top of page
Search

Year-end worship വർഷാവസാന ആരാധന

Updated: Dec 11, 2024

2021 ന്റെ അവസാന മണിക്കൂറുകളിലേക്കു നാം കടന്നു വന്നിരിക്കുകയാണ്. വർഷത്തിന്റെ അവസാനം ആളുകളെ ആശങ്കാകുലരാക്കുന്നത് സ്വാഭാവികം. കാരണം അനേകരുടേയും ജീവിതത്തിൽ സഫലീകരിക്കപ്പെടത്ത പ്രതീക്ഷകളും, എത്തിച്ചേരാനാകാത്ത ലക്ഷ്യങ്ങളും, പൂർത്തീകരിക്കാത്ത സ്വപ്നങ്ങളും ഉണ്ടാകും. അതൊക്കെ അവരെ ആശങ്കപ്പെടുത്തുകയൊ ആകുല ചിത്തരാക്കുകയൊ ചെയ്യും. അപ്പോൾ നാം എന്താണ് ചെയ്യേണ്ടത്?


സങ്കീർത്തനം 103:1-2 ഇപ്രകാരം പറയുന്നു:


"എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. 2 എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു."


ഇവിടെ ദാവീദ് തന്നോടുതന്നെ പറയുകയാണ് എൻ മനമേ യഹോവയെ വാഴ്ത്തുക, എന്റെ സർവ്വാന്തരംഗവുമേ അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. തന്റെ ആത്മാവിനോടും അതിന്റെ എല്ലാ കഴിവുകളോടും ശക്തികളോടും ദൈവത്തിന്റെ കാരുണ്യത്തിനായി ദൈവത്തെ മഹത്വപ്പെടുത്താൻ ആഹ്വാനം ചെയ്യുകയാണ്. ദൈവം ചെയ്ത നന്മകളെ ഓരോന്നായി എണ്ണിക്കൊണ്ട് ദൈവത്തെ സ്തുതിക്കുക. 2021 ൽ നമുക്കു ലഭിച്ച പൊതുവായ നന്മകൾ, നമുക്കോരോരുത്തർക്കും ലഭിച്ച വ്യക്തി പരമായ നന്മകൾ എന്നിവയെ ഓർത്ത് ദൈവത്തെ വാഴ്ത്തുക. ചില പൊതുവായ നന്മകൾ എന്തൊക്കെയാണ് എന്ന് ഞാൻ ചുരുക്കമായി പറയാം.


കോവിഡ് എന്ന മഹാമാരി നാം പ്രതീക്ഷിക്കാത്ത പലരുടേയും ജീവൻ അപഹരിച്ചപ്പോൾ, നമ്മുടെ ജീവനെ ദൈവം ഒരു കൊള്ളയായി നമുക്കു നൽകി. ഉരുൾപൊട്ടൽ, മഴക്കേടുതികൾ, പ്രളയം തുടങ്ങി അനേകം പ്രകൃതി ദുരന്തങ്ങൾ പലരുടേയും സ്വത്തിനും ജീവനും, വസ്തുവകകൾക്കും ഭീഷണിയായി തീർന്നു. എന്നോടൊപ്പം 2021 ലേക്കു പ്രവേശിച്ച എന്റെ ബന്ധത്തിൽ പെട്ട മൂന്നു പേർ ഈ വർഷത്തിന്റെ അവസാനം കാണാൻ ഉണ്ടായില്ല എന്നതു ഞാൻ അതീവ ദുഃഖത്തോടെ ഓർക്കുന്നു. പലരുംതന്നെ അനഭിലഷണീയമായ ജീവിതസാഹചര്യങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു. അവരിൽ ചിലരോടെങ്കിലും ഔദാര്യം കാണിപ്പാൻ ദൈവം നമ്മുടെ കൈകളെ തുറന്നു. ആ നിലയിൽ പിശാച് നമ്മുടെ സന്തോഷം കെടുത്തി കളഞ്ഞില്ല. നാം സ്വരുക്കൂട്ടിയതൊന്നും വൃഥാവായി പോയില്ല. അവന്റെ കാരുണ്യം നമ്മെ കാത്തുസൂക്ഷിച്ചു. അതുകൊണ്ട് അവിടുത്തെ സ്തുതി ഒരിക്കലും നമ്മുടെ അധരങ്ങളിൽ നിന്ന് മാറാതിരിക്കട്ടെ.


അനേകർക്കും ലഭിക്കാത്ത പാപക്ഷമയും നിത്യജീവനും നമുക്കു ലഭിച്ചിരിക്കുന്നു. സ്നേഹസമ്പന്നരായ ആളുകളാൽ, പരപ്സരം വഞ്ചിക്കാത്ത ആളുകളാൽ നാം ചുറ്റപ്പെട്ടിരിക്കുന്നു. ഒരു വർഷം മുഴുവൻ നല്ല ആഹാരം തന്നു നമ്മേ അനുഗ്രഹിച്ചു. സ്നേഹിക്കുവാനുള്ള ഹൃദയം ദൈവം നമുക്കു തന്നു. അപ്രതീക്ഷിത പ്രതികൂലങ്ങൾക്കു നടുവിലും നമ്മുടെ ഹൃദയത്തെ വാഴുന്ന സമാധാനം ദൈവം നമുക്കു നൽകി. എല്ലാത്തിനും ഉപരിയായി ക്രിസ്തു നമ്മുടെ എല്ലാമെല്ലാമായിരിക്കുന്നു, ആർക്കും നമ്മിൽ നിന്നും പിടിച്ചു പറിക്കാൻ കഴിയാത്ത നമ്മുടെ ഏറ്റവും വിലയേറിയ സമ്പത്തായി ക്രിസ്തു നമ്മിൽ ഇരിക്കുന്നു. ഇതൊക്കെ നമ്മേത്തന്നെ ഓർമ്മിപ്പിക്കുക. ഇതിനെ ക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും അതിനെപ്രതി നന്ദിയുള്ളവരായിരിക്കുകയും ചെയ്യുക. കർത്താവ് നമ്മോട് വിശ്വസ്തനായിരുന്നു എന്നതിന്റെ അനേക തെളിവുകൾ നമ്മുടെ മനോമുകുരത്തിൽ തെളിയും എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് ചില യിസ്രായേൽ മക്കൾ ചെയ്തതു പോലെ പിറുപിറുത്തുകൊണ്ടും പരാതി പറഞ്ഞും, നന്മയെ മറന്നും തിന്മയെ പെരുപ്പിച്ചു കാണിച്ചുകൊണ്ടും ദൈവത്തോടു നന്ദികേടു കാണിക്കാതിരിക്കുക. ദൈവം നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്നതുകൊണ്ടാണല്ലൊ തന്റെ പുത്രനെ കാല്വരിയിൽ തകർത്തുകളവാൻ മനസ്സുവെച്ചത്.

സഫലീകരിക്കാത്ത ആഗ്രഹങ്ങളോ സ്വപ്നങ്ങളോ നമുക്കുണ്ടെങ്കിൽ ദൈവത്തിന്റെ വാഗ്ദത്തമെന്ന ബ്ലാങ്ക് ചെക്ക് നമുക്ക് മുന്നിൽ ഉണ്ട്. അതു വരാനിരിക്കുന്ന വർഷങ്ങളിൽ നമുക്കു പ്രയോജനപ്പെടുത്താം. കഴിഞ്ഞവർഷം നന്നായി നടക്കാത്തതെല്ലാം നമുക്കു മറക്കാം.


പുതുവർഷത്തിൽ അതിനുള്ള പദ്ധതികൾ മെനയുക, നമ്മുടെ നല്ല ദൈവത്തിൽ നമ്മുടെ ആശ്രയം വെക്കുക, ആവശ്യങ്ങൾ സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ അറിയിക്കുക. എല്ലാം നന്നായി നടക്കും എന്ന ശുഭ പ്രതീക്ഷ പുലർത്തുക. നമ്മുടെ അയൽക്കാരെ നമുക്കു സ്നേഹിക്കാം. അവരുടെ ആത്യന്തിക നന്മയെ ലാക്കാക്കി നമുക്കു പ്രവർത്തിക്കാം. ദൈവത്തിന്റെ നന്മ നമ്മിലൂടെ ഒഴുകുന്ന ഒരു ചാനലായി നമുക്കു തീരാം.


യഹോവ ഇതുവരെ നമ്മേ അനുഗ്രഹിച്ചു കാക്കുമാറാക്കി. യഹോവ തിരുമുഖം നമ്മുടെ മേൽ പ്രകാശിപ്പിച്ചു നമ്മോടു കൃപകാണിച്ചു. യഹോവ തിരുമുഖം നമ്മുടെമേൽ ഉയർത്തി നമുക്കു സമാധാനം നൽകി. അതിൽ നന്ദിയുള്ളവരായി പുതിയ വർഷത്തെ വരവേൽക്കാം.


ree

 
 
 

Comments


© 2020 by P M Mathew, Cochin

bottom of page