top of page

Lord's Supper_02

The hope of eternal life is sprouting
നിത്യജീവന്റെ പ്രത്യാശ അങ്കുരിക്കുന്നു
ഉൽപ്പത്തി 3:22-24
"22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. 23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി. 24 ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി."
ദൈവസ്വീകാര്യതയുടെ അടയാളമായി ആദമിനും ഹവ്വയ്ക്കും തോൽ കൊണ്ടുള്ള വസ്ത്രം നൽകുന്നു (Adam and Eve are given leather garments as a sign of their acceptance).

ആദിമാതാപിതാക്കൾ പാപം ചെയ്തതും അതിനെ തുടർന്നുണ്ടായ ദൈവത്തിന്റെ ന്യായവിധിയുടെയും ഒരു തുടർച്ചയാണ് 20-24 വാക്യങ്ങൾ. 20-21 വാക്യങ്ങളിൽ ആദം തന്റെ ഭാര്യക്ക് ഹവ്വ എന്ന് പേരിടുന്നതും ദൈവം തന്റെ കൃപയിൽ ഇരുവർക്കും തോൽ കൊണ്ടുള്ള വസ്ത്രം നൽകുന്നതുമാണ് നാം മുന്നമെ ചിന്തിച്ചത്. അവർക്കു ഒരു വസ്ത്രം നൽകിയതിൽ ഒരു മൃഗം ബലിയാടാക്കപ്പെട്ടു അല്ലെങ്കിൽ യാഗമായിതീർന്നു എന്നും നാം കണ്ടു. ഇതു ദൈവത്തിന്റെ വീണ്ടെടുക്കൽ പ്രവർത്തനത്തിന്റെ ഒരു നിഴൽ ആയിരുന്നു. ഇനി മറ്റൊരു കാര്യം ഇവിടെ ശ്രദ്ധിക്കുവാൻ സാധിക്കുന്നത്, ദൈവത്തിന്റെ അംഗീകാരത്തിന്റെ അഥവാ സ്വികരണത്തിന്റെ ഒരു അടയാളവും കൂടിയാണിത്. അപ്പോസ്തലനായ പൗലോസിന്റെ വാക്കുകളിൽ പറഞ്ഞാൽ “അവൻ പ്രിയനായവനിൽ നമുക്കു നൽകിയ സ്വീകരണത്തിന്റെ ചിത്രമാണ് നൽകുന്നത്. അതേ ദൈവത്തിന്റെ കൃപാമഹത്വത്തിന്റെ പ്രദർശനം നമുക്കിവിടെ കാണാൻ കഴിയും. നാം ക്രിസ്തുവിന്റെ നീതിയാൽ ചുറ്റപ്പെടുന്നു. പിതാവിന്റെ സന്നിധിയിൽ നമുക്കൊരു സ്റ്റാന്റിംഗ് ലഭിച്ചിരിക്കുന്നു. ഇതെല്ലാം ഈയൊരു വേദഭാഗത്ത് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.

അവർക്ക് ഒരു വസ്ത്രം ആവശ്യമായിരുന്നു. എന്നാൽ അതു ദൈവത്തിന്റെ ഗുണത്തിനുവേണ്ടിയായിരുന്നില്ല, കാരണം ദൈവത്തിന്റെ മുൻപിൽ സകലവും തുറന്നതും മലർന്നതുമായി ഇരിക്കുന്നു. അതുപോലെ ആദത്തിനു ഹവ്വയ്ക്കും വേണ്ടിയല്ല, മറ്റുള്ളവർക്കു വേണ്ടിയാണിത്. തങ്ങൾ നഗ്നരാണ് എന്ന തോന്നൽ അവർക്കു തമ്മിൽ തമ്മിൽ ഉണ്ടെങ്കിലും, അതിന്റെ ഉദ്ദേശം മറ്റുള്ളവർ തങ്ങളെ നല്ല നിലയിൽ കാണണം എന്നുള്ളതാണ്. ദൈവത്തിന്റെ സ്വീകരണത്തിന്റെ ഈ അടയാളം അവർ ലോകത്തിനു മുൻപാകെ പ്രദർശിപ്പിക്കണം. അതുകൊണ്ടാണ് ആദത്തേയും ഹവ്വയേയും ഈ നിലയിൽ വസ്ത്രം ധരിപ്പിച്ചത്. അതാണ് ഇതിന്റെ പ്രാഥമികമായ ലക്ഷ്യം.

നാം പലപ്പോഴും നമ്മുടെ വസ്ത്രത്തെ കുറിച്ച്, ബേജാറാകാറുണ്ട്. നമുക്കുതന്നെ നമ്മേക്കുറിച്ചു നന്നായി തോന്നണം, മറ്റുള്ളവരും അത് അങ്ങനെ തന്നെ ഗ്രഹിക്കണം എന്ന് നാം ആഗ്രഹിക്കുന്നു. സുവിശേഷങ്ങളിൽ കർത്താവ് ഒരു ഉപമ പറയുന്നുണ്ട്. നമുക്കെല്ലാവർക്കും പരിചിതമായ മുടിയൻ പുത്രന്റെ ഉപമ. മടങ്ങിവന്ന മുടിയൻ പുത്രനെ പിതാവ് ആദ്യം നല്ല വസ്ത്രങ്ങൾ ധരിപ്പിക്കുന്നതാണ് നാം കാണുന്നത്. കാരണം അത് സമൂഹത്തിന്റെ മുന്നിൽ പിതാവിന്റെ സ്വീകരണത്തിന്റെ ഒരു വലിയ അടയാളമാണ്. ആ പുത്രൻ പിതാവിനാൽ അംഗികരിക്കപ്പെട്ടവനായി, സ്വീകരിക്കപ്പെട്ടവനായി തീർന്നിരിക്കുന്നു.

എന്തുകൊണ്ടായിരിക്കണം മോശെ 22-24 വാക്യങ്ങൾ ഇവിടെ ഉൾപ്പെടുത്തിയത്? തീർച്ചയായും ഈ കഥ നമുക്ക് മനസ്സിലാകുന്നതിനും ആദവും ഹവ്വയും എങ്ങനെ ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ടു എന്നും നാം മനസ്സിലാക്കേണ്ടതിനു വേണ്ടിയാണത്. എന്നാൽ ഇത്രയധികം വിശദാംശങ്ങളോടെ ഇത് നൽകേണ്ടതുണ്ടായിരുന്നോ എന്നു നാം എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് ദൈവം നന്മ തിന്മകളുടെ അറിവിന്റെ വൃക്ഷം നശിപ്പിക്കാതിരുന്നത്?

2. നിത്യജീവന്റെ പ്രത്യാശ അങ്കുരിക്കുന്നു (The hope of eternal life is sprouting)

ഇനി നമുക്ക് നിത്യജീവന്റെ പ്രത്യശയെ സംബന്ധിച്ച അടുത്ത രണ്ടു വാക്യങ്ങളിലേക്ക് വരാം.
“22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.”

യഹോവയായ ദൈവം എന്താണ് പറഞ്ഞത്? മനുഷ്യൻ നന്മ തിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു. രണ്ടു കാര്യങ്ങൾ ഈ വാക്യങ്ങളിൽ ശ്രദ്ധിക്കാൻ സാധിക്കും. “നമ്മിൽ ഒരുത്തനെപ്പോലെ” ദൈവത്തിൽ ഒന്നിലധികം വ്യക്തിത്വങ്ങൾ ഉള്ളതിന്റെ ഒരു സൂചനയല്ലേ ഇത്. രണ്ടാമതായിട്ട്, നന്മ തിന്മകളെ തിരിച്ചറിയുന്നത് ദൈവത്തിന്റെ prerogative/വിശേഷാധികാരമായിരുന്നു. എന്നാൽ ആ അധികാരം മനുഷ്യൻ സ്വയം ഏറ്റെടുത്തു. അതായത്, ദൈവത്തോട് ആലോചന ചോദിച്ച് ചെയ്യേണ്ടിയിരുന്ന കാര്യം മനുഷ്യൻ ദൈവത്തിൽ നിന്ന് സ്വതന്ത്രമായി ചെയ്യുവാൻ തുടങ്ങി. നന്മ തിന്മകളെ വിവേചിക്കുന്ന കാര്യത്തിലാണ് മനുഷ്യൻ autonomous/സ്വയം ഭരണാധികാരമുള്ളവനായി തീർന്നത്. മനുഷ്യൻ സ്വയം നന്മ തിന്മകളെ തെരഞ്ഞെടുത്തതിന്റെ അനന്തര ഫലങ്ങളാണ് ഇന്നുമെന്നും ലോകത്തിലെങ്ങും നമുക്ക് കാണാൻ കഴിയുന്നത്. വാർത്താമാദ്ധ്യമങ്ങളിൽ ഒരൊ ദിവസം നിറഞ്ഞു നിൽക്കുന്നത് സ്വയം നന്മ തിന്മകളെ തെരഞ്ഞെടുത്തതിന്റെ അനന്തര ഫലങ്ങളാണ്.

ഇനി ഇപ്പോൾ അവർ ജീവന്റെ വൃക്ഷത്തിൽ നിന്നുള്ള ഫലവും കൂടി പറിച്ചു തിന്നാൽ, എന്തായിരിക്കും സ്ഥിതി? അവർ എന്നേക്കും ജീവിക്കുന്നവനായി തീരും. അതായത്, പാപിയായ മനുഷ്യൻ പാപത്തിൽ എന്നേക്കും ജീവിക്കുക. പാപിയായ മനുഷ്യൻ എന്നേക്കും ജീവിച്ചിരുന്നു പാപം ചെയ്തുകൊണ്ടേയിരിക്കുക. യാതൊരു വിഘ്നവും കൂടാതെ പാപത്തിൽ ജീവിക്കുക. അതെത്രയൊ ഭയാനകമായ ഒരു സ്ഥിതിവിശെഷം ആയിരിക്കുമെന്ന് ഊഹിക്കാമല്ലൊ?

അതുകൊണ്ട് ദൈവം എന്തുചെയ്തു എന്നാണ് 23-ാം വാക്യത്തിൽ നാം വായിക്കുന്നത്. “23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി. ”

എന്തിനുവേണ്ടീയാണ്? അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്തു ജീവിക്കേണ്ടതിനാണ് അവനെ യഹോവ പുറത്താക്കിയത്. ഇനി എവിടേക്കാണവരെ പുറത്താക്കിയത്? 24-ാം വാക്യം: “24 ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി. ”

ഏദെൻ തോട്ടത്തിനു കിഴക്കു ഭാഗത്തേക്കാണ് അവരെ ദൈവം ഇറക്കിവിട്ടത്. ബൈബിളിൽ കിഴക്കിനു വളരെ പ്രാധാന്യമുണ്ട്, എന്നാൽ അതിലേക്കൊന്നും ഞാൻ കടക്കാൻ ആഗ്രഹിക്കുന്നില്ല. എന്നിട്ട് ഏദൻ തോട്ടത്തിനു കിഴക്ക് കെരൂബുകളെ നിർത്തി. തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായിട്ടാണ് യഹോവ അവരെ നിർത്തിയത്. അതിന്റെ ഉദ്ദേശ്യം അവർ ജീവന്റെ വൃക്ഷത്തിലേക്ക് തിരികെവന്ന് അതു പറിച്ചു തിന്നു എന്നേക്കും ജീവിക്കാതിരിക്കാൻ വേണ്ടിയാണ് കെരൂബുകളെ വാളുമായി അവിടെ കാവൽ നിർത്തിയത്.

3. ജീവവൃക്ഷത്തിലേക്കുള്ള മടങ്ങിവരവ് (Return to the Tree of Life)

ഏദൻ തോട്ടത്തിനു പുറത്താക്കപ്പെട്ട ആദത്തിന്റേയും ഹവ്വയുടേയും പ്രതികരണ മെന്തായിരിക്കും? ഭയം. ഒരു മൃഗത്തിന്റെ ശ്ബദം കേട്ടാൽ ഭയം. കാരണം താൻ എപ്പോൾ വേണമെങ്കിലും തന്നെ എടുത്തിരിക്കുന്ന പൊടിയിലേക്ക് തിരിയാം. മുള്ളും പറക്കാരയും നിറഞ്ഞ ഭൂമിയിൽ കൂടി ഒരു സങ്കേതത്തിനായി താൻ ഓടുകയായിരുന്നൊ? പാപത്തിൽ മരിച്ചവർ അങ്ങനെ ഒരു ജീവച്ഛവം പോലെ ഭൂമിയിൽ അലയുകയായിരുന്നില്ലേ.
ആദാമിന്റെ സന്തതിയായി ജനിച്ച നാം മരിച്ചവരായി ജനിക്കുന്നു. കോപപാത്രങ്ങളായി ജീവിക്കുന്നു. മനസ്സ് അന്ധകാരം പൂരിതമായി, നമ്മുടെ ഹിതം അടിമപ്പെട്ടു. നമ്മുടെ ഹൃദയം സൃഷ്ടാവാം ദൈവത്തൊട് കല്ലുപോലെ കഠിപ്പിച്ചവരായി ജീവിക്കുന്നു.

വെളിപ്പാട് 7:9, 13-14 “ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു.” …….

“13 മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു. 14 യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.”

അങ്ങനെ നാം കുഞ്ഞാടിന്റെ രക്തത്താൽ നീതിവസ്ത്രം ധരിച്ചവരായി തീരുമ്പോൾ, എന്തു സംഭവിക്കുമെന്ന് അറിയാമൊ? ഏദൻ തോട്ടത്തിൽ ആദത്തോടും ഹവ്വയോടും കൂടെ ദൈവം വസിച്ചിരുന്നതുപോലെ, നമ്മോടുകൂടെയും ദൈവം വസിക്കും. വെളിപ്പാട് 21:3 “3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.” മറ്റൊരു വാക്യവും കൂടി വായിച്ച് ഇത് അവസാനിപ്പിക്കാം: വെളിപ്പാട് 22:2 “2 നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.” അതേ ജീവവൃക്ഷത്തിൽ നിന്ന് നാം ഭക്ഷിക്കുന്ന ഒരു നാളുണ്ട്. അതിനെ നോക്കിപ്പാർക്കാം.

Conclusion
Conclusion
*******

© 2020 by P M Mathew, Cochin

bottom of page