നിത്യജീവൻ

Salvation series_06
P M Mathew
DEC 31,2019
Baptism
വിശ്വാസസ്നാനം
കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസിച്ചു രക്ഷപ്രാപിച്ച ഓരോ വിശ്വാസിയും യേശുക്രിസ്തുവിനോടു ചേരുവാനുള്ള സ്നാനം സ്വീകരിക്കേണ്ടതാവശ്യമാണ്. കാരണം ഇത് കർത്താവിന്റെ ഒരു കൽപ്പനയാണ്. ഇതിനു ആഹ്വാനം ചെയ്യുന്ന ഒരു വേദഭാഗത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്. അതിനായി മത്തായി 28:18-19 വായിക്കാം
മത്തായി 28:18-19
"18യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു 19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.”
1. കർത്താവിന്റെ കൽപ്പന
കർത്താവായ യേശുക്രിസ്തു മരിച്ച്, ഉയർത്തെഴുനേറ്റ് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പ് തന്റെ ശിഷ്യന്മാർക്ക് നൽകിയ പ്രേഷിത പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് താനിതു പറയുന്നത്. തനിക്കു ഇതു പറയുവാനുള്ള യോഗ്യതയെ കുറിച്ചു പറഞ്ഞശേഷമാണ് കർത്താവ് ഈ കൽപ്പന നൽകുന്നത്. യേശു (ശിഷ്യന്മാരുടെ) അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു" അതായത്, തനിക്കു നൽകപ്പെട്ട അധികാരത്തിന്റെ വെളിച്ചത്തിലാണ് ഈ കൽപ്പന താൻ നൽകുന്നത്.
"നിങ്ങൾ ഭൂലോകമെല്ലാം പോയി 'സുവിശേഷം' അറിയിക്കുവിൻ. വിശ്വസിക്കുന്നവരെ സ്നാനം കഴിപ്പിച്ച് ശിഷ്യരാക്കുവിൻ" എന്നതാണ് ഈ കൽപ്പന എന്നത്.
ആദ്യമായി 'സുവിശേഷം' എന്താണെന്ന് നോക്കാം. 1 കൊരി 15:2-4 വാക്യങ്ങളിൽ അപ്പൊ പൗലൊസ് അതിനെക്കുറിച്ചു വളരെ വ്യക്തമായി പറയുന്നുണ്ട്; “യേശു നിങ്ങളുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു, അടക്കപ്പെട്ടു തിരുവഴുത്തുകളിൻ പ്രാകാരം ഉയർത്തെഴുനേറ്റു.” ഇതാണു സുവിശേഷം. ഇതാണ് മനുഷ്യരെ അവരുടെ പാപത്തിന്റെ ശിക്ഷയിൽ നിന്നു വിടുവിച്ച് ജീവനിലേക്കു നയിക്കുന്ന സുവിശേഷം.
അതിനുവേണ്ടിയാണ് യേശു ക്രൂശിൽ മരിച്ചത്? നിങ്ങളുടെ പാപത്തിന്റെ ശിക്ഷ ഏറ്റുവാങ്ങിയാണ് യേശു ക്രൂശിൽ മരിച്ചത്. പാപത്തിന്റെ ശമ്പളം മരണമാണ് (റോമർ 6:23). 'മരണം' എന്നാൽ വേർപാട് എന്നർത്ഥം. അതിൽ ആത്മീയവും ഭൗതികവുമായ വേർപാട് ഉൾപ്പെടുന്നു. പാപം ചെയ്യുന്ന വ്യക്തി ദൈവത്തിൽ നിന്നു വേർപെടുന്നു. ജീവന്റെ ഉറവിടമായ ദൈവത്തിൽ നിന്നു അകലുന്നത് ക്രമേണ അവനെ ശാരീരിക മരണത്തിലേക്കു നയിക്കുന്നു. മരണത്തിനുശേഷം അവന്റെ പാപത്തിനു പരിഹാരം വരുത്തുവാൻ യാതൊരു മാർഗ്ഗവുമില്ല. ആയതിനാൽ അവൻ ദൈവത്തിനു മുൻപാകെ ന്യായവിധിക്കായി നിൽക്കേണ്ടി വരും. അതിനെക്കുറിച്ച് ഹെബ്രായലേഖനം 9: 27 ൽ നാം വായിക്കുന്നത് ഇപ്രകാരമാണ്: " ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ." അതായത്, മരണശേഷം ഒരു വ്യക്തിയെ കാത്തിരിക്കുന്നത് ദൈവത്തിന്റെ ന്യായവിധിയാണ്. അങ്ങനെ ദൈവത്തിന്റെ അന്ത്യന്യായവിധിയിലുടെ അവൻ നിത്യനരകത്തിലേക്കു തള്ളപ്പെടുന്നു. അങ്ങനെ മരണം നിത്യമരണമായി മാറുന്നു.
അങ്ങനെ പാപിയും മരണത്തിനു അധീനനുമായ വ്യക്തിയെ രക്ഷിക്കുവാൻ വേണ്ടിയാണ് യേശു ക്രൂശിൽ മരിച്ചത്. നിങ്ങളുടെ സ്ഥാനത്താണ് യേശു ശിക്ഷ ഏറ്റെടുത്തത്. നിങ്ങൾക്കു പകരക്കാരനായാണ് യേശുക്രിസ്തു മരിച്ചത്. പാപിയായ ഒരു മനുഷ്യൻ മാനസാന്തരപ്പെട്ട് ദൈവത്തിന്റെ വാഗ്ദത്ത മശിഹയായ യേശുവിൽ വിശ്വസിക്കുമ്പോൾ ദൈവം അവനു പാപമോചനവും നിത്യജീവനും ദാനമായി നൽകുന്നു. ഇതാണ് സുവിശേഷം.
“മാനസാന്തരപ്പെടുക” എന്നു പറഞ്ഞാൽ, പാപത്തെ വിട്ട്, പാപത്തിന്റെ പാത വിട്ട്, ദൈവത്തിലേക്കു തിരിയുക എന്നാണ്. മാനസാന്തരവും വിശ്വാസവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ്. മാനസാന്തരപ്പെട്ട വ്യക്തി പാപത്തോടു ഒരു വെറുപ്പ് തങ്ങളുടെ ഹൃദയത്തിൽ സൂക്ഷിക്കേണ്ടതാണ്. കാരണം വിശുദ്ധനായ ദൈവം പാപത്തെ വെറുക്കുന്നു. ദൈവത്തോടു അടുക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തി തന്റെ ജീവിതത്തിൽ പാപത്തെ വെറുത്തുപേക്ഷിക്കണം.
ഒരു വ്യക്തി കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം വിശ്വസിച്ച് രക്ഷിക്കപ്പെട്ടാൽ അവൻ അടുത്തതായി ഇവിടെ ചെയ്യുവാൻ ആവശ്യപ്പെട്ടിരിക്കുന്ന കാര്യം ആ വ്യക്തിയെ ശിഷ്യനാക്കുക\ശിഷ്യയാക്കുക എന്നതാണ്. വിശ്വസിക്കുന്ന സകല ജാതിയേയും ശിഷ്യപ്പെടുത്തുവാനാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ശിഷ്യനാക്കുക എന്നതിന്റെ ആദ്യ പടി സ്നാനമാണ്.
2. വിശ്വാസസ്നാനം
കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു പാപമോചനവും നിത്യജീവനും പ്രാപിച്ച ഒരു വ്യക്തിയെയാണ് ബൈബിളിൽ സ്നാനപ്പെടുത്തുവാൻ ആവശ്യപ്പെടുന്നത്. ആയതിനാൽ സ്നാനം എന്നത് ശിശുക്കൾക്ക് നൽകുന്ന ഒന്നല്ല. എന്നാൽ ഇന്ന് പല സമുദായങ്ങളും 'മാമോദിസ' എന്ന പേരിൽ ശിശുക്കൾക്ക് സ്നാനം നൽകുന്നു. എന്നാലത് വചനവിരുദ്ധമായ സംഗതിയാണ്. കാരണം ശിശുക്കൾ എന്താണ് വിശ്വസിക്കേണ്ടത് എന്ന് അറിയുന്നില്ലല്ലൊ. അതുപോലെ മുതിർന്ന വ്യക്തിയാണെങ്കിലും യേശുക്രിസ്തുവിൽ വിശ്വസിക്കാത്ത ഒരു വ്യക്തി സ്നാനം സ്വീകരിച്ചതുകൊണ്ട് താൻ രക്ഷിക്കപ്പെടുകയില്ല.
യേശുവിനെ രക്ഷിതാവായി സ്വീകരിച്ച ഓരോ വിശ്വാസിയും ക്രിസ്തീയസ്നാനം സ്വീകരിക്കണം എന്നുള്ളത് കർത്താവിന്റെ കൽപ്പനയാണ്. വിശ്വസിച്ച് സ്നാനം സ്വീകരിക്കുക എന്നുള്ളത് ഒരു ഐഛിക വിഷയമല്ല. നിർബന്ധവിഷയമാണ്. അതായത്, വേണമെങ്കിൽ സ്വീകരിച്ചാൽ മതി അല്ലെങ്കിൽ വേണ്ട എന്ന നിലപാട് സ്വീകരിക്കുവാൻ അനുവാദമില്ല. ഇതൊരു നിർബന്ധ വിഷയമാണ്. കാരണം, ഇവിടെ യേശുക്രിസ്തുവിന്റെ കൽപ്പന സകല ജാതികളേയും ശിഷ്യരാക്കുവാനാണ്. അതിൽ നിന്ന് ആരേയും ഒഴിച്ചു നിർത്തിയിട്ടില്ല. അപ്പൊ പ്രവർത്തികൾ പരിശോധിച്ചാൽ വിശ്വസിച്ച എല്ലാവരും സ്നാനമേറ്റു എന്നു നമുക്കു കാണാവുന്നതാണ്. പെന്തക്കോസ്തു നാളിൽ വിശ്വസിച്ച മൂവായിരം പേരും സ്നാനമേറ്റതായിട്ടാണ് അപ്പൊ 2:38-41 ൽ നാം കാണുന്നത്. ശമരിയ പട്ടണത്തിൽ വിശ്വസിച്ച പുരുഷന്മാരും സ്ത്രീകളും സ്നാനമേറ്റു (അപ്പൊ 8:12). ശിഷ്യനായി തീരുന്നതിനുള്ള ആദ്യപടിയാണ് സ്നാനം.
3. സ്നാനം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ്.
സ്നാനപ്പെടുത്തുന്നത് എങ്ങനെയെന്നാണ് ഈ വാക്യത്തിന്റെ ആരംഭത്തിൽ കാണുന്നത്. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും .... കൊണ്ടാണ്.” അതായത്, സ്നാനം ത്രീയേക ദൈവത്തിന്റെ നാമത്തിലാണ് നൽകേണ്ടത്. അതായത്, പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ് സ്നാനം നൽകേണ്ടത്.
സ്നാനശുശ്രൂഷ ജലത്തിൽ നിമഗ്നനം ചെയ്താണ്. മൂലഭാഷയിൽ 'ബാപ്റ്റിസൊ' (baptizo) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ അർത്ഥം മുങ്ങുക, നിമഗ്നനം ചെയ്യുക എന്നൊക്കെയാണ്. യേശുക്രിസ്തുവിനോടുകൂടെയുള്ള മരണം, അടക്കൽ, ഉയിർപ്പ് എന്നി യാഥാർത്ഥ്യങ്ങളെ പ്രകടമാക്കുവാൻ നിമഗ്നനം വഴിയുള്ള സ്നാനത്തിനു മാത്രമെ കഴിയു. വെള്ളത്തിനടിയിലേക്ക് പോകുന്ന സ്നാനാർത്ഥി ശവക്കുഴിയിലേക്ക് താഴ്ത്തുന്ന മൃതദേഹത്തിന്റെയും, വെള്ളത്തിനുള്ളിൽ പൂർണ്ണമായി നിമഗ്നനം ചെയ്യുമ്പോൾ മണ്ണുകൊണ്ടു മൂടിയ മൃതദേഹത്തിന്റേയും, വെള്ളത്തിൽ നിന്നു വീണ്ടും പുറത്തുവരുമ്പോൾ പുനരുത്ഥാനം കൈവരിച്ച യേശുവിന്റെയും ചിത്രമാണ് പ്രദർശിപ്പിക്കുന്നത്, സ്നാപക യോഹന്നാനും ശിഷ്യഗണങ്ങളും ധാരാളം വെള്ളമുള്ള സ്ഥലത്ത് സ്നാനം കഴിപ്പിച്ചതായി യോഹന്നാൻ 3:23 ലും അപ്പൊ 8:36-38 ലും നാം വായിക്കുന്നു.
ഒരുവൻ സ്നാനപ്പെടുവാൻ ജലത്തിൽ മുങ്ങുന്നു എന്നു മാത്രമല്ല, പിതാവായ ദൈവത്തോടും പുത്രനായ ദൈവത്തോടും പരിശുദ്ധാത്മായ ദൈവത്തോടും അവിടെ സന്നിഹിതായി ഇരിക്കുവാനുള്ള ഒരു ആത്മാർത്ഥമായ അപേക്ഷ കുടി നാം അതിലൂടെ കഴിക്കുന്നു. അതുകൂടാതെ, ത്രീയേക ദൈവത്തിന്റെ രക്ഷാകരപ്രവർത്തിയെക്കുറിച്ച് എന്ത് പറയുന്നുവൊ അതു സത്യവും യാഥാർത്ഥ്യവുമായി തീരട്ടെ എന്ന അപേക്ഷയും അതിനു പിന്നിലുണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവും ഇല്ലാതെ രക്ഷയില്ല. അവരുടെ നാമം വിളിച്ചപേക്ഷിക്കുമ്പോൾ നാം ത്രീയേക ദൈവത്തിൽ ആശ്രയിക്കുകയും, ത്രീയേക ദൈവത്തെ മാനിക്കയും ഈയൊരു പ്രവർത്തി അവരാലും അവർക്കുവേണ്ടിയും അവരാലും നടത്തപ്പെടുന്നു എന്നുമാണ് പറയുന്നത്.