top of page

സങ്കീർത്തന പരമ്പര-06

The goodness of living!
ഒരുമയൊടെ ജീവിക്കുന്നതിന്റെ നന്മ!
സങ്കീർത്തനം 133 (Psalm 133)

"1ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

2 അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും

3 സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യ മഞ്ഞു പോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു."

ആരോഹണ ഗീതങ്ങളിൽ പതിനാലാമത്തേതാണ് ദാവീദ് എഴുതിയ ഈ സങ്കീർത്തനം. യിസ്രായേൽ അവരുടെ വാർഷികോത്സവങ്ങൾക്കായി യെരുശലേം മലമുകളിലേക്ക് സഞ്ചരിക്കുമ്പോൾ ദൈവത്തിന്റെ കൃപയേയും കരുണയേയും കരുതലിനേയും സംരക്ഷണത്തേയും ഓർക്കുവാൻ ആലപിച്ചിരുന്ന ഗീതങ്ങളാണ് ആരോഹണസങ്കീർത്തനങ്ങൾ. 133-ാം സങ്കീർത്തനം വിശ്വാസികൾ ഒരുമയോടെ ജീവിക്കുന്നതിന്റെ നന്മയും മനോഹാരിതയും അനുഗ്രഹവും വിവരിക്കുന്നു. വിവിധങ്ങളായ സാഹചര്യങ്ങളിൽ നിന്നും, പശ്ചാത്തലങ്ങളിൽ നിന്നും, സാമ്പത്തികചുറ്റുപാടുകളിൽ നിന്നും വന്നവർ ഒരുമയോടെ ജീവിക്കുന്നതിന്റെ അനുഗ്രഹം എന്താണ് എന്ന് ഈ സങ്കീർത്തനം നമ്മോടു പറയുന്നു.

ഒരു സഭയുടെ മഹത്തായ അടയാളങ്ങളിലൊന്ന് ക്രിസ്തുവിന്റെ ശരീരത്തിൽ നാം അനുഭവിക്കുന്ന കൂട്ടായ്മയുടെയും ഐക്യത്തിന്റെയും മധുര ബോധമാണ്. ഒരുമിച്ചു ജീവിക്കുന്ന വിശ്വാസികളെ പോലെ ഈ ലോകത്ത് വിലപ്പെട്ട ചില കാര്യങ്ങളുണ്ട് ഇത് നമ്മേ ഓർമ്മിപ്പിക്കുന്നു.

ഈ സങ്കീർത്തനത്തിൽ നിന്നും ഒരുമയോടെ ജീവിക്കുന്നതിന്റെ മൂന്നു ഗുണങ്ങൾ ഞാൻ ചൂണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു.

1) ഒരുമയൊടെ ജീവിക്കുന്നതിന്റെ നന്മ.
2) ഒരുമയൊടെ ജീവിക്കുന്നതിന്റെ ഉറവിടം.
3) ഒരുമയൊടെ ജീവിക്കുന്നതിലെ അനുഗ്രഹം.

ഇവ ഓരോന്നായി നമുക്കു പരിശോധിക്കാം.

1. ഒരുമയൊടെ ജീവിക്കുന്നതിന്റെ നന്മ.

ഒന്നാം വാക്യം: "ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!" (1Behold, how good and pleasant it is when brothers dwell in unity! )


ഇതിലെ ആരംഭവാക്കു തന്നെ ശ്രദ്ധേയമാണ്. "ഇതാ" (hin.neh=behold) നോക്കു, എത്ര ആശ്ചര്യകരമായ വസ്തുത എന്ന നിലയിലാണ് സങ്കീർത്തനക്കാരൻ ഇത് അവതരിപ്പിക്കുന്നത്. ഇതൊരു അപൂർവ്വകാര്യമായതുകൊണ്ടാണ് ലേഖനകാരൻ ഇത്ര താത്പ്പര്യത്തോടെ ഇതിലേക്കു നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്നത്. ആ ആശ്ചര്യകരമായ വസ്തുത എന്നത് സഹോദരി-സഹോദരന്മാർ ഐക്യത്തോടെ ജീവിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും എന്നതാണ്. വിശ്വാസികൾ പരസ്പരം വഴക്കിടാതെ, ഒരുവൻ മറ്റൊരുവനെ തിന്നുകളയാതെ, പരസ്പര സ്നേഹത്തോടെ, പരസ്പരം സേവിച്ചുകൊണ്ട്, പരസ്പരം പ്രോത്സാഹിപ്പിച്ചുകൊണ്ട്, പരസ്പരം പ്രമോദിച്ചുകൊണ്ട് ജീവിക്കുന്നത് എത്ര നല്ലതും എത്ര സന്തോഷകരവുമാണ്. ചിലപ്പോൾ, ശത്രുതയും കലഹവും ഉണ്ടാകാതിരിപ്പാൻ, സമാധാനം കാത്തുസുക്ഷിക്കുവാൻ സഹോദരങ്ങൾ പരസ്പരം വേർപിരിഞ്ഞും അകലത്തിലും (ഉല്പത്തി 13:9) ജീവിക്കുന്നത് ഒരു നല്ല ഉപാദിയായി തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതിലാണ്, നന്മയും സന്തോഷവും അടങ്ങിയിരിക്കുന്നത്. ക്രിസ്തുവിന്റെ സഹോദരന്മാർ ഐക്യത്തിൽ വസിക്കുക, ഒന്നായിത്തന്നെ വസിക്കുക, ഒരു ഹൃദയം, ഒരാത്മാവ്, ഒരെ താത്പ്പര്യം ഉള്ളവരായിരിക്കുക എന്നതാണ് അതിന്റെ നന്മയും മനോഹാരിതയും ഏറ്റവും വർദ്ധിപ്പിക്കുന്നത്.

യെരൂശലേമിലെ വാർഷിക പെരുന്നാളുകളിൽ യിസ്രായേൽ ജനം യെരുശലേമിൽ ഒന്നിച്ചുകൂടി ഈ സന്തോഷവും ആനന്ദവും അനുഭവിച്ചിരുന്നു. ആളുകൾ തങ്ങളുടെ കുടുംബത്തോടും ബന്ധുക്കളോടും അയൽക്കാർക്കുമൊപ്പം വിരുന്നുകൾക്കായി ജറുസലേമിലേക്ക് പോകുന്നു. അവർ ജറുസലേമിനോട് അടുക്കുന്തോറും കൂടുതൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നു, വിവിധ പ്രദേശങ്ങളിൽ നിന്നും വിവിധ ഗോത്രങ്ങളിൽ നിന്നുമുള്ള ആളുകൾ, അങ്ങനെ എല്ലാവരും യെരൂശലേമിൽ കർത്താവിനെ ആരാധിക്കുക എന്ന ഒരു പൊതു ഉദ്ദേശ്യത്തിനായി ഒത്തുചേരുന്നു. അതിന്റെ നന്മയും മനോഹാരിതയും എത്ര വലുതാണ്.

ദാവീദ് ഈ സങ്കീർത്തനം എഴുതുന്ന സമയത്ത്, പല ഭാര്യമാരിൽ നിന്നായി അനേകം മക്കൾ തനിക്കുണ്ടായിരുന്നു. അവരെ ഉപദേശിക്കുന്നതിനും അവർ സമാധാനത്തിൽ ജീവിക്കേണ്ടതിനും വേണ്ടിയായിരിക്കാം ഒരുപക്ഷെ താനിത് എഴുതിയത്. ആ മക്കൾ ദാവീദിന്റെ ഈ ഉപദേശം കൈക്കൊണ്ടിരുന്നെങ്കിൽ, ആ കുടുംബത്തിൽ ഉയർന്നുവന്ന പല കുഴപ്പങ്ങളും തടയാമായിരുന്നു. ന്യായാധിപന്മാരുടെ ഭരണകാലത്ത്, യിസ്രായേലിലെ ഗോത്രങ്ങൾക്ക് പ്രത്യേകം പ്രത്യേകം താത്പ്പര്യങ്ങളുണ്ടായിരുന്നു. അതു പലപ്പോഴും മോശമായ അനന്തരഫലങ്ങൾ ഉളവാക്കുകയും ചെയ്തു എന്ന് ന്യായാധിപന്മാരുടെ പുസ്തകങ്ങളിൽ നാം വായിക്കുന്നു.

A. ഒരുമയോടെ ജീവിക്കുന്നത് ശുഭമാണ്
– പ്രവൃത്തികൾ 2:42-47; യാക്കോബ് 1:17-

ഈ വാക്യത്തിൽ “ശുഭം” (to-wb=good) എന്ന് വിവർത്തനം ചെയ്‌തിരിക്കുന്ന പദത്തിന്റെ അർത്ഥം “നല്ലത്" "മികച്ചത്", "യോജിച്ചത്" അഥവാ "പ്രയോജനപ്രദം” എന്നാണ്. വിശ്വാസികൾ ഒരുമയോടെ ജീവിക്കുന്നത് ഏറ്റവും നല്ലതാണ്. അതൊരു മികച്ച സംഗതിയാണ്. മാത്രവുമല്ല, അത് ദൈവത്തിന്റെ ദൃഷ്ടിയിലും വളരെ നല്ല കാര്യമാണ്. അതിന് ദൈവം തന്റെ അംഗീകാര മുദ്ര പതിപ്പിച്ചിരിക്കുന്നു.

“മനോഹരം” (na.im=pleasant) എന്ന് വിവർത്തനം ചെയ്‌തിരിക്കുന്ന പദത്തിന്റെ അർത്ഥം “സന്തോഷകരം" "മധുരതരം" അതല്ലെങ്കിൽ "രമണീയം" എന്നൊക്കെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അത് ദൈവത്തിന്റെ ദൃഷ്ടിയിൽ മാത്രമല്ല, നിങ്ങൾക്കും സന്തോഷകരമാണ്. മധുരതരമായ ഒരു അനുഭവമാണ്.

ഒരേസമയം നല്ലതും സന്തോഷകരവുമായ കാര്യങ്ങൾ അധികം കാണാൻ കഴിയുകയില്ല. ഉദാഹരണത്തിന്, ശിക്ഷണം നല്ലതാണെങ്കിലും സുഖകരമല്ലെന്ന് ബൈബിൾ നമ്മോട് പറയുന്നു. എബ്രായർ 12:11 പറയുന്നു: “ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാന ഫലം ലഭിക്കും.” ശിക്ഷണം ലഭിക്കുന്നവർക്ക് പിന്നീടതു പ്രയോജനപ്രദമായി തോന്നുമെങ്കിലും അതു ലഭിക്കുന്ന സമയത്ത് വേദനാജനകമായിട്ടാണ് അനുഭവപ്പെടുന്നത്

അതുപോലെ തേൻ ഏവർക്കും പ്രിയങ്കരമായ ഒരു പാനീയമാണ്. എന്നാൽ അതിന്റെ അമിതമായ ഉപഭോഗം വളരെ അസ്വസ്ഥതകൾക്കു കാരണമായി തീരുന്നു. "16 നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവു; അധികം നിറഞ്ഞിട്ടു ഛർദ്ദിപ്പാൻ ഇടവരരുതു." (സദൃശവാക്യങ്ങൾ 25:16).

അതുകൊണ്ട് ചില കാര്യങ്ങൾ നല്ലതാണെങ്കിലും സുഖകരമല്ല, ചില കാര്യങ്ങൾ മധുരതരമാണെങ്കിലും നല്ലതല്ല. എന്നാൽ സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് ശുഭവും മനോഹരവുമാണ്. അത് ഈ ലോകത്തിലെന്നല്ല വരാനിരിക്കുന്ന ലോകത്തിലും മികച്ചതും മധുരതരവുമാണ്.

അത് നല്ലതായതിനാൽ, അത് ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമാണ് എന്ന് യാക്കോബ് അപ്പൊസ്തലൻ നമ്മോട് പറയുന്നു. "17 എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു" (യാക്കോബ് 1:17).

അപ്പൊസ്തല പ്രവൃത്തികളുടെ പുസ്തകം ആദിമ സഭയെയും അതിന്റെ ശ്രദ്ധേയമായ ഐക്യത്തെയും വിവരിക്കുന്നു. പ്രവൃത്തികൾ 2-ൽ നാം കാണുന്നത്, അവർ അപ്പസ്തോലന്മാരുടെ ഉപദേശത്തിനും കൂട്ടായ്മയ്ക്കും അപ്പം ഞുറുക്കുന്നതിനും പ്രാർത്ഥനയ്ക്കും തങ്ങളെത്തന്നെ അർപ്പിച്ചു. എല്ലാ വിശ്വാസികളും ഒരുമിച്ചായിരുന്നു, എല്ലാം പൊതുവായിരുന്നു. അവർ തങ്ങളുടെ വീടുകളിൽ അപ്പം നുറുക്കി സന്തോഷത്തോടെയും ആത്മാർത്ഥതയോടെയും ഒരുമിച്ചു ഭക്ഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും എല്ലാവരുടെയും പ്രീതി ആസ്വദിക്കുകയും ചെയ്തു (പ്രവൃത്തികൾ 2:42-47). ഐക്യത്തിന്റെ എത്ര മനോഹരമായ ചിത്രം!

B. നാം ക്രിസ്തുവിൽ സഹോദരി-സഹോദരന്മാരാകയാൽ അത് ഉചിതമായ സംഗതിയാണ്.
– എബ്രായർ 13:1-

രണ്ടാമതായി, ക്രിസ്ത്യാനികൾ എന്ന നിലയിൽ ഒരുമയോടെ ജീവിക്കുന്നത് തികച്ചും ഉചിതമായ സംഗതിയാണ്, കാരണം നമ്മൾ ക്രിസ്തുവിൽ സഹോദരി സഹോദരന്മാരാണ്.

ഈ സങ്കീർത്തനം ആദ്യമായി സ്വീകരിച്ച ഇസ്രായേലിലെ ജനങ്ങൾ അക്ഷരാർത്ഥത്തിൽ "സഹോദരി-സഹോദരന്മാർ" ആയിരുന്നു. അവർ പരസ്പരം ബന്ധുക്കളായിരുന്നു, ഒരു സാധാരണ പിതാവിന്റെ പിൻഗാമികൾ. അതുപോലെ ക്രിസ്ത്യാനികൾ എന്ന നിലയിൽ നാമും സഹോദരി-സഹോദരന്മാരാണ്. നമ്മേ ദൈവത്തിന്റെ കുടുംബത്തിലേക്ക് ദത്തെടുത്തിരിക്കുന്നു. നാം ഏകദൈവത്തെ നമ്മുടെ പിതാവായി പങ്കിടുന്നു. അത് നമ്മേ ഒരു കുടുംബമാക്കുന്നു. "ഒരു ക്രിസ്ത്യാനിയും ഏക മകനല്ല." (യൂജിൻ പീറ്റേഴ്സൺ)

ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, നിങ്ങൾ ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാകണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് കഴിയില്ല. കാരണം നിങ്ങൾ ഇതിനകം തന്നെ ഒരു കുടുംബത്തിന്റെ ഭാഗമായിരിക്കുന്നു. അപ്പോൾ അവശേഷിക്കുന്ന ഒരേയൊരു ചോദ്യം നിങ്ങൾ ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമായി എങ്ങനെ ജീവിക്കും? നിങ്ങൾ ഐക്യത്തോടെ ജീവിക്കുമോ? അതോ ശത്രുതയിലൊ വിഭാഗീയതയിലൊ ജീവിക്കുമൊ?

ഇത് നിങ്ങൾക്ക് ആശ്ചര്യകരമായി തോന്നിയേക്കാം; കാരണം പലപ്പോഴും സഹോദരന്മാരും സഹോദരിമാരും തമ്മിൽ ഭിന്നത നിലനിൽക്കുന്നു. ബൈബിളിൽ ഇതിന് ധാരാളം ഉദാഹരണങ്ങൾ കാണാം. കയീൻ തന്റെ സഹോദരനായ ഹാബെലിനെ കൊന്നു. ജോസഫിന്റെ സഹോദരന്മാർ അവനെ അടിമത്തത്തിലേക്ക് വിറ്റു. യേശുവിന്റെ ശിഷ്യന്മാർ പോലും പരസ്പരം വാഗ്വാദത്തിലേർപ്പെട്ടു. സഭയിലും വിശ്വാസികൾ തമ്മിൽ ഭിന്നത നിലനിൽക്കുന്നു. ചിലപ്പോൾ വിശ്വാസികൾ വിയോജിക്കുന്നു. മറ്റുചിലപ്പോൾ അവർ പരസ്പരം ദേഷ്യപ്പെടുന്നു. വളരെ അപൂർവ്വമായി, അതു നിഷിധമാണെങ്കിലും ശത്രുത പുലർത്തുന്നു.

എന്നാൽ അഭിപ്രായവ്യത്യാസങ്ങളെ, ഭിന്നതയെ മറികടക്കാൻ നാം ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. അതിനുള്ള മുഖാന്തിരമാണ് ക്രിസ്തുവിൽ പരസ്പരം സ്നേഹിക്കുക എന്നത്. എബ്രായർ 13:1 ൽ നാം ഇപ്രകാരം വായിക്കുന്നു: "സഹോദരപ്രീതി നിലനിൽക്കട്ടെ, ..." ഇത് പൗലൊസ് ഒരു കല്പനയായിട്ടാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ ആഴമായ സൗഹൃദത്തേയും വാത്സല്യത്തേയും കാണിക്കുന്ന സ്നേഹമാണ് പൗലോസ് ലക്ഷ്യമിടുന്നത്.

അപ്പോൾ സഹോദരന്മാർ ഒരുമയോടെ ജീവിക്കുന്നത് നല്ലതാണ്, അതു മധുരതരമായ ഒരു അനുഭവമാണ്. അതിൽ ദൈവത്തിന്റെ അംഗീകാരമുദ്ര പതിപ്പിച്ചിരിക്കുന്നു. അത് ഇപ്പോഴും വരുവാനുള്ള ലോകത്തിലും നല്ലതാണ്.

രണ്ടാമതായി, ഈ സങ്കീർത്തനത്തിൽ നമുക്കു കാണുവാൻ കഴിയുന്ന വസ്തുത ഒരുമയോടെ ജീവിക്കുന്നതിന്റെ ഉറവിടമാണ്.

2. ഒരുമയോടെ ജീവിക്കുന്നതിന്റെ ഉറവിടം (2-3a)

"2 അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും 3 സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യ മഞ്ഞു പോലെയും ആകുന്നു;" (It is like the precious oil on the head running down on the beard, on the beard of Aaron, running down on the collar of his robes! 3 It is like the dew of Hermon which falls on the mountains of Zion!)

ഈ വേദഭാഗം ഒരുമയോടെ ജീവിക്കുന്നതിന്റെ ഉറവിടത്തെക്കുറിച്ചു നമ്മോട് പറയുന്നു. ഈ നല്ലതും, മധുരതരവുമായ സാഹോദര്യവും എവിടെ നിന്നാണ് വരുന്നത്? അത് ഈ ലോകത്ത് നിന്ന് വരുന്നതാണോ അതൊ ഉയരത്തിൽ നിന്നു വരുന്നതാണോ?

ഈ വാക്യങ്ങളിൽ കാണുന്ന രണ്ട് ചിത്രങ്ങൾ ഇതിനുള്ള ഉത്തരം നമുക്കു നൽകുന്നു. ഒരുമയോടെ ജീവിക്കുന്നത് അഹരോന്റെ തലയിൽ എണ്ണ ഒഴിച്ചതുപോലെയാണ്. ഒരുമയോടെ ജീവിക്കുന്നത് സീയോൻ പർവതത്തിൽ വീഴുന്ന ഹെർമ്മൊന്യ മഞ്ഞുപോലെയാണ്. ഈ രണ്ട് ചിത്രങ്ങളിലും മുകളിൽ നിന്നും താഴോട്ടുള്ള ചലനം ഉണ്ടെന്നത് ശ്രദ്ധിക്കുക. ഈ രണ്ട് ചിത്രങ്ങളിലും അനുഗ്രഹം മുകളിൽ നിന്ന് താഴൊട്ടു വരുന്നു, അത് നമ്മുടെ മേൽ ചൊരിയുന്നു. അത് ഉയരത്തിൽ ആരംഭിക്കുകയും പിന്നീട് താഴേക്ക് ഒഴുകുകയും ചെയ്യുന്നു. അതിനാൽ ദൈവമാണ് ഐക്യത്തിൽ ഒരുമിച്ച് ജീവിക്കുന്നതിന്റെ ഉറവിടം എന്നാണ്. അത് ഈ ലോകത്ത് നിന്ന് വരുന്നതല്ല. ഒരുമയോടെ ജീവിക്കുക എന്നത് ദൈവകൃപയുടെ ദാനമാണ്.

A. അത് അഹരോന്റെ തലയിൽ ഒഴിച്ച എണ്ണപോലെയാണ്
– പുറപ്പാട് 30:22-33; സങ്കീർത്തനം 23:5; എഫെസ്യർ 5:23,30-

അഹറോന്റെ തലയിൽ ഒഴിച്ച വിശേഷതൈലം താടിയിലേക്കും തുടർന്ന് തന്റെ മേലങ്കിയിലേക്കും ഒഴുകുന്നു.

പുരാതന ഇസ്രായേലിൽ എണ്ണ ഒരു മൂല്യവത്തായ ചരക്കായിരുന്നു, അത് പാചകത്തിനും ചർമ്മകാന്തിക്കും, ഉന്മേഷദായകമായും ഉപയോഗിച്ചിരുന്നു. എന്നാൽ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് സാധാരണതൈലമല്ല, മറിച്ച് വിശേഷതൈലമാണ്. അതു വളരെ വിലയേറിയ തൈലമാണ്. ഇത് മികച്ചതും സ്വീകാര്യവും പ്രയോജനകരവുമാണ്. അത് ദൈവത്തിന്റെ ദൃഷ്ടിയിൽ വിലയേറിയതാണ്. അവൻ അതിന്മേൽ തന്റെ അംഗീകാരമുദ്ര പതിപ്പിച്ചിരിക്കുന്നു.

അന്നത്തെ കാലത്ത് തങ്ങളുടെ ഭവനത്തിലേക്ക് അധിഥികളായി എത്തുന്നവരുടെ തലയിൽ എണ്ണ പകരുന്ന പതിവ് നിലനിന്നിരുന്നു. അത് ആതിഥ്യമര്യാദയുടെയും സ്വീകാര്യതയുടേയും ഉന്മേഷത്തിന്റേയും ചിത്രമാണ് നൽകുന്നത്. ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിൽ തലയിൽ എണ്ണ പകരുന്നത് വളരെ ആശ്വാസപ്രദമാണ്. സങ്കീർത്തനം 23:5-ൽ ഈയൊരു ചിത്രം നമുക്കു കാണാം: “എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു;..." (സങ്കീർത്തനം 23:5)

അഹറോന്റെ തലയിൽ ഒഴിച്ച എണ്ണ വിലയേറിയതാണെന്നു മാത്രമല്ല, താടിയിലേക്കും വസ്ത്രത്തിന്റെ വിളുമ്പിലേക്കും ഒലിച്ചിറങ്ങുന്നു. വളരെ സമൃദ്ധമായി എണ്ണ പകർന്നാൽ മാത്രമെ എണ്ണ ഈ നിലയിൽ ഒലിച്ചിറങ്ങുകയുള്ളു. അത് കാണിക്കുന്നത് ആതിഥേയൻ ഉദാരനാണ്, കൃപയുള്ളവനാണ്, ഒട്ടും പിശുക്ക് കാണിക്കുന്നവനല്ല എന്ന കാര്യമാണ്.

“താഴേയ്‌ക്ക് ഒഴുകുന്നു” എന്ന വാക്യാംശം മൂന്നുതവണ പ്രത്യക്ഷപ്പെടുന്നു, മൂന്നാം വാക്യത്തിൽ അത് “പെയ്യുന്നു” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത് എന്നു മാത്രം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിന്റെ അനുഗ്രഹങ്ങൾ സ്വർഗത്തിൽ നിന്ന് നമ്മിലേക്ക് ഒഴുകുന്നു. അതു സമൃദ്ധിയായി ഒഴുകുന്നു.

അതിനാൽ ക്രിസ്തീയ കൂട്ടായ്മ തലയിൽ ഒഴിച്ച എണ്ണ പോലെ, അത് അമൂല്യമാണ്, നവോന്മേഷദായകമാണ്, ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമാണ്, ഔദാര്യമായി പകരപ്പെടുന്നതാണ്.

ഇനിയും മറ്റൊരു ചിത്രം ഇവിടെ കാണാം. അഹരോൻ മഹാപുരോഹിതനായിരുന്നു, പുരോഹിതനെ അഭിഷേകം ചെയ്യുന്നതിനു വളരെ പ്രത്യേകമായി തയ്യാർ ചെയ്ത എണ്ണയാണു ഉപയോഗിക്കേണ്ടതെന്ന് ദൈവം കർശനമായി നിർദ്ദേശിച്ചിരുന്നു. പുറപ്പാട് 30:23-25 ൽ അതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കാണാം: "23 മേത്തരമായ സുഗന്ധ വർഗ്ഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെൽ അയഞ്ഞ മൂരും അതിൽ പാതി ഇരുനൂറ്റമ്പതു ശേക്കെൽ സുഗന്ധലവംഗവും 24 അഞ്ഞൂറു ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും എടുത്തു 25 തൈലക്കാരന്റെ വിദ്യപ്രകാരം ചേർത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേക തൈലമായിരിക്കേണം." പ്രത്യേക ചേരുവകളും അളവുകളുമുള്ള ഒരു പ്രത്യേക ഫോർമുലയായിൽ തയ്യാർ ചെയ്യപ്പെട്ടതും ദേവാലയത്തിലെ വിശുദ്ധവസ്തുക്കൾക്കും, പുരോഹിതനെ അഭിഷേകം ചെയ്യുന്നതിനും മാത്രമായി വേർതിരിക്കപ്പെട്ടതുമായിരുന്നു.

ക്രിസ്ത്യാനികൾക്കിടയിൽ ഒരു പ്രത്യേക കൂട്ടായ്മയുണ്ടെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തീയ കൂട്ടായ്മ അദ്വിതീയമാണ്. അത് വിശുദ്ധമാണ്, കാരണം അത് ക്രിസ്തുവിനെ ചുറ്റിപ്പറ്റിയുള്ള കൂട്ടായ്മയാണ്.

അഹറോനെ ഇവിടെ ചിത്രീകരിക്കാനുള്ള കാരണം കൂടി നോക്കാം. അഹറോൻ മഹാപുരോഹിതനായിരുന്നു, പ്രധാന പുരോഹിതന്റെ തൈലാഭിഷേകം ഈ സങ്കീർത്തനത്തെ 132-ാം സങ്കീർത്തനവുമായി ബന്ധിപ്പിക്കുന്നു. അവിടെ “അഭിഷിക്തൻ” എന്ന വാക്ക് രണ്ടുതവണ ആവർത്തിച്ചുകൊണ്ട് വരുവാനുള്ള മിശിഹായെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. അതുകൊണ്ട് അഭിഷിക്ത മഹാപുരോഹിതനായ അഹറോൻ നമ്മുടെ മഹാപുരോഹിതനും വാഗ്ദത്ത മിശിഹായും ആയ യേശുവിലേക്ക് വിരൽ ചൂണ്ടുന്നു.

അഹറോന്റെ തലയിലെ എണ്ണ ക്രിസ്തുവിലേക്ക് വിരൽ ചൂണ്ടുന്നു. "ക്രിസ്തു സഭയുടെ തലവനാണ്" എന്നും "നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാണ്" എന്നും എഫെസ്യർ 5-ൽ നാ കാണുന്നു (എഫെസ്യർ 5:23,30). ക്രിസ്തുവാണ് തല, അതിനാൽ നമ്മുടെ ഐക്യം അവനിൽ സ്ഥാപിതമായിരിക്കുന്നു. നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നു, അതിനാൽ വിശ്വാസികൾ പരസ്പരവും ഐക്യപ്പെടുന്നു.

133-ാം സങ്കീർത്തനത്തിലേക്ക് മടങ്ങിവരാം. അഹറോന്റെ തലയിൽ ഒഴിച്ച എണ്ണ അവന്റെ താടിയിലൂടെ ഒഴുകുന്നു, പിന്നെയത് അവന്റെ വസ്ത്രത്തിന്റെ കോളറിലേക്കും ഒഴുകുന്നു. ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെ പേരുകൾ മഹാപുരോഹിതന്റെ വസ്ത്രത്തിൽ തുന്നിച്ചേർത്തതിനാൽ അഹരോന്റെ വസ്ത്രം ഇവിടെ പ്രാധാന്യമർഹിക്കുന്നു. (പുറപ്പാട്‌ 28:12) അതുകൊണ്ട്‌ ഇവിടെയുള്ള അങ്കിയുടെ രൂപകം ദൈവത്തിന്റെ ജനമെന്ന നിലയിൽ നമ്മെക്കുറിച്ചാണ്‌ പറയുന്നത്‌. ക്രിസ്തീയ ഐക്യത്തിന്റെ നല്ല അനുഗ്രഹം തലയിൽ നിന്ന് താടിയിലേക്കും അവിടെ നിന്ന് മേലങ്കിയിലേക്കും ഒഴുകുന്നു. ക്രിസ്തുവിന്റെ ശരീരം മുഴുവനും നമ്മുടെ ശിരസ്സായി യേശുവിനൊപ്പം ഒന്നിച്ചിരിക്കുന്നതിന്റെ ഒരു ചിത്രമാണിത് നൽകുന്നത്.

ബൈബിളിലെ എണ്ണ പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്. പുതിയ നിയമത്തിൽ നിന്ന് നാം എന്താണ് കാണുന്നത്? ദൈവം തന്റെ ആത്മാവിനെ യേശുവിന്റെ തലയിൽ പകർന്നു, യേശു അവന്റെ ശരീരമായ സഭയിൽ ആത്മാവിനെ പകർന്നു. ഒരേ ആത്മാവിനാൽ പകരപ്പെട്ടവരാണ് സഭയിലെ വിശ്വാസികൾ. അതിലെ ഒരുമ നമുക്കു ചിന്തിക്കാമല്ലൊ?

B. അത് സീയോൻ പർവതത്തിൽ വീഴുന്ന ഹെർമ്മോന്യ മഞ്ഞുപോലെയാണ്
– ഗലാത്യർ 3:28; എഫെസ്യർ 4:2-3; യാക്കോബ് 1:9-10-

ഇതേകാര്യം മറ്റൊരു രൂപകം ഉപയോഗിച്ചും പറയുന്നതാണ് മൂന്നാം വാക്യത്തിന്റെ ആദ്യപാദം. "സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യ മഞ്ഞു പോലെയും ആകുന്നു;" (സങ്കീർത്തനം 133:3a). ഈ ചിത്രമെന്താണ് പറയുന്നത് എന്നു നോക്കാം.

ഹെർമ്മോൻ പർവ്വതം ഇസ്രായേലിന്റെ വടക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്, ലെബനൻ, സിറിയ എന്നിവയുടെ അതിർത്തിയിലും ഇതു വ്യാപിച്ചുകിടക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 9,000 അടിയിലധികം ഉയരമുള്ള ഇസ്രായേലിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് ഹെർമ്മോൻ പർവ്വതം. തണുത്ത രാത്രികൾക്കും കനത്ത മഞ്ഞുവീഴ്ചയ്ക്കും പേരുകേട്ടതാണ് ഇത്. ശൈത്യകാലത്ത് അത് മഞ്ഞ് മൂടിയിരിക്കും, ഹെർമ്മോനിന് ചുറ്റുമുള്ള പ്രദേശം വേനൽക്കാലം മുഴുവൻ പച്ചപ്പ് നിറഞ്ഞതായിരിക്കും.

സീയോൻ പർവതം ഇസ്രായേലിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 2400 അടി മാത്രം ഉയരമുള്ള വളരെ ചെറിയ പർവതമാണിത്. ഹെർമോനിൽ നിന്ന് വ്യത്യസ്തമായി, വേനൽക്കാലത്ത് ജറുസലേമിൽ മഞ്ഞോ മഴയോ ഈർപ്പമോ വളരെ കുറവാണ്.

അതിനാൽ നമുക്ക് ഇവിടെ രണ്ട് വ്യത്യസ്ത പർവതങ്ങളുണ്ട്: വടക്ക് ഹെർമോൺ, തെക്ക് സീയോൻ; ഹെർമ്മോൻ മറ്റ് പർവതങ്ങൾക്ക് മുകളിലായി ഉയർന്നുനിൽക്കുന്നു, സീയോൻ പർവതനിര ഹെർമ്മോൻ പർവ്വതനിരയുടെ ഒരു ഭാഗം മാത്രമാണ്; ഹെർമ്മോൻ പർവ്വതം തണുത്തതും ഉന്മേഷദായകവുമാണ്, സീയോൻ പർവ്വതം ചൂടും വരണ്ടതുമാണ്. ഹെർമ്മോൻ പർവതത്തിലെ മഞ്ഞു സീയോൻ പർവതത്തിൽ വീഴുകയാണെങ്കിൽ അത് എന്തൊരു അത്ഭുതകരമായ കാര്യമായിരിക്കും. അതുതന്നെയാണ് ക്രിസ്തീയ കൂട്ടായ്മയിലും സംഭവിക്കുന്നത്.

ഇവിടെ "പെയ്യുന്ന" എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം രണ്ടാം വാക്യത്തിൽ "താഴേക്ക് ഒഴുകുന്നത്" എന്നതിന് നമ്മൾ കണ്ട അതേ പദമാണ്. ഒരിക്കൽക്കൂടി, ദൈവത്തിന്റെ ഐക്യത്തിന്റെ അനുഗ്രഹം സ്വർഗത്തിൽ നിന്ന് നമ്മിലേക്ക് ഇറങ്ങിവരുന്നു. അത് നമുക്ക് കർത്താവിൽ നിന്ന് ലഭിക്കുന്ന ഒന്നാണ്. ദൈവത്തിന്റെ അനുഗ്രഹം കൂടാതെ നാം സീയോൻ പർവതത്തിലെ വരണ്ടതും ഉണങ്ങിയതുമായ ഭൂമി പോലെയാണ് നമ്മുടെ ജീവിതം. എന്നാൽ ഹെർമ്മോൻ പർവതത്തിലെ മഞ്ഞുപോലെ ദൈവം തന്റെ അനുഗ്രഹം നമ്മുടെ മേൽ അയക്കുന്നു.

ഇവിടെയുള്ള മഞ്ഞ് പരിശുദ്ധാത്മാവിന്റെ മറ്റൊരു പ്രതീകമാണ്, കാരണം ക്രിസ്തുവിലുള്ള നമ്മുടെ ഐക്യത്തിന് പരിശുദ്ധാത്മാവ് അത്യന്താപേക്ഷിതമാണ്. എഫെസ്യർ 4:2-3 ഇപ്രകാരം പറയുന്നു: “2 പൂർണ്ണവിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടും കൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും 3 ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്വിടൻ." എളിമയും സൗമ്യതയും ഉള്ളവരായിരിക്കുക; സഹിഷ്ണുത പുലർത്തുക, പരസ്പരം സ്നേഹത്തിൽ സഹിക്കുക. സമാധാനത്തിന്റെ ബന്ധനത്തിലൂടെ ആത്മാവിന്റെ ഐക്യം നിലനിർത്താൻ എല്ലാ ശ്രമങ്ങളും നടത്തുക. ഇതാണ് പൗലോസ് നമ്മോടു പറയുന്നത്.

ഈ ചിത്രത്തിലെ മഞ്ഞിനാൽ ഹെർമ്മോനും സീയോനും ഒന്നിച്ചിരിക്കുന്നു എന്നതും സഭയിൽ നാമെല്ലാവരും ഒന്നാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. വലിയവരും ചെറിയവരും, ഉയർന്നവരും താഴ്ന്നവരും, വടക്കും തെക്കും ഒരുമിച്ചുള്ള ഐക്യമാണ്. എല്ലാ മാനുഷിക അതിരുകളും വിഭജനങ്ങളും മറികടക്കുന്ന ഒരു ഐക്യമാണത്. ഗലാത്യർ 3:28 പറയുന്നു: “28 അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.” (ഗലാത്യർ 3:28). യാക്കോബ് 1 പറയുന്നു: “9 എന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും 10 ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ" (യാക്കോബ് 1:9-10). എളിയ സാഹചര്യങ്ങളിലുള്ള സഹോദരൻ തന്റെ ഉയർന്ന സ്ഥാനത്തിൽ അഭിമാനിക്കണം. എന്നാൽ ധനികൻ തന്റെ താഴ്ന്ന നിലയിൽ അഭിമാനിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലോകത്തിന്റെ ദൃഷ്ടിയിൽ നിങ്ങൾ എത്ര ഉന്നതനായാലും താഴ്ന്നവനായാലും പ്രശ്നമല്ല. ക്രിസ്തുവിൽ നാം ഒന്നാണ്, ക്രിസ്തുവിലൂടെയും പരിശുദ്ധാത്മാവിലൂടെയും നമുക്ക് ഒരു പ്രത്യേക ഐക്യമുണ്ട്.

മഞ്ഞു നവോന്മേഷദായകമാണ്, ക്രിസ്തീയ കൂട്ടായ്മയും നവോന്മേഷദായകമായിരിക്കണം. നാം സഭയെ ഊർജ്ജസ്വലമാക്കുകയും പ്രോത്സാഹിപ്പിക്കുകയും നവീകരിക്കുകയും വേണം - ചാർജ്ജ് ചെയ്തു, പുനരുജ്ജീവിപ്പിച്ച്, പോകാൻ തയ്യാറാകണം!

ഈ രണ്ട് ചിത്രങ്ങൾ ഐക്യം ഉയരത്തിൽ നിന്നു തുടങ്ങി താഴേക്ക് വരുന്നു എന്നു കാണിക്കുന്നു. വിശ്വാസികളായ നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിനാൽ, ശരീരത്തിന്റെ ശിരസ്സായ ക്രിസ്തുവിലൂടെ സ്വർഗ്ഗത്തിൽ നിന്ന് നമ്മിലേക്ക് ഇറങ്ങിവരുന്ന ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ് ക്രിസ്തീയ ഐക്യം. അതുപോലെ ഐക്യം നേതൃനിരയിൽനിന്നാരംഭിച്ച് സാധാരണ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലണം. അങ്ങനെയൊന്നു ഇന്ന് ഭൂമിയിൽ കാണാൻ കഴിയുകയില്ല. ഇലക്ഷന്റെ സമയത്തുമാത്രം ആളുകളുടെ ഇടയിലേക്ക് ഇറങ്ങും ശേഷിക്കുംകാലം ദന്തഗോപുരങ്ങളിൽ ചെലവിടുന്ന നേതാക്കളെയാണ് ലോകത്തിൽ നാം ദർശിക്കുന്നത്. ആ രിതി സഭയെ ഒരു നിലയിലും സ്വാധീനിക്കരുത്.

3. ഒരുമയോടെ ജീവിക്കുന്നതിന്റെ അനുഗ്രഹം (3b)

ഒരുമയോടെ ജീവിക്കുന്നതിന്റെ നന്മയെക്കുറിച്ച് നാം കണ്ടു. ഒരുമയോടെ ജീവിക്കുന്നതിന്റെ ഉറവിടത്തെക്കുറിച്ചും ഇപ്പോൾ നാം കണ്ടു. മൂന്നാമതായി ഒരുമയോടെ ജീവിക്കുന്നതിന്റെ അനുഗ്രഹത്തെക്കുറിച്ച് നോക്കാം. വാക്യം 3-ന്റെ ബാക്കി ഭാഗം നോക്കുക: "അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു." ഈ വാക്യം രണ്ടു സുപ്രധാന സത്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. 1) വിശ്വാസികൾ ഐക്യത്തോടെ ജീവിക്കുന്നിടത്ത് ദൈവം തന്റെ അനുഗ്രഹം നൽകുന്നു. 2) ഐക്യത്തോടെ ഒരുമിച്ച് ജീവിക്കുക എന്നത് സ്വർഗ്ഗത്തിന്റെ ഒരു മുൻരുചിയാണ്.

A. വിശ്വാസികൾ ഒരുമയോടെ ജീവിക്കുന്നിടത്ത് ദൈവം തന്റെ അനുഗ്രഹം നൽകുന്നു
– റോമർ 15:5-6-

ഒന്നാമതായി, വിശ്വാസികൾ ഒരുമയോടെ ജീവിക്കുന്നിടത്ത് ദൈവം തന്റെ അനുഗ്രഹം നൽകുന്നു. നിങ്ങളുടെ ജീവിതത്തിലും സഭയിലും കുടുംബത്തിലും ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾ ഒരുമയോടെ ജീവിക്കേണ്ടതുണ്ട്.

ഇപ്പോൾ ഞാൻ ഒരിക്കൽ കൂടി ആവർത്തിക്കുന്നു, ഇത് ക്രിസ്തുവിനു വെളിയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യമല്ല. ഇത് നമുക്ക് സ്വന്തമായി നിർമ്മിക്കാനോ ഉണ്ടാക്കാനോ കഴിയുന്ന ഒന്നല്ല. ശരീരത്തിന്റെ ശിരസ്സായ ക്രിസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നമ്മുടെ ഉള്ളിലെ പരിശുദ്ധാത്മാവിനു വഴങ്ങുകയും ചെയ്യുമ്പോൾ മാത്രമേ ഐക്യത്തിൽ ഒരുമിച്ചു ജീവിക്കുന്നതിന്റെ മധുരമായ നന്മയെ അറിയാൻ കഴിയൂ. എന്നാൽ ക്രിസ്‌തീയ ഐക്യം ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണെങ്കിലും, നാം അത് നമ്മുടെ ജീവിതത്തിൽ തുടർമാനമായി പ്രാവർത്തികമാക്കേണ്ടതുണ്ട്. നാം “സമാധാനത്തിന്റെ ബന്ധനത്തിലൂടെ ആത്മാവിന്റെ ഐക്യം കാത്തുസൂക്ഷിക്കാൻ എല്ലാ ശ്രമങ്ങളും” നടത്തേണ്ടതുണ്ട്. (എഫെസ്യർ 4:3) നാം സ്നേഹിക്കുകയും ക്ഷമ ചോദിക്കുകയും അനുരഞ്ജനം സാദ്ധ്യമാക്കുകയും ക്ഷമിക്കുകയും ഒക്കെ വേണം. എങ്കിലെ ഒരുമ യാഥാർത്ഥ്യമായി തീരുകയുള്ളു.

ദൈവം തന്റെ അനുഗ്രഹം നൽകുമെന്ന് ഉറപ്പുനൽകിയ ഒരു പ്രത്യേക സ്ഥലമുണ്ട്, അതാണ് സീയോൻ. ദൈവം തന്റെ ജനവുമായി കണ്ടുമുട്ടുന്ന സ്ഥലത്തിന്റെ പ്രതീകമാണ് സിയോൻ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആരാധനയിൽ ദൈവവുമായി കണ്ടുമുട്ടുമ്പോൾ, നാം ക്രിസ്തീയ ഐക്യം അനുഭവിക്കുകയും ദൈവം അവന്റെ അനുഗ്രഹം അയയ്ക്കുകയും ചെയ്യും. നാം അവനിൽ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവോ അത്രത്തോളം നമ്മുടെ ഐക്യം വർദ്ധിക്കും. ആരാധനയും ഐക്യവും അനുഗ്രഹവും എല്ലാം ഒരുമിച്ചാണ്. അതുകൊണ്ടാണ് റോമർ 15-ൽ പൗലോസിന് ഇങ്ങനെ പറയാൻ കഴിയുന്നത്: "5 എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു 6 സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ." എല്ലാ വിശ്വാസികളും മറ്റു വിശ്വാസികളെ പ്രസാദിപ്പിക്കുവാൻ നോക്കണം. ക്രിസ്തു വന്നത് തന്നെത്തന്നെ പ്രസാദിപ്പിക്കുവാനല്ല. മറ്റുള്ളവരുടെ ആവശ്യങ്ങളെ മുന്നിൽക്കണ്ട് പ്രവൃത്തിച്ചാൽ, ദൈവത്തിന്റെ സഹായത്തോടും പ്രോത്സാഹനത്തോടും കൂടെ എല്ലാവർക്കും ഒരുമയോടെ ജിവിക്കുവാനും ഒരേ സ്വരത്തിൽ ദൈവത്തെ മഹത്വീകരിക്കുവാനും കഴിയുമെന്നാണ് ഈ വേദഭാഗം നമ്മേ ഓർപ്പിക്കുന്നത്.

ദൈവം തന്റെ അനുഗ്രഹങ്ങൾ അവിടെ "നൽകുന്നു" അഥവാ "കൽപ്പിക്കുന്നു" എന്നാണ് അവിടെ ഉപയോഗിച്ചിരിക്കുന്ന പദം അർത്ഥമാക്കുന്നത്. വിശ്വാസികൾ ഐക്യത്തോടെ ജീവിക്കുന്നിടത്ത് ദൈവം തന്റെ അനുഗ്രഹം ഉണ്ടായിരിപ്പാൻ കൽപ്പിക്കുന്നു. ദൈവം കൽപ്പിക്കുന്നതെന്തും സംഭവിക്കാൻ പോകുന്നുവെന്ന് നമുക്കറിയാം.

നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കണമെങ്കിൽ, നിങ്ങൾ ഐക്യത്തോടെ ജീവിക്കേണ്ടതുണ്ട്. വിശ്വാസികൾ ഐക്യത്തോടെ ജീവിക്കുന്നിടത്ത് ദൈവം അനുഗ്രഹം നൽകുന്നു.

B. ഐക്യത്തോടെ ഒരുമിച്ച് ജീവിക്കുന്നത് സ്വർഗത്തിന്റെ ഒരു മുൻരുചിയാണ്
– 2 കൊരിന്ത്യർ 1:21-22

അവസാനമായി, ഒരുമയോടെ ജീവിക്കുന്നത് സ്വർഗത്തിന്റെ ഒരു മുൻ‌രുചിയാണ്. "അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു" (സങ്കീർത്തനം 133:3b).

ഇവിടെ ഭൂമിയിൽ പരിശുദ്ധാത്മാവിലൂടെ നാം അനുഭവിക്കുന്ന ക്രിസ്തീയ കൂട്ടായ്മ, അത് എത്ര മനോഹരമാണ്, സ്വർഗത്തിൽ നാം പരസ്പരം പങ്കിടുന്ന തികഞ്ഞ കൂട്ടായ്മയുടെ ഒരു മുൻരുചി മാത്രമാണ്. 2 കൊരിന്ത്യർ 1-ൽ നാം വായിക്കുന്നു: " 21 ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. 22 അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു" (2 കൊരിന്ത്യർ 1:21-22). ദൈവമാണ് പൗലോസിനേയും തന്റെ സഹപ്രവർത്തകരേയും കൊരിന്തിലെ വിശ്വാസികളേയും ക്രിസ്തുവിൽ സ്ഥാപിച്ചത്. കൂടാതെ അവരെയെല്ലാം ദൈവത്തിന്റെ പരിശുദ്ധാത്മാവ് അഭിഷേകം ചെയ്തിരിക്കുന്നു. ആരും മറ്റൊരാളെക്കാൾ മൂല്യത്തിൽ വ്യത്യാസമില്ല എന്ന കാര്യമാണ് ഇവിടെ പൗലോസ് ഓർമ്മിപ്പിക്കുന്നത്.

മഞ്ഞ് ചുറ്റുമുള്ള സസ്യങ്ങൾക്ക് ജീവൻ നൽകുന്നതുപോലെ, ദൈവത്തിന്റെ അനുഗ്രഹവും ജീവൻ നൽകുന്നു. എന്നാൽ പ്രഭാത സൂര്യനോടൊപ്പം കടന്നുപോകുന്ന മഞ്ഞുപോലെയല്ല, ദൈവത്തിന്റെ അനുഗ്രഹം എന്നേക്കും നിലനിൽക്കുന്നു. ഒരുമയോടെ ജീവിക്കുക എന്നത് സ്വർഗത്തിന്റെ ഒരു ചെറിയപതിപ്പാണ്.

4. ഉപസംഹാരം

അപ്പോൾ 133-ാം സങ്കീർത്തനം ഒരുമയോടെ ജീവിക്കുന്നതിന്റെ അനുഗ്രഹത്തെക്കുറിച്ചാണ് നമ്മെ എന്താണ് പഠിപ്പിക്കുന്നത്? ഐക്യത്തോടെ ഒരുമിച്ച് ജീവിക്കുന്നത് നല്ലതാണ്, അത് സുഖകരമാണ്, ക്രിസ്തുവിൽ സഹോദരങ്ങളെന്ന നിലയിൽ നമുക്ക് അത് അനുയോജ്യമാണ്. വിശ്വാസികൾ എന്ന നിലയിൽ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നു, പരിശുദ്ധാത്മാവിനാൽ നിറഞ്ഞിരിക്കുന്നു. ക്രിസ്ത്യൻ ഐക്യം നമുക്ക് ദൈവത്തിന്റെ സമ്മാനമാണ് - അഹരോന്റെ തലയിലെ വിലയേറിയ എണ്ണ പോലെയോ ഹെർമ്മോൻ പർവതത്തിൽ നിന്നുള്ള സമൃദ്ധമായ മഞ്ഞുപോലെയോ നമ്മുടെ മേൽ ഒഴുകുന്നു. നാം ഐക്യത്തോടെ അവനെ ആരാധിക്കുകയും എന്നേക്കും ജീവന്റെ അനുഗ്രഹം പ്രാപിക്കുകയും ചെയ്യുമ്പോൾ ദൈവം തന്റെ ജനത്തിന്മേൽ തന്റെ അനുഗ്രഹം ചൊരിയുന്നു. ആരാധനയിൽ നാം ദൈവത്തോട് അടുക്കുമ്പോൾ, ദൈവത്തിന്റെ അനുഗ്രഹം നമ്മെ എതിരേൽക്കാൻ വരുന്നു. തീർച്ചയായും എല്ലാറ്റിലും വലിയ അനുഗ്രഹം കർത്താവ് നമ്മോട് അടുക്കുന്നു എന്നതാണ്.

ക്രിസ്തുവിന്റെ ശരീരത്തിൽ നാം എങ്ങനെ ഐക്യം പ്രാവർത്തികമാക്കണം! ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞങ്ങൾ പരസ്പരം കർത്താവിന്റെ അത്താഴം പങ്കിടും. ക്രിസ്തുവിനോടും പരസ്പരം ഉള്ള നമ്മുടെ കൂട്ടായ്മയുടെ മനോഹരമായ പ്രകടനമാണ് കർത്താവിന്റെ അത്താഴം. ഐക്യത്തിൽ ഒരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ച് ആരോ എഴുതിയ ഒരു ഗാനമാണ് എന്റെ മനസ്സിലേക്കു വരുന്നത്; അത് ഞാനിവിടെ കുറിക്കുന്നു.

At the cross where sin was slain
Gathered under one name
Where every chain is broken
Every sorrow swept away
Gathered under one name

യേശുവിന്റെ കുരിശിലെ യാഗത്തിലൂടെ ലഭിക്കുന്ന പാപമോചനത്തിലൂടെ, പാപം, ദുഃഖം തുടങ്ങിയ തങ്ങളെ മുമ്പ് വേർപെടുത്തിയ എല്ലാ കാര്യങ്ങളിൽ നിന്നും ആളുകൾക്ക് സ്വാതന്ത്ര്യം കണ്ടെത്താനാകുമെന്നും ആ സ്വാതന്ത്ര്യത്തിൽ വിഭജനത്തിന്റെ ചങ്ങലകൾ പൊട്ടിപ്പോകുകയും സങ്കടങ്ങൾ തൂത്തുവാരി ദൂരെ എറിയുമെന്നും ഈ വരികൾ സൂചിപ്പിക്കുന്നു. മനുഷ്യർക്കു ശുഭവും മനോഹരവും ദൈവദൃഷ്ടിയിൽ നല്ലതും ഈ ലോകത്തിലും വരാനിരിക്കുന്നതിലും ആനന്ദദായകവുമായ ഒരുമയിൽ ജീവച്ച് ദൈവത്തിന്റെ അനുഗ്രഹം പ്രാപിച്ചവരായി നമുക്കു ജീവിക്കാം. അതിനുദൈവം നമ്മെ സഹായിക്കട്ടെ.

*******

© 2020 by P M Mathew, Cochin

bottom of page