top of page
Salvation Series 10
MAR 29, 2026
P M Mathew
Palm Sunday
കുരുത്തോല പെരുന്നാൾ

മത്തായി 21:6-11

"6 ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,
7 കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു.
8 പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി.
9 മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.
10 അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.
11 ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു."

മത്തായി 21:6-11-ൽ യേശുവിന്റെ ജറുശലേമിലേക്കുള്ള വിജയ പ്രവേശനത്തെക്കുറിച്ച് വിവരിക്കുന്നു, അവിടെ അവൻ ഒരു കഴുതപ്പുറത്ത് യെരുശലേമിലേക്കു പ്രവേശിച്ചുകൊണ്ട് സഖരിയ പ്രവചനം നിവൃത്തിക്കുന്നു: “സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു” (സഖ 9:9). കുതിരപ്പുറത്ത് സകലത്തേയും കീഴടക്കുന്ന ഒരു മശിഹയെ അല്ല നാമവിടെ കാണുന്നത്; മറിച്ച്, സമാധാനപരവും എളിമയുള്ളതുമായ ഒരു രാജാവിനെയാണ് അവനിൽ നാം കാണുന്നത്. ജനക്കൂട്ടം അവനെ വാഗ്ദത്ത രാജാവും മിശിഹായുമായി സ്വീകരിക്കുന്നു. അവർ തങ്ങളുടെ വസ്ത്രങ്ങളും ഒലിവുകൊമ്പുകളും വഴിയിൽ വിരിച്ച് "ഹോശന്ന" എന്ന് ആർത്തുകൊണ്ട് അവനെ ആഘോഷപൂർവ്വം കൈക്കൊള്ളുന്നു. അവന്റെ വരാനിരിക്കുന്ന ക്രൂശീകരണത്തിന് തൊട്ടുമുൻപുള്ള നഗരത്തിലെ ഈ പരസ്യവും സന്തോഷകരവുമായ ഘോഷയാത്ര ആവേശം ജനിപ്പിക്കുന്നു.

എന്നാൽ ഒരാഴ്ചക്കുള്ളിൽ യേശു ക്രൂരമായി കൊലചെയ്യപ്പെട്ടു. യേശു തന്റെ എന്തെങ്കിലും കുറ്റമൊ, പാപമോ കൊണ്ടായിരുന്നില്ല ഈ നിലയിൽ വധിക്കപ്പെട്ടത്. താൻ കുരുടർക്കു കാഴ്ചയും; മുടന്തർക്കു സൗഖ്യവും; കുഷ്ഠരോഗികൾക്ക് ശുദ്ധിയും; ചെകിടർക്ക് കേൾവിയും; മരിച്ചവരെ ഉയിർപ്പിച്ചും ദരിദ്രരോടു സുവിശേഷം അറിയിച്ചും വന്നു. എന്നാൽ ജനം അവനെ കേവലം ഒരു രാഷ്ടീയ മശിഹ ആയിട്ടാണ് കണ്ടത്. അതായത്, അവൻ അവരെ റോമാക്കാരുടെ ആധിപത്യത്തിൽ നിന്നും വിടുവിക്കുന്ന ദാവീദിനെപോലെയുള്ള വീരപരാക്രമിയായ ഒരു രാജാവായിട്ടാണ്. പഴയനിയമത്തിൽ മശിഹയെക്കുറിച്ച് വ്യക്തമായ പ്രവചനമുണ്ടായിരുന്നെങ്കിലും അവരതു നന്നായി മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ട് അവർ യേശുവിനെ തെറ്റിദ്ധരിച്ചു. ബൈബിൾ എത്ര ശ്രദ്ധയോടെ വായിക്കണം എന്ന കാര്യം ഇത് നമ്മേ ഓർമ്മിപ്പിക്കുന്നു. ദൈവത്തിന്റെ പദ്ധതി മനുഷ്യന്റെ ചിന്തയിൽ നിന്നും വിചാരങ്ങളിൽ നിന്നും എത്ര ഉന്നതമായിരിക്കുന്നു എന്ന കാര്യം നാം ഓർക്കണം. മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങളെ ഏറ്റെടുത്ത് മരിച്ച് അവരെ പാപത്തിന്റെ അടിമത്വത്തിൽ വിടുവിക്കുക എന്നതായിരുന്നു യേശുവിന്റെ ഒന്നാമത്തെ വരവിന്റെ ലക്ഷ്യം. പാപമാണ് മനുഷ്യന്റെ മുഖ്യപ്രശ്നം. അതിനു പരിഹാരം വരുത്തുവാൻ പാപിയായ മനുഷ്യനു കഴിയുകയില്ല. അതുകൊണ്ടാണ് യേശു സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു വന്നത്. പാപരഹിതനായ യേശു മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങളെ ഏറ്റെടുത്തതുകൊണ്ട് ക്രുശിൽ നമുക്ക് പകരക്കാരനായി മരിച്ചു. ഈ യേശുവിനെ നിങ്ങളുടെ രക്ഷകനും കർത്താവുമായി സ്വീകരിക്കുന്നുവെങ്കിൽ പാപമോചനവും നിത്യജീവനും സൌജന്യമായി നിങ്ങൾ പ്രാപിക്കും. കാരണം നിങ്ങളുടെ പാപത്തിന്റെ ശിക്ഷയാണ് അവൻ കുരിശിൽ വഹിച്ചത്. അവന്റെ സ്നേഹത്തിന്റെ ആഴം നിങ്ങൾ ഗ്രഹിക്കുന്നുവൊ? നിങ്ങൾ നിങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യേശുവിനെ നിങ്ങളെ രക്ഷിതാവും കർത്താവുമായി സ്വീകരിക്കുമൊ? ഇപ്പോൾ നിങ്ങൾ അതു ചെയ്യുന്നുവെങ്കിൽ യേശുവിന്റെ രണ്ടാം വരവിൽ അവൻ തന്റെ ആക്ഷരീക രാജ്യം ഈ ഭൂമിയിൽ സ്ഥാപിക്കുമ്പോൾ നിങ്ങൾ മരണത്തെ പരാജയപ്പെടുത്തി തേജസ്ക്കരിക്കപ്പെട്ട ശരീരത്തോടെ ഉയർത്തെഴുന്നേറ്റ് അവനോടുകൂടെ അവന്റെ രാജ്യത്തിൽ വാഴും. അതുകൊണ്ട് യേശുവിനെ കുറിച്ചുള്ള സുവിശേഷം നിങ്ങൾ വിശ്വസിക്കുക. അതിനു ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കട്ടെ.

*******

© 2020 by P M Mathew, Cochin

bottom of page