top of page

Lord's Supper_08

The greatness of the sacrifice of Jesus Christ
യേശുക്രിസ്തുവിന്റെ യാഗത്തിന്റെ അതിശ്രേഷ്ടത
എബ്രായർ 9:11-12
"11ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ 12 ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു."
പഴയനിയമ മഹാപൗരോഹിത്യ ശുശ്രൂഷ (Old Testament high priestly ministry)

ഒൻപതാം അദ്ധ്യായത്തിന്റെ ആദ്യത്തെ 10 വാക്യങ്ങളിൽ സാക്ഷ്യകൂടാരത്തിലെ ക്രമീകരണങ്ങളെക്കുറിച്ചും ആരാധനയെ ക്കുറിച്ചും മഹാപൗരോഹിത്യ ശുശ്രൂഷയെക്കുറിച്ചും അതുമൂലമുണ്ടാകുന്ന പ്രയോജനത്തെക്കുറിച്ചുമാണ് പറയുന്നത്. അതിനുശേഷം അതിനേക്കാൾ ഉത്തമമായ, അതിനേക്കാൾ ഉന്നതമായ, ക്രിസ്തുവിന്റെ മഹാപൗരോഹിത്യയാഗത്തെക്കുറിച്ചും അതിന്റെ നേട്ടങ്ങളെ കുറിച്ചും പറയുകയാണ് ഈ വാക്യങ്ങളിൽ.

ആ അന്തരം കാണിക്കുവാനാണ് "ക്രിസ്തുവൊ" അതല്ലെങ്കിൽ But when Christ appeared as a high priest എന്നു പറഞ്ഞ് ഈ വേദഭാഗം ആരംഭിച്ചിരിക്കുന്നത്. പഴയനിയമത്തിലെ ഈ ആരാധന ഒരു ആരാധകനെ പരിപൂർണ്ണനാക്കിയിരുന്നില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ അതുകൊണ്ട് ആരാധകനു പരിപൂർണ്ണ മനസ്സമാധാനം ലഭിച്ചിരുന്നില്ല. അതാണ് ഒമ്പതാം വാക്യത്തിൽ പറയുന്നത്. "ആ കൂടാരം ഈ കാലത്തേക്കു ഒരു സാദൃശ്യമത്രേ. അതിന്നു ഒത്തവണ്ണം ആരാധനക്കാരന്നു മനസ്സാക്ഷിയിൽ പൂർണ്ണ സമാധാനം വരുത്തുവാൻ കഴിയാത്ത വഴിപാടും യാഗവും അർപ്പിച്ചു പോരുന്നു." പഴയനിയമ യാഗാനുഷ്ഠാനങ്ങളിലൂടെ ആരാധകക്കു മനസ്സാക്ഷിയിൽ പൂർണ്ണ സമാധാനം ലഭിച്ചിരുന്നില്ല. അതായത്, അവർക്ക് അവ അർപ്പിച്ച ശേഷവും മനസ്സാക്ഷിയിൽ പാപത്തെക്കുറിച്ചുള്ള കുറ്റബോധം നിലനിന്നിരുന്നു.

അതിനുള്ള കാരണമാണ് 10-ാം വാക്യത്തിൽ പറയുന്നുന്നത്: Since they relate only to food and drink and various washings, regulations of the body imposed until a time of reformation. മലയാള പരിഭാഷ അത്രയും വ്യക്തമല്ല; ഞാനതു വായിക്കാം: "അവ ഭക്ഷ്യങ്ങൾ, പാനീയങ്ങൾ വിവിധ സ്നാനങ്ങൾ എന്നിവയോടുകൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ"

അതായത്, ജഡികങ്ങളായ ഭക്ഷ്യങ്ങൾ, പാനീയങ്ങൾ, വിവിധ സ്നാനങ്ങൾ എന്നിങ്ങനെ ചില നിയമാനുഷ്ഠാനങ്ങളാണ് അവർ അനുഷ്ഠിച്ചിരുന്നത്. ഇവ ശാരീരികവും ബാഹ്യവുമായിരുന്നു. ഈ ആചാരാനുഷ്ഠാനങ്ങൾ ഹൃദയത്തെ സ്പർശിക്കാത്ത തായിരുന്നതുകൊണ്ട് ആരാധകന്റെ മനസ്സാക്ഷിയിൽ അതു സമാധാനം വരുത്തിയിരുന്നില്ല. അവ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളായിരുന്നു.

'ഗുണീകരണകാലത്തോളം' (എന്നു പറയുന്നതിനു ഇംഗ്ലീഷിൽ reformation) എന്നുതിനു ഗ്രീക്കിൽ diorthosis എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ അർത്ഥം "കാര്യങ്ങൾ നേരായനിലയിൽ ആകുന്നതുവരെ" അതല്ലെങ്കിൽ കാര്യങ്ങൾ തൃപ്തികരമായ അവസ്ഥയിൽ" എത്തുന്നതുവരെ എന്നാണ്. അതായത്, പഴയനിയമകാലം മാറി പുതിയനിയമകാലം എത്തുന്നതുവരെ മാത്രമെ അതിനു പ്രസക്തിയുണ്ടായിരുന്നുള്ളു. എന്നാൽ കാലം തികഞ്ഞപ്പോൾ ക്രിസ്തു വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി പ്രത്യക്ഷനായി. ഈ പശ്ചാത്തലത്തിൽ വരുവാനുള്ള നന്മകൾ എന്നത് പാപത്തെക്കുറിച്ചുള്ള കുറ്റബോധം നീങ്ങുക, മനസ്സാക്ഷിയിൽ സമധാനം ഉണ്ടാകുക, നിത്യമായ വീണ്ടെടുപ്പ് സാദ്ധ്യമാവുക എന്നിവയാണ്.

യേശുക്രിസ്തുവിന്റെ മഹാപൗരോഹിത്യ ശുശ്രൂഷ അതിശ്രേഷ്ടം (The high priestly ministry of Jesus Christ is supreme)

എന്നാൽ ക്രിസ്തു എന്ന മഹാപുരോഹിതൻ പ്രത്യക്ഷനായി കൈകളാൽ നിർമ്മിക്കപ്പെടത്തതും പഴയതിനേക്കാൾ ശ്രേഷ്ടവും, സ്വർഗ്ഗീയവുമായ കൂടാരത്തിലൂടെ പ്രവേശിച്ചപ്പോഴാണ് യഥാർത്ഥയാഗം സാദ്ധ്യമായത്. പഴയകൂടാരം ദൈവം രൂപകൽപ്പന ചെയ്തെങ്കിലും അതു മനുഷ്യനിർമ്മിതവും സ്വർഗ്ഗീയമായതിന്റെ പ്രതികം മാത്രമെ ആയിരുന്നുള്ളു. യേശു പ്രവേശിച്ചിരിക്കുന്നതും ശുശ്രൂഷിക്കുന്നതുമായ കൂടാരം എന്നു പറയുന്നത് ദൈവത്തിന്റെ സിംഹസനത്തിനുമുമ്പാകെയാണ്. അതുകൊണ്ടാണ് അതു വലിപ്പവും തികവുമേറിയതായിരിക്കുന്നത്. It is greater and more perfect. ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്തിരുന്നു നമുക്കു വേണ്ടി പക്ഷവാദം കഴിക്കുന്നതുകൊണ്ട് നമുക്ക് കൃപാസനത്തോട് ഏറ്റവും അടുത്തുവരുവാൻ സാധിക്കുന്നു.

പഴയനിയമ മഹാപുരോഹിതൻ ആണ്ടിലൊരിക്കൽ വിശുദ്ധസ്ഥലത്തേയ്ക്ക് പ്രവേശിച്ച് യാഗമർപ്പിച്ചിരുന്നു. എല്ലാ വർഷവും ഈ യാഗാർപ്പണം തുടരുകയും ചെയ്തിരുന്നു. അതിന്റെ അർത്ഥം എല്ലാവർഷവും അവർക്ക് പാപങ്ങളെക്കുറിച്ചുള്ള ഓർമ്മ ഉണ്ടാകുന്നു (10:3). എന്നതാണ്. എന്നാൽ ആ സ്ഥാനത്ത്, യേശു തന്റെ ഏക യാഗത്താൽ നിത്യമായ വീണ്ടെടുപ്പ് സാദ്ധ്യമാക്കി. താൻ യാഗമർപ്പിച്ചത്, കാളകളുടേയൊ ആട്ടുകൊറ്റന്മാരുടേയൊ രക്തം കൊണ്ടായിരുന്നില്ല, മറിച്ച് തന്റെ സ്വന്തരക്തത്താലാണ്. അതുകൊണ്ട്, ഒരു ആരാധകനു പാപത്തെക്കുറിച്ചുള്ള കുറ്റബോധം എന്നേക്കുമായി നീങ്ങി പോകുന്നു. മനസ്സാക്ഷിയുടെ കുറ്റപ്പെടുത്തലില്ലാതെ ഒരു വിശ്വാസിക്കു കൃപാസനത്തോടെ അടുത്തുചെല്ലുവാൻ സാധിക്കും. സമാധാനത്തോടെ അടുത്തുചെല്ലുവാൻ സാധിക്കും. ഇതെത്രയൊ ശേഷ്ടകരമായ സംഗതിയാണ്.

ഇങ്ങനെയൊരു വിണ്ടെടുപ്പ് സാദ്ധ്യമാക്കിയ യേശുക്രിസ്തുവിനെ വിട്ട് നിങ്ങൾ പഴയനിയമ യാഗങ്ങളിലേക്കും അതിന്റെ ആചാരാനുഷ്ഠാനങ്ങളിലേക്കും തിരിയരുതേ എന്ന ഒരു മുന്നറിയിപ്പും ഇതരഭാഗങ്ങളിൽ ലേഖനകാരൻ ഹെബ്രായ വിശ്വാസികൾക്കു നൽകുന്നുണ്ട്. പഴയനിയമ യാഗങ്ങളിലെ മഹാപുരോഹിതന്റെ വേഷവിധാനവും, മൃഗത്തെ കൊന്ന് അതിന്റെ രക്തം ചിന്തുന്നതും, അതിന്റെ രക്തമെടുത്ത് യാഗപീഠത്തേലും ജനങ്ങളുടെ മേലും തളിക്കുന്നതും ഒക്കെ വലിയ ആകർഷണവും എന്തൊക്കെയൊ ചെയ്യുന്നു എന്ന ഫീലിംഗ് ആരാധകർക്കു നൽകിയിരുന്നു. കൂടാതെ യെഹൂദാമതം വിട്ട് ക്രിസ്തീയ വിശ്വാസത്തിലേക്കു വന്നവർക്ക് ചില പീഡനങ്ങളും നേരിടേണ്ടി വന്നു. അതുകൊണ്ട് പഴയസിസ്റ്റത്തിലേക്കു മടങ്ങിപ്പോയാലൊ എന്ന ചിന്ത ചില ഹെബ്രായ വിശ്വാസികൾക്കു ഉണ്ടായിരുന്നു. അതിനെതിരെയുള്ള മുന്നറിയിപ്പും പുതിയനിയമ ഉടമ്പടിയുടെ ശേഷ്ടതയും ഈ ലേഖനത്തിലെ മുഖ്യപ്രമേയമാണ്.

3. ശുദ്ധമനസ്സാക്ഷിയും നിത്യമായ വീണ്ടെടുപ്പും (A Good Conscience and eternal Salvation)

എന്നാൽ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ നിങ്ങൾക്കു ശുദ്ധമനസ്സാക്ഷിയും നിത്യമായ വീണ്ടെടുപ്പും സാദ്ധ്യമായിരിക്കുന്നു എന്നാണ് ലേഖനകാരൻ ഇവിടെ ഉദ്ബോധിപ്പിക്കുന്നത്.

അതുകൊണ്ട് കർത്താവായ യേശുക്രിസ്തു തന്റെ സ്വന്തരക്തം ചിന്തി സാദ്ധ്യമാക്കിയ രക്ഷ പഴയനിയമ താത്ക്കാലിക രക്ഷയേക്കാൾ ശ്രേഷ്ടവും, ഉന്നതവും, നിത്യമായി നിലനിൽക്കുന്നതുമായ രക്ഷയാണ്. കൃപാസനത്തോട് ഏറ്റവും അടുത്തചെന്ന് ആരാധിക്കുവാൻ ഭാഗ്യം നമുക്കു ലഭിച്ചിരിക്കുന്നു. ഇതെത്രയൊ സന്തോഷകരമായ കാര്യമാണ്. അതിനു ദൈവത്തെ എത്ര അധികം സ്തുതിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു.
കൃപാസനത്തോട് നമ്മേ ഏറ്റവും അടുപ്പിക്കുവാൻ കർത്താവ് തന്റെ രക്തം ചിന്തി മരിച്ചതിനേയും അതിലൂടെ സ്ഥാപിച്ച പുതിയ ഉടമ്പടിയേയും കാണിക്കുന്ന സാധനപാഠകങ്ങളാണ് ഈ മേശമേൽ ഇരിക്കുന്നത്. അതിൽ ഏറ്റവും നന്ദിയുള്ളവരായി നമുക്കു ഈ മേശയിൽ പങ്കാളികളാകാം. അതിനു ദൈവം സഹായിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് ഞാനെന്റെ വാക്കുകൾ ചുരുക്കുന്നു.

Conclusion
Conclusion
*******

© 2020 by P M Mathew, Cochin

bottom of page