top of page

Salvation Series_07

P M Mathew
DEC 31,2019
What must I do to be saved? ?
രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം?

ഫിലിപ്പിയയിൽ പൗലോസ് സുവിശേഷം പ്രസംഗിച്ചപ്പോൾ കുറച്ച് ആളുകൾ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടു. എന്നാൽ വിശ്വസിക്കാതിരുന്ന ഒരുകൂട്ടം ആളുകൾ പൗലോസിനേയും ശീലാസിനേയും പിടിച്ചു ജയിലിലാക്കി. അവിടെവെച്ച് ജയിലധികാരി ചോദിച്ച ചോദ്യമാണ് ഇന്നത്തെ ചിന്തക്ക് ആധാരമായിരിക്കുന്നത്. അതിനായി അപ്പൊസ്തല പ്രവൃത്തികൾ 16:30 വായിക്കാം:

അപ്പൊ. പ്രവൃത്തികൾ 16:30

"...യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു"

രക്ഷ പ്രാപിപ്പാന്‍ ഞാന്‍ എന്താണു ചെയ്യേണ്ടത്?

പാടാനും സന്തോഷിക്കാനും കഴിയുന്ന ഒരു സ്ഥലമല്ല ജയിലറ എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം . പ്രത്യേകിച്ചും ഒന്നാം നൂറ്റാണ്ടിലെ തടവറകൾ തീരെ വെളിച്ചമില്ലാതെ, യാതൊരു വൃത്തിഹീനമായി കിടക്കുന്ന, തണുത്തുറഞ്ഞ സ്ഥലങ്ങളായിരുന്നു. കിടക്കുവാനൊ, ഉറങ്ങുവാനൊ എന്നു മാത്രമല്ല ശരിയാംവണ്ണം ഭക്ഷിപ്പാനൊ കഴിയാത്ത സ്ഥലം. ആളുകൾ പരാതിയും പ്രാക്കുമായി കഴിയുന്ന ഇടം. അവിടെയാണ് അവിചാരിതമായ ഈ സംഭവം നടക്കുന്നത്. അതുകൊണ്ട് മറ്റു തടവുകാർ പൗലോസ് പറയുന്നതും പാടുന്നതുമായ കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. "26 പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിൽ ഒക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു" (അപ്പൊ. പ്രവൃത്തികൾ 16:26). എല്ലാ തടവുകാർക്കും അതിൽ നിന്നു രക്ഷപ്പെടുവാനുള്ള ഒരു സാഹചര്യമാണ് ഒരുങ്ങിയത്. എന്നാൽ ആരുംതന്നെ ആ ജയിലിൽ നിന്നും ഓടി രക്ഷപ്പെടാൻ തയ്യാറായില്ല. എത്ര വിചിത്രമാണ് ഇത് എന്നു നോക്കുക. അതിനേക്കാൾ വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണ് അവർ അവിടെ പൗലോസിൽ നിന്നും കേട്ടുകൊണ്ടിരുന്നത്. പിന്നെ എങ്ങനെ അവർ അവിടെ നിന്നു രക്ഷപ്പെടും?

ഈ സംഭവത്തോടുള്ള ബന്ധത്തിൽ ജയിലധികാരിയുടെ പ്രതികരണം എന്തായിരുന്നു? "27 കാരാഗൃഹപ്രമാണി ഉറക്കമുണർന്ന് കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നതു കണ്ടിട്ട് ചങ്ങലക്കാർ ഓടിപ്പൊയ്ക്കളഞ്ഞു എന്നു ഊഹിച്ചു വാളൂരി കൊല്ലുവാൻ ഭാവിച്ചു" (അപ്പൊ. പ്രവൃത്തികൾ 16:27). ആ കാരാഗൃഹത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടാൽ തന്റെ ജീവൻ പകരം നൽകേണ്ടിവരും. അതാണ് അന്നത്തെ വ്യവസ്ഥ. അതുകൊണ്ട് ജയിലധികാരി തന്നെത്തന്നെ കൊല്ലുവാൻ ഭാവിച്ചു. അയാളുടെ പരിഭ്രമം ശ്രദ്ധിച്ച പൗലോസ് നീ നിന്നെത്തന്നെ കൊല്ലരുത്, ഞങ്ങൾ ആരും ഇവിടെ നിന്നും ഓടിപ്പോയിട്ടില്ല എന്നു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. പൗലോസും ശിലാസും ഓടിപ്പോകാതിരുന്നതിന്റെ കാരണം ദൈവം ജയിലധികാരിയുടെ ഹൃദയം തുറന്നിരിക്കുന്നു. അവന്റെ ഹൃദയം സുവിശേഷം സ്വീകരിക്കുവാൻ തക്കവണ്ണം ദൈവം ഒരുക്കിയിരിക്കുന്നു. തന്റെ ജയിൽമോചനത്തേക്കാൾ പൗലോസിനു പ്രധാനം ഈ ജയിലധികാരിയുടെ ആത്മരക്ഷയായിരുന്നു. അവൻ തന്റെ പാപത്തിനെതിരേയുള്ള ദൈവനീതിയുടെ കോപത്തിൽ നിന്നു രക്ഷപ്രാപിക്കണം. സുവിശേഷം സ്വീകരിച്ചു പാപമോചനം പ്രാപിക്കാതെ ഈ ഭൂമിയിൽ നിന്നു മരിച്ചു മാറ്റപ്പെടുന്നവരെ കാത്തിരിക്കുന്നത് ഭയാനകമായ ദൈവത്തിന്റെ ന്യായവിധിയാണ്, നരകശിക്ഷയാണ്. "ഒരുവൻ സകലലോകവും നേടിയിട്ടും തന്റെ ആത്മാവു നഷ്ടപ്പെട്ടാൽ അവനു എന്തു പ്രയോജനം? അതുകൊണ്ട് പൗലോസിനെ സംബന്ധിച്ചിടത്തോളം ഈ ജയിലിൽ കഴിയുന്നവരുടേയും ജയിലധികാരിയുടേയും ആത്മരക്ഷയാണ് തന്റെ ജയിൽ മോചനത്തേക്കാൾ പ്രധാനം.

അതുതന്നെ സംഭവിക്കുകയും ചെയ്തു. പൗലോസിന്റെ പ്രസംഗവും പാട്ടും അവിടെ സംഭവിച്ച കാര്യങ്ങളും കണ്ട ജയിലധികാരി ജയിലിനുള്ളിലേക്ക് ചെന്നു പൗലോസിന്റേയും ശീലാസിന്റേയും മുന്നിൽ വീണു. എന്നിട്ടു ചോദിച്ച ചോദ്യമാണ് നാം പ്രാരംഭത്തിൽ കണ്ടത്. ഈ ചോദ്യമാണ് രക്ഷിക്കപ്പെടാത്ത ഓരോ വ്യക്തിയുടേയും ഹൃദയത്തിൽ നിന്നു വരേണ്ടത്. രക്ഷപ്രാപിപ്പാൻ ഞാൻ എന്തു ചെയ്യണം? ആത്മരക്ഷ പ്രാപിപ്പാൻ, നിത്യജീവൻ പ്രാപിപ്പാൻ, നരകശിക്ഷയിൽ നിന്നു രക്ഷനേടാൻ ഞാൻ എന്തു ചെയ്യണം?

പാപിയായ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമേറിയ കാര്യം തന്റെ പാപത്തിന്റെ മോചനവും നരകശിക്ഷയിൽ നിന്നുള്ള വിടുതലുമാണ്.

1. മരണത്തിനുള്ള പ്രതിവിധി സുവിശേഷം (The Gospel is the cure for death)

1 കൊരിന്ത്യർ 15:1-5 വാക്യങ്ങളിൽ പൗലോസ് പറയുന്നത് ശ്രദ്ധിക്കുക: "എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ 2നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു. 3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു 4 തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും 5 പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ." ഈ വാക്യങ്ങളിൽ മൂന്നു പ്രാവശ്യം ആവർത്തിച്ചിരിക്കുന്ന ഒരു വാക്കാണ് 'സുവിശേഷം' എന്നത്. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു, അടക്കപ്പെട്ടു, ഉയർത്തെഴുന്നേറ്റു; ഇതാണ് മനുഷ്യനെ രക്ഷിക്കുന്ന സുവിശേഷം. ഇതാണ് പൗലോസും പത്രൊസും മറ്റ് അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ പ്രസംഗിച്ച സുവിശേഷം. ഈ സുവിശേഷം വിശ്വസിച്ചവരാണ് രക്ഷിക്കപ്പെട്ടവർ. അവരാണ് സ്നാനപ്പെട്ട് സഭയോടു ചേർന്നത്. അവരാണ് അപ്പം നുറുക്കി കർത്താവിന്റെ മരണത്തെ ഓർക്കുന്നത്.

2. നിത്യജീവന്റെ ഉറപ്പ് (Guarantee of Eternal life)

1 കൊരിന്ത്യർ 15-ാം അദ്ധ്യായത്തിന്റെ 16-17 വാക്യങ്ങളിൽ പൗലോസ് മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക: "16 മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. 17 ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു." യേശുക്രിസ്തുവിന്റെ പുനരുത്ഥാനം എന്ന അടിസ്ഥാനത്തിന്മേലാണ് ക്രിസ്തുവിൽ മരിച്ചവരുടെ പുനരുത്ഥാനം വെച്ചിരിക്കുന്നത്. യേശുക്രിസ്തുവിന്റെ പുനരുത്ഥാനം ഏതൊരു ക്രിസ്ത്യാനിയും അർത്ഥശങ്കക്കു ഇടയില്ലാത്തവിധം വിശ്വസിക്കുന്ന കാര്യമാണ്. അതിനുള്ള അനേകം കാരണങ്ങൾ പൗലോസ് ആദ്യം തന്നെ നിരത്തി അതു സ്ഥാപിച്ചശേഷമാണ് ഈ പ്രഖ്യാപനം നടത്തുന്നത്. യേശുക്രിസ്തു ഉയർത്തെഴുന്നേറ്റു എങ്കിൽ യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ചവരും ഉയർത്തെഴുന്നേൽക്കും. ഇല്ലെങ്കിൽ ക്രിസ്തീയവിശ്വാസം അർത്ഥശൂന്ന്യമാണ്. സുവിശേഷ പ്രസംഗങ്ങൾ പാഴ്വേലയാണ്. അതിനുവേണ്ടി പീഡനം അനുഭവിക്കുന്നതും പൗലോസിനെയും പത്രൊസിനെപ്പോലെ ജയിലിൽ കിടക്കേണ്ടി വരുന്നതും, യേശുവിന്റെ 12 ശിഷ്യന്മാർ അടക്കം അനേകർ അതിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചതും അർത്ഥശൂന്ന്യമാണ്.

3. പ്രത്യാശയും അതിനുള്ള വഴിയും (Hope and the way to it)

ആകയാൽ, മരണത്തെ പരാജയപ്പെടുത്തി നിത്യകാലം നമ്മുടെ കർത്താവിനോടുകുടെ ജീവിക്കുവാൻ കഴിയുക എന്നതാണ് മനുഷ്യനെ സംബന്ധിച്ചുള്ള ഏറ്റവും വലിയ പ്രത്യാശ. മരണത്തെ ധൈര്യത്തോടെ നേരിടാൻ ഒരുവനെ ഒരുക്കുന്നത്. ഈയൊരു പ്രത്യാശയാണ് ജീവനോടെയിരിക്കുന്ന ഞങ്ങളെ ഭരിക്കുന്നത്. കർത്താവായ യേശുക്രിസ്തുവിലുടെ ജീവന്റെ ഉറവിടമായ ദൈവത്തോടു ബന്ധം സ്ഥാപിച്ച് ജീവൻ പ്രാപിച്ചിരിക്കുന്ന ഞങ്ങളുടെ ധൈര്യം. യോഹന്നാൻ 3:36 ൽ നാം ഇപ്രകാരം വായിക്കുന്നു: "പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്;" ആ ജീവൻ മരണത്തിനപ്പുറമായി, ഉയർത്തെഴുന്നേറ്റ് തേജസ്ക്കരിക്കപ്പെട്ട ശരീരത്തോടെ തുടരും.

ഞാനൊരു പാപിയാണ്, എന്റെ പാപത്തിനുവേണ്ടിയാണ് കർത്താവായ യേശുക്രിസ്തു കാൽവരിയിൽ മരിച്ചതും അടക്കപ്പെട്ടതും ഉയർത്തെഴുനേറ്റതും എന്നും വിശ്വസിച്ചുകൊണ്ട് യേശുവിന്റെ രക്ഷകനും, ക്രിസ്തുവും(മശിഹ), കർത്താവുമായി സ്വീകരിക്കുക എന്നതാണ് രക്ഷപ്രാപിപ്പാനുള്ള ഏകവഴി. ഫിലിപ്പിയൻ ജയിലിലെ ജയിലധികാരി കേട്ടതും വിശ്വസിച്ചതും രക്ഷ പ്രാപിച്ചതുമായ സുവിശേഷം നിങ്ങളും വിശ്വസിച്ച് രക്ഷ പ്രാപിക്കുമോ?

*******

© 2020 by P M Mathew, Cochin

bottom of page