നിത്യജീവൻ

Water of Life
ജീവജലത്തിന്റെ ഉറവ
ഏദനിലെ ജീവ ഉറവ (The fountain of life in Eden)
പിന്നീട് നാം കാണുന്നത് ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതാണ്. മനുഷ്യനെ സൃഷ്ടിക്കുന്നതിനു വേണ്ടി ദൈവം ഉപയോഗിക്കുന്നത് ഭൂമിയിലെ പൊടിയാണ്. മണ്ണു കുഴച്ച് മനുഷ്യ രൂപം ഉണ്ടാക്കി അവന്റെ മൂക്കിൽ ജീവശ്വാസം ഊതിയാണ് ദൈവം മനുഷ്യനെ ഉണ്ടാക്കിയത്. അതിനുശേഷം ദൈവം കിഴക്കു ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി. എബ്രായഭാഷയിൽ 'ഏദൻ' എന്ന വാക്കിന്റെ അർത്ഥം garden of delight അഥവാ 'സന്തോഷത്തിന്റെ തോട്ടം' എന്നാണ്. അതിൽ കാണ്മാൻ ഭംഗിയുള്ളതും ഫലമുള്ളതുമായ അനേക വൃക്ഷങ്ങൾ ദൈവം ഭൂമിയിൽ നിന്നു മുളപ്പിച്ചു. അതിലെ ഫലങ്ങൾ അവരുടെ ആഹാരത്തിനുതകുന്നതും നല്ലതുമായിരുന്നു. അവയെ കൂടാതെ, തോട്ടത്തിന്റെ നടുവിൽ ജിവവൃക്ഷവും നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു. ഈ രണ്ടു വൃക്ഷഫലങ്ങൾക്ക് ചില പ്രത്യേക സവിശേഷതകൾ ഉണ്ടായിയിരുന്നു. ജീവവൃക്ഷത്തിൽ നിന്നും ഭക്ഷിച്ചാൽ എന്നേക്കും ജീവിക്കും; നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നാൽ അവർ മരിക്കും. ഇതിൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നരുതെന്ന് ദൈവം അവരെ വിലക്കിയിരുന്നു.
തോട്ടത്തിലെ സസ്യജാലങ്ങളും ജീവജാലങ്ങളും മനുഷ്യനും തഴച്ചുവളരുന്നതിനായി ദൈവം തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽ നിന്നു പുറപ്പെടുവിച്ചു; അതു അവിടെ നിന്നു നാലുശാഖയായി പിരിഞ്ഞ് സകല സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും ജീവൻ നിലനിർത്തുന്ന ജീവ സ്രോതസ്സായി മാറുന്നു. ഇതുപോലെയുള്ള ജിവജലത്തിന്റെ ഉറവകൾ ബൈബിൾ കഥകളിൽ ഉടനീളം, ഉറവ, കിണർ, നദി എന്നീ നിലകളിൽ പ്രത്യക്ഷപ്പെടുന്നതു കാണാം.
തോട്ടം നനപ്പാൻ ഒരു നദി ഏദനിൽ നിന്നു പുറപ്പെട്ടു; അതു നാലുശാഖയായി പിരിഞ്ഞു സസ്യങ്ങൾക്കും മൃഗങ്ങൾക്കും ജീവ സ്രോതസ്സായി മാറുന്നു. അങ്ങനെ ജീവജലത്തിന്റെ ഉറവയുള്ള തോട്ടത്തിലാണ് ദൈവം പുരുഷനെയും സ്ത്രീയെയും വിവാഹത്തിൽ ഒന്നിപ്പിക്കുന്നത്. അവർക്കു തഴച്ചുവളരാനും എദന്തോട്ടത്തിലെ സമൃദ്ധമായ ജീവിതം, ഏദനിൽ നിന്നും പുറത്തേക്കു വ്യാപിപ്പിക്കാനും വേണ്ടിയാണ് ദൈവം അവരെ ആ തോട്ടത്തിൽ ആക്കിയത്. ഇതെല്ലാം ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ്. സമൃദ്ധമായ എദനിലെ മനുഷ്യർ എത്രയൊ അനുഗ്രഹീതരാണ്.
ജീവജലത്തിന്റെ ഉറവയിൽ നിന്ന് മനുഷ്യർ പുറത്താക്കപ്പെടുന്നു (Humans are expelled from the source of living water).
എന്നാൽ കാര്യങ്ങൾ പെട്ടെന്ന് തകിടം മറിയുന്നു. അവർ ദൈവത്തിൽ നിന്നാണ് അതുവരെ നന്മ തിന്മകളെ കുറിച്ചുള്ള അറിവ് നേടിയിരുന്നത്. എന്നാൽ ഈ അറിവ് നിങ്ങൾക്കു സ്വതന്ത്രമായി നേടുവാൻ സാധിക്കും; അതിനു നിങ്ങൾ തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന, നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നാൽ മതി എന്ന് പാമ്പിന്റെ വേഷത്തിൽ വന്ന പിശാച് അവരെ പറഞ്ഞു ധരിപ്പിക്കുന്നു. അതിൽ വഞ്ചിതയായി തീർന്ന സ്ത്രീ ദൈവം കഴിക്കരുതെന്ന് കല്പിച്ച നന്മ തിന്മകളെ കുറിച്ചുള്ള അറിവിൻ വൃക്ഷഫലം പറിച്ചു തിന്നുന്നു. തന്റെ ഭർത്താവിനും കൊടുക്കുന്നു. അവനും അത് ഭക്ഷിക്കുന്നു. അങ്ങനെ അവർ ദൈവത്തിന്റെ കൽപ്പനകളെ ലംഘിക്കുന്നു.
അതവരെ ദൈവത്തിന്റെ ന്യായവിസ്താരത്തിലേക്ക് നയിക്കുന്നു. അവർ തെറ്റുസമ്മതിക്കുന്നതിനു പകരം പരസ്പരം സംശയിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ദൈവം അവരെ ഏദൻ തോട്ടത്തിൽ നിന്നു പുറത്താക്കുന്നു. അങ്ങനെ അവർ മരുഭൂമിയിൽ തിരിച്ചെത്തുന്നു. മനുഷ്യർക്ക് ജീവജലത്തിലേക്കുള്ള പ്രവേശനം നഷ്ടമായി. അതോടെ അവർക്ക് ദൈവിക സാന്നിദ്ധ്യം നഷ്ടമായി എന്നു മാത്രമല്ല, ആ ദൈവികജീവിതം ഏദൻ തോട്ടത്തിനു വെളിയിലേക്ക് വ്യാപിപ്പിക്കാൻ കഴിയാതെയുമായി. ദൈവത്തിനു അവരെ കുറിച്ചുണ്ടായിരുന്ന ഹിതം നിവൃത്തിപ്പാൻ കഴിയാത്ത അവസ്ഥ അതിലൂടെ സംജാതമായി. എന്നാൽ ദൈവത്തിനു അവരോട് കരുണ തോന്നി അവരെ രക്ഷിക്കുവാൻ ഒരു രക്ഷകനെ വാഗ്ദത്തം ചെയ്യുന്നു. സ്ത്രീയുടെ സന്തതിയായി വരുന്നവൻ സർപ്പത്തിന്റെ തലയെ തകർത്ത് തിന്മയിൽ നിന്നു അവരെ രക്ഷിക്കും എന്ന വാഗ്ദത്തം നൽകുന്നു.
അവരുടെ പാപത്തിന്റെ പരിണതഫലം വലിയതായിരുന്നു. അവരുടെ ആദ്യപാപം പതിന്മടങ്ങായി മക്കളിൽ വർദ്ധിച്ചു പെരുകി. മൂത്തമകനായ കയീൻ ഇളയമകനായ ഹാബേലിനെ കൊല്ലുന്നു. അവരുടെ സന്തതി പരമ്പര ഭൂമിയിൽ വർദ്ധിച്ചു പെരുകുന്നു. മനുഷ്യർ വർദ്ധിച്ചു പെരുകുന്നതിനനുസരിച്ച് തിന്മയും വർദ്ധിച്ചു പെരുകി. പിന്നീട് ദൈവം തന്റെ രക്ഷാപദ്ധത്തി നടപ്പാക്കാൻ അബ്രാഹം എന്ന മനുഷ്യനെ തെരഞ്ഞെടുത്ത് അവനെ അനുഗ്രഹിക്കുന്നു. അവനു ഒരു പേരും, അനവധി സന്തതി പരമ്പരകളേയും, ഒരു രാജ്യവും, വരുവാനുള്ള ഒരു മശിഹൈക രാജാവിനേയും വാഗ്ദത്തം നൽകുന്നു.
അബ്രാഹമിന്റെ സന്തതിയായ ഇസഹാക്കിലും ഒരു ഭിന്നിപ്പിക്കപ്പെട്ട കുടുംബമാണ് നാം കാണുന്നത്. ജേക്കബിന്റെ കഥയിൽ, തന്റെ സ്വാർത്ഥമായ തന്ത്രം കുടുംബബന്ധങ്ങളെ നശിപ്പിക്കുന്നു. തന്റെ സഹോദരന്റെ അവകാശം ഉപായത്തിൽ കൈക്കലാക്കിയ ജേക്കബ് ഭവനത്തിൽ നിന്നു ഓടിപ്പോകേണ്ടതായ് വന്നു. തന്റെ മരുഭൂമിയിലെ പ്രയാണത്തിൽ ഒരു 'കിണർ' കണ്ടെത്തുന്നു അവിടെ അയാൾ ഒരു സ്ത്രീയെ കണ്ടുമുട്ടുകയും അവിടെ ഏദൻ തോട്ടത്തിന്റെ പ്രതിതി ഉണ്ടാവുകയും ചെയ്യുന്നു. ആ പുരുഷനും സ്ത്രീയും ആ ജലസ്രോതസ്സിന്നരികെ പരസ്പം ആശയവിനിമയം നടത്തുകയും അതവരുടെ വിവാഹബന്ധത്തിൽ കലാശിക്കുകയും ചെയ്യുന്നു. ദൈവം ഈ യാക്കോബിലൂടെ ഇസ്രായേൽ എന്ന വലിയ കുടുംബത്തെ അഥവാ ദൈവം അബ്രാഹമിനോട് വാഗ്ദത്തം ചെയ്ത രാജ്യത്തെ അതെ അതെ അതെ സൃഷ്ടിക്കുന്നു.
ദൈവം തന്റെ ജീവിതത്തിൽ പങ്കാളികളാകാനും ആ ജീവിതം മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കാനും അവൻ അവരെ ക്ഷണിക്കുന്നു. ചിലപ്പോൾ അവർ ഇത് ചെയ്യും. എന്നാൽ പലപ്പോഴും അതിൽ അവർ പരാജയപ്പെടുകയും ചെയ്യുന്നു. അവരുടെ സന്തതി പരമ്പരകളും അതേ ആത്മാവിന്റെ വരൾച്ചയുമായി പൊരുതിക്കൊണ്ടിരുന്നു. അവർ കൂടുതൽ ശക്തിക്കും കൂടുതൽ നിയന്ത്രണത്തിനുമായി ദാഹിക്കുന്നു. അത് അവരെ അക്രമത്തിന്റെയും സ്വയ-നാശത്തിന്റെയും പാതയിലേക്ക് നയിക്കുന്നു. അങ്ങനെ അവർ ഒരു പുതിയ മരുഭൂമിയിൽ, അതായത് മിസ്രയിമിൽ, അടിമകളായി തീരുന്നു. നമ്മുടെ ദാഹം ശമിപ്പിക്കാനുള്ള സ്വന്തശ്രമങ്ങളെല്ലാം നമ്മെ കൊല്ലുകയാണെന്ന് മനുഷ്യൻ മനസ്സിലാക്കുന്നില്ല.
ദൈവം പിന്നേയും അവരെ കനാൻ ദേശത്ത് എത്തിച്ചെങ്കിലും ദൈവത്തിന്റെ സ്വരത്തിനു ചെവികൊടുക്കുവാൻ, ദൈവത്തിൽ നിന്നു നന്മയും തിന്മയും തിരിച്ചറിഞ്ഞ് അനുഗ്രഹം പ്രാപിപ്പാൻ, അവർക്കു കഴിഞ്ഞില്ല. അതിനാൽ അവർ വീണ്ടും പ്രവാസത്തിലേക്ക് പോകേണ്ടിവരുന്നു. പിന്നീടു യെഹസ്കേൽ പ്രവചനത്തിൽ, മരുഭൂമിയിൽ ചിതറിക്കിടക്കുന്ന വരണ്ട അസ്ഥികളുടെ കൂമ്പാരം പ്രവാചകൻ ദർശിക്കുന്നു. അവർക്കു താൻ ജിവനും ചൈതന്യവും വരുത്തുമെന്ന് ദൈവം പ്രവാചകനോട് പറയുന്നു. തന്റെ ആത്മാവിനെ പകർന്ന് അവർക്ക് ഒരു പുതിയ ഹൃദയം നൽകും; അവർക്ക് ദൈവത്തിന്റെ ആത്മാവിനാൽ ദൈവത്തെ അനുസരിക്കുവാനും ദൈവത്തിന്റെ ഹിതം നിവൃത്തിക്കുവാനും സാധിക്കും. അങ്ങനെ ഒരു പുതിയ 'ഏദൻ' മനുഷ്യരുടെ ഇടയിൽ സാധിതമാക്കും എന്ന് പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു. അതായത്, ദൈവികജീവിതം മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കാൻ കഴിയുന്ന പുതിയ ആളുകൾ ആളുകൾ; വീണ്ടും ജനിച്ച ദൈവമക്കൾ ഉണ്ടാകും.
ജീവജലത്തിന്നരികിലേക്കുള്ള മടങ്ങി വരവ് (Return to the living water)
അങ്ങനെ അത് യേശുവിന്റെ കഥയിലേക്ക് നമ്മെ കൊണ്ടുവന്ന് എത്തിക്കുന്നു. യേശുവിനെക്കുറിച്ചുള്ള സുവിശേഷത്തിലും നാമൊരു കിണറിന്റെ കഥ വായിക്കുന്നു. അവൻ ശമര്യപട്ടണത്തിലൂടെ കടന്നു പോകുമ്പോൾ യാക്കോബിന്റേത് എന്ന് അറിയപ്പെട്ടിരുന്ന ഒരു കിണറ്റിന്നരികെ എത്തിച്ചേരുന്നു. യാക്കോബിന്റെ കഥയിലെ പോലെ, യേശു അവിടെ ഒരു സ്ത്രീയെ കണ്ടുമുട്ടുന്നു. ഈ കിണറ്റിൽ നിന്ന് എത്ര വെള്ളം കുടിച്ചാലും അവൾക്ക് കൂടുതൽ ദാഹമുണ്ടാകുമെന്ന് യേശു ഈ സ്ത്രീയോട് പറയുന്നു. എങ്കിൽ എനിക്ക് ഒരിക്കലും ദഹിക്കാത്ത അത് ജലം വേണം എന്ന് അവൾ യേശുവിനോട് ആവശ്യപ്പെട്ടു. അപ്പോൾ യേശു അവളുടെ ഭർത്താക്കന്മാരെ കുറിച്ച് ചോദിക്കുന്നു. അപ്പോൾ അവൾ തനിക്ക് നാല് ഭർത്താക്കന്മാർ ഉണ്ടെന്നും എന്നാൽ ഇപ്പോൾ ഉള്ളത് അവളുടെ ഭർത്താവ് അല്ലെന്നും സമ്മതിക്കുന്നു. അങ്ങനെ യേശു അവൾക്ക് തൻറെ പാപത്തെ കുറിച്ചുള്ള ബോധം വരുത്തുന്നു. അവളുടെ പാപത്തെ വിട്ടു തിരിയുവാനും അവളുടെ ദാഹം എന്നെന്നേക്കുമായി ശമിപ്പിക്കാൻ കഴിയുന്ന ജീവന്റെ ജലം കുടിച്ചു തൃപ്തി വരുത്തുവാനും യേശു അവളോട് ആജ്ഞാപിക്കുന്നു. ഭൂമിയിലെ യാതൊരു വസ്തുക്കളെ കൊണ്ടും വ്യക്തികളെ കൊണ്ടും മനുഷ്യൻ യഥാർത്ഥത്തിൽ വരുത്തുവാൻ സാധിക്കുകയില്ല. ഭൂമിയിലെ വസ്തുക്കൾ എന്തൊക്കെ ഉണ്ടായാലും അവന് ഒരിക്കലും സംതൃപ്തിപ്പെടുവാൻ കഴിയുകയില്ല. കാരണം ദൈവം അവൻറെ ഉള്ളിൽ എപ്പോഴും ശൂന്യത വെച്ചിരിക്കുന്നു. ആ ശൂന്യത നികത്തുവാൻ ദൈവത്തെ കൊണ്ടല്ലാതെ മറ്റൊന്നിനും കഴിയുകയില്ല. അതെ, നമ്മുടെ അദമ്യമായ ദാഹം തീർക്കുവാൻ യേശുവിലൂടെയുള്ള ജീവനു മാത്രമേ കഴിയുകയുള്ളു. അതുകൊണ്ടാണ് യേശു യോഹന്നന്റെ സുവിശേഷം ഏഴാം അധ്യായത്തിന്റെ 37 ല് ഇപ്രകാരം വിളിച്ചു പറയുന്നത്: “ദാഹിക്കുന്നവൻ എല്ലാം എന്റെയടുക്കൽ വന്ന് കുടിക്കട്ടെ.” യേശുക്രിസ്തു എന്ന വ്യക്തിയിൽ നിന്ന് നിങ്ങൾ കുടിക്കുന്നുണ്ടോ?
യേശുവിന്റെ ക്രൂശിലെ മരണ സമയത്ത് നാം കാണുന്ന മറ്റൊരു വിചിത്ര ചിത്രവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ക്രൂശീകരണസമയത്ത് ഒരു റോമൻ പടയാളി യേശുവിന്റെ വിലാപ്പുറത്തു കുന്തം കൊണ്ടു കുത്തിയപ്പോൾ അവിടെ നിന്നും രക്തവും വെള്ളവും പുറപ്പെട്ടു. യേശുവിന്റെ മരണം എങ്ങനെയാണ് ജീവന്റെ ഉറവയായി തീർന്നതെന്നു കാണിക്കുന്ന ഒരു ചിത്രമാണിത്. ശത്രുക്കൾക്ക് വേണ്ടി മരിക്കുന്ന ദൈവത്തിന്റെ സ്നേഹം ലോകത്തിലേക്ക് ഒഴുകുന്നു. അതു താഴേക്കും പുറത്തേക്കും ഒഴുകുന്നു.
യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം, അവൻ പരിശുദ്ധാത്മാവിനെ തന്റെ ശിഷ്യന്മാരിലേക്ക് അയക്കും എന്ന് വാഗ്ദാനം ചെയ്യുന്നു. അതെ, ദൈവത്തിന്റെ സ്വന്തം ജീവൻ കൊണ്ട് അവരെ നിറയ്ക്കാൻ പോകുന്നു. അതുകൊണ്ടാണ് ദൈവാത്മാവിന്റെ പ്രവാഹത്തിൽ നാം ചേരുമ്പോൾ ഏദെൻ ഫലം-സ്നേഹവും സന്തോഷവും സമാധാനവും ക്ഷമയും ദയയും പരോപകാരവും സൗമ്യതയും ആത്മനിയന്ത്രണവും -നമ്മിൽ വളരാൻ തുടങ്ങുന്നത്. ആത്മനിറവുള്ള ആളുകൾക്ക് ലോകത്തിൽ മറ്റുള്ളവർക്ക് ജീവൻ പകരുന്ന മനോഹരമായ കാര്യങ്ങൾ ചെയ്യുവാൻ കഴിയും. അതെ, ദൈവികജീവന്റെ ചെറിയ അരുവികൾ പോലെ, ഒത്തുചേരാനും, പങ്കുവെക്കാനും ദൈവം ആഗ്രഹിക്കുന്ന ദൈവത്തിന്റെ ലോകത്തെ സുന്ദരമാക്കാനും ദൈവത്തിന്റെ രാജ്യം ഭൂമിയിൽ കൊണ്ടുവരാനും അവർക്കു കഴിയും.
ശുഭ്രമായ ജീവജലത്തിന്നരികെ (Near to the crystal clear living water)
വെളിപ്പാട് പുസ്തകത്തിന്റെ ഇരുപത്തി രണ്ടാം അധ്യായത്തിലെ ഒന്നാം വാക്യത്തിൽ നാം ഇപ്രകാരം വായിക്കുന്നു: "വീഥിയുടെ നടുവിൽ ദൈവത്തിന്റേയും കുഞ്ഞാടിന്റേയും സിംഹാസനത്തിൽ നിന്ന് പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജല നദിയും അവൻ എന്നെ കാണിച്ചു." യേശുവാണ് ജീവൻ; ആ ജീവ ഉറവയിൽ നിന്നും മനുഷ്യരുടെ ദാഹം തീർക്കാൻ ആവശ്യമായ ജീവ ജലം ഒഴുകുന്നു; അത് നിങ്ങളുടെ എന്നെന്നേക്കുമുള്ള ദാഹത്തെ അകറ്റാൻ മതിയായതാണ്. അതു വാങ്ങി കുടിക്കാൻ, നിങ്ങളുടെ ദാഹമകറ്റാൻ നിങ്ങൾ ഒരുക്കം ഉള്ളവാരോ?എങ്കിൽ കിണറ്റിൻകരയിൽ കണ്ട ആ ശമര്യാസ്ത്രീയെപ്പോലെ നിങ്ങളുടെ പാപം ഏറ്റുപറഞ്ഞു ഉപേക്ഷിച്ച് യേശുക്രിസ്തുവിനെ നിങ്ങളുടെ രക്ഷകനും കർത്താവുമായി സ്വീകരിക്കുക. അവൻ നിങ്ങളുടെ എന്നേക്കുമുള്ള ദാഹത്തെ അകറ്റും!!!
*******
Word Study Series_01