നിത്യജീവൻ

Salvation series_01
P M Mathew
DEC 31,2019
Only One Way!
ഒരേയൊരു വഴിമാത്രം!
സത്യം ഇതായിരിക്കെ, അനേകരും തങ്ങളുടെ ആത്മരക്ഷക്കായി സ്വന്തം പരിപാടികൾ ആസൂത്രണം ചെയ്യുന്നു. എന്നാൽ മഹാമനസ്കനായ ദൈവം എല്ലാ സമയത്തും അവന്റെ പദ്ധതിയനുസരിച്ച് നിങ്ങൾക്ക് രക്ഷ വാഗ്ദാനം ചെയ്യുന്നു. മനുഷ്യരക്ഷക്കായി ദൈവം മുന്നോട്ടു വെച്ചിരിക്കുന്ന വ്യവസ്ഥ, നിങ്ങളുടെ പാപങ്ങളെ ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞ് ഏകരക്ഷിതാവായ യേശുക്രിസ്തുവിനെ നിങ്ങളുടെ ഹൃദയത്തിൽ സ്വീകരിക്കുക എന്നതാണ്. നിങ്ങളുടെ പാപങ്ങളുടെ ശിക്ഷ, നിങ്ങൾക്കു പകരക്കാരനായി യേശുക്രിസ്തു ഏറ്റെടുത്തതു കൊണ്ടാണ് യേശുവിനു കാല്വരി ക്രൂശിൽ മരിക്കേണ്ടി വന്നത്. ദൈവം ഇപ്പോൾ തന്റെ പുത്രനെ സ്വീകരിക്കുന്നവർക്കു രക്ഷ അഥവാ മോക്ഷം ദാനമായി നൽകുന്നു. അതു ദാനമായി സ്വീകരിക്കുവാൻ നിങ്ങൾക്കു മനസ്സുണ്ടോ എന്നതാണ് ചോദ്യം. അതോ ദൈവം വെച്ചിരിക്കുന്ന വ്യവസ്ഥ നിരസ്സിച്ചുകൊണ്ട് നിങ്ങൾ നിർമ്മിച്ച രക്ഷാ പദ്ധതിയുമായി നിങ്ങൾ മുന്നോട്ടു പോകുമൊ?
"ദൈവം എന്നെ സഹായിക്കട്ടെ, ഞാനതു അംഗീകരിക്കുന്നു” വളരെ വിനയാന്വിതനായ മാനേജർ മറുപടി പറഞ്ഞു, അദ്ദേഹത്തിന്റെ ആത്മാവിൽ പുതിയ വെളിച്ചം മിന്നി.
പ്രിയ സുഹൃത്തേ, നിങ്ങൾ എങ്ങനെയാണ് ? നിങ്ങളും സ്വന്തമായി ഒരു മാർഗ്ഗം നിർമ്മിക്കുകയാണോ? അങ്ങനെ മനുഷ്യ നിർമ്മിതമായ അനേക മാർഗ്ഗങ്ങൾ ഇന്ന് ലോകത്തിലുണ്ട്. അവയിൽ ചിലതിനെക്കുറിച്ച് അല്പമായി ചിന്തിക്കാം.
മതം (Religion) നിങ്ങളെ രക്ഷിക്കുകയില്ല.
തങ്ങളുടെ മതം തങ്ങളെ രക്ഷിക്കുമെന്ന് പലരും കരുതുന്നു.
ഒരു വന്ദ്യവയോധികനായ ഒരു മനുഷ്യൻ കത്തോലിക്ക മതവിശ്വാസിയായ ഒരു ന്യായാധിപയോടു ചോദിച്ചു. "മാഡം, ആത്മാവിന്റെ രക്ഷ പ്രാപിച്ച വ്യക്തിയാണോ നിങ്ങൾ?"
"അത് എനിക്കു മാമോദീസ നൽകിയ എന്റെ വൈദികനും ദൈവവും തമ്മിലുള്ള കാര്യമാണ്" രോഷാകുലയായ ന്യായാധിപ മറുപടി പറഞ്ഞു.
അവൾ റോമൻ കത്തോലിക്കാ സഭയിലെ അംഗമാണ്. തന്റെ അംഗത്വ പരിപാലനത്തിനായി അവൾ വലിയ തുക പള്ളിക്ക് എല്ലാവർഷവും നൽകുന്നു. സഭ അനുശാസിക്കുന്ന എല്ലാ ആചാരാനുഷ്ഠാനങ്ങളും വിശ്വാസിക്കുകയും അവ ആചരിച്ചുപോരുകയും ചെയ്യുന്നു. യവ്വനാരംഭത്തിൽതന്നെ കുമ്പസാരവും, കുർബ്ബാനയും, കൂദാശകളും കൃത്യമായി സ്വീകരിച്ചുപോരുന്നു. പിന്നെ അവൾ എന്തിന് അതേക്കുറിച്ചു ബേജാറാകണം? അത് അവളുടെ കാര്യമായിരുന്നില്ല; അവളെ സ്വർഗ്ഗത്തിലെത്തിക്കേണ്ടത് സഭയുടെ ഉത്തരവാദിത്വമാണ്.
അതെ, സുഹൃത്തേ, നിങ്ങളും നിങ്ങളുടെ സഭാംഗത്വത്തിൽ ഊറ്റംകൊള്ളുന്നുണ്ടാകാം. മതത്തിന് നിങ്ങളെ രക്ഷിക്കാൻ കഴിയുകയില്ല. നിങ്ങൾ ഒരു റോമൻ കത്തോലിക്കനൊ, യാക്കോബായ, ഓർത്തഡോക്സ്, ലൂഥറൻ സഭാംഗമൊ ആകാം, അല്ലെങ്കിൽ ഒരു പ്രെസ്ബിറ്റേറിയൻ, ഒരു മെത്തഡിസ്റ്റ്, ഒരു ബാപ്റ്റിസ്റ്റൊ ആകാം. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും സഭാവിഭാഗത്തിൽ പെട്ട വ്യക്തി ആയിരിക്കാം. എന്നാൽ നിങ്ങളുടെ സഭാംഗത്വം നിങ്ങളെ രക്ഷിക്കയില്ല, സഭയിൽ രക്ഷയില്ല. രക്ഷ ക്രിസ്തുവിലാണ്.
മതത്തിന് ജീവൻ നൽകാൻ കഴിയില്ല, രക്ഷിക്കപ്പെടുന്നതിന് നിങ്ങൾക്ക് ഒരു "പുതുജീവൻ" അഥവാ "വീണ്ടും ജനനം" ആവശ്യമാണ്.
നിക്കോദേമസ് ഒരു മതവിശ്വാസിയായിരുന്നു, പക്ഷേ അവൻ യേശുക്രിസ്തുവുമായി സന്ധിക്കുന്നതുവരെ രക്ഷിക്കപ്പെട്ടിരുന്നില്ല (ലൂക്കാ 7:36-50). കൊർണേലിയസ് തികഞ്ഞ മതഭക്തനായിരുന്നു. അവൻ ദൈവത്തെ ഭയപ്പെട്ടു, ദാനം നൽകി, പ്രാർത്ഥിച്ചു, ഉപവസിച്ചു, നല്ലകാര്യങ്ങൾ ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്തു; എന്നിട്ടും അവൻ നഷ്ടപ്പെട്ടവനായിരുന്നു. എന്നാൽ രക്ഷ പ്രാപിക്കേണ്ടതിന്നു അവൻ പത്രോസ് അപ്പൊസ്തലനെ വരുത്തി സുവിശേഷം കേൾക്കുകയും ക്രിസ്തുവിനെ തന്റെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു (പ്രവൃത്തികൾ 10:1-22).
പൗലോസ് ഒരുപക്ഷേ അക്കാലത്തെ ഏറ്റവും മതഭക്തനായ വ്യക്തിയായിരുന്നു. അവൻ എട്ടാം നാളിൽ പരിച്ഛേദന ഏറ്റവനും കുറ്റമറ്റ രീതിയിൽ നിയമം പാലിക്കുന്നവനും ആയിരുന്നു. ദൈവത്തിന്റെ ന്യായപ്രമാണത്തെക്കുറിച്ച് വളരെ പരിജ്ഞാനമുള്ള വ്യക്തിയും ദൈവത്തിനുവേണ്ടി തീക്ഷ്ണതതോടെ പ്രവർത്തിക്കുകയും യെഹൂദാമതത്തിനെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുകയൊ കൊല്ലുകയൊ ചെയ്യുവാൻ യാതൊരു മടിയുമില്ലാത്തവനായിരുന്നു. എന്നിട്ടും അവൻ ദൈവസന്നിധിയിൽ പാപിയായിരുന്നു. അവൻ ദൈവത്തിന്റെ രക്ഷ പ്രാപിക്കാത്ത വ്യക്തിയായിരുന്നു. തനിക്കില്ലാത്ത ദൈവത്തിന്റെ നീതിക്കുവേണ്ടി ക്രിസ്തുവിന്റെ നീതി സ്വീകരിക്കേണ്ടിവന്നു. അതെ, മതത്തിന്റെ ചട്ടക്കൂടിൽ ജീവിച്ചിരുന്ന കേവലം ഒരു പാപിയായ മനുഷ്യൻ. രക്ഷിക്കപ്പെട്ടപ്പോൾ, താൻ സ്വയം സമ്മതിച്ച സത്യം "ആ പാപികളിൽ ഞാൻ ഒന്നാമൻ" എന്നതാണ്. പൗലൊസിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, "ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ" (1 തിമൊഥെയൊസ് 1:15).
മെത്തഡിസറ്റ് സഭാസ്ഥാപകനായ ജോൺ വെസ്ലിയെപ്പോലെ മതവിശ്വാസിയായ ആരെയെങ്കിലും കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ശുശ്രൂഷകനായിരുന്നു അദ്ദേഹം. എന്നിട്ടും താൻ "വീണ്ടും ജനിച്ച" വ്യക്തിയായിരുന്നില്ലെന്ന് അദ്ദേഹം തന്നെ പറയുന്നു.
മതവിശ്വാസിയായതിനാൽ, ബൈബിൾ വായിക്കുകയും പള്ളിയിൽ പോകുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തുപോന്നതിനാൽ അദ്ദേഹം സ്വയം ക്രിസ്ത്യാനിയായി തന്നെ കണക്കാക്കി. ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂർ ബൈബിൾ വായിക്കുന്നതിനും ധ്യാനിക്കുന്നതിനുമായി നീക്കിവെച്ചിരുന്നതായി അദ്ദേഹം പറയുന്നു. അദ്ദേഹം കുർബ്ബാന സ്വീകരിച്ചു, ആന്തരിക വിശുദ്ധിക്ക് വേണ്ടി പ്രാർത്ഥിച്ചു. ബുധൻ, വെള്ളി ദിവസങ്ങളിൽ ഉപവസിച്ചു. മാത്രവുമല്ല, ഒരു മിഷനറിയായി ഇന്ത്യയിലേക്കു വരുകയും ചെയ്ത വ്യക്തി ആയിരുന്നു.
എന്നാൽ വെസ്ലി രക്ഷപ്പെട്ടിരുന്നില്ല. "ആരു എന്നെ മാനസാന്തരപ്പെടുത്തും?" അവൻ വിലപിച്ചു. ഓ, എന്തൊരു കുറ്റസമ്മതം! ഒരു മിഷനറി ആകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ: "എന്റെ സ്വന്തം ആത്മാവിനു രക്ഷയുണ്ടാകുമോ" എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭയം. എന്തൊരു ദുരന്തം! ആത്മരക്ഷക്കു താൻ കണ്ടത് തന്റെ ക്രിസ്തീയ പ്രവർത്തനങ്ങളാണ്. എന്നാൽ ആരുടേയും ഒരു പ്രവർത്തനവും അവന്റെ ആത്മരക്ഷക്ക് ഉതകുകയില്ല. ഒരു എപ്പിസ്കോപ്പാലിയ വൈദികൻ, ഭക്തിയുള്ള മതവിശ്വാസി, എന്നിട്ടും രക്ഷിക്കപ്പെടാത്തവൻ.
നിങ്ങളും ആത്മരക്ഷയ്ക്കായി നിങ്ങളുടെ മതജീവിതത്തെ ആശ്രയിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾ ഒരു തെറ്റായ അടിസ്ഥാനത്തിൽ നങ്കൂരമുറപ്പിച്ചിരിക്കുന്നു. നിങ്ങൾ ഇതുവരെ ക്രിസ്തുവിനെ അറിഞ്ഞിട്ടില്ല.
മതത്തിന് മനുഷ്യനെ രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ ക്രിസ്തു എന്തിനാണ് മരിച്ചത്? മതത്തിനു രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ കാൽവരിയുടെ ആവശ്യമെന്തായിരുന്നു? അതേ സുഹൃത്തേ, ഏക രക്ഷകനേയുള്ളു; അതു ക്രിസ്തുവാണ്, മതമല്ല.
ധാർമ്മികത (Morality) രക്ഷിക്കുകയില്ല.
ഒരു നല്ല ജീവിതം നയിക്കുന്നതുകൊണ്ടാണ് തങ്ങൾ രക്ഷ പ്രാപിക്കുന്നതെന്ന് പലരും ചിന്തിക്കുന്നു. തങ്ങളുടെ രക്ഷക്കായി അവർ അവരുടെ ധാർമ്മികതയെ ആശ്രയിക്കുന്നു. എന്റെ സുഹൃത്തേ, ധാർമ്മികത നിങ്ങളെ രക്ഷിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾ സ്വയം ഉയർത്താൻ ശ്രമിക്കുകയാണോ?
ധാർമ്മികവും നേരായതുമായ ഒരു ജീവിതത്തിനു നിങ്ങളെ രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ, ക്രിസ്തു എന്തിനാണ് ഈ ഭൂമിയിലേക്ക് വന്നതും കാൽവരിയിൽ മരിച്ചതും? ഓ, അവന്റെ മരണത്തിന് എന്ത് വിലയുണ്ട്? നിങ്ങൾക്ക് സ്വയം രക്ഷിക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് യേശുവിനെ ആവശ്യമില്ല. എന്നാൽ ആത്മാർത്ഥമായി പറഞ്ഞാൽ, നിങ്ങൾ നീതിമാനല്ലെന്ന് നിങ്ങൾ തന്നെ സമ്മതിക്കും. എന്തിന്, നിങ്ങളുടെ ചിന്തകൾ സുഹൃത്തുക്കൾപോലും അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങളുടെ ചിന്തകളെല്ലാം നെറ്റിയില്‍ display ചെയ്തിരുന്നുവെങ്കില്‍ നിങ്ങള്‍ പുറത്തിറങ്ങി നടക്കുമായിരുന്നോ?
അപ്പോൾ പിന്നെ പരിശുദ്ധനായ ദൈവത്തിന്റെ സന്നിധിയിൽ നിൽക്കാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുക?
ഉദാഹരണമായി, ഈ മുറിയിൽ പൊടി ഇല്ലെന്ന് നിങ്ങൾ എന്നോട് പറയുമൊ? സൂര്യ രശ്മി ഒരു ചെറു സുഷിരത്തിലൂടെ അകത്തേക്ക് വരട്ടെ, അപ്പോൾ കാണാം ആ പ്രകാശകിരണത്തിലുടെ ദശലക്ഷക്കണക്കിന് പൊടിശകലങ്ങൾ പാറി നടക്കുന്നത്.
നിങ്ങൾ നീതിമാനാണെന്ന് നിങ്ങൾ പറയുന്നു. എന്നാൽ ഒരു നിമിഷം ദൈവത്തിന്റെ വിശുദ്ധിയുടെ വെളിച്ചം നിങ്ങളുടെ ഹൃദയത്തിൽ പ്രവേശിക്കട്ടെ. അപ്പോൾ എന്തൊക്കെ മലിനതകളാൽ അത് നിറഞ്ഞിരിക്കുന്നുവെന്നു നിങ്ങൾക്കു കാണാം. അസൂയ, കാപഠ്യം, വഞ്ചന കോപം, പിണക്കം, ജാരശങ്ക.... ആ ലിസ്റ്റ് എത്രവേണമെങ്കിലും നീണ്ടു പോകും. ഒറ്റ വാക്കിൽ പറഞ്ഞാൽ "പാപം" നിങ്ങളെ അടിമത്വത്തിലാക്കിയിരിക്കുന്നു.
യേശു പത്രോസ്സിന്റെ വഞ്ചിയിൽ പ്രവേശിച്ചപ്പോൾ പത്രോസ് യേശുവിന്റെ കാൽക്കൽ വീണു നമസ്ക്കരിച്ചുകൊണ്ട് പറഞ്ഞത് എന്താണ് എന്നു നിങ്ങൾക്കറിയാമൊ? “കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ടുപോകേണമെ” (ലൂക്കൊസ് 5:8). അതിവിശുദ്ധനായ യേശുവിന്റെ അടുക്കൽ നിൽക്കാൻ പോലും താൻ യോഗ്യനല്ല എന്നു സമ്മതിക്കുകയാണ് പത്രൊസ് അതിലൂടെ. നീതിമാനായ ഇയ്യോബിന്റെ വാക്കുകൾ നോക്കുക: "ഞാൻ നീചൻ/I am vile" (Job 40:4). "യെശയ്യാവ് പറഞ്ഞു, "അയ്യോ ഞാൻ അരിഷ്ടമനുഷ്യൻ!/ “woe is unto me!” (Isaiah 6:5). ഈ മനുഷ്യർ ഒക്കേയും അവരുടെ കാലത്തെ ഏറ്റവും മികച്ചവരും ധാർമ്മികരും നേരുള്ളവരുമായിരുന്നു. എന്നാൽ അവർ കർത്താവിന്റെ വിശുദ്ധിയെ ദർശിച്ചപ്പോൾ തങ്ങളുടെ യഥാർത്ഥ അവസ്ഥ എന്തെന്ന് അവർക്കു ബോദ്ധ്യപ്പെട്ടു.
ഒരു പൊതു ആരാച്ചാരുടെ സാക്ഷ്യം ഇപ്രകാരമാണ്: “ഞാൻ എപ്പോഴും ദൈവഭയമുള്ള, മതവിശ്വാസിയാണ്. സത്യസന്ധവും ധാർമ്മികവുമായ ജീവിതം നയിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്, മറ്റുള്ളവരുമായുള്ള എന്റെ ഇടപാടുകളിൽ സുവർണ്ണ നിയമം പിന്തുടരാൻ ശ്രമിച്ചിട്ടുണ്ട്. ഒരു നല്ല ഭർത്താവും നല്ല പിതാവും ആകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ എവിടെയൊക്കെ പരാജയപ്പെട്ടാലും അത് ആത്മാർത്ഥമായ പരിശ്രമത്തിന്റെ കുറവുകൊണ്ടല്ല പരജയപ്പെട്ടത്.”
ഈ സാക്ഷ്യം വളരെ നല്ലതായി തോന്നുന്നു, അല്ലേ? എന്നാൽ അതിലെ പ്രശ്നമെന്താണ്? അതിലെല്ലാം മുഴങ്ങിക്കേൾക്കുന്നത് "ഞാൻ" "എന്റെ" എന്നിത്യാദി പ്രയോഗങ്ങളാണ്. സ്വന്തം സത്യസന്ധതയെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും സുവർണ്ണനിയമം പാലിക്കാനുള്ള തന്റെ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. എന്നാൽ അതിലൊന്നും ക്രിസ്തുവിനു യാതൊരു സ്ഥാനവുമില്ല. ക്രിസ്തുവിനെ ഒരിക്കല്‍ പോലും പരാമർശിച്ചിട്ടില്ല. താൻ ഒരു മതവിശ്വാസിയാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പുതുജനനത്തെക്കുറിച്ചോ ക്രിസ്തുവിനെ സ്വീകരിച്ചതിനെക്കുറിച്ചോ യാതൊരു പരാമർശവുമില്ല. അവൻ തന്റെ സ്വന്തം രക്ഷകനാകാൻ ശ്രമിക്കുന്നു, അവൻ തന്റെ വ്യക്തിപരമായ ധാർമ്മികതയിൽ പ്രത്യാശ സ്ഥാപിക്കുന്നു. എന്തൊരു തെറ്റായ അടിത്തറ. എന്നിട്ടും അവനെപ്പോലെ ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും തങ്ങളുടെ ധാർമ്മികതയിൽ പ്രത്യാശയർപ്പിക്കുന്നു.
നിങ്ങളും സ്വന്തം നീതിയിൽ നിൽക്കാൻ പോവുകയാണോ? എന്റെ സുഹൃത്തേ, നിങ്ങൾ നീതിമാനല്ലെന്ന് നിങ്ങൾക്കുതന്നെ അറിയാം. നിങ്ങൾ മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യുകയാണെങ്കിൽ, ഒരുപക്ഷെ, നിങ്ങൾ മെച്ച്ചപ്പെട്ടവനാണെന്ന് നിങ്ങള്‍ക്കു തോന്നിയേക്കാം. എന്നാൽ ദൈവത്തിന്റെ നിലവാരമനുസരിച്ച് നിങ്ങളെ അളക്കുമ്പോൾ, നിങ്ങൾ തികച്ചും കുറവുള്ള വ്യക്തിതന്നെയെന്നു നിങ്ങൾക്കു വെളിപ്പെടും! ദൈവം നമ്മിൽ നിന്നും പൂർണ്ണമായ നീതി ആവശ്യപ്പെടുന്നു, അതുള്ള ഒരാൾ മാത്രമേ ഉള്ളു. അതു യേശുക്രിസ്തുവാണ്. നിങ്ങൾ യേശുവിന്റെ നീതി ധരിക്കുന്നു എങ്കിൽ മാത്രമെ നിങ്ങൾ ദൈവമുൻപാകെ അംഗീകരിക്കപ്പെടു.
ഏദെൻ തോട്ടത്തിൽ പാപം ചെയ്ത ആദവും ഹവ്വയും ദൈവമുൻപാകെ ഇലകൾ തുന്നിക്കെട്ടിയ വസ്ത്രം ധരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടപ്പോൾ കർത്താവ് എന്താണ് ചെയ്തത്? കർത്താവ് അവർക്ക് ഒരു മൃഗത്തെകൊന്ന് അതിന്റെ തോലുകൊണ്ടുള്ള ഉടുപ്പുണ്ടാക്കി അവരെ ധരിപ്പിച്ചു. അതിനു പകരം ഇന്നു നമുക്ക് ധരിക്കുവാനായി ക്രിസ്തുവിന്റെ നീതി വസ്ത്രമാണ് ദൈവം വെച്ചു നീട്ടുന്നത്. ആ നീതിവസ്ത്രമില്ലെങ്കിൽ നിങ്ങൾ ശിക്ഷിക്കപ്പെടും. നിങ്ങളുടെ സ്വയ-നീതി തെറ്റായ അടിത്തറയാണ്; അത് ഒരിക്കലും പ്രയോജനപ്പെടുകയില്ല.
അപ്പോൾ സുഹൃത്തേ, നിങ്ങൾക്ക് ക്രിസ്തുവിനെ വേണം. അവന്റെ നീതിയുടെ വസ്ത്രം മാത്രമേ നിങ്ങളെ ദൈവസന്നിധിയിൽ നിൽക്കാൻ സഹായിക്കുകയുള്ളു.
ധൂർത്തപുത്രനെപ്പോലെ, നിങ്ങളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും കളങ്കമില്ലാത്ത വെണ്മവസ്ത്രം കൊണ്ട് അവൻ നിങ്ങളെ മറക്കുവാൻ അനുവദിക്കുകയും ചെയ്യുക. നിങ്ങളുടെ ദുരഭിമാനം മാറ്റിവെച്ച്, ക്രിസ്തു ദാനമായി നൽകുന്ന നിതിവസ്ത്രം സ്വീകരിക്കുക. നിങ്ങളുടെ ഗുണങ്ങളല്ല, അവന്റെ ഗുണങ്ങളെ അന്വേഷിക്കുക. നിങ്ങളുടെ പുണ്യപ്രവൃത്തികളൊന്നും നിങ്ങളെ രക്ഷിക്കയില്ല, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതൊന്നും ദൈവത്തോടു ബന്ധപ്പെടാൻ പ്രയോജനപ്പെടില്ല. രക്ഷിക്കുന്നത് ക്രിസ്തുവാണ്; ക്രിസ്തു മാത്രമാണ്. ഓ, നിങ്ങൾ അവന്റെ അടുക്കൽ വന്നിരുന്നെങ്കിൽ, കാൽവരിയിലെ അവന്റെ പൂർത്തിയാക്കിയ പ്രവൃത്തിയിൽ ആശ്രയിച്ചിരുന്നെങ്കിൽ, അവൻ ദാനമായി തരുന്ന രക്ഷ സ്വീകരിച്ചിരുന്നെങ്കിൽ... .. ഈ നിമിഷംതന്നെ അവനെ വിശ്വസിച്ച് രക്ഷിക്കപ്പെടുക.
കൽപ്പനകൾ (Commandments) രക്ഷിക്കുകയില്ല.
കൽപ്പനകൾ പാലിക്കുന്നതിനാൽ തങ്ങൾ രക്ഷപ്രാപിക്കുമെന്ന് ചില ആളുകൾ കരുതുന്നു.
എന്നാൽ യേശു പറഞ്ഞു, "നിങ്ങളിൽ ആരും നിയമം അനുസരിക്കുന്നില്ല," നിങ്ങളെക്കാൾ യേശുവിനെ വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ സുഹൃത്തേ, നിങ്ങൾ കൽപ്പനകൾ പൂര്‍ണ്ണമായി പാലിച്ചിട്ടില്ല. കർത്താവ് ചെയ്യരുത് എന്ന് കല്പിച്ചതും ചെയ്യണം എന്നു കൽപ്പിച്ചതും ഒന്നുപോലും വിടാതെ അനുസരിച്ച വ്യക്തിയാണോ നിങ്ങൾ? “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം" (മത്തായി 22: 37,39) എന്നു ക്രിസ്തു പറഞ്ഞതിന്റെ ആഴം നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? ഒരിക്കലും അവയെ പൂർണ്ണമായി അനുസരിച്ചിട്ടില്ലെന്ന് നിങ്ങൾക്കറിയാം. നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും സമയങ്ങളിൽ 10 കൽപ്പനകളിൽ ഒരെണ്ണം തെറ്റിച്ചിട്ടുണ്ടെങ്കിൽ ദൈവം പറയുന്നു: “നിയമം മുഴുവനും നിങ്ങൾ ലംഘിച്ചിരിക്കുന്നു."
അപ്പോൾ നിങ്ങൾ തികെച്ചും കുറ്റക്കാരനാണ്. നിങ്ങൾ അപലപിക്കപ്പെട്ടിരിക്കുന്നു. നീ ഒരു പാപിയാണ്. നീ അതിരു ലംഘിച്ചിരിക്കുന്നു, നീ പാപം ചെയതിരിക്കുന്നു. പാപത്തിന്റെ ശമ്പളമായ മരണമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
അപ്പോൾ നിങ്ങളുടെ ലംഘനത്തെപ്രതി എന്താണ് ചെയ്യാൻ പോകുന്നത്? “ഓ,” നിങ്ങൾ പറയുമായിരിക്കും, “ഞാൻ ഒരു പുതിയ ജീവിതം നയിക്കാൻ പോകുന്നു. ഞാൻ ഇനി ഒരിക്കലും കൽപ്പനകൾ ലംഘിക്കുകയില്ല.”
നിങ്ങൾ പലചരക്ക് കടയിൽ ചെന്ന് സാധനങ്ങൾ സ്ഥിരമായി കടം വാങ്ങിച്ചു കൊണ്ടിരിക്കുന്നു എന്ന് കരുതുക. ഒരു ദിവസം നിങ്ങൾ അപ്പപ്പോൾ പണം കൊടുത്തുകൊണ്ട് സാധനങ്ങൾ വാങ്ങാൻ തുടങ്ങുന്നു. അങ്ങനെ ചെയ്താൽ, നിങ്ങളുടെ മുൻപിലത്തെ കടം ഇല്ലാതാകുകയും നിങ്ങളുടെ കടം പൂർണ്ണമായി റദ്ദാകുകയും ചെയ്യുമോ? തീർച്ചയായും ഇല്ല. കടം പൂർണ്ണമായി കൊടുത്തുവീട്ടുന്നതുവരെ അത് അവശേഷിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ ഒരു ദിവസം മുതൽ അപ്പോൾ വാങ്ങുന്ന സാധനങ്ങളുടെ പണം കൊടുത്തു തുടങ്ങാം; പക്ഷേ അപ്പോഴും നിങ്ങൾ മുന്നമെ വരുത്തിവെച്ച കടം അവശേഷിക്കും. അതുപോലെ നിങ്ങൾ നിശ്ചയിക്കുന്ന ഒരു ദിവസം മുതൽ ദൈവത്തിന്റെ കൽപ്പനകൾ പാലിക്കാൻ ആരംഭിക്കാം. എന്നാൽ അതുവരെ നിങ്ങൾ ലംഘിച്ച കൽപ്പനയുടെ കാര്യമോ? ദൈവം അവയെ അവഗണിക്കുമോ? തീർച്ചയായും ഇല്ല.
നിങ്ങൾ ചെയ്ത എല്ലാ പാപത്തിനും നിങ്ങൾ പരിഹാരം ചെയ്യണം. നിങ്ങൾക്കെന്താണ് പാപത്തിന്റെ പരിഹാരമായി ദൈവത്തിനുമുമ്പാകെ വെക്കുവാനുള്ളത്? പഴയനിയമത്തിലെ പോലെ, നിങ്ങൾ പാപയാഗം അർപ്പിക്കുമൊ? അതിനെക്കുറിച്ച് ലേവ്യാ പുസ്തകം നാലാം അദ്ധ്യായം 27-31 വരെ വാക്യങ്ങളിൽ വിവരിച്ചിരിക്കുന്നതു നോക്കുക: "ദേശത്തെ ജനത്തിൽ ഒരുത്തൻ ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അബദ്ധവശാൽ പിഴെച്ചു കുറ്റക്കാരനായി തീർന്നാൽ പാപം അവന്നു ബോദ്ധ്യമായി എങ്കിൽ അവൻ ചെയ്ത പാപം നിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാടിനെ വഴിപാടായി കൊണ്ടുവരേണം. പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈ വെച്ചിട്ടു ഹോമയാഗത്തിന്റെ സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെ അറുക്കേണം. പുരോഹിതൻ അതിന്റെ രക്തം വിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തിൽനിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്തു പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവെക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കും" (ലേവ്യാ 4:27-31). ഇവിടെ നിർദ്ദേശിക്കപ്പെടുന്ന യാഗങ്ങളെല്ലാം തന്നെ മനഃപ്പൂർവ്വമല്ലാതെ പാപം ചെയ്താൽ ആ വ്യക്തി അനുഷ്ഠിക്കേണ്ട യാഗമാണ്. മനഃപ്പൂർവ്വമായി ചെയ്യുന്ന പാപങ്ങൾക്ക് പരിഹാരം അർപ്പിക്കുവാൻ ബൈബിളിലെങ്ങും ആവശ്യപ്പെടുന്നില്ല. മാത്രവുമല്ല, നിങ്ങൾ ചെയ്യുന്ന ഓരോ പാപത്തിനും ഇതുപോലെ പരിഹാരയാഗം അർപ്പിക്കണം. എന്നാൽ ഈ യാഗങ്ങൾ ക്രിസ്തുവിന്റെ ക്രൂശിലെ രക്തം ചിന്തിയുള്ള മരണത്തിന്റെ നിഴലായി അർപ്പിക്കപ്പെട്ടു പോന്നിരുന്നവയാണ്. യഥാർത്ഥ പാപപ്പരിഹാരം ക്രിസ്തുവിന്റെ ക്രൂശിലെ മരണത്തിലുള്ള വിശ്വാസത്താൽ മാത്രമെ സാദ്ധ്യമാകയുള്ളു. അതുകൊണ്ടാണ് ഹ്രെബ്രായ ലേഖനത്തിൽ നാം ഇപ്രകാരം കാണുന്നത്: "കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല." (ഹെബ്രായർ 10:4).
അതായത്, ക്രിസ്തുവിന്റെ മരണത്തെ നിങ്ങളുടെ പാപത്തിന്റെ പ്രായശ്ചിത്തമായി നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും പാപമോചനം സാദ്ധ്യമാകയില്ല എന്നാണ് ഇത് അർത്ഥമാക്കുന്നത് . ക്രിസ്തു ഒരിക്കലും കൽപ്പനകൾ ലംഘിച്ചിട്ടില്ല. അവൻ പാപരഹിതനായിരുന്നു. അവൻ ന്യായപ്രമാണം കൃത്യമായി അനുസരിച്ച വ്യക്തിയാണ്. നിങ്ങൾ പാപികളാകയാൽ, അവൻ നിങ്ങൾക്കു പകരമായി തന്റെ ജീവനെ യാഗമായി അർപ്പിച്ചു. അതുകൊണ്ടാണ് യേശുവിനെ ലോകത്തിന്റെ പാപങ്ങളെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന് യോഹന്നാൻ വിശേഷിപ്പിച്ചത്. ഈ യാഗമാണ് ഞാൻ എന്റെ പാപത്തിന്റെ പരിഹാരത്തിനായി അംഗീകരിച്ചു സ്വീകരിച്ചത്. അതാണ് എന്നെ ഒരു പുതിയ മനുഷ്യനാക്കിയത്. അതാണ് സഭയുടെ ആരംഭം മുതൽ രക്ഷിക്കപ്പെട്ട ഓരൊ വ്യക്തിയും വിശ്വസിച്ചു പോരുന്നത്. അവനെ എന്തുകൊണ്ട് നിങ്ങളുടെ രക്ഷകനായി അംഗീകരിച്ചുകൂടാ?
പ്രിയ സുഹൃത്തേ, ക്രിസ്തു നിങ്ങളുടെ പാപക്കടം കൊടുത്തു വീട്ടി. നിങ്ങൾ ലംഘിച്ച എല്ലാ കൽപ്പനകൾക്കും നിങ്ങൾ ചെയ്ത എല്ലാ പാപങ്ങൾക്കും അവൻ പ്രായശ്ചിത്തം ചെയ്തു. അതാണ് യേശുക്രിസ്തു ക്രുശിൽ കിടന്നുകൊണ്ട് പറഞ്ഞത്: സകലവും "നിവൃത്തിയായി" (It is finished) (യോഹന്നാൻ 19:30). നിവൃത്തിയായി എന്നതിനു ഗ്രീക്കിൽ "tetelastai" എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ അർത്ഥം 'Paid in full' എന്നാണ്. അതായത്, യേശു സകല പാപക്കടവും കൊടുത്തു വീട്ടിയിരിക്കുന്നു. വിശ്വസിക്കൂ, ഇതു സത്യമാണ്. ആകയാൽ യേശുവിനോട് നന്ദി പറഞ്ഞു കടം വീട്ടപ്പെട്ടവനായി പോകൂ.
ദൈവത്തിന്റെ വചനം ഇപ്രകാരം പറയുന്നു: "കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല" (എഫേസ്യർ 2:8-9). ഇത് എത്ര വ്യക്തമാണ്! “കൃപയാൽ നിങ്ങൾ വിശ്വാസത്താൽ രക്ഷിക്കപ്പെട്ടിരിക്കുന്നു" ! അതിനു നിങ്ങളുടെ പ്രവൃത്തി കാരണമല്ല, മറിച്ച് ഈ രക്ഷ ദൈവത്തിന്റെ ദാനമാണ് എന്ന് കൂടുതൽ വ്യക്തമായി പറയുന്നു. അതിന്റെ ഉദ്ദേശ്യവും വളരെ വ്യക്തമാണ്. ആരും തന്റെ പ്രവൃത്തികളാൽ പ്രശംസിക്കാതിരിക്കാൻ വേണ്ടിയാണ് ദൈവം ഇത് ദാനമായി നൽകുന്നത്.
ഒന്നു രണ്ടു വാക്യവും കൂടി നമുക്കു പരിശോധിക്കാം: " അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു" (തിത്തൊസ് 3:5).
“പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.” (റോമ. 4:5).
"പ്രവർത്തിക്കുന്നില്ല", "പ്രവൃത്തികളുടെതല്ല". എത്ര നിശ്ചയം! പാപിയായ മനുഷ്യനെ ദൈവം കാണുന്നത് ആത്മീയമായി മരിച്ചവൻ എന്ന നിലയിലാണ്. രക്ഷിക്കപ്പെടാത്ത, അതല്ലെങ്കിൽ യേശുക്രിസ്തുവിൽ തന്റെ പാപ പരിഹാരത്തിനായി വിശ്വസിക്കാത്ത വ്യക്തി "മരിച്ച" വ്യക്തിയാണ്. മരിച്ച വ്യക്തിക്കു ഒന്നും പ്രവൃത്തിക്കുവാൻ കഴിയില്ല എന്ന് നമുക്കറിയാം. അതുപോലെ പാപത്തിന്റെ ക്യാൻസർ ബാധിച്ച വ്യക്തിക്ക്, ഒരു നിയമപുസ്തകമല്ല ആവശ്യമായിരിക്കുന്നത്, നിങ്ങൾക്കു ജീവനും ആരോഗ്യവും തരുന്ന "ഒരാളെയാണ്" നിങ്ങൾക്ക് വേണ്ടത്.
പ്രിയ സുഹൃത്തേ, ആ വ്യക്തി ക്രിസ്തു ആണ്. അവൻ ആ ദൗത്യം ഏറ്റെടുത്തു, ക്രൂശിലെ തന്റെ മരണത്താൽ, നമ്മുടെ മരണത്തെ അവൻ വഹിച്ചു; അവനിൽ പാപമില്ലാതിരുന്നതിനാൽ ദൈവം അവനെ ഉയർത്തെഴുന്നേൽപ്പിച്ചു. ഇന്ന് ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് തന്റെ ജീവൻ-നിത്യജീവൻ ദാനമായി നൽകുന്നു.