top of page
Salvation series_11
MAR 30, 2027
P M Mathew
Temple Cleaning
ദേവാലയശുദ്ധീകരണം

അതിനായി ലുക്കൊസിന്റെ സുവിശേഷം 19:45-48 വരെ വാക്യങ്ങൾ നമുക്കു വായിക്കാം.

ലുക്കൊസ് 19:45-48

"പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു വിൽക്കുന്നവരെ പുറത്താക്കിത്തുടങ്ങി: എന്റെ ആലയം പ്രാർത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീർത്തു” എന്നു അവരോടു പറഞ്ഞു. അവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി. എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാൽ എന്തു ചെയ്യേണ്ടു എന്നു അവർ അറിഞ്ഞില്ല."

യെരുശലേമിൽ പ്രവേശിച്ച യേശു ആദ്യമായി ചെയ്യുന്നത് ദേവാലയ ശുദ്ധീകരണമാണ്. അത് ദേശത്തിന്റെ അപ്പോഴത്തെ അധഃപ്പതനത്തിന്റെ ഒരു ചിത്രവും കൂടിയാണ് നൽകുന്നത്. യേശു ഒരു പ്രവാചകനായി പ്രവർത്തിക്കുകയും അവിടെ നടക്കുന്ന കാര്യങ്ങളെ അപലപിക്കാൻ പ്രവചന ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നു. തീർത്ഥാടകർക്ക് യാഗങ്ങൾ അർപ്പിക്കാൻ ആവശ്യമായ വിവിധ വസ്തുക്കൾ (ഉദാ. മൃഗങ്ങൾ, വീഞ്ഞ്, എണ്ണ, ഉപ്പ്, പ്രാവുകൾ) എന്നിവ വ്യാപാരികൾ അവിടെ വിറ്റുകൊണ്ടിരുന്നു. കൂടാതെ, പണമിടപാടുകാർ തോറ (പുറപ്പാട് 30:11-14) ആവശ്യപ്പെടുന്ന പകുതി ഷെക്കൽ ക്ഷേത്ര നികുതിക്കായി റോമൻ, ഗ്രീക്ക് നാണയങ്ങൾ കൈമാറ്റം ചെയ്തു. ഈ ഇടപാടുകൾക്ക് അന്തർനിർമ്മിത ചാർജുകൾ ഉണ്ടായിരുന്നു, പണത്തിന്റെ ഒരു ഭാഗം മഹാപുരോഹിതന്റെ കുടുംബത്തിലേക്ക് പോയി. അങ്ങനെയവർ ദേവാലയത്തെ ഒരു വാണിഭശാലയാക്കി അധഃപ്പതിപ്പിച്ചിരുന്നു. പഴയനിയമ ഉദ്ധരണികളിലൂടെ യേശു ഈ ആചാരങ്ങളെ അപലപിക്കുന്നു: യെശയ്യാവ് 56:7 ൽ ജാതികളിൽ നിന്നും മാനസാന്തരപ്പെട്ടുവരുന്നവർ ഇതിനെ ഒരു ദൈവാലയമായി കാണുമെന്ന പ്രതീക്ഷ വിവരിക്കുന്നു. എന്നാൽ ആ പ്രതീക്ഷ യിസ്രായേൽ മതനേതൃത്വം നഷ്ടമാക്കിയിരിക്കുന്നു. അതിന്റെ രോഷപ്രകടനമാണ് യേശു നടത്തിയത്. പിതാവായ ദൈവത്തിന്റെ ആലയത്തോടുള്ള തന്റെ എരിവാണ് അവിടെ ദൃശ്യമാകുന്നത്.

അതേസമയം യിരെമ്യാവ് 7:11 ൽ ഇസ്രായേലിന്റെ കാപട്യത്തെയും ദേവാലയ ആരാധനയിലെ അനീതിയെയും പ്രവാചകൻ അപലപിക്കുന്നു. യിരെമ്യാവ് നിർവചിച്ച യാഥാർത്ഥ്യത്തിൽ ദൈവം അസ്വസ്ഥനാണ്. എന്നാൽ യേശു യിരെമ്യാവിനേക്കാൾ അധികം മുന്നോട്ട് പോകുന്നു: ആലയത്തിൽ അമിതമായ വാണിജ്യ താൽപ്പര്യമുള്ളവർക്കെതിരെ അവൻ ശാരീരികമായി പ്രവർത്തിക്കുന്നു. അവരെ ചാട്ടവാറുകൊണ്ട് അടിച്ച് അവരെ പുറത്താക്കുന്നു . അവരുടെ മേശകൾ മറിച്ചിടുന്നു. ഇത്രയും കോപത്തോടെ മറ്റൊരു അവസരവും ഉണ്ടായിരുന്നില്ല.

വിശുദ്ധ ക്ഷേത്ര സ്ഥലത്ത് അത്തരമൊരു പ്രവൃത്തി ഒന്നാം നൂറ്റാണ്ടിൽ ദൈവദൂഷണമായി കണക്കാക്കപ്പെട്ടിരിക്കാം (E. Sanders 1990: 66-67). യേശു ശാരീരികമായി പ്രവർത്തിച്ചതിനാൽ, നേതാക്കൾക്ക് അവനെ സമാധാനത്തിന് ഭീഷണിയായി ചിത്രീകരിക്കാൻ കഴിയും, അതിനാൽ അവർ അവനെ നീക്കം ചെയ്യാൻ തീരുമാനിക്കുന്നു (ലൂക്കോസ് 19:47). ദൈവത്തിന്റെ ബഹുമാനം ഉയർത്തിപ്പിടിക്കാനും ദൈവാരാധന ശുദ്ധമായ നിലയിൽ നിലനിർത്താനും യേശു ആഗ്രഹിച്ചു. അതൊരു ചൂഷണമാർഗ്ഗമായി ഉപയോഗിക്കുന്നതിനെ താൻ എതിർത്തു. കാരണം ഒരാൾക്ക് ദൈവത്തെയും മാമോനെയും സേവിക്കാൻ കഴിയില്ല എന്നതു തന്നെ. യേശുവിന്റെ പ്രവൃത്തി പ്രവചനാത്മകമോ മിശിഹായുമായി ബന്ധപ്പെട്ടതോ ആയി കണക്കാക്കാം.

ഇന്നത്തെ ദേവാലയങ്ങളുടെ ആത്മീയ അവസ്ഥ എന്താണ്? അവിടെ നടക്കുന്ന കാര്യങ്ങൾ ദൈവവചനപ്രകാരമാണോ നടക്കുന്നത്? കർത്താവ് ഇപ്പോൾ വന്നാലും ഇതുതന്നെ ആയിരിക്കയല്ലേ ചെയ്യുന്നത്? ഇതിനെതിരെ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുന്നത്? ദൈവവചനപ്രകാരം ദൈവത്തെ ആരാധിക്കണം എന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?

എന്നാൽ യിസ്രായേലിന്റെ മതനേതൃത്വം ദൈവത്തിന്റെ പവിത്രമായ വാസസ്ഥലത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കി. കാരണം ഇത് തീർച്ചയായും നേതൃത്വത്തിന്റെ അധികാര ദുർവിനിയോഗത്തിനും, സ്വാർത്ഥ താൽപ്പര്യങ്ങൾക്കും നിന്ദക്കും എതിരായ ഭീഷണി ഉയർത്തി. അവരുടെ അതിനോടുള്ള പ്രതികരണം മാനസാന്തരമായിരുന്നില്ല, മറിച്ച് തെറ്റു ചൂണ്ടിക്കാണിച്ചവനെ ഇല്ലായ്മ ചെയ്തേക്കാമെന്നാണ് അവർ കരുതിയത്. "എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി."

യേശുവിനെ നശിപ്പിക്കാനുള്ള ഗൂഢാലോചന ഈ ലജ്ജാകരമായ ശിക്ഷാവിധിയിൽ നിന്നാണ് ഉരുത്തിരിഞ്ഞു വരുന്നത്, എന്നാൽ സങ്കീർണ്ണമായ മറ്റൊരു ഘടകവും കൂടി ഇതിനുണ്ട് - അത് യേശുവിന്റെ ജനപ്രീതിയാണ്. യേശുവിനെ ഇല്ലായ്മ ചെയ്യണമെന്ന് നേതൃത്വത്തിന് ആഗ്രഹമുണ്ട്, പക്ഷേ അതെങ്ങനെയാണ് പ്രാവർത്തികമാക്കുക എന്നതാണ് അവരുടെ മുന്നിലെ പ്രശ്നം. യേശുവിന്റെ ജനപ്രീതി നിമിത്തം പരസ്യമായി പിടിക്കുവാൻ അവർ ഭയപ്പെട്ടു. അതിനായി ഒരു മാർഗ്ഗം അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ്, വിരോധാഭാസമെന്നു പറയട്ടെ, ശിഷ്യന്മാരുടെ സ്വന്തം അണികളിൽ ഒരുവനെ അവർ വഴി കണ്ടെത്തുന്നത്.

യേശു അവർ മാനസാന്തരപ്പെട്ട് ദൈവത്തിലേക്ക് തിരിയണമെന്ന് ആഗ്രഹിച്ചു. എന്നാൽ മാനസാന്തരത്തിനുള്ള യേശുവിന്റെ ആഹ്വാനം അവർ നിരസിച്ചു. യേശുവിന്റെ മരണത്തിനും ഉയർത്തെഴുന്നേൽപ്പിനും ശേഷവും യിസ്രായേൽ മതനേതൃത്വം മാനസാന്തരപ്പെടുവാൻ തയ്യാറായില്ല. അതായത് A D 70 ൽ റോമാസാമ്രാജ്യം ഭരിച്ചു കൊണ്ടിരുന്ന Titus ജെറുശലേമിനെ ആക്രമിച്ച് ദേവാലയം നശിപ്പിക്കുകയും കല്ലിന്മേൽ കല്ല് ശേഷിക്കാതെ (Luke 19:43-44) അത് ഇടിച്ചു കളയുകയും അവിടെയുണ്ടായിരുന്ന ആളുകളെ- പൂരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പടെ- സകലരേയും കൊന്ന് മതിലിനു മുകളിലൂടെ വലിച്ചെറിയുകയും ചെയ്തു. അങ്ങനെ പ്രവാചനാകാത്മകമായി യേശു നടത്തിയെ ദേവാലയ ശുദ്ധീകരണം ആക്ഷരീക നിവൃത്തിയിലേക്ക് നയിച്ചു.

ഇന്നും യേശു ഒരോരുത്തരോടും മാനസാന്തരപ്പെട്ട് തന്നിലേക്ക് തിരിയണമെന്ന് തന്റെ വചനത്തിലൂടെയും തന്റെ ദാസന്മാരിലൂടേയും ആഹ്വാനം ചെയ്യുന്നു. ഈ ആഹ്വാനം കൈക്കൊണ്ട് യേശുവിനെ നിങ്ങളുടെ രക്ഷകനും നാഥനുമായി സ്വീകരിക്കുമൊ? അങ്ങനെ നിങ്ങൾ പാപത്തെ ദൈവസന്നിധിയിൽ ഏറ്റു പറഞ്ഞ് യേശുവിനെ നിങ്ങളുടെ ഹൃദയത്തിൽ സ്വീകരിക്കുന്നുവെങ്കിൽ പാപമോചനവും നിത്യജീവനും നിങ്ങൾക്ക് ദാനമായി ലഭിക്കും. ഈ ദാനം നിങ്ങൾ സ്വീകരിക്കുമൊ?

*******

© 2020 by P M Mathew, Cochin

bottom of page