top of page
Search

Jesus Saves Sinners! യേശു പാപികളെ രക്ഷിക്കുന്നു!



ree

നിങ്ങൾ ഒരു പാപിയാണ് എന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? എന്റെ പാപം ക്ഷമിച്ചുകിട്ടിയിരുന്നുവെങ്കിൽ എന്നു നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ നിരാശപ്പെടേണ്ടതില്ല. നിങ്ങളുടെ  പാപങ്ങൾ ക്ഷമിച്ചുതരുമെന്നു  മാത്രമല്ല, നിങ്ങളുടെ ഹൃദയത്തെ പൂർണ്ണമായി കഴുകി നിങ്ങൾ ഒരു പാപവും ചെയ്യാത്ത വ്യക്തിയെപ്പോലെ ദൈവം നിങ്ങളെ കാണുവാൻ കഴിയുന്ന ഒരു വ്യക്തിയായി മാറ്റുവാൻ യേശുക്രിസ്തുവിനു കഴിയും. ദൈവം നിങ്ങളെ നോക്കി വിശുദ്ധൻ എന്നു വിളിക്കും!!! ഇതു ഏതെങ്കിൽ രാഷ്ട്രീയ നേതാവു നൽകുന്ന ഒരു വാഗ്ദത്തമല്ല. മറിച്ച് സാക്ഷാൽ ദൈവംതമ്പുരാൻ നൽകുന്ന വാഗ്ദത്തമാണ്. വാക്കു മാറാത്തവനും വിശ്വസ്തനുമായ ദൈവം നൽകുന്ന വാഗ്ദത്തമാണ്. ഏതൊരു പാപിക്കും വിശ്വസിക്കുവാൻ കഴിയുന്ന വാഗ്ദത്തമാണ്. അതിനു  നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ വായന തുടരുക.


1 തിമൊത്തി 1:15-17

15 ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.16 എന്നിട്ടും യേശുക്രിസ്തു നിത്യ ജീവന്നായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്കു ദൃഷ്ടാന്തത്തിന്നായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു. 17 നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ. (1 തിമോത്തി 1:15-17).


 അപ്പോസ്തലനായ പൗലൊസ് തന്റെ സഹപ്രവർത്തകനും യവ്വനക്കാരനുമായ തിമോത്തിയെ എഫെസോസ് സഭകളിലെ  ദുരുപദേശത്തെ പ്രതിരോധിക്കുന്നതിനും ആരാധനയെ ക്രമത്തിലാക്കുന്നതിനുംവേണ്ടി എഴുതുന്ന കത്താണ് തിമോത്തിയൊസിന്റെ ഒന്നാം ലേഖനം.

സുവിശേഷം വിശ്വാസികളെ ഒരേസമയം കൂടുതൽ എളിമയുള്ളവരും കൂടുതൽ ആത്മവിശ്വാസമുള്ളവരുമാക്കുന്നു എന്നു തന്റെ ജീവിതസാക്ഷ്യം ചൂണ്ടിക്കാട്ടി പൗലോസ് പ്രബോധിപ്പിക്കുകയും  അതിനായി ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്ന ഒരു സ്തുതിഗീതമാണിത്.

ഒന്നാമതായി ഈ വേദഭാഗത്തു നിന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ക്രിസ്തു പാപികളെ രക്ഷിക്കുന്നു.

1 ക്രിസ്തു പാപകളെ രക്ഷിക്കുന്നു!


പൗലോസ് മുമ്പ് ഒരു "ദൂഷകനും പീഡകനും ധിക്കാരിയും" ആയിരുന്നു.  അങ്ങനെയുള്ള പൗലോസിനെ ദൈവം തന്റെ കരുണയുടെ ബഹുത്വത്താൽ രക്ഷിച്ചുവെങ്കിൽ, തീർച്ചയായും ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏതൊരു പാപിക്കും നിത്യജീവൻ നൽകാൻ ദൈവത്തിനു കഴിയുമെന്ന് അപ്പോസ്തലൻ നിഗമനം ചെയ്യുന്നു. അതിനെ ദൈവത്തിന്റെ കൃപയുടെ കവിഞ്ഞൊഴുക്ക് എന്നാണ് പൗലോസ് വിശേഷിപ്പിക്കുന്നത്. പിന്നിലേക്കു തിരിഞ്ഞുനോക്കിയാൽ നമ്മുടെ അവസ്ഥ പൗലോസിന്റേതിനേക്കാൾ എത്രയൊ മോശമായിരുന്നുവെന്ന് നാമെല്ലാം സമ്മതിക്കും. അതിൽ നാം എത്രത്തോളം നന്ദിയുള്ളവരാണ്?


പൗലോസ് പറയുന്നു  "15 ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ." (1:15).


ക്രിസ്തുയേശുവിൽ വിശ്വസിക്കുന്ന ഏതൊരു പാപിക്കും ദൈവം  നിത്യജീവൻ ദാനമായി നൽകുന്നു. ഇതു തികച്ചും വിശ്വാസയോഗ്യമായ വചനമാണ്. ആർക്കും ഇതു വിശ്വസിക്കാം. കാരണം അതിനു വ്യക്തമായ തെളിവും ദൈവത്തിന്റെ തന്നെ ആധികാരികതാ സർട്ടിഫിക്കറ്റുമുണ്ട്.


ഒന്നാമതായി പൗലോസ് പറയുന്നു: ഇതു മഹത്തായ ഒരു ചൊല്ലാണ്. It is a trust worthy saying. ഇതു വിശ്വാസയോഗ്യമായ വചനമാണ്. അതായത്, താൻ പറയുന്നത് കേവലം ഊഹാപോഹമൊ, തന്റെ എന്തെങ്കിലും അഭിപ്രായമൊ അല്ല, മറിച്ച് ഇത് തികച്ചും വിശ്വാസയോഗ്യമായ വചനമാണ്. അങ്ങനെ പറയാനുള്ള കാരണം അത് യഥാർത്ഥത്തിൽ സംഭവിച്ച കാര്യമായതുകൊണ്ടാണ്. തന്റെ ജീവിതത്തിൽ തന്നെ അതു യാഥാർത്ഥ്യമായി തീർന്നിരിക്കുന്നു. വിശ്വസ്തരായ അനേകരുടെ സാക്ഷ്യങ്ങൾ അതു ശരിവെക്കുന്നു. എണ്ണമറ്റ ആളുകളുടെ പരിവർത്തനാത്മക അനുഭവങ്ങൾ അതിനു തെളിവാണ്. എല്ലാറ്റിനുമുപരിയായി, അത് ദൈവത്തിന്റെ വിശ്വസ്തതയിലും വാഗ്ദാനങ്ങളിലും ശക്തിയിലും വേരൂന്നിയതാണ്. അതിനേക്കാൾ മികച്ച 'ആധികാരികത സർട്ടിഫിക്കറ്റ്' വേറെ എന്താണു വേണ്ടത്.


ഇനി ആ വിശ്വാസയോഗ്യമായ വചനമെന്നത്, ക്രിസ്തുയേശു പാപികളെ രക്ഷിക്കുവാൻ വന്നു എന്നതാണ്.  ക്രിസ്തുയേശു പാപികളെ രക്ഷിക്കുവാൻ വന്നു. ലോകത്തെ കുറ്റംവിധിക്കാനോ  ന്യായപ്രമാണം അനുസരിക്കുവാനുള്ള ഉത്തേജനം നൽകാനോരോഗികളെ സുഖപ്പെടുത്തുന്നത് പോലെയുള്ള അത്ഭുതങ്ങൾ ചെയ്യാനോ അല്ല അവൻ ലോകത്തിലേക്ക് വന്നത്. പാപികളെ രക്ഷിക്കാനാണ് അവൻ ലോകത്തിലേക്ക് വന്നത്. അതിൽ ജാതിയനെന്നൊ യെഹൂദനെന്നോ വ്യത്യാസമില്ല, അതിൽ പുറജാതിയെന്നൊ പാർശവൽക്കരിക്കപ്പെട്ടവനെന്നൊ വ്യത്യാസമില്ല, ഏതൊരു പാപിക്കും ഈ ദാനം ലഭ്യമാണ്. എത്രതന്നെ വലിയ പാപിയെന്നും മുദ്രകുത്തിയവർക്കും ഈ ദാനം ലഭ്യമാണ്. എന്തൊരു അത്ഭുതകരമായ വാക്യമാണിത്!


ദൈവത്തിന്റെ ഈ വാഗ്ദത്തെ അവിശ്വസിക്കുന്നതാണ് ദൈവത്തിനു മുന്നിലെ ഏറ്റവും വലിയ പാപം. എന്നാൽ മനുഷ്യൻ ചെയ്യുന്ന ഏതൊരു പാപവും ദൈവത്തോടു യാചിച്ചാൽ ക്ഷമിക്കും; എന്നാൽ ഈ വാക്ക് അവിശ്വസിക്കുന്നതാണ് മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ പാപം.

തന്റെ തന്നെ ജീവിതമാണ് അതിനു തെളിവായി പൗലോസ് ചൂണ്ടിക്കാണിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മോശം പാപികളായ അഞ്ച് പേരുടെ പട്ടിക പൗലോസ് ഉണ്ടാക്കിയാൽ, ആ പട്ടികയിൽ അദ്ദേഹം തന്നെയും ഉൾപ്പെടുത്തും. വാക്യം 13ൽ പൗലൊസ് ഇപ്രകാരം പറയുന്നു: "മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു;"  എങ്കിലും ദൈവം അറിവില്ലായ്മയുടെ കാലങ്ങളെ ക്ഷമിച്ചുകൊണ്ട് തന്നോടു ദീർഘക്ഷമകാണിച്ചിരിക്കുന്നു. തനിക്കു നിത്യജീവൻ പ്രദാനം ചെയ്തിരിക്കുന്നു. എല്ലാത്തിനുമുപരിയായി ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ അപ്പൊസ്തലനായി തന്നെ നിയമിക്കയും ചെയ്തിരിക്കുന്നു. ദൈവം അങ്ങനെ ചെയ്യുവാനുള്ള ഏക കാരണം ദൈവത്തിന്റെ കരുണയുടെ കവിഞ്ഞൊഴുക്കാണ്. ദൈവകൃപയുടെ കുത്തൊഴുക്കാണ്. ദൈവത്തിന്റെ മഹാകരുണയുടെ ആധിക്യമാണ്. അതിനെക്കുറിച്ച്  ഓർക്കുമ്പോൾ ദൈവത്തെ സ്തുതിക്കാതിരിക്കുവാൻ തനിക്കു കഴിയുന്നില്ല.  17-ാം വാക്യം താൻ ആ സ്തുതിക്കുന്നതിലേക്കു വഴുതി വീഴുന്നതാണ്.


2. അതിൽ നന്ദിയുള്ളവരായി ദൈവത്തെ ആരാധിക്കുക.


ദൈവം പാപിയായ നമ്മോടു ക്ഷമിച്ച് നമ്മുടെ തന്റെ മക്കളും സ്വർഗ്ഗത്തിനു അവകാശികളുമാക്കുന്നു എന്നതിനേക്കാൾ മെച്ചമായ ഒരു വാർത്ത എന്താണുള്ളത്? അതിൽ നാം എന്നും ദൈവത്തെ സ്തുതിക്കുന്നവരും ആരാധിക്കുന്നവരുമാണോ? അപ്പൊസ്തലനായ പൗലോസ് തന്നെ രക്ഷിച്ച ദൈവത്തോട് താൻ എങ്ങനെയാണ് പ്രതികരിച്ചത് എന്നു നോക്കുക.

"17 നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ." (1:17).


ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ ഒരു സുപ്രധാന ഭാഗമാണ് ആരാധന. ദൈവത്തെ നാം സ്നേഹിക്കുന്നതിന്റെ തെളിവാണ് ആരാധന. ദൈവത്തെ ആരാധിക്കുമ്പോൾ നാം അവന്റെ മാറ്റമില്ലാത്ത സ്വഭാവസവിശേഷതകളെ പുകഴ്ത്തുന്നു. അവന്റെ രാജത്വത്തെ നാം അംഗീകരിക്കുന്നു. അതേ ദൈവം നിത്യരാജാവാണ്, അവൻ അക്ഷയനാണ്, അവൻ അദൃശ്യനാണ്, അവൻ മാത്രമെ ദൈവമായിട്ടുള്ളു. അതുകൊണ്ട് എല്ലാ സ്തുതിക്കും യോഗ്യൻ അവൻ മാത്രം എന്ന് പൗലോസ് പ്രശംസിക്കുന്നു.


ക്രിസ്തുയേശുവിൽ നിന്നും ഈ രക്ഷ സ്വീകരിച്ച ഏതൊരു പാപിയുടേയും അധരങ്ങളിൽ നിന്നു വരേണ്ട ഏറ്റവും ന്യായമായ പ്രതികരണമെന്നത് ദീർഘകാല സ്തുതിയും നന്ദിയുമാണ്. യാതൊരു അർഹതയുമില്ലാതിരുന്ന, ഒരു കണ്ണിനും ദയതോന്നാതിരുന്ന നമ്മേ ഒരോരുത്തരേയും ദൈവം രക്ഷിച്ചുവെങ്കിൽ ആ ദൈവത്തിന്റെ കരുണയുടെ ആധിക്യം എത്ര വലുതാണ്. നിത്യരാജാവായ, അക്ഷയനും അദൃശ്യനുമായ, ഏകദൈവമാണ് ഈ കാര്യം നമ്മിൽ നിവൃത്തിച്ചിരിക്കുന്നത് എന്നത് അതിനേക്കാൾ എത്രയൊ വലിയ കാര്യമാണ്; പദവിയാണ്.  അതോർത്ത് ഈ പകൽക്കാലം നമുക്കു നമ്മുടെ ദൈവത്തെ സ്തുതിക്കാം. അവന്റെ മാറ്റമില്ലായ്മയെ ധ്യാനിക്കാം. അവന്റെ അനന്തമായ കൃപയെ ഏറ്റവും നന്ദിയോടെ ഓർക്കാം. അതിനു ദൈവം നമ്മേ ഓരോരുത്തരേയും സഹായിക്കട്ടെ.

 
 
 

Comments


© 2020 by P M Mathew, Cochin

bottom of page