ഒരു പുതിയ ക്രിസ്മസ്!
- Mathew P M
- Dec 21, 2023
- 4 min read

ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്ന സമയമാണിത്. കണ്ണു ചിമ്മുന്ന നക്ഷത്രങ്ങൾ, മിന്നുന്ന ലൈറ്റുകൾ, പുൽക്കൂടുകൾ, ക്രിസ്മസ് ട്രീകൾ എന്നിവ ഒരുക്കിയും ഗിഫ്റ്റുകൾ കൈമാറിയും യേശുക്രിസ്തുവിന്റെ വരവിനെ ഓർക്കുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലേക്കുള്ള വരവിൽ എന്താണിത്ര ആഘോഷിക്കുവാനും സന്തോഷിക്കു വാനുമുള്ളത്? വാസ്തവത്തിൽ യേശുക്രിസ്തു ആരാണ്? അവൻ എന്തിനുവേണ്ടിയാണ് ഈ ഭൂമിയിലേക്കു വന്നത്? മനുഷ്യവർഗ്ഗത്തിനു സന്തോഷിക്കുവാൻ അവൻ എന്താണു ചെയ്തത്? ഈ കാര്യങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഞാൻ നടത്തുവാൻ ആഗ്രഹിക്കുന്നത്. അതിനായി സുവിശേഷകനായ മത്തായി എഴുതിയ ഒരു വാക്യം നമുക്കു പരിശോധിക്കാം.
മത്തായി 1:21
"21അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു."
ഏതൊരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട മൂന്നു സത്യങ്ങൾ അതല്ലെങ്കിൽ ഞാൻ മുന്നമേ ചോദിച്ച മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതിൽ അടങ്ങിയിരിക്കുന്നു. അത് വളരെ ചുരുക്കം വാക്കുകളിൽ വിശദീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിൽ ആദ്യമായി, "ആരാണ് യേശുക്രിസ്തു?" എന്ന കാര്യം നമുക്കു പരിശോധിക്കാം. ഈ സത്യം മനസ്സിലാക്കാതെ നാം ഈ ആഘോഷങ്ങൾ നടത്തുന്നതിൽ അർത്ഥമില്ല. അല്ലെങ്കിൽ യേശുക്രിസ്തു വാസ്തവത്തിൽ ആരാണ് എന്ന് നിങ്ങൾ അറിഞ്ഞിട്ടില്ല.
15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നവീകരണ വക്താവായ മാർട്ടിൻ ലൂഥർ ഇതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതിപ്രകാരമാണ്: "നമുക്കുവേണ്ടി മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത യേശുക്രിസ്തു യഥാർത്ഥ ദൈവവും യഥാർത്ഥ മനുഷ്യനുമാണെന്ന് വിശസിക്കുകയും തങ്ങളുടെ രക്ഷക്കായി അവനിൽ ആശ്രയിക്കുകയും ചെയ്യുന്നില്ലായെങ്കിൽ നിങ്ങൾ യേശുക്രിസ്തുവിനെ അറിഞ്ഞിട്ടില്ല എന്നാണ്. അതായത്, യേശു സാക്ഷാൽ ദൈവവും യഥാർത്ഥമനുഷ്യനുമാണെന്ന് ഒരുവൻ തിരിച്ചറിയണം.
അതു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു വേദഭാഗമാണ് ഞാനിപ്പോൾ വായിച്ചത്: 21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം.." ഈ വേദഭാഗത്തിന്റെ സന്ദർഭമെന്ന് പറയുന്നത്, ദൈവത്തിന്റെ ഒരു ദൂതൻ മറിയയുടെ ഭർത്താവാകുവാൻ വിവാഹം നിശ്ചയം ചെയ്തിരുന്ന പുരുഷനായ യോസേഫിനോടു യേശുവിന്റെ ജനനത്തെക്കുറിച്ചു പറയുന്ന വാക്കുകളാണിവ. ഇതുവരെ അവരുടെ വിവാഹനിശ്ചയം മാത്രമേ കഴിഞ്ഞിരുന്നുള്ളു. അവർ ഒരുമിച്ച് ജീവിക്കുവാൻ ആരംഭിച്ചിട്ടില്ല. അപ്പോഴാണ് കന്യകയായ മറിയ ഗർഭിണിയായിരിക്കുന്നു എന്ന വിവരം യോസേഫ് അറിയുന്നത്. അദ്ദേഹം വളരെ നീതി നിഷ്ഠയുള്ള വ്യക്തിയും ഇതിന്റെ പേരിൽ മറിയക്കു അപവാദം വരാൻ ആഗ്രഹിക്കാത്ത വ്യക്തിയുമായിരുന്നതിനാൽ, മറിയയെ രഹസ്യത്തിൽ ഉപേക്ഷിക്കുവാനും വിവാഹത്തിൽ നിന്നും പിന്തിരിയാനും വിചാരിച്ചിരുന്നപ്പോഴാണ് ദൈവത്തിന്റെ ദൂതൻ പ്രത്യക്ഷനായി മറിയയുടെ ഉള്ളിൽ ഉല്പാദിതയായ കുഞ്ഞിനെക്കുറിച്ച് ഈ വിവരങ്ങൾ യോസേഫിനെ അറിയിക്കുന്നത്. അന്ന് ഇന്നത്തെ കാലത്തെന്നപോലെ സ്കാനിംഗൊ മറ്റു സാങ്കേതിക പരിജ്ഞാനമൊ ഉണ്ടായിരുന്ന കാലമായിരുന്നില്ല. എങ്കിലും മറിയയിൽ ഉല്പാദിതമായിരിക്കുന്ന കുഞ്ഞ് ഒരു "ആൺകുഞ്ഞാണ്" അഥവാ ഒരു "മകൻ" ആണ് എന്നും ആ മകന് ഇടേണ്ട പേരിനെക്കുറിച്ചുമാണ് ദൂതൻ നിർദ്ദേശിച്ചത്. അതിൽനിന്നു തന്നെ ഒരു കാര്യം വ്യക്തം, യേശുവിന്റെ ജനനം ഒരു സാധാരണ ജനനമായിരുന്നില്ല എന്ന്. ഒരു പുരുഷനും സ്ത്രീയുമായുള്ള സാധാരണ ബന്ധത്തിന് അപ്പുറമായി ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലാണ് കന്യകയായ മറിയം ഗർഭം ധരിച്ചത് (1:18, 20).
യേശുവിന്റെ അത്ഭുതകരമായ കന്യകാ ജനനത്തെക്കുറിച്ചു രണ്ടു സുവിശേഷകന്മാർ സ്ഥിരീകരിച്ചിരിക്കുന്നു എന്നുമാത്രമല്ല അക്കാലത്ത് ജീവിച്ചിരുന്ന രണ്ട് സ്വതന്ത്ര ചരിത്രകാരന്മാരും ഈ സത്യത്തിനു അടിവരയിടുന്നു. ദൈവത്തിനു അത്ഭുതങ്ങളെ പ്രവൃത്തിക്കുവാൻ കഴിയില്ല എന്ന നിലപാടു സ്വീകരിക്കുന്നവർക്കു മാത്രമെ ഈ സത്യത്തെ നിഷേധിക്കുവാൻ കഴിയു. ലുക്കോസ് എന്ന സുവിശേഷകൻ യേശുവിന്റെ ജനനത്തെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ് : "35 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും" (ലുക്കൊസ് 1:35).
ഒന്നുമില്ലായ്മയിൽ നിന്നും ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച, ജീവന്റെ ഉറവയായ സർവ്വശക്തനായ ദൈവത്തിന്റെ ശക്തിയാലാണ് മറിയയിൽ ഈ ജീവൻ ഉളവായിരിക്കുന്നത്. അതുകൊണ്ട് ഈ പൈതൽ ദൈവപുത്രൻ എന്ന് വിളിക്കപ്പെടും എന്നാണ് ദൈവദൂതൻ മറിയയോടു പറയുന്നത്. അത്യുന്നതന്റെ പുത്രൻ, കർത്താവായ ദൈവവുമായി ഒരേ സ്വഭാവത്തിലും പൂർണ്ണതയിലും ഉള്ളവൻ. യേശുക്രിസ്തു തന്റെ പരസ്യജീവിതകാലത്ത് തന്നെക്കുറിച്ചു തന്നെ പറഞ്ഞത് "എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു" (യോഹ.14:9), "ഞാനും പിതാവും ഒന്നാകുന്നു" (യോഹന്നാൻ 10:30). ഒരുസമയം യേശു പിതാവായ ദൈവത്തോടു തന്നെ സമനാക്കി എന്നു പറഞ്ഞുകൊണ്ടാണ് യേശുവിനെ കല്ലെറിയുവാൻ യെഹൂദന്മാർ തുനിഞ്ഞത്. പീലാത്തോസിന്റെ ന്യായവിസ്താരവേളയിലും ഈ ആരോപണമവർ ഉന്നയിക്കുന്നു. എന്നാൽ അതു സത്യമാണെന്ന് തെളിഞ്ഞത് യേശുവിന്റെ മരണശേഷമുള്ള പുനരുത്ഥാനത്തിലൂടെയാണെന്ന് മാതം. യേശു താൻ അവകാശപ്പെട്ടതുപോലെ ക്രൂശികരണത്തിന്റെ മൂന്നാം ദിനം താൻ ഉയർത്തെഴുന്നേറ്റു. അതുകൊണ്ട് യേശുക്രിസ്തു പിതാവിനോടു സമനായ ദൈവപുത്രനാണ്. ഈയൊരു സത്യം പരമപ്രധാനമാകയാൽ നിങ്ങൾ ഈ സത്യം അറിയണം.
രണ്ടാമതായി, യേശുവിന്റെ വരവിന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്നാണ് ഈ വാക്യത്തിൽ നമുക്കു കാണുവാൻ കഴിയുന്നത്.
2. യേശുവിന്റെ വരവിന്റെ ഉദ്ദേശം എന്തായിരുന്നു?
ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ മറിയ ഗർഭിണിയാണെന്ന് വിശദീകരിച്ചശേഷം ദൂതൻ ജോസഫിനോട് പറഞ്ഞു, “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.”
അപ്പോൾ യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലേക്കുള്ള വരവിന്റെ ഉദ്ദേശ്യം തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നും രക്ഷിക്കുക എന്നതാണ്.
സ്വയം രക്ഷിക്കാൻ കഴിയാത്ത ഒരാളെ രക്ഷിക്കുന്നതിനാണ് ഇവിടെ രക്ഷ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു ചുഴിയിൽ അകപ്പെട്ട് മുങ്ങിത്താണുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ നീന്തലറിയാവുന്ന ഒരു വ്യക്തി നീന്തിച്ചെന്ന് കൈയ്ക്ക് പിടിച്ച് അവനെ കരയിൽ എത്തിക്കുന്നതുപോലെയാണത്.
യേശു തന്റെ ജനത്തെ രക്ഷിക്കുന്നതിനു മുമ്പ്, അവന്റെ ജനം നിസ്സഹായരായി, നിരാശയോടെ അവരുടെ പാപങ്ങളിൽ നഷ്ടപ്പെട്ടു പോയവരായിരുന്നു. അവർ ദൈവത്തിൽ നിന്ന് അകന്നു, അവന്റെ നീതിനിഷ്‌ഠമായ ന്യായവിധിക്ക് കീഴിൽ കഴിഞ്ഞിരുന്നവർ. ഈ അവസ്ഥയിൽ നിന്ന് സ്വയം മോചിതരാകാൻ അവർക്കു കഴിയുമായിരുന്നില്ല. സ്വയം രക്ഷിക്കാൻ കഴിയാത്ത ആളുകളെ രക്ഷിക്കാൻ ശക്തിയുള്ളവനാണ് രക്ഷകൻ. തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ദൈവദത്തമായ ശക്തി യേശുവിനുണ്ട്. മനുഷ്യവർഗ്ഗത്തോടുള്ള ദൈവത്തിനുള്ള സ്നേഹവും ദൈവത്തിന്റെ കൃപയുടെ മഹത്വത്തിന്റെ പുകഴ്ചക്കായിട്ടുമാണ് താനിതു ചെയ്തത്. അതിനോടുള്ള നമ്മുടെ പ്രതികരണം ഇതായിരിക്കണം: “12 നമ്മുടെ ദൈവത്തിന്നു സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേൻ! എന്നു പറഞ്ഞ് വീണു നമസ്ക്കരിക്കുക” (വെളി. 7:12, ESV).
അങ്ങനെ മനുഷ്യശരീരത്തിൽ ദൈവമായ യേശുക്രിസ്തു തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ വേണ്ടി വന്നു. അതുകൊണ്ടാണ് അവനു "യേശു" എന്നു പേരിടണം എന്ന് ദൂതൻ യോസേഫിനോടു ആവശ്യപ്പെട്ടത്. യേശു എന്നതിനുപയോഗിച്ചിരിക്കുന്ന ഹെബ്രായ വാക്ക് "യെശുവ" എന്നാണ്. "യെശുവ" എന്നാൽ "ദൈവം രക്ഷിക്കുന്നു" എന്നാണ്. ഇവിടെ മനുഷ്യരെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുക എന്നതാണ് ഇത് അർത്ഥമാക്കുന്നത്.
3. ആരെ രക്ഷിക്കാനാണ് അവൻ ഉദ്ദേശിച്ചത്?
"തന്റെ ജനത്തെ രക്ഷിക്കാനാണ്" യേശു വന്നത്. യേശു "സർവ്വലോകത്തിന്റെയും രക്ഷകനാണ്" (യോഹന്നാൻ 4:42) എന്നിരിക്കിലും തന്റെ ജനത്തെ രക്ഷിക്കുവാനാണ് അവൻ വന്നത്. "തന്റെ ജനം" എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അബ്രാഹമിന്റെ സന്തതികളെയാണ്. എന്നാൽ ജഡപ്രകാരം അബ്രാഹത്തിൽ ജനിച്ചവരല്ല, അബ്രാഹമിന്റെ സന്തതികൾ, പ്രത്യുത അബ്രാഹമിന്റെ വിശ്വാസമുള്ളവരെയാണ് തന്റെ ജനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കാരണം എല്ലാ യെഹൂദന്മാർക്കും അബ്രാഹമിന്റെ വിശ്വാസമുണ്ടായിരുന്നില്ല. അബ്രാഹം നീതീകരിക്കപ്പെട്ടത് വരാനിരിക്കുന്ന മശിഹ അഥവാ യേശുക്രിസ്തുവിൽ തന്റെ വിശ്വാസമർപ്പിച്ചതുകൊണ്ടാണ്. ആ നിലയിൽ യേശുക്രിസ്തുവിൽ വിശ്വാസമർപ്പിക്കുന്നവരാണ് തന്റെ ജനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
4. തന്റെ ജനത്തിന്റെ പാപത്തെ പരിഹരിക്കുവാൻ യേശു എന്തു ചെയ്തു?
മനുഷ്യന്റെ പാപത്തിനു ദൈവം വെച്ചിരിക്കുന്ന ശിക്ഷ എന്നത് മരണവും ദൈവത്തിൽ നിന്നുള്ള വേർപാടുമാണ്. പാപം ചെയ്യുന്ന ദേഹി മരിക്കണം എന്നുള്ളത് ദൈവത്തിന്റെ നിത്യനിർണ്ണയമാണ്. ദൈവം വിശുദ്ധനും നീതിമാനുമാണ്. പാപമെന്നത് ദൈവത്തിന്റെ വിശുദ്ധിക്കും നീതിക്കും നിരക്കാത്തതാണ്. അതുകൊണ്ട് എല്ലാപാപവും എല്ലാ അശുദ്ധിയും ഒരുവനെ ദൈവത്തിൽ നിന്ന് അകറ്റി നിർത്തുന്നു. അങ്ങനെ അവൻ പാപത്തിന്റെ ശമ്പളമായ മരണത്തിനു അധീനനായി തീരുന്നു. അതോടെ കാര്യങ്ങൾ അവസാനിക്കുന്നില്ല. അവൻ ദൈവസന്നിധിയിൽ ന്യായവിധിക്കായി നിൽക്കേണ്ട ഒരു സമയമുണ്ട്. അന്ന് അവൻ ദൈവത്തിന്റെ സന്നിധിയിൽ നിന്ന് അകന്ന് സാത്താനും അവന്റെ കിങ്കരന്മാർക്കുമായി തയ്യാറാക്കിയ നിത്യനരകത്തിലേക്കു പോകേണ്ടതായ് വരും. അവിടെ നിന്നും ഒരിക്കലും അവനു രക്ഷപ്പെടാൻ കഴിയുകയില്ല. അതു നിത്യദണ്ഡനമാണ്. അതെത്രയൊ ഭയാനകവും വേദനാജനകവുമായ സംഗതിയാണ്. ഇങ്ങനെ ഒരു വ്യക്തിയെ നരകത്തിലേക്ക് തള്ളിക്കളവാൻ ദൈവം ആഗ്രഹിക്കാത്തനിലാണ് ദൈവം യേശുവിനെ രക്ഷകനായി ഈ ഭൂമിയിലേക്ക് അയച്ചത്.
ഇനി യേശു എങ്ങനെയാണ് മനുഷ്യന്റെ പാപത്തിനു പരിഹാരം വരുത്തിയത് എന്നു നോക്കാം. യേശു ഈ ഭൂമിയിൽ ജീവിച്ചിരുന്നതു കേവലം 331/2 വർഷക്കാലമാണ്. ഈ കാലമത്രയും ഒരു പാപവും ചെയ്യാതെ മനുഷ്യർക്കു നന്മ ചെയ്തും മാനസാന്തരത്തിനുള്ള ആഹ്വാനം നൽകിയും താൻ ജനങ്ങളെ സേവിച്ചു. എങ്കിലും തനിക്ക് ഒരു മരിക്കുരിശിൽ മരിക്കേണ്ടി വന്നു. എന്നാൽ തന്റെ മരണം തന്റെ പാപത്തിന്റെ ഫലമായിട്ടായിരുന്നില്ല. മറിച്ച്, നമ്മുടെ ഓരോരുത്തരുടേയും പാപത്തിനു പരിഹാരമായിട്ടായിരുന്നു. യേശുവിന്റെ മരണത്തെക്കുറിച്ച് അപ്പൊസ്തലനായ പത്രൊസ് പറഞ്ഞിരിക്കുന്നതു നമുക്ക് നോക്കാം. "അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രുശിന്മേൽ കയറി.; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു" (1 പത്രൊസ് 2:24). ക്രിസ്തു തന്റെ ജീവിതകാലത്ത് ഒരു പാപവും ചെയ്തിരുന്നില്ല. എന്നാൽ അവൻ തന്റെ ജനത്തിന്റെ പാപങ്ങളെ വഹിച്ചതിനാലാണ് ക്രൂശിന്മേൽ മരിക്കേണ്ടിവന്നത്.
5. രക്ഷ എങ്ങനെ നമുക്കു സ്വന്തമാക്കാം.
അടുത്തതായി, എങ്ങനെയാണ് ഈ രക്ഷ നമുക്കു സ്വന്തമാക്കുവാൻ കഴിയുക എന്നു നോക്കാം. യേശു നമ്മുടെ സ്ഥാനത്ത് നമുക്കു പകരക്കാരനായി മരിച്ചതിനാൽ, ഈ യേശുവിൽ നാം വിശ്വസിക്കുമ്പോഴാണ് പാപക്ഷമ അഥവാ രക്ഷ നമുക്കു ലഭിക്കുന്നത്. അതായത്, തങ്ങളുടെ പാപത്തിന്റെ പരിഹാരത്തിനും നിത്യജീവനുംവേണ്ടി യേശു കാല്വരി ക്രുശിൽ മരിച്ചു അടക്കപ്പെട്ടു മൂന്നാംനാൾ ഉയർത്തെഴുന്നേറ്റു എന്നു വിശ്വസിക്കുക. അങ്ങനെ രക്ഷക്കായി യേശുവിൽ ആശ്രയിക്കുന്നവർക്കാണ് ദൈവം ഈ രക്ഷ ദാനമായി നൽകുന്നത്.
അവൻ അവരെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കുമെന്ന് പറയുമ്പോൾ അതു രണ്ടു കാര്യങ്ങൾ അത് അർത്ഥമാക്കുന്നു. ഒന്ന്, അവൻ അവരെ അവരുടെ പാപങ്ങളുടെ ശിക്ഷയിൽ നിന്ന് രക്ഷിക്കുകയോ വിടുവിക്കുകയോ ചെയ്യുന്നു, അത് നരകത്തിലെ നിത്യശിക്ഷയാണ്. യേശുവിനെ രക്ഷകനും കർത്താവുമായി വിശ്വസിക്കാൻ ഒരു പാപിയെ ഉണർത്തുന്ന നിമിഷത്തിൽതന്നെ അത് സംഭവിക്കുന്നു. രണ്ടാമതായി, അവരുടെ ദൈനംദിന ജീവിതത്തിൽ പാപത്തിന്റെ ശക്തിയിൽ നിന്ന് അവൻ അവരെ രക്ഷിക്കുന്നു. പരിശുദ്ധാത്മാവിനെ ആശ്രയിച്ച് നടക്കാൻ വിശ്വാസി പഠിക്കുമ്പോൾ അത് ക്രമേണയായും പടിപടിയായും സംഭവിക്കുന്നു. എങ്കിലും തേജസ്ക്കരിക്കരിക്കപ്പെട്ടവരായി യേശുവിനെ കാണുന്ന നിമിഷം വരെ അത് പൂർണ്ണമാകില്ല (1 യോഹന്നാൻ 3:2-3). ഒരു വ്യക്തി വിശുദ്ധിയിൽ വളരുകയും പാപത്തിനെതിരെ പോരാടുകയും ചെയ്യുന്നില്ലെങ്കിൽ, അവൻ തന്റെ പാപങ്ങളിൽ നിന്ന് രക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഉപസംഹാരം
യേശു "തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കുന്നു എന്ന കാര്യം ഞാൻ നിങ്ങളുടെ മുൻപാകെ വരെച്ചു കാണിച്ചു. ഇനി നിങ്ങളോടുള്ള എന്റെ ചോദ്യം, "നിങ്ങൾ അവന്റെ ജനത്തിൽ ഒരാളാണോ?" "അതെ, ഞാൻ ഒരു പാപിയാണെന്നും, ദൈവത്തിന്റെ ന്യായവിധിക്ക് അർഹനാണെന്ന് എനിക്കറിയാം" എന്ന് നിങ്ങൾ പറഞ്ഞാൽ, അടുത്ത ചോദ്യം, "ദൈവത്തിന്റെ ന്യായവിധിയിൽ നിന്ന് രക്ഷനേടുവാൻ യേശുക്രിസ്തുവിൽ നിങ്ങൾ ആശ്രയിക്കുന്നുണ്ടോ എന്നതാണ്. "അതേ, യേശുക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ ഞാൻ ആശ്രയിക്കുന്നു" എന്നു നിങ്ങൾ നിർണ്ണയിച്ചാൽ തീർച്ചയായും ഈ രക്ഷ നിങ്ങളിടേതായി തീരും.
ആ നിമിഷം നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു കിട്ടിയിരിക്കുന്നു എന്ന് ഉറപ്പായി വിശ്വസിക്കാം. അതിനു പ്രതി നന്ദിയായി യേശുവിനെ സ്നേഹിക്കുകയും അവനു നന്ദി പറയുകയും ചെയ്യാം; കാരണം അവൻ നിങ്ങൾക്കായി ക്രൂശിൽ സ്വയം സമർപ്പിച്ചുവെന്ന് നിങ്ങൾ അറിയുന്നു. ഇപ്പോൾ നിങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നു (1 യോഹന്നാൻ 1:8-9; 2:3- 6; തീത്തോസ് 2:14). ഇനി നിങ്ങളുടെ ലക്ഷ്യം ക്രിസ്തുവിനെ കൂടുതൽ കൂടുതൽ അറിയുക എന്നതാണ് (ഫിലി. 3:9). അതിനായി, ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. അങ്ങനെ ക്രിസ്തുവിനെ യഥാർത്ഥമായി അറിയുന്ന ഒരു ക്രിസ്മസ് ആയി ഇതു തീരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാനെന്റെ വാക്കുകളെ ചുരുക്കുന്നു.





Comments