
നിത്യജീവൻ

Bible Books Overview-NT_21
P M Mathew
03.01.2023
The Book of 1 Peter
പത്രൊസിന്റെ ഒന്നാം ലേഖനം
(1-5 അദ്ധ്യായങ്ങൾ)

ക്രിസ്തീയത അതിന്റെ ആരംഭം മുതൽ പീഡനങ്ങളിലൂടെ കടന്നുപോയ ഒരു ചരിത്രമാണുള്ളത്. യെഹൂദാ മതത്തിൽ നിന്നും ഉടലെടുത്ത ക്രിസ്തീയതക്ക് യെഹുദന്മാരിൽ നിന്നും പിന്നീടു ക്രിസ്തീയതയുടെ കേന്ദ്രമായി മാറിയ റോമാസാമ്രാജ്യത്തിൽ നിന്നും വലിയ പീഡനം നേരിടേണ്ടി വന്നു. 16-ാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥറിന്റെ നേതൃത്വത്തിൽ യൂറോപ്പിൽ ഉണ്ടായ നവോത്ഥാനംമൂലം, അന്നത്തെ പ്രമുഖ സമുദായമായ റോമൻ കത്തോലിക്ക മതവിഭാഗത്തിന്റെ ക്രുരമായ പീഡനങ്ങൾക്ക് ക്രിസ്ത്യാനികൾ വിധേയരാകേണ്ടിവന്നു.
സമകാലിക പീഡനങ്ങളിൽ ഏറെയും ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രിസ്ത്യാനികളുടെ വംശഹത്യയും മറ്റ് മത തീവ്രവാദ ഗ്രൂപ്പുകളുടെ പീഡനങ്ങളുമാണ്. ഏഷ്യയിലും ആഫ്രിക്കയിലും സ്ഥിതി ചെയ്യുന്ന മതാധിഷ്ഠിത ഭരണകൂടങ്ങളും ഭൂരിപക്ഷ മതപ്രീണന ഭരണകൂടങ്ങളും ക്രിസ്തീയതക്കെതിരെ പീഡനം അഴിച്ചു വിടുന്നു. ISIS, Al-Qaeda, Boko Haram, Radical Islam, Militant Fulani Herdsmen, Hindu Nationalists അവയിൽ ചിലതു മാത്രം. ഒറീസ്സയിൽ കുഷ്ടരോഗികളെ ക്രിസ്തുവിന്റെ സ്നേഹം എന്താണെന്ന് കാണിച്ചുകൊണ്ട് അവരുടെ ഇടയിൽ ജീവിച്ചുപോന്ന ഗ്രഹാം സ്റ്റെയിൻസിന്റേയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടേയും അതിദാരുണ കൊലപാതകം ലോകമനസ്സാക്ഷിയെ ഞെട്ടിച്ചതും ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെതന്നെ കറുത്ത ഏടുകളുമാണ്.
ഇതുപോലെയുള്ള പീഡനങ്ങളോടും അന്യായമായി കഷ്ടത അനുഭവിക്കേണ്ടി വരുമ്പോഴും വിശ്വസികൾ എങ്ങനെ പ്രതികരിക്കണം. അപ്പോസ്തലനായ പത്രൊസ് എഴുതിയ ഒന്നാം ലേഖനം ഇതിനുള്ള ഒരു ഉത്തരമാണ്.
Bible Books Overview-NT_13
P M Mathew
16.10.2022
I Thessalonians
1 തെസ്സലൊനീക്യർ
(1-5 അദ്ധ്യായങ്ങൾ)

പൗലോസ് തെസ്സലോനിക്യർക്കെഴുതിയ ഒന്നാം ലേഖനം. എ ഡി 51 ൽ പൗലോസ് കൊരിന്തിൽ നിന്നും ഈ കത്ത് എഴുതി എന്ന് വേദപണ്ഡിതർ കണക്കാക്കുന്നു. അതുകൊണ്ട് ഇത് പൗലൊസിന്റെ എഴുത്തുകളിൽ വളരെ പഴക്കമുള്ളത് എന്ന് കരുതാം.
അപ്പൊസ്തല പ്രവൃത്തികളുടെ പുസ്തകം 17:1-4 വരെ വേദഭാഗങ്ങളിൽ പൗലോസ് തെസ്സലോനിക്യയിൽ എത്തുന്നതും അവിടുത്തെ സിനഗോഗിൽ കർത്താവായ യേശുക്രിസ്തുവിനെ പ്രസംഗിക്കുന്നതും നാം കാണുന്നു. ചില യെഹൂദന്മാരും യവനന്മാരിൽ ഒരു വലിയ കൂട്ടവും യേശുക്രിസ്തുവിൽ വിശ്വസിച്ച് പൗലോസിനോടും ശീലാസിനോടും ചേർന്നു. അങ്ങനെ അവിടെ ഒരു സഭാ സമൂഹം രൂപീകൃതമാകുന്നു. എന്നാൽ അധികം വൈകാതെ അവിടെ ചില കുഴപ്പങ്ങൾ ഉടലെടുക്കുന്നു. ഉയിർത്തെഴുന്നേറ്റ യേശുവാണ് ലോകത്തിന്റെ യഥാർത്ഥ രാജാവ് എന്ന പൗലോസിന്റെ പ്രഖ്യാപനം, അവിശ്വസിച്ച പലരിലും പല സംശയങ്ങൾക്കും കാരണമായി. അതായത്, തെസ്സലോനിക്കയിലെ ക്രിസ്ത്യാനികൾ, റോമൻ ചക്രവർത്തിയായ സീസറിനെ ധിക്കരിക്കുന്നുവെന്നും അവർക്കു യേശു എന്ന മറ്റൊരു രാജാവുണ്ട് എന്നും പൗലോസിനുമേൽ ആരോപണം ഉന്നയിച്ചു. അത് ഒരു പീഡനത്തിലേക്ക് നയിച്ചു; പൗലോസിനും ശീലാസിനും യഥാർത്ഥത്തിൽ നഗരത്തിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നു. അവർ അവിടെയുള്ള ആളുകളെ വളരെയധികം സ്നേഹിച്ചിരുന്നതിനാൽ ഈ പലായനം അവർക്ക് വളരെ വേദനാജനകമായിരുന്നു. തുടർന്നു തെസ്സലോനിക്കയിലെ ക്രിസ്ത്യാനികളുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള പൗലോസിന്റെ ശ്രമമാണ് ഈ കത്ത്. തീവ്രമായ പീഡനങ്ങൾക്കിടയിലും കർത്താവ് ആ സഭയെ തഴച്ചു വളരുമാറാക്കി.
Bibile Books Overview-NT_04
P M Mathew
11-08.2022
Colossians
കൊലൊസ്സ്യലേഖനം
(1-4 അദ്ധ്യായങ്ങൾ)

അപ്പോസ്തലനായ പൗലോസിനാൽ എഴുതപ്പെട്ട ഒരു ലേഖനമാണിത്. യേശുവിനെ ഉയിർത്തെഴുന്നേറ്റ കർത്താവായി പ്രഖ്യാപിച്ചതിന് പൗലോസ് അപ്പോസ്തലൻ പലതവണ തടവറയിലായി. അങ്ങനെ റോമിലെ ഒരു കാരാഗൃഹത്തിൽ കഴിയുന്ന സമയത്താണ് ഇത് എഴുതപ്പെട്ടത്. ഇത് എഴുതിയത് എ.ഡി 60-61 കാലഘട്ടത്തിലാകാമെന്ന് പൊതുവേ കണക്കാക്കപ്പെടുന്നു. യേശുക്രിസ്തുവിന്റെ ദൈവത്വം- divinity, തന്റെ പര്യാപ്തത/- sufficiency, തന്റെ പരമോന്നതത്വം/supremacy എന്നിവയെ വിശദമാക്കുന്ന ലേഖനമാണിത്.
Bible Books Overview-NT_28
P M Mathew
01.06.2021
The Book of Jude
യൂദായുടെ ലേഖനം
1 അദ്ധ്യായം

യൂദായുടെ ലേഖനത്തിന്റെ പ്രധാന ഉദ്ദേശ്യം മൂന്നാം വാക്യത്തിൽ പറയുന്നതുപോലെ "വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി, അഥവാ സുവിശേഷത്തിനു വേണ്ടി (Bauckham 32-33; G Green 56) പോരാട്ടം കഴിക്കണം" എന്തെന്നാൽ പത്രോസും പൗലോസും പ്രവചിച്ചതുപോലെ "വ്യാജ അദ്ധ്യാപകർ സഭയിലേക്ക് കടന്നുവന്നിരിക്കുന്നു (4). സുവിശേഷത്തിനു വേണ്ടി പ്രതിരോധം തീർക്കുക മാത്രമല്ല, അതിനുവേണ്ടി ഒരു പോരാട്ടം തന്നെ കഴിക്കേണ്ടത് ആവശ്യമാണ്. അതായത്, വിശ്വാസികൾക്ക് ആവശ്യമായിരിക്കുന്നത് ഒരു സുവിശേഷാധിഷ്ഠിതമായ ജീവിതമാണ്. അപ്പൊസ്തലന്മാരിലൂടെ സുവിശേഷത്തിന്റെ പൂർണ്ണമായ വിശദീകരണം ലഭിച്ചു (Schreiner). ഒരിക്കലായി ഭരമേൽപ്പിക്കപ്പെട്ട ഈ വിശ്വാസത്തിന്റെ സത്തയെ മാറ്റാൻ പുതിയ പഠിപ്പിക്കലുകളെ അനുവദിച്ചുകൂട. അതിനെതിരെ നാം പോരാടണം. മാത്രവുമല്ല, കൃപയാൽ വിശ്വാസത്താലുള്ള രക്ഷയെ പാപം ചെയ്യുവാനുള്ള ലൈസൻസായി അധഃപ്പതിക്കുവാൻ അനുവദിക്കരുത് എന്ന് തുടർന്ന് യൂദാ തന്റെ ലേഖനത്തിൽ പ്രബോധിപ്പിക്കുന്നു.
Bible Books Overview-NT_01
P M Mathew
08.01.2019
Gospel According to Matthew
മത്തായിയുടെ സുവിശേഷം
(ഒന്നാം ഭാഗം)
(1-13 വരെ അദ്ധ്യായങ്ങൾ)

നസറായനായ യേശുവിനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും ഉള്ള ആദ്യകാല ഔദ്യോഗിക വിവരണങ്ങളിലൊന്നാണ് മത്തായിയുടെ സുവിശേഷം. യെഹൂദാപശ്ചാത്തലത്തിൽ നിന്നുകൊണ്ട് യെഹൂദന്മാരുടെ രാജാവും മശിഹയുമാണ് യേശു എന്ന് വെളിപ്പെടുത്തുകയാണ് ഈ സുവിശേഷത്തിൽ. ഒന്നാമതായി, യേശു ദാവീദിന്റെ വംശാവലിയിൽ നിന്നു വരുന്ന രാജാവും മശിഹയുമാണ്. രണ്ടാമതായി, ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ ആണ്.
യേശു ദൈവത്തിന്റെ സ്വർഗ്ഗരാജ്യം ഭൂമിയിലേക്ക് കൊണ്ടുവരുന്നു. തന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ശിഷ്യന്മാരെ ഒരു പുതിയ ജീവിതരീതിയിലേക്ക് ക്ഷണിക്കുന്നു. ദൈവത്തിന്റെയും ഇസ്രായേലിന്റെയും മുഴുവൻ ബൈബിൾ കഥയുടെയും, തുടർച്ചയും പൂർത്തീകരണവുമായാണ് യേശുവിന്റെ ജനനം, ജീവിതം, മരണം, പുനരുത്ഥാനം എന്നിവ മത്തായി രേഖപ്പെടുത്തിയിരിക്കുന്നത്.
Bibile Books Overview-NT_02
P M Mathew
08.01.2019
Gospel According to Matthew-Part 2
മത്തായിയുടെ സുവിശേഷം
(രണ്ടാം ഭാഗം)
(14-28 വരെ അദ്ധ്യായങ്ങൾ)

ആദ്യഭാഗത്ത്, യേശുവിനെ ദാവീദിന്റെ സന്തതിയിൽ നിന്നു വന്ന മിശിഹായി അവതരിപ്പിച്ചതും മോശയെപ്പോലുള്ള ഒരു പുതിയ ആധികാരിക അധ്യാപകനാണെന്നതും, എബ്രായ ഭാഷയിൽ ‘ഇമ്മാനുവൽ’ എന്നതിന്റെ അർത്ഥം “ദൈവം നമ്മോടുകൂടെ” എന്നും പരിചയപ്പെടുത്തുന്നതായി നാം കണ്ടു. ദൈവരാജ്യത്തിന്റെ വരവിനെക്കുറിച്ച് യേശു പ്രഖ്യാപിക്കുകയും പഠിപ്പിക്കുകയും ചെയ്തതിനുശേഷം, ഇസ്രായേൽ ജനതയ്ക്കിടയിൽ ദൈവരാജ്യം അവരുടെ ദൈനംദിന ജീവിതത്തിലേക്ക് കൊണ്ടുവരാൻ തുടങ്ങി. യേശുവിനെ പലരും സ്വീകരിച്ചെങ്കിലും, ഇസ്രായേലിന്റെ മതനേതാക്കളായ പരീശന്മാർ യേശുവിനെ നിരസിച്ചതായി നാം കണ്ടു. അതിനാൽ “യേശുവും ഇസ്രായേലിന്റെ നേതാക്കളും തമ്മിലുള്ള ഈ പോരാട്ടം എങ്ങനെ അരങ്ങേറുവാൻ പോകുന്നു എന്ന കാര്യമാണ് ഈ വേദഭാഗത്ത് നാം പ്രധാനമായും കാണുന്നത്.
Bibile Books Overview-NT_03
P M Mathew
15.01.2019
Gospel According to Mark
മർക്കോസിന്റെ സുവിശേഷം
(1-16 അദ്ധ്യായങ്ങൾ)

ഇസ്രായേൽ റോമിന്റെ അധീനതയിൽ കിടന്ന സമയത്താണ് യേശുവിന്റെ വരവ്. ദൈവത്തിന്റെ പുത്രൻ എന്നൊക്കെ വിളിക്കപ്പെടുന്ന യേശു, അവരെ റോമാ അധികാരത്തിൽ നിന്ന് രക്ഷിക്കുകയും തൻറെ രാജ്യം സ്ഥാപിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ മശിഹയാണെന്ന് അനേകം യഹൂദന്മാരും വിചാരിച്ചു. ആകയാൽ റോമാസാമ്രാജ്യത്തിന്റെ ആധിപത്യത്തെ നീക്കി യേശു തങ്ങൾക്ക് രാജ്യം സ്ഥാപിച്ചു തരും എന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ അവർ കണ്ട മശിഹ കൊല്ലപ്പെടുകയാണ് ചെയ്തത്. അങ്ങനെയെങ്കിൽ യേശുക്രിസ്തു വാസ്തവത്തിൽ ആരാണ്? അവൻ എങ്ങനെയുള്ള മശിഹൈക രാജാവാണ് എന്ന കാര്യമാണ് മർക്കോസ് സുവിശേഷകൻ തന്റെ പുസ്തകത്തിലൂടെ നമ്മോട് പറയുന്നത്. അതിനെക്കുറിച്ച് അറിയുവാൻ ഈ പുസ്തകത്തിന്റെ അവലോകനം തുടർന്നും വായിക്കുക.