top of page

Lord's Supper_01

Not by works, but by Grace.
കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല.
റോമർ 11: 6
" കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല."
1. രക്ഷ ദൈവത്തിന്റെ ദാനമാണ്.

പാപിയായ ഒരു മനുഷ്യന്റെ രക്ഷയെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരവുമായ വാർത്ത എന്നത് അതു ദൈവം ദാനമായി നൽകുന്നു എന്നതാണ്. അതായത്, രക്ഷ മനുഷ്യന്റെ അദ്ധ്വാനത്താലാലൊ അവൻ ചെയ്യുന്ന സല്പ്രവർത്തികളാലൊ നേടാൻ കഴിയുന്ന ഒന്നല്ല. അതു ദൈവത്തിൽ നിന്നും ദാനമായി (gift) ആയി സ്വീകരിക്കേണ്ട ഒന്നാണ്. ഇതു ദൈവത്തിൽ നിന്നുള്ള ഒന്നായതിനാൽ യാതൊരു ചരടുകളുമില്ല എന്നു നാം പ്രത്യേകം ഓർക്കണം. കാരണം, ഇന്നു നാം ഗിഹ്റ്റ് എന്ന് കേൾക്കുന്നതൊന്നും ഗിഫ്റ്റായിരിക്കയില്ല. അതിനു പിന്നിൽ ഏതെങ്കിലും നിലയിലുള്ള ഒരു പ്രത്യുപകാരം ദാതാവ് പ്രതീക്ഷിക്കുന്നു. എന്നാൽ ദൈവത്തിന്റെ ദാനം ചരടുകളില്ലാത്ത ഗിഫ്റ്റാണ്. ഒന്നു രണ്ടു വാക്യങ്ങൾ നമുക്ക് നോക്കാം:

1. "കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.9 ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല." (എഫേസ്യർ 2:8-9).

2. "പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു" (റോമർ 4:5).

നാം ഇപ്പോൾ വായിച്ച വാക്യത്തിലേക്കു നമുക്കു മടങ്ങിവരാം. "If by grace, then is it no more of works: otherwise grace is no more grace." "കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല."

നാം ആദ്യം നമ്മെ തന്നെ മെച്ചപ്പെടുത്തുവാനും രക്ഷിക്കപ്പെടുവാൻ തക്കവിധം ധാർമ്മികമായി യോഗ്യരും ആക്കിത്തീർക്കുവാൻ ശ്രമിക്കുന്ന നിമിഷം മുതൽ- അതല്ല, രക്ഷിക്കപ്പെട്ടവർ എങ്കിൽ നാം കൂടുതൽ അനുഗ്രഹിക്കപ്പെടേണ്ടവരായി തീരുവാൻ ശ്രമിക്കുന്ന നിമിഷം മുതൽ- വേണ്ടത് കൃപ, കൃപയല്ലാതായിത്തീരുന്നു. റോമർ 4:4 ൽ നാം വായിക്കുന്നത് ഇപ്രകാരമാണ്: "എന്നാൽ പ്രവർത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ". ദൈവത്തിന്റെ പുതുക്കം പ്രാപിക്കുന്നതിനു, ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നതിനു കൂടുതൽ മെച്ചപ്പെട്ടവനാകുക, കൂടുതൽ ആക്ടീവ് ആയി പ്രവർത്തിക്കുക എന്നത്, ദൈവത്തെ ഒരു കടക്കാരനാക്കി തീർക്കുവാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. അതായത്, ദൈവം അവന്റെ പ്രവർത്തിയുടെ ഫലമായി അനുഗ്രഹിക്കുവാൻ ബാദ്ധ്യസ്ഥനായി തീർന്നിരിക്കുന്നു. അവനെ അനുഗ്രഹിക്കാൻ ദൈവം കടമ്പെട്ടവനായി തീർന്നിരിക്കുന്നു എന്നാണ് നാമത്തിലൂടെ പറയുന്നത്. എന്നാൽ അത് അസാദ്ധ്യമായ സംഗതിയാണ്. ദൈവം ആർക്കും ഒരു കടക്കാരനല്ല. ഇയ്യൊബിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പൗലോസ് റോമർ 11:35 പറയുന്നത് നോക്കുക : " അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ?" ആ ചോദ്യത്തിന് ഉത്തരം എന്താണ്? അങ്ങനെ ദൈവത്തിന് എന്തെങ്കിലും കൊടുത്തിട്ട് പ്രതിഫലം വാങ്ങുന്ന ആരുമില്ല എന്നല്ലേ? നമുക്ക് ദൈവത്തിൽ നിന്ന് പ്രാപിക്കുവാൻ സാധിക്കയില്ല. ദൈവമുമ്പാകെ നാം ഭിക്ഷാംദേഹികളെ പോലെ വരുവാനും അവന്റെ കൃപയ്ക്കായി യാചിക്കുവാനും ദൈവത്തിന്റെ ഔദാര്യത്തിൽ ജീവിക്കുവാനും മാത്രമേ നമുക്ക് കഴിയുകയുള്ളു. എന്നാൽ പലപ്പോഴും ഒരുവൻ മറ്റൊരുവന്റെ ഔദാര്യത്തിൽ കഴിയുവാൻ ആഗ്രഹിക്കുകയില്ല. എന്റെ അദ്ധ്വാനത്തിന്റേയും എന്റെ കഴിവിന്റേയും അടിസ്ഥാനത്തിൽ ഞാനിതൊക്കെയും സമ്പാദിച്ചിരിക്കുന്നു എന്ന് പറയുവാനാണ് മനുഷ്യൻ എന്നും ആഗ്രഹിക്കുന്നത്. എന്നാൽ ദൈവത്തോടുള്ള ബന്ധത്തിൽ നമുക്കതു പറയുവാൻ സാധിക്കുകയില്ല; കാരണം രക്ഷ നാം സമ്പാദിച്ചതല്ല, ആ രക്ഷയുടെ അടിസ്ഥാനത്തിലാണ് ദൈവം മറ്റ് അനുഗ്രഹങ്ങളും വെച്ചിരിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കൃപയുടെ അടിസ്ഥാനമല്ലാതെ മറ്റൊരു നിലയിലും രക്ഷിക്കപ്പെടുവാനൊ, രക്ഷിക്കപ്പെട്ടശേഷം കൂടുതൽ കൂടുതൽ അദ്ധ്വാനിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കുവാനൊ സാധിക്കുകയില്ല.

2. അനർഹതയാണിതിന്റെ യോഗ്യത

കൃപയെ കൃപ ആക്കുന്നത് സ്വീകർത്താവിന്റെ ഭാഗത്തു നിന്നുള്ള അനർഹത മാത്രമല്ല, അനർഹരും അയോഗ്യരും ചിലപ്പോൾ അപ്രതീക്ഷിതവും അതിലപ്പുറവുമായി, മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് ആനുപാതികമല്ലാത്ത വിധം അത് നൽകപ്പെടുമ്പോഴാണ് അതിന്റെ മഹത്വമിരിക്കുന്നത്.

കൃപയും സ്നേഹവും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ, എല്ലാ കൃപയും സ്നേഹമാണ്; എന്നാൽ എല്ലാ സ്നേഹവും കൃപ ആയിരിക്കണം എന്ന് നിർബന്ധമില്ല. സ്നേഹം ഒരുവന്റെ മേൽ ചൊരിയുന്നതിന് ആ വ്യക്തിക്ക് എന്തെങ്കിലും ഗുണമൊ മേന്മയൊ ആകർഷണീയതയൊ ഉണ്ടായിരുന്നാൽ അത് കൃപയാണ് എന്ന് പറയുവാൻ കഴിയുകയില്ല. ദൈവത്തിന്റെ സ്നേഹം ദൈവത്തിന്റെ കൃപയായി തീരണമെങ്കിൽ അത് ലഭിക്കുന്ന വ്യക്തിക്ക്, അതിനുള്ള യാതൊരു യോഗ്യതയും ഉണ്ടായിരിക്കരുത്.

ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ഉദാഹരണമാണ് സൂര്യപ്രകാശവും മഴവില്ലും. എല്ലാ വസ്തുക്കളെയും പ്രകാശിപ്പിക്കുന്ന തെളിവുള്ള പ്രകാശം എത്ര മനോഹരമാണ്. എല്ലാ സൃഷ്ട വസ്തുക്കളോടും ഔദാര്യം കാണിക്കുന്ന, എല്ലാവരുടേയും എല്ലാം വസ്തുക്കളുടെയും നന്മ മാത്രം ആഗ്രഹിക്കുന്ന ദൈവത്തിന്റെ സ്നേഹത്തിനു അത് വളരെ അനുയോജ്യമായ ഒരു ഉദാഹരണമാണ് എന്ന് ഞാൻ കരുതുന്നു. എന്നാൽ ഈ സൂര്യപ്രകാശം തന്നെ മഴയിലും കാർമേഘങ്ങളിലും തട്ടി പ്രതിഫലിക്കുമ്പോൾ, അത് വിതരണം ചെയ്ത് വളരെ മനോഹരമായ മഴവില്ല് ഉണ്ടാകുന്നു. അത് അപ്പോഴും സൂര്യപ്രകാശം തന്നെയാണ്. എന്നാൽ അതിനു മഴവില്ലിന്റെ മനോഹാരിത ലഭിച്ചത് മഴത്തുള്ളികളിലും കാർമേഘങ്ങളിലും തട്ടി വികിരണം ചെയ്തപ്പോഴാണ്. അതുകൊണ്ട് ദൈവത്തിന്റെ സ്നേഹം അതിനർഹതയില്ലാത്ത, യോഗ്യതയില്ലാത്ത, പാപികളായ ആളുകൾ, ആ സ്നേഹത്തിന്റെ object ആയി മാറുമ്പോൾ, അവruടെ കണ്ണുനീരിലും നെടുവീർപ്പിടും തട്ടി അവരുടെ ആവശ്യങ്ങൾ നിവർത്തിക്കുവാൻ താൻ തയ്യാറാകുമ്പോൾ, അത് ദൈവത്തിന്റെ കൃപയായി മാറുന്നു.

ഇതാണ് നമ്മുടെ ദൈവം. എല്ലാ കൃപകളുടെയും ദൈവം. ആ കൃപയാണ് തന്റെ മഹത്വത്തിന്റെ കിരീടത്തിലെ ഏറ്റവും പ്രകാശമുള്ള ജുവൽ (juwel) എന്നു പറയുന്നത്. ദൈവത്തെ സമീപിക്കുന്നതിന് മാത്രമല്ല സ്നേഹിക്കുന്നതിനും കൃപ കാരണമായിതീരുന്നു. ദാവീദ് പറയുന്നത് നോക്കുക: "യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതു കൊണ്ട് ഞാൻ അവനെ സ്നേഹിക്കുന്നു" (സങ്കീർത്തനം 116:1).

ഇതുപറയുമ്പോൾ കർത്താവ് ലൂക്കോസ് 17:7-10 ൽ പറഞ്ഞ ഒരു ഉപമയാണ് എന്റെ മനസ്സിലേക്ക് വരുന്നത്. " നിങ്ങളിലാർക്കെങ്കിലും ഉഴുകയോ മേയ്ക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽ നിന്ന് വരുമ്പോൾ: നീ ക്ഷണത്തിൽ വന്നു ഊണിനു ഇരിക്കുക എന്ന് അവനോട് പറയുമോ? അല്ല എനിക്ക് അത്താഴം ഒരുക്കുക; ഞാൻ തിന്നു കുടിച്ചു തീരുവോളം അരകെട്ടി എനിക്ക് ശുശ്രൂഷ ചെയ്യുക; പിന്നെ നീയും തിന്നു കുടിച്ചു കൊള്ളുക എന്നു പറയുകയില്ലയോ? തന്നോട് കൽപ്പിച്ചത് ദാസൻ ചെയ്ക കൊണ്ട് അവന്നു നന്ദി പറയുമോ? അവണ്ണം നിങ്ങളോട് കല്പിച്ചതൊക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനമില്ലാത്ത ദാസന്മാർ; ചെയ്യേണ്ടതത്രേ ചെയ്തിട്ടുള്ളൂ എന്ന് നിങ്ങളും പറവിൻ."

ആർക്കാണ് ദൈവത്തിന്റെ സ്നേഹത്തിന് പകരം കൊടുക്കാൻ കഴിയുക? ദൈവത്തിന്റെ സ്നേഹത്തെ എന്തെങ്കിലും കൊടുത്ത് തൃപ്തിപ്പെടുത്തുവാൻ ആർക്കാണ് കഴിയുക? ദൗത്യ നിർവഹണം നടത്തുന്ന ഈ ദാസന്റെ ഉപമയിലൂടെ യേശു പറയുന്നത് നമുക്ക് ഒരിക്കലും ദൈവത്തെ ഒരു കടക്കാരൻ ആകുവാൻ കഴിയുകയില്ല എന്ന സത്യമാണ്. യേശുക്രിസ്തു കേവലമൊരു ദാസരൂപമെടുത്ത്, മനുഷ്യവർഗ്ഗത്തെ സേവിച്ച അതേ മനോഭാവത്തോടെ നാം നമ്മെത്തന്നെ ദൈവത്തിന്റെ ദാസന്മാർ എന്ന് കാണേണ്ടതാണ്. ദൈവത്തിന് നാം ചെയ്യുന്ന എല്ലാ വേലയും മറ്റുള്ളവർക്കും അയൽക്കാർക്കും നാം ചെയ്യുന്ന എല്ലാ നന്മയും പരപ്രേരണ കൂടാതെ, സ്വമനസ്സാലെ നമ്മുടെ വിശുദ്ധമായ ഒരു ഉത്തരവാദിത്വം നിവർത്തിക്കുന്നു എന്ന നിലയിൽ നാം ചെയ്യേണ്ടതാണ്.

കാൽവരിയിലെ ക്രൂശ് ഈ ദൈവകൃപയുടെ ഏറ്റവും വലിയ നിദർശനമല്ലേ? കർത്താവു യോഗ്യരായിരുന്ന കുറെപ്പേർക്കുവേണ്ടിയാണോ മരിച്ചത്? യേശുക്രിസ്തുവിനെ കാൽ വരിയിൽ തകർക്കുവാൻ നമ്മുടേതായ contribution എന്തായിരുന്നു എന്ന് ചിന്തിച്ചാൽ ഞാൻ ഈ പറഞ്ഞതിന്റെ അർത്ഥം നിങ്ങൾക്കു മനസ്സിലാകും എന്ന് കരുതുന്നു.

Conclusion
Conclusion
*******

© 2020 by P M Mathew, Cochin

bottom of page