top of page

Salvation Series_05

P M Mathew
DEC 31,2019
Repentance
മാനസാന്തരം

ദൈവത്തിന്റെ വചനത്തിൽ നിന്നും മാനസാന്തരത്തെക്കുറിച്ചു പറയുന്ന ഒരു വേദഭാഗം നമുക്കു പരിശോധിക്കാം.

Acts 20:21

"ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാക്കും യവനന്മാക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ".

അപ്പോസ്തലനായ പൗലോസ് എഫെസൊസിലെ സഭയിലെ മൂപ്പന്മാരോട് സംസാരിക്കുന്ന ഒരു വേദഭാഗമാണിത്. നമുക്കെല്ലാവർക്കും ഒരു സുപ്രധാന സന്ദേശം ഇത് നൽകുന്നു. ഈ സന്ദർഭത്തിൽ മാനസാന്തരം എന്നത് പാപത്തിൽ നിന്ന് പിന്തിരിയുകയും ദൈവഹിതവുമായി പൊരുത്തപ്പെടുന്ന ഒരു ജീവിതം സ്വീകരിക്കുകയും ചെയ്യുന്നതിനെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ പ്രവൃത്തികളെയും തീരുമാനങ്ങളെയും പുനർമൂല്യനിർണയം ചെയ്യാൻ ഇത് നമ്മെ ക്ഷണിക്കുന്നു, നാം ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു എന്നു മാത്രമല്ല, വിശ്വാസത്താൽ യേശുവിനെ നമ്മുടെ രക്ഷകനായി സ്വീകരിക്കുവാനും ആഹ്വാനം ചെയ്യുന്നു. അവനിൽ പ്രത്യാശ വയ്ക്കാനും അവന്റെ കൃപയിൽ ആശ്രയിക്കാനും അത് നമ്മെ വിളിക്കുന്നു. മാനസാന്തരവും വിശ്വാസവും എന്ന ഈ രണ്ട് അടിസ്ഥാന വശങ്ങൾ നാം ഗ്രഹിക്കുമ്പോൾ മാത്രമെ, ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നതിന്റെ യഥാർത്ഥ അർത്ഥം നമുക്ക് മനസ്സിലാകാൻ തുടങ്ങു.

1. മാനസാന്തരം എന്ന പദത്തിന്റെ അർത്ഥം

"മാനസാന്തരം" എന്ന പദത്തിനു ഗ്രീക്കിൽ "metanoia"- "മെറ്റാനോയിയ" എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്ക് ഊന്നൽ നൽകുന്നത് ദൈവത്തിലേക്ക് തിരിയുക എന്ന വശത്തിനാണ്. എന്നാൽ ഇതിന്റെ ലാറ്റിൻ പരിഭാഷ penitentia എന്ന വാക്ക് ആദ്യഭാഗം പാപത്തിന്റെ പ്രായശ്ചിത്ത പ്രവർത്തികൾക്കാണ് ഊന്നൽ നൽകുന്നത്. ഭാഷകളിലെ വ്യത്യാസങ്ങൾക്ക് അനുസരണമായി, ലത്തീൻ പഠിപ്പിക്കൽ പ്രായശ്ചിത്ത പ്രവർത്തികൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഉപദേശമാണ് നൽകുന്നത്. ഈ രീതിയാണ് കത്തോലിക്കർ അവലംഭിക്കുന്നത്. ഉദാഹരണമായി, നിങ്ങൾ പാപം ഏറ്റു പറഞ്ഞ് കുമ്പസാരിക്കുകയും വൈദികൻ നിർദ്ദേശിക്കുന്ന പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്യുകയും ചെയ്താൽ നിങ്ങളുടെ പാപങ്ങൾ മോചിച്ചുകിട്ടും എന്ന് അവർ പഠിപ്പിക്കുന്നു. പാപം ചെയ്താൽ പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്താൽ മതിയല്ലൊ എന്ന ചിന്തയാണ് അതുളവാക്കുക. അതിന്റെ ഫലമെന്നത്, പാപം ചെയ്യുക, അതിനു തക്ക പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്യുക, പാപം ചെയ്യുക പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്യുക. അങ്ങനെ ആ പ്രക്രിയ തുടർമാനമായി മുന്നോട്ടു പോകുന്നു.

എന്നാൽ, മാനസാന്തരം ആക്ഷരീകമായി “മനസ്സിന്റെ വ്യതിയാനമാണ് ("change of mind"). അതല്ലെങ്കിൽ മനസ്സിന്റെ രൂപാന്തരമാണ്. മനസ്സിന്റെ രൂപാന്തരം എന്നു പറഞ്ഞാൽ, ഒറ്റപ്പെട്ട ചില പദ്ധതികളൊ, ഉദ്ദേശ്യങ്ങളൊ, അതല്ലെങ്കിൽ ആചാരങ്ങളൊ അനുഷ്ഠിക്കുന്നതല്ല. മറിച്ച്, ഒരുവന്റെ മുഴുവൻ വ്യക്തിത്വവും പാപകരമായ പ്രവൃത്തികളുടെ പാതവിട്ട് ദൈവത്തിലേക്ക് തിരിയുന്നതാണ്. മുഴുവൻ വ്യക്തിത്വം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് മനസ്സും ഹൃദയവും ശരീരവും അടങ്ങുന്ന സമ്പൂർണ്ണ വ്യക്തിത്വത്തിനാണ്. ഇങ്ങനെയുള്ള മാറ്റത്തെ Evangelical repentance അഥവാ സുവിശേഷാധിഷ്ഠിത മാനസാന്തരം എന്നു പറയുന്നു. അതിനെ അങ്ങനെ വിളിക്കുവാനുള്ള കാരണം ഇത് പരിശുദ്ധാത്മാവിന്റെ പ്രവൃത്തനത്തിന്റെ ഫലമായി പാപികളൊട് "ദൈവകൃപ' പ്രസ്താവിക്കുന്നതും, പുതുജനനത്താൽ ഹൃദയത്തിനു മാറ്റം വരുന്നതിനാലുമാണ് (യോഹ 3:5-8). സുവിശേഷ ഘോഷണത്താലും വീണ്ടും ജനനത്താലുമാണ് ഒരുവന്റെ ഹൃദയത്തിനു ഈ മാറ്റം വരുന്നത്. അങ്ങനെ വരുന്ന മാറ്റമാണ്, മാനസാന്തരം. മറ്റൊരു രീതിയിൽ പറഞ്ഞാൽ സുവിശേഷത്തോടുള്ള പ്രതികരണമായി ദൈവാത്മാവ് വരുത്തുന്ന രൂപാന്തരമാണ്. ക്രിസ്തുവിന്റെ മരണത്തിന്റേയും ഉയർത്തെഴുനേൽപ്പിന്റേയും, പിതാവിന്റെ വലത്ത് ഭാഗത്ത് ഉപവിഷ്‌ഠനായി താൻ കർത്താവും രക്ഷിതാവും ആയി തീർന്നതിന്റേയും ഫലമായി നൽകപ്പെട്ട ഒരു ഗിഫ്റ്റ് അഥവാ ദാനമാണ് മാനസാന്തരം. അപ്പൊസ്തലപ്രവൃത്തികൾ 5:31ൽ നാം വായിക്കുന്നത്: "യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്‌കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു" എന്നാണ്.

ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു വസ്‌തുത ഇത് ഒരിക്കലായി മാത്രം സംഭവിക്കേണ്ട ഒരു സംഗതിയല്ല. ഒരുവൻ രക്ഷിക്കപ്പെട്ടശേഷവും ഈ മാനസാന്തരം അവനിൽ തുടർമാനമായി നടക്കേണ്ട ഒരു സംഗതിയാണ്. ശരിയായ രക്ഷ, രക്ഷാകരമായ മാനസാന്തരത്തിന്റെ ഫലമാണ്. അത് രക്ഷയുടെ ഒരു അടയാളമായി അവനിൽ തുടരുന്നു.

ക്രിസ്തുവിലുള്ള രക്ഷിക്കുന്ന വിശ്വാസത്തെ അനുഗമിക്കുന്ന മാനസാന്തരം ഇങ്ങനെയുള്ള മാനസാന്തരമാണ്. Acts 20:21 ൽ നാം വായിക്കുന്നത്: "ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാക്കും യവനന്മാക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ". അതായത്. വിശ്വാസവും മാനസാന്തരവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു കാര്യമാണ്.

പാപത്തെക്കുറിച്ച് അറിയാതെയും മാനസാന്തരം കൂടാതെയും യേശുക്രിസ്തു‌വിനെ രക്ഷിതാവായി സ്വീകരിച്ചവർക്കു ഇതു ഒരുപക്ഷെ മനസ്സിലാക്കാൻ കഴിഞ്ഞു എന്നു വരികയില്ല. എന്നാൽ രക്ഷിക്കുന്ന വിശ്വാസത്തിൽ മാനസാന്തരം നിർണ്ണായകമായ പങ്കുവഹിക്കുന്നു

ലൂക്കോസ് 15:7 കർത്താവ് പറയുന്നതിൽ നിന്ന് അതു നമുക്ക് വ്യക്തമാകും "മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു."

ജാതികളുടെ മാനസാന്തരത്തെക്കുറിച്ച് Acts 11:18 ൽ നാം വായിക്കുന്നത്: "...അങ്ങനെ ആയാൽ ജാതികൾക്കും ജീവപ്രാപ്തിക്കായി ദൈവം മാനസാന്തരം നല്‌കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി". God granting them "repentance unto life." ജീവപ്രാപ്തിക്കു വേണ്ടിയാണ് മാനസാന്തരം ജാതികൾക്കു നൽകിയത്. സുവിശേഷാധിഷ്ടിത മാനസാന്തരവും ക്രിസ്തുവിലുള്ള വിശ്വാസവും വാസ്‌തവത്തിൽ വേർപിരിക്കുവാൻ കഴിയാത്തവിധം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഒരു സംഗതിയാണ്. ഒരു വിശ്വാസി ചിലപ്പോൾ അതിലെ ഒരു വശത്തെക്കുറിച്ച് കൂടുതലും മറ്റെ വശത്തെക്കുറിച്ച് കുറഞ്ഞ അറിവും ഉള്ളവൻ ആയിരിക്കാം.

ഇങ്ങനെയുള്ള മാനസാന്തരം യാതൊരു ഫലവും പുറപ്പെടുവിക്കാതെ തനിയെ ഒറ്റപ്പെട്ടു നിൽക്കുന്ന സംഗതിയല്ല, മറിച്ച്, ഒരുവനെ പെരുമാറ്റത്തിലേക്ക് നയിക്കുന്ന അഥവാ ഉത്തേജനം നൽകുന്ന, മനസ്സിന്റെ ഒരു ചായ്‌വാണ്, (a disposition of the mind). അതായത് മനസ്സിലാണ് ആദ്യം വെത്യാസം വരുന്നത്. അത് behavior-പെരുമാറ്റത്തിലേക്ക് അവനെ നയിക്കുന്നു. ഹൃദയത്തിൽ വ്യത്യാസമില്ലാതെയും ചില നല്ല കാര്യങ്ങൾ, ചില ആത്മീയപ്രവൃത്തികൾ ഒരുവനു ചെയ്യാൻ സാധിക്കും. എന്നാൽ അതല്ല ഇവിടെ ഉദ്ദേശിച്ചത് എന്ന് സാരം.

2. മാനസാന്തരത്തിന്റെ ഫലം

സക്കായിയുടെ മാനസാന്തരത്തിൽ ഈയൊരു വ്യത്യാസം വളരെ പ്രകടമായി നമുക്കു കാണാം. Lk 19:8 ൽ സക്കായി പറയുന്നതു നോക്കുക: കർത്താവെ എന്റെ വസ്തു വകയിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നു. “വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കി കൊടുക്കുന്നു എന്നു പറഞ്ഞു”. എന്നാൽ ലുക്കൊസ് 18:18-27 വരെയുള്ള വാക്യങ്ങളിൽ മറ്റൊരു ധനവാനായ യുവപ്രമാണിയോട് നിനക്കുള്ളതൊക്കേയും വിറ്റ് ദരിദ്രർക്കു കൊടുക്കുക, അതിനുശേഷം എന്നെ വന്നു അനുഗമിക്കുക എന്ന് യേശു പറയുന്നുണ്ട്. എന്നാൽ അവൻ വലിയ ധനവാനാകകൊണ്ട് ഇതുകേട്ടിട്ട് അതിദുഃഖിതനായി കർത്താവിനെ വിട്ടു പോകുന്നു. എന്നാൽ ചുങ്കക്കാരിൽ പ്രമാണിയും റോമാഗവണ്മെന്റിന്റെ നികുതിപിരിവുകാരനും, പാപിയെന്നു മുദ്രകുത്തപ്പെട്ടവനുമായ സക്കായിയോടു യേശുക്രിസ്തു നീ ചതിവായി വാങ്ങിയത് പലിശ സഹിതം തിരിച്ചുകൊടുക്കണമെന്നൊന്നും അവിടെ പറയുന്നതായി നാം വായിക്കുന്നില്ല. സക്കായിയുടെ ഹൃദയത്തിനുവന്ന മാറ്റമാണ് അത് അവനെ കൊണ്ട് ചെയ്യിച്ചത്. ആദ്യകേൾവിയിൽ ഇത് ഒരു moralistic teaching-ധാർമ്മിക ഉപദേശമായി തോന്നിയേക്കാം. എന്നാൽ മനുഷീക തലങ്ങളിലെ പരാജയങ്ങളിൽ, ക്രിസ്തുവിന്റെ നീതി വിശ്വാസത്താൽ പുതിയതായി അഭ്യസിക്കുവാനുള്ള അവസരമാണ് അതിലൂടെ ലഭിക്കുന്നത്. ദൈവത്തിന്റെ പ്രസ്താവിക്കപ്പെട്ട ഹിതത്തിനു അനുസാരമായുള്ളതാണിത്.

നമ്മുടെ ദൈനംദിനമുള്ള പാപത്തെയും പോരായ്‌മകളേയും തിരിച്ചറിയുന്നത് മാനസാന്തരത്തിനും ക്രിസ്‌തുവിലുള്ള നമ്മുടെ വിശ്വാസം പുതുക്കുന്നതിനും ഉള്ള പുതിയ അവസരങ്ങൾ നമുക്കു നൽകുന്നു. ദാവീദ് ബേത്ഷേബയുമായുള്ള പാപത്തിനു ശേഷം ഇതാണ് സംഭവിക്കുന്നത് എന്ന് സങ്കീ 51 ൽ നമുക്കു കാണുവാൻ സാധിക്കും. തന്റെ പാപം ദാവീദിനെ തുടർച്ചയായി അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. അത് അവന്റെ ഹൃദയത്തിൽ മുറിവേല്പിച്ച ഒരു വാൾപോലെ ആയിരുന്നു. ഒരു യാഗത്തിനും തന്റെ പാപം മായിച്ചുകളയുവാൻ കഴിയുകയില്ല എന്ന് ദാവീദിനു നന്നായി അറിയാമായിരുന്നു. മനുഷ്യന്റെ ആന്തരിക സ്വഭാവം കളങ്കപ്പെട്ടിരിക്കുന്നതിനാൽ ആന്തരികമാറ്റം അനിവാര്യമാണ്. ദൈവം മനുഷ്യഹൃദയത്തിൽ നിന്ന് ആത്മാർത്ഥത, സത്യസന്ധത, നിഷ്കളങ്കത എന്നിവ ആഗ്രഹിക്കുന്നു. ഇത് സ്വാഭാവികമായും കാപട്യത്തിനും വഞ്ചനയ്ക്കും എതിരാണ്. സത്യത്തോട് ആന്തരിക സ്നേഹം ഇല്ലെങ്കിൽ ഒരു വ്യക്തി പറയുന്നതോ, പ്രവർത്തിക്കുന്നതോ ഒന്നും ദൈവത്തെ തൃപ്തിപ്പെടുത്തുകയില്ല. അന്തരംഗങ്ങളിൽ സത്യത്തിന് വേണ്ടി ഈ മാറ്റം സംഭവിക്കണം. പാപത്തെക്കുറിച്ച് ഈ വിധത്തിലുള്ള ബോദ്ധ്യം നല്കുവാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിനു മാത്രമെ കഴിയുകയുള്ളൂ. തന്റെ പാപത്തിൽ നിന്നുള്ള മോചനം പ്രാപിക്കാനുള്ള ഏക പ്രത്യാശ ദൈവത്തിന്റെ കരുണയും കൃപയും മാത്രമാണ്. ഒരു സൽപ്രവർത്തിക്കും അവന്റെ പാപങ്ങൾ മോചിച്ച് അവനെ ശുദ്ധീകരിക്കുവാൻ സാധിക്കുകയില്ല. ഒരു വ്യക്തിയിൽ യഥാർത്ഥ അനുതാപവും പാപത്തെ സംബന്ധിച്ചുള്ള സങ്കടവും ഉണ്ടാകുമ്പോൾ ദൈവം അവനോട് ക്ഷമിച്ച് അവനെ അംഗീകരിക്കുന്നു. പാപത്തെക്കുറിച്ച് അനുതപിച്ച്, ദൈവത്തോട് പ്രാർത്ഥിക്കുന്ന വിശ്വാസിക്കു വേണ്ടി ദൈവം ഇതെല്ലാം ചെയ്യുന്നു (യെശ 44:22; 43:25; യിരെ 33:8; പ്രവൃ 3:19; 1 യോഹ 1:7, 9). ദാവീദ് ആത്മാർത്ഥമായി അനുതപിക്കയും അവന്റെ പാപം ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു.

വെളി. 2:5 ൽ സഭയോടു പറയുന്നത് മറ്റൊരു ഉദാഹരണമാണ് "നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക."

3. ദൈവഹിതപ്രകാരമല്ലാത്ത മാനസാന്തരം

ഇനി മറ്റുചില മാനസാന്തരങ്ങളെക്കുറിച്ചും അതായത് സുവിശേഷാധിഷ്‌ഠിതമല്ലാത്ത മാനസാന്തരങ്ങളെക്കുറിച്ച് ദൈവവചനത്തിൽ പറഞ്ഞിരിക്കുന്നത് കാണുവാൻ കഴിയും. ഉദാഹരണം Pharaoh (Ex 9:27), Saul (1 Sm 24:16-18), and Judas Iscariot (Mt 27:3). ഇവയെക്കുറിച്ചു പൊതുവായി പറഞ്ഞാൽ ദൈവത്തിന്റെ പാപികളൊടുള്ള കരുണയെക്കുറിച്ചുള്ള അറിവിൽ നിന്ന് ഉളവായ മാനസാന്തരങ്ങൾ ആയിരുന്നില്ല. മറിച്ച്, ഹിതകരമല്ലാത്ത പരിണതഫലങ്ങളെ ഒഴിവാക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നു അങ്ങനെയുള്ള മാനസാന്തരത്തിനു പിന്നിൽ ഹൃദയത്തിനു രൂപാന്തരമൊ, സ്വഭാവത്തിനൊ കാഴ്ചപ്പടിനൊ യാതൊരു വ്യത്യാസമൊ സംഭവിക്കുന്നില്ല.

4. യോഹന്നാൻ സ്നാപകനും യേശുവും ശിഷ്യന്മാരും നടത്തിയ മാനസാന്തര ആഹ്വാനങ്ങൾ
യോഹന്നാൻ സ്നാപകനും (Mt 3:2; Mk 1:4) കർത്താവായ യേശുക്രിസ്തുവും (Mk 1:15) മാനസാന്തരപ്പെടുവാനുള്ള ആഹ്വാനവുമായിട്ടാണ് വന്നത്. യേശു പറഞ്ഞു ഞാൻ നീതിമാന്മാരെ തേടിയല്ല, പാപികളെ തേടിയാണ് വന്നത്. കർത്താവിന്റെ മഹാനിയോഗമനുസരിച്ച് (Lk 24:44 49) അപ്പൊസ്തലർ ഈ നിലയിലുള്ള പ്രസംഗങ്ങളാണ് നടത്തിയിരുന്നത്. നമുക്ക് കാണാം. അപ്പൊ. 2 ലെ പത്രോസിന്റെ പ്രസംഗത്തിൽ താൻ വളരെ വ്യക്തമായി പറയുന്ന കാര്യം "നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും." അതിന്റെ ഫലം എത്ര അതിശയകരമായിരുന്നു, അത്ഭുതാവഹമായിരുന്നു. അതുകൊണ്ട് നമ്മുടെ സുവിശേഷഘോഷണവും ഈ നിലയിൽ മാറ്റത്തിനു വിധേയമാകേണ്ടത് ആവശ്യമാണ്.

"മാനസാന്തരം" വചനത്തിന്റെ കേൾവിയാൽ വരുന്നതാണ്, അതു ഹൃദയത്തിലാണ് ആരംഭിക്കുന്നത്. ദൈവത്തിന്റെ പരിശുദ്ധാത്മാവി നാലാണ് ഇത് യാഥാർത്ഥ്യമായി തീരുന്നത്. അതു വരുന്നത് സുവിശേഷത്തിലൂടെയാണ്. അല്ലെങ്കിൽ കർത്താവായ യേശുക്രിസ്തു‌വിന്റെ കാല്വരിയിലെ മരണവും അടക്കവും പുനരുത്ഥാനവുമാണ് ഇതിന്റെയെല്ലം അടിസ്ഥാനമായിരിക്കുന്നത്. അതു മാറ്റിവെച്ച്, മനുഷ്യവർഗ്ഗത്തിന്റെ പ്രശ്‌നത്തിനു ഒരു പരിഹാരമാർഗ്ഗവും ദൈവം വെച്ചിട്ടില്ല. അത് Moralism ആകട്ടെ, ലീഗലിസം ആകട്ടെ, pietism ആകട്ടെ ഒന്നും മനുഷ്യന്റെ പ്രശ്നത്തിനു പരിഹാരമല്ല. അതുകൊണ്ട് കർത്താവിന്റെ കാൽ വരി മരണത്തിലേക്കും അതു നൽകുന്ന സുവിശേഷത്തിലേക്കും നമുക്ക് മടങ്ങിവരാം. ഈ സുവിശേഷം നമ്മുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. അതിന്റെ ഫലം നമ്മുടെ ജീവിതങ്ങളിൽ പ്രതിഫലിക്കട്ടെ.
*******

© 2020 by P M Mathew, Cochin

bottom of page