top of page

Salvation Series_09

P M Mathew
DEC 31,2019
Is Salvation Possible to Me?
എനിക്കു രക്ഷ സാദ്ധ്യമൊ?

ആമുഖം

‘രക്ഷ’ എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കു വരുന്ന ചിന്ത ആപത്തിൽ നിന്നും, അപകടത്തിൽ നിന്നും, കഷ്ടതയിൽ നിന്നുമൊക്കെയുള്ള വിടുതലാണ്. ‘രക്ഷിക്കുക’ എന്നു പറഞ്ഞാൽ വിടുവിക്കുക, സംരക്ഷിക്കുക എന്നും. ‘രക്ഷ’ എന്ന വാക്കിൽ വിജയം, ആരോഗ്യം, കരുതൽ എന്നിങ്ങനെയുള്ള ആശയവും അടങ്ങിയിരിക്കുന്നു. ബൈബിളിൽ ചിലയിടങ്ങളിൽ രക്ഷ, രക്ഷിക്കുക എന്നീ വാക്കുകൾ താത്ക്കാലികവും ശാരീരികവുമായ വിടുതലിനെ കാണിക്കുവാൻ ഉപയോഗിച്ചിട്ടുണ്ട് (ഫിലി 1:19).

ദൈവത്തിന്റെ വചനമായ ബൈബിളിൽ രക്ഷ എന്ന വാക്ക് അധിക തവണയും നിത്യമായ ആത്മീയ വിടുതലിനെയാണ് കുറിക്കുന്നത്. അതല്ലെങ്കിൽ മോക്ഷപ്രാപ്തി അഥവ സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനത്തെയാണ് അർത്ഥമാക്കുന്നത്. ഇതിനോടുള്ള ബന്ധത്തിൽ ദൈവവചനമായ ബൈബിളിൽ നിന്ന് ഒരു വാക്യം നമുക്കു വായിക്കാം. അപ്പോസ്തല പ്രവൃത്തികളിൽ അപ്പൊ. പൗലൊസ് ഫിലിപ്പിയൻ ജയിലറോട് പറഞ്ഞ വാക്കുകളാണിവ:

അപ്പോസ്തല പ്രവൃത്തികൾ 16:31

“യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും”

1. എന്തിൽ നിന്നാണ് രക്ഷിക്കപ്പെടുന്നത്? (From what is saved?)

രക്ഷയെക്കുറിച്ചുള്ള ക്രിസ്തീയ ഉപദേശമെന്തെന്നാൽ പാപത്തിന്റെ പരിണതഫലമായ ദൈവകോപത്തിൽ നിന്നും രക്ഷിക്കപ്പെടുന്നതാണ്. മനുഷ്യന്റെ പാപത്തിനെതിരെ ദൈവത്തിന്റെ കോപം ജ്വലിക്കുന്നു (റോമർ 5:9; 1 തെസ്സ 5:9). പാപം നമ്മെ ദൈവത്തിൽ നിന്ന് അകറ്റി. പാപത്തിന്റെ ശമ്പളം അഥവാ ശിക്ഷ മരണമാണ് (റോമർ 6:23). മരണമെന്നാൽ ദൈവത്തിൽ നിന്നുള്ള വേർപാട് എന്നർത്ഥം. ‘മരണം’ എന്ന വാക്കിനു വിപരീതമായി ‘നിത്യജീവൻ’ എന്ന വാക്കാണ് വചനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പാപത്തിന്റെ ശിക്ഷയായി ദൈവത്തിൽ നിന്ന് എന്നേക്കുമായി വേർപെട്ട് നിത്യ നരകത്തിൽ കഴിയേണ്ടിവരിക. ആകയാൽ വചനാധിഷ്ഠിതമായ രക്ഷ എന്നത് പാപത്തിന്റെ ശിക്ഷയായ നരകത്തിൽ നിന്നുള്ള വിടുതലാണ്. അതായത്, പാപത്തിൽ നിന്നും പാപത്തിന്റെ എല്ലാ സാന്നിദ്ധ്യത്തിൽ നിന്നും അകന്ന് ദൈവത്തോടെകൂടെ വസിക്കുക.

2. ആർക്കാണ് പാപത്തിൽ നിന്നു നമ്മേ വിടുവിക്കുവാൻ സാധിക്കുന്നത്? (Who can save us from sin?)

ഒരു മതത്തിനൊ മതനേതാവിനൊ മനുഷ്യനെ രക്ഷിക്കുവാൻ കഴിയുകയില്ല. മനുഷ്യന്റെ യാതൊരു പ്രവൃത്തിക്കും അവനെ രക്ഷിക്കുവാൻ കഴിയുകയില്ല. ദൈവത്തിനു മാത്രമെ പാപത്തിൽ നിന്നും പാപത്തിന്റെ ശിക്ഷയിൽ നിന്നും നമ്മേ വിടുവിക്കുവാൻ സാധിക്കയുള്ളു (2 തിമോത്തി 1:9, തിത്തോസ് 3:5).

എങ്ങനെയാണ് ദൈവം നമ്മേ രക്ഷിക്കുന്നത്? യേശുക്രിസ്തുവിനെക്കുറിച്ചുള്ള സദ്വാർത്ത അഥവാ സുവിശേഷം വിശ്വസിക്കുന്നതിലൂടെയാണ് ഒരുവൻ രക്ഷ പ്രാപിക്കുന്നത്. യോഹന്നാൻ 3:17-18 വാക്യങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു: “ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. 18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.”

കുറച്ചുകുടി വ്യക്തമായി പറഞ്ഞാൽ യേശുക്രിസ്തു മനുഷ്യവർഗ്ഗത്തിന്റെ പാപത്തിനുവേണ്ടിയാണ് കാൽവരി ക്രുശിൽ മരിച്ചതും അടക്കപ്പെട്ടതും ഉയർത്തെഴുനേറ്റതും. അത് വിശ്വസിക്കുകയും ആ യേശുക്രിസ്തുവനെ തന്റെ രക്ഷകനും കർത്താവുമായി സ്വീകരിക്കുമ്യും ചെയുന്നവർക്കാണ് രക്ഷ ദൈവം നൽകുന്നത് (എഫെ 1:7, റോമർ 5:10). മറ്റൊരു കാര്യം കൂടി ദൈവത്തിന്റെ വചനം നമ്മോടു പറയുന്നതെന്തെന്നാൽ രക്ഷ എന്നുള്ളത് ദൈവത്തിന്റെ ദാനമാണ്. അതിനു ദൈവത്തിന്റെ ‘കൃപ’യാണ് അടിസ്ഥാനമായിരിക്കുന്നത്. എഫെസ്യർ 2:8 നാം ഇപ്രകാരം കാണുന്നു: “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. 9 ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.” മനുഷ്യന്റെ യാതൊരു നന്മപ്രവൃർത്തിയും നോക്കാതെ, അവന്റെ യാതൊരു യോഗ്യതയും നോക്കാതെ ദൈവം ഇതു ഗിഫ്റ്റായി നൽകുന്നു. ദൈവം അത് അർഹിക്കാത്തവർക്ക് നൽകുന്നു എന്നതാണ് ‘കൃപ’ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.

ഉദാഹരണമായി, ഒരു മനുഷ്യനെക്കൊണ്ട് രാവിലെ മുതൽ വൈകുന്നേരം ജോലിച്ചെയ്യിച്ചിട്ട് അവസാനം ആയിരം രൂപാ കൊടുത്താൽ അതു ഒരിക്കലും ദാനമാകില്ല. അത് അവന്റെ ജോലിക്കുള്ള കൂലിയാണ്. അതല്ലെങ്കിൽ അവന്റെ ഒരു ദിവസത്തെ വേതനമാണ്. അതിനെ ഒരു നിലയിലും ദാനമായി കണക്കാക്കുവൻ കഴിയുകയില്ല. അതുപോലെ മനുഷ്യനെ അവന്റെ ജീവിതാന്ത്യം വരെ അദ്ധ്വാനിപ്പിച്ചിട്ടു നൽകുന്ന ഒരു വേതനമല്ല രക്ഷ എന്നത്. ദൈവം രക്ഷ ദാനമായി ഒരു വ്യക്തിക്ക് നൽകുന്നു. നമ്മുടെ രക്ഷക്കുവേണ്ട എല്ലാ പ്രവൃത്തിയും യേശുക്രിസ്തു നമുക്കു പകരക്കാരനായി നിവൃത്തിച്ചിരിക്കുന്നു. അതുകൊണ്ടാണ് താൻ ക്രുശിൽ കിടന്നുകൊണ്ട് ഇപ്രകാരം അരുളിച്ചെയ്തത്: “അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.29 അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.30 യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.” (യോഹന്നാൻ 19:28-30). ‘നിവൃത്തിയായി” എന്ന വാക്കിനു ഗ്രീക്കിൽ “Tetelestai” എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് താൻ സകലവും കൊടുത്തുവീട്ടി. മനുഷ്യൻ കൊടുത്തുവീട്ടേണ്ടിയിരുന്ന പാപക്കടം ഒക്കേയും യേശുക്രിസ്തു കൊടുത്തുവീട്ടി. ഇന്ന് ഒരുവൻ രക്ഷപ്രാപിക്കുന്നത് കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലാണ് എന്ന് ബൈബിൾ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. (അപ്പൊ 4:12).

3. ഓരോ പാപിയേയും യേശു തന്നിലേക്കു ക്ഷണിക്കുന്നു (Jesus invites every sinner to himself)

ഇപ്പോൾ ഓരോ പാപിയോടും യേശുക്രിസ്തുവിനെ അറിയാനും നിത്യജീവൻ പ്രാപിക്കുവാനും ആഹ്വാനം ചെയ്യുന്നു. “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ചിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ” (വെളി. 22:17).

​ഇപ്പോൾ നിങ്ങൾക്കെങ്ങനെ നിത്യജീവൻ ഉണ്ടെന്നു അറിയാൻ കഴിയും? അതി പരിശുദ്ധനായ ദൈവത്തിന്റെ സന്നിധിയിൽ നിങ്ങളുടെ പാപങ്ങളെ ഏറ്റുപറയുക. ദൈവത്തിന്റെ ദാനമായ യേശുക്രിസ്തു എന്ന നിങ്ങളുടെ രക്ഷകനെ നിങ്ങൾ സ്വീകരിക്കുക. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” (റോമർ 10:13). ദൈവപുത്രനായ യേശുക്രിസ്തു നിങ്ങളുടെ പാപങ്ങൾക്കുവേണ്ടി മരിക്കയും അടക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുനേറ്റു എന്നു വിശ്വസിക്കയും ചെയ്തു എന്ന സദ്വർത്തമാനം അഥവാ സുവിശേഷം നിങ്ങൾ സ്വീകരിക്കുക. യേശുവിനെ നിങ്ങളുടെ രക്ഷിതാവും കർത്താവുമായി സ്വീകരിക്കുക. എന്നാൽ നിങ്ങൾ നിത്യജീവന്നുടമകളായി തീരും. സമൃദ്ധിയായ ജീവൻ നിങ്ങൾക്ക് ഈ ഭൂമിയിൽ വെച്ച് ആസ്വദിക്കുവാനും അതു നിത്യമായി തുടരുവാനും നിങ്ങൾക്കു സാധിക്കും. ​

ഈ രക്ഷ എങ്ങനെ സ്വന്തമാക്കാം? (How can this salvation be obtained?)
ഞാനൊരു പാപിയാണ് എന്ന് അംഗീകരിക്കുക. എനിക്കു ലഭിക്കുവാനിരിക്കുന്നത് നരകശിക്ഷയാണ് എന്ന് സമ്മതിക്കുക. എന്നാൽ എനിക്കുവേണ്ടി, എന്റെ പകരക്കാരനായി കർത്താവായ യേശുക്രിസ്തു കാൽവരി ക്രൂശിൽ മരിച്ചു, അടക്കപ്പെട്ടു, ഉയർത്തെഴുനേറ്റു എന്നു വിശ്വസിക്കുക. യേശുക്രിസ്തുവിനെ തന്റെ രക്ഷകനും നാഥനുമായി സ്വീകരിക്കുക. അപ്പോൾ ദൈവം നിങ്ങളുടെ പാപങ്ങളെ കഴുകി ശുദ്ധീകരിക്കയും നിങ്ങളെ ദൈവത്തിന്റെ ഒരു മകനായി/മകളായി സ്വീകരിക്കുകയും ചെയ്യുന്നു (യോഹ 1:12). ഈ കാര്യം നിങ്ങൾ ചെയ്യുന്നു എങ്കിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് നിങ്ങളെക്കൊണ്ട് ഈ യാഥാർത്ഥ്യം അംഗീകരിക്കാനും വിശ്വസിക്കുവാനും ഇടയാക്കിയത്. ആകയാൽ ദൈവം കാണിച്ച ഈ നന്മക്ക് നിങ്ങൾ ദൈവത്തോട് എന്നും നന്ദിയുള്ളവരായി ജീവിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
*******

© 2020 by P M Mathew, Cochin

bottom of page