top of page
Search

നിങ്ങൾ ദൈവത്തിന്റെ ശത്രുവൊ അതൊ മിത്രമൊ?

Updated: Dec 22, 2025


ചൈനയിലെ ബോക്സർ കലാപത്തിൽ (1899–1901), ആയിരക്കണക്കിന് ക്രിസ്ത്യാനികൾ - ചൈനക്കാരും വിദേശ മിഷനറിമാരും - വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടു. അതിജീവിച്ചവരിൽ ഒരു യുവ ചൈനീസ് വിശ്വാസിയും ഉണ്ടായിരുന്നു, അക്രമത്തിൽ തന്റെ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ടു.

 

ഒരു ദിവസം, ഭാര്യയുടെയും കുട്ടികളുടെയും മരണത്തിന് ഉത്തരവാദിയായ കൊലയാളിയെ പിടികൂടി. ആ ദിവസങ്ങളിൽ, വധശിക്ഷ വേഗത്തിൽ നടപ്പാക്കുമായിരുന്നു. എന്നാൽ യുവ വിശ്വാസി ഇടപെട്ടു. അയാൾ ജയിലിലുള്ള ആ മനുഷ്യനെ സന്ദർശിച്ച് അവനോട് പറഞ്ഞു, "നീ മരിക്കുന്നതിനുമുമ്പ് എനിക്ക് ഒരു കാര്യം പറയാനുണ്ട്: ഞാൻ നിന്നോട് ക്ഷമിക്കുന്നു. എന്റെ കർത്താവ് അതിലും മോശമായത് എന്നോട് ക്ഷമിച്ചു, നീ ദൈവത്തെ അഭിമുഖീകരിക്കുന്നതിനുമുമ്പ് അവന്റെ ക്ഷമ നീ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു."

 

കൊലയാളി അവിശ്വാസത്തോടെ നോക്കി. അവൻ വെറുപ്പും ശാപവും ഒരുപക്ഷേ പ്രതികാരവും പ്രതീക്ഷിച്ചിരുന്നു. പകരം, തന്റെ ശത്രുക്കൾക്കുവേണ്ടി മരിച്ച ഒരു രക്ഷകനെക്കുറിച്ച് അവൻ കേട്ടു. അന്ന്, തടവുകാരൻ ക്രിസ്തുവിൽ വിശ്വാസം അർപ്പിച്ചു. അവൻ ദൈവത്തിന്റെ ശത്രുവായിട്ടല്ല, മറിച്ച് ക്ഷമിക്കപ്പെട്ട ഒരു മകനായി മരണത്തിലേക്ക് പോയി.

 

അതാണ് സുവിശേഷം - ദൈവം നമ്മുടെ ശിക്ഷ റദ്ദാക്കുക മാത്രമല്ല; അന്തിമ വിധി വരുന്നതിനുമുമ്പ് അവൻ നമ്മെ തന്റെ കുടുംബത്തിലേക്ക് ദത്തെടുക്കുന്നു.  (source American red cross)

 

രോമാലേഖനം 5:10 ൽ നാം ഇപ്രകാരം വായിക്കുന്നു: " ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും."

 

കേവലം രണ്ടു കാര്യങ്ങൾ മാത്രം ഈ വേദഭാഗത്തുനിന്നും ചൂണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു:

 

ഒന്ന്, ക്രിസ്തുവിന്റെ ത്യാഗപരമായ മരണത്തിലൂടെ ദൈവവുമായുള്ള അനുരഞ്ജനം (ശത്രുത്വം അവസാനിപ്പിക്കൽ) സാദ്ധ്യമാക്കുന്നു

.

രണ്ട്, ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേറ്റ ജീവിതത്താൽ വലിയതും തുടർച്ചയായതുമായ രക്ഷ, അതായത് നിത്യജീവൻ, രൂപാന്തരീകരണം, പാപത്തിനെതിരായ വിജയം എന്നിവ കൊണ്ടുവരുന്നു, വിശ്വാസികൾക്ക് അന്തിമ മഹത്വം ഉറപ്പാക്കുന്നു, കാരണം ദൈവം ശത്രുക്കളെ രക്ഷിച്ചുവെങ്കിൽ, അവൻ തീർച്ചയായും അനുരഞ്ജനപ്പെട്ട സുഹൃത്തുക്കളെ രക്ഷിക്കും.

 

ഒന്നാമത്തെ കാര്യം, ദൈവവുമായുള്ള അനുരജ്ഞനമാണ്. ദൈവം വിശുദ്ധിയിൽ വാഴുന്നവനാണ്. യാതൊരു അശുദ്ധിക്കൊ പാപത്തിനൊ തന്നോടു അടുക്കുവാൻ കഴിയുകയില്ല. ദൈവം നിഷ്ക്കർഷിക്കുന്ന നിലവാരത്തിനൊത്തവണ്ണം അഥവാ ദൈവത്തിന്റെ കല്പനകൾ പൂർണ്ണമായി പാലിച്ചുകൊണ്ട് ജീവിക്കുന്ന ഒരു വ്യക്തിക്കു മാത്രമെ ദൈവത്തോട് അടുക്കുവാനൊ, ദൈവവുമായി ഒരു ബന്ധം സ്ഥാപിക്കുവാനൊ സാധിക്കയുള്ളു. എന്നാൽ മനുഷ്യർ  ആരുംതന്നെ ദൈവത്തിന്റെ കൽപ്പനകൾ പൂർണ്ണമായി അനുസരിച്ചു ജീവിക്കുന്നില്ല. ഉദാഹരണമായി, ജീവിതത്തിൽ ഒരു നുണയെങ്കിലും പറയാത്ത ഏതെങ്കിലും മനുഷ്യനുണ്ടൊ എന്ന് അന്വേഷിച്ചാൽ അങ്ങനെയൊരാളെ കണ്ടത്തുവാൻ നമുക്കു കഴിയുകയില്ല.  ദൈവത്തിന്റെ രണ്ടു പ്രധാന കല്പനകൾ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണശക്തിയോടും കൂടെ ദൈവത്തെ സ്നേഹിക്കുക, നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക  എന്നതാണ്. എന്നാൽ സ്വന്തഭാര്യയെപ്പോലും തന്നെപ്പോലെ സ്നേഹിക്കുവാൻ മനുഷ്യൻ പരാജയപ്പെടുന്നുവെന്നത് എത്ര യാഥാർത്ഥ്യം.  ആ നിലയിൽ മനുഷ്യരെല്ലാം പാപികളാണ്. അതായത്, സൃഷ്ടാവായ ദൈവത്തിന്റെ കൽപ്പനകളെ ലംഘിച്ചുകൊണ്ട് ജീവിക്കുന്നവർ. അവരെ ദൈവത്തിന്റെ ശത്രുക്കളായിട്ടാണ് ദൈവം കാണുന്നത്.

 

എന്നാൽ ദൈവം സ്നേഹവാനാണ്. അതുകൊണ്ട് ദൈവം മനുഷ്യനെ രക്ഷിക്കുവാൻ ഒരു പദ്ധതിയിട്ടു. തന്റെ ഏകജാതനായ പുത്രനെ മനുഷ്യന്റെ പാപത്തിന്റെ ശിക്ഷക്കു വിധേയനാക്കി മനുഷ്യവർഗ്ഗത്തെ രക്ഷിക്കുക. അതാണ് വാസ്തവത്തിൽ 2000 വർഷങ്ങൾക്കുമുൻപ് കാല്വരിയിലെ ക്രൂശിൽ അരങ്ങേറിയത്. യേശു മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങളെ ഏറ്റെടുത്തുകൊണ്ട് ഒരു പകരക്കാരനായി മരിക്കുകയായിരുന്നു. ഈ യേശുക്രിസ്തുവിൽ വിശ്വാസമർപ്പിക്കുന്നവർക്ക് ദൈവം സൗജന്യമായി പാപമോചനവും സ്വർഗ്ഗവും വാഗ്ദാനം ചെയ്യുന്നു. അതു വിശ്വാസത്താൽ സ്വീകരിക്കുക എന്നതാണ് ഒന്നാമതായി ഒരു മനുഷ്യൻ ചെയ്യേണ്ടത്. അങ്ങനെ ഒരുവാൻ പാപിയാണെന്ന് അംഗീകരിച്ചുകൊണ്ട് യേശുവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുന്ന  ഒരു വ്യക്തിയെ ദൈവം തന്റെ മകനായി/മകളായി സ്വന്തം ഭവനത്തിലേക്ക് സ്വീകരിക്കുന്നു. പിന്നെ അവൻ ദൈവത്തിന്റെ ശത്രുവല്ല, മിത്രമാണ്. ഒരു പിതാവ് എന്ന നിലയിൽ ദൈവവുമായി ഒരു ബന്ധം സാദ്ധ്യമായി തീരുന്നു.

 

രണ്ടാമതായി, അവനെ ദൈവം ഒരു വിശുദ്ധനായി തന്റെ ഭവനത്തിലേക്ക് നിത്യമായി സ്വീകരിക്കും എന്നതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, അവൻ നിത്യജീവനുള്ളവനായി തീരും. ജീവദാതാവായ ദൈവത്തോടു ബന്ധമുള്ളവനായി തീരുമ്പോൾ അവൻ ദൈവത്തിൽ നിന്ന് ജിവൻ പ്രാപിച്ചുകൊണ്ട് നിത്യമായി ജീവിക്കും. മരിച്ചാലും അവൻ യേശുവിനെ പോലെ ഉയർത്തെഴുന്നേറ്റ് ജീവിക്കും.

 

അതിന്റെ ഉറപ്പിനെക്കുറിച്ചാണ് നാം വായിച്ച വേദഭാഗത്തിന്റെ രണ്ടാം ഭാഗം പറയുന്നത്. ഇത് ദൈവത്തിനു സാദ്ധ്യമാക്കാൻ പ്രയാസമില്ല; കാരണം ശത്രുവായ മനുഷ്യനെ ദൈവത്തോടു അനുരഞ്ജിപ്പിക്കുക എന്ന കഠിനമായ പ്രവൃത്തി ദൈവം ഇതിനോടകം ചെയ്തു കഴിഞ്ഞിരിക്കുകയാണ്. കർത്താവായ യേശുക്രിസ്തു ഉയർത്തെഴുന്നേറ്റു ഇന്നും ജീവിക്കുന്നതിനാൽ തന്നിൽ വിശ്വാസമർപ്പിച്ചവരെ വിശുദ്ധിയിൽ നയിപ്പാനും പാപത്തിനുമേൽ വിജയം നേടുവാനും അവനെ പ്രാപ്തമാക്കുവാൻ ദൈവത്തിന്റെ ആത്മാവിനു കഴിയും. പരിശുദ്ധാത്മശക്തിയാൽ ഒരു വിശ്വാസിക്ക് ഒരു പുതുക്കപ്പെട്ട ജീവിതം സാദ്ധ്യമാണ്. കാരണം അവന്റെ കഴിഞ്ഞകാലജീവിതത്തിലെ പാപങ്ങളെല്ലാം യേശുവിന്റെ രക്തത്താൽ കഴുകി ശുദ്ധിയാക്കപ്പെട്ടു. ഇനിയും അവരുടെ ജീവിതത്തിൽ വരാവുന്ന പാപങ്ങളെ കഴുകി വെടിപ്പാക്കുവാൻ യേശുക്രിസ്തുവെന്ന ദൈവപുത്രന്റെ രക്തത്തിനു കഴിയും. അതുകൊണ്ടാണ് 1 യോഹന്നാൻ 1:9 ൽ നാം ഇപ്രകാരം വായിക്കുന്നത്: "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു."  

 

ദൈവത്തോടുള്ള ശത്രുത നീങ്ങി നാം മിത്രങ്ങളായി തീർന്നതിനാൽ യേശു കർത്താവ് തീർച്ചയായും നമ്മുടെ രക്ഷ പൂർത്തിയാക്കും. അത് മുമ്പെന്നത്തെക്കാൾ ഉറപ്പായ സംഗതിയാണ്; കാരണം യേശുവിൽ വിശ്വസിച്ച  ഒരു വ്യക്തി യേശുവിന്റെ മിത്രമാണ്.

 

അതേ അവന്റെ ജീവനാൽ നാം എത്രയധികം രക്ഷിക്കപ്പെടും എന്ന് പൗലോസ് ചോദിക്കുന്നത് അതുകൊണ്ടാണ്. ക്രിസ്തുവിന്റെ ജീവനുള്ള, ഉയിർത്തെഴുന്നേറ്റ ജീവിതത്താൽ പരിവർത്തനത്തിനും സ്ഥിരോത്സാഹത്തിനും ആത്യന്തിക നിത്യജീവനും തുടർച്ചയായ ശക്തി അതു നൽകുന്നു.

 

ചുരുക്കി പറഞ്ഞാൽ, ക്രിസ്തുവിന്റെ മരണം ദൈവവുമായുള്ള സൗഹൃദത്തിലേക്കുള്ള വാതിൽ തുറന്നു, അവന്റെ പുനരുത്ഥാന ജീവിതം നിത്യജീവനിലേക്കും മഹത്വത്തിലേക്കുമുള്ള യാത്ര ഉറപ്പുനൽകുന്നു.

 

താങ്കൾ പാപമോചനത്തിനും നിത്യജീവനുമായി ഈ യേശുക്രിസ്തുവിൽ വിശ്വസിക്കുമൊ? ഇനിയും പാപത്തിന്റെ ഭാരവും പേറി നിങ്ങൾ നടക്കേണ്ടതുണ്ടോ?  നിങ്ങൾ ചെയ്തുപോയ തെറ്റുകൾക്ക്, കുറ്റങ്ങൾക്ക് ഇനിയും നിങ്ങൾ മനസ്സാക്ഷിക്കുത്ത് അനുഭവിക്കേണ്ട ആവശ്യമില്ല. അതെല്ലാം ഇറക്കിവെക്കാം. ശേഷിക്കുന്ന കാലം സമാധാനമായി ജീവിക്കാം. നഷ്ടപ്പെട്ടുപോയ എല്ലാ ബന്ധങ്ങളും നിങ്ങൾക്കു നേരെയാക്കാം. നരകശിക്ഷയെക്കുറിച്ചുള്ള ഭയം  കൂടാതെ മരണത്തെ വളരെ പുഞ്ചിരിയോടെ ധൈര്യത്തോടെ നേരിടാം. ഉയർത്തെഴുന്നേറ്റ് ഒരു പുതിയ യുഗത്തിലേക്ക് കടക്കാം. അതിനു ദൈവം നിങ്ങളെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 
 
 

Comments


© 2020 by P M Mathew, Cochin

bottom of page