top of page
The Day of the Lord
കർത്താവിന്റെ ദിവസം
മനുഷ്യൻ നന്മ തിന്മകൾ സ്വയം നിർവ്വചിക്കുന്നു (Man defines good and evil by himself)
ഉൽപ്പത്തിയിൽ കഥ ആരംഭിക്കുമ്പോൾ, ദൈവം മനോഹരമായ ഒരു നല്ല ലോകത്തെ സൃഷ്ടിക്കുന്നു. എന്നിട്ട് ദൈവത്തിനുവേണ്ടി ഈ ലോകത്തെ ഭരിക്കാൻ മനുഷ്യർക്ക് അധികാരം നൽകുന്നു. എന്നാൽ നിഗൂഡവും അതിമാനുഷികവുമായ ഒരു ശക്തിയാൽ മനുഷ്യർ പരീക്ഷിക്കപ്പെടുന്നു. അവൻ  ഒരു വാഗ്ദാനവുമായി മനുഷ്യർക്ക്, മുന്നിൽ പ്രത്യക്ഷപ്പെടുന്നു; നന്മയും തിന്മയും സ്വയം നിർവചിച്ച് അവരുടെ സ്വന്തം നിബന്ധനകൾക്ക് വിധേയമായി ദൈവത്തിന്റെ സ്ഥാനത്ത് തങ്ങളെ അവരോധിക്കുക എന്നതായിരുന്നു അവർ നേരിട്ട പരീക്ഷ. അവർ ആ പ്രലോഭനത്തിൽ വീഴുകയും നന്മ-തിന്മകളെ സ്വയം അറിയുവാൻ തീരുമാനിക്കുകയും ചെയ്യുന്നു. തത്ഫലമായുണ്ടാകുന്ന കഥകൾ തകർന്ന ബന്ധങ്ങളെയും അക്രമങ്ങളെയും കുറിച്ചുള്ളതാണ്. അതെ, ആ നികൃഷ്ട ജീവിയുടെ ഈ വാഗ്ദാനം വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി ഇപ്പോൾ എല്ലാവരും സ്വയം പരിരക്ഷിക്കുകയും അതിജീവനത്തിനായി പോരാടുകയും വേണം. അധികാരം നേടാൻ മരണമാണ് ആയുധമായി എല്ലാവരും ഉപയോഗിക്കുന്നത്. കയീൻ തന്റെ സഹോദരനായ ഹാബേലിനെ കൊന്ന് അധികാരം സ്വന്തമാക്കുവാൻ ഇച്ഛിച്ചു. അവന്റെ സന്തതി പരമ്പരയിൽപെട്ട ലാമേക് ദൈവഹിതത്തിനു വിരുദ്ധമായി രണ്ടുഭാര്യമാരെ സീകരിക്കുകയും തന്റെ കൊലപാതകത്തെയും പ്രതികാരത്തേയുംപ്രതി പ്രശംസിക്കുകയും ചെയ്യുന്നു. ഇതെല്ലാം ബാബിലോൺ നഗരം പണിയുന്നതിനെക്കുറിച്ചുള്ള ഒരു കഥയിലേക്ക് നയിക്കുന്നു. അതിനു എബ്രായ ഭാഷയിൽ “ബാബേൽ” എന്നു പേർ. അവിടെ ദൈവത്തിന്റെ സ്ഥാനത്തേക്ക് സ്വയം ഉയർത്താൻ എല്ലാവരും ഒത്തുചേരുന്നു. ഇത് എത്രത്തോളം വിനാശകരമായിരിക്കുമെന്ന് ദൈവത്തിന് അറിയാമായിരുന്നു. ഒരു സംസ്കാരം മുഴുവൻ, ഒരു ജനത മുഴുവൻ, ദൈവത്തെപ്പോലെ നന്മയും തിന്മയും സ്വയം പുനർനിർവചിക്കുന്നു. അതിനാൽ ദൈവം അവരുടെ ഭാഷ കലക്കിക്കളയുകയും അവരെ ചിതറിക്കയും ചെയ്യുന്നു. ഇവിടം മുതൽ “ബാബിലോൺ”, ബൈബിൾ കഥയിലെ ഒരു ഐക്കൺ/ഇമേജ്/പ്രതീകമായി മാറുന്നു. ദൈവത്തിനെതിരെ മാനവികതയുടെ കോർപ്പറേറ്റ് കലാപത്തെ പ്രതിനിധീകരിക്കുന്ന ഒരു പ്രതീകം. പിന്നീട് ഈ പ്രതീകം കാണുന്നത് പുരാതന ഈജിപ്തിലാണ്. അതെ, ഈജിപ്തിലെ രാജാവായ ഫറവോൻ, കുടിയേറ്റ ഇസ്രായേല്യർമൂലം ഭയചകിതനായി തീരുന്നു. അവൻ ഇസ്രായേലിന്റെ ആൺകുട്ടികളെയെല്ലാം കൊല്ലുകയും ബാക്കിയുള്ളവരെ അടിമപ്പെടുത്തുകയും ചെയ്യുന്നു. വടിയും ചാട്ടയുമൊക്കെ ഉപയോഗിച്ചു പീഡിപ്പിക്കുകയും അവരെക്കൊണ്ട് അടിമ വേല ചെയ്യിക്കുകയും ചെയ്യുന്നു. അങ്ങനെ നന്മക്കുപകരം തിന്മ വാഴുന്നു. അതെ ഈജിപ്ത് തിന്മയുടെ പ്രതീകമായ ബാബേൽ/ബാബിലോണിന്റെ ഒരു വലിയ പതിപ്പാണ്. തിന്മയെ നന്മയാണെന്ന് പുനർനിർവചിച്ചുകൊണ്ട് അവർ മറ്റുള്ളവരുടെ ചെലവിൽ സ്വയം പരിപാലിക്കുന്നു. അതിനാൽ ദൈവം ഫറവോന്റെ തിന്മയെ അവന്റെ തലയിലേക്ക് തന്നെ തിരിക്കുന്നു. അവന്റെ അഹങ്കാരം അവനെ മുന്നോട്ട് നയിക്കുന്നു, അവസാനം മരണം അവനെ വിഴുങ്ങി. “ഇങ്ങനെ യഹോവ “ആ ദിവസം” യിസ്രായേല്യരെ മിസ്രയിമ്യരുടെ(ഈജിപ്തിന്റെ) കയ്യിൽ നിന്നു രക്ഷിച്ചു; (പുറ. 14:30).
അടിമത്വത്തിൽ നിന്നുള്ള വിടുതലും പെസഹയും (Freedom from slavery and the Passover)

യിസ്രായേലിന്റെ ഈ മഹത്തായ വിടുതലിനുശേഷം, തിന്മയിൽ നിന്ന് മോചിപ്പിച്ച തങ്ങളുടെ യോദ്ധാവായ ദൈവത്തെക്കുറിച്ച് ഒരു ഗാനം ആലപിക്കുന്നു. ഇസ്രായേല്യർ ഈ നിമിഷത്തെ “ആ ദിവസം” എന്നാണ് വിശേഷിപ്പിച്ചത്. അഴിമതി നിറഞ്ഞ/തിന്മ നിറഞ്ഞ മനുഷ്യവ്യവസ്ഥിതിയിൽ നിന്ന് അവരെ രക്ഷിച്ച ദിവസം. അതിനുശേഷം, എല്ലാ വർഷവും ഇസ്രായേല്യർ തങ്ങളുടെ വിമോചന ദിനം പെസഹാകുഞ്ഞാടിന്റെ പ്രതീകാത്മക ഭക്ഷണത്തോടെ ഓർമ്മദിനമായി ആഘോഷിച്ചു. ഇതിനെയാണ് പെസഹാ എന്ന് പറയുന്നത്. പിന്നീട് ഇസ്രായേൽ സ്വന്തം നാട്ടിലേക്ക് വരുകയും അവർക്കു ഒരു രാജാവുണ്ടാകയും ചെയ്യുന്നു. അവിടെ അവർ പുതിയ ശത്രുക്കളെ അഭിമുഖീകരിക്കുന്നു. അതിനാൽ, കഴിഞ്ഞകാല “കർത്താവിന്റെ ദിവസ” ത്തിന്റെ ഓർമ്മയായ
എല്ലാ പെസഹയും, ഇസ്രായേലിനെ പുതിയ ഭീഷണികളിൽ നിന്ന് രക്ഷിക്കാനായി, ദൈവം “കർത്താവിന്റെ ദിവസം” വീണ്ടും കൊണ്ടുവരുമെന്ന പ്രത്യാശ സൃഷ്ടിക്കുന്നു.

കർത്താവിന്റെ ദിവസത്തെക്കുറിച്ചു പരാമർശിക്കുന്ന മറ്റൊരു കഥാപാത്രമാണ് ആമോസ്. മലനിരകളിൽ ആടുകളെ മേയിച്ചിരുന്ന വ്യക്തിയായിരുന്നു ആമോസ്. ദൈവം തന്റെ ശത്രുക്കൾക്കെതിരെ, “കർത്താവിന്റെ മറ്റൊരു ദിവസം” കൊണ്ടുവരുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത, ഇസ്രായേലിനെ അറിയിക്കാനായി ദൈവം ആമോസിനെ ഒരു പ്രവാചകനായി നിയമിച്ചു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ഇത്തവണ ലക്ഷ്യം ഇസ്രായേലിനെ ന്യായംവിധിക്കുന്നതിനാണ് “കർത്താവിന്റെ ദിവസം” വരുന്നത്. കാരണം, ഇസ്രായേലിന്റെ നേതാക്കൾ തങ്ങൾക്കുവേണ്ടി നന്മയും തിന്മയും പുനർനിർവചിക്കുകയും, അത് ദേശത്ത് അഴിമതിക്കും അക്രമത്തിനും കാരണമായി തീരുകയും ചെയ്തു. ദൈവത്തിന്റെ ജനം ബാബിലോണിനെപ്പോലെയായി. അതായത്, ഒരുകാലത്ത്, അടിച്ചമർത്തപ്പെട്ടവർ ഇപ്പോൾ അടിച്ചമർത്തുന്നവരായി മാറുന്നു. ആർക്കും രക്ഷപ്പെടാൻ കഴിയാത്ത ഒരു കെണി പോലെയാണ് “ബാബിലോൺ”. അങ്ങനെ “യഹോവയുടെ ദിവസം” യിസ്രായേലിൽ വരുന്നു. യിസ്രായേൽ ജാതികളാൽ, കീഴടക്കപ്പെടുകയും, തടവുകാരായി പ്രവാസത്തിലേക്ക് പോകുകയും ചെയ്യുന്നു. അന്നുമുതൽ, ഇസ്രായേൽ നിരന്തരമായ അടിച്ചമർത്തൽ സാമ്രാജ്യങ്ങളുടെ ഭരണത്തിൻ കീഴിലായി. ​

രക്ഷകന്റെ ആഗമനം (The coming of the Savior)

അങ്ങനെ യിസ്രായേൽ റോമാക്കാരുടെ അടിച്ചമർത്തലിൻ കീഴിൽ കഴിയുന്ന സമയത്താണ് യേശു ജനിച്ചതും കഥയിലേക്ക് പ്രവേശിക്കുന്നതും. അതിനാൽ, യേശു റോമിനെ നേരിട്ട്, അവരെ വിടുവിക്കുവാൻ പോവുകയാണോ?

യേശു ഒരു രാഷ്ട്രീയ യുദ്ധത്തിനു ഒരങ്ങുകയല്ല ഇവിടെ ചെയ്യുന്നത്. യഥാർത്ഥ ശത്രു, ഉല്പത്തിയിലെ ആ നിഗൂഡമായ അമാനുഷിക ശക്തിയാണ് എന്നു താൻ കണ്ടു, അതാണ് ബാബിലോണിനെ ആകർഷിച്ചത്. അതാണ് ഈജിപ്ത്, റോം, ഇസ്രായേൽ എന്നീ രാജ്യങ്ങളെ ആകർഷിച്ചത്. എല്ലാവരും തിന്മയുടെ ആ പഴയ അധികാര വാഗ്ദാനം സ്വീകരിച്ചു.

എന്നാൽ ഈ വാഗ്ദാനം മരുഭൂമിയിൽവെച്ച് യേശുവിനു നേരേയും നീട്ടുകയുണ്ടായി. അതായത്, സ്വാർത്ഥതാൽപര്യത്തിനായി, തന്റെ ശക്തി ഉപയോഗപ്പെടുത്താൻ യേശു പ്രലോഭിപ്പിക്കപ്പെട്ടു. എന്നാൽ യേശു മരുഭൂമിയിൽ തനിയെ അതിനെ എതിർത്തു. അവൻ ആ തിന്മയുടെ സ്വാധീനത്തിൽ വീണില്ല. അതിനുശേഷം അവൻ മറ്റുള്ളവരിലെ തിന്മയുടെ പ്രത്യാഘാതങ്ങളെ നേരിടാൻ ഇറങ്ങി പുറപ്പെട്ടു. മരിക്കുന്നതിലൂടെ, ഇസ്രായേലിന്റേയും റോമിന്റേയും തിന്മയെ നേരിടാനുള്ള അന്തിമ പോരാട്ടത്തിനായി, താൻ പെസഹയ്ക്ക്, ജറുസലേമിലേക്ക് പോവുകയാണെന്ന് പറയാൻ തുടങ്ങി? മരിച്ചുകൊണ്ട് തിന്മയെ നേരിടുക. അത് ഒരു പരാജയമായി തോന്നുന്നു അല്ലേ? തിന്മയുടെ എല്ലാ ശക്തിയും തന്നിൽ തീർക്കാൻ യേശു അനുവദിക്കുന്നു, മരണം എന്ന യഥാർത്ഥ ആയുധം തന്റെമേൽ ഉപയോഗിച്ച് അതിന്റെ ശക്തിയെ കെടുത്തുവാൻ യേശു തന്നെത്തന്നെ നൽകുകയായിരുന്നു.

ദൈവസ്നേഹവും ജീവനും കൂടുതൽ ശക്തമാണെന്നും പെസഹാ കുഞ്ഞാടായി ത്തീരുന്നതിലൂടെ തിന്മയെ തരണം ചെയ്യാമെന്നും യേശുവിന് അറിയാമായിരുന്നു. അന്ന് എന്തോ മാറ്റം വന്നു. യേശു തിന്മയെ പരാജയപ്പെടുത്തിയപ്പോൾ, ആർക്കും ബാബിലോണിന്റെ (തിന്മയുടെ) പിടിയിൽ നിന്ന് രക്ഷപ്പെടാനും, ഈ പുതിയ ശക്തി കണ്ടെത്താനും, യഥാർത്ഥമനുഷ്യനായി തീരാനുമുള്ള ഒരു പുതിയ മാർഗ്ഗം യേശു തുറക്കുകയായിരുന്നു. എന്തോ മാറ്റം സംഭവിച്ചിരിക്കുന്നു. എന്നാൽ, തിന്മയുടെ ശക്തി ഇപ്പോഴും സജീവവും ശക്തവുമാണ്. ബാബിലോണിന്റെ പുതിയ പതിപ്പുകൾ നാം നിർമ്മിച്ചുകൊണ്ടിരിക്കുന്നു. ശരിയല്ലേ?

കർത്താവിന്റെ ദിവസം (The Day Of The Lord)
അതിനാൽ ബൈബിളിന്റെ അവസാന പുസ്‌തകമായ വെളിപ്പാട്‌, ഭാവിയെയും അവസാന “കർത്താവിന്റെ ദിവസത്തിലേക്കും” വിരൽ ചൂണ്ടുന്നു. അന്നാണ് ലോകത്തിലെ എല്ലാ അഴിമതിക്കാരായ ജനതകളുടെയും പ്രതീകമായ “മഹതിയാം-ബാബിലോണിനെ” നേരിടാൻ ദൈവരാജ്യം വരുന്നത്. അതെ, ഇതാണ്, അർമ്മഗെദ്ദോൻ, അഥവാ അന്തിമ ന്യായവിധി. അന്ന്, യേശു എങ്ങനെയാണ് തിന്മ അവസാനിപ്പിക്കാൻ പോകുന്നത്? അത് നാം പ്രതീക്ഷിക്കുന്നതു പോലെയല്ല. വെളിപ്പാടിൽ, വിജയിയായ യേശു രക്തരൂക്ഷിതമായ ഒരു ബലിയാട്ടിൻകുട്ടിയുടെ പ്രതീകമാണ്. യേശു അവസാനത്തിൽ, തിന്മയെ നേരിടാൻ തന്റെ വെളുത്ത കുതിരപ്പുറത്തു വരുമ്പോൾ, യുദ്ധം തുടങ്ങുന്നതിനുമുമ്പുതന്നെ അവൻ രക്തരൂക്ഷിതനാണ്. അതായത്, യേശു രക്തപങ്കിലമായ വസ്ത്രത്തോടെയാണ് യുദ്ധത്തിനു വരുന്നത്. അതേ, അതു വിചിത്രമായ പ്രതീകം തന്നെയാണ്. അതിനു കാരണം, യേശു നമ്മുടെ രക്തത്തിനുവേണ്ടിയല്ല, പ്രത്യുത ശത്രുക്കൾക്കുവേണ്ടി മരിച്ചപ്പോൾ അവൻ തന്റെ രക്തത്താൽ വിജയിക്കുകയായിരുന്നു. അവന്റെ വായിലെവാൾ, നന്മ-തിന്മയെ നിർവചിക്കാനും, എന്നന്നേക്കുമായി നീതി നടപ്പാക്കുമ്പോൾ, നമ്മോടു ഉത്തരവാദിത്വം പുലർത്താനും ഉള്ള യേശുവിന്റെ അധികാരത്തിന്റെ അടയാളമാണ്. ആ സമയം വരെ ബാബിലോൺ സംസ്കാരത്തെ ചെറുക്കുവാനുള്ള ഒരു ക്ഷണമാണ് “കർത്താവിന്റെ ദിവസം”. ഒരു ദിവസം, നമ്മുടെ ലോകത്തെ അതിന്റെ തിന്മയിൽ നിന്നു ദൈവം മോചിപ്പിക്കുകയും കരുതിവെച്ചിരിക്കുന്ന പുതിയ കാര്യങ്ങൾ (നന്മ) വരുത്തുകയും ചെയ്യും എന്ന വാഗ്ദാനമാണ് “കർത്താവിന്റെ ദിവസം”.
*******

Word Study Series_04

© 2020 by P M Mathew, Cochin

bottom of page