നിത്യജീവൻ

Salvation Series_03
P M Mathew
DEC 31,2019
Do you want to become children of God?
ദൈവമക്കളാകുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവൊ?
അതിനായി അപ്പൊസ്തലായ യോഹന്നാൻ എഴുതിയ സുവിശേഷം അതിന്റെ ഒന്നാം അദ്ധ്യായം 12-ാം വാക്യം നമുക്കു വായിക്കാം.
യോഹന്നാന്‍ 1:12
"അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു."
ക്രിസ്തു വിശ്വാസികളെ ദൈവമക്കളായി തിരിച്ചറിയുന്നു എന്നത് എത്രയൊ അതിശയകരമായ സംഗതിയാണ്. ഇങ്ങനെയുള്ള ഒരു തിരിച്ചറിവ് അതീവ പ്രാധാന്യമർഹിക്കുന്നതും ഒരുവന്റെ ജീവിതത്തെ മാറ്റി മറിക്കുന്നതുമായ സത്യമാകയാൽ ഇക്കാര്യം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
നോക്കൂ, എല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ദൈവം തന്റെ കുടുംബത്തിലേക്ക് ദത്തെടുക്കുന്ന ആളുകൾ മാത്രമാണ് ദൈവത്തിന്റെ മക്കൾ. ആ വലിയ "ദൈവശാസ്ത്രപരമായ സത്യമാണ്" ഈ വേദഭാഗം നമ്മോടു പറയുന്നത്.
യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരാളായ യോഹന്നാനാണ് ഈ സുവിശേഷം എഴുതിയത്. അദ്ദേഹം യഹൂദനാണെങ്കിലും യഹൂദന്മാരും യഹൂദരല്ലാത്ത ജാതികളുമായ ഒരു സമ്മിശ്ര പ്രേക്ഷകർക്കാണിത് എഴുതുന്നത്. ഇതിനു തൊട്ടുമുമ്പുള്ള വാക്യത്തിൽ, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമായ അബ്രഹാമിന്റെ സന്തതിപരമ്പരയിൽ പെട്ട ഇസ്രായേല്യർ യേശുവിനെ തിരസ്ക്കരിച്ചുവെന്ന് യോഹന്നാൻ പറയുന്നു, തുടർന്ന്, "അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും" (“But to all who did receive him,...) എന്ന് കൂട്ടിച്ചേർക്കുന്നു. യോഹന്നാന്റെ സുവിശേഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിലൊന്ന്, യേശുവിൽ വിശ്വസിക്കുന്ന "ഏവനും" അവർക്ക് യഹൂദരക്തമോ യഹൂദേതരരക്തമോ ആയിരുന്നാലും ദൈവത്തിന്റെ മക്കൾ എന്ന പദവി ലഭിക്കുന്നു എന്നത്.
1. സ്വഭാവികമായി ആരും ദൈവമക്കളല്ല.
എല്ലാ മനുഷ്യരും ദൈവത്തിന്റെ സൃഷ്ടികളാണെന്നും (കൊലോസ്യർ 1:16) ദൈവം ലോകത്തെ മുഴുവൻ സ്നേഹിക്കുന്നുവെന്നും (യോഹന്നാൻ 3:16) ബൈബിളില്‍ വ്യക്തമാണ്, എന്നാൽ വീണ്ടും ജനിച്ചവർ മാത്രമേ ദൈവത്തിന്റെ മക്കളാകുന്നുള്ളു (യോഹന്നാൻ 1:12; 11: 52; റോമർ 8:16; 1 യോഹന്നാൻ 3:1-10).
തിരുവെഴുത്തുകളിൽ, "നഷ്ടപ്പെട്ടവരെ" അഥവാ "മാനസാന്തരപ്പെടാത്ത പാപികളെ" ഒരിക്കലും ദൈവത്തിന്റെ മക്കളായി പരാമർശിക്കുന്നില്ല. എഫെസ്യർ 2:3 നമ്മോട് പറയുന്നത് രക്ഷിക്കപ്പെടുന്നതിന് മുമ്പ് നമ്മൾ "പ്രകൃതിയാൽ കോപത്തിന്റെ മക്കളായിരുന്നു" (എഫേസ്യർ 2:1-3) എന്നാണ്.
ഇസ്രായേൽ ജനത തങ്ങളെ അബ്രഹാമിന്റെ സന്തതികളെന്നും ആകയാൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന് അഭിമാനിച്ചിരുന്നവരും അതിൽ സുരക്ഷിതത്വം കണ്ടെത്തിയിരുന്നവരുമാണ്. അവരോടാണ് അപ്പോസ്തലനായ പൗലൊസ് പറയുന്നത് നിങ്ങൾ ജഡപ്രകാരം അബ്രഹാമിന്റെ സന്തതിയായി ജനിച്ചു എന്ന കാരണത്താൽ ദൈവമക്കളാകുന്നില്ല എന്ന്. പൗലോസ് റോമർ 9:8 പറയുന്നത് ശ്രദ്ധിച്ചാൽ ഇത് നമുക്ക് വ്യക്തമാകും. “ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കളെന്ന്" പിന്നയൊ "വാഗ്ദത്തപ്രകാരം ജനിച്ച മക്കളെ"യാണ് ദൈവത്തിന്റെ മക്കളായി എണ്ണുന്നത്. അതായത്, യിസഹാക്ക് ദൈവത്തിന്റെ വാഗ്ദത്തപ്രകാരം ജനിച്ച മകനും യിസ്മായേൽ ജഡപ്രകാരം ജനിച്ച മകനുമായിരുന്നു. പിന്നീട് യിസ്മായേലിനെ അബ്രാഹം പുറത്താക്കുകയും യിസഹാക്കിനു സകല അവകാശങ്ങളും നൽകുകയും ചെയ്യുന്നതായി നാം വായിക്കുന്നു. വാഗ്ദത്തപ്രകാരം ജനിച്ച മക്കൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വാസമർപ്പിക്കുന്നവരെയാണ്. ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കാതെ യിസഹാക്കിന്റെ സന്തതിപരമ്പരകളിൽ ജനിച്ചാലും ദൈവത്തിന്റെ മക്കളായി തീരുകയില്ല എന്നാണ് ഇത് അർത്ഥമാക്കുന്നത്.
യെഹുദനും യിസ്രായേലിന്റെ മധുരഗായകനും രാജാവുമായ ദാവിദ് തന്നെക്കുറിച്ചുതന്നെ പറയുന്നത്: "ഇതാ, ഞാന്‍ അകൃത്യത്തില്‍ ഉരുവായി, പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു എന്നാണ്." ദൈവത്തിന്റെ മക്കളായി ജനിക്കുന്നതിനുപകരം, നാം പാപത്തിൽ ജനിക്കുന്നു, അത് നമ്മെ ദൈവത്തിൽ നിന്ന് വേർപെടുത്തുകയും ദൈവത്തിന്റെ ശത്രുവായ സാത്താനോട് നമ്മെ ബന്ധിപ്പിക്കുകയും ചെയ്യുന്നു (യാക്കോബ് 4:4; 1 യോഹന്നാൻ 3:8). യേശു പറഞ്ഞു, “ദൈവം നിങ്ങളുടെ പിതാവാണെങ്കിൽ, നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു, കാരണം ഞാൻ ദൈവത്തിൽ നിന്നാണ് വന്നത്, ഞാൻ സ്വയമായി വന്നതല്ല; അവൻ എന്നെ അയച്ചിരിക്കുന്നു” (യോഹന്നാൻ 8:42). കുറച്ച് വാക്യങ്ങൾക്ക് ശേഷം യോഹന്നാൻ 8:44-ൽ, യേശു പരീശന്മാരോട് പറയുന്നു; "നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു.” രക്ഷിക്കപ്പെടാത്തവർ ദൈവമക്കളല്ല എന്ന വസ്തുത 1 യോഹന്നാൻ 3:10-ലും കാണാം: “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല." ഇതാണ് ഏതൊരു മനുഷ്യന്റേയും സ്വാഭാവിക അവസ്ഥ. അതിൽ യെഹൂദനെന്നൊ ജാതീയനെന്നൊ വ്യത്യാസമില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് ദൈവമക്കളായി തീരുവാൻ കഴിയുക.
ദൈവമകനാകാൻ/ദൈവമകളാകുവാൻ നാം യേശുവിനെ സ്വീകരിക്കുവനാണ് യോഹന്നാൻ പറയുന്നത്. എങ്ങനെയാണ് ഒരുവനെ ദൈവപൈതലാക്കി തീർക്കുന്നത് എന്നു നോക്കാം.
2. യേശുക്രിസ്തുവിന്റെ ക്രുശിൽ ചൊരിഞ്ഞ രക്തമാണ് അതിനവനെ യോഗ്യനാക്കുന്നത്.
അതിനായി നമുക്ക് മനുഷ്യചരിത്രത്തിലേക്കു ഒരു തിരിഞ്ഞുനോട്ടം നടത്തേണ്ടതുണ്ട്. അതു നമുക്ക് ഉൽപ്പത്തി പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളില്‍ നിന്നും ലഭിക്കും.
ദൈവം മനുഷ്യനെ സൃഷ്ടിച്ച് വളരെ മനോഹരവും സമ്പൽസമൃദ്ധവുമായ ഏദെൻ തോട്ടത്തിലാക്കുന്നു. അവർക്ക് ആഹാരത്തിനായി ദൈവം അനേകം വൃക്ഷഫലങ്ങളും നൽകി. ദൈവത്തിന്റെ സാന്നിദ്ധ്യവും അവിടെ സമൃദ്ധമായിരുന്നു. തോട്ടത്തിന്റെ നടുവിൽ വളരെ പ്രത്യേകതയുള്ള രണ്ടു വ്യക്ഷങ്ങള്‍ ഉണ്ടായിരുന്നു. "ജീവന്റെ വൃക്ഷവും" "നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവുമായിരുന്നു" ആ രണ്ടു വൃക്ഷങ്ങൾ. അതിൽ നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം അവർ തിന്നരുത് എന്ന് ദൈവം അവരെ കര്‍ശനമായി വിലക്കിയിരുന്നു. ദൈവത്തിന്റെ വചനം ഈ വൃക്ഷഫലങ്ങൾക്ക് ചില പ്രത്യേകതകൾ നൽകിയിരുന്നു. ഈ വൃക്ഷങ്ങൾ കേവലം വൃക്ഷങ്ങളെക്കാളുപരി ചില ആത്മീയ സത്യങ്ങളെ പ്രതിനിധാനം ചെയ്യുന്നവയായിരുന്നു.
ജീവന്റെ വൃക്ഷഫലത്തിന്റെ പ്രത്യേകത എന്തെന്നാൽ, അതിന്റെ വൃക്ഷഫലം തിന്നാൽ അവർ ഒരിക്കലും മരിക്കയില്ല, ജീവനോടിരിക്കും എന്നതാണ്. അതായത്, ദൈവത്തോടുള്ള ബന്ധം നിലനിർത്തി, അവന്റെ വചനം കേട്ട്, അവന്റെ പാതയിൽ സഞ്ചരിച്ചാൽ എന്നേക്കും ജീവിക്കുവാൻ സാധിക്കും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദൈവമാണ് അവരുടെ ജീവദാതാവ്. അവർക്ക് ജീവൻ നിലനിൽക്കണമെങ്കിൽ എപ്പോഴും ദൈവത്തോടുള്ള ബന്ധത്തിൽ ജീവിക്കണം. ദൈവത്തിൽ നിന്ന് അകന്നുപോയാൽ അവർക്ക് മരണമുണ്ടാകും. പരിശുദ്ധനായ ദൈവത്തിൽ നിന്നും ഒരുവനെ അകറ്റുന്നത് ദൈവത്തോടുള്ള അനുസരണക്കേട് അഥവാ പാപമാണ്. "നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങൾ അത്രേ അവൻ കേൾക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കുമാറാക്കിയതു" (യെശയ്യ 59:2) എന്ന് യെശയ്യാവും പറയുന്നു. ഇവിടെ സമാന്തരമായി പറഞ്ഞിരിക്കുന്ന "അകൃത്യങ്ങൾ" എന്ന വാക്കും "പാപങ്ങൾ "എന്ന വാക്കും സമാനാശയം ഉൾക്കൊള്ളുന്നു. ദൈവം പറയുന്നത് സത്യമാണെന്നും അതു വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നത് അവരുടെ നന്മക്കാണ് എന്നും വിശ്വസിക്കണം. അവിടെ അവിശ്വാസം കടന്നുവന്നാൽ, അനുസരണക്കേടും മരണവും സംഭവിക്കും.
നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെവൃക്ഷം പ്രതിനിധാനം ചെയ്യുന്നത്, മനുഷ്യൻ സ്വയം നന്മ തിന്മകളെ തീരുമാനിക്കുക എന്നതാണ്. സ്വയം നന്മ തിന്മകളെ തീരുമാനിക്കുക. നന്മയെന്താണ് തിന്മയെന്താണ് എന്ന് വ്യക്തമായി അറിയാവുന്നത് സർവ്വജ്ഞാനിയായ ദൈവത്തിനു മാത്രമാണ്. ആ ദൈവത്തോടു ആലോചന കഴിച്ചുവേണം മനുഷ്യൻ നന്മ തിന്മകളെ തീരുമാനിക്കുവാൻ. അതിനു വിരുദ്ധമായി സ്വന്തം ജ്ഞാനത്തിൽ മനുഷ്യൻ നന്മ തിന്മകളെ തീരുമാനിക്കുന്നു എന്നതാണ് നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വ്യക്ഷഫലം തിന്നാൽ സംഭവിക്കുന്നത്. അതുകൊണ്ടാണ് ദൈവം നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നരുത് എന്ന് വിലക്കിയത്.
എന്നാൽ അധികം കഴിയുന്നതിനുമുന്നമെ ഏദൻ തോട്ടത്തിൽ ഒരു പാമ്പ് പ്രത്യക്ഷപ്പെടുന്നു. ഈ പാമ്പ് ദൈവത്തോടു മത്സരിച്ച്, സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് ദൈവം തള്ളിക്കളഞ്ഞ ഒരു ദൂതനാണ്. "പിശാച്" എന്നാണ് ഈ ദൂതനെ ബൈബിൾ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ പിശാചിന്റെ ജോലി മനുഷ്യരെ ദൈവത്തിനെതിരെ തിരിച്ച് തന്റെ ആജ്ഞാനുവർത്തികളാക്കി തീർക്കുക എന്നതാണ്. മനുഷ്യൻ പാപം ചെയ്യുന്നതിൽ ഒരു നിർണ്ണായക ശക്തിയായി പ്രവർത്തിക്കുന്നത് പിശാചാണ്. മനുഷ്യർ പിശാചിനെ അനുസരിക്കുകയും അവനെ ആരാധിക്കുകയും ചെയ്യണം എന്നതാണ് അവന്റെ ആഗ്രഹം. എന്നാൽ അനുസരവും ആരാധനയും ദൈവത്തിനുമാത്രം നല്കേണ്ട ഒന്നാണ്; കാരണം ദൈവമാണ് നമ്മുടെ സൃഷ്ടാവ്.
എന്നാൽ പിശാച് ഒരു പാമ്പിന്റെ രൂപത്തിൽ ഏദെനിൽ പ്രത്യക്ഷപ്പെടുകയും ഹവ്വയെ സമീപിച്ച് അവളോടു നന്മതിന്മകളുടെ അറിവിന്റെ വ്യക്ഷഫലം തിന്നാൽ നിങ്ങൾ നിശ്ചയമായും മരിക്കയില്ല; മാത്രവുമല്ല നിങ്ങൾ ദൈവത്തെപോലെ ആയിത്തീരുകയും ചെയ്യും എന്ന് പറഞ്ഞ് വഞ്ചിച്ചു. സാത്താൻ നുണയനും അവന്റെ വാഗ്ദത്തങ്ങൾ വഞ്ചനാപരവുമാണ് എന്ന് പലരും ഓർക്കാറില്ല. ചില താത്ക്കാലിക സന്തോഷങ്ങൾക്കായി പാപം ചെയ്യുന്നവർ പിന്നീട് അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നു എന്നത് ഒരു ചരിത്ര യാഥാർത്ഥ്യമാണ്. അങ്ങനെ മനുഷ്യർ ദൈവത്തിന്റെ വാക്കുകളെ അവിശ്വസിക്കയും പിശാചിന്റെ വാക്കുകളെ വിശ്വസിക്കയും ചെയ്തുകൊണ്ട് പഴം പറിച്ചു തിന്നുകയും ദൈവത്തോടു അനുസരണക്കേട് അഥവാ പാപം ചെയ്യുകയും ചെയ്തു. അതിനു ശിക്ഷയായി ദൈവം അവരെ ഏദെനിൽ നിന്നു പുറത്താക്കുന്നു. അന്നു ദൈവം പറഞ്ഞത് വിശ്വസിക്കാതിരുന്നതിന്റെ പരിണതഫലമാണ് മനുഷ്യവർഗ്ഗം മുഴുവൻ ഇന്ന് അനുഭവിക്കുന്ന സകല കഷ്ടതകളുടേയും മരണത്തിന്റെ മൂല കാരണം.
മനുഷ്യനെ ഏദെന്തോട്ടത്തിനു വെളിയിലാക്കുവാൻ മറ്റൊരു കാരണവും കൂടിയുണ്ട്. പാപം ചെയ്ത മനുഷ്യൻ ജീവന്റെ വൃക്ഷഫലം തിന്ന് പാപാവസ്ഥയിൽ എന്നേക്കും ജീവിക്കാതെ ഇരിക്കുന്നതിനും വേണ്ടിയാണ് അവരെ ആ നിലയിൽ പുറത്താക്കുന്നത്. അതും ദൈവത്തിന്റെ മഹാകരുണയുടെ ഒരു പ്രദർശനമാണ്. എന്നാൽ ദൈവം അവരെ എന്നന്നേക്കും തള്ളിക്കളയാതെ തന്റെ മഹാസ്നേഹത്തിൽ ഒരു വാഗ്ദത്തം അവർക്കു നൽകി. ആ വാഗ്ദത്തം എന്നത് മനുഷ്യനെ അവന്റെ പാപാവസ്ഥയിൽ നിന്നും അതിന്റെ ഫലമായുള്ള മരണത്തിൽ നിന്നും രക്ഷിക്കുവാനായി സ്ത്രീയുടെ സന്തതിയായി വരുന്ന ഒരു രക്ഷകനെ എഴുന്നേൽപ്പിക്കും എന്നതാണ്. ആ രക്ഷകനിൽ വിശ്വസിക്കുന്നവർ രക്ഷപ്രാപിക്കുകയും തിരികെ ജീവനിലേക്ക് പ്രവേശിക്കുകയും ചെയ്യും.
ആ രക്ഷകനെ ഈ ഭൂമിയിലേക്ക് കൊണ്ടുവരുവാൻ ദൈവം ജാതികളിൽ നിന്നും ഒരു മനുഷ്യനെ വിളിച്ച് വേർതിരിക്കുന്നു. ആ വ്യക്തിയാണ് അബ്രാഹം. അദ്ദേഹത്തിന്റെ സന്തതി പരമ്പരകളിൽ നിന്ന് രക്ഷകനായ യേശു ജനിക്കും. സകലവും യഥാസ്ഥാനത്താക്കുന്ന ആ രക്ഷകനെക്കുറിച്ചുള്ള പ്രവചനമാണ് പഴയനിയമത്തിൽ ഉടനീളം നാം തുടർന്ന് കാണുന്നത്. ആ പ്രവചനങ്ങളുടെയെല്ലാം നിവൃത്തിയാണ് യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലേക്കുള്ള വരവ്. അവൻ കന്യകയിൽ നിന്നു ജനിച്ചതിനാൽ ആദാമ്യപാപം അഥവാ ജന്മപാപം അവനെ തീണ്ടിയില്ല. മാത്രവുമല്ല അവന്‍ പാപരഹിതമായ ഒരു ജീവിതം നയിച്ചുകൊണ്ട് നീതിമാനായി ഈ ഭൂമിയിൽ ജീവിച്ചു. അവസാനം അവൻ മനുഷ്യന്റെ പാപത്തിന്റെ ശിക്ഷയായ മരണം ഏറ്റെടുത്തുകൊണ്ട് കാല്വരി ക്രൂശിൽ മരിച്ചു. അവൻ മരിച്ചു എന്നതിന്റെ അടയാളമായി അടക്കപ്പെട്ടു. എന്നാൽ അവൻ സാത്താനെയും മരണത്തെയും പരാജയപ്പെടുത്തി മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു. ഇന്നവൻ പിതാവിനോടൊപ്പം സ്വർഗ്ഗത്തിൽ ജീവിക്കുന്നു. അവനിൽ വിശ്വസിക്കുന്നവർക്ക് ദൈവത്തിൽ നിന്നും പാപമോചനവും നിത്യജിവനും ലഭിക്കുന്നു. അവനെ തിരികെ ദൈവത്തിന്റെ ഭവനത്തിലേക്ക് ചേർക്കുന്നു. അങ്ങനെ അവർ ദൈവത്തിന്റെ മക്കളായി തീരുന്നു. അവർക്ക് ദൈവത്തെ പിതാവെ എന്നു വിളിക്കുവാനുള്ള ഭാഗ്യം ലഭിക്കുന്നു. അവർക്ക് ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുന്നു. അവർ പാപത്തിന്റെ ശിക്ഷയിൽ നിന്നു വിടുതൽ പ്രാപിച്ചതിനാൽ ദൈവത്തോടു നന്ദിയുള്ളവരായി ദൈവത്തെ മഹത്വപ്പെടുത്തി തങ്ങളുടെ ശേഷിക്കുന്ന കാലം ജീവിക്കയും മരണശേഷം ഒരു തേജസ്ക്കരിക്കപ്പെട്ട ശരീരത്തോടെ ഉയർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിൽ എന്നേക്കും ജീവിക്കുകയും ചെയ്യും. ഇതാണ് ബൈബിൾ നൽകുന്ന നല്ല വാർത്ത അഥവാ സുവിശേഷം.
3. ദൈവമക്കളായി തീരുവാൻ നിങ്ങളെന്തു ചെയ്യണം?
ഈ സത്യം വിശ്വസിക്കുകയും യേശുവിനെ തങ്ങളുടെ രക്ഷിതാവും കർത്താവുമായി സ്വീകരിക്കുകയും ചെയ്യുന്നവർ ദൈവമക്കളായി തീരും എന്ന അതിശയകമായ സത്യമാണ് യോഹന്നാൻ ഈ ലോകത്തോടു അറിയിക്കുന്നത്. താങ്കൾ ഇതു വിശ്വസിക്കുമൊ? വിശ്വസിക്കുന്നുവെങ്കിൽ ഇനി പറയുന്ന പ്രാർത്ഥന ചൊല്ലുക.
കർത്താവായ ദൈവമെ, ഞാനൊരു പാപിയായ മനുഷ്യനാണ്. എനിക്കു ന്യായമായി ലഭിക്കേണ്ടത് നരകശിക്ഷയാണ്. എന്നാൽ യേശുക്രിസ്തു എനിക്കു പകരക്കാരനായി എന്‍റെ പാപത്തിന്റെ ശിക്ഷ ഏറ്റെടുത്തുകൊണ്ട് കാല്വരിയിലെ കുരിശില്‍ മരിച്ചു അടക്കപ്പെട്ടു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ ഒരു ദൈവപൈതലായി അവിടുത്തെ ഭവനത്തിലേക്ക് സ്വീകരിക്കേണമെ. ആമേൻ.
അങ്ങനെ ദൈവത്തിന്റെ സകല അനുഗ്രഹങ്ങൾക്കും ഉടമയായി തീരുവാൻ സ്വർഗ്ഗത്തിലെ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.