സുവിശേഷം ബന്ധങ്ങളിൽ എങ്ങനെ വ്യത്യാസം വരുത്തുന്നു?
- Mathew P M
- Jul 12, 2023
- 7 min read
Updated: Dec 21, 2023

നമ്മുടെ വ്യക്തിബന്ധങ്ങളിൽ ഗണ്യമായ വ്യതിയാനം അതല്ലെങ്കിൽ ഒരു വലിയ പുരോഗതി എങ്ങനെ കൈവരിക്കുവാൻ കഴിയും എന്നതാണ് ഇന്നത്തെ എന്റെ പ്രസംഗവിഷയം. പരസ്പരം ക്ഷമിക്കുവാനും സ്നേഹിക്കാനുള്ള ഒരു വെല്ലുവിളി ഞാൻ നിങ്ങളുടെ മുമ്പാകെ വയ്ക്കുന്നു. വെറുപ്പിന്റെ സ്ഥാനത്ത് സ്നേഹവും ക്ഷമിക്കാൻ സാധിക്കാത്ത ഇടത്ത് ക്ഷമിച്ചുംകൊണ്ടുള്ള ഒരു പുതിയ ബന്ധം. ഭാര്യമാർ തങ്ങളുടെ ഭർത്താവിനോടും, ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യയോടും, മക്കൾ അപ്പനമ്മമാരോടും, അമ്മയപ്പന്മാർ മക്കളോടും, സഹോദരി സഹോദരന്മാർ പരസ്പരവും അങ്ങനെ നിലനിൽക്കുന്നതും ആരോഗ്യകരവുമായ ഒരു ബന്ധത്തിലേക്ക് വരുവാൻ ഏവരെയും ഞാൻ ആഹ്വാനം ചെയ്യുന്നു. ദൈവത്തിന്റെ വചനത്തിൽ സമയം ചെലവിടുന്നതിന്റെ ഫലമായി നമ്മുടെ പരസ്പര ബന്ധത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാകണമെന്ന ആഗ്രഹത്തോടും പ്രാർത്ഥനയോടുംകൂടി ഈ സന്ദേശം നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒരു സഭയെന്ന നിലയിൽ, ഒരു കുടുംബമെന്ന നിലയിൽ, ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ ഇടയിൽ ആരോഗ്യകരമായ ഒരു ബന്ധം നിലനിർത്തേണ്ടത് ആവശ്യമാണ്. ഇതിനോടുള്ള ബന്ധത്തിൽ കൊലോസ്യ ലേഖനം മൂന്നാം അദ്ധ്യായം 1-17 വരെ വാക്യങ്ങളിൽ നിന്ന് ചില ചിന്തകൾ പങ്കു വെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
"1ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ. 2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.3 നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. 4 നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും. 5 ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. 6 ഈ വക നിമിത്തം ദൈവകോപം അനസരണംകെട്ടവരുടെ മേൽ വരുന്നു. 7 അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു.8 ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.9 അന്യോന്യം ഭോഷ്കു പറയരുതു. നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, 10 തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ. 11 അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു. 12 അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു 13 അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ. 14 എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.15 ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിൻ. 16 സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ. 17 വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ."
ആദ്യമായി, ആരോഗ്യകരമായ ബന്ധത്തിന് എന്തു ഫലം ചെയ്യുകയില്ല എന്ന് പറയാം. ശരിയായ ബന്ധം നിലനിർത്താൻ ഇപ്പോൾ പരിശ്രമിക്കുന്നതിനേക്കാൾ കുറച്ചു കൂടി അധികം പരിശ്രമിച്ചാൽ സാധിക്കയില്ല. ഇച്ഛാശക്തിക്കൊ സ്വയശക്തിക്കോ നിർണ്ണായകമായ, നിലനിൽക്കുന്ന വ്യത്യാസങ്ങൾ നമ്മിൽ വരുത്തുവാൻ സാധിക്കുകയില്ല. നമ്മിൽ പലരും ഇത് പരീക്ഷിച്ചുനോക്കി പരാജയപ്പെട്ടവർ ആണ് എന്ന് എനിക്കറിയാം. ഒരുപക്ഷേ, ഇച്ഛാശക്തിയിലൊ സ്വയശക്തിയിലൊ ആശ്രയിച്ച് തങ്ങളുടെ തൂക്കമൊ വണ്ണമൊ ഒക്കെ കുറയ്ക്കാൻ കഴിഞ്ഞു എന്നു വന്നേക്കാം. ചില തീരുമാനങ്ങൾ നടപ്പിൽ വരുത്താനും സാധിച്ചേക്കാം. എന്നാൽ ദൈവവചനപ്രകാരമുള്ള ദൈവിക നിലവാരം അനുശാസിക്കുന്ന വ്യക്തിബന്ധങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സ്വയ പരിശ്രമത്താൽ ആർക്കും കഴിയുകയില്ല. നമ്മുടെ ബന്ധങ്ങൾ മെച്ചപ്പെടുന്നതിന് ഉറച്ച തീരുമാനങ്ങളെക്കാൾ അധികമായി ചില കാര്യങ്ങൾ നമുക്ക് ആവശ്യമാണ്!
നാം ഇതുവരെ വ്യത്യാസപ്പെട്ടിട്ടില്ലെങ്കിൽ അതിനു കാരണം നാം സ്വയശക്തിയാൽ ആശ്രയിച്ചു അതിനു ശ്രമിക്കുന്നു എന്നതാണ്. എന്നാൽ നമ്മുടെ ശക്തിയേക്കാൾ ഉന്നതമായ ശക്തിയിൽ നാം ആശ്രയിച്ചെങ്കിലെ നമുക്ക് സ്ഥായിയായ നിലനിൽക്കുന്ന വ്യത്യാസങ്ങൾ വരുത്താൻ കഴിയുകയുള്ളൂ. അതിന് എന്തെങ്കിലും മാർഗ്ഗമുണ്ടോ? അതിനും മാർഗ്ഗമുണ്ട് എന്ന് ദൈവജനം നമ്മോട് പറയുന്നു. സുവിശേഷം ഒരു പുതിയ മനുഷ്യനെയും ഒരു പൂ സമൂഹത്തെയും സൃഷ്ടിച്ചിരിക്കുന്നു. ഈ സാഹചര്യം പുതിയ ബന്ധം സാദ്ധ്യമാക്കിത്തീർക്കുന്നു.
ഒന്നാമതായി, ഞാൻ പറയുവാൻ ആഗ്രഹിക്കുന്ന കാര്യം: സുവിശേഷം ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നു എന്ന കാര്യമാണ്.
1. സുവിശേഷം ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നു.
നാം വളരെ പഴക്കംചെന്ന ഒരു വീട്ടിലാണ്, ഉദ്ദേശം ഒരു 40-50 വർഷം പഴക്കമുള്ള വീട്ടിലാണ് താമസിക്കുന്നത് എന്ന് കരുതുക. അതിന്റെ മേൽക്കൂര ചോരുന്നു എന്ന് കണ്ടാണ് മേൽക്കൂര നന്നാക്കാൻ ഒരുങ്ങിയത്. കുറച്ചു കഴിഞ്ഞപ്പോൾ അതാ ചുമരുകൾ പൊട്ടിപ്പൊളിയുന്നു. നിങ്ങൾ കുറച്ചു സിമന്റ് വാങ്ങി അതു ശരിയാക്കുന്നു. അതു കഴിഞ്ഞപ്പോഴാണ് അവിടെ തറ അവിടവിനെ പൊട്ടിയിരിക്കുന്നത് നിങ്ങൾ കാണുന്നത്. അങ്ങനെ നിങ്ങൾ ഓരോ പണിയും തീർത്തു വരുമ്പോൾ പുതിയ പുതിയ കേടുപാടുകൾ നിങ്ങൾ കണ്ടെത്തുന്നു. നിങ്ങൾ ഒരു പഴയവീട് എത്രതന്നെ നന്നാക്കിയാലും അതിനൊരു പുതിയ വീടിന്റെ ഭംഗിയൊ സൗകര്യമോ ലഭിക്കുകയില്ല. കുറച്ച് സിമന്റുകൊണ്ടോ കുറച്ചു പെയിന്റുകൊണ്ടൊ തറ പോളീഷ് ചെയ്തതുകൊണ്ടോ അതിനൊരു കുടുംബ പുതുമ വരുത്തുവാൻ നമുക്ക് കഴിയില്ല.
ഇതുപോലെയാണ് നമ്മുടെ പഴയമനുഷ്യനെ ചെറിയ മിനുക്കുപണിയാൽ ശരിയാക്കി എടുക്കാൻ ശ്രമിക്കുന്നത്. നമ്മുടെ പഴയ മനുഷ്യനെ കൊണ്ട് കുറച്ചു കൂടുതൽ അധ്വാനിച്ചാൽ അത് ശരിയായ ഫലം നൽകുകയില്ല. പൗലോസ് കൊലൊസ്സ്യലേഖനം 3:1-4 വരെ വാക്യങ്ങളിൽ പറയുന്നത് എന്താണ് എന്ന് നോക്കുക: "ആകയാൽ നിങ്ങൾ ക്രിസ്തുവിനോട് കൂടെ ഉയർത്തെഴുന്നേറ്റി രിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പിൻ. നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും."
നമ്മുടെ പഴയമനുഷ്യനെ, ക്രിസ്തു ഇല്ലാതെ ജീവിച്ചു നമ്മെ, റിപ്പയർ ചെയ്ത് പുതുക്കി എടുക്കണം എന്നല്ല അപ്പോസ്തലനായ പൗലോസ് ഇവിടെ പറയുന്നത്. ഇത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. അനേകം മതങ്ങൾ ഇന്ന് ഭൂമിയിലുണ്ട്. ഈ മതങ്ങളെല്ലാം തന്നെ സാരോപദേശങ്ങൾ നിറഞ്ഞതാണ്. ഇന്ന് കഴിഞ്ഞ കാലങ്ങളേക്കാൾ ഭക്ഷി എല്ലാ ജനവിഭാഗങ്ങളുടെ ഇടയിലും വർദ്ധിച്ചിരിക്കുന്നു എന്ന് ഓരോ ആരാധന സ്ഥലങ്ങളിലെ തിരക്ക് നമ്മെ വിളിച്ചറിയിക്കുന്നു. എന്നാൽ ഭക്തി വർദ്ധിച്ചതോടൊപ്പം തന്നെ പാപവും വർദ്ധിച്ചിരിക്കുന്നു. അക്രമവും കൊലയും കൊള്ളിവെപ്പും മാനഭംഗങ്ങളും മയക്കു മരുന്നിന്റെ ഉപയോഗങ്ങളും വർദ്ധിച്ചു വർദ്ധിച്ചു വരുന്നതായാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പാപിയായ ഒരു മനുഷ്യനെ കേവലം ചില ഉപദേശം കൊണ്ട് നന്നാക്കുവാൻ കഴിയുകയില്ല. അങ്ങനെ ആയിരുന്നെങ്കിൽ ലോകം എന്നേ നന്നായി പോകുമായിരുന്നു. എന്നാൽ ഓരോ ദിവസം ചെല്ലുന്തോറും ലോകം മോശമായി കൊണ്ടിരിക്കുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടിയിരിക്കുന്നു നമ്മുടെ പഴയ മനുഷ്യനെന്നു പറയുന്നത് പുതുക്കുവാൻ കഴിയാത്ത പഴയവീട് പോലെയോ അല്ലെങ്കിൽ പഴയ കാറുപോലെയൊ ആണ്. നമ്മുടെ പഴയ മനുഷ്യനെ വച്ചുകൊണ്ട് അനുസരിക്കുവാൻ നാം ശ്രമിക്കുന്നു എങ്കിൽ യാതൊരു പ്രതീക്ഷയും വെച്ചിട്ടു കാര്യമില്ല. നമ്മുടെ രീതികൾമക്കൊ സ്വഭാവത്തിനൊ ബന്ധങ്ങൾക്കൊ യാതൊരു മാറ്റവും വരികയില്ല.
അപ്പസ്തോലനായ പൗലോസ് പറയുന്നത്: "നാം ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു." ഒരുവൻ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിനു മുന്നമേ അവൻ എങ്ങനെയുള്ള മനുഷ്യൻ ആയിരുന്നു എന്നാണ് 3: 5-9 വരെ വാക്യങ്ങളിൽ പറയുന്നത്. ആകയാൽ ദുർന്നടപ്പ്, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള അവയവങ്ങളെ മരിപ്പിപ്പിൻ." തുടർന്ന് 9 ൽ "അന്യോന്യം ഭോഷ്ക്ക് പറയരുത്" എന്നും കൂട്ടിച്ചേർക്കുന്നു. ഇതൊക്കെയും പഴയ മനുഷ്യന്റെ സ്വഭാവമാണ്. ഇതൊക്കെയും നമ്മുടെ ഭൗമികപ്രകൃതിയുടെ ഭാഗമാണ്. ഇവയെ നാം ഉരിഞ്ഞു കളയേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ അവയെ നാം മരിപ്പിക്കണം. ദൈവം നമ്മെ ഒന്ന് പോളിഷ് ചെയ്തു പുതുക്കിയെടുത്ത് എന്നല്ല പൗലോസ് പറയുന്നത്.
മണ്ണിൽ കളിക്കാൻ ഇഷ്ടമുള്ള ഒരു കുട്ടിയെ നമ്മൾ കുളിപ്പിച്ച് നല്ല ഉടുപ്പുകമൊക്കെ ഇടുവിച്ച് ഒന്നു വിട്ടു നോക്കുക. കുറച്ചുസമയം കഴിഞ്ഞ് നോക്കുമ്പോൾ അവൻ ദേഹമെല്ലാം മണ്ണു പുരണ്ട്, ഉടുപ്പുമൊക്കെ ചെളിയാക്കി നിൽക്കുന്നത് കാണാൻ കഴിയും. അങ്ങനെ വെറുതെ കുളിപ്പിച്ച് നല്ല ഉടുപ്പിടുവിച്ചതുകൊണ്ടുമാത്രം അവന്റെ സ്വഭാവത്തിന് വ്യത്യാസം വരുകയില്ല.
അതല്ല യഥാർത്ഥത്തിൽ വേണ്ടത്. നാം ക്രിസ്തുവിലേക്കു വന്നപ്പോൾ നമുക്ക് സംഭവിച്ചത് നമ്മെ കുളിപ്പിച്ച് ഒരു പുതിയ വസ്ത്രം ഉടുപ്പിച്ചു എന്നല്ല. നമ്മെ തികച്ചും ഒരു പുതിയ മനുഷ്യനാക്കി എന്നാണ് പോലീസ് പറയുന്നത്. നാം ഒരു ബ്രാന്റ് ന്യൂ മനുഷ്യൻ ആയി തീർന്നിരിക്കുന്നു. പഴയ മനുഷ്യനെ ക്രിസ്തുവിനോടുകൂടെ മരിപ്പിച്ച് ഒരു പുതിയ മനുഷ്യനാക്കിയിരിക്കുന്നു. ദൈവം നമ്മെ റിപ്പയർ ചെയ്യുകയല്ല ചെയ്തത്; അവൻ നമ്മെ പുനർ സൃഷ്ടിച്ചിരിക്കുകയാണ്. നമുക്ക് ഒരു പുതിയ ഹൃദയം ട്രാൻസ്പ്ലാന്റു ചെയ്തു നൽകിയിരിക്കുകയാണ്. നമുക്ക് ഒരു പുതിയ ജീവൻ നൽകിയിരിക്കുകയാണ്. തന്നെ സൃഷ്ടിച്ചവന്റെ പ്രതിമ പ്രകാരം പരിജ്ഞാനപ്രകാരം പുതുക്കം പ്രാപിക്കുന്നു പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ." ഇതാണ് ആരോഗ്യപരമായ ബന്ധത്തിന് ആധാരമായിരിക്കുന്നത്. ഇതാണ് ദൈവം നമ്മോട് പറയുന്ന കാര്യങ്ങൾ അനുഭവതലത്തിലേയ്ക്ക് കൊണ്ടുവരാൻ നമ്മെ പ്രാപ്തമാക്കുന്ന സംഗതി. എന്നാൽ ഇതുകൊണ്ട് എല്ലാമായി എന്നല്ല. സ്വിശേഷം ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചു എന്നതിനേക്കാൾ അധികമായ സംഗതിയാണ്
രണ്ടാമതായി, ക്രിസ്തുവിൽ ദൈവം ഒരു പുതിയ സമൂഹത്തെ സൃഷ്ടിച്ചിരിക്കുന്നു.
പതിനൊന്നാം വാക്യം: "അതിൽ യവനനും യഹൂദനും എന്നില്ല; പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ ശകൻ ദാസൻ സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു."
ഇവിടെ പൗലോസ് പരസ്പരം ഒന്നിച്ചു പോകുവാൻ ബുദ്ധിമുട്ടുള്ള/ പ്രയാസമുള്ള ചില ഗ്രൂപ്പ് ആളുകളുടെ ഒരു ലിസ്റ്റ് നൽകുന്നു. ഇവർ തമ്മിൽ അടുക്കുവാൻ കഴിയാത്ത തടസ്സങ്ങൾ എന്ന് പറയുന്നത് വലിയ തടസ്സങ്ങളാണ്. ഇവിടെ വർഗ്ഗത്തെക്കുറിച്ച് പൈതൃകമായ മതത്തെക്കുറിച്ചും, ജാതിയെക്കുറിച്ചുമാണ് പറയുന്നത്. യഹൂദനും യവനനും ഒന്നിച്ചു പോകുവാൻ ആവുകയില്ല. ഗ്രീക്കുകാർ തങ്ങളെത്തന്നെ സാംസ്കാരികമായി ഉയർന്നുവരും വിദ്യാസമ്പന്നരും എന്ന് കരുതിയിരുന്നു. അവർക്ക് ഗ്രീക്കുകാരല്ലാത്തവരെ പുച്ഛമാണ്. യജമാനനും ദാസനും രണ്ട് സ്റ്റാറ്റസിൽ ഉള്ളവരാണ്. അവർ ഇരുവർക്കും ഒരേ പദവി അംഗീകരിക്കാൻ ആവുകയില്ല. ബർബ്ബരന്മാർ സംസാരിക്കുമ്പോൾ ബർ ബർ എന്ന ശബ്ദമാണ് കേൾക്കുന്നത് എന്നതിനാലാണ് അവരെ ബർബ്ബരന്മാർ എന്നു വിളിക്കുന്നത്. ശകൻ എന്നതൊ ബർബ്ബരന്മാരേക്കാൾ തീരെ അപരിഷ്കൃതരായിട്ടുള്ള ആൾക്കാരാണ്. അവർക്ക് മനുഷ്യരെ കൊല്ലുന്നത് ഒരു രസമാണ്. അവർ ആക്രമണകാരികളും സംസ്കാരശൂന്യരുമായ ആളുകളാണ്. ഈ ഗ്രൂപ്പുകളിൽ ഉള്ള ആളുകൾ തമ്മിൽ അടുക്കാൻ കഴിയാത്ത വലിയ വേലിക്കെട്ടുകൾ ഉണ്ട്. അവരെയെല്ലാം ഒരു മുറിയിൽ അടച്ചതുകൊണ്ട് അവർക്കൊരുമിച്ചു പോകുവാൻ കഴിയുകയില്ല. ഇവർ തമ്മിൽ തമ്മിൽ എതിർക്കുന്നു. അവർക്കിടയിൽ എല്ലാ വിധത്തിലുമുള്ള സംശയങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്നു. അവയെല്ലാംതന്നെ അനാരോഗ്യകരമായ ബന്ധങ്ങൾക്ക് വഴിതെളിക്കുന്നു. എന്നാൽ പൗലോസ് ഇവിടെ പറയുന്നത് ഇവരെല്ലാവരും ക്രിസ്തുവിൽ വിശ്വസിച്ചപ്പോൾ അവർ ഒന്നായിത്തീർന്നിരിക്കുന്നു എന്നാണ്. ഇവരെല്ലാം ദൈവം സൃഷ്ടിച്ചിരിക്കുന്ന പുതിയ സമൂഹത്തിന്റെ, സഭയുടെ ഒരു ഭാഗമായി തീർന്നിരിക്കുന്നു. ദൈവം സൃഷ്ടിച്ച ഈ പുതിയ സമൂഹത്തിൽ തമ്മിൽ തമ്മിൽ വ്യത്യാസം വെച്ചിരിക്കുന്ന സാംസ്കാരികവും ഭാഷാപരവും വിദ്യാഭ്യാസപരവും വർഗ്ഗപരവുമായ കാര്യങ്ങൾ അപ്രസക്തമായി തീർന്നു എന്നു മാത്രമല്ല, സ്നേഹം ബഹുമാനം ആദരവ് എന്നിവ സമൂഹത്തിന്റെ മുഖമുദ്രയായി തീരുകയും ചെയ്തിരിക്കുന്നു എന്നാണ്.
"ക്രിസ്തുവത്രേ എല്ലാവരും എല്ലാം ആകുന്നു" എന്നു പൗലോസ് പറയുന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരുവൻ ആരെ നോക്കിയാലും തനിക്ക് കാണാൻ കഴിയുന്നത് ക്രിസ്തുവിനെയാണ്. ഉദാഹരണത്തിനു, ഒരു യജമാനൻ ദാസനെ നോക്കുമ്പോൾ കാണുന്നത് യേശുവിനെയാണ്. ഒരു സംസ്കാര സമ്പന്നനായ മനുഷ്യൻ തീരെ സംസ്കാരം ഇല്ലാത്ത 'ശകനെ' കാണുമ്പോൾ അവനിൽ താൻ യേശുവിനെയാണ് കാണുന്നത്. അതിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂക. നാം നേരത്തെ ആളുകളെ കണ്ടിരുന്നത് ശത്രുക്കളായിട്ടാണ്, എതിരാളികലായിട്ടാണ്. എന്നാൽ ക്രിസ്തുവിലായ ഒരു മനുഷൻ മറ്റുള്ളവരെ കാണുന്നത് ക്രിസ്തുവിനെ കാണുന്നതുപോലെയാണ്.
അതുകൊണ്ട് ഒരു പുതിയമനുഷ്യനെ കുറിച്ച് പറയുമ്പോൾ ഒരു പുതിയ വ്യക്തിയെന്ന നിലയിൽ മാത്രമല്ല. ദൈവം ഒരു പുതിയ മനുഷ്യസമൂഹത്തെ തന്നെ സൃഷ്ടിച്ചിരിക്കുന്നു എന്ന നിലയിലാണ്. സഭ എന്നു പറയുന്നത് യേശുക്രിസ്തുവിന്റെ രക്ഷാകര ശക്തി അറിഭവിച്ചറിഞ്ഞവരും പുതിയ ഒരു സമൂഹമായി രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ഒരു ജനസമൂഹമാണ്. ഡി. എ. കാർസൺ അതിനെക്കുറിച്ച് പറയുന്നതിപ്രകാരമാണ് Christians are a band of natural enemies who love one another for Jesus" sake.' ക്രിസ്ത്യാനികൾ സ്വാഭാവികമായി ശത്രുക്കൾ എങ്കിലും ക്രിസ്തുവിനെപ്രതി പരസ്പരം സ്നേഹിക്കുന്നവരാണ്. സുവിശേഷം ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നു. ഈ പുതിയ ആളുകൾ ചേർന്ന് ഒരു പുതിയ സമൂഹമായി തീരുന്നു.
മൂന്നാമതായി, അതിന്റെ ഫലം എന്നത് ഒരു പുതിയ തരം ബന്ധം സാധ്യമായിരുന്നു എന്നതാണ്.
"നിങ്ങൾ മരിച്ചു" എന്ന് 3:3 ൽ പറയുന്നു. വീണ്ടും 5-10 വരെ വാക്യങ്ങളിൽ പറയുന്നു: " ആകയാൽ ദുന്നടപ്പ്, അശുദ്ധി, അതിരാഗം, ദുർമ്മോഹം വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. ഈവക നിമിത്തം ദൈവകോപം അനുസരണം കെട്ടവരുടെമെൽ വരുന്നു. അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുൻപേ അവയിൽ നടന്നുപോന്നു. ഇപ്പോഴൊ നിങ്ങളുടെ കോപം, ക്രോധം, ഈർച്ച വായിൽ നിന്നു വരുന്ന ദൂഷണം ഇവയൊക്കെയും വിട്ടുക്കളവിൻ. അന്യോന്യ ഭോഷ്ക്കു പറയരുത്. നിങ്ങൾ പഴയമനുഷ്യനെ അവന്റെ പ്രവർത്തികളോടുകൂടെ ഉരിഞ്ഞു കളഞ്ഞു. തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നല്ലോ."
"നിങ്ങൾ മരിച്ചു... ആകയാൽ നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ" എന്നാണ് പൗലോസ് അതിലൂടെ പറയുന്നത്. ക്രിസ്തുവിൽ സംഭവിച്ച കാര്യങ്ങൾക്ക് അനുസരണമായി നാം പ്രവർത്തിക്കുക എന്നതാണ് അത് അർത്ഥമാക്കുന്നത്. നമുക്ക് മരിക്കുവാൻ സാധിക്കും; അതേസമയം നമ്മുടെ പഴയ മനുഷ്യന്റെ ദൂഷ്യസ്വഭാവങ്ങളെ മരിപ്പിക്കാതിരിക്കാനും സാധിക്കും. അതുകൊണ്ടാണ് പലർക്കും ബന്ധങ്ങളിൽ വന്ന മാറ്റം കാണുവാൻ കഴിയാതെ പോകുന്നത്. അതുകൊണ്ടാണ് നമ്മുടെ ശക്തി ജീവിക്കുവാൻ നാം ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ പൗലോസ് പറയുന്നത്, ക്രിസ്തുവിൽ നിവൃത്തിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽ, യാഥാർത്ഥ്യമായി തീർന്ന സത്യങ്ങൾ, നമ്മുടെ അനുഭവത്തിലും യാഥാർത്ഥ്യമായി തീരണം എന്നാണ്. പുതിയ മനുഷ്യനും പുതിയ സമൂഹത്തിനും പഴയ നിലയിലുള്ള ബന്ധമല്ല, പുതിയ നിലയിലുള്ള ബന്ധമാണ് വേണ്ടത്. ദുർന്നടപ്പും, അത്യാഗ്രഹവും ദുർമോഹവും അത്യാഗ്രഹവും ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന ബന്ധമാണോ ഇപ്പോൾ നമുക്കുള്ളത്? നാം തന്നെ പരിശോധിച്ചു നോക്കുക.
"എല്ലാത്തിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ"
നമ്മുടെ പുതിയ വസ്ത്രങ്ങൾ എന്ന് പറയുന്നത് മനസ്സലിവ്, ദയ താഴ്മ, സൗമ്യത, ദീർഘക്ഷമ എല്ലാറ്റിനും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം എന്നിവയാണ്. 12 ഉം 14 ഉം വാക്യങ്ങൾ മാറ്റി വച്ചിട്ട് നമ്മുടെ ശക്തിയാൽ നാം നല്ല ബന്ധങ്ങൾക്കു ശ്രമിച്ചാൽ അതു പരാജയപ്പെടുക തന്നെ ചെയ്യും. എന്നാൽ പുതിയ മനുഷ്യനേയും പുതിയ സമൂഹത്തേയും ഉണ്ടാക്കിയ സുവിശേഷത്തിന്റെ ശക്തി നമുക്ക് അനുഭവമായിതീർന്നിട്ടുണ്ടെങ്കിൽ, നമ്മുടെ ജോലി സ്വന്തഹിതപ്രകാരം ആരോഗ്യകരമായ ബന്ധത്തിനു ശ്രമിക്കയല്ല, മറിച്ച് സുവിശേഷത്തിന് അനുസാരമായി നമ്മേ tune ചെയ്യുകയാണ് വേണ്ടത്. വാസ്തവത്തിൽ, യാഥാർത്ഥ്യമായിതീർന്ന സത്യം അനുഭവതലത്തിൽ യാഥാർത്ഥ്യമാക്കുക അതാണ് നമുക്ക് ചെയ്യാനുള്ളത്.
നല്ല ബന്ധങ്ങൾക്കുള്ള നിലനിൽക്കുന്ന പ്രതീക്ഷ എന്ന് പറയുന്നത് ക്രിസ്തുവിന്റെ മടങ്ങിവരവാണ്. തെക്കേ അമേരിക്കയിലെ ക്രൂരമായ പീഡനങ്ങൾക്ക് വിധേയനായ വ്യക്തി ആയിരുന്നു കറുത്തവർഗ്ഗക്കാരനായ ജോൺ പെർക്കിൻസ്. താൻ വെള്ളക്കാരുടെ ആവർത്തിച്ച് ആവർത്തിച്ചാവർത്തിച്ചുള്ള പീഡനത്തിൽ നിന്ന് രക്ഷപ്പെടാനായി ചുരുണ്ടുകൂടി ജയിൽ മുറിയുടെ ഒരു മൂലയിൽ കിടക്കുമ്പോഴും അവർ ബൂട്ട് ഇട്ട കാൽകൊണ്ട് അവനെ തൊഴിക്കയും ചവിട്ടുകയും ചെയ്തു കൊണ്ടിരുന്നു. ഒരു സമയത്ത്, അവരിൽ ഒരുത്തൻ, തിരയില്ലാത്തൂരു തോക്ക് എടുത്ത്, തന്റെ തലയോടു ചേർത്തുപിടിച്ച് അതിന്റെ കാഞ്ചി വലിച്ചു. പിന്നീട് തടിയനായ ഒരു മനുഷ്യന്റെ ഊഴമായിരുന്നു. അയാൾ തനിക്കാവും വിധം ജോണിന്റെമേൽ പെരുമാറി. അതോടെ ജോണിന്റെ ബോധം നഷ്ടമായി. രാത്രിയോടെ അദ്ദേഹത്തിന്റെ നില വളരെ മോശമായി. താൻ ബോധത്തോടെ ഇരുന്ന സമയത്ത് മറ്റൊരു മനുഷ്യൻ മുള്ളു കമ്പി ഉപയോഗിച്ച് തന്റെ തൊണ്ടയ്ക്ക് കോർത്തു വലിച്ചു. അങ്ങനെ വളരെ കിരാതവും ഭീഭത്സവുമായ ജോൺ പെർക്കിൻസിനുമേൽ അന്ന് അരങ്ങേറിയത്. ഒരിക്കലും ക്ഷമിക്കുവാനൊ മറക്കുവാനൊ കഴിയാത്ത വെറുപ്പും വിദ്വേഷവും ഉണർത്തുന്ന പീഡനങ്ങളിലുടെയാണ് വാസ്തവത്തിൽ ജോൺ കടന്നുപോയത്. എന്നാൽ അതിനു ശേഷം സംഭവിച്ചത് ജോൺ പെർക്കിൻസ് ഇപ്രകാരം വിവരിക്കുന്നു:
ഞാൻ എന്റെ കിടക്കയിൽ കിടന്നപ്പോൾ ദൈവത്തിന്റെ ആത്മാവ് എന്റെ മേൽ പ്രവർത്തിച്ചു. എന്റെ മനോമുകുരത്തിൽ ഒരു ദൃശ്യം തെളിഞ്ഞുവന്നു. അത് കുരിശും അതിൽ ക്രൂശിതനായി കിടന്ന യേശുവിന്റേയും രൂപമായിരുന്നു. ആ ചിത്രം തന്റെ മനസ്സിലെ എല്ലാ വെറുപ്പും കോപവും എന്റെ മനസ്സിൽ നിന്നും മായിച്ചു കളഞ്ഞു. ഞാൻ സഹിച്ചതെല്ലാം യേശു കാണുന്നു. യേശു അതു മനസ്സിലാക്കുന്നു. യേശു ഇപ്പോഴും തന്നെ കരുതുന്നു. കാരണം താൻ ഇതൊക്കെയും സഹിച്ച വ്യക്തിയാണ്. ഈ യേശു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ പക്കൽനിന്ന് സുവാർത്തയുമായി വന്ന വ്യക്തിയാണ്. താൻ പ്രസംഗിച്ചതു പോലെ ജീവിച്ച വ്യക്തിയാണ്. എങ്കിലും യേശു തന്നെ പോലെ വ്യാജമായ കുറ്റാരോപണത്താൽ അറസ്റ്റുചെയ്യപ്പെട്ടു. അന്യായമായ ന്യായ വിസ്താരത്തിലൂടെ കടന്നു പോയി. ജനക്കൂട്ടത്തിന്റെ കയ്യേറ്റത്തിന് വിധേനായി. അവയ്ക്കെല്ലാം പുറമേ ഒരു മരക്കുരിശിൽ തറയ്ക്കപ്പെട്ടു. നിർണ്ണായകമായ ഈ മുഹൂർത്തത്തിൽ പിതാവും തന്നെ കൈവിട്ടു. ഒരു കുറ്റവാളിയെപ്പോലെ യേശു പിടഞ്ഞു മരിച്ചു. തന്റെ പീഡനം അതികഠിനമായിരുന്നു. താൻ വേദനയാൽ പിടഞ്ഞു പിടഞ്ഞു ജീവൻ വെട്ടുകയായിരുന്നു.
എന്നാൽ തന്നെ പീഡിപ്പിച്ച ജനത്തെ കണ്ടിട്ട് യേശുവിനു അവരോട് തെല്ലും വെറുപ്പ് തോന്നിയില്ല. താൻ അവരെ സ്നേഹിച്ചു. താൻ അവരെ സ്നേഹിച്ചു. താൻ അവരോട് ക്ഷമിച്ചു. താൻ അവരുടെ കുറ്റങ്ങൾ ഒന്നും തന്നെ മനസ്സിൽ കുറിച്ചുവെച്ചില്ല. താൻ അവരോട് ക്ഷമിക്കണമേ എന്ന് പിതാവിനോട് പ്രാർത്ഥിച്ചു. "ഇവർ ചെയ്യുന്നതെന്തന്ന് അറിയായ്കകൊണ്ടു ഇവരോട് ക്ഷമിക്കണമേ" എന്ന് അവിടുന്ന് പ്രാർത്ഥിച്ചു. തന്നെ ശത്രുക്കൾ തന്നെ വെറുത്തു എന്നാൽ യേശു അവരെ സ്നേഹിച്ചു. യേശു അവരോട് ക്ഷമിച്ചു. ജോൺ പെർക്കിൻസ് തന്റെ കഥ ഇപ്രകാരം തുടരുന്നു. എനിക്കാ സംഭവത്തിന്റെ ഓർമ്മയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല.
യേശുവിന്റെ വെറുപ്പിനെ കിടക്കിക്കൊണ്ടുള്ള സ്നേഹം എന്നും അഗാധവും ദുർഗ്രാഹ്യവുമായ ഒരു സത്യമായി ഇരിക്കുന്നു. എന്റെ ജീവിതത്തിൽ അതിന്റെ വിജയം കണ്ടെത്തുവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും അത് സത്യമാണ് എന്ന് ഞാനറിയുന്നു. അത് സത്യമാണ് എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. അതിന്റെ ഒരു ചെറിയ പതിപ്പ് എന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നു. മുറിവുകളും സ്റ്റിച്ചുകളുമായി ഞാൻ ബെഡ്ഡിൽ കിടന്നപ്പോൾ- എനിക്കാസത്യം ദൈവം മനസ്സിലാക്കിത്തന്നു. എന്റെ വെറുപ്പ് ദൈവം കഴുകി നീക്കി. അതിന്റെ സ്ഥാനത്ത് ഗ്രാമീണ മിസിസിപ്പിയിലെ വെള്ളക്കാരോടുള്ള സ്നേഹംകൊണ്ട് എന്നെ നിറച്ചു.
ഈ സ്നേഹം നമ്മേയും കീഴടക്കട്ടെ. യാതൊരു കുറ്റാരോപണവും കൂടാതെ, ഭീഭത്സമായി പീഡിപ്പിക്കപ്പെട്ട ജോണിനു തന്നെ പീഡിപ്പിച്ച അവരോട് ക്ഷമിക്കാൻ, അവരെ സ്നേഹിക്കാൻ, അവരോടു നല്ല ബന്ധം പുലർത്തുവാൻ തനിക്കു സാധിച്ചു. എങ്കിൽ, തെറ്റ് ചെയ്ത നമ്മുടെ ഭാര്യയോട്, തെറ്റ് ചെയ്ത് ഭർത്താവിനോട്, തെറ്റി ചെയ്ത മക്കളോട്, തെറ്റുചെയ്ത മാതാപിതാക്കളോടു തെറ്റു ചെയ്ത സഭയിലെ വിശ്വാസികളോടു നമുക്ക് ക്ഷമിക്കുവാനും അവരെ തുടർന്ന് സ്നേഹിക്കാനും ഇനിയും അവരുമായി നല്ല ബന്ധത്തിൽ തുടരുവാനും നമുക്ക് കഴിയില്ലേ? തീർച്ചയായും നമുക്ക് കഴിയണം. അതല്ലെങ്കിൽ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയാത്ത കൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്ന് പ്രാർത്ഥിച്ച കർത്താവിന്റെ ശിഷ്യന്മാരാണെന്ന് പറയാൻ നമുക്ക് എങ്ങനെ കഴിയും? 2014 അങ്ങനെ സ്നേഹിക്കാനും, ക്ഷമിക്കുവാനും, നല്ല ബന്ധങ്ങൾ നിലനിർത്താനുമുള്ള ഒരു പുതിയ വർഷമായി തീരട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ട് ഞാൻ എൻറെ വാക്കുകൾ ചുരുക്കുന്നു ദൈവനാമം മഹത്വപ്പെടുമാറാകട്ടെ.





Comments