top of page
Holiness and Life.
വിശുദ്ധിയും ജീവനും.
ദൈവത്തിന്റെ വിശുദ്ധി (Holiness of God)
ധാർമ്മികമായ നന്മ എന്നത് വിശുദ്ധിയുടെ ഭാഗമാണ്. എന്നാൽ ദൈവത്തിന്റെ വിശുദ്ധി എന്ന ആശയം അതിൽ അധികവും കൂടുതൽ സമ്പന്നവുമാണ്. പ്രപഞ്ചത്തിനു പിന്നിലെ സൃഷ്ടിപരമായ ശക്തിയും അതിനു ജീവൻ നൽകാനും അതു നിലനിർത്താനുള്ള കഴിവും അതിൽ ഉൾപ്പെടുന്നു. അങ്ങനെ മനോഹരവും ജീവൻ തുടിക്കുന്നതുമായ ഒരു ലോകത്തെ സൃഷ്ടിക്കുവാൻ ശക്തിയുള്ള ഒരേയൊരു വ്യക്തിയാണ് ദൈവം.

വളരെ ബലഹീനമെങ്കിലും സൂര്യനെ ഒരു ഉദാഹരണമായി എടുക്കാം. ഭൂമിയിലെ ജീവജാലങ്ങൾക്ക് ജീവൻ നിലനിർത്താൻ സൂര്യപ്രകാശം ആവശ്യമാണ്. അതിലുപരിയായി സൂര്യനു ചുറ്റുമുള്ള പ്രദേശം മുഴുവൻ വിശുദ്ധമാണ്, കാരണം സൂര്യനു കൂടുതൽ അടുത്തേക്കു എത്തുന്ന ഏതൊരു വസ്തുവിനേയും അതു ദഹിപ്പിച്ചു ചാമ്പലാക്കുന്നു. അപ്പോൾ ജീവൻ നിലനിർത്താനും, ജീവൻ അപകടത്തിലാക്കാനുള്ള ആ ശക്തിയും നന്മയുമാണ് വിശുദ്ധി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ദൈവത്തോടു നാം എത്ര അടുക്കുന്നുവൊ അതു ജീവനെ അപകടത്തിലാക്കുകയൊ അതല്ലെങ്കിൽ ജീവനെ നിലനിർത്തുകയൊ ചെയ്യും. അങ്ങനെയൊരു വിരോദാഭാസം ദൈവത്തിനുമുണ്ട്. അതായത്, നിങ്ങൾ അശുദ്ധനാണെങ്കിൽ, അവന്റെ സാന്നിധ്യം നിങ്ങൾക്ക് അപകടകരമാണ്. നിങ്ങൾ ശുദ്ധരാണെങ്കിൽ, അവന്റെ സാന്നിദ്ധ്യം നിങ്ങൾക്കേറെ ഗുണകരമാണ്. ഈയൊരു അറിവ് നിങ്ങളുടെ വിശുദ്ധജീവിതത്തിനു വളരെ അനിവാര്യവുമാണ്.

പുറപ്പാട് പുസ്തകം 3 ൽ ദൈവം മോശയോടു പറഞ്ഞു: "ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക" എന്ന്. ദൈവത്തോട് അടുക്കുന്തോറും അത് കൂടുതൽ തീവ്രമായിക്കൊണ്ടിരിക്കും. മോശെ വളരെ ഭയത്തോടെ മുഖം മൂടുന്നു.

ദൈവത്തിന്റെ വാസസ്ഥലമെന്ന് കരുതിയ, മരുഭൂമിയിലെ സമാഗമനകൂടാരത്തിലും, പിന്നീട് ഇസ്രായേലിന്റെ ദൈവാലയത്തിലും ഈ വിശുദ്ധ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇതിൽ രണ്ടിലും വിശുദ്ധസ്ഥലം എന്നറിയപ്പെടുന്ന ഒരു ഭാഗം കർട്ടനിട്ട് വേർതിരിച്ചിരുന്നു. "അതിവിശുദ്ധ സ്ഥലം" എന്ന് വിളിക്കപ്പെടുന്ന ഇടം ദൈവ സാന്നിധ്യത്തിന്റെ ഹോട്ട്‌സ്‌പോട്ടാണ്. ദൈവസാന്നിധ്യത്തിന്റെ ഹോട്ട്‌സ്‌പോട്ട്. നിങ്ങൾ ദൈവാലയത്തിനു ചുറ്റുമുള്ള ദേശത്ത് താമസിക്കുന്ന ഒരു ഇസ്രായേല്യനായാലും ദൈവാലയത്തിൽത്തന്നെ പ്രവർത്തിക്കുന്ന പുരോഹിതനായാലും, നിങ്ങൾ ദൈവത്തിന്റെ വിശുദ്ധ സാന്നിദ്ധ്യത്തിന്റെ സാമീപ്യത്തിലാണ്, അത് വളരെ അപകടകരവുമായ മേഖലയാണ്.

അപ്പോൾ എങ്ങനെയാണ് ദൈവത്തിന്റെ അടുത്തേക്കു വരാനായി കഴിയുക. ബൈബിളിൽ, അതിനുള്ള പരിഹാരം നിങ്ങൾ ശുദ്ധനാകുക എന്നതാണ്. അതിനു ധാർമ്മിക ശുദ്ധി ആവശ്യമാണ്. അതുപോലെ മരണവുമായി ബന്ധപ്പെട്ട എല്ലാ അശുദ്ധിയിൽ നിന്ന് വേർപെട്ടിരിക്കേണ്ടതും ആവശ്യമാണ്. അതായത്, രോഗബാധിതമായ ചർമ്മത്തെ സ്പർശിക്കൽ, മൃതശരീരങ്ങളുമായുള്ള സമ്പർക്കം, അല്ലെങ്കിൽ സ്ത്രീശരീരത്തിൽ നിന്നുല്പാദിപ്പിക്കപ്പെടുന്ന ആർത്തവ രക്തം എന്നിവ പോലുള്ള മാലിന്യങ്ങളെ സ്പർശിക്കാതെ സൂക്ഷിക്കുക. കാരണം, അവയെ സ്പർശിക്കുമ്പോൾ അവയുടെ അശുദ്ധി നിങ്ങളിലേക്ക് കടന്ന്, അവ നിങ്ങളെ അശുദ്ധമാക്കുന്നു. എന്നാൽ ഇതുപോലെയുള്ള അശുദ്ധി പാപകരമല്ല. എന്നാൽ നിങ്ങൾ അശുദ്ധമായ അവസ്ഥയിൽ ആയിരിക്കുമ്പോൾ ദൈവ സന്നിധിയിലേക്ക് കടന്നു വരുന്നതാണ് തെറ്റ്. അതുകൊണ്ടാണ് അവർ എപ്പോഴൊക്കെ അശുദ്ധരാണ്, ശുദ്ധരാകാനുള്ള നടപടികൾ എന്തൊക്കെയാണ് എന്നതിനെ സംബന്ധിച്ച് ദൈവം ഇസ്രായേല്യർക്ക് വളരെ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയത്. ശുദ്ധരായശേഷം നിങ്ങൾക്ക് ദൈവാലയത്തിൽ വീണ്ടും പ്രവേശിക്കാം. അപ്പോൾ ദൈവാലയത്തിൽ പ്രവേശിക്കുന്നതിനു ആചാരപരമായ വിശുദ്ധി കാത്തു സൂക്ഷിക്കേണ്ടതാവശ്യമാണ്. ലേവ്യാപുസ്തകം അതിനെ സംബന്ധിച്ച സുദീർഘമായ നിർദ്ദേശങ്ങളാണ് നൽകുന്നത്.

തുടർന്ന് പ്രവചകന്മാർക്ക് ദൈവത്തിന്റെ വിശുദ്ധിയെ സംബന്ധിച്ച ദർശനങ്ങൾ നൽകുന്നു. അങ്ങനെയുള്ള ദർശ്ശനങ്ങളിൽ ഒന്നാണ് യെശയ്യാ 6 ൽ നാം കാണുന്നത്. ആ വേദഭാഗം നമുക്കൊന്നു നോക്കാം:

യെശയ്യാ 6:1-7

"ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു.
2 സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. 3 ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു. 4 അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു. 5 അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു. 6 അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽ നിന്നു കൊടിൽകൊണ്ടു ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ടു എന്റെ അടുക്കൽ പറന്നുവന്നു, 7 അതു എന്റെ വായക്കു തൊടുവിച്ചു: ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു."

ഉസ്സിയാ രാജാവ് യിസ്രായേലിന്റെ നല്ല രാജാക്കന്മാരിൽ ഒരുവനും, ദൈവഭക്തനും, യിസ്രായേലിനെ നന്നായി നയിക്കുകയും ചെയ്ത രാജാവായിരുന്നു. എന്നാലിപ്പോൾ അദ്ദേഹം മരിച്ചു. ദേശീയ അനിശ്ചിതത്വത്തിന്റെ ആ അന്തരീക്ഷത്തിലാണ്, യെശയ്യാവ് യഥാർത്ഥ രാജാവിന്റെ ഒരു ദർശനം നൽകപ്പെട്ടത്.

"യഹോവ ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നത് ഞാൻ കണ്ടു..." ദൈവം തന്റെ ആലയത്തിലിരിക്കുന്നു. പുറപ്പാട് 33:20 ൽ ആരെങ്കിലും കർത്താവിനെ മുഖാമുഖം കണ്ടാൽ ആ വ്യക്തി തീർച്ചയായും മരിക്കുമെന്ന് ബൈബിൾ പറയുന്നു. അതുകൊണ്ട്, യെശയ്യാവ് യഥാർത്ഥത്തിൽ കണ്ടത്, ദൈവത്തിന്റെ മുഖമല്ല, ദൈവത്തിന്റെ പിൻഭാഗമല്ല (പുറപ്പാട് ഭാഗത്തിൽ മോശ കണ്ടതുപോലെ), മറിച്ച് കർത്താവിന്റെ രാജകീയ അങ്കിയുടെ വിളുമ്പാണ്. ദൈവത്തിന്റെ അങ്കിയുടെ വിളുമ്പ് വളരെ വലുതായിരുന്നു, അത് ദേവാലയം മുഴുവൻ നിറഞ്ഞിരുന്നു.

അവിടെ സെറാഫിനെപോലെ ചില വിചിത്ര ജീവികളെ കണ്ടുമുട്ടുന്നു. തങ്ങൾ നശിച്ചുപോകുമൊ എന്ന പരിഭ്രാന്തിയോടെ അവ മുഖം മറക്കുന്നു, നഗ്നത മറക്കുന്നു, പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ആർത്ത് അട്ടഹസിക്കുന്നു. പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്നീ ആവർത്തനത്തെ ത്രീയേക ദൈവത്തിനു തെളിവായി ചിലർ ചൂണ്ടിക്കാണിക്കുമ്പോൾ, അത് ദൈവത്തിന്റെ നിർമ്മലമായ, പെർഫെക്ടായ, തികച്ചും വേർപെട്ടിരിക്കുന്ന ദൈവത്തിന്റെ വിശുദ്ധിയെ കാണിക്കുന്നു എന്നു ഞാൻ കരുതുന്നു. മാത്രവുമല്ല, ദൈവത്തിന്റെ മഹത്വം കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു എന്ന് അവർ പ്രഖ്യാപിക്കുന്നു (സങ്കീ 19:1). സിനായ് പർവ്വതത്തിൽ യാഹ്വേ യിസ്രായേലിനു പ്രത്യക്ഷപ്പെട്ടപ്പോഴും ഇതിനു സമാനമായ സംഭവങ്ങൾ- പർവ്വതങ്ങൾ കുലുങ്ങുന്നതും അവിടെയാകെ ഷെക്കീനാമേഘത്താൽ ആവൃതമാകുന്നതും പുറപ്പാടിൽ നാം വായിക്കുന്നു.
നമ്മുടെ പ്രതികരണം (Our Response)

ഇത് യെശയ്യാപ്രവാചകനു സഹിക്കാവുന്നതിലും അധികമായിരുന്നു. അവൻ നിലവിളിച്ചു: അയ്യോ എനിക്കു കഷ്ടം! ഞാൻ അരിഷ്ടമനുഷ്യൻ. ഇതായിരിക്കണം ദൈവത്തിന്റെ നാമത്തെക്കുറിച്ചു കേൾക്കുമ്പോൾ ഉണ്ടാകേണ്ട ശരിയായ പ്രതികരണം. യേശു പത്രോസിന്റെ വഞ്ചിയിലേക്കു പ്രവേശിച്ചപ്പോൾ താനെന്താണ് ചെയ്തത്? "8 ശിമോൻ "പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാൽക്കൽ വീണു: കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു" (ലുക്കൊസ് 5:8). നിങ്ങൾ എങ്ങനെയാണ്? ഞാൻ അരിഷ്ടമനുഷ്യൻ എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?
യെശയ്യാവിന്റെ പ്രശ്നത്തിനു പരിഹാരമായി, അതിലൊരു ജീവി തീക്കനൽ പോലെ തോന്നിക്കുന്ന ഒരു വസ്തുകൊണ്ടുവന്ന് യെശയ്യാവിന്റെ ചുണ്ടുകളെ സ്പർശിക്കുന്നു; എന്നിട്ട് പറയുന്നു “നിന്റെ കുറ്റം നീക്കിയിരിക്കുന്നു, നിന്റെ പാപം പരിഹരിച്ചിരിക്കുന്നു.”
സാധാരണയായി നിങ്ങൾ അശുദ്ധമായ എന്തെങ്കിലും സ്പർശിച്ചാൽ അതിന്റെ അശുദ്ധി നിങ്ങൾക്ക് കൈമാറുന്നു. എന്നാൽ ഇപ്പോൾ ഇതാ ഈ തീക്കനൽ-വളരെ വിശുദ്ധവും നിർമ്മലവുമായ ഈ വസ്തു-അത് യെശയ്യാവിനെ സ്പർശിക്കുന്നു. അത് അതിന്റെ പരിശുദ്ധി അവനിലേക്ക് കൈമാറുന്നു. അങ്ങനെ യെശയ്യാവ് ദൈവത്തിന്റെ വിശുദ്ധിയാൽ നശിപ്പിക്കപ്പെടാതെ; അവൻ അതിലൂടെ വിശുദ്ധി പ്രാപിക്കുന്നു.

യെശയ്യാവിൽ നിന്നു കുറച്ചുകൂടി മുന്നോട്ടുപോയി യെഹസ്ക്കേൽ പ്രവാചകന്റെ പുസ്തകത്തിലെത്തുമ്പോൾ പ്രവാചകനു ലഭിച്ച മറ്റൊരു ദർശനത്തെക്കുറിച്ചു പറയുന്നത് ശ്രദ്ധിക്കുക. യെഹസ്കേൽ 47:8-9 "8 അപ്പോൾ അവൻ എന്നോടു അരുളിച്ചെയ്തതു: ഈ വെള്ളം കിഴക്കെ ഗലീലയിലേക്കു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലിൽ വീഴുന്നു; കഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും. 9 എന്നാൽ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീർന്നിട്ടു സകലവും ജീവിക്കും." യെഹസ്കേൽ ഇവിടെ കാണുന്നത് ദേവാലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നും വെള്ളം കിഴക്കോട്ടു ഒഴുകുന്നതും (47:1) പിന്നീടത് ഒരു നദിയായി മാറുന്നതും അത് മരുഭൂമിയിലൂടെ ഒഴുകി കടലിൽ പതിക്കുന്നതും താൻ കാണുന്നു. എന്നാൽ ഈ നദി കടന്നു പോകുന്നിടത്തൊക്കേയും ജീവനും ഫലഭൂയിഷ്ടിയും പ്രധാനം ചെയ്യുന്നു. അതിന്റെ സാരമെന്തെന്നാൽ, മനുഷ്യൻ സ്വയം നന്നായി ദൈവത്തെ ആരാധിക്കുവാൻ പോവുകയല്ല, മറിച്ച്, ദൈവത്തിന്റെ വിശുദ്ധി പുറത്തേക്കു ഒഴുകി മനുഷ്യരെ ശുദ്ധീകരിക്കുകയും ജീവനുള്ളതാക്കി തീർക്കുകയും ചെയ്യുന്നു എന്നതാണ്.

യേശു ദൈവത്തിന്റെ വിശുദ്ധിയുടെ ആൾരൂപം (Jesus is the embodiment of God's holiness)

പുതിയ നിയമത്തിലെ യേശുവിനെ കണ്ടുമുട്ടുന്നതുവരെ ഇതെന്താണ് അർത്ഥമാക്കുന്നത് എന്ന് നാം മനസ്സിലാക്കുന്നില്ല. യെശയ്യാവിലെ ആ തീക്കനൽ പോലെയാണ് യേശു. ദൈവത്തിന്റെ വിശുദ്ധിയുടെ ആൾരൂപമാണ് യേശു. He is the exact imprint of God. "3 അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും" ചെയ്തു എന്ന് എബ്രായർ 1:3 ൽ നാം വായിക്കുന്നു.

യേശു ദൈവമാണെന്ന് അവകാശപ്പെടുന്നു. ആ അവകാശം സത്യമാണെന്ന് ദൈവത്തിന്റെ വചനവും അടിവരയിടുന്നു. യേശു സ്പർശിച്ചു രക്തസ്രവമുള്ള അശുദ്ധിയുള്ള സ്ത്രീ, കുഷ്ടരോഗികൾ, മരിച്ചവർ ഇവരൊന്നും യേശുവിനെ അശുദ്ധരാക്കിയില്ല എന്നു മാത്രമല്ല, യേശുവിനെ സ്പർശിച്ച ഇവർ സൗഖ്യത്തിലേക്കും ജീവനിലേക്കും കടക്കുന്നതാണ് നാം കാണുന്നത്. ഇന്ന് യേശുവും അവന്റെ അനുയായികളുമാണ് ദൈവത്തിന്റെ ആലയമെന്നു പറയുന്നത്. അവരിലൂടെ ദൈവത്തിന്റെ വിശുദ്ധ സാന്നിദ്ധ്യം ലോകത്തിലേക്ക് പോകുകയും ജീവനും സൗഖ്യവും പ്രത്യാശയും നല്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് യേശു തന്റെ ശിഷ്യന്മാരെ ജീവന്റെ ഉറവ എന്ന് വിശേഷിപ്പിച്ചത്. യോഹന്നാൻ 7:38 ൽ യേശു "38 എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞത്.

ഈ കഥയിൽ നിങ്ങളുടെ പങ്കെന്താണ്? ഈ കഥ എങ്ങോട്ടാണ് നയിക്കുന്നത് എന്നു കുടി നോക്കാം. അതിനായി ബൈബിളിന്റെ അവസ്സാന പുസ്തകമായ വെളിപ്പാടു പുസ്തകത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കാം. അവിടെ ദൈവത്തിന്റെ വിശുദ്ധിയുടെ അവസാന ദർശനം നാം കാണുന്നു. യേശുവിന്റെ അപ്പൊസ്തലനായ യോഹന്നാനു നൽകിയ ദർശനത്തിൽ ഈ ലോകം സമ്പൂർണ്ണമായും പുതുക്കപ്പെടുന്നതു നാം കാണുന്നു. ഭൂമി മുഴുവൻ ദൈവത്തിന്റെ ആലയമായി മാറുന്നു. യെഹസ്കേൽ പ്രവാചകൻ കണ്ട അരുവി ദൈവത്തിന്റെ സന്നിധിയിൽ നിന്നും ഒഴുകുന്നതും സകല സൃഷ്ടിയേയും അതിൽ മുക്കി സകല അശുദ്ധിയും നീക്കി സകലത്തേയും ജീവനിലേക്കു നയിക്കുകയും ചെയ്യുന്നു (വെളിപ്പാട് 22:1-2).

പ്രിയ സ്നേഹിത, ഇതാണ് നാം കണ്ടുകൊണ്ടിരിക്കുന്ന് ഈ ലോകത്തിനു സംഭവിക്കുവാൻ പോകുന്നത്. എന്നാൽ നിങ്ങൾ ഈ ജീവനിലേക്കു കടക്കുമൊ എന്നതാണു ചോദ്യം. പുതിയ ലോകത്ത് നിത്യജീവനുള്ളവരായി ജീവിപ്പാൻ ഞാൻ തന്നെ വഴിയും സത്യവും ജീവനുമാണെന്ന് അരുളിച്ചെയ്ത യേശു കർത്താവിനെ നിങ്ങളുടെ രക്ഷിതാവും കർത്താവുമായി സ്വീകരിക്കുമോ?

*******

Word Study Series_05

© 2020 by P M Mathew, Cochin

bottom of page