സത്യാരാധന
- Mathew P M
- Nov 24
- 3 min read
ലോകത്ത് ഭക്തന്മാരുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ടെങ്കിലും സത്യാരാധന നടത്തുന്നവർ വളരെ വിരളമാണ്. ജനലക്ഷങ്ങൾ പങ്കെടുക്കുന്ന സ്ഥലങ്ങളെയാണ് പലരും ഭക്തികേന്ദ്രങ്ങളായി കാണുന്നത്. എന്നാൽ അവിടെ യഥാർത്ഥ ദൈവസാന്നിദ്ധ്യം ഇല്ല എന്ന കാര്യം അവർ അറിയുന്നില്ല. അതുമുലം വ്യാജദൈവങ്ങളെ ആരാധിക്കായും ജീവിതത്തിൽ യഥാർത്ഥ സംതൃപ്തിയൊ സമാധാനമൊ ഇല്ലാത്തവരായി കഴിയുകയും ചെയ്യുന്നു. പലർക്കു സത്യദൈവം ആരാണ്, ആ ദൈവത്തെ എങ്ങനെയാണ് ആരാധിക്കേണ്ടത് എന്ന് അറിയുന്നില്ല. ദൈവം വിശുദ്ധനാണെന്നും യാതൊരു അശുദ്ധിയൊ കാപഠ്യമൊ വഞ്ചനയൊ ഇല്ലാത്തവനുമാണെന്നുമുള്ള സത്യം അനേകരും ചിന്തിക്കുന്നില്ല. അവൻ ഈ ലോകത്തിന്റെയും മനുഷ്യവർഗ്ഗത്തിന്റെയും സൃഷ്ടാവാണെന്ന് മാത്രമല്ല വിശുദ്ധിയിൽ വാഴുന്നവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനുമാണ്. അവൻ മനുഷ്യ വർഗ്ഗത്തെ സ്നേഹിക്കുന്നവനാകയാൽ അവർക്കു "വീണ്ടെടുപ്പു" ഒരുക്കിയ ദൈവവും കൂടിയാണ്. വീണ്ടെടുപ്പു എന്നതുകൊണ്ട് അർത്ഥമാക്കുന്നത് വീണുപോയ മനുഷ്യനെ, അഥവാ പാപം ചെയ്തു നരകശിക്ഷക്കു വിധേയനായി കഴിയുന്ന മനുഷ്യനെ, പാപത്തിന്റെ ശിക്ഷയിൽ നിന്നു വിടുവിക്കുവാൻ തന്റെ പുത്രനായ യേശുക്രിസ്തുവിനെ കാൽ വരിയിലെ ക്രുശിൽ ഒരു ബലിയായി നൽകിയ ദൈവമാണ്. ആ യേശുവിൽ വിശ്വസിക്കുന്നവർക്കു പാപമോചനവും നിത്യജീവനും ദൈവം ദാനമായി നൽകുന്നു. ആ യേശുക്രിസ്തുവിൽ കൂടി മാത്രമെ സത്യദൈവത്തിന്റെ സന്നിധിയോടു അടുത്തുവരുവാൻ ആർക്കും കഴിയുകയുള്ളു. അങ്ങനെ തങ്ങളുടെ പാപങ്ങളെ ക്ഷമിച്ചുകിട്ടുന്ന യാതൊരു ക്രമീകരണവുമില്ലാതെ എന്തെങ്കിലും നേർച്ച കാഴ്ചകൾ അർപ്പിച്ച് ദൈവത്തെ വശീകരിക്കാമെന്ന് ചിന്തിക്കുന്നവർ മൂഡസ്വർഗ്ഗത്തിലാണ് കഴിയുന്നത്.
സത്യാരാധനയെക്കുറിച്ച് ദൈവത്തിന്റെ വചനമായ ബൈബിൾ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നത് ശരിയായ ആരാധനക്ക് നിങ്ങളെ സഹായിക്കും. അതിനായി യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായം 23-ാം വാക്യത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
യോഹന്നാൻ 4:23

"സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു."
ബൈബിൾ വളരെ ഊന്നൽ നൽകി പറയുന്ന ഒരു കാര്യമാണ് ആരാധന എന്നത്. കർത്താവായ യേശുക്രിസ്തുതന്നെ അത് എങ്ങനെ ആയിരിക്കണം എന്ന് തന്റെ ലാവണ്യ വാക്കുകളാൽ വ്യക്തമാക്കിയിട്ടുമുണ്ട്.
സത്യാരാധകർ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കും; കാരണം പിതാവ് അത്തരം ആരാധകരെ അന്വേഷിക്കുന്നു. പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സത്യാരാധകരെ പിതാവ് അന്വേഷിക്കുന്നു.
ഇതിന്റെ പശ്ചാത്തലമെന്നത്, യേശു ശമര്യാസ്ത്രീയോട്, വാസ്തവത്തിൽ താൻ ആരാണ്, എന്നു വെളിപ്പെടുത്തുന്നതിനു മുന്നോടിയായിട്ടാണ് ഇക്കാര്യം പറയുന്നത്. അതായത്, താൻ സാക്ഷാൽ മശിഹയാണ്. യോഹന്നാൽ 4:26 ൽ യേശു ഇപ്രകാരം പറയുന്നു: "യേശു അവളോടു: “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ” എന്നു പറഞ്ഞു." അതിന്റെയൊരു implication ഉം ഈ വേദഭാഗത്തിലുണ്ട്
ഒന്നാമതായി, യേശു പറയുന്നത്, ആരാധന ഒരു പ്രത്യേക സമയത്തോ സ്ഥലത്തോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല എന്ന കാര്യമാണ്. ആരാധനാസ്ഥലമല്ല, ആരാധനയുടെ object ആണ് പ്രാധാനമായിരിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ നിങ്ങൾ എവിടെയാണ് ആരാധിക്കുന്നത് എന്നല്ല, എങ്ങനെ ആരാധിക്കുന്നു നിങ്ങൾ ആരെ ആരാധിക്കുന്നു എന്നതാണ് പ്രധാനം. ദൈവം ആത്മാവായതിനാൽ ആത്മീയമായി കൈകാര്യം ചെയ്യപ്പെടേണ്ട ഒരു വിഷയമാണിത്.
അന്ന് ശമര്യക്കാർ ഗെരിസിം മലയിലും യെഹുദന്മാർ യെരുശലേം ദേവാലയത്തിലുമാണ് ആരാധിച്ചിരുന്നത്. എന്നാൽ കർത്താവു പറയുന്നു: "നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു." യഹൂദന്മാരും ശമര്യക്കാരും ദൈവം വെച്ചിരിക്കുന്ന നിലവാരത്തിന് അനുസൃതമായിട്ടല്ല ആരാധിക്കുന്നത് എന്ന കാര്യമാണ് യേശു അവളെ ഗ്രഹിപ്പിക്കുവാൻ ശ്രമിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഗെരിസിം മലയിലെ ആരാധന നിയമവിരുദ്ധവും അതേസമയം യെഹൂദ ആരാധന ദൈവത്തിന്നു തൃപ്തികരവുമല്ല! എന്നാണ്. കേൾക്കുന്ന ഏതൊരു യെഹൂദനേയും ഞടുക്കുന്ന പ്രസ്താവനയാണിത്. എന്നാൽ ഒരു യെഹൂദനും തികഞ്ഞ ഭക്തനുമായ യേശു പറയുന്നു: ജറുസലേം ദേവാലയത്തിലെ യഹൂദ ആരാധന, പുതിയ ആലയമായ, യേശുവിലൂടെയുള്ള പുതിയ ആത്മീയ ആരാധനയ്ക്ക്, വഴിമാറണം എന്ന്. യേശു അവരുടെ മശിഹയും പുതിയ ആലയവുമാകയാൽ, യേശുവിലൂടെയുള്ള പുതിയ ആത്മീയ ആരാധനക്ക് ഇപ്പോഴത്തെ ആരാധന വഴിമാറണം. ദൈവത്തെ പ്രസാദിപ്പിക്കുന്ന ആരാധന, ഭൂമിയിലെ വിശുദ്ധമന്ദിരത്തിലല്ല, മറിച്ച് പുതിയ ആലയമായ യേശുവിനെ കേന്ദ്രീകരിക്കണം; കാരണം യേശു ദൈവത്തിന്റെ സാന്നിധ്യത്തിന്റെ യഥാർത്ഥ പ്രകടനമാണ്.
യേശുവിന്റെ ഉയർത്തപ്പെടലിനുശേഷം വിശ്വാസികളെ ഈ രീതിയിൽ ആരാധിക്കാൻ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് നമുക്കറിയാം. എന്നാൽ ശമര്യ സ്ത്രീയെ സംബന്ധിച്ചിടത്തോളം പരിശുദ്ധാത്മാവിന്റെ പങ്ക് അവളെ പറഞ്ഞ് ഗ്രഹിപ്പിക്കുക എന്നതായിരിക്കില്ല യേശുക്രിസ്തുവിന്റെ ഇവിടുത്തെ ലക്ഷ്യമെന്നത്. കാരണം ഇംഗ്ലീഷ് പരിഭാഷയിൽ ആത്മാവ് എന്ന് ഉപയോഗിച്ചിരിക്കുന്ന പദം "spirit" (not 'Spirit') എന്നതാണ്.
ആത്മാവിലെ ആരാധന വെറുമൊരു ബാഹ്യ ആചാരപ്രകടനമല്ല. ആരാധനയെ നിയന്ത്രിക്കേണ്ടത് ബാഹ്യ പ്രവൃത്തികളല്ല, മറിച്ച് അത് ഹൃദയത്തിന്റെ കാര്യമാണ്. ഒരുവന്റെ മുഴുവൻ വ്യക്തിത്വത്തേയും ഉൾക്കൊണ്ടുകൊണ്ടുള്ള ആരാധനയാണ് ഇത് അർത്ഥമാക്കുന്നത്. അത് പൂർണ്ണമനസ്സോടും പൂർണ്ണ ശക്തിയോടും പൂർണ്ണ ആത്മാവിലും അർപ്പിക്കേണ്ട ഒന്നാണ്. അതു ദൈവകേന്ദ്രീകൃതവും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതുമായിരിക്കണം
രണ്ടാമതായി, ഇവിടെ പറയുന്ന കാര്യം അതു സത്യത്താൽ നയിക്കപ്പെടണം എന്നതാണ്. സത്യത്താൽ നയിക്കപ്പെടണം. അതിനു ശരിയായ അറിവ് ആവശ്യമാണ്. തിരുവെഴുത്തുകളിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന ദൈവം ആരാണെന്നും, അവന്റെ ഇഷ്ടവുമായും അതു യോജിക്കണം. നാം ആരാധിക്കുന്ന ദൈവത്തെക്കുറിച്ച് നമുക്ക് അറിവില്ലെങ്കിൽ, അത് സത്യാരാധനയാവുകയില്ല. ദൈവത്തെക്കുറിച്ച് നാം കൂടുതൽ അറിയുന്തോറും നാം അവനെ കൂടുതൽ വിലമതിക്കുന്നു. നാം ദൈവത്തെ എത്രത്തോളം വിലമതിക്കുന്നുവോ അത്രത്തോളം നാം ദൈവത്തെ ബഹുമാനിക്കും.
ദൈവത്തെ ബഹുമാനിക്കുന്ന ആരാധനയ്ക്ക് ആത്മാവും സത്യവും ആവശ്യമാണ്. സത്യമില്ലാത്ത ആത്മാവ് ആഴം കുറഞ്ഞതും അമിതമായ ഒരു വൈകാരികതയിൽ കലാശിക്കുന്നതുമാണ്. സത്യാരാധന ഒരിക്കലും ലീഗലിസത്തിന്റെ/നിയമവാദത്തിന്റെ ചട്ടക്കുട്ടിൽ ഒതുക്കി നിർത്താവുന്ന ഒന്നല്ല. ഉപരിപ്ലവമായ ആരാധനയിൽ ദൈവത്തിന് തീരെ താൽപ്പര്യമില്ല. അതു ദൈവത്തെ വിലമതിച്ചുകൊണ്ടുള്ളതും ഭയത്തോടും ബഹുമാനത്തോടും കൃതജ്ഞതയോടെയും ഉള്ള ആരാധനയാണ്. ദൈവത്തിന്റെ അതുല്യമായ വിശുദ്ധിയും മഹത്വവും അംഗീകരിച്ചുകൊണ്ടുള്ള ആരാധനയാണത്.
അപ്പോസ്തലനായ പൗലോസ് റോമർ 12:1 ൽ അതുകൊണ്ട് "സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ" എന്നതു കൂടി ചേർത്തുവായിച്ചാൽ, ക്രിസ്തീയജീവിതവും ആരാധനക്ക് അതി പ്രധാനമാണ് എന്നു കാണാം. റോമാലേഖനത്തിന്റെ ആദ്യത്തെ 11 അദ്ധ്യായങ്ങളിൽ സുവിശേഷത്തെക്കുറിച്ചും അതെങ്ങനെയാണ് വിശ്വാസികളെ സ്വാധീനിക്കേണ്ടത് എന്നു പറഞ്ഞതിനുശേഷമാണ് അപ്പൊ. പൗലൊസ് "അതുകൊണ്ട്" എന്നു പറഞ്ഞ് ഈ വേദഭാഗം ആരംഭിക്കുന്നത്. അതായത്, സുവിശേഷവും സുവിശേഷാധിഷ്ഠിതജീവിതവും ബുദ്ധിയുള്ള ആരാധനക്കു അത്യന്താപേക്ഷിതമാണ്. അതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് ഞാൻ ഇപ്പോൾ കടക്കുവാൻ ആഗ്രഹിക്കുന്നില്ല. സുവിശേഷവും സുവിശേഷാധിഷ്ഠിത ജീവിതവും ദൈവപ്രസാദകരമായ ആരാധനക്ക് അത്യന്താപേക്ഷിതമാണ്.
പിതാവ് അങ്ങനെയുള്ള ആരാധകരെ അന്വേഷിക്കുന്നു: അതേ, യഥാർത്ഥവും ആത്മീയവും സത്യസന്ധവുമായ രീതിയിൽ, തന്നെ ആരാധിക്കുന്ന ആളുകളെ ദൈവം അന്വേഷിക്കുന്നു.
അതുകൊണ്ട്, സത്യാരാധന ബാഹ്യമായ ചടങ്ങുകളേക്കാൾ, ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയായി ദൈവസന്നിധിയിൽ അർപ്പിക്കാം. അതു ഭയത്തോടും ഭക്തിയോടും സന്തോഷത്തോടും കൃതജ്ഞതയോടും കൂടെ അർപ്പിക്കാം. ദൈവത്തിന്റെ അതുല്യമായ വിശുദ്ധിയും മഹത്വവും അംഗീകരിച്ചുകൊണ്ടത് അർപ്പിക്കാം. സുവിശേഷവും സുവിശേഷാധിഷ്ഠിത ജീവിതവും നമ്മുടെ ആരാധനക്ക് പിൻബലമായിരിക്കട്ടെ.





Comments