നിത്യജീവൻ

Salvation Series_02
P M Mathew
DEC 31,2019
How to be born again?
എങ്ങനെയാണ് വീണ്ടും ജനിക്കുക?
സ്വർഗ്ഗ രാജ്യത്തിൽ കടക്കുക എന്നത് മനുഷ്യനായി ജനിച്ച ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. കാരണം, ഈ ലോകജീവിതം എന്നു പറയുന്നതു ക്ഷണികവും അതിന്റെ ബഹുഭൂരിപക്ഷവും കഷ്ടവും സങ്കടവും വേദനകളുമാണ്. അതിൽ നിന്നും വിടുതൽ ആഗ്രഹിക്കുക എന്നത് സ്വഭാവികമാണ്. അതുകൊണ്ട് ഈ ജീവിതത്തിനപ്പുറമായി, മറ്റൊരു ജീവിതമുണ്ടോ? ഉണ്ടെങ്കിൽ അതിൽ എങ്ങനെയാണ് പങ്കാളിയായി തീരാൻ കഴിയുക? അതിനു കർത്താവായ യേശുക്രിസ്തു നൽകുന്ന ഉത്തരമെന്തണ് എന്നു നമുക്കു നോക്കാം.
അതിനായി, യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായം 1-5 വരെ വാക്യങ്ങൾ വായിക്കാം:
യോഹന്നാന്‍ 3:1-5
"1 പരീശന്മാരുടെ കൂട്ടത്തിൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളോരു മനുഷ്യൻ ഉണ്ടായിരുന്നു. 2 അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്വാദൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു. 3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല” എന്നു ഉത്തരം പറഞ്ഞു. 4 നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. 5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല."
യേശുക്രിസ്തു ചെയ്ത ചില അത്ഭുതങ്ങൾ കണ്ടിട്ട് അവനോടു കൂടെ ദൈവമിരിക്കുന്നതു കൊണ്ടാണ് തനിക്കിതൊക്കേയും സാദ്ധ്യമാകുന്നത് (2) എന്ന് അറിഞ്ഞിരുന്നതുകൊണ്ടാണ് നിക്കൊദേമോസ് യേശുവിന്റെ അടുക്കൽ വരുവാൻ മനസ്സുവെച്ചത്. ഏതായാലും അദ്ദേഹത്തിന്റെ ആഗ്രഹം മനസ്സിലാക്കി യേശു അവനോടു പറയുന്നു: ആമേൻ, ആമേൻ ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല” എന്ന്.
1. നീ വീണ്ടും ജനിക്കണം? Why you should born-again?
ആമേൻ, ആമേൻ എന്ന് യേശു ആവർത്തിച്ചു പറയുന്നത് കാര്യത്തിന്റെ ഗൗരവത്തെ എടുത്തുകാണിക്കാനാണ്. “തീർച്ചയായും, തീർച്ചയായും” ഞാൻ നിന്നോട് പറയുന്നു “നീ വീണ്ടും ജനിക്കണം.” എങ്കിൽ മാത്രമെ ദൈവരാജ്യത്തിൽ കടപ്പാൻ നിനക്കു കഴിയുകയുള്ളു.
നിക്കോദേമോസ് വീണ്ടും ജനിക്കണം എന്നു കേട്ടപ്പോൾ താനതിനെ ആക്ഷരീക അർത്ഥത്തിലാണ് മനസ്സിലാക്കിയത്. അതുകൊണ്ട് തന്റെ മനസ്സിലേക്കു വന്ന സംശയം ഒരു ചോദ്യമായി തന്നിൽ നിന്നു പുറത്തു വരുന്നു. " മനുഷ്യൻ വ്യദ്ധനായശേഷം ജനിക്കുന്നതെങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ?" അതു യേശുവിൽ നിന്നും കൂടുതൽ ആ വിഷയം മനസ്സിലാക്കുന്നതിനു സഹായിച്ചു.
“വിണ്ടൂം ജനിക്കുക” എന്നു പറഞ്ഞാൽ, മാനസാന്തരപ്പെടുക, ക്രിസ്തുവിനു ജീവിതത്തെ സമർപ്പിക്കുക, രക്ഷിക്കപ്പെടുക എന്നൊക്കെ പറയാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്രിസ്തു നിങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നുണ്ടോ? നിങ്ങൾ വീണ്ടും ജനിച്ച വ്യക്തിയാണോ?
“നിങ്ങൾ വീണ്ടും ജനിക്കണം” എന്ന് യേശു പറഞ്ഞപ്പോൾ നിക്കോദേമോസ് സ്തബ്ധനായി കാണും. കാരണം, അദ്ചുദേഹം തികഞ്ഞ ഒരു മതഭക്തനും വേദസാസ്ത്രിയുമാണ്. നികുതി പിരിവുകാരനായ സക്കായിയോടോ, ക്രൂശിലെ കള്ളനോടോ, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോടോ ക്രിസ്തു പറഞ്ഞിരുന്നെങ്കിൽ അത് ഞെട്ടിക്കുന്നതായി തോന്നുമായിരുന്നില്ല. അല്ലേ. എന്നാൽ നിക്കോദേമോസ് അക്കാലത്തെ മികച്ച മതനേതാക്കളിൽ ഒരാളായിരുന്നു. എന്നിട്ടും യേശു അദ്ദേഹത്തോടു നീ വീണ്ടും ജനിച്ചൊ എന്നു ചോദിച്ചു. കാരണം അദ്ദേഹം യാഥാർത്ഥ്യത്തിനായി തിരയുകയായിരുന്നു.
നിങ്ങൾ പള്ളിയിൽ പോകുന്നവരായിരിക്കാം, എന്നാൽ ദൈവരാജ്യത്തിൽ കടക്കാനുള്ള മാർഗ്ഗം നിങ്ങൾ ഇപ്പോഴും തിരയുകയാണോ? നിങ്ങളുടെ ഹൃദയത്തിൽ ഒരു ശുന്യതയുണ്ട്. ആ ശൂന്യത നിങ്ങളുടെ ഉള്ളിൽ നിന്നും നിങ്ങൾക്കു ദൈവവുമായുള്ള ബന്ധം ശരിയല്ല എന്ന് പറയുന്നുമുണ്ട്.
നിക്കോദേമോസ് ആഴ്ചയിൽ രണ്ട് ദിവസം ഉപവസിച്ചു. എല്ലാ ദിവസവും രണ്ടു മണിക്കൂർ പ്രാർത്ഥനയിൽ ചെലവഴിച്ചു. അദ്ദേഹം തനിക്കു കിട്ടുന്ന സമ്പത്തിന്റെ എല്ലാം ദശാംശം പള്ളിക്കു നൽകി. എന്നിട്ടും നിക്കോദേമോസിനോടു നീ വീണ്ടും ജനിക്കണം എന്ന് യേശു പറഞ്ഞത് എന്തുകൊണ്ട്? കാരണം യേശുവിനു നിക്കോദേമോസിന്റെ ഹൃദയം വായിക്കാൻ കഴിഞ്ഞു. നിക്കോദേമോസ് തന്റെ മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിവൃത്തിച്ചു ജീവിച്ചവനെങ്കിലും ദൈവവുമായുള്ള കൂട്ടായ്മ തനിക്കില്ലെന്ന് യേശു കണ്ടു.
2. നമ്മുടെ പ്രശ്നം-“പാപം” Our Problem: SIN
നമ്മുടെ പ്രശ്നങ്ങളുടെ മൂലകാരണം നുണയും വഞ്ചനയും വെറുപ്പും മുൻവിധിയും സാമൂഹിക അസമത്വവും യുദ്ധവും-അങ്ങനെ ലോകത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം മനുഷ്യന്റെ ഹൃദയമാണ്. യിരമ്യാ പ്രവാചകനു പറഞ്ഞു “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ? (യിരമ്യ 17:9). യേശു പറഞ്ഞു, “വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു നിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു” (മത്തായി 15:18). പ്രശ്നം നമ്മുടെ ഹൃദയത്തിലാണെന്ന് യേശു പറഞ്ഞു; നമ്മുടെ ഹൃദയം മാറേണ്ടതുണ്ട്.
സൈക്കോളജിസ്റ്റുകൾ, സോഷ്യോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ എന്നിവരെല്ലാം മനുഷ്യരാശിയിൽ എന്തോ കുഴപ്പമുണ്ടെന്ന് തിരിച്ചറിയുന്നു. തിരുവെഴുത്തിലെ പല വാക്കുകളും അതിനെ വിവരിക്കുന്നു. ‘അതിക്രമം’ എന്ന പദം: “പാപം ന്യായപ്രമാണത്തിന്റെ ലംഘനമാണ്” (1 യോഹന്നാൻ 3: 4). മോശെയുടെ ന്യായപ്രമാണം അഥവാ പത്തു കല്പനകളിൽ ഏതെങ്കിലും ഒരെണ്ണം നിങ്ങൾ എപ്പോഴെങ്കിലും ലംഘിച്ചിട്ടുണ്ടോ? അവ ലംഘിച്ചാൽ നിങ്ങൾ കുറ്റക്കാരാണ് (യാക്കോബ് 2:10).
“പാപം” എന്ന വാക്ക് “ലക്ഷ്യം തെറ്റുക” എന്ന അർത്ഥം നൽകുന്നു. നമ്മുടെ കടമയിൽ നിന്ന് അകന്നുപോകുക, നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിൽ പരാജയപ്പെടുക തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്നു. “എല്ലാ അനീതിയും പാപമാണ്” എന്ന് ബൈബിൾ പറയുന്നു (1 യോഹന്നാൻ 5:17). മാത്രവുമല്ല, സ്വർഗത്തിൽ പ്രവേശിക്കുന്നതിനു നാം ദൈവത്തെപോലെ വിശുദ്ധിയുള്ളവരായിരിക്കണം. ദൈവം പറയുന്നു, “ഞാൻ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിപ്പിൻ” (മത്തായി 5:48, 1 പത്രോസ് 1:16).
വിശുദ്ധി
ആ പൂർണത, ആ വിശുദ്ധി നമുക്ക് എവിടെ നിന്ന് ലഭിക്കും? അത് ഇപ്പോൾ നമുക്കില്ല. അത് ഇല്ലെങ്കിൽ നമുക്ക് സ്വർഗത്തിൽ പ്രവേശിപ്പാൻ കഴിയില്ല. അതുകൊണ്ടാണ് ക്രിസ്തു ക്രൂശിൽ മരിച്ചത്; അവൻ തന്റെ രക്തം ചൊരിഞ്ഞു മരിച്ചു, നമ്മേ നീതീകരിക്കുവാനായി ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു.
മറ്റൊരു വാക്ക് അകൃത്യം, അതായത് നേരായ പാതയിൽ നിന്ന് വ്യതിചലിക്കുക. യെശയ്യാവു പറഞ്ഞു, “നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോകുന്നു; നാം ഓരോരുത്തരും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി ”(യെശയ്യാവു 53: 6).
ബൈബിൾ പറയുന്നു, “അതുകൊണ്ട്, ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു” (റോമർ 5:12). തന്മൂലം, ഓരോ വ്യക്തിക്കും സമൂലമായ മാറ്റം ആവശ്യമാണ്. നമ്മുടെ പാപങ്ങൾ ക്ഷമിക്കണം; നാം ദൈവത്തിന്റെ നീതി വസ്ത്രം ധരിക്കേണം. അതിനു നിങ്ങൾ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കണം. അവൻ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല.
3. എന്താണ് പുതുജനനം ? What does it mean to born again?
ഇനി എന്താണ് പുതുജനനം എന്നു നോക്കാം. നിക്കോദേമോസും ഈ ചോദ്യം ചോദിച്ചു: “ഒരു മനുഷ്യന് പ്രായമാകുമ്പോൾ അവനു എങ്ങനെ വീണ്ടും ജനിക്കാം?” ഒരു കറുത്ത പശുവിന് എങ്ങനെ പച്ച പുല്ല് തിന്നാനും വെളുത്ത പാൽ ഉത്പാദിപ്പിക്കാനും കഴിയും? എനിക്കതു മനസ്സിലാകുന്നില്ല എന്ന കാരണത്താൽ, ഞാൻ ഇനി ഒരിക്കലും പാൽ കുടിക്കില്ല” എന്നു പറഞ്ഞാൽ “നിങ്ങൾക്ക് ഭ്രാന്താണ്” എന്ന് ആളുകൾ പറയും.
എനിക്ക് അത് മനസ്സിലാകുന്നില്ല എങ്കിലും ഞാൻ അത് വിശ്വാസത്താൽ അംഗീകരിക്കുന്നു. നിക്കോദേമോസിന് ഭൗതികവും ദൃശ്യവുമായ കാര്യം മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ, എന്നാൽ യേശു സംസാരിക്കുന്നത് അദൃശ്യമായ ആത്മീയതയെക്കുറിച്ചാണ്.
വീണ്ടും എങ്ങനെയാണ് സാദ്ധ്യമാകുന്നത്? നമുക്ക് പുതുജനനം പൈതൃകമായി അവകാശമാക്കാൻ കഴിയില്ല. വീണ്ടും ജനിക്കുന്നവർ “അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിക്കുന്നത്” (യോഹന്നാൻ 1:13). നമ്മുടെ പിതാക്കന്മാരും അമ്മമാരും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യാനികളായിരിക്കാം, പക്ഷേ അത് നമ്മെ വീണ്ടും ജനിച്ച ക്രിസ്ത്യാനികളാക്കില്ല. ഒരു ക്രിസ്തീയ ഭവനത്തിൽ ജനിച്ചതിനാൽ അവർ യാന്ത്രികമായി ക്രിസ്ത്യാനികളാണെന്ന ധാരണ പലർക്കും ഉണ്ട്. എന്നാൽ അവർ വീണ്ടും ജനിച്ചവരല്ല.
നമുക്ക് നമ്മുടെ അദ്ധ്വാനത്തിലൂടെ ദൈവത്തിലേക്കുള്ള വഴി പ്രാവർത്തികമാക്കാൻ കഴിയില്ല. ബൈബിൾ പറയുന്നു: “അവൻ നമ്മേ നാം ചെയ്ത നീതി പ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചത്. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണം കൊണ്ടും തന്നേ”(തീത്തോസ് 3: 5). നവീകരണം കൊണ്ടുമാത്രം കാര്യമില്ല. അതായത്, “ഞാൻ ഇന്നുമുതൽ ഒരു നല്ലമനുഷ്യനാകാൻ പോകുന്നു” അല്ലെങ്കിൽ “ഞാൻ പുതുവത്സര തീരുമാനങ്ങൾ എടുക്കാൻ പോകുന്നു” എന്ന് നമുക്ക് പറയാൻ കഴിയും.
എന്നാൽ യെശയ്യാവ് ദൈവസന്നിധിയിൽ “നമ്മുടെ നീതികളെല്ലാം മലിനമായ പഴന്തുണിക്കഷണങ്ങൾ പോലെയാണ്” (യെശയ്യാവു 64: 6). ആന്തരീകമായ യാതൊരു വ്യതിയാനവുമില്ലാതെ, നമ്മുടെ ബാഹ്യമായ പെരുമാറ്റത്തിലൊ, ചില സാമൂഹിക മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ചില ജീവിതരീതികളിലൊ വ്യത്യാസം വരുത്തുന്നവരുണ്ട്. യേശു നിക്കോദേമോസിനോട് സംസാരിച്ചത് അതാണ്. അദ്ദേഹം പറഞ്ഞു, “നിക്കോദേമോസെ, നിനക്കു അകം മാറേണ്ടതുണ്ട്,” നിന്റെ ഹൃദയത്തിനു വ്യത്യാസം വരേണ്ടതുണ്ട്. പരിശുദ്ധാത്മാവിന് മാത്രമേ അത് ചെയ്യാൻ കഴിയു. ഉയരത്തിൽ നിന്ന് ജനിക്കുന്നത് ദൈവത്തിന്റെ അമാനുഷിക പ്രവർത്തനമാണ്. നമ്മുടെ പാപത്തെക്കുറിച്ച് പരിശുദ്ധാത്മാവ് നമ്മെ ബോധ്യപ്പെടുത്തുന്നു; നാം ദൈവത്തിനെതിരെ പാപം ചെയ്തതിനാൽ അവൻ നമ്മെ കുറ്റംവിധിക്കുന്നു. പരിശുദ്ധാത്മാവ് നമ്മെ പാപത്തെക്കുറിച്ചു ബോദ്ധ്യം വരുത്തുകയും അതിൽ നിന്നു വിട്ടുതിരിയുവാൻ നമ്മേ പ്രേരിപ്പിക്കയും ചെയ്യുന്നു; അപ്പോഴാണ് നാം വീണ്ടും ജനിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ സഹായിക്കാൻ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തിൽ വസിക്കുന്നു. ദൈവാത്മാവ് നമ്മുടെ പാപം ക്ഷമിച്ചുകിട്ടി എന്ന് ഉറപ്പ് നൽകുന്നു, സന്തോഷം നൽകുന്നു, നമ്മുടെ ജീവിതത്തിൽ ഫലം പുറപ്പെടുവിക്കുന്നു, തിരുവെഴുത്തുകൾ മനസ്സിലാക്കുവാൻ നമ്മേ സഹായിക്കുന്നു.
ചില ആളുകൾ ക്രിസ്തുവിനെ അനുകരിക്കാൻ ശ്രമിക്കുന്നു. നാം ചെയ്യേണ്ടത് യേശുവിനെ അനുഗമിക്കാനും അവിടുത്തെ പ്രവൃത്തികൾ ചെയ്യാൻ ശ്രമിക്കുകയും അതുവഴി, അവർക്ക് സ്വർഗത്തിൽ പ്രവേശിക്കാമെന്ന് കരുതുകയും ചെയ്യുന്നു. എന്നാൽ അതിനവർക്കു
കഴിയില്ല. ഭക്തിഗാനങ്ങൾ നാം പാടുന്നവരായിരിക്കാം. നാം പല പ്രാർത്ഥനകൾ ചൊല്ലുന്നുണ്ടാകാം. ചില നന്മ പ്രവൃത്തികൾ ചെയ്തു പോരുകയും ചെയ്തേക്കാം. എന്നാൽ അവർ കുരിശിന്റെ ചുവട്ടിൽ അഥവാ ക്രിസ്തുവിന്റെ അടുക്കൽ വന്നിട്ടില്ലെങ്കിൽ, തങ്ങൾ വീണ്ടും ജനിച്ചിട്ടില്ല. അതാണ് യേശു നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്ന സന്ദേശം. വീണ്ടും ജനിക്കുക എന്നതിനർത്ഥം “[ദൈവം] നിങ്ങൾക്ക് ഒരു പുതിയ ഹൃദയം നൽകുകയും നിങ്ങളുടെ ഉള്ളിൽ ഒരു പുതിയ ആത്മാവിനെ നൽകുകയും ചെയ്യും” (യെഹെസ്‌കേൽ 36:26). “പഴയ കാര്യങ്ങൾ കഴിഞ്ഞുപോയി; ഇതാ, എല്ലാം പുതിയതായിരിക്കുന്നു ”(2 കൊരിന്ത്യർ 5:17).
നാം “ദൈവിക സ്വഭാവത്തിൽ പങ്കാളികളാണ്” (2 പത്രോസ് 1: 4); നാം “മരണത്തിൽ നിന്ന് ജീവനിലേക്ക് കടന്നു” (യോഹന്നാൻ 5:24). പുതിയ ജനനം നമ്മുടെ ചിന്തയിലും ജീവിതരീതിയിലും സമൂലമായ മാറ്റം വരുത്തുന്നു.
രഹസ്യം
പുതിയ ജനനത്തിന് ഒരു രഹസ്യമുണ്ട്. യേശു പറഞ്ഞു, “കാറ്റ് ആഗ്രഹിക്കുന്നിടത്ത് വീശുന്നു, അതിന്റെ ശബ്ദം നിങ്ങൾ കേൾക്കുന്നു, പക്ഷേ അത് എവിടെ നിന്ന് വരുന്നു, എവിടേക്കാണ് പോകുന്നതെന്ന് പറയാൻ കഴിയില്ല” (യോഹന്നാൻ 3: 8). എന്നാൽ നിങ്ങൾക്ക് ഫലം കാണാൻ കഴിയും.
നിക്കോദേമോസിനോടു പുതിയ ജനനത്തെക്കുറിച്ചു വിശദീകരണത്തിനു യേശു തുനിഞ്ഞില്ല; നമ്മുടെ പരിമിതമായ മനസ്സിന് അനന്തമായത് മനസ്സിലാക്കാൻ കഴിയില്ല. ശിശുസമാനമായ ലളിതമായ വിശ്വാസത്താൽ ക്രിസ്തുവിന്റെ അടുക്കൽ വരിക; യേശുക്രിസ്തുവിൽ വിശ്വസിക്കുക. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങൾ വീണ്ടും ജനിക്കുന്നു.