിലുള്ള സങ്കീർത്തനങ്ങളാണ്. ആദ്യത്തെ 1 ഉം 2 ഉം ആമുഖ സങ്കീർത്തനങ്ങൾ ആരാണ് എഴുതിയത് എന്ന് രേഖപ്പെടുത്തി കാണുന്നില്ല. അതിന്റെ എഴുത്തുകാരൻ അജ്ഞാതമാണ്. ന്യായപ്രമാണത്തെ അഥവാ തോറയെക്കുറിച്ച് ധ്യാനിക്കുകയും, പ്രാർത്ഥനയോടെ രാവും പകലും വായിക്കുകയും, തുടർന്ന് അനുസരിക്കുകയും ചെയ്യുന്ന വ്യക്തി എത്ര ഭാഗ്യവാനാണെന്ന് ഒന്നാം സങ്കീർത്തനം പറയുന്നു.

"ന്യായപ്രമാണം" അഥവാ "തോറ" (Torah) എന്ന വാക്കിന്റെ അർത്ഥം “ഉപദേശം” എന്നാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ പഴയനിയമത്തിലെ ആദ്യപുസ്തകങ്ങളായ മോശെയുടെ അഞ്ച് പുസ്തകങ്ങളെ "തോറ" എന്നു വിളിക്കാം. ഇവിടെ യഥാർത്ഥത്തിൽ, ഈ രണ്ട് അർത്ഥങ്ങളും വരുന്ന നിലയിൽ ഈ വാക്കു ഉപയോഗിച്ചു എന്നു വേണം കരുതാൻ. ഇത്, അഞ്ച് പ്രധാന ഭാഗങ്ങൾ ഉള്ളതിന്റെ കാരണം വിശദീകരിക്കുന്നു. സങ്കീർത്തന പുസ്തകം ദൈവജനത്തിനു നൽകിയ പുതിയ തോറയാണ്, പഞ്ചഗ്രന്ഥിയിലെ ദൈവകല്പനകൾ അനുസരിക്കാൻ അവർ പരിശ്രമിക്കുമ്പോൾ സങ്കീർത്തനപുസ്തകം അവരെ ആജീവനാന്ത പ്രാർത്ഥനക്കായി അത് ഉത്സാഹിപ്പിക്കുന്നു.

ദാവീദ് രാജാവിനോട് ദൈവം വാഗ്ദാനം ചെയ്ത വരുവാനുള്ള മശിഹയെക്കുറിച്ചും അവൻ വന്ന് തിന്മയെ പരാജയപ്പെടുത്തി രാജ്യങ്ങൾക്കിടയിലെ ഭിന്നത അവസാനിപ്പിക്കയും അങ്ങനെ താൻ സ്ഥാപിക്കുവാൻ പോകുന്ന ദൈവരാജ്യത്തെക്കുറിച്ചും 2 ശമൂവേൽ 7-‍ാ‍ം അദ്ധ്യായം മുതൽ പറഞ്ഞിരിക്കുന്ന വാഗ്ദാനത്തിന്റെ ഒരു കാവ്യാത്മക പ്രതിഫലനമാണ് 2-‍ാ‍ം സങ്കീർത്തനം. മിശിഹൈക രാജാവിൽ അഭയം പ്രാപിക്കുന്നവരെല്ലാം അനുഗ്രഹിക്കപ്പെടുമെന്ന് പറഞ്ഞുകൊണ്ട് രണ്ടാം സങ്കീർത്തനം അവസാനിക്കുന്നു. അങ്ങനെ 1-‍ാ‍ം സങ്കീർത്തനത്തിന്റെ രണ്ടാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന "യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ" എന്നതിന്റെ ആക്ഷരിക നിവൃത്തി രണ്ടാം സങ്കീർത്തനത്തിലെ മശിഹൈക രാജാവിലാണ് യാഥാർത്ഥ്യമായി തീരുന്നത്. അതുകൊണ്ട് ആദ്യത്തെ രണ്ടു കവിതകൾ ഒന്നിച്ചു ചേർന്ന്, ഭാവിയിലെ മശിഹൈക രാജ്യത്തിനായി പ്രത്യാശിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന ദൈവജനം തങ്ങളുടെ വർത്തമാനകാല ജീവിതത്തിൽ ന്യായപ്രമാണത്തിലെ കൽപ്പനകളോട് വിശ്വസ്തത പുലർത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥനാപുസ്തകമായിട്ടാണ് സങ്കീർത്തന പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചുകൊണ്ട്, ഈ രണ്ട് ആശയങ്ങൾക്കും ചുറ്റുമുള്ള ചെറിയ പുസ്തകങ്ങൾ എങ്ങനെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് നോക്കാം. ഉദാഹരണത്തിന്, പുസ്തകം ഒന്നിന്റെ കേന്ദ്രഭാഗത്തായി, അതായത് 15 മുതൽ 24 വരെയുള്ള കവിതാസമാഹാരം, ദൈവത്തിന്റെ ഉടമ്പടികളോടു വിശ്വസ്തത പുലർത്തുവാനുള്ള ആഹ്വാനത്തോടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. 16 മുതൽ 18 വരെ സങ്കീർത്തനങ്ങളിൽ, ഇത്തരത്തിലുള്ള വിശ്വസ്തതയുടെ മാതൃകയായി ദാവീദിനെ ചിത്രീകരിക്കുന്നു. അതിനാൽ, ദാവീദ് തന്റെ വിടുതലിനായി ദൈവത്തോട് വിളിച്ചപേക്ഷിക്കുകയും ദൈവം അവനെ രാജാവായി ഉയർത്തുകയും ചെയ്യുന്നു. ഇതിനു സമാനമായി 20 മുതൽ 23 വരെ സങ്കീർത്തനങ്ങളിൽ, ഭൂതകാലത്തിലെ ദാവീദ്, ഭാവിയിലെ മശിഹൈക രാജാവിന്റെ പ്രതിച്ഛായയായി തീർന്നിരിക്കുന്നു, അവിടെയും താൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. അവൻ വിടുവിക്കപ്പെടുകയും ജാതികളുടെമേൽ ഒരു രാജ്യം അവനു നൽകുകയും ചെയ്യുന്നു. ഈ രണ്ടു ശേഖരത്തിന്റെയും മദ്ധ്യേയുള്ള 19-‍ാ‍ം സങ്കീർത്തനം ദൈവത്തിന്റെ ന്യായപ്രമാണത്തെ പ്രതി ദൈവത്തെ സ്തുതിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്നു. അങ്ങനെ ഒന്ന്, രണ്ട് സങ്കീർത്തനങ്ങളിൽ നിന്നുള്ള രണ്ട് തീമുകൾ വളരെ ഭംഗിയായും ശക്തമായും ഈ ഒന്നാം ഭാഗത്ത് പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു കാണാം.

രണ്ടാം പുസ്തകം

42-‍ാ‍ം സങ്കീർത്തനം മുതൽ ആരംഭിക്കുന്ന രണ്ടാം പുസ്തകത്തിന്റെ എഴുത്തുകാർ കോരഹ് പുത്രന്മാർ, ആസാഫ്, ദാവീദ്, ശലോമോൻ എന്നിവരാണ്. ഈ രണ്ടാം പുസ്തകം സീയോനിലെ ദേവാലയത്തിലേക്കുള്ള ഭാവി തിരിച്ചുവരവിലുള്ള പ്രത്യാശയിൽ ഐക്യപ്പെടുന്ന രണ്ട് കവിതകളോടെ ആരംഭിക്കുന്നു; ഇത് മശിഹൈക രാജ്യത്തിന്റെ പ്രത്യാശയുമായി അടുത്ത ബന്ധം പുലർത്തുന്നു. എല്ലാ രാജ്യങ്ങളിലും മശിഹൈക രാജാവിന്റെ ഭാവി വാഴ്ചയെ ചിത്രീകരിക്കുന്ന ഒരു കവിതയൊടെ രണ്ടാം പുസ്തകം അവസാനിക്കുന്നു. ഈ കവിത ശരിക്കും അതിശയകരമാണ്, കാരണം ഇത് മശിഹൈക രാജ്യത്തെക്കുറിച്ചു മറ്റെല്ലാ പ്രവാചകപുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ പ്രതിധ്വനിപ്പിക്കുന്നു; അതിനോടൊപ്പം ഈ രാജാവിന്റെ ഭരണം എല്ലാ ജനതകളിലേക്കും ദൈവാനുഗ്രഹം എത്തിക്കുമെന്ന അബ്രഹാമിനോടുള്ള ദൈവത്തിന്റെ പുരാതന വാഗ്ദാനം ദൈവം നിവൃത്തിക്കുമെന്ന് പറഞ്ഞ് അവസാനിക്കുന്നു.

മൂന്നാം പുസ്തകം

ദാവീദിനോടുള്ള ദൈവത്തിന്റെ വാഗ്ദാനത്തെ പ്രതിഫലിപ്പിക്കുന്ന ഒരു കവിതയോടെ മൂന്നാം പുസ്തകം അവസാനിക്കുന്നു, എന്നാൽ ഇത്തവണ ഇത് ഇസ്രായേലിന്റെ പ്രവാസത്തിന്റെ വെളിച്ചത്തിലാണെന്ന ഒരു വ്യത്യാസമുണ്ട്. അതിനാൽ ഇസ്രായേലിന്റെ മത്സരത്തെ അതിന്റെ ഫലത്തിലും നാശത്തിലും പ്രവാസത്തിലും നോക്കിക്കൊണ്ട് ദാവീദിന്റെ വംശത്തെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്ന് ദാവീദിനോടു പറഞ്ഞത് കവി ഓർമ്മിക്കുന്നു. അതിനാൽ കവി ദൈവത്തോട് ദാവീദിനോടുള്ള അവിടുത്തെ വാഗ്ദാനം ഒരിക്കലും മറക്കരുത് എന്ന് ഓർപ്പിച്ചുകൊണ്ട് മൂന്നാം പുസ്തകം അവസാനിക്കുന്നു.

നാലാം പുസ്തകം

നാലാം പുസ്തകം പ്രവാസത്തിന്റെ ഈ പ്രതിസന്ധിയോട് എങ്ങനെ പ്രതികരിക്കണം എന്ന നിലയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ പ്രാരംഭ കവിത ഇസ്രായേലിന്റെ വേരുകളിലേക്ക് നമ്മെ തിരികെ കൊണ്ടുപോകുന്ന മോശയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്നു; സ്വർണ്ണ കാളക്കുട്ടിയുടെ സംഭവത്തിനുശേഷം സീനായി പർവതത്തിൽ മൊശെ ദൈവത്തിന്റെ കരുണക്കായി യാചിച്ചതുപോലെ തന്നെ ഇവിടേയും ചെയ്യുന്നു. ഇസ്രായേലിന്റെ ദൈവമായ കർത്താവ് ലോകത്തിന്റെ യഥാർത്ഥ രാജാവായി വാഴുന്നുവെന്നും എല്ലാ സൃഷ്ടികളും - മരങ്ങൾ, പർവതങ്ങൾ, നദികൾ - എല്ലാം ആ ഭാവി ദിവസത്തെ ഘോഷിക്കാൻ വിളിക്കപ്പെടുന്ന ഒരു കൂട്ടം കവിതകളാണ് നാലാം പുസ്തകത്തിന്റെ കേന്ദ്രഭാഗത്തുള്ളത്. ദൈവം തന്റെ നീതിയും രാജ്യവും ലോകത്തെല്ലായിടത്തും കൊണ്ടുവരും.

അഞ്ചാം പുസ്തകം

ദൈവം തന്റെ ജനത്തിന്റെ നിലവിളി കേൾക്കുന്നുവെന്നും ഒരു ദിവസം ഭാവി രാജാവ് തിന്മയെ പരാജയപ്പെടുത്തി ദൈവരാജ്യം കൊണ്ടുവരുമെന്നും സ്ഥിരീകരിക്കുന്ന കവിതകളുടെ ഒരു പരമ്പരയോടെ അഞ്ചാം പുസ്തകം ആരംഭിക്കുന്നു. അഞ്ചാം പുസ്തകത്തിൽ “ഹല്ലെൽ" എന്നും " ആരോഹണഗീതങ്ങൾ" എന്നും രണ്ട് വലിയ ശേഖരങ്ങൾ അടങ്ങിയിരിക്കുന്നു. ഈ ശേഖരങ്ങളിൽ ഓരോന്നും ഭാവിയിലെ മിശിഹൈക രാജ്യത്തെക്കുറിച്ചുള്ള ഒരു കവിതയോടെ അവസാനിക്കുന്നു. ഈ രണ്ടു ശേഖരങ്ങളും ചേർന്ന്, ഭാവിയിൽ തന്റെ ജനത്തെ വീണ്ടെടുക്കുന്നതിനായി പുറപ്പാട് പോലെയുള്ള ഒരു വലിയ പ്രവൃത്തിയെക്കുറിച്ചുള്ള പ്രത്യാശ നിലനിർത്തുന്നു. 119-‍ാ‍ം സങ്കീർത്തനം അവയ്ക്കിടയിലുണ്ട്. സങ്കീർത്തനപുസ്തകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കവിതയാണിത്. ഇതൊരു അക്ഷരമാല സങ്കീർത്തനമാണ്. അതായത്, ഓരോ വരിയും എബ്രായ അക്ഷരമാലയിലെ ഒരു പുതിയ അക്ഷരത്തിൽ ആരംഭിക്കുന്നു. കൂടാതെ, ന്യായപ്രമാണത്തിന്റെ അതിശയസ്വഭാവത്തെക്കുറിച്ചും അതു ദൈവവചനമായി തന്റെ ജനത്തിനു ദാനം നൽകിയതിനേയും ഇത് പര്യവേക്ഷണം ചെയ്യുന്നു.

സങ്കീർത്തനം 1 ഉം 2 ഉം, തോറ, മശിഹാ എന്നി പ്രമേയങ്ങളും അഞ്ചാം പുസ്തകത്തിൽ ഒന്നിച്ചുചേരുന്നു. ഇത് അഞ്ച് കവിതകളുടെ സമാപനത്തിലേക്ക് നമ്മേ തിരികെ കൊണ്ടുവരുന്നു. മദ്ധ്യകവിതയായ 148-‍ാ‍ം സങ്കീർത്തനത്തിൽ, എല്ലാ സൃഷ്ടികളും ഇസ്രായേലിന്റെ ദൈവത്തെ സ്തുതിക്കുന്നതിനായി വിളിക്കപ്പെടുന്നു; കാരണം അവൻ തന്റെ ജനത്തിനായി ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. വിജയശ്രീലാളിയായ കാളയുടെ കൊമ്പിന്റെ ഈ രൂപകം, ഭാവിയിലെ മശിഹൈക രാജാവിനേയും തിന്മയ്ക്കെതിരായ തന്റെ വിജയത്തിന്റേയും പ്രതീകമാണ്. 1 ശമൂവേൽ 2-‍ാ‍ം അദ്ധ്യായത്തിൽ ഹന്നയുടെ പ്രാർത്ഥന ശ്രദ്ധിക്കുക : "എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പ് യഹോവയാൽ ഉയർന്നിരിക്കുന്നു" യഹോവ തനിക്കു രക്ഷ വരുത്തും എന്ന പ്രത്യാശയാണ് ഹന്നയിൽ നമുക്കു കാണാൻ കഴിയുന്നത്. 148-ാം സങ്കീർത്തനത്തിൽ സകല ദുതന്മാരും, സർവ്വസന്യവും, സൂര്യ-ചന്ദ്രന്മാരും, നക്ഷത്രങ്ങളും, ആകാശത്തിനു മീതെയുള്ള വെള്ളങ്ങളും തിമിംഗലങ്ങളും ആഴികളും, കൽമ്മഴയും, ഹിമവും ആവിയും, കൊടുങ്കാറ്റും. പർവ്വതങ്ങളും കുന്നുകളും ഫലവൃക്ഷങ്ങളും ദേവദാരുക്കളും, മൃഗങ്ങളും, കന്നുകാലികളും ഇഴജന്തുക്കളും, ഭൂമിയിലെ രാജാക്കന്മാരും പ്രഭുക്കന്മാരും ന്യായാധിപന്മാരും യുവാക്കളും യുവതികളും വൃദ്ധന്മാരും ബാലന്മാരും അങ്ങനെ സകല പ്രപഞ്ചവും ദൈവത്തെ സ്തുതിക്കുവാൻ പറഞ്ഞിട്ട് അതിന്റെ കാരണമായി പറഞ്ഞിരിക്കുന്നത് തന്നോടു അടുത്തിരിക്കുന്ന തന്റെ സകല ഭക്തന്മാർക്കുമായി ഒരു "കൊമ്പിനെ" ഉയർത്തിയിരിക്കുന്നു എന്നാണ്. വീണ്ടും 132-‍ാ‍ം സങ്കീർത്തനത്തിൽ വായിക്കുന്നത് "അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പ് മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്." അതായത്, 148-‍ാ‍ം സങ്കീർത്തനം വാസ്തവത്തിൽ ഹന്നായുടെ പാട്ടിന്റെ അതേ പ്രതിച്ഛായയിലേക്കും, 132-‍ാ‍ം സങ്കീർത്തനത്തിലേക്കും നമ്മേ തിരികെ കൊണ്ടു പോകുന്നു. അതിശയകരമായ ഈ പുസ്തകത്തിന് അനുയോജ്യമായ ഒരു പരിസമാപ്തിയാണിത്.

ദൈവജനത്തിന്റെ പ്രാർത്ഥനാപുസ്തകം
ഈ പുസ്തകം ക്രമമായി വായിച്ചില്ലെങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു കാര്യം കൂടി ഇവിടെയുണ്ട്. സങ്കീർത്തന പുസ്തകം നാം മൊത്തത്തിൽ പരിശോധിച്ചാൽ വ്യത്യസ്ത തരത്തിലുള്ള കവിതകൾ കാണാം, എന്നാൽ അവയെല്ലാം അടിസ്ഥാനപരമായി രണ്ട് വലിയ വിഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു- ഒന്നുകിൽ വിലാപകവിതകൾ അല്ലെങ്കിൽ സ്തുതിയുടെ കവിതകൾ. വിലാപത്തിന്റെ കവിതകൾ, ലോകം എത്ര ഭയാനകമാണെന്നും കവിയ്ക്ക് വളരെ അനിഷ്ടകരമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്നും ഉള്ള വേദന, ആശയക്കുഴപ്പം, കോപം എന്നിവ പ്രകടിപ്പിക്കുന്നു. അതിനാൽ ഈ കവിതകൾ ലോകത്തിലെ തിന്മകളിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ഈ വിഷയത്തിൽ ദൈവം എന്തെങ്കിലും ചെയ്യാൻ അവർ ദൈവത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇവയെക്കുറിച്ചു ധാരാളം കാര്യങ്ങൾ പുസ്തകത്തിൽ ഉണ്ട്; അത് പ്രധാനപ്പെട്ട ഒരു കാര്യം നമ്മോട് പറയുന്നു - നമ്മുടെ ലോകത്ത് നാം കാണുന്ന തിന്മയ്ക്കുള്ള ഉചിതമായ പ്രതികരണമെന്നത് വിലാപമാണ്. 1 മുതൽ 3 വരെയുള്ള പുസ്തകങ്ങളിൽ വിലാപ കവിതകൾക്കാണ് മുൻതൂക്കം. എന്നാൽ ശ്രദ്ധിക്കുക, ഇടയ്ക്കിടെ സ്തുതിഗീതങ്ങളും കാണാം. സ്തുതി ഗീതങ്ങൾ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കവിതകളാണ്, അവ ലോകത്തിലെ നന്മയിലേക്ക് ശ്രദ്ധ ആകർഷിക്കുന്നു. നമ്മുടെ ജീവിതത്തിൽ ദൈവം ചെയ്ത കാര്യങ്ങളുടെ കഥകൾ അവ വീണ്ടും പറയുകയും ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നു. നാലും അഞ്ചും പുസ്തകങ്ങളിൽ, സ്തുതി ഗീതങ്ങൾ വിലാപ കവിതകളേക്കാൾ എണ്ണത്തിൽ വർദ്ധിച്ചിരിക്കുന്നതും അങ്ങനെ അഞ്ചാം പുസ്തകം "ഹല്ലേലൂയാ" യിൽ പര്യവസാനിക്കുന്നതും കാണാം. ഹല്ലേലൂയ എന്നാൽ ദൈവത്തെ സ്തുതിക്കുക എന്നാണ്. . അതിനാൽ വിലാപത്തിൽ നിന്ന് സ്തുതിയിലേക്കുള്ള ഈ മാറ്റം, എത്ര അഗാധമാണ്, മാത്രമല്ല ഇത് പ്രാർത്ഥനയുടെ സ്വഭാവത്തെക്കുറിച്ച് നമ്മോട് പറയുന്നു. നമ്മുടെ പ്രാർത്ഥനയുടെ സ്വഭാവം അനീതിയില്ലാത്ത, തിന്മയില്ലാത്ത ഒരു മശിഹൈക രാജ്യത്തിനായി നാം കാത്തിരിക്കുന്നു എന്നതാണ്. കർത്താവ് നമ്മേ പഠിപ്പിച്ച പ്രാർത്ഥന എന്താണ്? സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങേ നാമം വിശുദ്ധീകരിക്കപ്പെടേണം അങ്ങേ രാജ്യം വരേണം, അങ്ങേ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമകേണം എന്നല്ലേ? പ്രാർത്ഥനയുടെ ഈ അന്തസത്തയാണ് സങ്കീർത്തനപുസ്തകം നമ്മെ പഠിപ്പിക്കുവാൻ ഉദ്ദേശിക്കുന്നതും.

നമ്മുടെ ലോകത്തിന്റെ ദാരുണമായ അവസ്ഥയിലേക്ക് നോക്കുമ്പോൾ നമ്മുടെ ജീവിതാവസാനത്തിൽ ഇത് വളരെ സങ്കർഷം നമ്മിൽ സൃഷ്ടിക്കും. അതിനാൽ സങ്കീർത്തനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്, നമ്മുടെ ജീവിതത്തിലെ വേദനകളെ അവഗണിക്കരുതെന്നു മാത്രമല്ല, ഭാവിയിലെ മശിഹൈക രാജ്യത്തിന്റെ ദൈവിക വാഗ്ദാനത്തിലേക്ക് നോക്കി വചനാധിഷ്ടിത വിശ്വാസം നമ്മേ മുന്നോട്ടു നയിക്കണം എന്ന കാര്യമാണ്. അങ്ങനെ തോറയും മിശിഹായും വിലാപവും സ്തുതിയും വിശ്വാസവും പ്രത്യാശയും എന്നിവയെല്ലാത്തിനാലും സമ്പുഷ്ടമായ ഒരു പുസ്തകമാണ് സങ്കീർത്തനപുസ്തകം.
*******

© 2020 by P M Mathew, Cochin

bottom of page