top of page

സങ്കീർത്തന പരമ്പര-10

The oppression of the helpless
അശരണരുടെ മേലുള്ള പീഡനം
Psalm 10

"1യഹോവേ, നീ ദൂരത്തു നിൽക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു? 2 ദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു; അവർ നിരൂപിച്ച ഉപായങ്ങളിൽ അവർ തന്നേ പിടിപെടട്ടെ. 3 ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.
4 ദുഷ്ടൻ ഉന്നതഭാവത്തോടെ: അവൻ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും. 5 അവന്റെ വഴികൾ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികൾ അവൻ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവൻ ചീറുന്നു. 6 ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു. 7 അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു. 8 അവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവെച്ചു അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വെച്ചിരിക്കുന്നു. 9 സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവൻ മറവിടത്തിൽ പതുങ്ങുന്നു; എളിയവനെ പിടിപ്പാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു. 10 അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്റെ ബലത്താൽ വീണു പോകുന്നു.
11 ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറെച്ചിരിക്കുന്നു; അവൻ ഒരുനാളും കാണുകയില്ല എന്നു അവൻ ഹൃദയത്തിൽ പറയുന്നു.
12 യഹോവേ, എഴുന്നേൽക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തേണമേ; എളിയവരെ മറക്കരുതേ. 13 ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളിൽ പറയുന്നതും എന്തിന്നു? 14 നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്വാ?ൻ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താൻ നിങ്കൽ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു. 15 ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.
16 യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികൾ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു. 17 ഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു 18 യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേൾക്കയും ചെയ്യുന്നു."

രചനയും സന്ദർഭവും

ദുഷ്ടന്മാർ പലപ്പോഴും അഭിവൃദ്ധി പ്രാപിക്കുകയും ദുർബലർ അവരുടെ കൈകളാൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന വേദനാജനകമായ യാഥാർത്ഥ്യത്തിലൂടെ കടന്നുപോകുമ്പോൾ ഉളവാകുന്ന മാനസികവും സത്യസന്ധമായ വിലാപവും ദൈവികനീതിക്കുവേണ്ടിയുള്ള അപേക്ഷയുമാണ് 10-ാം സങ്കീർത്തനം. ദുഷ്ടന്മാർ അവരുടെ ദുഷ്ടപ്രവർത്തനങ്ങളിൽ അഭിമാനിക്കുന്നു. ദൈവം ഉണ്ടെങ്കിൽ പോലും അവരുടെ പ്രവൃത്തികൾക്ക് ശിക്ഷ ഉണ്ടാവുകയില്ല എന്നവർ ചിന്തിക്കുന്നു. എന്നാൽ യഹോവ തന്റെ ജനത്തിന്റെ ഇടയിൽ വസിക്കുന്നുവെന്നും അവരുടെ നിലവിളികൾ കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നുവെന്നും സങ്കീർത്തനക്കാരൻ സ്ഥിരീകരിക്കുന്നു. ദുഷ്ടന്മാർ ഉടനെ പുറത്താക്കപ്പെടുകയില്ല, എങ്കിൽകൂടി അവർ പുറത്താക്കപ്പെടും എന്നുള്ളതു തന്നെയാണ് സങ്കീർത്തനക്കാരന്റെ പ്രതീക്ഷ. അവരുടെ ന്യായവിധി വിശ്വസ്തരുടെ ന്യായീകരണമായിരിക്കും.

അത്യാഗ്രഹികളും ശക്തരും അധികാരമോഹികളുമായ ആളുകളുടെ കൈകളാൽ അടിച്ചമർത്തലും നാശവും നേരിടുന്നവരോ, നിരന്തരമായ ഭീകരവാദ ഭീഷണിയിൽ ജീവിക്കേണ്ടിവരുന്നവരോ ആയ ഇന്നത്തെ വിശ്വാസികൾക്ക് ഈ സങ്കീർത്തനക്കാരന്റെ ബുദ്ധിമുട്ടുകളും തന്റെ വിശ്വാസ പരിഹാര മാർഗ്ഗങ്ങളും ആശ്വാസം പകരും എന്ന കാര്യത്തിൽ സംശയമില്ല.

പ്രധാനസന്ദേശം

ദുഷ്ടരും ശക്തരുമായ ആളുകൾ ദുർബലരെ ഭയപ്പെടുത്തുകയും പീഡിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്താലും, പീഡിതരായ ദൈവജനത്തിന് ദിവ്യനീതിക്കായി ആത്മവിശ്വാസത്തോടെ പ്രാർത്ഥിക്കാം, കാരണം യഹോവ നിത്യനും നീതിമാനുമായ രാജാവാണ്.

ഘടന

സങ്കീർത്തനത്തെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം.

ഒന്നാമത്തേത്, നിലവിൽ തന്റെ ദുഷ്ട തന്ത്രങ്ങളിൽ വിജയിക്കുകയും നിരപരാധികളായ ആളുകളെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദുഷ്ടനെക്കുറിച്ചുള്ള വിവരണമാണ് (വാക്യങ്ങൾ 1—11).

രണ്ടാമത്തെ ഭാഗം, അത്തരം ആളുകളാൽ കീഴടക്കപ്പെടുന്ന നിസ്സഹായരെ സഹായിക്കാൻ യഹോവയോടുള്ള പ്രാർത്ഥനയാണ് (വാക്യം 12—15).

അവസാന ഭാഗം, യഹോവ രാജാവാണെന്നും ദുഷ്ട പീഡകരെ അവൻ ന്യായം വിധിക്കുമെന്നും അവനിൽ ആശ്രയിക്കുന്ന ദുരിതബാധിതരെ ന്യായീകരിക്കുമെന്നതിന്റെ വിജയകരമായ അംഗീകാരമാണ് (വാക്യം 16—18).

1. ദുഷ്ടരും അക്രമാസക്തരുമായ അടിച്ചമർത്തലുകളാൽ ഭയപ്പെടുത്തപ്പെടുന്ന ഒരു ലോകത്തിൽ വിശ്വാസികൾ ജീവിക്കണം.

ദൈവം വളരെ അകലെയാണെന്ന് തോന്നുന്ന സമയങ്ങൾ വിശ്വാസികളുടെ ജിവിതത്തിൽ ഉണ്ടാകാറുണ്ട്. ആ അവസ്ഥയെക്കുറിച്ചുള്ള ഒരു വിലാപത്തോടെയാണ് സങ്കീർത്തനം ആരംഭിക്കുന്നത്. കഷ്ടത ഒരു കാര്യമാണ്, എന്നാൽ ദൈവം ഇടപെടുന്നില്ല എന്നതോന്നൽ സങ്കീർത്തനക്കാരന് ഒരു വലിയ പ്രശ്നമാണ്. ആദ്യ വാക്യം ഒരു വാചാടോപപരമായ ചോദ്യത്തിന്റെ രൂപത്തിലാണ്: “യഹോവേ, നീ ദൂരത്തു നിൽക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?”

വിലാപ സങ്കീർത്തനങ്ങളിൽ അത്തരം ചോദ്യങ്ങൾ സാധാരണമാണ് (ഉദാ., 13:1; 22:1—2). ഉടമ്പടി ദൈവമായ യഹോവയോടുള്ള ഒരു വിശ്വസ്ത വിശ്വാസിയുടെ നിലവിളിയായി അത് പുറത്തുവരുന്നു. ഉടമ്പടി ദൈവം പീഡിത വിശ്വാസിയിൽ നിന്ന് അകന്നു നിൽക്കുന്നതുപോലെ, അല്ലെങ്കിൽ കഷ്ടകാലത്ത് മറഞ്ഞിരിക്കുന്നതുപോലെയുള്ള അനുഭവം തികച്ചും വേദനാജനകമാണ്. എന്നിരുന്നാലും, അത്തരം ചോദ്യങ്ങൾ ദൈവം ഇടപെട്ട് കാര്യങ്ങൾ പരിഹരിക്കാൻ പ്രേരിപ്പിക്കുന്നതിനു രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. സമാനമായി സങ്കീർത്തനങ്ങൾ 22:11 ൽ നാം കാണുന്നു: “ കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാൻ മറ്റാരുമില്ലല്ലോ.”

പ്രായൊഗികത: വ്യവസ്ഥാപരമായ തിന്മ നടക്കുന്നുവെന്ന കാര്യം അംഗീകരിക്കുക. അതു നേരിടേണ്ടി വരുമ്പോൾ കൈപ്പ് അടിച്ചമർത്തുന്നതിനൊ നിസ്സംഗതയിലേക്കു തിരിയുന്നതിനൊ പകരം ദൈവവുമായി നിങ്ങളുടെ ദുരിതം പങ്കുവെക്കുക.

2—11 വരെ വാക്യങ്ങൾ ദുഷ്ടന്മാരായ ആളുകളുടെ പീഡനംമൂലം അസഹനീയമാകുന്ന സമയങ്ങളെ വിവരിക്കുന്നു. ശക്തരും ദുഷ്ടന്മാരുമായ ആളുകൾ തങ്ങൾ ആഗ്രഹിക്കുന്നത് നേടുന്നതിനായി നിരപരാധികളെയും നിസ്സഹായരെയും നശിപ്പിക്കാൻ ശ്രമിക്കുന്നു. “ദുഷ്ടന്മാർ” എന്ന വാക്ക് പൊതുവെ “ഭക്തിയില്ലാത്തവരെ” സൂചിപ്പിക്കാമെങ്കിലും, ഇവിടെ അത് മോശം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ സൂചിപ്പിക്കുന്നു.

ഈ ദുഷ്ടന്മാർ ദ്രോഹികളും ദൈവദൂഷണം പറയുന്നവരും ക്രൂരന്മാരുമാണ്; അവർ അഭക്തരും ധിക്കാരികളും ദൈവഭയമില്ലാത്തവരുമാണ്, ഒരുപക്ഷേ അവർക്കിക്കാര്യം ബോധ്യപ്പെട്ടിട്ടില്ലായിരിക്കാം. മാനുഷിക തലത്തിൽ, ഈ ആളുകൾ എന്ത് ചെയ്യാൻ പദ്ധതിയിടുന്നുവോ അത് ദേശത്തെ നിസ്സഹായരായ ആളുകളെ കഷ്ടത്തിലാക്കുന്നു.

അവർ ധിക്കാരികളും അവരുടെ ദ്രോഹപരമായ പദ്ധതികളിൽ ഊറ്റം കൊള്ളുന്നവരുമാണ്. അവരുടെ അഹങ്കാരം ദുരിതമനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകൾ തീവ്രമാക്കുന്നു. പെറോൺ പറയുന്നതുപോലെ, അവർ തങ്ങളുടെ ഇരയെ കഷ്ടതയുടെ അഗ്നിജ്വാലയിൽ ഇടുന്നു.

“അവർ” സങ്കൽപ്പിച്ചതോ ആവിഷ്ക്കരിച്ചതോ ആയ പദ്ധതികളാൽ നയിക്കപ്പെടുന്നു. "അവർ" എന്ന ക്രിയയുടെ subject പീഡിതനോ ദുഷ്ടനോ ആകാം. രണ്ടാമത്തേതാണ് സാഹചര്യമെങ്കിൽ, വാക്യം ദുഷ്ടന്മാരുടെ നാശം മുൻകൂട്ടി കാണും - അവരുടെ പദ്ധതികൾ യഥാർത്ഥത്തിൽ പീഡിതരെയല്ല, അവരെയാണ് കുടുക്കുന്നത്. ക്രിയയുടെ subject പീഡിതരാണെങ്കിൽ, അത് സന്ദർഭത്തിൽ കൂടുതൽ അർത്ഥവത്താകുന്നു, അത് വിലാപത്തിന്റെ തുടർച്ചയാണ്, പീഡിതർ ദുഷ്ടന്മാരുടെ തന്ത്രങ്ങളിൽ അകപ്പെടുന്നുവെന്ന് ഇത് അർത്ഥമാക്കുന്നു.

അടുത്തതായി, ദുഷ്ടന്മാരുടെ അഹങ്കാരം അവർ വിലമതിക്കുന്നതിലൂടെയും അവരുടെ വെറുപ്പിലൂടെയും പ്രകടമാകുന്നു (വാക്യം 3). ആദ്യം നമ്മോട് പറയുന്നത്, അവൻ തന്റെ ഹൃദയത്തിന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് പ്രശംസിക്കുന്നു എന്നാണ്. ഇതിനർത്ഥം അവന്റെ ആഗ്രഹങ്ങൾ, അവന്റെ ദുഷ്ട പദ്ധതികൾ, അവനെ സംബന്ധിച്ചു പ്രശംസയാണ്. അവൻ തന്റെ ഹൃദയത്തിന്റെ ആഗ്രഹത്തെ പുകഴ്ത്തുന്നു. എന്ത് ദുഷ്ട ആഗ്രഹം ഉണ്ടായാലും, അവ നേടിയെടുക്കുകയും അതിനെക്കുറിച്ച് പ്രശംസിക്കുകയും ചെയ്യുന്നു. ഇന്നു ലോകത്തിലേക്കു നോക്കിയാൽ അതിനു എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും കാണാൻ കഴിയും. ഇവ ദുഷ്ടന്മാരുടെ സ്വഭാവപരമായ പ്രവൃത്തികളെ പ്രകടിപ്പിക്കുന്നു, ഭൂതകാലത്തിലും വർത്തമാനത്തിലും ഇത് സത്യമാണ്, എന്നാൽ ഭാവിയിൽ അത് സത്യമാകില്ല.

പിന്നെ, തിന്മയായ കാര്യങ്ങളോടുള്ള അവരുടെ തെറ്റായ സമീപനം കാണിക്കാൻ, ദുഷ്ടൻ "കൊള്ളക്കാരനെ അനുഗ്രഹിക്കുന്നു" എന്ന് പറയുന്നു. കൊള്ളക്കാരൻ ഒരു വഴികാട്ടിയോ കള്ളനോ ആകണമെന്നില്ല, അയാൾ അതിക്രമിച്ച് കയറി മോഷ്ടിക്കുന്നവനാകണമെന്നുമില്ല; അയാൾ അത്യാഗ്രഹിയായ ഒരു ബിസിനസുകാരനാകാം, അയാൾ ബുദ്ധിമാനും ക്രൂരനുമായിരിക്കാം, മറ്റുള്ളവരുടെ നിക്ഷേപങ്ങൾ നശിപ്പിച്ച് ഒരു സമ്പത്തുമായി രക്ഷപ്പെടാൻ സാധ്യതയുള്ള ഒരാളായിരിക്കാം. ദുഷ്ടന്മാർക്ക് വിജയിക്കാൻ വേണ്ടി നിർഭാഗ്യരെ മുതലെടുക്കാൻ കഴിയുന്ന ഒരാളെ അവർ പ്രശംസിക്കുന്നു.

ദുഷ്ടന്മാർ കുറ്റവാളിയെ അനുഗ്രഹിക്കുന്നുവെങ്കിൽ, അത്തരം പ്രവർത്തനങ്ങൾ നിരോധിക്കുന്ന യഹോവയെ അവൻ നിന്ദിക്കണം. “അനുഗ്രഹിക്കുന്നു” എന്നതിന് വിപരീതമായി നിന്ദിക്കുന്നു. “നിന്ദിക്കുക” എന്നത് ഒരാളെക്കുറിച്ച് ദുഷ്ടത സംസാരിക്കുന്നതിനേക്കാൾ അധികമായ സംഗതിയാണ്. അത് വെറുപ്പും അവഹേളനവും ഏറ്റെടുക്കുന്നു. എത്രയൊ വിരോധാഭാസമായ സംഗതിയാണിത്. എന്നാൽ ആളുകൾ ചെയ്യേണ്ടത്, യഹോവയെ അനുഗ്രഹിക്കുകയും കൊള്ളക്കാരനെ നിന്ദിക്കുകയുമാണ് വേണ്ടത്.

4-ാം വാക്യം അവരുടെ ധിക്കാരത്തെയും അധർമ്മത്തെയും വിവരിക്കുന്നു. "4 ദുഷ്ടൻ ഉന്നതഭാവത്തോടെ: അവൻ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും."

അവന്റെ നോട്ടവും ഭാവവും അഹങ്കാരത്തിന്റേതാണ്. അത്തരമൊരു അഹങ്കാരിയായ വ്യക്തിക്ക് ദൈവം അവന്റെ കുറ്റകൃത്യങ്ങൾക്ക് കണക്ക് ചോദിക്കുകയില്ല എന്ന ചിന്തയാണ് അവനെ ഭരിക്കുന്നത്. വാസ്തവത്തിൽ, അവസാന വരി അവൻ ഒരു നിരീശ്വരവാദിയാണെന്ന് വ്യക്തമാക്കുന്നു: അവന്റെ എല്ലാ തന്ത്രങ്ങളും ദുഷ്ട പദ്ധതികളും എല്ലാം അവനെ നീതിപീഠത്തിലേക്ക് കൊണ്ടുവരാൻ ഒരു ദൈവമില്ല എന്ന ആശയത്താൽ വിശേഷിപ്പിക്കപ്പെടുന്നു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു ദൈവം ഉണ്ടെങ്കിൽ പോലും, ദൈവത്തിന്റെ തീരുമാനങ്ങൾ, അവനുമായി ബന്ധമില്ലാത്തതും ഫലപ്രദമല്ലാത്തതുമാണ്, അതിനാൽ ദൈവഹിതം അവൻ അന്വേഷിക്കാറെയില്ല. ഒരാൾക്ക് ദുഷ്ടന്റെ വഴിയും നീതിമാന്റെ വഴിയും താരതമ്യം ചെയ്യാൻ പറ്റും, കാരണം ദൈവത്തിന്റെ വഴികളും ചിന്തകളും എപ്പോഴും അവരുടെ മുമ്പിലുണ്ട്; എന്നാൽ ദുഷ്ടന്മാരെ സംബന്ധിച്ചിടത്തോളം, അവന്റെ ദുഷ്ട പദ്ധതികളെ തടയാൻ ആരുമില്ലാത്തതിനാൽ, അവൻ തന്റെ എല്ലാ എതിരാളികളെയും പുച്ഛിക്കുന്നു.

ആറാം വാക്യം, "ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല എന്നു അവൻ തന്റെ ഹൃദയത്തിൽ പറയുന്നു". അയാൾക്ക് തന്നെക്കുറിച്ചുള്ള ഉറപ്പിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ദൈവിക ഇടപെടൽ ഉണ്ടാകില്ലെന്ന് അവൻ കരുതുന്നു. അവൻ ആരെയും പരിഗണിക്കുന്നില്ല. സുരക്ഷിതത്വബോധത്തോടെ, ഇപ്പോഴൊ, ഭാവിയിലൊ, ഒരിക്കലും പ്രതികൂല സാഹചര്യങ്ങളോ ദൗർഭാഗ്യങ്ങളോ നേരിടേണ്ടിവരില്ലെന്ന് അവൻ വിശ്വസിക്കുന്നു. അത്തരമൊരു വ്യക്തി സ്വന്തം അഭിമാനത്തിലും ആത്മവിശ്വാസത്തിലും തന്റെ മുന്നിലെ സാഹചര്യങ്ങൾ കൊണ്ട് അന്ധനാണ്.

ഇത്രയും അഹങ്കാരത്തോടെ, ഇത്രയും അധർമ്മത്തോടെ, ആളുകൾക്കെതിരായ അത്തരം ദ്രോഹത്തോടെ, ഈ ദുഷ്ടൻ ഓരോ തവണയും വായ തുറക്കുമ്പോൾ തന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. അവന്റെ വായിൽ നിറയെ ശാപവാക്കുകളാണ്.

ഏഴാം വാക്യം ഇങ്ങനെയുള്ള ദുഷ്ടന്മാരെക്കുറിച്ചു ആളുകൾക്കുള്ള മുന്നറിയിപ്പാണ്. ഒരു വ്യക്തി ദൈവത്തെ നിന്ദിക്കുകയും നിഷേധിക്കുകയും ചെയ്യുന്നുവെങ്കിൽ, തന്റെ പ്രവൃത്തികൾക്കുള്ള ഉത്തരവാദിത്തം നിഷേധിക്കുന്നുവെങ്കിൽ, ദുർബലരായ ആളുകളുടെ ചെലവിൽ വിജയങ്ങളെക്കുറിച്ച് വീമ്പിളക്കുന്നുവെങ്കിൽ, അങ്ങനെയുള്ള ഒരാളുമായുള്ള ഏതെങ്കിലും ബിസിനസ്സ് ഇടപാടുകളോ സാമൂഹിക സമ്പർക്കങ്ങളോ ഒഴിവാക്കാൻ അവർ ശ്രദ്ധിക്കണം.

2. അവരുടെ ആക്രമണങ്ങൾ രഹസ്യവും പെട്ടെന്നുള്ളതുമാണ് (8—11).

ഇപ്പോൾ സങ്കീർത്തനക്കാരൻ ദുഷ്ടന്മാർ നിസ്സഹായരെ എങ്ങനെ ആക്രമിക്കുന്നുവെന്ന് വിവരിക്കുന്നു. ഇത് ഒരു പതിയിരുന്ന് ആക്രമണമായി ചിത്രീകരിച്ചിരിക്കുന്നു. 8-ാം വാക്യം പറയുന്നത് ദുഷ്ടന്മാർ ഗ്രാമത്തിനടുത്തുള്ള ഒരു ഒളിത്താവളത്തിൽ ഇരിക്കുന്നു എന്നാണ്. "ഗ്രാമം" എന്ന വാക്ക് അടച്ചുറപ്പില്ലാത്ത ഒരു പ്രദേശത്തെ സൂചിപ്പിക്കുന്നു, അത് ഏത് ആക്രമണത്തിനും ഇരയാകുന്നു. ഒളിത്താവളം കൃത്യമായി എന്തായിരിക്കുമെന്ന് വ്യക്തമല്ല; നിസ്സഹായനും നിർഭാഗ്യവാനുമായ വ്യക്തിയെ കാത്തിരിക്കുന്ന ഒരാൾ ആക്രമിക്കാൻ സാധ്യതയുള്ള ഏതെങ്കിലും സ്ഥലത്തെ ഇത് വിവരിക്കുന്നതായി തോന്നുന്നു. ഇത് ഒരു തുറന്ന ഏറ്റുമുട്ടലല്ല, മറിച്ച് ഒരു രഹസ്യ ആക്രമണമാണ്. അയാൾ രഹസ്യമായി നിരീക്ഷിക്കുന്നു-അവനെ കൊല്ലാനുള്ള ശരിയായ നിമിഷത്തിനായി കാത്തിരിക്കുന്നതുപോലെ. അയാളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന വ്യക്തിയെ നിരപരാധിയെന്നൊ ദുർബലനെന്നൊ നിസ്സഹായനെന്നൊ വിളിക്കുന്നു, ചിലപ്പോൾ "നിർഭാഗ്യവാൻ" എന്നും സംശയിക്കാത്തവൻ എന്നും വിവർത്തനം ചെയ്യപ്പെടുന്നു. നിരപരാധിയായ വ്യക്തിയെ കൊല്ലുക എന്നതാണ് ഉദ്ദേശ്യമെന്ന് വാചകം പറയുന്നു.

ഭീകരാക്രമണങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള ആളുകൾക്ക് ഇത് നന്നായി മനസ്സിലാകും. ചില നാളുകൾക്ക് മുൻപ് കാശ്മീർ താഴ്വരയിൽ വിനോദയാത്രക്കു പോയ ചിലർ ഭീകരാക്രമണങ്ങൾക്ക് വിധേയരായ കാര്യം നാം മാധ്യമങ്ങളിൽ വായിച്ചുവല്ലൊ. അക്ഷരാർത്ഥത്തിൽ അതുപോലെ എടുക്കാം. എന്നാൽ വിശാലമായ അർത്ഥത്തിൽ ഇരയെ നശിപ്പിക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരാൾ ചിന്തിക്കുന്നത് അവരുടെ നീതിന്യായ നടപടികളിൽ നിയമത്തിന്റെ അക്ഷരം പിന്തുടരുന്നതായി തോന്നുമെങ്കിലും, പ്രക്രിയയിൽ നീതിയെ വളച്ചൊടിക്കുന്ന ആളുകളെയും ഇതിൽ പെടുത്താം. ഉദാഹരണമായി, നാബോത്തിന്റെ മുന്തിരിത്തോട്ടത്തിന്റെ പേരിൽ നടന്ന ജുഡീഷ്യൽ കൊലപാതകത്തിലെന്നപോലെ (1 രാജാക്കന്മാർ). ഇവിടെ യഥാർത്ഥത്തിൽ ഒരു നിരപരാധിയെ വധിച്ചു, പക്ഷേ അത് ഒരു ശരിയായ നിയമപരമായ തീരുമാനമായി തോന്നിപ്പിക്കുകയും നാബോത്തിന്റെ സ്വത്തിനുവേണ്ടിയുള്ള ആഹാബിന്റെ അത്യാഗ്രഹം തൃപ്തിപ്പെടുത്താൻ രൂപകൽപ്പന ചെയ്യുകയും ചെയ്തു.

9-ാം വാക്യത്തിൽ പതിയിരിക്കുന്ന ലക്ഷ്യം തുടരുന്നു. ഇപ്പോൾ ദുഷ്ടനെ ഇരയെ പിടിക്കാൻ കാത്തിരിക്കുന്ന ഒരു സിംഹത്തോട് താരതമ്യപ്പെടുത്തുന്നു; അവൻ ഒളിച്ചിരിക്കുന്നു, അല്ലെങ്കിൽ പതിയിരിക്കുന്നു, പീഡിതനെ പിടിക്കാൻ, വല വിരിച്ചുകൊണ്ട്" കാത്തിരിക്കുന്നു. അനന്തരം അവൻ അവരെ പിടിക്കുന്നു.

പിന്നെ ഒരു വേട്ടക്കാരന്റെ രൂപത്തിലേക്ക് ചിത്രം മാറുന്നു. ഇരയുടെ മേൽ രഹസ്യമായി വളർന്ന ദുഷ്ട പദ്ധതി ഒരു വല പോലെയാണ്, സമർത്ഥമായ തന്ത്രം നിരപരാധിയെ അതിലേക്ക് ആകർഷിക്കും, അങ്ങനെ അവൻ പിടിക്കപ്പെടും. ഫലം നിസ്സഹായരുടെ നാശമാണ് (വാക്യം 10).
ശത്രുവിന്റെ ശക്തി കാരണം "നിസ്സഹായൻ" അല്ലെങ്കിൽ "നിർഭാഗ്യവാൻ" മുങ്ങുകയും വീഴുകയും ചെയ്യുന്നു. അഹങ്കാരിയായ പീഡകൻ താൻ ശിക്ഷിക്കയില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ദുഷ്ടന്മാർ അമിതാധികാരമുള്ളവരാകയാ ൽ ദുർബലരും പീഡിതരും തളർന്നുപോകുന്നു. അഹങ്കാരിയായ ദുഷ്ടൻ അതിൽ നിന്ന് രക്ഷപ്പെടുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

4-ാം വാക്യത്തിന്റെ പ്രമേയം ആവർത്തിക്കുന്നു, പക്ഷേ അധിക ശക്തിയോടെ. "ദൈവം മറന്നിരിക്കുന്നു" എന്ന് അദ്ദേഹം തന്റെ ഹൃദയത്തിൽ പറയുന്നു. ദൈവം "മറന്നു" എന്ന് പറയുന്നതിന്റെ അർത്ഥം അവൻ അതിൽ പ്രവർത്തിച്ചില്ല എന്നാണ്. ദൈവം "തന്റെ മുഖം മറച്ചു" എന്നും "ഒരിക്കലും കണ്ടില്ല" എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു (രണ്ടും ആന്ത്രോപോമോർഫിസങ്ങൾ), അതായത്, ദൈവം ദുരിതമനുഭവിക്കുന്നവരിൽ നിന്ന് തന്റെ അനുഗ്രഹം തടഞ്ഞു, ആവശ്യത്തിന് ശ്രദ്ധ നൽകിയില്ല. ഒരു ദൈവമുണ്ടെങ്കിൽ അവന് ഇടപെടാൻ കഴിയില്ല അല്ലെങ്കിൽ ഇടപെടില്ല എന്നതാണ് അദ്ദേഹത്തിന്റെ ചിന്ത.

സ്വന്തം നേട്ടത്തിനോ കാരണത്തിനോ വേണ്ടി നിരപരാധികളും നിസ്സഹായരുമായ ഇരകളെ കണ്ടെത്താൻ രഹസ്യമായി ഒളിച്ചിരിക്കുന്ന ഒരു ദുഷ്ടനെയോ, ശക്തനും ക്രൂരനുമായ വ്യക്തിയെയോ, അല്ലെങ്കിൽ ഒരു തീവ്രവാദിയെയോ കുറിച്ച് ചിന്തിക്കാൻ ആധുനിക വായനക്കാരന് ബുദ്ധിമുട്ടുള്ള കാര്യമല്ല. അയാൾ സ്വന്തം നേട്ടത്തിനോ കാരണത്തിനോ വേണ്ടി നശിപ്പിക്കുകയും പിന്നീട് തന്റെ സുഹൃത്തുക്കൾക്കും അനുഭാവികൾക്കും ഇടയിൽ ചെയ്ത കാര്യങ്ങളെക്കുറിച്ച് വീമ്പിളക്കുകയും ഈ പ്രക്രിയയിൽ ദൈവത്തെ പരിഹസിക്കുകയും ചെയ്യുന്നു. ദുരിതമനുഭവിക്കുന്നവരിൽ ഒരു വ്യർത്ഥബോധമുണ്ട്, കാരണം അവർ എത്ര ജാഗ്രത പാലിച്ചാലും അത്തരം ആക്രമണങ്ങൾക്കെതിരെ അവർ നിസ്സഹായരാണ്. എന്നാൽ അവർക്ക് ഒരു ഉറപ്പായ ആശ്രയമുണ്ട് - സ്വർഗത്തിലെ ദൈവം.

പ്രായോഗികത

1. നിസ്സഹായർക്കുവേണ്ടി മധ്യസ്ഥത വഹിക്കുക: അനാഥർ, അടിച്ചമർത്തപ്പെട്ടവർ, ദരിദ്രർ, വ്യവസ്ഥാപരമായ അനീതിയാൽ തകർന്നവർ എന്നിവർക്കായി പ്രത്യേകമായി പ്രാർത്ഥിക്കുക.

2. ദുർബലരെ പ്രതിരോധിച്ചുകൊണ്ടും, പാർശ്വവൽക്കരിക്കപ്പെട്ടവരെ പരിചരിച്ചുകൊണ്ടും, ചൂഷണത്തിൽ പങ്കാളിയാകാൻ വിസമ്മതിച്ചുകൊണ്ടും നിങ്ങളുടെ വ്യക്തിപരമായ പ്രവൃത്തികളെ ദൈവത്തിന്റെ ഹൃദയവുമായി പൊരുത്തപ്പെടുത്തുക.

3. വ്യക്തിപരമായ പ്രതികാരമോ ജാഗ്രതയുള്ള നീതിയോ തേടുന്നതിനുപകരം ദുഷ്ടതയുടെ കൈ ഒടിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുക.

​

​

​

​

​
​
*******

© 2020 by P M Mathew, Cochin

bottom of page