top of page
Search

ക്രിസ്തുമസ്സിന്റെ മഹാസന്തോഷവും സമാധാനവും!!! Wish You A Merry Christmas!!!

Updated: Jul 2, 2023

ക്രിസ്മസ് സന്തോഷത്തിന്റെയും സമാധാനത്തിന്റേയും ഉത്സവമാണ്. അതിനെക്കുറിച്ചു പ്രതിപാദിക്കുന്ന ചില ബൈബിൾ വേദഭാഗങ്ങളാണ് താഴെ ഉദ്ധരിച്ചിരിക്കുന്നത്. അതിലേക്കു നിങ്ങളുടെ ശ്രദ്ധയെ സാദരം ക്ഷണിക്കുന്നു.


മത്തായി 1:21 "അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” (മത്തായി 1:21-22).


"ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി. “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു." (ലൂക്കോസ് 2:10-14).


ദൈവത്തിന്റെ ദൂതൻ മറിയയുടെ ഭർത്താവാകുവാൻ പോകുന്ന യോസേഫിനു പ്രത്യക്ഷനായി യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചു പ്രദിപാദിക്കുന്ന വാക്യങ്ങളാണ് മത്തായി സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ ദൂതൻ വെളിപ്പെടുത്താനുള്ള കാരണം യോസേഫ് മറിയയെ പരിഗ്രഹിക്കുന്നതിനു മുന്നമെ മറിയ ഗർഭിണിയായത് അറിഞ്ഞ് അവളെ ഗൂഡമായി ഉപേക്ഷിക്കുവാൻ തീരുമാനിച്ചതിനാലാണ്. എന്നാൽ മറിയയിൽ ഉല്പാദിതമായതു ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലാണ് എന്നും ആ ശിശുവിനേയും അമ്മയേയും സ്വീകരിക്കുന്നതിൽ യാതൊരു വൈമുഖ്യവും കാണിക്കേണ്ട എന്നുമാണ് ദൂതൻ യോസേഫിനോടു പറഞ്ഞത്. ആഴത്തിനുമേൽ ഇരുൾ വ്യാപിച്ചിരുന്ന അവസ്ഥയിൽ ദൈവത്തിന്റെ ആത്മാവ് പരിവർത്തിച്ചാണ് പ്രപഞ്ചസൃഷ്ടി നടന്നത് എന്ന് ഉൽപ്പത്തി പുസ്തകത്തിൽ നാം വായിക്കുന്നു. അതേ പരിശുദ്ധാത്മാവിനാലാണ് മറിയയിൽ ഈ ശിശു ഉളവായിരിക്കുന്നത്. അതായത്, സർവ്വശക്തനായ ദൈവത്തിന്റെ പ്രവൃത്തിയാലാണ് കന്യകയായ മറിയയിൽ ഈ ശിശു ജന്മമെടുത്തിരിക്കുന്നത്. അതുകൊണ്ട് മറിയയെ സ്വീകരിക്കുന്നതിൽ ശങ്കിക്കേണ്ട എന്നാണ് ദൂതൻ യോസേഫിനോട് പറയുന്നത്.


ഇനി ആ ശിശുവിന്റെ പ്രത്യേകതകളെക്കുറിച്ചും ദൂതൻ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മറിയയിൽ ഇപ്പോൾ ഉല്പാദിതമായിരിക്കുന്നത് ഒരു പുരുഷപ്രജയാണ്. അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നും രക്ഷിക്കുവാനിരിക്കുന്നവനാണ്. അവനു നീ യേശു എന്നു പേരിടണം. ഈ കാര്യങ്ങളാണ് ദൂതൻ യോസേഫിനെ അറിയിക്കുന്നത്. ഇതെങ്ങനെയാണ് ഈ ശിശുവിൽ നിവൃത്തിയാകുന്നത് എന്നു നമുക്കു നോക്കാം.


ആദ്യമായി ഈ ശിശു മനുഷ്യവർഗ്ഗത്തെ അവരുടെ പാപങ്ങളിൽ നിന്നും രക്ഷിക്കുന്നു എന്നത് എങ്ങനെയെന്നു നമുക്കു പരിശോധിക്കാം.


ഭൂമിയിൽ പാപത്തിന്റെ ആരംഭം കുറിക്കുന്നത് ഉല്പത്തി പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഏദന്തോട്ടത്തിൽ വെച്ചാണ്. ദൈവം മനുഷ്യനെ പൊടിയിൽ നിന്നു സൃഷ്ടിച്ച് അവന്റെ മൂക്കിൽ ജീവശ്വാസം അഥവാ പരിശുദ്ധാത്മാവിനെ ഊതി ജീവനുള്ള ദേഹിയാക്കി തീർത്തു എന്ന് ഉല്പ്പത്തി പുസ്തകത്തിന്റെ 2:7 ൽ നാം വായിക്കുന്നു. ആദാമിന്റെ വാരിയെല്ലിൽ നിന്ന് ദൈവം ഹവ്വയെ സൃഷ്ടിച്ച് അവരെ ഇരുവരെയും മനോഹരമായ ഏദന്തോട്ടത്തിലാക്കുന്നു. ഏദന്തോട്ടത്തിലാണ് ദൈവവും മനുഷ്യനും ആദ്യമായി ഒരുമിച്ചു വസിച്ചത്. അതല്ലെങ്കിൽ ഭൂമിയിൽ ദൈവം നമ്മോടുകുടെ ആയിരുന്ന സ്ഥലമായിരുന്നു ഏദൻ.


ദൈവം ആദാമിനെയും ഹവ്വയേയും തന്റെ പ്രതിമയായിട്ടാണ് സൃഷ്ടിച്ചത്. അതായത്, ദൈവത്തിന്റെ ഒരു പ്രതിമയായി ആകാശത്തിൻ കീഴുള്ള സകലത്തേയും വാഴുക എന്ന നിയോഗത്തോടെയാണ് ദൈവം അവരെ ഏദന്തോട്ടത്തിലാക്കിയത്. എന്നാൽ ഇങ്ങനെ സകലത്തിന്മേലും വാഴണമെങ്കിൽ അവർക്കു അതിനുള്ള ജ്ഞാനം ആവശ്യമാണ്. ഈ ജ്ഞാനം അവർക്കു ദൈവത്തിൽ നിന്നു മാത്രമെ പ്രാപിക്കാൻ കഴിയു. അതായത്, ദൈവത്തോട് തുടർമാനമായ ഒരു ബന്ധത്തിൽ നിലനിന്നുകൊണ്ടു മാത്രമെ ഈ വാഴ്ച അവർക്കു സാദ്ധ്യമാകയുള്ളു. നന്മയും തിന്മയും തിരിച്ചറിയുന്ന സർവ്വജ്ഞാനിയായ ദൈവത്തെ ആശ്രയിച്ചു തീരുമാനങ്ങളെടുത്ത് ഓരോ ദിവസവും മുന്നോട്ടുപോകുക. അതിന്റെ ഒരു പ്രതീകമെന്നവണ്ണം ദൈവം ഏദനു നടുവിൽ രണ്ടു വൃക്ഷങ്ങളെ നട്ടുപിടുപ്പിച്ച്, ഒന്നിനു ജീവന്റെ വ്യക്ഷമെന്നും മറ്റേതിനു നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷമെന്നും പേരിട്ടു. അതിൽ ജീവന്റെ വൃക്ഷഫലം തിന്നുകൊള്ളാനും അതേസമയം നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നരുതെന്നും ദൈവം അവരോടു കൽപ്പിച്ചു. ഏദന്തോട്ടത്തിലെ ബാക്കി നിരവധിയായ വ്യക്ഷഫലങ്ങളിൽ നിന്നും ഇഷ്ടം പോലെ ഭക്ഷിപ്പാനുള്ള അനുവാദവും ദൈവം അവർക്കു നൽകി.


എന്നാൽ അധികം വൈകും മുമ്പേ, ഒരു പാമ്പ് ഏദന്തോട്ടത്തിൽ പ്രത്യക്ഷനാകയും ആ ജീവി സ്ത്രീയോട് സംസാരത്തിൽ ഏർപ്പെടുകയും ചെയ്തു. അതിന്റെ ഫലമായി ദൈവം വിലക്കിയിരുന്ന നന്മതിന്മകളെ കുറിച്ചുള്ള ജ്ഞാനത്തിന്റെ വ്യക്ഷഫലം പറിച്ചുതിന്നാൻ അവൾ പ്രലോഭിതയായി തീർന്നു. അതായത്, അവൾ ഈ ഫലം പറിച്ചു തിന്നു സ്വയം നന്മ തിന്മകളെ തിരിച്ചറിയുന്നവളായി തീരുക. ആ പ്രലോഭനത്തോടെ അവൾ വൃക്ഷഫലത്തെ നോക്കിയപ്പോൾ അത് അത്യാകർഷകവും തിന്മാൻ കാമ്യവുമെന്ന് കണ്ട് അതു പറിച്ചു തിന്നുകയും തന്റെ ഭർത്താവിനു കൊടുക്കുകയും അവനും അതു തിന്നുകയും ചെയ്തു. അങ്ങനെ അവർ ഇരുവരും പാപത്തിൽ വീഴുകയും പാപത്തിന്റെ ശമ്പളമായ മരണത്തിനു അധീനരാകയും ചെയ്തു. അതോടെ അവരിലെ ദൈവീക പ്രതിമ വികലമാകയും അവർക്ക് ഏദന്തോട്ടത്തിൽ വസിക്കുവാനുള്ള അനുവാദം നഷ്ടമാകയും ചെയ്തു. ദൈവം അവരെ ന്യായവിസ്താരം നടത്തി ഏദനിൽ നിന്നു പുറത്താക്കുന്നു.


എന്നാൽ മഹാകാരുണ്യവാനായ ദൈവം അവർക്കു ദൈവസാന്നിദ്ധ്യത്തിലേക്കു തിരികെ വരുവാൻ ഒരു സാഹചര്യം ഒരുക്കുമെന്ന് വാഗ്ദത്തം നൽകി. ആ വാഗ്ദത്തമാണ് ഉല്പത്തി 3:15 ൽ കാണുന്ന മഹത്തായ സുവിശേഷം "ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും." അങ്ങനെ പാമ്പിന്റെ തലയെ തകർക്കുന്ന സ്ത്രീയുടെ സന്തതി അവരിൽ നിന്നുണ്ടാകും അതുവഴി മരണം നീങ്ങിപ്പോകുമെന്നും തിരികെ ജീവനിൽ പ്രവേശിക്കുമെന്നുള്ള പ്രതീക്ഷയോടെ അവർ ഏദനിൽ നിന്നു പടിയിറങ്ങുന്നു.


ആ പ്രതീക്ഷയാണ് രണ്ടായിരം വർഷങ്ങൾക്കു മുൻപ് മറിയ എന്ന കന്യകയിൽ യേശു എന്ന ആ രക്ഷകൻ പിറവിയെടുത്തതോടെ യാഥാർത്ഥ്യമായത്. എന്നാൽ ഈ രക്ഷകൻ ലോകപ്രകാരമുള്ള പ്രശസ്തിയിലൊ സ്ഥാനത്തോ, പദവിയിലൊ ജനിച്ച വ്യക്തി ആയിരുന്നില്ല. അവന്റെ ജനനത്തിനു അനേക പ്രത്യേകതകൾ ഉണ്ടായിരുന്നു. തന്റെ ജനനത്തെക്കുറിച്ചു അനേകം പ്രവാചകന്മാർ ഇതിനോടകം പ്രവചിച്ചിരുന്നു. അതിലൊരു പ്രവചനം ഇതാണ്: യെശയ്യ 7:14 "അതുകൊണ്ട് കർത്താവു തന്നെ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനുവേൽ എന്നു പേർ വിളിക്കും." ക്രിസ്തു ജനിക്കുന്നതിനു മുൻപേ ബി സി 700 കളിലാണ് യെശയ്യാ ജീവിച്ചതും പ്രവചിച്ചതും. യേശു ജനിക്കുന്നത് പുരുഷസ്പർശമില്ലാത്ത ഒരു കന്യകയിലാണ്. അങ്ങനെ ജന്മപാപമില്ലാതെ രക്ഷകൻ ഈ ഭൂമിയിൽ അവതരിക്കുന്നു. തന്റെ രക്ഷാകരദൗത്യത്തിനു ഇങ്ങനെയൊരു ജനനം അത്യന്താപേക്ഷിതമായിരുന്നു. ലോകത്തിൽ അതിനു മുൻപോ അതിനു ശേഷമോ അങ്ങനെയൊരു സംഗതി ഉണ്ടായിട്ടില്ല. ഈ രക്ഷകൻ സകല പ്രപഞ്ചത്തിനും സൃഷ്ടാവും രാജാവുമായിരുന്നിട്ടും താൻ ജനിച്ചു വീണത് ഒരു ഒരു രാജകൊട്ടാരത്തിലായിരുന്നില്ല, മറിച്ച് ഒരു പുൽത്തൊഴുത്തിലായിരുന്നു. തന്റെ മാതാപിതാക്കൾ തന്നെ ധരിപ്പിച്ചത് രാജകൊട്ടാരത്തിലെ നേർമ്മയായ വസ്ത്രങ്ങളായിരുന്നില്ല മറിച്ച് ഒരു ശീല ചുറ്റിയാണ് പുൽത്തൊട്ടിയിൽ തന്നെ കിടത്തിയത്. അതായിരുന്നു മശിഹയുടെ, രാജാവിന്റെ അടയാളമായി ആട്ടിടയന്മാർക്കു നൽകിയ സന്ദേശത്തിൽ ദൂതൻ പറഞ്ഞത്. സാധാരണ ശീലകൾ ചുറ്റുന്നത് മരണസമയത്ത് ഒരാളെ കല്ലറയിൽ വെക്കുന്നതിനു മുൻപാണ്. അതായത്, ഈ ശിശു ജനിച്ചത് മരിക്കാൻ വേണ്ടിയാണെന്ന സൂചന ലൂക്കോസ് സുവിശേഷകൻ ആരംഭത്തിലെതന്നെ നൽകുന്നു. നമുക്കറിയാം യേശു ക്രൂശിൽ മരിച്ചശേഷം അവനെ കല്ലറയിൽ വെക്കുന്നത് ഒരു ശീല ചുറ്റിയാണ് എന്ന്. ലൂക്ക് 23:53 ൽ നാം വായിക്കുന്നത് : "അതു (യേശുവിന്റെ ശരീരം) ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ചു. അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു."


യേശു പാപലേശമില്ലാതെ കന്യകയിൽ ജനിച്ചു. പാപലേശമില്ലാതെ ജീവിച്ചു. യാതൊരു കുറ്റവും ചെയ്യാതിരുന്നിട്ടും യേശുവിനു പാപത്തിന്റെ ശമ്പളമായ മരണശിക്ഷ നൽകി. അങ്ങനെ അവൻ നിന്ദിതനും പീഡിതനുമായി, ഒരു മരക്കുരിശ്ശിൽ മൂന്നാണികളിന്മേൽ തൂങ്ങി മരിച്ചു. അങ്ങനെ യേശു തന്റെ പരസ്യശുശ്രൂഷക്കാലത്ത് പറഞ്ഞതുപൊലെ, "മനുഷ്യ പുത്രനൊ തലചായ്പ്പാൻ ഇടയില്ലാതെ" (മത്തായി 8:20) മരക്കുരുശ്ശിൽ മരിച്ചു.


എന്തുകൊണ്ട്? തന്റെ മരണം പാപികളായ നമ്മുടെ ഓരോരുത്തരുടേയും സ്ഥാനത്തായിരുന്നു. നമുക്കു പകരക്കാരനായിട്ടാണ് യേശു കാല്വരി ക്രൂശിൽ മരിച്ചത്. ഈ സുവിശേഷം വിശ്വസിക്കുന്നവർക്കു ദൈവത്തോടു സമാധാനം ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു. അവർക്കു ഇനി പാപത്തിന്റെ ശിക്ഷ ഏൽക്കേണ്ട ആവശ്യമില്ല, കാരണം ആ ശിക്ഷ യേശു അവർക്കു പകരക്കാരനായി അനുഭവിച്ചിരിക്കുന്നു. അങ്ങനെ കർത്താവായ യേശുക്രിസ്തുവിനെ തന്റെ രക്ഷിതാവായി സ്വീകരിക്കുന്ന ഏതൊരു വ്യക്തിക്കും ദൈവത്തോടു സമാധാനവും നിത്യമായ സന്തോഷവും ലഭിക്കുന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ യേശുക്രിസ്തുവിന്റെ പ്രതിമധരിച്ചവരായി തീരുന്നു എന്ന് കൊലോസ്യലേഖനം 3:10 ൽ നാം വായിക്കുന്നു. അങ്ങനെ നമ്മിലെ വികലമാക്കപ്പെട്ട ദൈവികപ്രതിമ യേശുക്രിസ്തുവിലൂടെ പുതുതാക്കപ്പെടുന്നു. നമുക്കു നഷ്ടപ്പെട്ട ദൈവികബന്ധം യേശുക്രിസ്തുവിലൂടെ പുനഃസ്ഥാപിക്കപ്പെടുന്നു. ഇനി ദൈവത്തിൽ നിന്നു ജ്ഞാനം പ്രാപിച്ച് ലോകത്തെ ഭരിക്കുവാനുള്ള അവകാശം അവനു തിരികെ ലഭിക്കുന്നു.


ഇതാണ് യേശുക്രിസ്തുവിന്റെ ജനനത്തിങ്കൽ സന്തോഷിക്കുവാൻ വകനൽകുന്നത്. ദൈവം നമ്മുടെ ആദിമാതാപിതാക്കളോടു വാഗ്ദത്തം ചെയ്ത സ്ത്രീയുടെ സന്തതിയായി വരുന്ന രക്ഷകനാണ് യേശു. ഈ യേശുക്രിസ്തുവിനു മാത്രമെ യഥാർത്ഥ സമാധാനം നിങ്ങൾക്കു നൽകാൻ കഴിയു. കാരണം ഈ രക്ഷകന്റെ ക്രൂശുമരണത്തിൽ ആശ്രയിക്കുന്നതിലൂടെ ദൈവത്തോടു ശത്രുതയിലായിരുന്ന ഒരു വ്യക്തിക്കു ദൈവത്തിന്റെ മിത്രമായി തീരുവാനും ദൈവഭവനത്തിലെ അംഗമായി മാറുവാനും സാധിക്കുന്നു. അവന്റെ ജീവിതത്തിൽ അവനു നഷ്ടപ്പെട്ടുപോയ പറുദീസയുടെ അനുഭവം തിരികെ വരുന്നു. ഇനിയും കർത്താവ് തന്നിൽ വിശ്വസിക്കുന്നവരെ തന്നോടു ചേർക്കുവാനും താൻ അവർക്കു രാജാവായി വാഴുവാനും പോകുകയാണ്. അവനോടു ചേർന്ന് ഉൽപ്പത്തിയിൽ നമുക്കു നഷ്ടമായി പോയ ഭരണം നാം തിരികെ പ്രാപിക്കുവാൻ പോകയാണ്. ഇതെത്രയൊ സന്തോഷകരവും ആനന്ദകരവുമായ സംഗതിയാണ്.


ഈ സന്തോഷവും സമാധാനവും നിങ്ങളിൽ യാഥാർത്ഥ്യമായി തീർന്നിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ ഇന്നു തന്നെ നിങ്ങളുടെ പാപങ്ങൾ ഏറ്റു പറഞ്ഞ് കർത്താവായ യേശുവിനെ നിങ്ങളുടെ രക്ഷിതാവും കർത്താവുമായി സ്വീകരിക്കുക.


കർത്താവായ ക്രിസതു നൽകുന്ന പാപത്തിന്റെ ശിക്ഷയിൽ നിന്നുള്ള വിടുതലും (രക്ഷയും) അതു മൂലമുളവാകുന്ന മഹാസന്തോഷവും സമാധാനവും നിങ്ങളോടു കൂടെ ഇപ്പോഴൂം എപ്പോഴും ഇരിക്കുമാറാകട്ടെ; ആമേൻ.


ree

 
 
 

Comments


© 2020 by P M Mathew, Cochin

bottom of page