നിത്യജീവൻ

Salvation Series_04
P M Mathew
DEC 31,2019
The Gospel of Grace !
കൃപയുടെ സുവിശേഷം !
എഫേസ്യർ 2:1-10
"1അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു. 2അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയേയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു. 3അവരുടെ ഇടയിൽ നാമെല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു. ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ട് മറ്റുള്ളവരപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു. 4കരുണാസമ്പന്നനായ ദൈവമോ നമ്മേ സ്നേഹിച്ച മഹാസ്നേഹം നിമിത്തം 5അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും- കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു- 6ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്നു 7ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയർത്തെഴുനേൽപ്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു. 8കൃപയാലല്ലൊ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു. അതിന്നും നിങ്ങൾ കാരണമല്ല. ദൈവത്തിന്റെ ദാനമത്രേയാകുന്നു. 9ആരും പ്രശംസിപ്പാതിരിപ്പാൻ പ്രവർത്തികളും കാരണമല്ല. 10നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു. നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നോരുക്കിയിരിക്കുന്നു."
പ്രധാനാശയം
മരണത്തിൽ നിന്ന് ജീവനിലേക്കും, ദൈവത്തിന്റെ തീവ്രമായ കോപത്തിൽ നിന്ന് അവന്റെ അനുപമമായ സ്നേഹത്തിന്റെ അനുഭവത്തിലേക്കും, വിവിധ തിന്മയുടെ ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന ജീവിതത്തിൽ നിന്ന് കൃപയാൽ ദൈവത്താൽ നിയന്ത്രിക്കപ്പെടുന്ന ജീവിതത്തിലേക്കും ഒരുവനെ നയിക്കുന്ന അതിശയകരമായ സന്ദേശമാണ് സുവിശേഷം. സുവിശേഷത്താൽ രക്ഷപ്രാപിക്കുന്ന ഒരു വ്യക്തി ദൈവത്തിന്റെ മനോഹരമായ കരവിരുതാണ് അഥവാ ശില്പമാണ്. അവർ ദൈവത്തിന്റെ അത്ഭുതകരമായ കൃപയെ പ്രതിഫലിപ്പിച്ചു കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തണം എന്നതാണ് രക്ഷയുടെ ഉദ്ദേശ്യം. ഇതാണ് ഈ വേദഭാഗത്തിന്റെ കേന്ദ്രസന്ദേശം.
പശ്ചാത്തലം.
വിജാതീയരായ വിശ്വാസികൾ ഉൾപ്പെടുന്ന ഏഷ്യാമൈനറിന്റെ പടിഞ്ഞാറൻ തീരത്തുള്ള എഫെസോസിലെ (modern-day Turkey) വിശ്വാസികളുടെ പുതിയ കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പൗലോസ് ഈ ലേഖനം എഴുതുന്നത്. അവർ ക്രിസ്തുവിലുള്ള തങ്ങളുടെ പുതിയ identityയെ/വ്യക്തിത്വത്തെ നന്നായി മനസ്സിലാക്കണം; എങ്കിൽ മാത്രമെ ഫലകരമായ ക്രിസ്തീയജീവിതം സാദ്ധ്യമാകു. ആ ഉദ്ദേശ്യത്തിൽ പൗലോസ്, ദൈവം അവരെ തിരഞ്ഞെടുത്തതിലും വീണ്ടെടുത്തതിലും ദൈവത്തെ സ്തുതിക്കുന്നു (1:3-14). തുടർന്ന് അവർ യേശുക്രിസ്തുവുമായുള്ള ഒരു ബന്ധത്തിൽ പ്രവേശിച്ചതിനാൽ, തങ്ങളുടെ പുതിയ വ്യക്തിത്വത്തെക്കുറിച്ച് (1:15-23) വിപുലമായ അവബോധം നൽകാൻ ദൈവത്തോട് അപേക്ഷിക്കുന്നു.
ദൈവം അവരെ മരിച്ച അവസ്ഥയിൽ നിന്നു ജീവിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ സന്ദേശത്തിന്റെ കേന്ദ്രബിന്ദു. തങ്ങളോടുള്ള ദൈവത്തിന്റെ കൃപയുടെ പ്രവർത്തനത്തിന് മുമ്പായി വായനക്കാർ അവരുടെ ദുരവസ്ഥയുടെ മുഴുവൻ വ്യാപ്തിയും ആദ്യം അറിയണം; എങ്കിൽ മാത്രമേ തങ്ങളുടെ രക്ഷയെ വിലമതിക്കാനും പൂർണ്ണമായി മനസ്സിലാക്കാനും കഴിയു. ദൈവം എന്തുകൊണ്ടാണ് ഇത് ചെയ്‌തതെന്നും അവരുടെ ജീവിതത്തിൽ അവൻ ഇപ്പോൾ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്നും അവർ അറിയണമെന്നും പൗലോസ് ആഗ്രഹിച്ചു.
ഈ വേദഭാഗത്തിന്റെ ദൈവശാസ്ത്രം എഫേസ്യാ വിശ്വാസികൾക്കെന്നപോലെ നമുക്കും ബാധകമാണ്. നമ്മുടെ മുൻപത്തെ അവസ്ഥ എന്തായിരുന്നു; ഇപ്പോൾ നാം എന്തായിരിക്കുന്നു എന്നു നാം അറിയണം. എങ്കിൽ മാത്രമെ ഫലകരമായുള്ള ക്രിസ്തീയജീവിതം സാദ്ധ്യമാകയുള്ളു.
ഈ വേദഭാഗത്തു നിന്നും ഒന്നാമത്തെ പോയിന്റായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം മനുഷ്യരാശി മുഴുവനും അടിമത്വത്തിൽ കുടുങ്ങിയിരിക്കുന്നു എന്ന കാര്യമാണ്.
1. മനുഷ്യരാശി മുഴുവനും അടിമത്തത്തിൽ കുടുങ്ങിയിരിക്കുന്നു (The entire human race is trapped in slavery).
മനുഷ്യരാശി മുഴുവനും രക്ഷപ്പെടാൻ കഴിയാത്തവിധം ത്രിവിധ ബന്ധനത്തിൽ അകപ്പെട്ടിരിക്കുന്നു. ഈ അടിമത്വത്തെ ചിത്രീകരിക്കാൻ പൗലൊസ് "മരിച്ചിരിക്കുന്നു" എന്ന വാക്കാണ് ഉപയോഗിക്കുന്നത്. 'മരിച്ചവർ' എന്നതിനു ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത് 'nekros' എന്ന വാക്കാണ്. 'ജീവനില്ലാത്ത അവസ്ഥ'യെ ഇത് സൂചിപ്പിക്കുന്നു. ശാരീരികമായി മരിച്ചു എന്നല്ല, ആത്മീയമായി മരിച്ചു എന്നാണ് ഇവിടെ ഇത് അർത്ഥമാക്കുന്നത്. ദൈവത്തിൽ നിന്നും ആത്മീയമായി അകലുന്നതും അതിന്റെ ഫലമായുള്ള ധാർമ്മിക അധഃപ്പതനവുമാണ് ഈ മരിച്ച അവസ്ഥക്കു കാരണം. "1അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവർ..." എന്നാണ് ഒന്നാം വാക്യത്തിൽ വായിക്കുന്നത്. അതായത്, അവരുടെ ലംഘനങ്ങളും പാപങ്ങളുമാണ് മരണത്തിനു കാരണമായി തീർന്നത്.
പാപം മൂലം വിശുദ്ധനായ ദൈവത്തിൽ നിന്ന് അകന്നതിനാൽ ജീവന്റെ ചരട് അറ്റുപോയി. ജീവദാതാവായ ദൈവത്തിൽ നിന്ന് അവർ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു, ദൈവത്തെ പ്രസാദിപ്പിക്കാനോ അവരുടെ സൃഷ്ടാവായ ദൈവവുമായി സഹവർത്തിത്വത്തിൽ ജീവിക്കാനൊ ഉള്ള ആഗ്രഹമോ കഴിവോ അവർക്കില്ല. ദൈവത്തിന്റെ പ്രീതിയും പ്രത്യേകിച്ച് അവന്റെ രക്ഷയും നേടാൻ മരിച്ചവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പൗലോസ് ഈ ഭാഗത്ത് പറയുന്നു.
ആത്മീയമായി മരിച്ച ഒരാൾ ജീവിക്കുന്നത് ദൈവത്തിന്റെ ആലോചനപ്രകാരമല്ല, പ്രത്യുത, "ഈ ലോകത്തിന്റെ കാലഗതിയേയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നു അധിപതിയായവനെയും അനുസരിച്ചാണ്. അതുകൂടാതെ ജഡമോഹങ്ങളിൽ നടക്കുന്നവരും ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടുള്ള" ഒരു ജീവിതമാണ് അവരുടേത്. അവരുടെ ജീവിതത്തിന്റെ മുഴുവൻ ഗതിയും, അവരുടെ ദൈനംദിന പെരുമാറ്റത്തെയും ചിന്തകളെയും നിർണ്ണയിക്കുന്നത് മൂന്ന് ശക്തികളാണ്. അവയുടെ പിടിയിൽ നിന്ന് മോചിതരാകണം എന്ന ആഗ്രഹം പോലും അവർക്കുള്ളതായി യാതൊരു സൂചനയും ഇവിടെ നൽകുന്നില്ല. ഇതായിരുന്നു നമ്മുടേയും അവസ്ഥ.
ഇനി നമ്മേ അടിമത്വത്തിൻ കീഴിൽ അടക്കിവെച്ചിരുന്ന ആ ശക്തികളെ ഒന്നു പരിചയപ്പെടാം. അവ "ലോകം" "ജഡം" "പിശാച്" എന്നിവയാണ്. അവയെ ചുരുക്കമായി ഞാൻ വിവരിക്കാം.
1a. ലോകം
മനുഷ്യവർഗ്ഗത്തെ അടിമത്വത്തിൻ കീഴിൽ തളച്ചിട്ടിരിക്കുന്ന ഒന്നാമത്തെ ശക്തി ഈ "ലോകമാണ്". "ഈ ലോകത്തിന്റെ കാലഗതി" എന്നത് നാം ജീവിക്കുന്ന അനാരോഗ്യകരവും ദൈവവിരുദ്ധവുമായ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ അന്തരീക്ഷമാണ്. സാമൂഹികവും സാംസാക്കാരികവുമായ തിന്മകൾ എന്നു പറയുന്നത്, മദ്യപാനം, മയക്കു മരുന്നുപയോഗം, ലൈംഗിക പീഡനങ്ങൾ, വിവാഹമോചനം, ഭ്രൂണഹത്യ ജാതിയുടേയും മതത്തിന്റേയും സമ്പത്തിന്റേയും പേരിലുള്ള വിവേചനം എന്നിവയാണ്. ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും ആരോപിതർ യാതൊരു ലജ്ജയുമില്ലാതെ സമൂഹത്തിൽ വിലസുന്നു എന്നത് ഇന്നത്തെ സമൂഹത്തിന്റെ കാഴ്ചപ്പാടിനെ കാണിക്കുന്നു. സമൂഹം ഇവയെ ഒരു തിന്മയായിപോലും പരിഗണിക്കുന്നില്ല. അതുകൂടാതെ, സമപ്രായക്കാരുടെ സമ്മർദ്ദം (peer pressure), പ്രത്യയശാസ്ത്രങ്ങൾ (ideologies), വ്യവസ്ഥകൾ(systems), രാഷ്ട്രീയഘടനകൾ (political structures) എന്നിവയുടെ സംഘടിത തിന്മയും ഇതിൽപ്പെടുന്നു. ഇത് ദൈവത്തിൽ നിന്നും അവന്റെ ഉദ്ദേശ്യങ്ങളിൽ നിന്നും തികച്ചും വേറിട്ട് ജീവിക്കാനുള്ള ഒരു script/തിരക്കഥ നമുക്കു നൽകുന്നു.
1b. ജഡം
മനുഷ്യവർഗ്ഗത്തെ അടിമത്വത്തിൻ കീഴിൽ തളച്ചിട്ടിരിക്കുന്ന രണ്ടാമത്തെ ശക്തി "ജഡം/flesh" ആണ്. തിന്മ ചെയ്യാനുള്ള ആന്തരിക പ്രവണതയും ചായ്‌വുമാണ് "ജഡം" അർത്ഥമാക്കുന്നത് (R). അത് ദൈവത്തിൽ നിന്നു അകന്ന്, നമ്മിലേക്കുതന്നേയുള്ള ഒരു ചായ്വിനെ പ്രതിനിധാനം ചെയ്യുന്നു. ജഡത്തിന്റെ പ്രവൃത്തികളെക്കുറിച്ച് ഗലാത്യാലേഖനത്തിൽ പൗലൊസ് വിവരിക്കുന്നതു ശ്രദ്ധിക്കുക: "ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, 20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, 21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു എന്നിവ അവയിൽ ചിലതു മാത്രം. ഇവയൊക്കേയും നമ്മുടെ സ്വാർത്ഥതയുടെ ഫലമായി നാം ചെയ്തുകൂട്ടുന്ന തിന്മകളാണ്.
1c. പിശാച്
മനുഷ്യവർഗ്ഗത്തെ അടിമത്വത്തിൻ കീഴിൽ തളച്ചിട്ടിരിക്കുന്ന മൂന്നാമത്തെ ശക്തി പിശാചാണ്. പൗലൊസ് പിശാച് എന്ന് നേരെ പറയുന്നതിനുപകരം പിശാചിന്റെ അസ്തിത്വത്തേയും അവന്റെ പ്രവർത്തികളേയും വിശദമാക്കുന്ന പദപ്രയോഗങ്ങളാണിവിടെ നടത്തിയിരിക്കുന്നത്. "ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതി" എന്നാണത്. അവൻ ബുദ്ധിമാനും ശക്തനുമായ ഒരു ആത്മാവാണ്, അവൻ തികച്ചും ദുഷ്ടനും വ്യക്തികളുടെ ജീവിതത്തിലും വ്യക്തികൾ മുഖേനയും തനിക്ക് കഴിയുന്നത്ര തിന്മകൾ സമൂഹത്തിൽ ചെയ്യുന്നു.
ഈ മൂന്നു ശക്തികളും, മനുഷ്യരാശിയെ മുഴുവനും ദൈവത്തിന്റെ വിശുദ്ധവും നീതിയുക്തവുമായ സ്വഭാവത്തിനെതിരെയുള്ള വ്യതിചലന പ്രവർത്തനങ്ങളിലേക്ക് നയിക്കുന്ന പ്രേരക ശക്തികളാണ്. യേശു, യോഹന്നാൻ, ലൂക്കോസ്, പത്രോസ്, യാക്കൊബ് എന്നിവരുടെ പഠിപ്പിക്കലിൽ ഈ മൂന്ന് അടിമത്ത ശക്തികളെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഈ മൂന്ന് ശക്തികളും ചേർന്ന് ഒഴിവാക്കാനാകാത്ത ഒരു ബാന്ധവം അല്ലെങ്കിൽ മരണക്കെണി മനുഷ്യനു ഒരുക്കുന്നു; അത് മനുഷ്യരാശിയെ ചിന്തയിലും പെരുമാറ്റത്തിലും പാപത്തിന്റെ ദൈനംദിന പാതയിൽ ദൈവത്തിൽ നിന്നും അകറ്റി നിർത്തുന്നു.
ഈ ശക്തികളിൽ ഒന്നാമത്തെ ഈ ലോകം ബാഹ്യവും രണ്ടാമത്തെ ജഡം ആന്തരികവും, മൂന്നാമത്തെ പിശാച് ആദ്യ രണ്ടു ശക്തികളിലൂടേയും, നേരിട്ടും പ്രവർത്തിക്കുന്നു.
അന്നത്തെ സമൂഹത്തിനു- വിജാതീയരും യഹൂദരും ഉൾപ്പെടുന്ന സമൂഹത്തിനു- മനുഷ്യവർഗ്ഗത്തിന്റെ ധർമ്മസങ്കടത്തെക്കുറിച്ചുള്ള പൗലോസിന്റെ രോഗനിർണ്ണയം മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. എന്നാൽ പൗലോസ് "ജഡം" എന്നതുകൊണ്ടുദ്ദേശിച്ച മനുഷ്യന്റെ തന്നിലേക്കു തന്നേയുള്ള ചായ്വിനെ മനസ്സിലാക്കാൻ അവർക്കു ബുദ്ധിമുട്ടായിരുന്നിരിക്കണം. അതിനു കാരണം "Stoicism"*1 (നിസ്സംഗതാവാദം)(Founder: Zeno of Citium in Athens) എന്ന ചിന്താഗതിയുടെ സ്വാധീനമാണ്. അതായത്, ആത്മസംയമനം ഉണ്ടെങ്കിൽ ഏതു പാപത്തേയും അതിജീവിക്കുവാൻ കഴിയും എന്ന ചിന്തയാണ്.
"ലോകവും" "ദുരാത്മാക്കൾ എന്ന ആശയവും" അവർ കൂടുതൽ എളുപ്പത്തിൽ അംഗീകരിച്ചിരിക്കാം. എന്നാൽ ഇന്നത്തെ മനുഷ്യർക്ക്, ദുരാത്മാക്കളുടെ ഒരു മണ്ഡലത്തിലൂടെ മനുഷ്യരാശിയെ സ്വാധീനിക്കുന്ന പിശാച് എന്ന് വിളിക്കപ്പെടുന്ന ഒരു വ്യക്തിത്വ സങ്കൽപ്പം അംഗീകരിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാൽ പൗലോസ് പിശാചിനെയും ദുരാത്മാക്കളെയും കൈകാര്യം ചെയ്യേണ്ട ഒരു യാഥാർത്ഥ്യമായി വീക്ഷിച്ചു; അതുകൊണ്ട് വിശ്വാസികൾ നൂറ്റാണ്ടുകളിലുടനീളമായി, ലോകത്തിലെ എല്ലാ സംസ്‌കാരത്തിലും ജനവിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഈ ദുഷ്ടാത്മശക്തികളെ കൈകാര്യം ചെയ്യേണ്ട വിഷയമായി കാണേണ്ടിയിരിക്കുന്നു.
അങ്ങനെ ത്രിവിധ ശക്തികളുടെ നിയന്ത്രണത്തിലായിരുന്ന മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്ന് മരിച്ച അവസ്ഥയിൽ ജീവിക്കുന്നു. രക്ഷിക്കപ്പെടാത്തെ ഏതൊരു വ്യക്തിയുടേയും അവസ്ഥ ഇതാണ്. ആ നിലയിൽ ഏതെങ്കിലും സൽപ്രവൃത്തികളാലൊ സൽകർമ്മങ്ങളാലൊ ദൈവത്തെ പ്രസാദിപ്പിക്കുവാൻ അവനു സാധിക്കയില്ല. അങ്ങനെയുള്ളവരുടെ സൽപ്രവൃത്തികൾ ദൈവത്തിന്റെ സന്നിധിയിൽ കറപുരണ്ട പഴന്തുണി കഷണം പോലെയാണെന്ന് ദൈവത്തിന്റെ വചനം നമ്മോടു പറയുന്നു. യെശയ്യ 64:6 ൽ നാം കാണുന്നത്: "ഞങ്ങളുടെ നീതിപ്രവർത്തികൾ ഒക്കെയും കറപിരണ്ട തുണിപോലെ; ..." അങ്ങനെ ദൈവത്തിന്റെ കോപത്തിനു മാത്രം പാത്രീഭൂതരായിരുന്നു നാമെല്ലാവരും. ദൈവത്തിന്റെ ന്യായവിധിക്കു മാത്രം യോഗ്യരായിരുന്നവർ. പാപത്തിന്റെ വ്യാപനവും ലോകത്തിലെ എല്ലാ ജനങ്ങളിലും തിന്മയുടെ വ്യാപനവും കണക്കിലെടുത്ത്, രോഷാകുലനായ ദൈവം മനുഷ്യസൃഷ്ടിയെ തന്റെ ക്രോധത്തിൽ തുടച്ചു നീക്കിയാൽ ആർക്കും ദൈവത്തെ കുറ്റപ്പെടുത്താൻ കഴിയുമായിരുന്നില്ല. പക്ഷേ, ദൈവം അങ്ങനെ ചെയ്തില്ല; അങ്ങനെ ചെയ്തിരുന്നെങ്കിൽ ദൈവത്തിന്റെ സ്വഭാവത്തിന്റെ പൂർണ്ണത ആർക്കും വെളിപ്പെടുകയില്ലായിരുന്നു.
അങ്ങനെയുള്ള മനുഷ്യന്റെ നിസ്സഹായ അവസ്ഥയിൽ ദൈവം എന്താണ് ചെയ്തത് എന്നാണ് അടുത്തതായി ഈ വേദഭാഗത്ത് പറയുന്നത്. കരുണയും സ്നേഹവും നിറഞ്ഞദൈവം മനുഷ്യവർഗ്ഗത്തോടു കൃപകാണിച്ചു.
2. കരുണയും കൃപയും നിറഞ്ഞ സ്നേഹവും ഉള്ള ദൈവം വിശ്വാസത്താൽ മനുഷ്യവർഗ്ഗത്തെ രക്ഷിക്കുവാൻ തീരുമാനിച്ചു. (God, who is full of mercy, grace, and love, decided to save mankind through faith).
നാലും അഞ്ചും വാക്യങ്ങൾ നമുക്കു നോക്കാം : "4കരുണാസമ്പന്നനായ ദൈവമോ നമ്മേ സ്നേഹിച്ച മഹാസ്നേഹം നിമിത്തം 5അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും- കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു-"
പിതാവായ ദൈവത്തെ കരുണാസമ്പന്നൻ എന്നു പറഞ്ഞുകൊണ്ടാണ് നാലാം വാക്യം ആരംഭിക്കുന്നത്. കരുണയിൽ അതിസമ്പന്നനായ ദൈവം. തന്റെ നിത്യസ്വാഭവത്തെയാണ് ഈ വാക്കു സൂചിപ്പിക്കുന്നത്. കാരുണ്യം കാണിക്കുന്നതിൽ ഒട്ടും പിശുക്കു കാണിക്കാത്തവൻ. മാത്രവുമല്ല, മഹാസ്നേഹത്തിന്റെ ഉടമയുമാണ് ദൈവം. ദൈവം നമ്മോടു കരുണകാണിക്കുവാനുള്ള കാരണം ദൈവത്തിന്റെ മഹാസ്നേഹമാണ്. സ്നേഹിക്കപ്പെടുന്നവരുടെ യോഗ്യതയെ നോക്കാതെ, അവരുടെ നന്മ ആഗ്രഹിച്ചുകൊണ്ട് പ്രവർത്തിക്കുന്നതിനേയാണ് സ്നേഹം എന്നു പറയുന്നത്.
ദൈവം തന്റെ അളക്കുവാൻ കഴിയാത്ത അനന്തമായ സ്നേഹത്തിൽ നമ്മോടു കൃപകാണിച്ചു. "കൃപ" എന്ന വാക്കിന്റെ അർത്ഥം അർഹിക്കാത്ത ആനുകൂല്യം കാണിക്കുക എന്നതാണ്. നാം ദൈവത്തിനെതിരെ പ്രവർത്തിച്ചതും നമുക്ക് അർഹതപ്പെട്ടതും എന്താണെന്ന് ദൈവം അറിയുന്നു. എന്നാൽ അതിനു വിരുദ്ധമായി, കരുണയിലും സ്നേഹത്തിലും അതിസമ്പന്നനായ ദൈവം ക്രിസ്തുയേശുവിൽ, തിന്മയുടെ ശക്തികളുടെ നിർബന്ധിത സ്വാധീനത്തിൽ നിന്ന് നമുക്കു രക്ഷപ്പെടുവാനുള്ള ഒരു മാർഗ്ഗം ഉണ്ടാക്കി. അതിന്റെ പ്രാരംഭപടിയായി അവൻ നമുക്ക് ഒരു പുതിയ ജീവനെ നൽകി. ഇത് പൂർണ്ണമായും ദൈവത്തിന്റെ ദയയിൽ വേരൂന്നിയ അവന്റെ കൃപയുടെ ദാനമാണ്. നമ്മുടെ മരണവും പാപത്തിന്റെ അടിമത്തവും നിമിത്തം, നമ്മുടെ ഭാഗത്തുനിന്ന് യാതൊരു മുൻകൈയൊ യോഗ്യതയൊ പ്രയത്നവുമൊ ഇല്ലാതിരുന്നപ്പോഴാണ് ദൈവം ഈ കൃപ നമ്മോടു കാണിച്ചത്. ക്രിസ്തുയേശുവിന്റെ കാല്വരിയിലെ മരണം തന്റെ പാപത്തിന്റെ പരിഹാരത്തിനാണ് എന്നു വിശ്വസിക്കുന്നവരുടെ പാപങ്ങളെ മോചിക്കുവാനും അവർക്കു നിത്യജീവൻ പ്രദാനം ചെയ്യുവാനും ദൈവം മനസ്സുവെച്ചു എന്നതാണ് താൻ മനുഷ്യവർഗ്ഗത്തോടു കാണിച്ച ദൈവകൃപ എന്നത്.
ലോകമെമ്പാടുമുള്ള പല മതസംവിധാനങ്ങളും ദൈവത്തിന്റെ ഏതെങ്കിലും തരത്തിലുള്ള പ്രീതി നേടുന്നതിന് സത്കർമ്മങ്ങളെ ആശ്രയിക്കുന്നു. എന്നാൽ, ദൈവത്തിന്റെ പ്രീതി നേടാൻ മനുഷ്യന്റെ ഭാഗത്തുനിന്നുള്ള ഏതൊരു ശ്രമവും പൗലൊസ് നിരസിക്കുന്നു. മനുഷ്യന്റെ രക്ഷയിൽ ദൈവത്തിന്റെ സ്നേഹം, കരുണ, കൃപ എന്നിവ മാത്രമാണ് ആധാരമായിരിക്കുന്നത്. അതിശയകരമെന്നു പറയട്ടെ, സഭയ്ക്കുള്ളിൽ പോലും, വേണ്ടത്ര സൽക്കർമ്മങ്ങൾ ചെയ്താൽ ദൈവം നമ്മിൽ പ്രസാദിക്കുകയും ആത്യന്തികമായി നമുക്ക് രക്ഷ നൽകുകയും ചെയ്യുമെന്ന ധാരണ ചിലരുടെയെങ്കിലും ഹൃദയങ്ങളിൽ ഒളിഞ്ഞിരിക്കുന്നു. ലിയോൺ മോറിസ് എന്ന ദൈവദാസൻ ഇത് നന്നായി പ്രകടിപ്പിക്കുന്നു:
'ക്രിസ്തുവിൽ നാം വിശ്വാസമർപ്പിക്കുമ്പോൾ നാം ക്രിസ്തുവിനോടുകൂടെ ഉയർത്തെഴുന്നേൽക്കപ്പെടുന്നു. പൗലോസ് ഇവിടെ എടുത്തു പറയുന്ന ഒരു കാര്യം ഈ രക്ഷയുടെ അടിസ്ഥാനം എന്നത് ദൈവത്തിന്റെ കൃപ ഒന്നു മാത്രമാണ്. ആരുടെ എന്തെങ്കിലും സ്വഭാവഗുണമൊ, സൽപ്രവൃത്തികളോ ഒന്നുമല്ല അതിനു ആധാരം. ആത്മീയമായ മരണത്തിനു പരിഹാരം ഭൗതികതലത്തിൽ കണ്ടെത്താൻ കഴിയുകയില്ലല്ലൊ. supernatural ആയ ആത്മീയ പുനർജ്ജീവിപ്പിക്കൽ അഥവാ വീണ്ടുംജനനം കൊണ്ടുമാത്രമെ അതിനു സാധിക്കയുള്ളു. അതിനു മുഖാന്തിരമായി ഉപയോഗിക്കുന്നത് വിശ്വാസമാണ്. കൃപയാൽ വിശ്വാസം മൂലം നാം രക്ഷിക്കപ്പെടുന്നു. We are saved by Grace through faith.
ഇന്ന് സഭയിൽ രക്ഷ നാം ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന ആശയം പരുടേയും ഉള്ളിലുണ്ട്. അതവർ പറയുകയോ പറയാതിരിക്കുകയോ ചെയ്യാം. ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന പലർക്കും പ്രധാനം ഇടതടവില്ലാത്ത സഭാ പ്രവർത്തനങ്ങളാണ്. അവരെ സംബന്ധിച്ചിടത്തോളം ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നതിനർത്ഥം പള്ളിയിലെ സേവനങ്ങളിൽ പങ്കെടുക്കുക, സഭാ സംഘടനകളിൽ പൂർണ്ണമായ പങ്ക് വഹിക്കുക, പള്ളിക്കു വേണ്ട സംഭാവനകൾ നൽകുക, കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പെരുന്നാൾ നടത്തുക എന്നതൊക്കെയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കൂദാശാ വിശ്വാസികളായിരിക്കുക. അതായത്, വാഴ്ത്തപ്പെട്ട കൂദാശയിൽ പങ്കുചേരുക. ഈ വഴി പിന്തുടരുന്നവർ അതിനുള്ള ഉത്സാഹത്തോടെയുള്ള തയ്യാറെടുപ്പിലും വിശ്വസ്തമായ സ്വീകരണത്തിലും ഉള്ള യോഗ്യത കാരണം രക്ഷ കണ്ടെത്താൻ ശ്രമിക്കുന്നു.
രക്ഷ പൂർണ്ണമായും ദൈവകൃപയിൽ വേരൂന്നിയതാണെന്നും അവന്റെ സ്നേഹത്തിൽ നിന്നും കാരുണ്യത്തിൽ നിന്നും ഉടലെടുക്കുന്ന സൗജന്യ ദാനമാണെന്നുമുള്ള തിരിച്ചറിവിലേക്ക് പൗലോസ് നമ്മെയെല്ലാം തിരികെ വിളിക്കുന്നു.
A. രക്ഷ എന്നാൽ എന്താണ്?
"രക്ഷ" എന്ന വാക്കിനു വലിയ ആപത്തിൽ നിന്ന് ഒരാളെ രക്ഷിക്കുക എന്ന അടിസ്ഥാന അർത്ഥമുണ്ട്, ഇവിടുത്തെ സന്ദർഭത്തിൽ അനുസരണക്കേടിന്റെ എല്ലാ മക്കളുടെയും മേലുള്ള അനിവാര്യമായ ദൈവക്രോധത്തിൽ നിന്നും രക്ഷിക്കുക, ജീവൻ നൽകുക, ജീവനോടെ നിലനിർത്തുക, സുഖപ്പെടുത്തുക, പൂർണ്ണമാക്കുക എന്നിവ അർത്ഥമാക്കുന്നു.
"വിശ്വാസികൾ" ക്രിസ്തുവുമായുള്ള ഗൗരവമേറിയതും കെട്ടുറപ്പുള്ളതും അവിഭാജ്യവുമായ ഉടമ്പടിയിലാണ് രക്ഷിക്കപ്പെടുന്നത്. അതിനാൽ ശാശ്വതമായി അവനുമായി ഐക്യത്തിലാണ്. അവൻ മരിച്ചപ്പോൾ നാമും മരിച്ചു. അവനെ അടക്കം ചെയ്തപ്പോൾ നാമും അടക്കം ചെയ്യപ്പെട്ടു. അവൻ ഉയർത്തപ്പെട്ടപ്പോൾ നാമും ഉയിർത്തെഴുന്നേൽക്കപ്പെട്ടു. അവൻ തന്റെ പിതാവിന്റെ വലതുഭാഗത്ത് ഇരുന്നപ്പോൾ, നാമും സ്വർഗ്ഗത്തിൽ പിതാവിന്റെ വലതുഭാഗത്ത് ഇരുന്നു. ആക്ഷരീകമായി നാം ജീവിക്കുന്നത് ഈ ഭൂമിയിലാണെങ്കിലും ആത്മീയമായി ഈ സത്യങ്ങൾ നമ്മുടെ ജീവിതത്തിൽ യാഥാർത്ഥ്യമായിരിക്കുന്നു. കൊലൊസ്യർ 3:3 ഉം ഫിലിപ്പിയർ 3:20 ഉം ഈ സത്യം കൂടുതൽ വ്യക്തമായി പറയുന്നു: "3 നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു" (കൊലൊസ്യർ 3:3). "20 നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു;" (ഫിലി. 3:20).
B. നാം ക്രിസ്തുവിന്റെ ശക്തിയിലും അധികാരത്തിലും പങ്കുചേരുന്നു (We Partake of Christ's power and authority).
"രക്ഷ" പാപമോചനത്തേക്കാൾ അധികമായ സംഗതിയാണ്; അത് ക്രിസ്തുവിന്റെ ശക്തിയിലും തിന്മയുടെ ശക്തികളുടെ മേലുള്ള അധികാരത്തിലും പങ്കാളിത്തം ഉൾക്കൊള്ളുന്നു. രക്ഷയിൽ പാപമോചനം ഉൾപ്പെടുന്നുവെങ്കിലും (1.7), ഒരിക്കൽ നമ്മുടെ ജീവിതത്തെ നിർണ്ണയിച്ച ശക്തികളിൽ നിന്നുള്ള മോചനവും അതിൽ ഉൾപ്പെടുന്നുവെന്ന് പൗലോസ് ഇവിടെ ഊന്നിപ്പറയുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലും ഉയർച്ചയിലും നമ്മുടെ യഥാർത്ഥ പങ്കാളിത്തം ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം ഇത് പുറത്തുകൊണ്ടുവരുന്നു. "ക്രിസ്തുവിൽ/In Christ" എന്നതിനർത്ഥം ഈ പ്രധാന സംഭവങ്ങളിൽ ക്രിസ്തുവുമായുള്ള ഐക്യദാർഢ്യത്തിന്റെ ഒരു ബന്ധം നാം അനുഭവിച്ചിട്ടുണ്ട് എന്നാണ്.
ക്രിസ്തുവിനോടൊപ്പം നമ്മുടെ ഭാവി പുനരുത്ഥാന വാഴ്‌ചയെക്കുറിച്ചുള്ള തന്റെ മുൻ ലേഖനങ്ങളിലെ പൗലോസിന്റെ പഠിപ്പിക്കലിനെ ഇത് കുറയ്ക്കുന്നില്ല. മറിച്ച്, ജീവന്റെ പുതുക്കത്തിലേക്ക് നാം ഉയിർത്തെഴുന്നേൽക്കുന്നതിൽ ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യത്തിന്റെ സ്ഥിരീകരണം പൗലൊസ് ഉറപ്പാക്കുന്നു. ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം തിന്മയുടെ ശക്തികളുടെ മേൽ വിജയം നേടാൻ നമ്മേ പ്രാപ്തിപ്പെടുത്തുന്നു. ഈ മൂന്ന് ശക്തികളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും, നമ്മുടെ മേലുള്ള അവയുടെ പിടി അയഞ്ഞിരിക്കുന്നു. ഇനി നമുക്ക് അവയുടെ ആധിപത്യത്തെ ചെറുത്തു തോൽപ്പിക്കുവാൻ സാധിക്കും. വിശ്വാസികൾ ഇപ്പോൾ സ്വതന്ത്രരും അവരുടെ സൃഷ്ടാവ് രൂപകൽപ്പന ചെയ്‌തിരിക്കുന്ന രീതിയനുസരിച്ച് ജീവിക്കാൻ പ്രാപ്തരുമാണ്. അതായത്, പുതിയമനുഷ്യനു യോഗ്യമായ ജീവിതം നയിപ്പാൻ പ്രാപ്തരാണെന്ന് സാരം. തിന്മ ചെയ്തേ മതിയാകു എന്ന മുൻപത്തെ സ്ഥിതിവിശേഷം ഇപ്പോഴില്ല. നമ്മുടെ മുൻപത്തെ അഥവാ രക്ഷിക്കപ്പെടുന്നതിനു മുന്നമെയുള്ള അവസ്ഥയിൽ ദൈവഹിതപ്രകാരം നമുക്കു ജീവിക്കുവാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ നമുക്ക് അഥവാ ഒരു വിശ്വാസിക്കു അതിനു കഴിയും.
ഈ കത്തിന്റെ ഒറിജിനൽ വായനക്കാർക്ക് ദുരാത്മാക്കളുടെ നിരന്തരമായ സ്വാധീനത്തെക്കുറിച്ച് കടുത്ത ആശങ്കയുണ്ടായിരുന്നു. ഇന്നും രക്ഷിക്കപ്പെട്ടുവരുന്നവർക്കു ഇതുപോലെയുള്ള ഭയം നിലനിൽക്കുന്നു. ഞാൻ രക്ഷിക്കപ്പെട്ട സമയത്ത് ഞങ്ങളുടെ ഭവനത്തിലെ മിക്കവർക്കും ചിക്കൻപോക്സ് പിടിപെട്ടു. അതിനു കാരണമായി അവിശ്വാസികളായ സഹോദരങ്ങൾ അന്ന് പറഞ്ഞത് സെബസ്ത്യാനോസ് പുണ്യായളന്റെ കോപമാണ് എന്നാണ്. തങ്ങൾ ചെയ്തു പോരുന്ന ആചാരങ്ങൾ നിർത്തിയാൽ ദൈവങ്ങൾ കോപിക്കുമൊ, എന്തെങ്കിലും അനർത്ഥം സംഭവിക്കുമൊ എന്നവർ ഭയപ്പെടുന്നു. ഇന്നു പലരുടേയും കയ്യിൽ ചില ചരടുകൾ കെട്ടിയിരിക്കുന്നതു നാം കാണാറില്ലേ. അതു ഊരിക്കളയുവാൻ/മുറിച്ചു കളയാൻ അവർക്ക് ഭയമാണ്.
ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലും ഉയർച്ചയിലും ഐക്യപ്പെടുക എന്നതിന്റെ അടിസ്ഥാനത്തിൽ രക്ഷിക്കപ്പെടുക എന്നതിന്റെ പൂർണ്ണ പ്രാധാന്യത്തെക്കുറിച്ച് പൗലോസ് ഇവിടെ പഠിപ്പിക്കുന്നത് ഈ ക്രിസ്ത്യാനികൾക്ക് പ്രാധാന്യമുള്ളതായിരുന്നു. 6:10-20-ലെ ദുഷ്ടനിൽ നിന്നുള്ള ആക്രമണങ്ങളെ അഭിമുഖീകരിച്ച് ഉറച്ചുനിൽക്കുന്നതിനെക്കുറിച്ച് പൗലോസിന്റെ വിപുലമായ അഭിപ്രായങ്ങൾക്ക് ഈ ഭാഗം ഒരു പ്രധാന അടിസ്ഥാനമായി വർത്തിക്കുന്നു. "കർത്താവിൽ ശക്തരാകുക" (6:10) എന്നാൽ ക്രിസ്തുയേശുവിൽ നാം ആരാണെന്ന് മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യുക എന്നാണ് അർത്ഥമാക്കുന്നത്. (R).
C. സദാചാര ജീവിതം നയിക്കുന്നു
സദ്‌ഗുണമുള്ള ഒരു ജീവിതം നയിക്കാൻ അത് നമ്മേ പ്രാപ്തിപ്പെടുത്തുന്നു; തീർച്ചയായും നമ്മിൽ നിന്ന് അങ്ങനെയൊരു ജീവിതം ദൈവം പ്രതീക്ഷിക്കുന്നു. തിന്മ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന വിവിധ ശക്തികളുടെ ശക്തിയെ ക്രിസ്തു തകർത്തതിനാൽ, തന്റെ വിശുദ്ധനും നീതിമാനും ആയ കഥാപാത്രത്തിന് അനുസൃതമായി നമ്മുടെ ദൈനംദിന ജീവിതം നയിക്കാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു, വാസ്തവത്തിൽ, "നല്ല" ജീവിതം നയിപ്പാൻ അവൻ നമ്മെ രൂപകൽപ്പന ചെയ്‌തു. അവൻ നമ്മെ സ്‌നേഹിച്ച അതേ വിധത്തിൽ മറ്റുള്ളവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. നമ്മുടെ ജീവിതത്തിലെ ലജ്ജാകരവും അശുദ്ധവുമായ ആചാരങ്ങളെ ഉന്മൂലനം ചെയ്യുകയും ക്രിസ്തുവിന്റെ എല്ലാ ഗുണങ്ങളും നാം ഏറ്റെടുക്കുകയും വേണം. ഈ വേദഭാഗം അങ്ങനെ എഫെസ്യർ 4-6 വരെയുള്ള അദ്ധ്യായങ്ങളിലെ പ്രായോഗികതക്ക് അഥവാ നിരവധി ധാർമ്മിക ഉപദേശങ്ങൾക്ക് ഇത് അടിത്തറയിടുന്നു.
ദൈവത്തിന്റെ വീണ്ടെടുപ്പിന്റെയും വിശ്വാസികളുടെ ശാക്തീകരണത്തിന്റെയും ഈ ഉദ്ദേശം, പൗലൊസിന്റെ കാലത്തെ പല മതങ്ങളിൽ നിന്നും വ്യത്യസ്തമാണ്. വിശ്വാസികളിൽ പലരുടെയും ഓറിയന്റേഷൻ/ചായ് വ് സ്വയം സേവിക്കുന്നതായി കാണപ്പെട്ടു; അതായത്, "ഈ ദൈവത്തിൽ നിന്ന് എനിക്ക് എങ്ങനെ പ്രയോജനം ലഭിക്കും?" അല്ലെങ്കിൽ "എന്റെ കന്നുകാലികൾ" പെറ്റുപെരുകാനും, എന്റെ കാർഷിക വിളകൾ വർദ്ധിക്കാനും ഈ ദൈവത്തെ എനിക്ക് എങ്ങനെ ഉപയോഗിക്കാം? അല്ലെങ്കിൽ "ദൈവം എന്നെ എന്തെങ്കിലും ശിക്ഷകൊണ്ട് അടിക്കാതിരിക്കാൻ ഞാൻ ഇതു ചെയ്യുന്നു എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. എന്നാൽ സുവിശേഷത്തിന്റെ ദിശ തികച്ചും വ്യത്യസ്തമാണ്, കാരണം അത് "നിങ്ങൾ എനിക്കായി ഇത് ചെയ്യുക, ഞാൻ നിങ്ങൾക്കായി ഇത് ചെയ്യും" എന്ന അടിത്തറയിൽ പണിയപ്പെട്ടതല്ല. ഇത് ദൈവത്തിന്റെ ത്യാഗപരമായ ഒരു ദാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇപ്പോൾ അവൻ തന്റെ ജനം പകരം ഒന്നും പ്രതീക്ഷിക്കാതെ നൽകാനും സ്നേഹിക്കാനും സൽകർമ്മങ്ങൾ ചെയ്യാനും പ്രതീക്ഷിക്കുന്നു.
അപ്പോൾ ഒന്നാമതായി ഞാൻ പറഞ്ഞത്, മനുഷ്യവർഗ്ഗം ഒന്നടങ്കം ലോകം ജഡം പിശാച് എന്നീ ശക്തികളുടെ അടിമത്തത്തിൽ കുടുങ്ങി മരിച്ച അവസ്ഥയിൽ കഴിയുന്നു എന്നകാര്യമാണ്. അങ്ങനെ മരിച്ച അവസ്ഥയിൽ കരുണയും കൃപയും സ്നേഹവും ഉള്ള ദൈവം തന്റെ പുത്രനെ നൽകി നമ്മേ രക്ഷിച്ചു. ഈ രക്ഷ നമുക്ക് ജീവനും ഈ അടിമത്വ ശക്തികളുടെ സ്വാധീനത്തിൽ നിന്ന് വിടുതലും നൽകി എന്ന കാര്യമാണ് രണ്ടാമതായി പറഞ്ഞത്. മൂന്നാമതായി ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം ദൈവം നമ്മേ രക്ഷിച്ചതിന്റെ ഉദ്ദേശ്യം ദൈവമഹത്വത്തിനായി നാം ജീവിക്കണം എന്നതാണ്.
3. ദൈവം നമ്മേ രക്ഷിച്ചതിന്റെ ഉദ്ദേശ്യം ദൈവത്തിന്റെ മഹത്വത്തിനായി നാം ജീവിക്കണം എന്നതാണ് (The purpose of God's saving us is for us to live for the glory of God).
ദൈവം നമ്മോടു കരുണകാണിച്ചതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചാണ് ഏഴാം വാക്യത്തിന്റെ അവസാനഭാഗത്ത് പറയുന്നത്. ഇപ്പോഴും വരാനിരിക്കുന്നതുമായ യുഗങ്ങളിൽ ദൈവത്തിന്റെ കൃപയുടെ അത്യന്ത ധനത്തെ വെളിപ്പെടുത്തുക എന്നതാണത്. അതായത്, കർത്താവിൽ വിശ്വാസമർപ്പിച്ചവരോടു ദയകാണിക്കുന്നതിലൂടെ ദൈവത്തിന്റെ മഹത്വത്തെ സകല വിശുദ്ധന്മാരുടേയും മാലാഖമാരുടേയും മുൻപാകെ നിത്യമായി പ്രദർശിപ്പിക്കുക.
ചുരുക്കി പറഞ്ഞാൽ, ദൈവത്തിന്റെ കൃപ അളക്കാനാവാത്തതും അസാധാരണവും വിശിഷ്ടവുമാണ്! മറ്റെന്തെങ്കിലും ചിന്തിക്കാൻ പ്രലോഭിപ്പിക്കപ്പെടുകയും ദുഷ്ടൻ ഭരിക്കുന്ന ഈ ലോകത്തിന്റെ ചെളിയിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുമ്പോൾ ഈ മഹത്തായ സത്യം നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരേണ്ടതുണ്ട്; അതിനായി ദൈവത്തെ സ്തുതിക്കേണ്ടതുണ്ട്.
"ക്രിസ്തുയേശുവിലാണ്" ഈ അനുഗ്രഹങ്ങൾ ഒക്കേയും ദൈവം ഒരുവനിൽ ചൊരിയുന്നത്. നാം ദൈവത്തിന്റെ ദയ അനുഭവിക്കുന്നത് നമ്മുടെ സ്വന്തം പാപം കലർന്ന പ്രയത്നങ്ങൾ കൊണ്ടല്ല, മറിച്ച് നാം "പ്രിയപ്പെട്ടവനിൽ" (we are in Christ) ആയതുകൊണ്ടാണ്!
നാം സ്വർഗ്ഗീയ മണ്ഡലത്തിലേക്ക് ഉയർത്തപ്പെടുന്നതിന്റെ ഒരു ഉദ്ദേശ്യം, നാം എന്നേക്കും അനുഗ്രഹിക്കപ്പെട്ടവരായിരിക്കുക എന്നത് മാത്രമല്ല, രക്ഷയിലെ "ദൈവത്തിന്റെ മഹത്വമാണ്". ക്രിസ്തുയേശുവിൽ നമ്മോടുള്ള ദൈവത്തിന്റെ അനന്തമായ ദയയാൽ, അവൻ നമ്മെ അനുഗ്രഹിക്കുമ്പോഴും പിതാവ് തന്നെത്തന്നെ മഹത്വപ്പെടുത്തുന്നു എന്നതാണ് അതിശയകരമായ സത്യം. രക്ഷയുടെ നിമിഷം മുതൽ വരാനിരിക്കുന്ന യുഗങ്ങളിലുടനീളം നാം ഒരിക്കലും ദൈവത്തിന്റെ കൃപയും ദയയും വിശദീകരിക്കുന്നത് നിർത്തുകയില്ല.
3a) വിശ്വാസികൾ ദൈവത്തിന്റെ ഉത്തമ കലാസൃഷ്ടിയാണ് (Regarding believers, they are God's masterpiece).
10-ാം വാക്യം : "10നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു. നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നോരുക്കിയിരിക്കുന്നു."
നിങ്ങൾ ദൈവത്തിന്റെ കൃപയാൽ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഒരു അധിക വിശദീകരണമാണ് ഈ വാക്യം. അതായത്, 'വിശ്വാസികൾ' ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ഒരു പുതിയ സൃഷ്ടിയാണെന്നും, അത് മനുഷ്യ ഇടപെടൽ കൂടാതെ ദൈവത്തിന്റെ initiative ൽ നടന്നതാണെന്നും, അതിന്റെ ആത്യന്തിക ഉത്തരവാദി ദൈവമാണെന്നും പൗലൊസ് ഊന്നൽ നൽകി പറയുന്നു. ഈ സൃഷ്ടി നടന്നിരിക്കുന്നത് ക്രിസ്തുവിലാണെന്നും അതിന്റെ ഉദ്ദേശ്യം ദൈവം മുന്നൊരുക്കിയ സല്പ്രവൃത്തികളിൽ നടക്കേണ്ടതിനും വേണ്ടിയാണെന്നാണ് ഈ വാക്യം നമ്മോടു പറയുന്നത്.
ഉല്പത്തിയിൽ, ആകാശത്തിന്റേയും ഭൂമിയുടെയും സൃഷ്ടി (ഉൽപത്തി 1:1) നടന്നപ്പോൾ അതിൽ മനുഷ്യരുടെ യാതൊരു ഇടപെടലും ഉണ്ടായിരുന്നില്ല എന്നു നമുക്കറിയാം. അതുപോലെ ക്രിസ്തുവിലുള്ള ദൈവത്തിന്റെ ഈ പുനർസൃഷ്ടിയിലും മനുഷ്യന്റെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല എന്നാണ് പൗലൊസ് പറയുന്നത്. "We are His workmanship, created in Christ Jesus." നാം ദൈവത്തിന്റേതാണ്. അവന്റെ കൈവേലയാണ്. അവൻ ഇഛിക്കുന്നതു ചെയ്യാൻ നാം അവന്റെ സ്വത്താണ്. ഞാൻ ഇനി എന്റെ സ്വന്തമല്ല. നമ്മിൽ എന്തെങ്കിലും നന്മയുണ്ടെങ്കിൽ അവൻ വെച്ചതാണ്. അതിൽ പ്രശംസിപ്പാൻ നമുക്കുള്ളതല്ല. അവനത് ഇഷ്ടപ്പെട്ടാൽ പ്രശംസ അവനുള്ളതാണ്. Anything right in us is not the cause of grace, but its fruit… It is not good works first, and grace after; but grace first, and good works after. (Ephesians 2 Commentary). നമ്മിൽ നന്മയായിരിക്കുന്നതെന്തും ദൈവം നമ്മോടു കൃപ കാണിപ്പാൻ കാരണമല്ല, മറിച്ച് കൃപയുടെ ഫലമാണ്... ആദ്യം നല്ല പ്രവൃത്തി പിന്നെ കൃപ എന്ന നിലയിലല്ല; ആദ്യം കൃപ അതിനുശേഷം നല്ല പ്രവൃത്തി. അതാണതിന്റെ ക്രമം (എഫെസ്യർ 2 വ്യാഖ്യാനം).
ഈ പുതിയ സൃഷ്ടിയെക്കുറിച്ച് പറയാൻ പൗലൊസ് രണ്ട് വ്യത്യസ്ത വാക്കുകൾ ഉപയോഗിക്കുന്നു. ആ വാക്കുകൾ എന്നത് "workmanship" and "created" അഥവാ "കൈപ്പണി" "സൃഷ്ടിക്കപ്പെട്ടത്" എന്നിവയാണ്. അതായത്, "കൈപ്പണി എന്നതിനു ഗ്രീക്കിൽ "poiema" എന്നും "സൃഷ്ടി" എന്നതിനു "ktisthentes" എന്ന വാക്കുമാണുപയോഗിച്ചിരിക്കുന്നത്. "poiema" എന്ന വാക്ക് craftsmanship-കരകൗശലം അഥവ ശില്പചാതുരിയെ കാണിക്കുവാൻ ഉപയോഗിച്ചിട്ടുണ്ട്. കുശവന്റെ മനോഹരമായ പാത്രസൃഷ്ടിയെ കുറിക്കുവാൻ യെശയ്യ 29:16 ൽ ഉപയോഗിച്ചിട്ടുണ്ട്. അതല്ലെങ്കിൽ ഒരു എഴുത്തുകാരന്റെ കവിതയേയൊ തന്റെ പുസ്തകരചനേയൊ കുറിക്കുവാൻ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ആ നിലയിൽ "മാസ്റ്റർപീസ്" എന്ന് ചില ഇംഗ്ലിഷ് പരിഭാഷകളിൽ ഈ വാക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. അതിൽ നിന്നും പറയാൻ കഴിയുന്ന കാര്യം ദൈവത്തിന്റെ ബുദ്ധിപൂർവ്വമായ കരവിരുതാണ് മനുഷ്യന്റെ സൃഷ്ടി എന്നത്.
"ktisthentes" എന്ന വാക്ക് ഒരു പുതിയ സൃഷ്ടിയെ കുറിക്കുന്നു. ´17 ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു;" (2 കൊരി 5:17). ഈ ലേഖനത്തിന്റെ 4:24 ൽ പൗലോസ് പറയുന്നതു ശ്രദ്ധിക്കുക: "24 സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ" (എഫെ 4:24).
അതായത്, ദൈവത്തിന്റെ കരകൗശല വസ്തുവായി സൃഷ്ടിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും. ദൈവത്തിന്റെ കരവിരുത് പ്രദർശിപ്പിക്കുന്നത് നമ്മിലൂടെയാണ്. നമ്മുടെ സ്വഭാവസവിശേഷതകളിലൂടെയാണ് ദൈവത്തിന്റെ കരവിരുത് വെളിപ്പെടുത്താൻ ദൈവം ഉദ്ദേശിച്ചിരിക്കുന്നത്. സല്പ്രവർത്തികളിലുടെ ദൈവത്തിന്റെ കൃപയെ നാം പ്രദർശിപ്പിക്കണം. അതായത്, നമ്മേ കാണുന്ന ഒരാൾ ദൈവത്തിന്റെ "മാസ്റ്റർപീസാണ്" നാം എന്നു പറയണം.
ഇവിടെ നാം പ്രത്യേകം ഓർക്കേണ്ട ഒരു കാര്യം രക്ഷ പ്രാപിക്കുവാനല്ല നാം സല്പ്രവൃത്തികൾ ചെയ്യുന്നത്. രക്ഷയുടെ അനിവാര്യമായ വളർച്ചയായിട്ടാണ് അവൻ ഇപ്പോൾ അവയുടെ പങ്കിനെ പ്രകീർത്തിക്കുന്നത്. [ഈ "പ്രവൃത്തികൾ" വിശാലമായ് അർത്ഥത്തിൽ മനസ്സിലാക്കണം, "നിയമത്തിന്റെ പ്രവൃത്തികൾ" എന്ന കൂടുതൽ ഇടുങ്ങിയ അർത്ഥത്തിലല്ല. അതായത്, പരിച്ഛേദന, ശബ്ബത്ത് ആചരണം, യഹൂദരുടെ വിശുദ്ധി നിയമങ്ങൾ പാലിക്കൽ എന്നിവയല്ല.] അദ്ദേഹം ഇവിടെ പ്രോത്സാഹിപ്പിക്കുന്ന നല്ല പ്രവൃത്തികൾ ഗലാത്യർ 5-ലെ "ആത്മാവിന്റെ ഫലമാണ്". അതായത്, സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, 23 ഇന്ദ്രിയജയം; എന്നിത്യാദി ക്രിസ്ത്യൻ സദ്ഗുണങ്ങൾ നമ്മിലുണ്ടായി വർദ്ധിച്ചു വരണം. "വിശ്വാസത്തിന്റെ പ്രവൃത്തി" (works of fatih), "സ്നേഹത്തിന്റെ അധ്വാനം" (labour of love) എന്നിവയ്ക്ക് ദൈവത്തിന് നന്ദി പറയുമ്പോൾ, അത്തരം പ്രവൃത്തികൾക്കായി പൗലോസ് തെസ്സലോനിക്യരെ അഭിനന്ദിക്കുന്നു.
ടിം കെല്ലർ പറയുന്നു: കല മനോഹരമാണ്, കല വിലപ്പെട്ടതാണ്, കല എന്നത് നിർമ്മാതാവിന്റെ, കലാകാരന്റെ ആന്തരിക സത്തയുടെ പ്രകടനമാണ്. അതായത്, നിങ്ങൾ ദൈവത്തിന്റെ മനോഹരമായ ശില്പമാണ്, നിങ്ങൾ വിലപ്പെട്ടവരാണ്, നിങ്ങൾ ദൈവമെന്ന കലാകാരന്റെ, ദൈവത്തിന്റെ തന്നെ, ആന്തരിക സത്തയുടെ പ്രകടനമാണ്. ഞാൻ നിങ്ങളെ ഗംഭീരവും അതശയകരവുമായ ഒന്നാക്കി മാറ്റും. ഞാൻ കലാകാരനാണ്; നിങ്ങൾ എന്റെ കലയാണ്. ഞാൻ ചിത്രകാരനാണ്; നിങ്ങൾ ക്യാൻവാസ് ആണ്. ഞാൻ ശിൽപിയാണ്; നിങ്ങൾ മാർബിൾ ആണ്. ക്വാറിയിൽ നിങ്ങൾ വലിയതൊന്നും കാണുന്നില്ല, പക്ഷേ എനിക്ക് കാണാൻ കഴിയും. " യേശു ഒരു കലാകാരനാണ്!" നാം അവന്റെ കിരീട നേട്ടമാണ്, അവന്റെ മാസ്റ്റർപീസ് ആണ്.
ഈ ബോദ്ധ്യം നമ്മിൽ എത്രപേർക്കുണ്ട്. ഞാൻ ദൈവത്തിന്റെ മാസ്റ്റർപീസാണ് എന്നു നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ, തീർച്ചയായും അതിനു കളങ്കം വരുത്തുന്ന എന്തെങ്കിലും നിങ്ങൾ ചെയ്യുമൊ? യേശു എന്ന- എന്നെ വരച്ച കലാകാരന്റെ- സൃഷ്ടിവൈഭവത്തെ ചോദ്യം ചെയ്യുന്ന സ്വഭാവസവിശേഷതകൾ നമ്മിൽ നിന്നുണ്ടാകുമൊ? അങ്ങനെയുണ്ടായാൽ അതിന്റെ മോശം ആർക്കാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടൊ? ദൈവത്തിന്റെ ഒരു ഉത്തമ കലാസൃഷ്ടിയാകാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത്. എന്നും എല്ലായ്പ്പോഴും ഈ ഒരു കാര്യം നമ്മേത്തന്നെ ഓർമ്മിപ്പിക്കുക. ഞാൻ ദൈവത്തിന്റെ ഒരു മാസ്റ്റർപീസാണ്. ഞാൻ ദൈവത്തിന്റെ കലാസൃഷ്ടിയാണ്. അതിനെ കളങ്കപ്പെടുത്തുന്ന യാതൊന്നിലും ഞാൻ ഏർപ്പെടുകയില്ല.
3b. നാം നടക്കേണ്ടുന്ന പാത ദൈവം മുന്നൊരുക്കിയിരിക്കുന്നു! (God has prepared the path for us to walk!)
10-ാം അവസാനഭാഗം: "നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു." (which God prepared beforehand so that we would walk in them). ദൈവം ഒരു ജനതയെ തന്നോടുതന്നെ ബന്ധത്തിലായിരിക്കാൻ ഭൂതകാലത്തിൽ തിരഞ്ഞെടുത്തുവെന്ന് മാത്രമല്ല, അവർക്ക് നടക്കാനുള്ള വഴിയും അവൻ അടയാളപ്പെടുത്തി. ഇത് സൽപ്രവൃത്തികളുടെ പാതയാണ്, അത് അവരുടെ ക്രിസ്തീയ യാത്രയിലുടനീളം അവരുടെ ജീവിതത്തെ ചിത്രീകരിക്കുകയും ദൈവത്തിന് മഹത്വം കൈവരുത്തുകയും ചെയ്യും.
ക്രിസ്തുവുമായുള്ള ഒരു ബന്ധത്തിലേക്ക് വരുന്നതിനുമുമ്പ്, നാം ലോകം ജഡം പിശാച് എന്നീ മുന്നു അടിമത്വ ശക്തികൾ ചേർന്ന് തയ്യാറാക്കിയ തിരക്കഥ പ്രകാരം ജീവിച്ചവരായിരുന്നു. ഇപ്പോൾ നാം അവരുടെ പിടിയിൽ നിന്നു സ്വതന്ത്രരാക്കപ്പെടുകയും ദൈവം നമുക്കായി രൂപകൽപ്പന ചെയ്ത തിരക്കഥ പ്രകാരം ജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്തിരിക്കുന്നു. ആ തിരക്കഥ പ്രകാരമാണ് നാമിനി ജീവിക്കേണ്ടത്. ദൈവം മുന്നൊരുക്കിയ തിരക്കഥ "24 സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യന്റെ" പാതയാണ്. അതിലെ മുഖ്യ കഥാപാത്രം ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആണ്. ആ ആത്മാവിനാൽ നിയന്ത്രിതരായി ജീവിക്കുമ്പോഴാണ് ക്രിസ്തുവിനും ദൈവത്തിനും മഹത്വമുണ്ടാകുന്നത്. അതിനു ദൈവം നമ്മേ ഓരോരുത്തരേയും സഹായിക്കട്ടെ.